Jump to content

ആലീസ് (ആലീസിന്റെ അത്ഭുതലോകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alice (Alice's Adventures in Wonderland) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആലീസ്
ആലീസിന്റെ അത്ഭുതലോകം എന്ന നോവലിനായി ജോൺ ടെനിയേൽ വരച്ച ആലീസ്.
ആദ്യ രൂപംആലീസിന്റെ അത്ഭുതലോകം (1865)
അവസാന രൂപംകണ്ണാടിയ്ക്കുള്ളിൽ (1871)
രൂപികരിച്ചത്ലൂയിസ് കാരൾ
Information
ലിംഗഭേദംസ്ത്രീ
ആലീസ് വാൾട്ട് ഡിസ്നിയുടെ സിനിമയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ (1951)

ഇംഗ്ലീഷ് സാഹിത്യകാരനായിരുന്ന ലൂയിസ് കാരളിന്റെ വിഖ്യാതമായ ബാലസാഹിത്യ നോവൽ ആലീസിന്റെ അത്ഭുത ലോകം, അതിന്റെ തുടർച്ചയായ നോവൽ കണ്ണാടിയ്ക്കുള്ളിലൂടെ എന്നിവയിലെ പ്രധാന കഥാപാത്രവും സാങ്കൽപ്പിക സൃഷ്ടിയുമാണ് ആലീസ് എന്ന പെൺകുട്ടി. മദ്ധ്യകാല വിക്ടോറിയൻ യുഗത്തിലെ പെൺകുട്ടിയായ ആലീസ്, കളിച്ചുകൊണ്ടിരിക്കെ ഒരു വെള്ളമുയലിനെ പിന്തുടർന്ന് വിചിത്ര ലോകത്തിലെത്തിച്ചേരുന്നതായും അത്യന്തം വിസ്മയകരമായ അനുഭവങ്ങളിൽക്കൂടി കടന്നു പോകുന്നതായും സ്വപ്നം കാണുന്നതാണ് ആലീസിന്റെ അത്ഭുത ലോകത്തിന്റെ കഥ. ആദ്യ നോവലിലെ സംഭവങ്ങൾക്കും ആറുമാസങ്ങൾക്ക് ശേഷം ആലീസ് ഒരു കണ്ണാടിയിലേക്ക് പ്രവേശിക്കുന്നതും, അവിടെയുള്ള അത്ഭുതലോകത്തിലെ സംഭവങ്ങളുമാണ് രണ്ടാം നോവലിന്റെ പ്രതിപാദ്യം.[1]

ഓക്സ്ഫോർഡിലെ ഐസീസ് എന്നറിയപ്പെടുന്ന തേംസ് നദിയിലൂടെ തോണിയിൽ നടത്തിയ ഉല്ലാസയാത്രക്കിടെയാണ് കാരൾ (യഥാർത്ഥ നാമം ചാൾസ് ഡോഡ്സൺ) ആദ്യമായി ഈ കഥ പറയുന്നത്. യാത്രയിൽ ഒപ്പമുണ്ടായിരുന്ന 10 വയസ്സുകാരി ആലിസ് ലിഡൽ, ആലീസിന്റെ രണ്ട് സഹോദരിമാരായ ലൊറീന, എഡിത് എന്നിവരെ രസിപ്പിക്കാനായാണ് കാരൾ കഥ പറഞ്ഞത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറായ ഹെൻറി ലിഡലിന്റെ മക്കളായിരുന്നു ഈ കുട്ടികൾ. അന്ന് 24 കാരനായിരുന്ന കാരൾ ഓക്സ്ഫോർഡിലെ ഗണിതശാസ്ത്ര അദ്ധ്യാപകനും. കാരളിന്റെ സുഹൃത്ത് കാനോൻ റോബിൻസൺ ഡൿവർത്ത് ആയിരുന്നു ബോട്ട് തുഴഞ്ഞിരുന്നത്.[2] എന്നാൽ ആലീസ് ലിഡനിനെ അധികരിച്ചാണ് ആലീസ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് എന്ന കാര്യത്തിൽ പണ്ഡിതന്മാർ വിയോജിക്കുന്നുണ്ട്. സ്നേഹസമ്പന്നയും, സൗമ്യയും, മര്യാദക്കാരിയും, വിശ്വസ്തയും, അത്യധികം ജിജ്ഞാസയുള്ളവളുമായാണ് ആലീസിനെ ചിത്രീകരിച്ചിട്ടുള്ളത്. എന്നാൽ ആലീസിന്റെ വ്യക്തിത്വത്തെ പറ്റി ഋണാത്മകമായ ചില അഭിപ്രായങ്ങളും നിരൂപകർക്കിടയിലുണ്ട്. ആലീസിന്റെ അത്ഭുത ലോകത്തിന്റെ ആദ്യ കരട് രൂപമായ ഭൂഗർഭലോകത്തിൽ ആലിസിന്റെ സാഹസങ്ങൾ എന്ന പതിപ്പിൽ നിന്നും, കാർട്ടൂണിസ്റ്റായ ജോൺ ടെന്നിൽ ചിത്രീകരണം നടത്തിയ രണ്ട് ആലിസ് പുസ്തകങ്ങളിലേക്കും എത്തിയപ്പോൾ, ആലീസിന്റെ പ്രകൃതം സാരമായി വ്യത്യാസപ്പെട്ടിരുന്നു. [1]

ആലീസ് ഒരു സാംസ്കാരിക ചിഹ്നമായി തിരിച്ചറിയപ്പെട്ടു. പത്തൊൻപതാം നൂറ്റാണ്ടിലെ സാധാരണ ബാലകഥാപാത്രങ്ങളിൽ നിന്നുള്ള വഴിമാറലായി ആലീസ് വിശേഷിപ്പിക്കപ്പെട്ടു. രണ്ട് ആലിസ് പുസ്തകങ്ങളുടേയും വിജയം, ആലീസിന്റെ പ്രകൃതത്തിലുള്ള കഥാപാത്രത്തെ കേന്ദ്രീകരിച്ച് അനേകം തുടർ കഥകൾ, പാരഡികൾ, അനുകരണങ്ങൾ എന്നിവയുടെ രചനകൾക്ക് പ്രചോദനമായി. വിമർശനാത്മകമായ നിരവധി സമീപനങ്ങളിലൂടെ അവൾ വ്യാഖ്യാനിക്കപ്പെട്ടു. നിരവധിയാളുകളെ സ്വാധീനിച്ച വാൾട്ട് ഡിസ്നിയുടെ സിനിമയിലടക്കം (1951) അനേകം അനുകരണങ്ങളിലും ഭാവനകളിലും പ്രത്യക്ഷപ്പെട്ടു. ആലീസിന്റെ സ്വാധീനംമൂലം അവൾ തുടർച്ചയായി പുനർരൂപകൽപ്പന ചെയ്യപ്പെട്ടു.[1]

കഥാപാത്ര ചിത്രീകരണം

[തിരുത്തുക]
ആലീസും പന്നിയും - ആലീസിന്റെ അത്ഭുതലോകത്തിനായി ജോൺ ടെനിയേൽ വരച്ചത് (1865)

വിക്ടോറിയൻ കാലഘട്ടത്തിൽ ജീവിക്കുന്ന ഒരു സാങ്കൽപ്പിക കഥാപാത്രമായാണ് ആലീസെന്ന കുട്ടിയെ കാരൾ അവതരിപ്പിക്കുന്നത്.[3] മെയ് 4 ന് നടക്കുന്നതായി ചിത്രീകരിക്കുന്ന ആലിസിന്റെ അത്ഭുതലോകത്തിൽ ആലീസിന് ഏഴ് വയസ്സ് ആകുമെന്ന് കണക്കാക്കപ്പെടുന്നു (1865).[4][5] ആലീസിന്റെ രണ്ടാം ഭാഗത്തിൽ (നവംബർ 4 നാണ് ഇത് നടക്കുന്നത്) ഏഴരവയസ്സാണ് തനിക്കെന്ന് ആലീസ് വെളിപ്പെടുത്തുന്നുണ്ട്. രണ്ട് ആലീസ് പുസ്തകങ്ങളിലും രചയിതാവായ ലൂയിസ് കരോൾ തന്റെ കഥാപാത്രത്തിന്റെ ഭൗതിക വിവരണം നടത്തിയിട്ടില്ല.

ആലീസിന്റെ കാല്പനിക ജീവിതത്തിന്റെ വിശദാംശങ്ങൾ അവളെപറ്റിയുള്ള രണ്ട് പുസ്തകങ്ങളിൽ നിന്നും കണ്ടെത്താൻ കഴിയും.[6] വീട്ടിൽ അവൾക്ക് ഒരു മൂത്ത സഹോദരി, ദീനാ എന്നു പേരുള്ള ഒരു വളർത്തുപൂച്ച, വൃദ്ധയായ ഒരു ആയ, രാവിലെ ഒൻപതു മുതൽ തുടങ്ങുന്ന പഠനക്ലാസ്സിൽ പാഠങ്ങൾ പഠിപ്പിക്കാൻ വരുന്ന ഒരു അധ്യാപിക എന്നിവരും ഉണ്ട്.[7] അവളുടെ മുൻകാല ഓർമ്മയിൽ അവൾ സ്കൂളിൽ പോയിരുന്നതായി പറയുന്നുണ്ട്. ആലീസ് ഒരു സമ്പന്ന,[8] മദ്ധ്യവർഗ്ഗ,[3] ഇടത്തരം കുടുംബത്തിലെ അംഗമായി വ്യത്യസ്തഭാഗങ്ങളിൽ പരാമർശിക്കപ്പെടുന്നു.[9]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Alice (Alice's Adventures in Wonderland)". Wikipedia. Retrieved 16 മാർച്ച് 2018.
  2. "Lewis Carroll's Oxford". Discover Britain. discoverbritainmag.com. Retrieved 16 മാർച്ച് 2018.
  3. 3.0 3.1 Brennan, Geraldine. Eccleshare, Julia (ed.). 1001 Children's Books You Must Read Before You Grow Up. New York: Universe Publishing. p. 411. ISBN 9780789318763.
  4. Jones & Gladstone 1998, p. 7.
  5. Clark 1979, p. 118.
  6. Brooker 2004, p. 106.
  7. Hubbell, George Shelton (1940). "Triple Alice". The Sewanee Review. 48 (2): 174–196.
  8. Warren, Austin (Summer 1980). "Carroll and His Alice Books". The Sewanee Review. 88 (3). Johns Hopkins University Press: 345, 350. JSTOR 27543708. {{cite journal}}: Unknown parameter |subscription= ignored (|url-access= suggested) (help)
  9. Rackin 1991, p. 14.

പുറം കണ്ണികൾ

[തിരുത്തുക]