Jump to content

സി.എച്ച്. കണാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സി. എച്ച്. കണാരൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി.എച്ച്. കണാരൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിഹമീദലി ഷംനാട്
മണ്ഡലംനാദാപുരം
വ്യക്തിഗത വിവരങ്ങൾ
ജനനം1909
അഴിയൂർ
മരണംഒക്ടോബർ 20, 1972(1972-10-20) (പ്രായം 62–63)
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
പങ്കാളിപാർവതി
കുട്ടികൾ2 മകൻ, 2 മകൾ
മാതാപിതാക്കൾ
  • അനന്തൻ (അച്ഛൻ)
  • നാരായണി (അമ്മ)
As of സെപ്റ്റംബർ 26, 2011
ഉറവിടം: നിയമസഭ

ഒന്നാം കേരളാ നിയമസഭയിൽ നാദാപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു സി.എച്ച്. കണാരൻ (1909 - 20 ഒക്ടോബർ 1972). സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. ആദ്യകാലങ്ങളിൽ അധ്യാപകനായാണ് ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്. 1951-56 കാലഘട്ടത്തിൽ മദ്രാസ് നിയമസഭയിൽ സി.എച്ച്. കണാരൻ അംഗമായിരുന്നു[1]. സി.പി.ഐ(എം) രൂപംകൊണ്ടതിൽ പിന്നെ കുറേയേറെക്കാലം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു.

സ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ ദേശീയസമരങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. തികഞ്ഞൊരു യുക്തിവാദിയായിരുന്നു. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കർഷകസംഘടനകൾ കെട്ടിപ്പടുക്കാൻ തുടങ്ങിയപ്പോൾ യുക്തിവാദപ്രചാരണത്തിൽ നിന്നും പിൻവാങ്ങി കർഷകരെ സംഘടിപ്പിക്കാൻ ഇറങ്ങി. 1946 ലെ മദിരാശി നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ച കാലഘട്ടത്തിൽ ഏറെനാൾ ഒളിവിൽ കഴിഞ്ഞു. 1948 ൽ അറസ്റ്റിലായി. പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.എമ്മിന്റെയൊപ്പം ഉറച്ചു നിന്നു. 1972 ൽ അന്തരിച്ചു.[2]

ആദ്യകാലം

[തിരുത്തുക]

ചെറുകച്ചവടക്കാരനായ അനന്തന്റേയും ചീകോളി കാരായി നാരായണിയുടെയും മകനായി 1909-ൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്[3]. പുന്നോലിലെ സർക്കാർ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തലശ്ശേരി ബി.ഇ.എം.പി. സ്കൂളിൽ നിന്നും 1929-ൽ മെട്രിക്കുലേഷൻ പാസ്സായ കണാരൻ സ്വാതന്ത്ര്യ സമരത്തിൽ ഉടൻ തന്നെ സജീവമായി. സ്കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ പാഠ്യേതരവിഷയങ്ങളിൽ സി.എച്ച് തൽപ്പരനായിരുന്നു.

രാഷ്ട്രീയത്തിൽ

[തിരുത്തുക]

1932-ൽ ഗാന്ധിജിയുടെ നേതൃത്തത്തിലുള്ള നിസ്സഹകരണ പ്രസ്ഥാനത്തിൽ കണാരനും സജീവ പങ്കാളിയായി. ഈ കാലത്ത് ബ്രിട്ടീഷ് സർക്കാരിനെതിരെ പ്രസംഗിച്ചതിന് 13 മാസത്തെ തടവു ശിക്ഷ അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. ജയിൽ വാസക്കാലത്ത് പലനേതാക്കളുമായി പരിചയപ്പെടാൻ കണാരനു സാധിച്ചു. ജയിൽ മോചിതനായ ശേഷം ഒരു അധ്യാപകനായി ജോലിനോക്കി. ഇക്കാലഘട്ടത്തിൽതന്നെ യുക്തിവാദികളെ സംഘടിപ്പിച്ച് സ്വതന്ത്ര ചിന്താ സമാജത്തിനു രൂപം നൽകി. കേരളത്തിൽ സോഷ്യലിസ്റ്റ് ചിന്താഗതി പ്രചരിക്കുന്ന ഒരു സമയമായിരുന്നു അത്. ഇ.എം.എസ്സിന്റേയും, പി. കൃഷ്ണപിള്ളയുടേയും നേതൃത്വത്തിൽ രൂപം കൊണ്ട് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലേക്ക് സി.എച്ചും ആകർഷിക്കപ്പെട്ടു.[4]

തലശ്ശേരിയിലുള്ള ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് 1936-37 കാലഘട്ടത്തിൽ തലശ്ശേരിയിൽ നിന്നും കുറ്റ്യാടിവരെ ഒരു ജാഥ ഇദ്ദേഹം നയിക്കുകയുണ്ടായി. ഇതായിരുന്നു സി.എച്ച് നേതൃത്തം കൊടുത്ത ആദ്യ സമര പരിപാടി. തലശ്ശേരി ബീഡിതൊഴിലാളി യൂണിയനെ ഒരു വർഗ്ഗസംഘടനയാക്കിമാറ്റിയത് കണാരന്റെ നേതൃത്വത്തിലുള്ള സംഘടനാ പ്രവർത്തനങ്ങളാണ്. ന്യൂഡർബാർ ബീഡി കമ്പനിയിൽ നടത്തിയ സമരങ്ങൾ അദ്ദേഹത്തെ തൊഴിലാളികൾക്കിടയിൽ ഒരു മികച്ച നേതാവായി ഉയർത്തി. ഈ പണിമുടക്കിനെത്തുടർന്ന് കണാരന് ജയിൽവാസമനുഷ്ഠിക്കേണ്ടി വന്നു. വടക്കൻ കേരളത്തിൽ നടന്ന പല കർഷകസമരങ്ങളിലും കണാരൻ നേതൃസ്ഥാനത്തു നിന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ

[തിരുത്തുക]

ന്യൂഡർബാർ ബീഡി കമ്പനിയിലെ സമരത്തെത്തുടർന്ന ജയിലിലായ സി.എച്ച് പുറത്തു വന്നത് കമ്മ്യൂണിസത്തിന്റെ പുത്തൻ ആശയങ്ങൾ മനസ്സിലിട്ടായിരുന്നു. കേരളത്തിൽ ആ സമയത്ത് സോഷ്യലിസ്റ്റ് ചിന്താഗതിക്കാർ എല്ലാവരും കമ്മ്യൂണിസത്തിലേക്കു മാറുകയായിരുന്നു. 1942 ൽ ബോംബെയിൽ വെച്ചു നടന്ന പാർട്ടി പ്ലീനത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത് സി.എച്ചു, പി. കൃഷ്ണപിള്ളയുമായിരുന്നു. 1946 ൽ മദിരാശി നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചു. 1948 ൽ രണ്ടാം കോൺഗ്രസ്സിനെത്തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയെ രാജ്യത്ത് നിരോധിച്ചപ്പോൾ സി.എച്ചും ഒളിവിൽ പോവുകയായിരുന്നു. 1957 ൽ നാദാപുരം മണ്ഡലത്തിൽ നിന്നും ജയിച്ച് ഒന്നാമത്തെ കേരള നിയമസഭയിലെത്തി. ആദ്യ കേരളനിയമസഭ പാസ്സാക്കിയ ഭൂപരിഷകരണ നിയമത്തിന്റെ മുഖ്യശിൽപികളിൽ ഒരാൾ സി.എച്ച്. ആയിരുന്നു.[5]

1964 പാർട്ടിപിളർന്നപ്പോൾ നാഷണൽ കൌൺസിലിൽ നിന്നും ഇറങ്ങിപ്പോന്ന് സി.പി.ഐ(എം) രൂപീകരിച്ച 31 പേരിൽ ഒരാളായിരുന്നു സി.എച്ച്. അക്കാലഘട്ടം മുതൽ പാർട്ടിക്കൊപ്പം ഉറച്ചു നിന്നു. കൂടാതെ അംഗങ്ങളെ സി.പി.ഐ.എമ്മിൽ ഉറപ്പിച്ചു നിർത്താൻ അദ്ദേഹത്തിന്റെ സംഘടനാപാടവം ഒരു പാട് സഹായിച്ചിരുന്നു. ഏഴാം കോൺഗ്രസ്സിനു മുന്നോടിയായി നടന്ന സംസ്ഥാന സമ്മേളനം കണാരനെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. 1964 മുതൽ 1972 വരെ സി.പി.എം. സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. ഏഴാം കോൺഗ്രസ്സിനെത്തുടർന്ന പാർട്ടിക്കു നിരോധനം വന്നപ്പോൾ കണാരനും ജയിലിലായി. ജയിലിലായിരിക്കുന്ന സമയത്തു നടന്ന പൊതുതിരഞ്ഞെടുപ്പിൽ പങ്കെടുത്തു വിജയിച്ചുവെങ്കിലും നിയമസഭ കൂടാത്തതുകൊണ്ട് നിയമസഭാംഗമായി പ്രവർത്തിക്കാൻ കഴിഞ്ഞില്ല.[6]

പാർവതിയായിരുന്നു ഭാര്യ ഇവർക്ക് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ടായിരുന്നു.

സി.എച്ചിന്റെ നൂറാം ജന്മശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം 2009 ജൂലൈ 29ന് തലശ്ശേരിയിൽ ടൗൺഹാളിൽ നടന്ന സമ്മേളനത്തിൽ സി.പി.ഐ (എം) ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് നിർവ്വഹിച്ചു.[7]

അവലംബം

[തിരുത്തുക]
  1. "സി.എച്ച്.കണാരൻ". കേരള നിയമസഭ.
  2. "സി.എച്ച്.കണാരൻ-ലഘുജീവചരിത്രം". കേരള നിയമസഭ.
  3. "സി.എച്ച്.കണാരൻ". സി.പി.ഐ(എം) കേരള ഘടകം. Archived from the original on 2009-06-10. Retrieved 2011-09-26.
  4. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 56. ISBN 81-262-0482-6. സി.എച്ച് കണാരൻ-രാഷ്ട്രീയരംഗത്ത്
  5. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 58-59. ISBN 81-262-0482-6. സി.എച്ച് കണാരൻ-കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ
  6. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 60. ISBN 81-262-0482-6. സി.എച്ച് കണാരൻ-കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ
  7. "സി.എച്ച്.കണാരൻ ജന്മശതാബ്ദി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും". തലശ്ശേരി.കോം.[പ്രവർത്തിക്കാത്ത കണ്ണി]