Jump to content

സെർജ് ഹരോഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെർജ് ഹരോഷ്
Serge Haroche (May 2009)
ജനനം (1944-09-11) സെപ്റ്റംബർ 11, 1944  (80 വയസ്സ്)
ദേശീയതFrench
കലാലയംÉcole Normale Supérieure
Pierre-and-Marie-Curie University (Ph.D.)
പുരസ്കാരങ്ങൾCNRS Gold medal (2009)
Nobel Prize for Physics (2012)
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾPierre-and-Marie-Curie University
Collège de France

പാരീസിലെ കോളേജ് ഡി ഫ്രാൻസ് ആൻഡ് ഇക്കോൾ നോർമൽ സൂപ്പീരിയറിലെ ഗവേഷകനാണ് സെർജ് ഹരോഷ്. ഫ്രഞ്ച് പൌരനായ ഇദ്ദേഹത്തിൻറെ ക്വാണ്ടം പ്രകാശ ശാസ്ത്രത്തിലെ സംഭാവനകൾക്ക് 2012 ൽ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.ഹരോഷേയുടെ ഗവേഷണങ്ങളുടെ തുടര്ഫലമായി സൂക്ഷ്മ കണങ്ങളുടെ ഗുണധർമങ്ങൾ പഠിക്കുന്ന ക്വാണ്ടം ഭൗതികത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരികയുണ്ടായി.ക്വാണ്ടം പ്രകാശശാസ്ത്ര മേഖലയിൽ കൈവന്ന മുന്നേറ്റം, വാർത്താവിനിമയത്തിന്റെയും കമ്പ്യൂട്ടിങ്ങിന്റെയും അത്യന്താധുനിക യുഗത്തിന് ഗതിവേഗം പകരുമെന്നാണ് നൊബേൽ സമിതിയുടെ നിരീക്ഷണം.

സംഭാവനകൾ

[തിരുത്തുക]

കണികകളുടെ ക്വാണ്ടം അവസ്ഥകൾ മനസ്സിലാക്കുവാൻ വ്യത്യസ്തമായ രീതിയാണ് ഹരോഷെയും കൂട്ടരും അവലംബിച്ചത്. ഏതാണ്ട് മൂന്നു സെന്റിമീറ്റർ അകലത്തിൽ സ്ഥാപിച്ചിട്ടുള്ള രണ്ടു സൂപ്പർ കണ്ടക്ടിംഗ് കണ്ണാടികളുടെ – കേവല പൂജ്യത്തിനു കുറച്ചു മേലെ മാത്രമുള്ളത്ര തണുത്ത ഊഷ്മാവിൽ സൂക്ഷിച്ചിട്ടുള്ള ഇവ ലോകത്തെ ഏറ്റവും തിളക്കമുള്ളവയാണ് – ഇടയിലായി മൈക്രോവേവ്‌ ഫോട്ടോണുകളെ പ്രതിഫലിപ്പിച്ചു കെണിയിൽപെടുത്തി നിലനിർത്തി അവയെ റെയ്ഡ്‌ബെർഗ് ആറ്റങ്ങൾ പോലെയുള്ള സവിശേഷ കണങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കുകയും അളക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന മാർഗ്ഗമാണത്. ഈ രണ്ടു കണ്ണാടികൾക്കിടയിലായി സെക്കൻഡിന്റെ പത്തിലൊരംശം സമയം കൊണ്ട് ഏതാണ്ട് 40,000 ത്തിൽ അധികം കിലോമീറ്റർ ഈ കണങ്ങൾ സഞ്ചരിച്ചു തീർക്കും! ഫോട്ടോണിന്റെ അത്യന്തം പരിമിതമായ ജീവിതദൈർഘ്യതിനുള്ളിൽ അതിനെ നശിപ്പിക്കാതെ തന്നെ പരമാണുക്കളുമായി സമ്പർക്കത്തിൽ ഏർപ്പെടുത്തി അതിൻറെ ക്വാണ്ടം അവസ്ഥയിലെ പ്രത്യേകതകളെ വിശദമായി മനസ്സിലാക്കാം.പരീക്ഷണ സമയത്ത് നിലനിൽക്കുന്ന ഫോട്ടോണുകളെ കൃത്യമായി എണ്ണി എടുക്കാനും അവയുടെ ക്വാണ്ടം അവസ്ഥയുടെ പരിണാമത്തെ വരച്ചെടുക്കാനും കഴിയും.വളരെയേറെ സൂക്ഷ്മത ആവശ്യമുള്ള സംഗതിയാണിത്.

ഊർജ്ജം – ദ്രവ്യം (Matter & Energy) തുടങ്ങിയവയുടെ മൗലിക കണങ്ങളുടേതും അതുമായി ബന്ധപ്പെട്ട അടിസ്ഥാന ക്വാണ്ടം സാഹചര്യങ്ങളെയും പരീക്ഷണ വിധേയമായി നിരീക്ഷിക്കുന്നത് ഏതാണ്ട് പൂർണമായി അസാധ്യം തന്നെ എന്നു കരുതിയിരുന്നതാണ്. ഇത്തരം കണങ്ങൾ നിരീക്ഷണവേളയിൽ ബാഹ്യലോകവുമായി സമ്പർക്കത്തിലാകുന്നതോടെ അവയുടെ സ്വഭാവവിശേഷങ്ങൾക്ക് മാറ്റം വരും. എന്നാൽ ഇത്തരം കണങ്ങളെ അവയുടെ തനത് അവസ്ഥയിൽ നിലനിർത്തിക്കൊണ്ടു തന്നെ നിരീക്ഷിക്കുകയും അവയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കിയെടുക്കുവാൻ സാധ്യമാണെന്നും ഹരോഷെ തൻറെ പരീക്ഷണങ്ങൾ വഴി തെളിയിച്ചു. ഈ തരത്തിൽ നേരിട്ടു നിരീക്ഷിച്ചു ബോധ്യപ്പെടാൻ സാധിക്കില്ലെന്നു കരുതിയിരുന്ന ക്വാണ്ടം അവസ്ഥകളെ പരീക്ഷണശാലയിൽ സൃഷ്ടിക്കാനും അവയെ പഠനങ്ങൾക്ക് വിധേയമാക്കി പല പ്രതിഭാസങ്ങളെയും സംബന്ധിച്ചുള്ള അതിശയിപ്പിക്കുന്ന അറിവുകളിലേക്കുള്ള വഴികൾ തുറക്കുവാനും കഴിയും.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സെർജ്_ഹരോഷ്&oldid=2785243" എന്ന താളിൽനിന്ന് ശേഖരിച്ചത്