Jump to content

വിമോചനസമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിമോചനസമരത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ നടന്ന ഒരു വനിതാപ്രകടനത്തിന്റെ ചിത്രം

കേരളസംസ്ഥാനത്തിലെ ആദ്യത്തെ മന്ത്രിസഭക്കെതിരായി 1959-ൽ ആരംഭിച്ച രാഷ്ട്രീയപ്രക്ഷോഭമായിരുന്നു വിമോചനസമരം.[1] ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ നടന്ന ഈ പ്രക്ഷോഭം 1959-ൽ മന്ത്രിസഭയുടെ പുറത്താക്കലിൽ കലാശിച്ചു. സംസ്ഥാനത്തെ ഭക്ഷ്യക്കമ്മി നികത്താൻ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും, ഭൂവുടമസ്ഥതാബന്ധങ്ങളിൽ സമഗ്രമായ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട കാർഷികബന്ധ ബില്ലും ഈ സമരത്തിനു വഴിയൊരുക്കിയ ഘടകങ്ങളിൽ പെടുന്നു. വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിനോടുള്ള എതിർപ്പ് അതിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കാരണമായിരുന്നു. കമ്മ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തിന്റെ നവീനതകളെക്കുറിച്ച് കേരളത്തിൽ പരമ്പരാഗത സമൂഹത്തിലെ പലവിഭാഗങ്ങൾക്കും ഉണ്ടായിരുന്ന ആശങ്കയും ഈ പ്രക്ഷോഭത്തെ സഹായിച്ചു. ഇതിനു പിന്നിലുള്ള പ്രധാന ശക്തികൾ സിറോ മലബാർ കത്തോലിക്കാ സഭ, മന്നത്തു പത്മനാഭന്റെ നേതൃത്വത്തിൽ നായർ സർ‌വ്വീസ് സൊസൈറ്റി(എൻ.എസ്.എസ്), മുസ്ലീം ലീഗ് എന്നിവ ആയിരുന്നു.

വിമോചനസമരത്തിന്റെ ശരിയേയും നൈതികതയേയും സംബന്ധിച്ച ചർച്ചകൾ കേരളസമൂഹത്തിൽ ഇന്നും തുടരുന്നു. കാർഷിക, വിദ്യാഭ്യാസ മേഖലകളിലെ പരിഷ്കാരങ്ങളെ എതിർത്ത സ്ഥാപിതതാത്പര്യങ്ങളായിരുന്നു ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ പുറത്താക്കലിൽ കലാശിച്ച ഈ സമരത്തിനു പിന്നിലെന്ന് അതിനെ എതിർക്കുന്നവർ കരുതുന്നു. സമരത്തിൽ പങ്കെടുത്തവരിൽ ചിലർ തന്നെ അത് അധാർമ്മികമായിരുന്നെന്നും പങ്കെടുത്തതിൽ പശ്ചാത്തപിക്കുന്നെന്നും പിന്നീടു സമ്മതിച്ചിട്ടുണ്ട്.[2][3] എന്നാൽ, വിമോചനസമരത്തിന്റെ മുഖ്യകാരണങ്ങളിലൊന്നായ വിദ്യാഭ്യാസ ബില്ലിൽ വിദ്യാലയങ്ങളെ സർക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കൊണ്ടുവന്ന് കമ്യൂണിസ്‌റ്റു പ്രത്യയശാസ്‌ത്രത്തിന്റെ അടിത്തറ പാകാനുമുള്ള നിഗൂഢ പദ്ധതികളുണ്ടായിരുന്നെന്നും, ബില്ലിലെ അപകടം പിടിച്ച വ്യവസ്ഥകൾ തിരിച്ചറിഞ്ഞ്‌ വിവിധ സമുദായത്തിൽപ്പെട്ടവർ ഒന്നടങ്കം സർക്കാരിനെതിരെ തിരിഞ്ഞപ്പോഴാണ് ഈ പ്രക്ഷോഭം ഉണ്ടായതെന്നും വിമോചനസമരത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് 2009-ൽ പ്രസിദ്ധീകരിച്ച സർക്കുലറിൽ കേരളത്തിലെ കത്തോലിക്കാസഭയുടെ നേതൃത്വം അവകാശപ്പെട്ടു.[4]

രാഷ്ട്രീയവും സാമൂഹ്യവുമായ സാഹചര്യങ്ങൾ

[തിരുത്തുക]

1949 ജൂലൈ ഒന്നാം തീയതി തിരുവിതാംകൂർ, കൊച്ചി എന്നീ സംസ്ഥാനങ്ങൾ ലയിപ്പിച്ച് തിരു-കൊച്ചി എന്ന പുതിയ സംസ്ഥാനമുണ്ടായി. ടി.കെ. നാരായണ പിള്ള, സി. കേശവൻ, എ.ജെ. ജോൺ, പട്ടം താണുപിള്ള, പനമ്പിള്ളി ഗോവിന്ദമേനോൻ എന്നിവരുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന മന്ത്രിസഭകളായിരുന്നു തുടർന്ന് 1954 വരെ ഈ സംസ്ഥാനത്തിന്റെ ഭരണം കയ്യാളിയിരുന്നത്. എന്നാൽ കാലുമാറ്റം, അന്തശ്ചിദ്രങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ മൂലം രാഷ്ട്രീയമായി യാതൊരു സ്ഥിരതയുമില്ലാതിരുന്ന ഒരു കാലഘട്ടമായിരുന്നു ഇത്. ഒടുവിൽ 1954 മാർച്ച് 23നു് തിരു-കൊച്ചി രാഷ്ട്രപതിഭരണത്തിനു കീഴിൽ വന്നു. രണ്ടുവർഷത്തോളം നീണ്ടുനിന്ന ഈ കേന്ദ്രഭരണത്തിന്റെ സമയത്ത് രാഷ്ട്രീയകക്ഷികൾക്ക് ഭരണത്തിൽ കാര്യമായി യാതൊരു സ്വാധീനവും ചെലുത്താൻ കഴിഞ്ഞിരുന്നില്ല.

ഇതിനിടെയായിരുന്നു കേന്ദ്ര സർക്കാർ, സംസ്ഥാനങ്ങളുടെ ഭാഷാടിസ്ഥാനത്തിലുള്ള പുനർവിഭജനം എന്ന ആശയം നടപ്പാക്കിയിരുന്നത്. ഇതിന്റെ ഭാഗമായി ഐക്യകേരളം എന്ന പുതിയ സംസ്ഥാനം നിലവിൽ വന്നു. തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവങ്കോട് എന്നീ നാലു തെക്കൻ താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഏതാനും ഭാഗങ്ങളും മുൻ‌തിരുവിതാംകൂറിൽ നിന്നും വേർപെടുത്തി മദ്രാസ്സ് (ഇപ്പോൾ തമിഴ്നാട്) സംസ്ഥാനത്തിലേക്കു ചേർത്തു. പകരമായി മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയും മൈസൂർ സംസ്ഥാനത്തെ സൗത്ത് കാനറ ജില്ലയിലെ കാസർകോട് താലൂക്കും പുതിയ കേരളസംസ്ഥാനത്തിലേക്കും വന്നുചേർന്നു.1956 നവുംബർ ഒന്നിന് ഐക്യകേരളം നിലവിൽ വന്നു.

ഇന്നു നിലവിലുള്ള കേരളമൊട്ടാകെ ചരിത്രത്തിലാദ്യമായി ഒറ്റയ്ക്കൊരു ഭരണകൂടത്തിനുകീഴിൽ വന്ന ആദ്യസന്ദർഭമായിരുന്നു ഇത്. രാജപ്രമുഖൻ എന്ന അധികാരസ്ഥാനം ഇതോടെ ഇല്ലാതായി. കേന്ദ്രസർക്കാർ നിശ്ചയിച്ചയക്കുന്ന ഒരു ഗവർണറായിരിക്കും സംസ്ഥാനത്തിന്റെ തലവനായി അധികാരത്തിലുണ്ടാവുക എന്ന വഴക്കം നിലവിൽ വന്നു.

1956-ലെ രാഷ്ട്രീയ കക്ഷികൾ

[തിരുത്തുക]

മലബാറിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തിരു-കൊച്ചിയിലെ അവരുടെ സംഘടനാശാഖയുമായി ലയിച്ച് കേരളത്തിലെ പുതിയ സംസ്ഥാന പ്രാദേശിക കോൺഗ്രസ്സ് സമിതി (കെ.പി.സി.സി) നിലവിൽ വന്നു. മലബാറിൽ പൊതുവേ മുൻതൂക്കമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI) യ്ക്ക് സംസ്ഥാന രൂപീകരണം കേരളത്തിലൊന്നാകെ വേരുറയ്ക്കാനും അവസരമൊരുക്കി.

മാറിയ രാഷ്ട്രീയഭൂപടത്തിൽ, മുൻതെക്കൻ ജില്ലകളിൽ ശക്തമായ സ്വാധീനമുണ്ടായിരുന്ന തിരുവിതാംകൂർ-തമിഴ്നാടു കോൺഗ്രസ്സ് പുതിയ കേരളത്തിൽ തികച്ചും അപ്രസക്തമായിത്തീർന്നു. തിരു-കൊച്ചിയിൽ ആരു ഭരിയ്ക്കണമെന്നു തീരുമാനിക്കത്തക്ക നിർണ്ണായകശക്തിയായിരുന്ന അവർക്കു പകരം പുതിയൊരു രാഷ്ട്രീയകക്ഷി തിരു-കൊച്ചിയുടെ അധികാരരൂപീകരണങ്ങളിൽ സാന്നിദ്ധ്യം പ്രകടിപ്പിക്കാൻ തുടങ്ങി. മലബാറിൽ മാത്രം അസ്തിത്വമുണ്ടായിരുന്ന മുസ്ലീം ലീഗ് ഇപ്പോൾ കേരളത്തിന്റെ പൊതുവായ പ്രാതിനിധ്യം കൈവരിച്ച് തിരു-കൊച്ചിയിലും വേരൂന്നാൻ തുടങ്ങി. ഇവ കൂടാതെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പി.എസ്.പി.) എന്ന നാലാമതൊരു രാഷ്ട്രീയകക്ഷി കൂടി ഈ സമയത്ത് കേരളത്തിലെ സാമൂഹ്യരംഗത്ത് നിർണ്ണായകസ്ഥാനത്തു തന്നെയുണ്ടായിരുന്നു.

എന്നാൽ പിൽക്കാലത്ത് കേരളത്തിനും ഭാരതത്തിനുതന്നെയും സ്വീകാര്യമായ ഒരു പുതിയ ജനാധിപത്യഭരണമാതൃകയായിത്തീർന്ന മുന്നണി സംവിധാനം അപ്പോഴും രൂപം കൊണ്ടിരുന്നില്ല. മേൽപ്പറഞ്ഞ എല്ലാ കക്ഷികളും സ്വന്തം നിലയ്ക്കായിരുന്നു ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ തയ്യാറെടുത്തുകൊണ്ടിരുന്നത്. ഈ സാഹചര്യങ്ങളിലാണ് രാഷ്ട്രപതിഭരണകാലത്തു ജനിച്ച ഐക്യകേരളത്തിൽ അഞ്ചുമാസങ്ങൾക്കുശേഷം 1957 മാർച്ചിൽ ആദ്യമായി ഒരു സംസ്ഥാനവ്യാപകമായ പൊതുതെരഞ്ഞെടുപ്പു നടക്കുന്നത്.

ജാതിയും മതവും

[തിരുത്തുക]

എക്കാലത്തും കേരളത്തിലെ അധികാരസ്ഥാനങ്ങളെ നിർണ്ണയിക്കുന്നതിൽ മതവും ജാതിയും ഏറ്റവും പ്രധാനമായ പങ്കു വഹിച്ചിരുന്നു. സ്വാതന്ത്ര്യസമരവും തുടർന്നു വന്ന നവജനാധിപത്യസംസ്കാരവും പ്രത്യക്ഷത്തിൽ ജാതിമതവിമുക്തവും മതനിരപേക്ഷവുമാണെന്നു തോന്നിച്ചിരുന്നെങ്കിലും എല്ലാ രാഷ്ട്രീയ കക്ഷികളുടേയും ശാക്തീകരണതന്ത്രങ്ങളുടെ അണിയറയിൽ ജാതിയും മതവും അവയുടെ ജനസംഖ്യാടിസ്ഥാനത്തിലുള്ള സ്വാധീനശക്തിയും അതോടൊപ്പം തന്നെ, ഓരോ സമുദായങ്ങൾക്കുമുള്ള സാമ്പത്തികനിലപാടുകളും പ്രധാനപ്പെട്ട ഘടകങ്ങളായി തുടർന്നു. അധികാരം കയ്യാളുന്ന പ്രക്രിയയുടെ മാർഗ്ഗം സമുദായസംഘടനകളിൽ നിന്നും സാവധാനത്തിൽ രാഷ്ട്രീയസംഘടനകളിലേക്കു മാറിക്കൊണ്ടിരിക്കുന്നതായി പുറമേയ്ക്കു തോന്നിച്ചിരുന്നെങ്കിലും യഥാർത്ഥത്തിൽ അത്തരം സംക്രമണം അകക്കാമ്പിലുണ്ടായിരുന്നില്ല [5]

മത താൽപ്പര്യങ്ങൾ

[തിരുത്തുക]

അന്നത്തെ കേരളത്തിൽ സാമ്പത്തികമായി ഗണ്യമായ മേൽക്കയ്യുണ്ടായിരുന്നത് സുറിയാനി ക്രിസ്ത്യാനികൾക്ക്, വിശിഷ്യ, സുറിയാനി കത്തോലിക്കാ സമുദായത്തിനായിരുന്നു. ബാങ്കിങ്ങ്, വ്യവസായങ്ങൾ, തോട്ടവിളകൾ തുടങ്ങിയ രംഗങ്ങളിൽ അവർ ഏറെ മുൻപന്തിയിലായിരുന്നു. സംസ്ഥാനത്തെ സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങളിൽ നല്ലൊരു ഭാഗം അവരാണ് സ്ഥാപിച്ചു കയ്യാളിയിരുന്നതും നിയന്ത്രിച്ചിരുന്നതും. കേരളത്തിൽ പ്രചാരത്തിലിരുന്ന പ്രമുഖമായ വർത്തമാനപ്പത്രങ്ങളിൽ പലതിന്റേയും നിയന്ത്രണവും അവരുടെ പക്കൽ തന്നെയായിരുന്നു.

അടുത്ത സ്വാധീനശക്തി നായർ സമൂഹമായിരുന്നു. ജനസംഖ്യകൊണ്ട് നാലാം സ്ഥാനത്തുമാത്രമായിരുന്നെങ്കിലും ഭരണനിർവ്വഹണസ്ഥാനങ്ങളിലും സർക്കാർ ഉദ്യോഗങ്ങളിലും അവർക്കു് വ്യക്തമായ പ്രാമുഖ്യം ഉണ്ടായിരുന്നു. ഭൂസ്വത്തിന്റെ ഉടമകളും നാട്ടിലെ സാംസ്കാരികരംഗങ്ങളിൽ ലഭിച്ചിരുന്ന മേൽക്കയ്യും താരതമ്യേന ഉയർന്ന വിദ്യാഭ്യാസാവസ്ഥയും അവരുടെ സാമൂഹ്യശക്തിയുടെ ഘടകങ്ങളായിരുന്നു. പലപ്പോഴും ഡോക്ടർ, വക്കീൽ, എഞ്ചിനീയർ തുടങ്ങിയ ഉയർന്ന തരം തൊഴിൽരംഗങ്ങളിലും അവർ ക്രിസ്ത്യാനികളോടൊപ്പം തന്നെ മുന്നിട്ടുനിന്നു.

ജനസംഖ്യയിൽ മുന്നിട്ടുനിന്ന ഈഴവർക്കും അതുതന്നെയായിരുന്നു ശക്തി. ശ്രീനാരായണ ധർമ്മപരിപാലനയോഗം ഈഴവരെ ഒട്ടൊക്കെ സംഘടിപ്പിച്ചുനിർത്തുന്ന ഒരു ശക്തിയായി അക്കാലത്ത് വളർന്നുകഴിഞ്ഞിരുന്നു. കൂട്ടായി വിലപേശാവുന്ന തരത്തിൽ അവരുടെ നയമാർഗ്ഗങ്ങൾ രൂപപ്പെടുത്തുന്നതിൽ ഒരു വശത്ത് എസ്. എൻ. ഡി.പി. അണിനിരന്നപ്പോൾ, അവയിൽ തന്നെ നല്ലൊരു വിഭാഗം പുതുതായി ഉയർന്നുവരുന്ന തിരുത്തൽ ശക്തികളായി കമ്യൂണിസ്റ്റ് പാർട്ടികളെ കണ്ടു.

മുസ്ലീങ്ങളുടെ രാഷ്ട്രീയബലം മറ്റൊരു വിധത്തിലായിരുന്നു രൂപപ്പെട്ടത്. സംസ്ഥാനത്ത് പൊതുവേ ന്യൂനപക്ഷമായിരുന്നെങ്കിലും ഒരു ചെറിയ പ്രദേശത്ത് ജനസംഖ്യയുടെ നല്ലൊരുഭാഗവും കേന്ദ്രീകരിച്ച അവസ്ഥ അവർക്ക് പ്രതിനിധിസഭകളിൽ സ്വന്തമായി നിലപാടെടുക്കാനും ഭൂരിപക്ഷത്തെ തീരുമാനിക്കാനും അവസരമൊരുക്കി.

ഈ നാലു വിഭാഗങ്ങൾക്കും വ്യത്യസ്തമായ കാരണങ്ങൾ കൊണ്ടാണെങ്കിലും, മൊത്തം ഭരണകൂടസ്ഥാപനത്തിൽ തനതായ ശക്തി ചെലുത്താൻ സാധിച്ചു. കേരളത്തിൽ അക്കാലം മുതൽ നിലനിൽക്കുന്ന രാഷ്ട്രീയ അസ്ഥിരതയുടെ പ്രധാന കാരണമായി ഈ ഘടകം പരിഗണിക്കപ്പെട്ടുവരുന്നു. ഇവർ കൂടാതെ, മറ്റു ന്യൂനപക്ഷങ്ങളും അധഃകൃതരായി കണക്കാക്കപ്പെട്ടിരുന്നവർ ഉൾപ്പെടെ മറ്റു സമുദായങ്ങളും കൂടി കേരളത്തിന്റെ ഭാഗമായിരുന്നെങ്കിലും പ്രസക്തിയോ പ്രാമുഖ്യമോ ചെലുത്താൻ കഴിയാത്ത വിധത്തിൽ അവർ അസംഘടിതരോ അശക്തരോ ആയിരുന്നു.

1957ലെ തെരഞ്ഞെടുപ്പ്

[തിരുത്തുക]

കേരളപ്പിറവിയുടെ സമയത്ത് രാജപ്രമുഖൻ എന്ന സ്ഥാനം ഇല്ലാതായതോടെ ദാമോദർ വാലി കോർപ്പറേഷൻന്റെ അന്നത്തെ ചെയർമാൻ ആയിരുന്ന പി.എസ്. റാവുവിനെ ആക്റ്റിങ്ങ് ഗവർണറായി നിയമിച്ചിരുന്നു. 1956 നവമ്പർ 22 ന് ഡോ. ബി. രാമകൃഷ്ണറാവു കേരളത്തിന്റെ ആദ്യത്തെ ഗവർണ്ണർ ആയി നിയമിതനായി. തുടർന്നുള്ള മൂന്നുമാസം കേരളത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ആദ്യ പൊതുതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളായിരുന്നു. 1957 ഫെബ്രുവരി 28നു തുടങ്ങി മാർച്ച് 11 നു് ഈ തെരഞ്ഞെടുപ്പ് സമാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനോടൊപ്പം സ്വതന്ത്ര ഇന്ത്യയിൽ പാർലമെന്റിലേക്കു നടന്ന രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പു കൂടിയായിരുന്നു ഇത്.

89,13,247 ആളുകൾക്കു വോട്ടവകാശമുണ്ടായിരുന്ന ഈ തെരഞ്ഞെടുപ്പിൽ 58,37,577 (65.49 %) ആളുകൾ സമ്മതിദാനാവകാശം വിനിയോഗിച്ചു.[6] അതിൽ സിപിഐ യുടെ സ്ഥാനാർത്ഥികൾ 34.98% (ഏകദേശം 17.5 ലക്ഷം)വോട്ടുകൾ നേടി. ഏറ്റവും കൂടുതൽ വോട്ടുനേടിയ കക്ഷികളിൽ രണ്ടാം സ്ഥാനത്തായിരുന്നു അവർ. പക്ഷേ, ജയിച്ച സീറ്റുകളുടെ എണ്ണത്തിൽ അവർ ഒന്നാമത്തെ വലിയ കക്ഷിയായി. (സിപിഐ പിന്തുണയുള്ള 5 സ്വതന്ത്രരടക്കം 65 പേരാണ് അവരുടെ ഭാഗത്തുണ്ടായിരുന്നത്. 126 സീറ്റുകളിൽ കോൺഗ്രസ്സിന് 43, പി.എസ്.പി.യ്ക്ക് 9, മുസ്ലീം ലീഗിന് 8, സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില.) തങ്ങളുടെ പിന്തുണയോടെ ജയിച്ച സ്വതന്ത്രരെക്കൂടി കൂട്ടി സിപിഐക്ക് നിയമസഭയിൽ നേരിയ ഭൂരിപക്ഷം കൈവരിക്കാൻ സാദ്ധ്യമായി.[6]

57-ലെ തെരഞ്ഞെടുപ്പ് കക്ഷിനില
കക്ഷി മത്സരിച്ചത് വിജയിച്ചത്
കോൺഗ്രസ്സ് 124 48
സിപിഐ 100 60
പി.എസ്.പി 62 9
ആർ.എസ്.പി 28 0
മുസ്ലീം ലീഗ് 8
സിപിഐ
പിന്തുണയുള്ള സ്വതന്ത്രർ
5
സ്വതന്ത്രർ 1

പ്രഥമ മന്ത്രിസഭാ രൂപീകരണം

[തിരുത്തുക]
ഇ.എം.എസ്. നമ്പൂതിരിപ്പാട് - കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി

അന്നേവരെ ലോകരാഷ്ട്രീയഭൂപടത്തിൽ തന്നെ പ്രത്യേകിച്ച് സ്ഥാനമൊന്നുമില്ലാതിരുന്ന കേരളം എന്ന ചെറുസംസ്ഥാനം ഈ തെരഞ്ഞെടുപ്പോടെ പെട്ടെന്ന് അന്താരാഷ്ട്രതലത്തിൽ വാർത്താപ്രാധാന്യം നേടി. കമ്യൂണിസ്റ്റ് ഭരണസമ്പ്രദായങ്ങളിൽ കാര്യമായൊന്നും അതുവരെ പരീക്ഷിക്കപ്പെട്ടുനോക്കാത്ത രഹസ്യബാലറ്റ് തെരഞ്ഞെടുപ്പിലൂടെ ഒരു വലിയ ജനസമൂഹത്തിൽ അധികാരത്തിലേറുന്ന ആദ്യത്തെ സംഭവമായിരുന്നു അത് (1945-ൽ ഇറ്റലിയിലെ വളരെ ചെറിയ ഒരു നാട്ടുരാജ്യമായിരുന്ന സാൻ മാരിനോ റിപ്പബ്ലിക്കിന്റെ ദേശീയ കൗൺസിലിലേക്ക് സാൻ മാരിനോ കമ്യൂണിസ്റ്റ് പാർട്ടിയും സാൻ മാരിനോ സോഷ്യലിസ്റ്റ് പാർട്ടിയും സംയുക്തമായി തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തിയിരുന്നു.) ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനം മാത്രമായിരുന്നിട്ടും, പല കിഴക്കൻ‌ യൂറോപ്യൻ രാജ്യങ്ങളേക്കാളും, കമ്യൂണിസ്റ്റ് പ്രസ്ഥാനം അതിനകം വേരോടിയിട്ടുള്ള ചിലി, ക്യൂബ, വടക്കൻ വിയറ്റ്നാം എന്നീ രാജ്യങ്ങളേക്കാളും ജനസംഖ്യ കൊണ്ട് കേരളം മുന്നിലായിരുന്നു.

കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ വിജയം ഡൽഹിയെ സംബന്ധിച്ചിടത്തോളം തികച്ചും അവിശ്വസനീയവും അപ്രതീക്ഷിതവുമായിരുന്നു. നെഹ്രു ഒഴികെ ആർക്കും കമ്യൂണിസ്റ്റുകളുടെ ഈ അധികാരലബ്ധി ഇഷ്ടപ്പെട്ടില്ല.[7] ഗവർണ്ണർ രാമകൃഷ്ണറാവു മുൻകാലത്തു് അദ്ദേഹത്തിന്റെ നാട്ടിലെ ഒരു കോൺഗ്രസ്സ് മുഖ്യമന്ത്രി കൂടിയായിരുന്നു. അതിനാൽ കമ്യൂണിസ്റ്റുകളെ അധികാരത്തിലേറ്റാൻ അദ്ദേഹം ശ്രമിക്കില്ലെന്ന് കേന്ദ്രത്തിലേയും കേരളത്തിലെയും പല നേതാക്കളും വിശ്വസിച്ചു. എന്നാൽ റാവു കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായ ഇ.എം.എസ്സിനെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചു.

1957 ഏപ്രിൽ അഞ്ചിന് ഇ.എം. എസ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തോടൊപ്പം, ടി.വി. തോമസ്, സി. അച്യുതമേനോൻ, കെ.സി. ജോർജ്ജ്, ജോസഫ് മുണ്ടശ്ശേരി, ഡോ. എ.ആർ. മേനോൻ, കെ.പി. ഗോപാലൻ, വി.ആർ. കൃഷ്ണയ്യർ, ടി.എ. മജീദ്, പി.കെ. ചാത്തൻ, കെ.ആർ. ഗൗരിയമ്മ എന്നിവരും മന്ത്രിമാരായി.

ലോകത്തൊട്ടുക്കും, പ്രത്യേകിച്ച് ഇന്ത്യയിലുമുള്ള കമ്യൂണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഇതൊരു വിജയകരമായ ചരിത്രമുന്നേറ്റമായിരുന്നുവെങ്കിലും അന്താരാഷ്ട്രതലത്തിലും പ്രാദേശികതലത്തിലും പല വിഭാഗങ്ങൾക്കും ഈ മാറ്റം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ചൈനയിലെ യനാൻ എപ്രകാരമാണോ തുടക്കത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തൊട്ടിലായിമാറിയത് അതുപോലെ കേരളം ഇന്ത്യയുടേതുമാവുമെന്നും ക്രമേണ ഇതേ തരംഗം ഇന്ത്യ മുഴുവൻ വ്യാപിക്കുമെന്നും കമ്യൂണിസ്റ്റ് പാർട്ടിക്കാർ പ്രത്യാശിക്കുകയും ഇതരവിഭാഗങ്ങൾ ഭയപ്പെടുകയും ചെയ്തു. കേന്ദ്രഭരണം നടത്തിയിരുന്ന കോൺഗ്രസ്സിന്റെ അഖിലേന്ത്യാസമിതിയാവട്ടെ, കേരളത്തിൽ നടക്കാൻ പോകുന്നത് ഒരു സ്റ്റാലിനിസ്റ്റ് ടോട്ടലിറ്റേറിയൻ ഭരണമാകുമെന്ന് ഭയപ്പെട്ടു.

കേരളത്തിലെ ക്രൈസ്തവസമൂഹത്തിന് ഈ കമ്യൂണിസ്റ്റ് മുന്നേറ്റം ഒരാഘാതമായി അനുഭവപ്പെട്ടു. ഭാരതത്തിന്റെ ഭാവിയ്ക്കുമേൽ പതിച്ചേക്കാവുന്ന ഏറ്റവും വലിയ ദുരന്തമായിട്ടാണ് അവർ അന്നേവരെ കമ്യൂണിസ്റ്റ് ആശയങ്ങളെ കണ്ടിരുന്നതും മറ്റുള്ളവരെ ബോധവൽക്കരിച്ചിരുന്നതും.[8] നൂറ്റാണ്ടുകളോളം തങ്ങൾ കരുപ്പിടിപ്പിച്ചു വളർത്തിയ, സുരക്ഷിതമായതും സഭയ്ക്ക് യഥാവിധി നിയന്ത്രിക്കാവുന്നതുമായ ഒരു സാമൂഹ്യശൃംഖല അപ്പാടെ കൈവിട്ടുപോകുമോ എന്നതായിരുന്നു അവരുടെ മുഖ്യഭീതി. എന്തുവിലകൊടുത്തും ഈ മന്ത്രിസഭയെ ഇല്ലാതാക്കുക എന്നത് തങ്ങളുടെ കർത്തവ്യമായി അവർ കരുതി.

പത്രമാദ്ധ്യമങ്ങൾ

[തിരുത്തുക]

ഇന്ത്യയിലെ ഇതരസമൂഹങ്ങളെ അപേക്ഷിച്ച്, കേരളീയർ ഏറെ രാഷ്ട്രീയപ്രബുദ്ധരായിരുന്നു. അവരുടെ രാഷ്ട്രീയ ഇടപെടലുകളിൽ പത്രപാരായണവും അതേത്തുടർന്നുള്ള ചർച്ചകളും ഏറ്റവും പ്രധാനപ്പെട്ട പങ്കു വഹിച്ചു. അച്ചടിച്ച വാക്കുകളും അങ്ങാടിയിലും കാപ്പിക്കടകളിലും നടക്കുന്ന ചർച്ചകളുമായിരുന്നു കേരളരാഷ്ട്രീയത്തിന്റെ ഗതികൾ നിയന്ത്രിക്കുന്ന അടിസ്ഥാനഘടകങ്ങൾ. നാട്ടിൻപുറങ്ങളിലെ ലളിതമായ ചായക്കടകൾ പലപ്പോഴും ലഘുഭക്ഷണശാലകൾ എന്നതിലുപരി തൻ‌നാട്ടുകാരുടെ രാഷ്ട്രീയചർച്ചാവേദികളായി മാറി. വായനശാലകളും ആളുകൾക്ക് തങ്ങളുടെ വാർത്താകൗതുകങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാനുള്ള ഇടമായി. മിക്ക ചായക്കടകളിലും വായനശാലകളിലും ഒന്നിലധികം വർത്തമാനപത്രങ്ങൾ സ്ഥിരമായി വരുത്തിയിരുന്നു. തൊഴിലാളികൾ മുതൽ ജന്മിമാർ വരെ, വായിക്കാനറിയാവുന്ന ആളുകൾ മിക്കവരും ദിവസേന രണ്ടു പത്രങ്ങളെങ്കിലും വായിക്കുക പതിവായിരുന്നു.[9]

1957-ൽ കേരളത്തിൽ 28 ദിനപത്രങ്ങളും ഡസൻ കണക്കിന് വാരികകളും മാസികകളും ഉണ്ടായിരുന്നു. ഇവയിൽ ചിരകാലമായി പ്രസിദ്ധീകരിച്ചുവരുന്ന തലയെടുപ്പുള്ള പത്രങ്ങളും കഷ്ടി നിലനിന്നുപോകുന്ന ചെറുകിട പത്രങ്ങളും ഉണ്ടായിരുന്നു. മിക്കവാറും എല്ലാ പത്രങ്ങളും ഏതെങ്കിലും ഒരു രാഷ്ട്രീയകക്ഷിയോടോ അല്ലെങ്കിൽ മതവിശ്വാസത്തിനോടോ പ്രത്യക്ഷമായോ പരോക്ഷമായോ ചായ്‌വ് പ്രകടിപ്പിച്ചിരുന്നു. ആധികാരികവും സത്യസന്ധവുമായ വാർത്തകളോടൊപ്പം തന്നെ അന്വേഷണാത്മകവാർത്താലേഖനങ്ങളും ആവേശോദ്ദീപകങ്ങളായ ഗോസിപ്പുകളും നർമ്മസമ്പുഷ്ടവും പലപ്പോഴും പരിഹാസമര്യാദകൾ വിടുന്നതുമായ കാർട്ടൂണുകളും ഈ വാർത്താസംസ്കാരത്തിന്റെ ഭാഗമായി മാറി. നാലാമിടം എന്ന അപരനാമമുള്ള പത്രമാദ്ധ്യമപ്രസ്ഥാനം പുതുതായി കൈവന്ന ജനാധിപത്യസമ്പ്രദായത്തിൽ തങ്ങളുടെ സ്വാതന്ത്ര്യലബ്ധി ആകാവുന്നത്ര ആഘോഷിച്ചു.[10]

വിമോചനസമരത്തിലേക്കു നയിച്ച സംഭവഗതികളിൽ പത്രമാദ്ധ്യമങ്ങൾ വഹിച്ച പങ്ക് വളരെ പ്രകടമായിരുന്നു. ക്രൈസ്തവസഭകൾ അവരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പത്രങ്ങളെ വ്യാപകമായി ഒരു കമ്യൂണിസ്റ്റ്-പ്രതിരോധ ആയുധമായി ഉപയോഗിച്ചു. ഹെഗലിയൻ ഭൗതികവാദം വളരെയേറെ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടുകൊണ്ട് കേരളത്തിലെ പത്രങ്ങൾ അവതരിപ്പിച്ചു. പൊതുവേ മതാധിഷ്ഠിതമായിരുന്ന കേരളീയർ ഇതോടെ കമ്യൂണിസ്റ്റ് പാർട്ടിയെ മതവിരുദ്ധരും നിരീശ്വരവാദികളുമായി കാണുവാൻ തുടങ്ങി. തങ്ങളുടെ സംഘടനകളിലൂടെ പുതുതായി ശക്തി ആർജ്ജിച്ചുകൊണ്ടിരുന്ന സവർണ്ണഹിന്ദുക്കളിലെ യാഥാസ്ഥിതികരായ ഒരു നല്ല ഭാഗവും ഈ ചിന്താധാരയുടെ കൂടെ ചേർന്നു.

സർക്കാരിനെതിരായ സാമുദായിക വികാരം വളർത്തുന്ന തരത്തിലായിരുന്നു ഈ വാർത്തകൾപലതും. പളളികളിൽ പോലീസ് കയറിയെന്നും തിരച്ചിൽ നടത്തിയെന്നുമൊക്കെയുള്ള അസത്യവും ഊഹാപോഹങ്ങളും നിറഞ്ഞ വാർത്തകൾ അക്കാലത്ത് പത്രങ്ങളിൽ സാധാരണയായിരുന്നു. "പോലീസ് ഏതുനിമിഷവും ആൾത്താരയിലും കയറിയേക്കും" എന്നതരത്തിൽവരെ ഈ വാർത്തകളുടെ ഉള്ളടക്കംവളർന്നിരുന്നു. [11] സർക്കാരിനെ താഴെയിറക്കണം എന്ന നിർബന്ധബുദ്ധിയോടെ പ്രധാനമന്ത്രി നെഹ്റുവിന്റെ സന്ദർശന ദിവസങ്ങളിൽ മലയാളപത്രങ്ങൾ ഇംഗ്ലീഷിൽ മുഖപ്രസംഗം എഴുതുവാനും തുനിഞ്ഞു. ഇഗ്ലീഷിലെ ലേഖനങ്ങൾ നെഹ്റു നേരിട്ട് വായിച്ചു മനസ്സിലാക്കട്ടെ എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം. ജൂൺ 24 ന്റെ മലയാള മനോരമ ദിനപത്രത്തിന്റെ മുഖപ്രസംഗം "Kerala Agitation and Constitution" എന്നതായിരുന്നു. അഞ്ച് സൂചകങ്ങളായിട്ടാണ് കമ്മ്യൂണിസ്റ്റ് സർക്കാർ തുടരുന്നതിലെ അപകടങ്ങൾ ഈ മുഖപ്രസംഗത്തിൽ വിശദീകരിച്ചിരുന്നത്. [12]

പ്രകോപനപരമായ തലക്കെട്ടുകളാണ് അന്നത്തെ പത്രങ്ങളിലുണ്ടായിരുന്നത് എന്ന് തോമസ് ഐസക് നിരീക്ഷിക്കുന്നു. തിരുവനന്തപുരത്തും "ഇ.എം.എസിന്റെ ചെന്നായ്കൾ യുദ്ധക്കളം സൃഷ്ടിച്ചു, അതിഭീകരമായ നരവേട്ട, പിഞ്ചുകുഞ്ഞിന്റെ തലതല്ലിപ്പൊളിച്ചു, സ്ത്രീകളെ വലിച്ചിട്ടുചവിട്ടി, തൃശ്ശൂരിൽ രണ്ട് പള്ളികളിൽ കമ്മ്യൂണിസ്റ്റ് കയ്യേറ്റം" തുടങ്ങിയ തലക്കെട്ടുകൾ സമരത്തെ രക്തരൂക്ഷിതമാക്കുന്നതിൽ പങ്കുവഹിച്ചു. സർക്കാരിനെ പിരിച്ചുവിടണം എന്ന് അർത്ഥശങ്കയ്കിടയില്ലാത്തവണ്ണം ആവശ്യപ്പെടുന്ന മുഖപ്രസംഗങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. [13]

സർക്കാരിനെതിരായ പത്രങ്ങളുടെ നീക്കത്തിന് അതേനാണയത്തിൽ തിരിച്ചടിക്കാൻ ബന്ധപ്പെട്ടവരും ശ്രമിച്ചിരുന്നു. ബജറ്റ് രേഖകൾ ചോർത്താൻ ശ്രമിച്ചു എന്നാരോപിച്ച് കേരളകൌമുദിക്കെതിരെ ഔദ്യേഗിക രഹസ്യ നിമയപ്രകാരം കേസെടുത്തു. ദീപിക പത്രാധിപർക്കെതിരെയും ക്രിമിനൽ കേസെടുത്തു. വി.ആർ. കൃഷ്ണയ്യർ, എം.എൻ. ഗോവിന്ദൻ നായർ, ടി.വി. തോമസ് എന്നീ മന്ത്രിമാർ മലയാളമനോരമയടക്കമുള്ള വിവിധ പത്രങ്ങൾക്കെതിരെ മാനനഷ്ടക്കേസുകൾ ബോധിപ്പിച്ചു. 1959 മെയ് 2 ന് തിരുവനന്തപുരത്ത് ചേർന്ന അഖിലേന്ത്യാ പത്രാധിപ സംഘടനയുടെ സമ്മേളനത്തെ ‌അഭിസംബോധന ചെയ്ത മുഖ്യമന്ത്രി പത്രങ്ങൾക്കെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടു: "ഒരു വിഭാഗം പത്രക്കാർ കമ്മ്യൂണിസ്റ്റ് സർക്കാർ ഒരു യാഥാർത്ഥ്യമാണെന്ന് അംഗീകരിക്കുവാൻ തയ്യാറല്ല... വസ്തുതകൾ വളച്ചൊടിക്കുക മാത്രമല്ല, വസ്തുതകൾ ഉല്പാദിപ്പിക്കുകയുമാണ് നമ്മുടെ പല പത്രങ്ങളും ചെയ്യുന്നതെന്ന് കാണാം" എന്ന് അദ്ദേഹം തുറന്നടിച്ചു. [14]

1957-59 കാലത്തു് കേരളത്തിൽ പ്രസിദ്ധീകരിച്ചിരുന്ന പ്രധാന വർത്തമാനപ്പത്രങ്ങൾ[15]

[തിരുത്തുക]
# പത്രം സ്ഥലം പത്രാധിപർ ഉടമ സ്ഥാപിതവർഷം
1 മലയാള മനോരമ കോട്ടയം കെ. എം. ചെറിയാൻ മലയാള മനോരമ ലിമിറ്റഡ് 1888
2 മാതൃഭൂമി കോഴിക്കോട് വി. എം. നായർ മാതൃഭൂമി ലിമിറ്റഡ് 1923
3 ദീപിക കോട്ടയം റെ. ഫാദർ ആന്റണി SFS പ്രസ്സ് 1887
4 കേരള കൗമുദി തിരുവനന്തപുരം കെ. സുകുമാരൻ കേരള കൗമുദി ലിമിറ്റഡ് 1940
5 ദേശാഭിമാനി കോഴിക്കോട് വി. ടി. ഇന്ദുചൂഡൻ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 1947
6 ചന്ദ്രിക കോഴിക്കോട് സി. എച്ച്. മുഹമ്മദ് കോയ മുസ്ലീം പ്രിന്റിങ്ങ് & പബ്ലിഷിങ്ങ് കമ്പനി 1946
7 ദിനമണി കൊല്ലം ആർ. ശങ്കർ ആർ. ശങ്കർ 1957
8 എക്സ്പ്രസ്സ് തൃശ്ശൂർ കൊങ്ങശ്ശേരി കൃഷ്ണൻ കൊങ്ങശ്ശേരി കൃഷ്ണൻ 1949
9 ജനയുഗം കൊല്ലം ഗോപിനാഥൻ നായർ ജനയുഗം പബ്ലിക്കേഷൻസ് 1953
10 കേരളഭൂഷണം കോട്ടയം കെ. സി. സക്കറിയ എ.വി. ജോർജ്ജ് & കൊ. 1944
11 മലയാളരാജ്യം കൊല്ലം എൻ. ചന്ദ്രശേഖരൻ നായർ എസ്.ആർ.വി. പ്രസ്സ് & പബ്ലിഷിങ്ങ് 1936
12 നവജീവൻ തൃശ്ശൂർ ടി.കെ.ജി. നായർ കമ്യൂണിസ്റ്റ് പാർട്ടി 1953
13 നവകേരളം തിരുവനന്തപുരം സണ്ണി സെബാസ്റ്റ്യൻ ഇ.എ. ഫെർണാണ്ടസ് 1957
14 പൊതുജനം തിരുവനന്തപുരം കെ. കാർത്തികേയൻ കെ. കാർത്തികേയൻ 1957
15 കൗമുദി തിരുവനന്തപുരം കൈനിക്കര പത്മനാഭ പിള്ള സോഷ്യലിസ്റ്റ് പബ്ലിക്കേഷൻസ് 1957

1957-59 കാലത്തെ പ്രധാന വർത്തമാനപ്പത്രങ്ങളുടെ പ്രചാരം[16]

[തിരുത്തുക]
# പത്രം സ്ഥലം പ്രചാരം1957 1958 1959
1 മാതൃഭൂമി കോഴിക്കോട് 58880 61946 62590
2 മലയാള മനോരമ കോട്ടയം 46635 58009 62464
3 കേരള കൗമുദി തിരുവനന്തപുരം 21884 30429 31856
4 ദീപിക കോട്ടയം 18236 17469 19314
5 ജനയുഗം കൊല്ലം 15531 15737 15934
6 കേരളഭൂഷണം കോട്ടയം 16864 16583 15740
7 ദേശബന്ധു കോട്ടയം 15034 14351
8 എക്സ്പ്രസ്സ് തൃശ്ശൂർ 15393 16501

ആന്ധ്രാ അരി കുംഭകോണം

[തിരുത്തുക]

ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ കേരളം എക്കാലത്തും ഒരു കമ്മിസംസ്ഥാനമായിരുന്നു. മറ്റു സംസ്ഥാനങ്ങളിലും ഭക്ഷ്യധാന്യക്കമ്മി താൽക്കാലികമായും ഭാഗികമായും അനുഭവപ്പെടാറുണ്ടെങ്കിലും 1950കളിലെ കേരളത്തിൽ അരിയുടെ മൊത്തം ഉപഭോഗാവശ്യത്തിന്റെ 50 ശതമാനത്തോളം കമ്മി എല്ലാ വർഷവും പതിവായിരുന്നു. മൊത്തം കൃഷിഭൂമിയുടെ 36% മാത്രമാണ് നെൽകൃഷിക്ക് ഉപയോഗിച്ചിരുന്നത്. അരിയുടെ മൊത്തം പ്രതിവർഷ ആഭ്യന്തരഉല്പാദനം എട്ടുലക്ഷം ടൺ. അതായത് ആളോഹരി ദിവസേന 6.25 ഔൺസ് (177 ഗ്രാം) അരി മാത്രമാണ് കേരളത്തിന്റെ സ്വന്തം നെൽകൃഷിയിൽ നിന്നു ലഭ്യമായിരുന്നത്. തിരു-കൊച്ചിയിലും കേരളത്തിലും നിലനിന്നിരുന്ന സംസ്ഥാനഭരണകൂടങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം പോലും അരിയുടെ സ്ഥിരവും അനുസ്യൂതവുമായ ലഭ്യത ഉറപ്പുവരുത്തുക എന്നതായിരുന്നു.

1956ലെ വേനൽക്കാലം മുതൽ തന്നെ അഖിലേന്ത്യാടിസ്ഥാനത്തിൽ അരിയുടെ വില മുമ്പെങ്ങുമില്ലാത്ത വിധത്തിൽ കുതിച്ചുകയറാൻ തുടങ്ങി.1956 ജൂണിൽ തിരുവനന്തപുരം നഗരത്തിലും രണ്ടുമാസത്തിനുള്ളിൽ മറ്റു ജില്ലകളിലും ന്യായവിലഷോപ്പുകൾ തുടങ്ങിവെച്ചുകൊണ്ടാണ് ഈ വിലവർദ്ധനവിനെ നേരിടാൻ മുൻസർക്കാർ നടപടികളാരംഭിച്ചത്. എന്നാൽ ഇ.എം.എസ്. മന്ത്രിസഭ അധികാരം ഏറ്റെടുത്ത സമയത്ത് അരിക്ഷാമവും വിലക്കയറ്റവും നിയന്ത്രണാതീതമായിത്തുടങ്ങി. ആവശ്യത്തിന് അരി കിട്ടാനില്ലാതായതോടെ ന്യായവിലഷോപ്പുകളിലൂടെയുള്ള അരിവിതരണം നിലച്ചു. മറ്റു കടകളിൽ മുമ്പെങ്ങുമില്ലാത്ത വിധം അരിവില വർദ്ധിച്ചു. "അരിയെവിടെ? തുണിയെവിടെ? പറയൂ പറയൂ നമ്പൂരീ" എന്നായിരുന്നു അക്കാലത്ത് പ്രചരിച്ചുവന്ന ഒരു മുദ്രാവാക്യം. അരിക്ഷാമം മൂലമുണ്ടായ ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാൻ മക്കെറോണിയുടെ ഉപയോഗം പ്രചരിപ്പിക്കുക എന്നതായിരുന്നു ഒരു താൽക്കാലിക പോംവഴിയായി ഭക്ഷ്യമന്ത്രി കെ.സി. ജോർജ്ജ് നിർദ്ദേശിച്ചത്. ജനങ്ങൾക്കു് തീരെ പരിചയമില്ലാതിരുന്ന ഈ പുതിയ ഭക്ഷണപദാർത്ഥത്തെ രാഷ്ട്രീയ എതിരാളികൾ തികഞ്ഞ പരിഹാസത്തോടെയാണു് എതിരേറ്റത്. ആലപ്പുഴയിലെ ഒരു കയർ ഫാക്ടറി തൊഴിലാളിയായിരുന്ന രാജൻ കമ്യൂണിസ്റ്റ് നയങ്ങളിൽ രോഷം പൂണ്ട് "ഭഗവാൻ മക്രോണി" എന്ന പേരിൽ ഒരു കഥാപ്രസംഗം എഴുതി അവതരിപ്പിച്ചുതുടങ്ങി. പത്രങ്ങളും പ്രതിപക്ഷവും ഇതേറ്റുപിടിച്ച് സംസ്ഥാനമാകെ പ്രചരിപ്പിച്ചു.

1957 ജൂലൈയിൽ ആന്ധ്ര, മദ്രാസ്സ്, മൈസൂർ, കേരളം എന്നീ നാലു സംസ്ഥാനങ്ങളേയും ചേർത്ത് കേന്ദ്ര സർക്കാർ "ദക്ഷിണ അരി മേഖല"യായി പ്രഖ്യാപിച്ചു. ഇതനുസരിച്ച് ആന്ധ്രയിൽ മിച്ചം വരുന്ന അരി കമ്മിസംസ്ഥാനമായ കേരളത്തിലേക്കു മാത്രമേ അയയ്ക്കാവൂ എന്ന നിബന്ധന വന്നു. മേഖലയിലല്ലാതെ പുറത്തൊരു സംസ്ഥാനത്തിന് അരി വിൽക്കുവാൻ ആന്ധ്രയ്ക്ക് അധികാരമുണ്ടായിരുന്നില്ല. ഇങ്ങനെ മിച്ചം വന്നിരുന്ന അരിയാണ് കേരളത്തിന് ചെറുതായെങ്കിലും സമശ്വാസമായിക്കൊണ്ടിരുന്നത്. എന്നാൽ ബംഗാളിലും ബോംബെയിലും കൂടി അരിക്ഷാമം രൂക്ഷമായപ്പോൾ കേന്ദ്രഗവണ്മെന്റ് ഈ നിലപാടിൽ അയവുവരുത്തി. കൂടുതൽ വിലയ്ക്ക് ഈ വിപണികളിലേക്ക് അരി കയറ്റി അയക്കാനുള്ള അവസരം ആന്ധ്രയ്ക്കു ലഭിച്ചു. ഇതോടെ, കേരളത്തിലെ അരിവ്യാപാരികൾ അവർക്ക് കരാറിൽ മുൻ-കൂട്ടി നിശ്ചയിക്കപ്പെട്ട ക്ലിപ്തമായ കമ്മീഷൻ നിരക്കിൽ തുടർന്നും ആന്ധ്രയിൽനിന്നും അരി വാങ്ങിക്കൈമാറാൻ വിസമ്മതിച്ചു.

ലോകസഭാംഗമായിരുന്ന എ.കെ. ഗോപാലന്റെനിർദ്ദേശപ്രകാരം, പ്രതിസന്ധി മറികടക്കാൻ 5000 ടൺ അരി നേരിട്ട് അരി ഇറക്കുമതി ചെയ്യാനും ന്യായവിലഷോപ്പുകളിലൂടെ അതു വിതരണം ചെയ്യാനും തീരുമാനിച്ചു. മദ്രാസ്സിലുള്ള ഒരു മൊത്തവ്യാപാരസ്ഥാപനമായ "മെസ്സേഴ്സ് ടി. ശ്രീരാമുലു, പി. സൂര്യനാരായണ & കൊ." എന്ന സ്ഥാപനവുമായി ഭക്ഷ്യവകുപ്പ് ഉടനടി കരാറിലെത്തി. നിയമാനുസൃതം പതിവുള്ളതുപോലെ ദർഘാസ് ടെണ്ടർ വിളിക്കാനോ കുറഞ്ഞ വിലയ്ക്ക് കരാർ ഉറപ്പിക്കാനോ കാത്തുനിൽക്കാതെയാണ് ഈ ഇടപാട് തീർച്ചപ്പെടുത്തിയത്.

ഈ കച്ചവടത്തിന്റെ ആദ്യഗഡു 1957 സെപ്റ്റംബറിൽ കേരളത്തിൽ എത്തിച്ചേർന്നു. ഉടൻതന്നെ വ്യാപകമായ അഴിമതിയാരോപണങ്ങൾ ഉയർന്നു. മദ്രാസ്സിലെ ഏജന്റായ കമ്പനിയുടെ മാനേജർ ഒരു മുൻകമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നുവെന്നും കരാറിലെ നിബന്ധനകൾ അയാൾക്ക് ഗുണകരമായി എഴുതിയവയാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. വിപണിവിലയേക്കാൾ കൂടിയ നിരക്കിലാണ് കരാർ ഉറപ്പിച്ചതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ആന്ധ്രയിലെ കമ്യൂണിസ്റ്റ് പാർട്ടി ഘടകത്തിന് തെരഞ്ഞെടുപ്പു ചെലവിന്റെ കടങ്ങൾ വീട്ടാൻ കൈക്കൂലിയായാണ് ഈ അധികത്തുക ചെലവിട്ടതെന്ന് കോൺഗ്രസ്സ് ആരോപിച്ചു. തുടക്കത്തിൽ 1.6 ലക്ഷം രൂപയെന്നും പിന്നീട് 16.5 ലക്ഷം എന്നും ഈ തുക വിലയിരുത്തപ്പെട്ടു. കോൺഗ്രസ്സ് എം.എൽ.എ.യായിരുന്ന ടി.ഓ. ബാവ നിയമസഭയിൽ കരാറിന്റെ വിശദാംശങ്ങൾ സഹിതം മന്ത്രിസഭയെ വെല്ലുവിളിച്ചു.

മലയാളം പത്രങ്ങൾ ഈ അഴിമതിവാർത്ത വമ്പിച്ച പ്രാധാന്യത്തോടെ കൊണ്ടാടി. മനോരമ, മാതൃഭൂമി, ദീപിക എന്നീ പത്രങ്ങൾ ഒരു വശത്തും ദേശാഭിമാനി, ജനയുഗം എന്നിവ മറുവശത്തും അണിനിരന്നുകൊണ്ട് ഒരു മാദ്ധ്യമയുദ്ധം തന്നെ പൊട്ടിപ്പുറപ്പെട്ടു. 1958 ഫെബ്രുവരി 12നു് ഇറങ്ങിയ മനോരമയിൽ "ആന്ധ്ര അരി കുംഭകോണം" എന്ന വമ്പൻ തലക്കെട്ടിൽ ഒരു വാർത്ത പ്രത്യക്ഷപ്പെട്ടു. വമ്പിച്ച പ്രതിഷേധത്തെത്തുടർന്ന് ഹൈക്കോടതി ന്യായാധിപനായിരുന്ന ജസ്റ്റിസ് രാമൻനായർ കമ്മീഷൻ ഈ ഇടപാട് അന്വേഷിക്കാൻ തുടങ്ങി.[17] ഈ അരി ഇടപാടിൽ സംസ്ഥാനത്തിനു ഭയങ്കരമായ നഷ്ടം നേരിട്ടു എന്ന് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും, ഈ റിപ്പോർട്ട് സർക്കാർ തള്ളിക്കളയുകയായിരുന്നു[18]. കേരളം ഭക്ഷ്യക്ഷാമം നേരിടുന്ന ഒരു സംസ്ഥാനമായിരുന്നു. പൊതു ടെൻഡർ വിളിച്ച് അരി വാങ്ങാനുള്ള നടപടി തുടങ്ങിയാൽ അക്കൊല്ലത്തെ ഓണക്കാലം വളരെ ബുദ്ധിമുട്ടിലാകും, അതുകൊണ്ടാണ് സ്വകാര്യ കച്ചവടക്കാരനിൽ നിന്നും അരിവാങ്ങാനുള്ള തീരുമാനമെടുത്തത് എന്നുമാണ് ഈ റിപ്പോർട്ട് സ്വീകരിക്കാതിരിക്കാൻ സർക്കാർ നൽകിയ വിശദീകരണം.[19]

വിമോചനസമരത്തിന് അരങ്ങൊരുങ്ങുന്നു

[തിരുത്തുക]

ജനാധിപത്യകേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്ന ഒരു അഴിമതി ആരോപണമായിരുന്നു ആന്ധ്രാ അരിക്കേസ്. സർക്കാരിനെതിരെ ഒരവസരം വീണുകിട്ടാൻ കാത്തിരിക്കുന്ന പ്രതിപക്ഷങ്ങൾക്കും സമുദായനേതാക്കന്മാർക്കും ഇതൊരു നല്ല അവസരമായി. അതേ സമയം, സമൂഹത്തിലെ അടിസ്ഥാനവർഗ്ഗവുമായി ഇടപെടുന്നതിലൂടെ ദീർഘകാലം കൊണ്ടു നേടിയെടുത്ത രാഷ്ട്രീയപരിചയം സുഗമവും ജനപ്രീതികരവുമായ അധികാരനിർവ്വഹണത്തിനു മതിയാകില്ലെന്ന്, കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ അപക്വമായ പ്രതികരണങ്ങളിലൂടെ തെളിയിക്കുകയും ചെയ്തു.

നിയമസഭാസമ്മേളനങ്ങളിൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉയർത്തുന്നതിന് മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഒന്നടങ്കം ശാസിച്ചു. വ്യക്തമായ തെളിവോ പ്രസക്തിയോ ഉള്ള ആരോപണങ്ങൾ ഉന്നയിച്ചാൽ അവ അന്വേഷിക്കാൻ സർക്കാർ തയ്യാറാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. പ്രതിപക്ഷനേതാവ് പി.ടി. ചാക്കോ ഈ അവസരം മുതലെടുത്ത്, അരി കുംഭകോണം അന്വേഷിക്കാമോ എന്നു ചോദിച്ചു. പെട്ടെന്നുള്ള ഈ ചോദ്യത്തിന് അദ്ദേഹം 'അന്വേഷിക്കാം' എന്നു മറുപടിയും കൊടുത്തു. ഇ.എം.എസ്.മന്ത്രിസഭ അങ്ങനെ ആദ്യമായി ഒരു അന്വേഷണക്കമ്മീഷന് സ്വയം വിധേയമാകാൻ തയ്യാറായി. പ്രതിപക്ഷം ഇതൊരു വൻവിജയമായി കൊണ്ടാടി.

ഹൈക്കോടതി ജഡ്ജിയായ ജസ്റ്റീസ് പി.ടി. രാമൻ നായർ 1958 മേയ് 12ന് അന്വേഷണക്കമ്മീഷനായി നിയമിക്കപ്പെട്ടു. സർക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറലും ടി.ഓ. ബാവയ്ക്കു വേണ്ടി കെ.വി. നായരും മദ്രാസ്സിലെ ഏജന്റിനുവേണ്ടി വി.കെ.കെ. മേനോനും കൗൺസെലുകളായി വന്നു.

1959 ഫെബ്രുവരി 13ന് കമ്മീഷൻ അന്വേഷണറിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ദീർഘമായ റിപ്പോർട്ടിന്റെ അനുമാനങ്ങൾ ഇവയായിരുന്നു: (1) അരിക്കച്ചവടക്കരാറിൽ ന്യായമായും സംശയത്തിനിട നൽകുന്ന പഴുതുകളുണ്ട്‌ (2) ഈ ഇടപാടിൽ ഒഴിവാക്കാമായിരുന്ന നഷ്ടം ഒരു ലക്ഷത്തിലേറെ രൂപ വരും (3) സംസ്ഥാനത്തെ ഭക്ഷ്യദൗർലഭ്യത്തെസംബന്ധിച്ചിടത്തോളം മദ്രാസ് കമ്പനിയുമായി നടത്തിയ ഇടപാട് ന്യായീകരിക്കത്തക്കതല്ല. ദർഘാസുകൾ വിളിക്കാതെ ഇടപാടു നടത്തിയതും ഭക്ഷ്യപ്രതിസന്ധിയുടെ നിർണ്ണായകഘട്ടം അതിനുമുമ്പേ കടന്നുപോയതും ഒഴിവാക്കാനാവുമായിരുന്ന നഷ്ടം വരുത്തിവെച്ചതും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.

മാർച്ച് 19ന് ആന്ധ്രാ അരിക്കേസ് അന്വേഷണറിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തു വെച്ചു. തുടർന്നുള്ള ദിവസങ്ങളിൽ പത്രങ്ങളും പ്രതിപക്ഷവും സർക്കാരിനെതിരെ പൂർവ്വാധികം ശക്തിയായി സംസാരിച്ചുതുടങ്ങി. ജനാധിപത്യത്തെ ബഹുമാനിക്കുവാനും രാജിവെച്ചൊഴിയുവാനും 'മലയാളി'എന്ന പത്രം സർക്കാരിനെ ആഹ്വാനം ചെയ്തു. മനോരമ, മാതൃഭൂമി, ദീപിക, 'പൊതുജനം', 'കേരളജനത' തുടങ്ങിയ പത്രങ്ങളും പതിവായി എഡിറ്റോറിയലുകളും പ്രധാനവാർത്തകളും കാർട്ടൂണുകളും ഈ വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കത്തക്കവിധത്തിലാക്കി.

ഈ ഗവണ്മെന്റിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും ഉടൻ രാജിവെച്ചുപോകണമെന്നും പി.എസ്.പി. നേതാവ് പട്ടം താണുപിള്ള പ്രസ്താവിച്ചു. ആസന്നമായ ഒരു ജനകീയപ്രക്ഷോഭത്തിന് ഒരുങ്ങിയിരിക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

എന്നാൽ സർക്കാർ ഈ ആവശ്യങ്ങളെ നേരിട്ടത് തികഞ്ഞ നിഷേധഭാവത്തോടും നിസ്സംഗതയോടും കൂടിയായിരുന്നു. കമ്മീഷൻ റിപ്പോർട്ടിനെ അവർ നിരാകരിക്കുകയും നിസ്സാരവൽക്കരിക്കുകയും ചെയ്തു. പലപ്പോഴും കമ്മീഷനെത്തന്നെ അവർ പരിഹസിച്ചു. നിയമജ്ഞനായ മന്ത്രി വി. ആർ. കൃഷ്ണയ്യർ കമ്മീഷൻ റിപ്പോർട്ടിനെ നിഷേധിച്ചുകൊണ്ട് മന്ത്രിസഭയെ നിയമവ്യാഖ്യാനങ്ങളിലൂടെ ന്യായീകരിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു.

ഇതോടെ കോൺഗ്രസ്സും മുസ്ലീം ലീഗും പി.എസ്.പി.യും സംയുക്തമായി ഒരു യോഗം ചേർന്നു. ഏപ്രിൽ 15 അഴിമതിവിരുദ്ധദിനമായി ആചരിക്കാൻ യോഗം ആഹ്വാനം ചെയ്തു. 1959 ഏപ്രിൽ 6-ആം തീയതി നിയമസഭ ചേർന്നപ്പോൾ പ്രതിപക്ഷകക്ഷികൾ ഒന്നടങ്കം ഇറങ്ങിപ്പോക്കു നടത്തി.

പ്രധാന കാരണങ്ങൾ

[തിരുത്തുക]

വിദ്യാഭ്യാസ ബിൽ

[തിരുത്തുക]

പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും, കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ വ്യാപനത്തിൽ വിദേശികളായ ക്രൈസ്തവമിഷനറിമാർ വലിയ പങ്കുവഹിച്ചു. മിഷനറിമാരല്ലാത്ത ക്രൈസ്തവരുടെ ഉടമസ്ഥതയിലും ഒട്ടേറെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ കാലക്രമേണ രൂപപ്പെട്ടു. കാലം ചെന്നപ്പോൾ ഇവയുടെ എണ്ണം കൂടിയത് ക്രൈസ്തവേതര സമുദായങ്ങളെ അസ്വസ്ഥരാക്കിയതിനാൽ അവരും സ്വന്തം വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിക്കാൻ തുടങ്ങി. ഇങ്ങനെയുള്ള വിദ്യാലയങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു സഹായവും ലഭിച്ചിരുന്നില്ല. ശമ്പളവും മറ്റു ചെലവുകളും വഹിച്ചിരുന്നത് ഉടമസ്ഥരായിരുന്നു. എന്നാൽ ഇവിടങ്ങളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരുടെ ജീവിത നിലവാരം അത്രക്ക് മെച്ചമല്ലായിരുന്നു. ശമ്പളം തീരെ കുറവും, അതു തന്നെ കൃത്യമായി ലഭിക്കുകയുമില്ലായിരുന്നു. വിദ്യാലയമേലധികാരികളും, ഉടമസ്ഥരും അദ്ധ്യാപകരോട് തങ്ങളുടെ അടിമകളോടെന്ന പോലെ പെരുമാറാൻ തുടങ്ങി.[20]

കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ വിപ്ലവകരമായ ഒരു നടപടിയായിരുന്നു ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബിൽ. അദ്ധ്യാപകരുടെ നിയമനത്തിൽ പൊതുവായ മാനദണ്ഡങ്ങൾ കൊണ്ടുവരിക, ശമ്പളം ഖജനാവു വഴി വിതരണം ചെയ്യുക എന്നീ മാറ്റങ്ങൾ വിദ്യാഭ്യാസ ബിൽ നിർദ്ദേശിച്ചു.[21][22] കൂടാതെ, സർക്കാർ വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ വേതനത്തിന്റെ തോതിൽ സ്വകാര്യ വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്കും വേതനം നൽകാനുള്ള നിർദ്ദേശവും ബില്ലിന്റെ ഭാഗമായി.[23][24] ബിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയും നടത്തിപ്പുമായി ബന്ധപ്പെട്ടതാകയാൽ ഇത് കൈവശം വച്ചിരുന്നവർ ബില്ലിനെതിരേ തിരിഞ്ഞു. നിയമം ലംഘിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് സർക്കാർ ഏറ്റെടുക്കുവാൻ വിദ്യാഭ്യാസ ബിൽ നിർദ്ദേശിച്ചു. അങ്ങനെയുള്ള സാഹചര്യങ്ങളിലല്ലാതെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറ്റെടുക്കുവാനുള്ള നിബന്ധനകൾ ഈ ബില്ലിൽ ഇല്ലായിരുന്നു. ഭൂരിപക്ഷം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്രൈസ്തവ മാനേജ്മെന്റിന്റെയും മറ്റും കീഴിലായിരുന്നു. അവർ ബില്ലിനോടുള്ള എതിർപ്പിനെ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നടത്താനുമുള്ള മൗലികാവകാശം ന്യൂനപക്ഷസമുദായങ്ങൾക്കു നൽകുന്ന ഇന്ത്യൻ ഭരണഘടനാവ്യവസ്ഥ ചൂണ്ടിക്കാട്ടി ന്യായീകരിച്ചു. കേരളത്തിന്റെ സാക്ഷരതാപുരോഗതിയിൽ കാര്യമായ പങ്കു വഹിച്ച ക്രൈസ്തവനേതൃത്വത്തിലുള്ള വിദ്യാലയങ്ങളെ പുതിയ ബില്ലിലൂടെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അന്നത്തെ ഒരു പത്രം റിപ്പോർട്ട് ചെയ്തിരുന്നു.[25] ബിൽ നിയമമായാൽ വിദ്യാലയങ്ങളിൽ കമ്മ്യൂണിസം പഠിപ്പിക്കേണ്ടിവരുമെന്നും അതുകൊണ്ട് ഇത് ഏതു രീതിയിലായാലും എതിർക്കപ്പെടേണ്ടതാണെന്നും ഇവർ തങ്ങളുടെ അനുയായികളോട് പറഞ്ഞിരുന്നുവെന്ന് ബിൽ അവതരിപ്പിച്ച മന്ത്രിസഭയെ നയിച്ചിരുന്ന ഇ.എം.എസ്സ് രേഖപ്പെടുത്തിയിട്ടുണ്ട്.[26] നിയമസഭക്കകത്തും പുറത്തും നടന്ന കടുത്ത സംഘർഷത്തിനിടയിലും വിദ്യാഭ്യാസബിൽ നിയമസഭ പാസ്സാക്കി. പക്ഷേ പ്രസിഡന്റിന്റെ അംഗീകാരം ലഭിക്കുന്നതിനുമുമ്പ്, ഉയർന്നുവന്ന രാഷ്ട്രീയസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ബിൽ സുപ്രീംകോടതിയുടെ പരിഗണനക്കായി സമർപ്പിക്കപ്പെട്ടു.

കാർഷിക ബന്ധ ബിൽ

[തിരുത്തുക]

കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തി ഒരാഴ്ചക്കുള്ളിൽതന്നെ എല്ലാ ഒഴിപ്പിക്കലുകളും തടഞ്ഞുകൊണ്ടുള്ള ഒരു ഓർഡിനൻസ് കൊണ്ടു വന്നു. പാട്ടം നൽകാതിരുന്നാൽപോലും ജന്മിക്ക് കുടിയാനെ ഒഴിപ്പിക്കാൻ ഈ ഓർഡിനൻസ് വെച്ചു നിയമം അനുവദിക്കുമായിരുന്നില്ല.[27] ചെറുകിട കർഷകർ ഈ നിയമത്തെ സ്വാഗതം ചെയ്തപ്പോൾ ന്യൂനപക്ഷം വരുന്ന ജന്മികൾ ഇതിനെ എന്തു വിലകൊടുത്തും എതിർക്കേണ്ടത് തങ്ങളുടെ നിലനിൽപ്പിന്റെ ഭാഗമായിത്തന്നെ കരുതി.[28] കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ കുടിയായ്മായാണ് നിലവിലുണ്ടായിരുന്നത്. മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിവിടങ്ങളിലെ കുടിയായ്മ സമ്പ്രദായം ഓരോ തരത്തിലായിരുന്നു. കാർഷികബന്ധബിൽ പാസ്സാക്കുന്നതിനും, അത് നിയമസഭയിലവതരിപ്പിക്കുന്നതിനും മുമ്പായി പലതരത്തിലുള്ള ആളുകളും,സംഘടനകളുമൊക്കെയായി സർക്കാരിന് കൂടിക്കാഴ്ചകളും ചർച്ചകളും നടത്തേണ്ടി വന്നു.[29] കെ.ആർ. ഗൗരിയമ്മ, അച്യുതമേനോൻ, വി.ആർ. കൃഷ്ണയ്യർ എന്നീ മന്ത്രിസഭാംഗങ്ങളാണ് ഈ ബില്ലുമായി കൂടുതൽ ഇടപെട്ടിരുന്നത്. ബിൽ അവതരിപ്പിച്ച് നിയമസഭയുടെ അംഗീകാരം നേടുന്നതിന് ഒരു നീണ്ട കാലയളവെടുത്തു.[30][31] ആയിരത്തോളം വരുന്ന നിർദ്ദേശങ്ങൾ ദീർഘ ചർച്ചക്കു വിധേയമായി.

അക്കാലഘട്ടത്തിൽ നായർ സമുദായത്തിലുള്ളവരായിരുന്നു പ്രധാന ജന്മികളെല്ലാം. ബിൽ അവരുടെ താൽപര്യങ്ങളെ ഹനിക്കുമെന്നുള്ള ഭയമാണ് ബില്ലിനെതിരേ നീങ്ങാൻ ഈ സമുദായത്തെ പ്രേരിപ്പിച്ചത്. ജന്മിമാരുടെ പ്രതിനിധികളും, നമ്പൂതിരിമാർ തുടങ്ങിയവരുടെ സംഘടനകളും, ബില്ലവതരിപ്പിച്ചവർക്കെതിരേ ശക്തമായ പ്രതിഷേധമുയർത്തി.[32] ഇത്തരം പ്രതിഷേധങ്ങളേയും, എതിർപ്പുകളേയും അതിജീവിച്ച ബിൽ നിയമസഭയുടെ അംഗീകാരം നേടി.

രാഷ്ട്രീയ സംഘർഷങ്ങൾ

[തിരുത്തുക]

ഒന്നാം നിയമസഭയുടെ കാലത്തു രാഷ്ട്രീയ സംഘർഷങ്ങൾ പതിവായി. പാർട്ടിയെ എതിർത്ത പലരും കൊല്ലപ്പെട്ടു. അണികളെ നിയന്ത്രിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. ആദ്യ കൊലപാതകങ്ങൾ അലപ്പുഴയിലാണ് അരങ്ങേറിയത്. തൃശൂർ വരന്തരപ്പിള്ളിയിൽ 1958 ജൂലൈ 26ന് കോൺഗ്രസ് കമ്യൂണിസ്റ്റ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ 6 കോൺഗ്രസ് പ്രവർത്തകർ കുത്തേറ്റു മരിച്ചത് വലിയ വിവാദമായിരുന്നു.[അവലംബം ആവശ്യമാണ്]

സുപ്രീം കോടതിയിലെ കേസ്

[തിരുത്തുക]

ഇന്ത്യൻ ഭരണഘടനയുടെ 26[൨], 30[൩] വകുപ്പുകളുടെ നഗ്നമായ ലംഘനമാണ് വിദ്യാഭ്യാസ ബിൽ എന്ന് സാമൂദായികസംഘടനകളും, കോൺഗ്രസ്സും സുപ്രീംകോടതിയിൽ വാദിച്ചു. ഭരണഘടനയുടെ 26 ആം വകുപ്പനുസരിച്ച് ഇത്തരം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ ഇടപെടാനോ, ഏറ്റെടുക്കാനോ സർക്കാരിന് അധികാരമില്ലെന്ന വാദിക്കുകയും, അതുകൊണ്ടു തന്നെ ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസബിൽ ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതിയിൽ വാദികൾ സമർത്ഥിച്ചു. ഇന്ത്യൻ ഭരണഘടനയിലെ 30 ആം വകുപ്പിലെ 1 ആം ഉപവകുപ്പ് പ്രകാരം എല്ലാ ന്യൂനപക്ഷങ്ങൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏറ്റെടുക്കാനും ഭരിക്കാനും അവകാശമുണ്ടായിരിക്കും. ഇതുപ്രകാരം, ഒരു വിദ്യാഭ്യാസ്ഥാപനം ന്യൂനപക്ഷത്തിന്റ കൈയ്യിലാണെന്നുള്ള കാരണം കാണിച്ച് അവയോട് സർക്കാർ പക്ഷപാതപരമായി പെരുമാറുന്നത് തെറ്റായ നടപടിയാണെന്ന് വാദികളുടെ അഭിഭാഷകർ ചൂണ്ടിക്കാണിച്ചു.[33]

പ്രശസ്തനായ ബ്രിട്ടീഷ് നിയമപണ്ഡിതനായിരുന്ന ഡി.എൻ.പ്രിറ്റ് ആയിരുന്നു സർക്കാരിന്റെ അഭിഭാഷകൻ. വാദികളുടെ അഭിഭാഷകർ ചൂണ്ടിക്കാണിച്ച വകുപ്പുകൾക്കെതിരായിരുന്നില്ല പ്രിറ്റിന്റെ എതിർവാദം, മറിച്ച് ന്യൂനപക്ഷങ്ങളുടേതടക്കമുള്ള വിദ്യാലയങ്ങളിലെ അധ്യാപകർക്ക് ശമ്പളംകൊടുക്കാനും, അവരുടെ നിയമനം സർക്കാരിന്റെ കൈയ്യിലൂടെ നടത്താനും സർക്കാരിന് അധികാരമുണ്ടെന്നു സ്ഥാപിക്കാനായിരുന്നു. അദ്ധ്യാപകരെ അവരുടെ അടിമത്തത്തിൽ നിന്നും മോചിപ്പിക്കാൻ ഈ ബിൽ വഴിയൊരുക്കി എന്നു കരുതപ്പെടുന്നു.[33] സംസ്ഥാനത്തെ ജനസംഖ്യയുടെ 25ശതമാനം വരുന്ന ക്രൈസ്തവസമുദായം ന്യൂനപക്ഷമല്ലെന്നും, അതുകൊണ്ട് തന്നെ അവർ ന്യൂനപക്ഷങ്ങൾക്കുവേണ്ടിയുള്ള അവകാശങ്ങൾക്ക് അർഹരല്ലെന്നുമുള്ള മറ്റൊരു വാദവും, പ്രിറ്റ് ഉയർത്തിയിരുന്നുവെങ്കിലും സുപ്രീംകോടതി ഇത് തള്ളിക്കളയുകയായിരുന്നു.[34]

മന്നത്ത് പത്മനാഭൻ വിമോചനസമരം ഉദ്ഘാടനം ചെയ്യുന്നു.

തെക്കുതെക്കൊരു ദേശത്ത്
അലമാലകളുടെ തീരത്ത്
ഭർത്താവില്ലാ നേരത്ത്
ഫ്ലോറിയെന്നൊരു ഗർഭിണിയെ
വെടിവെച്ചുകൊന്ന സർക്കാരേ
പകരം ഞങ്ങൾ ചോദിക്കും"

- വിമോചനസമരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു മുദ്രാവാക്യം

1959 മെയ് 1 ന് വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ട് പ്രതിഷേധം പ്രകടിപ്പിക്കാനുള്ള ഒരു പ്രമേയം ചങ്ങനാശ്ശേരിയിൽ വച്ച് സമുദായിക നേതാക്കൾ പാസ്സാക്കി. ജോസഫ് മുണ്ടശ്ശേരിയുടേയും, ചങ്ങനാശ്ശേരി ആർച്ചബിഷപ്പിന്റേയും ഒരു പൊതു സുഹൃത്തിന്റെ മദ്ധ്യസ്ഥതയിൽ പ്രശ്നപരിഹാരത്തിനു ശ്രമിച്ചുവെങ്കിലും ഫലവത്തായില്ല. മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിൽ ഒരു വിമോചനസമരസമിതി തന്നെ രൂപവത്കരിക്കപ്പെട്ടു. ഈ വരുന്ന വിമോചനസമരം, ഇന്ത്യയെ മാത്രമല്ല ഏഷ്യയെതന്നെ കമ്മ്യൂണിസത്തിൽ നിന്നും മോചിപ്പിക്കും എന്ന് ദീപിക പത്രം പ്രഖ്യാപിച്ചു.[35] സാമൂഹിക-മത സംഘടനകൾക്കു പുറമേ എല്ലാ പ്രധാന പ്രതിപക്ഷ സംഘടനകളും വിമോചന സമരത്തിൽ പങ്കെടുത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, ആർ.എസ്.പി, മുസ്ലീം ലീഗ്, കെ.എസ്.പി എന്നിവർ ഇ.എം.എസ്. മന്ത്രിസഭയെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് സമരത്തിൽ പങ്കുചേർന്നു. സംസ്ഥാനത്ത് സർക്കാരിനെതിരായി വമ്പിച്ച റാലികൾ സംഘടിപ്പിക്കപ്പെട്ടു. സാമൂദായിക ധ്രുവീകരണമായിരുന്നു ഈ സമരത്തിന്റെ പ്രത്യേകത എന്നതുകൊണ്ടു തന്നെ കോൺഗ്രസ്സ് പൂർണ്ണമായി സമരത്തിൽ പങ്കുകൊള്ളാൻ തയ്യാറായില്ല. മാത്രവുമല്ല, സമരത്തിൽ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് കേന്ദ്രത്തോട് അഭിപ്രായം ആരായുകയും ചെയ്തു. വിമോചനസമരത്തിൽ കോൺഗ്രസ്സ് സ്വീകരിക്കേണ്ട നയത്തെക്കുറിച്ച് ചർച്ചചെയ്യാൻ കേന്ദ്രത്തിൽ നിന്നും എത്തിയത് ഇന്ദിരാ ഗാന്ധിയായിരുന്നു. [36] ഇ.എം.എസ്സ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയുടെ നേതൃത്വത്തിൽ കേരളസംസ്ഥാനത്തിലെ ക്രമസമാധാനനില തികച്ചും തൃപ്തികരമാണെന്നായിരുന്നു താൻ പ്രധാനമന്ത്രിക്കു റിപ്പോർട്ട് നൽകിയതെന്നായിരുന്നു ഇന്ദിരാഗാന്ധി പിന്നീട് പുറംലോകത്തോട് പറഞ്ഞത്. പക്ഷേ തന്റെ പിതാവു കൂടിയായ, പ്രധാനമന്ത്രി നെഹ്രുവിന്റെ സംസാരത്തിൽ നിന്നും കേരളത്തിലെ സ്ഥിതിയിൽ അദ്ദേഹം അത്ര തൃപ്തനല്ലെന്നും തനിക്കു മനസ്സിലായി എന്നും അവർ കൂട്ടിച്ചേർക്കുന്നു.

ജൂൺ 13-ന് അങ്കമാലിയിൽ വെടിയേറ്റുമരിച്ചവരുടെ മൃതദേഹങ്ങൾ.

സർക്കാർ സമരത്തെ സായുധമായി നേരിടാൻ തീരുമാനിച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളായി, ക്രമസമാധാന നില തകരാറിലാക്കി. അങ്കമാലി, പുല്ലുവിള, വെട്ടുകാട്, ചെറിയതുറ എന്നിവിടങ്ങളിൽ സമരക്കാർക്കെതിരായി പോലീസ് വെടിവെയ്പ്പ് നടന്നു.[37] ഇതിൽ 15 പേർ കൊല്ലപ്പെട്ടു. മത്തായി മാഞ്ഞൂരാൻ, ആർ. ശങ്കർ, ഫാ. ജോസഫ് വടക്കൻ, സി.എച്ച്. മുഹമ്മദ് കോയ, ബാഫക്കി തങ്ങൾ,ബി. വെല്ലിംഗ്ടൺ തുടങ്ങിയവരുടെ സജീവ സാന്നിദ്ധ്യം സമരത്തെ സഹായിച്ചു. ഈ സമരത്തിനിടയിലുണ്ടായ വെടിവെപ്പിൽ ഗർഭിണിയായിരുന്ന ഫ്ലോറിയെന്ന മുക്കുവ യുവതിയും കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് 42,745 സ്ത്രീകൾ അടക്കം 1,77,850 പേരാണ് അറസ്റ്റുചെയ്യപ്പെട്ടത്. അന്ന് കേരളത്തിലുണ്ടായിരുന്ന 895 പഞ്ചായത്തുകളിൽ 700 ഉം, 29 നഗരസഭകളിൽ 26 ഉം, 30ഓളം വരുന്ന ബാർ അസ്സോസിയേഷനുകളും കേരള സർക്കാരിനെ പുറത്താക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടു.[38][39]

രക്തസാക്ഷികൾ

[തിരുത്തുക]

അങ്കമാലി വെടിവയ്പ്പ്- 1959 ജൂൺ 13

[തിരുത്തുക]

1. ദേവസി 2.പാപ്പച്ചൻ 3. ചെമ്പിശ്ശേരി വറീത് 4. മുക്കടപ്പത്താൻ വറീത് 5. പൗലോ 6. കുര്യൻപറമ്പൻ വറീത് 7. കുഞ്ഞവിര പൗലോസ്

പുല്ലുവിള വെടിവയ്പ്പ്-ജൂൺ 14

[തിരുത്തുക]

1. മിഖായേൽ യാക്കോബ് 2. യാഗപ്പൻ

വെട്ടുകാട് വെടിവയ്പ്പ്-ജൂൺ 14

[തിരുത്തുക]

1. ജോൺ ഫെർണാണ്ടസ് 2. ജോൺ നേരേര 3. മരിയൻ

ചെറിയതുറ വെടിവെപ്പ്

[തിരുത്തുക]

1. ഫ്ലോറി 2. ലാസർ 3. ആന്റണി സിൽവ

മീൻപുഴയ്ക്കൽ കുര്യൻ

[തിരുത്തുക]

തൃശ്ശൂരിൽ കമ്യൂണിസ്റ്റുകാർ കുത്തിക്കൊലപ്പെടുത്തിയ വിദ്യാർഥി വളന്റിയർ

കെ. പി. ജോസഫ്

[തിരുത്തുക]

ലോക്കപ്പ് മർദ്ദനത്തിൽ കൊല്ലപ്പെട്ടു

ജോസഫ് ചരളയിൽ

[തിരുത്തുക]

പാലാ പൂവരണിയിൽ വച്ചു കമ്യൂണിസ്റ്റുകാർ കൊലപ്പെടുത്തിയ ശാന്തിസേനാ വളന്റിയർ

സമരത്തിന്റെ ഫലം

[തിരുത്തുക]

1957 ൽ കേരളത്തിൽ ഒരു സ്വകാര്യ സന്ദർശനത്തിനെത്തിയ വി.കെ. കൃഷ്ണമേനോൻ, കേരളത്തിലെ രാഷ്ട്രീയസ്ഥിതി തീരെ മോശമാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. കമ്മ്യൂണിസം ഇവിടെ ആവശ്യമില്ല എന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവും 1958 ൽ പറയുകയുണ്ടായി.[40] എങ്കിലും ജനാധിപത്യവാദിയെന്ന തന്റെ പ്രതിഛായയെ വിലമതിച്ചിരുന്ന നെഹ്രു, പക്ഷപാതപരമെന്നു തോന്നിക്കുന്ന നടപടികളെടുക്കാൻ മടിച്ചു. എന്നാൽ കേരളസന്ദർശനം കഴിഞ്ഞു മടങ്ങിയ ഇന്ദിരാഗാന്ധി, കമ്മ്യൂണിസ്റ്റുകൾ ചെയ്യുന്നതെല്ലാം തെറ്റാണെന്നു പ്രസ്താവിച്ചു. അക്കാലത്ത് സംഘടനയുടെ അദ്ധ്യക്ഷപദവിയിലെത്തിയിരുന്ന ഇന്ദിരയുടെ നേതൃത്ത്വത്തിൽ കോൺഗ്രസ് പാർട്ടി, ഇ.എം.എസ്സ്. സർക്കാരിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടു. രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെ മുന്നിൽ ഈ ആവശ്യം ഉന്നയിക്കാൻ പോയ കോൺഗ്രസ്സ് നേതാക്കളുടെ സംഘത്തെ നയിച്ചത് ഇന്ദിരയായിരുന്നു. മന്ത്രിസഭയെ നീക്കം ചെയ്യാനുള്ള തീരുമാനത്തിൽ നെഹ്രുവിനെ മുഖ്യമായി സ്വാധീനിച്ചത് ഇന്ദിരാഗാന്ധി ആയിരുന്നെന്ന് ഇ.എം.എസ്സും. കോൺഗ്രസ്സുകാർ തന്നെയും വിശ്വസിച്ചിരുന്നതായി നെഹ്രുവിന്റെ ജീവചരിത്രമെഴുതിയ എം.ജെ. അക്ബർ നിരീക്ഷിച്ചിട്ടുണ്ട്.[41]കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടില്ലെങ്കിൽ താൻ രാഷ്ട്രപതിഭവനു മുന്നിൽ നിരാഹാരമിരിക്കുമെന്ന് ഇന്ദിരാ ഗാന്ധി നെഹ്രുവിനെ ഭീഷണിപ്പെടുത്തിയതായി വി.കെ.കൃഷ്ണമേനോൻ ഇ.എം.എസ്സിനയച്ച രഹസ്യകുറിപ്പിൽ രേഖപ്പെടുത്തിയിരുന്നതായി ബെർലിൻ കുഞ്ഞനനന്തൻ നായർ തന്റെ അത്മകഥയിൽ പരാമർശിച്ചിരിക്കുന്നു.[42] എന്നാൽ അതങ്ങിനെയല്ലായിരുന്നെന്ന് ശ്രീമതി ഇന്ദിരാഗാന്ധി താൻ എഴുതിയ പുസ്തകമായ ദ ട്രൂത്തിൽ പരാമർശിക്കുന്നു. കേരളത്തിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്നാണത്രേ അവർ പ്രധാനമന്ത്രി നെഹ്രുവിന് റിപ്പോർട്ട് നൽകിയത്.

വിമോചന സമരത്തിന്റെ പ്രത്യക്ഷ പ്രത്യാഘാതം ഇ.എം.എസ്. മന്ത്രിസഭയെ 1959 ജൂലൈ 31-നു പിരിച്ചുവിട്ടതായിരുന്നു. സംസ്ഥാനത്ത് ഭരണഘടനാനുസൃതമായ ഭരണം അസാദ്ധ്യമാണെന്ന ഗവർണ്ണർ കൃഷ്ണറാവുവിന്റെ റിപ്പോർട്ടിനെ തുടർന്ന്, ഭരണഘടനയുടെ 356-ആം വകുപ്പ് [൧] അനുസരിച്ച് കേരളത്തിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. വിമോചനസമരത്തിന്റെ ഒരു പ്രത്യേകത വമ്പിച്ച വിദ്യാർത്ഥി പങ്കാളിത്തം ആയിരുന്നു.

സമരത്തിൽ സ്ത്രീകൾ

[തിരുത്തുക]

സി.ഐ.എയുടെ പങ്ക്

[തിരുത്തുക]

ഈ സമരത്തിന് പിന്തുണയേകാനും സാമ്പത്തിക സഹായങ്ങൾ നൽകാനും യു.എസ് ചാരസംഘടനയായ സി.ഐ.എ ഇടപെട്ടിരുന്നുവെന്ന ആരോപണം ഇടതുപാർട്ടികൾ ഉയർത്തുന്നുണ്ട്. 1973 മുതൽ 1975 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയിലെ അമേരിക്കൻ നയതന്ത്രപ്രതിനിധിയായിരുന്ന പാട്രിക് മൊയ്നിഹാൻ ഇതു സംബന്ധിച്ച പരാമർശങ്ങൾ സമ്മതിച്ചിട്ടുണ്ട്. വിമോചനസമരത്തെ സഹായിക്കാനായി സി.ഐ.എ ധനസഹായങ്ങൾ നൽകിയിരുന്നു എന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു.[43] 1956 മുതൽ 1961 വരെ ഇന്ത്യയിലെ യു.എസ് അംബാസഡറായിരുന്ന എൽസ് വർത്ത് ബങ്കർ ഇക്കാര്യം പരാമർശിച്ചതായി അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ഹവാർഡ് ഷാഫർ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ പരമാർശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടതുപാർട്ടികൾ ആരോപണം ഉയർത്തിയത്.[44]

പിൽക്കാല അഭിപ്രായങ്ങൾ

[തിരുത്തുക]

വിമോചനസമരത്തിനു പിന്നിൽ നിഗൂഢതാൽപര്യങ്ങളുണ്ടായിരുന്നുവെന്ന് സമരത്തെ മുന്നിൽ നിന്നു നയിച്ച ഫാദർ.വടക്കൻ പിന്നീട് അഭിപ്രായപ്പെട്ടു.[45] വിമോചനസമരം സംഘടിപ്പിച്ചത് കരപ്രമാണിമാരും വിദ്യാഭ്യാസകച്ചവടക്കാരും ജാതി-മത ശക്തികളും ചെർന്നായിരുന്നെന്ന്, സമരത്തിൽ പങ്കാളിയായിരുന്നെങ്കിലും പിൽക്കാലത്ത് ഇടതുപക്ഷസഹയാത്രിയും ഒടുവിൽ മാർക്സിസ്റ്റ് പാർട്ടി അംഗവും ആയിത്തീർന്ന ലോനപ്പൻ നമ്പാടൻ ആരോപിച്ചിട്ടുണ്ട്.[3] തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ഒരു വിഭാഗത്തിന് ഇഷ്ടമല്ല എന്ന കാരണം കൊണ്ട് നടത്തിയ സമരമായിരുന്നു വിമോചന സമരമെന്നും ചിന്തകൾക്ക് പക്വത വരുന്നതിനു മുമ്പുള്ള കാലത്തിലായിരുന്നു വിമോചനസമരത്തിൽ പങ്കെടുത്തതെന്നും എന്നാൽ ആ നടപടി അധാർമ്മികമായിരുന്നുവെന്ന് ബോധ്യപ്പെട്ടുവെന്നും അന്നു സമരത്തിൽ പങ്കെടുത്തവരിലൊരാളും പിൽക്കാലത്ത് ന്യായാധിപനുമായ ജസ്റ്റീസ് കെ.ടി. തോമസും അഭിപ്രായപ്പെട്ടു.[2]

കുറിപ്പുകൾ

[തിരുത്തുക]
  • ^ ഒരു സംസ്ഥാനത്തിലെ ഭരണം ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്ന വിധത്തിലല്ല നടക്കുന്നതെന്ന സംസ്ഥാന ഗവർണറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ടി സംസ്ഥാനത്തെ ഭരണനിർവ്വഹണം രാഷ്ട്രപതിക്കോ അതല്ലെങ്കിൽ അദ്ദേഹം അധികാരം നൽകുന്ന സംസ്ഥാന സർക്കാർ അല്ലാത്തെ മറ്റേതൊരു സംവിധാനത്തിനോ ഏറ്റെടുക്കാൻ അധികാരം നൽകുന്നതാണ് ഭരണഘടനയിലെ 356 ആം വകുപ്പ് [46]
  • ^ ഇന്ത്യൻ ഭരണഘടനയിലെ 26 ആം വകുപ്പ്. മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും, നിയന്ത്രിക്കുന്നതിനുള്ള സ്വാതന്ത്ര്യം. ക്രമസമാധാനം, ധാർമ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമർശങ്ങൾ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് എല്ലാമതവിഭാഗങ്ങൾക്കും ഇനി പറയുന്ന അവകാശങ്ങളുണ്ടായിരിയ്ക്കും. (൧).മതപരമോ സാമൂഹ്യസേവനപരമോ ആയ സ്ഥാപനങ്ങൾ തുടങ്ങുവാനും പ്രവർത്തിപ്പിയ്ക്കാനുമുള്ള അവകാശം. (൨)മതപരമായ പ്രവർത്തനങ്ങളെ ഭരിയ്ക്കുന്നതിനുള്ള അവകാശം
  • ^ ഇന്ത്യൻ ഭരണഘടനയിലെ 30 ആം വകുപ്പ്. വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങുന്നതിനും, നടത്തുന്നതിനും ന്യൂനപക്ഷവിഭാഗങ്ങൾക്കുള്ള അവകാശം. (൧)മതന്യൂനപക്ഷങ്ങൾക്കും ഭാഷന്യൂനപക്ഷങ്ങൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിയ്ക്കുവാനും ഭരിയ്ക്കുവാനും ഉള്ള അവകാശം

അവലംബം

[തിരുത്തുക]
  • ഇ.എം.എസ്, നമ്പൂതിരിപ്പാട് (2008). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉദ്ഭവവും വളർച്ചയും. ചിന്ത പബ്ലിഷേഴ്സ്. ISBN 81-262-0189-4.
  • എ.കെ., ഗോപാലൻ (2009). എന്റെ ജീവിത കഥ. ചിന്ത പബ്ലിഷേഴ്സ്. ISBN 978-8126201426.
  • ഇ.എം.എസ്, നമ്പൂതിരിപ്പാട് (2010 (നാലാം പതിപ്പ്)). ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998. ഇന്ത്യ,കേരളം: ചിന്ത പബ്ലിഷേഴ്സ്. ISBN 81-262-0522-9. {{cite book}}: Check date values in: |year= (help); Cite has empty unknown parameters: |1= and |coauthors= (help)
  1. ചെറിയാൻ ഫിലിപ്പ്. കാൽ നൂറ്റാണ്ട്. നാഷണൽ ബുക്സ്റ്റാൾ. {{cite book}}: Cite has empty unknown parameter: |1= (help)
  2. 2.0 2.1 വിമോചന സമരം അധാർമികം; പങ്കെടുത്തതിൽ പശ്ചാത്താപമെന്ന് ജസ്റ്റിസ് കെ.ടി. തോമസ്[പ്രവർത്തിക്കാത്ത കണ്ണി], മലയാളമനോരമ, 23 മാർച്ച് 2013
  3. 3.0 3.1 "വിമോചനസമരം: ഒരു സ്വയം വിമർശനം", "സഞ്ചരിക്കുന്ന വിശ്വാസി" എന്ന പേരിൽ ലോനപ്പൻ നമ്പാടൻ എഴുതിയ ആത്മകഥയിലെ ലേഖനം (പുറങ്ങൾ 18-33)
  4. "സഭ വിമോചനസമര വാർഷികം ആഘോഷിക്കുന്നു". വൺഇന്ത്യ. 07-ജൂൺ-2009. ക്രൈസ്തവസഭ വിമോചനസമര വാർഷികം ആഘോഷിക്കുന്നു {{cite news}}: Check date values in: |date= (help)
  5. കേരളത്തിലെ പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭ - ജി.കെ. ലേയ്ടൺ 1982 കൽക്കത്ത
  6. 6.0 6.1 "1957 ഇലക്ഷൻ സമ്മതിദാനാവകാശം വിനിയോഗിച്ചവരുടെ ശതമാനകണക്ക്" (PDF). കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. Archived from the original (PDF) on 2012-01-11. Retrieved 28-ഏപ്രിൽ-2013. മൂന്നാമത്തെ താൾ നോക്കുക {{cite news}}: Check date values in: |accessdate= (help)
  7. വിപ്ലവസ്മരണകൾ - പുതുപ്പള്ളി രാഘവൻ 1996 കോട്ടയം പുറം: 123
  8. ചർച്ച് ആന്റ് പൊളിറ്റിക്സ് ഇൻ കേരള - സിറിയക് തോമസ് (പ്രബന്ധം - കേരള സർവ്വകലാശാല - പുറം.26)
  9. ഡി.ആർ., മങ്കേക്കർ. ദ റെഡ് റിഡ്ഡിൽ ഓഫ് കേരള. ഹാർവാർഡ് യാർഡ്. p. 14.
  10. ഇന്ത്യൻ ദിനപത്രങ്ങളുടെ സംസ്കാരം - റോബിൻ ജെഫ്രി (കൾച്ചർ ഓഫ് ഡെയിലി ന്യൂസ്പേപ്പേഴ്സ് ഇൻ ഇന്ത്യ- റോബിൻ ജെഫ്രി) - ഇക്കണോമിക് & പൊളിറ്റിക്കൽ വീക്കിലി, 4 ഏപ്രിൽ 1987 പുറം: 607
  11. ടി.എം., തോമസ് ഐസക്. വിമോചനസമരത്തിന്റെ കാണാപ്പുറങ്ങൾ. ചിന്ത പബ്ലിഷേഴ്സ്. p. 86.
  12. ടി.എം., തോമസ് ഐസക്. വിമോചനസമരത്തിന്റെ കാണാപ്പുറങ്ങൾ. ചിന്ത പബ്ലിഷേഴ്സ്. p. 86: 1. ജനങ്ങളിൽ അസ്വസ്ഥത പടരും 2. മൂന്നുവർഷംകൊണ്ട് പ്രധാന തസ്തികളിൽ സഖാക്കൾ നിറയും. 3. കമ്മ്യൂണിസം സ്വീകരിക്കാൻ ജനം നിർബന്ധിതരാകും 4. വോട്ടർപട്ടികയിൽ കൃത്രിമം നടത്തി അടുത്ത തെരഞ്ഞെടുപ്പ് അട്ടിമറിക്കും 5. ഇന്ത്യമുഴുവൻ കമ്മ്യൂണിസ്റ്റ് പ്രചരണത്തിന് പണം കേരളത്തിൽ നിന്നും കണ്ടെത്തും (മുഖപ്രസംഗം).
  13. ടി.എം., തോമസ് ഐസക്. വിമോചനസമരത്തിന്റെ കാണാപ്പുറങ്ങൾ. ചിന്ത പബ്ലിഷേഴ്സ്. p. 128-129.
  14. ടി.എം., തോമസ് ഐസക്. വിമോചനസമരത്തിന്റെ കാണാപ്പുറങ്ങൾ. ചിന്ത പബ്ലിഷേഴ്സ്. p. 157-158.
  15. മലയാള മനോരമ ഇയർബുക്ക് 1959 പുറം: 446-447
  16. മലയാള മനോരമ ഇയർബുക്ക് 1959 പുറം: 474, 610
  17. "ജസ്റ്റീസ്.പി.ടി.രാമൻ നായർ - എ ലീഗൽ ഫിനോമിനൻ". ദ ഹിന്ദു ദിനപത്രം. 2010-05-26. Archived from the original on 2014-08-20. Retrieved 2014-08-20.{{cite news}}: CS1 maint: bot: original URL status unknown (link)
  18. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998 ഇ.എം.എസ്. പുറം. 132.കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണത്തിലേക്ക്
  19. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998 ഇ.എം.എസ്. പുറം. 132.കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണത്തിലേക്ക്
  20. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ്സ് നമ്പൂതിരിപ്പാട് പുറം 236
  21. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ്സ് നമ്പൂതിരിപ്പാട് പുറം 236
  22. "കേരള എഡ്യുക്കേഷൻ ബിൽ". ദ ഹിന്ദു ദിനപത്രം. 17-ജൂലൈ-1957. അദ്ധ്യാപകരുടെ ശമ്പളം ഖജനാവ് വഴി വിതരണം ചെയ്യാനുള്ള നിയമം കൂടി ഈ ബില്ലിലുൾപ്പെടുത്തിയിട്ടുണ്ടായിരുന്നു {{cite news}}: Check date values in: |date= (help)
  23. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ്സ് നമ്പൂതിരിപ്പാട് പുറം 239
  24. "വിദ്യാഭ്യാസബിൽ". കേരളസർക്കാർ. Archived from the original on 2012-07-15. Retrieved 25-ഏപ്രിൽ-2013. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അവതരിപ്പിച്ച വിദ്യാഭ്യാസബിൽ {{cite news}}: Check date values in: |accessdate= (help)
  25. കെ.പി., തോമസ്(ഹോമ) (11-ജൂലൈ-1957). "ഇഷ്യൂസ് ഇൻ കേരള എഡ്യുക്കേഷൻ ബിൽ". ദ ഹിന്ദുസ്ഥാൻ സ്റ്റാൻഡാർഡ്. പുതിയ വിദ്യാഭ്യാസബിൽ ക്രൈസ്തവവിദ്യാഭ്യാസമേഖലയെ ഇല്ലാതാക്കും {{cite news}}: Check date values in: |date= (help)
  26. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ്സ് നമ്പൂതിരിപ്പാട് പുറം 239
  27. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ്സ് നമ്പൂതിരിപ്പാട് പുറം 209
  28. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ്സ് നമ്പൂതിരിപ്പാട് പുറം 210
  29. ടി.ജെ, നൊസ്സിതർ (1983-സെപ്തംബർ). കമ്മ്യൂണിസം ഇൻ കേരള- എ സ്റ്റഡി ഇൻ പൊളിറ്റിക്കൽ അഡാപ്ടേഷൻ. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ പ്രസ്സ്. p. 152. ISBN 978-0520046672. വിശദമായ പഠനങ്ങൾക്കും, ആശയസമത്വത്തിനും ശേഷമാണ് ബിൽ നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടത് {{cite book}}: Check date values in: |year= (help)
  30. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ്സ് നമ്പൂതിരിപ്പാട് പുറം 211
  31. "കാർഷികബന്ധബിൽ" (PDF). കേരളസർക്കാർ. Archived from the original (PDF) on 2014-05-05. Retrieved 25-ഏപ്രിൽ-2013. കുടിയാൻ എന്ന പദത്തിന്റെ നിർവ്വചനത്തിൽ വരുന്ന ആരും തന്നെ കുടിയൊഴിപ്പിക്കപ്പെടാൻ പാടില്ല എന്ന നിയമം കർഷകർക്ക് ആശ്വാസകരമായിരുന്നു {{cite news}}: Check date values in: |accessdate= (help)
  32. ടി.ജെ, നൊസ്സിതർ (1983-സെപ്തംബർ). കമ്മ്യൂണിസം ഇൻ കേരള- എ സ്റ്റഡി ഇൻ പൊളിറ്റിക്കൽ അഡാപ്ടേഷൻ. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ പ്രസ്സ്. p. 152. ISBN 978-0520046672. ജന്മികളും,നായന്മാരും,നമ്പൂതിരിമാരും അവരുടെ സംഘടനകളും ബില്ലിനെ ശക്തിയുക്‌തം എതിർത്തു {{cite book}}: Check date values in: |year= (help)
  33. 33.0 33.1 ബർലിൻ, കുഞ്ഞനന്തൻനായർ (2011). പൊളിച്ചെഴുത്ത്. മാതൃഭൂമി ബുക്സ്. ISBN 81-8264-189-6. Archived from the original on 2013-11-10. Retrieved 2013-04-28. ബർലിൻ കുഞ്ഞനന്തൻനായരുടെ ആത്മകഥ
  34. "കേരളബിൽ-സുപ്രീംകോടതി വിധി". കത്തോലിക്ക് ഹെറാൾഡ്. 30-മെയ്-1958. വിദ്യാഭ്യാസബില്ലിനെപ്പറ്റി സുപ്രീംകോടതിയിൽ നടന്ന വാദം (കത്തോലിക്ക് ഹെറാൾഡിന്റെ നിലവറയിൽ നിന്നും 28-ഏപ്രിൽ-2013 ൽ ശേഖരിച്ചത്) {{cite news}}: Check date values in: |date= (help)
  35. എന്റെ ജീവിതകഥ- എ.കെ.ജി പുറം 259-260
  36. ടി.ജെ, നൊസ്സിതർ (1983-സെപ്തംബർ). കമ്മ്യൂണിസം ഇൻ കേരള- എ സ്റ്റഡി ഇൻ പൊളിറ്റിക്കൽ അഡാപ്ടേഷൻ. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ പ്രസ്സ്. p. 157-158. ISBN 978-0520046672. വിമോചനസമരത്തിൽ കോൺഗ്രസ്സ് എടുത്ത നിലപാട് {{cite book}}: Check date values in: |year= (help)
  37. "അങ്കമാലി പോലീസ് വെടിവെയ്പ് - അമ്പതാം വാർഷികം". ദ ഹിന്ദു. 14-ജൂൺ-2009. Archived from the original on 2011-06-16. Retrieved 25-ഏപ്രിൽ-2013. {{cite news}}: Check date values in: |accessdate= and |date= (help)
  38. ഡി.ആർ., മങ്കേക്കർ. ദ റെഡ് റിഡ്ഡിൽ ഓഫ് കേരള. ഹാർവാർഡ് യാർഡ്. p. 105.
  39. "ജനാധിപത്യമായിരുന്നു വിമോചനസമരം - കെ.എം.മാണി". ദീപിക ദിനപത്രം.[പ്രവർത്തിക്കാത്ത കണ്ണി]
  40. "ജവഹർലാൽ നെഹ്രുവിന്റെ ജീവചരിത്രം". ന്യൂയോർക്ക് സർവ്വകലാശാല. Archived from the original on 2012-03-01. Retrieved 2013-04-25. കേരളത്തിലെ ഇടതുപക്ഷ സർക്കാരും, കേന്ദ്രവും
  41. Congressmen believed that Nehru would not have been persuaded but for Indira's influence"തന്റെ സർക്കാരിനെ താഴെയിറക്കിയതിൽ മുഖ്യപങ്കുവഹിച്ചത് പഇന്ദിരയാണെന്ന്, ഇ.എം.എസ്സ് വിശ്വസിച്ചിരുന്നു.......ഇന്ദിരാ ഗാന്ധിയുടെ പ്രേരണയില്ലാതെ നെഹ്രു ഇതിനു സമ്മതിക്കുമായിരുന്നില്ലെന്ന് കോൺഗ്രസ്സുകാർ കരുതി" - എം.ജെ.അക്ബർ, നെഹ്രു: ദ മേക്കിങ്ങ് ഓഫ് ഇന്ത്യ (പുറം 529)
  42. ബർലിൻ, കുഞ്ഞനന്തൻനായർ (2011). പൊളിച്ചെഴുത്ത്. മാതൃഭൂമി ബുക്സ്. ISBN 81-8264-189-6. Archived from the original on 2013-11-10. Retrieved 2013-04-28. ഇന്ദിരാഗാന്ധിയുടെ സമ്മർദ്ദത്തിനു മുന്നിൽ തീരെ ഇഷ്ടമില്ലാഞ്ഞിട്ടും നെഹ്രു വഴങ്ങുന്നു
  43. പാട്രിക്ക് ഡാനിയേൽ, മൊയ്നിഹാൻ (1955). എ ഡെയിഞ്ചറസ് പ്ലേസ്. ബെർക്ക്ലി. ISBN 978-0425044599.
  44. ടി.എം.തോമസ്, ഐസക് (2009). വിമോചനസമരത്തിന്റെ കാണാപ്പുറങ്ങൾ. ചിന്ത പബ്ലിഷേഴ്സ്.
  45. "വിമോചനസമരത്തിനു പിന്നിൽ നിഗൂഢതാൽപര്യങ്ങൾ ഉണ്ടായിരുന്നു - ഫാദർ.വടക്കൻ". കേരളത്തില പ്രഥമ സർക്കാരിനെക്കുറിച്ചുള്ള വെബ് വിലാസം. Archived from the original on 2012-04-19. Retrieved 28-ഏപ്രിൽ-2013. {{cite news}}: Check date values in: |accessdate= (help)
  46. "ഭരണഘടനയിലെ 356 ആം വകുപ്പ്". ഇന്ത്യൻ കാനൂൻ.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വിമോചനസമരം&oldid=3965369" എന്ന താളിൽനിന്ന് ശേഖരിച്ചത്