ഷെയ്‌ക്ക് മുഹമ്മദ് അബ്ദുല്ല
ഷെയ്‌ക്ക് മുഹമ്മദ് അബ്ദുല്ല | |
---|---|
Prime Minister of Jammu and Kashmir | |
ഓഫീസിൽ 5 March 1948 – 9 August 1953 | |
മുൻഗാമി | Mehr Chand Mahajan |
പിൻഗാമി | Bakshi Ghulam Mohammad |
Chief Minister of Jammu and Kashmir | |
ഓഫീസിൽ 25 February 1975 – 26 March 1977 | |
മുൻഗാമി | Syed Mir Qasim |
പിൻഗാമി | President's Rule |
ഓഫീസിൽ 9 July 1977 – 8 September 1982 | |
മുൻഗാമി | President's Rule |
പിൻഗാമി | Farooq Abdullah |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Soura, Kashmir, British India | 5 ഡിസംബർ 1905
മരണം | 8 സെപ്റ്റംബർ 1982 Srinagar, Kashmir, India | (പ്രായം 76)
രാഷ്ട്രീയ കക്ഷി | Jammu & Kashmir National Conference |
പങ്കാളി | Begum Akbar Jahan Abdullah |
കുട്ടികൾ | Farooq Abdullah |
അൽമ മേറ്റർ | Islamia College Lahore, Aligarh Muslim University |
ഇന്ത്യൻ ദേശീയ നേതാവും മുൻ ജമ്മു-കാശ്മീർ പ്രധാനമന്ത്രിയുമായിരുന്നു ഷെയ്‌ക്ക് മുഹമ്മദ് അബ്ദുല്ല (കാഷ്മീരി: शेख़ मुहम्मद अब्दुल्ला (ദേവനാഗരി), شيخ محمد عبدالله . 1905). ഡിസംബർ 5-ന് ശ്രീനഗറിനടുത്തുള്ള സൌറായിൽ ജനിച്ചു. ലാഹോർ സർവകലാശാലയിൽനിന്ന് ബിരുദം എടുത്തശേഷം അലിഗഢിൽനിന്ന് എം.എസ്സ്.സി. പരീക്ഷയിൽ വിജയം നേടി. അക്കാലത്തെ മുസ്ലീങ്ങളുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥയിൽ അസ്വസ്ഥനായി സാമൂഹികപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കുറച്ചു കാലം ശ്രീനഗറിലെ ഗവൺമെന്റ് ഹൈസ്കൂളിൽ അധ്യാപകനായി ജോലി നോക്കി. താമസിയാതെ ജോലി ഉപേക്ഷിച്ച് പൊതുപ്രവർത്തനങ്ങളിൽ പങ്കുകൊണ്ടു.
ഉത്തരവാദഭരണ പ്രക്ഷോഭത്തിൽ
[തിരുത്തുക]ഇക്കാലത്ത് ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ശക്തിപ്പെട്ടുവന്ന ഉത്തരവാദഭരണ പ്രക്ഷോഭത്തിന് ഇദ്ദേഹം കാശ്മീരിൽ നേതൃത്വം നൽകി. 1932-ൽ ആൾ ജമ്മു ആൻഡ് കാശ്മീർ മുസ്ലിം കോൺഫറൻസിനു രൂപം നൽകി. 1938-ൽ മുസ്ലിം കോൺഫറൻസിനെ നാഷനൽ കോൺഫറൻസ് എന്ന പേരോടുകൂടി ഒരു ദേശീയ സംഘടനയാക്കി മാറ്റി. ഷെയ്ഖ് ഈ സംഘടനയുടെ അധ്യക്ഷനായിരുന്നു. പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതു മുതൽ പലതവണ ഇദ്ദേഹം ജയിൽവാസം അനുഭവിച്ചു. 1940-ൽ ജവഹർലാൽ നെഹ്രുവും അബ്ദുൽ ഗഫാർ ഖാനും കാശ്മീർ സന്ദർശിച്ചപ്പോൾ അവരുമായി നടത്തിയ കൂടിക്കാഴ്ച ഷെയ്ഖിന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന സംഭവമായിരുന്നു. തുടർന്നു അബ്ദുല്ലയും നാഷനൽ കോൺഫറൻസും കോൺഗ്രസ്സുമായി കൂടുതൽ അടുക്കുകയും 1942-ലെ ക്വിറ്റിന്ത്യാസമരത്തിൽ കാശ്മീരികൾ സഹകരിക്കുകയും ചെയ്തു. 1944-ൽ കാശ്മീർ സന്ദർശിച്ച മുഹമ്മദലി ജിന്ന, ഷെയ്ഖിനെ ലീഗുമായി അടുപ്പിക്കാൻ നടത്തിയ ശ്രമം വിജയിച്ചില്ല. 1946-ൽ ഷെയ്ഖ് കാശ്മീർ രാജാവിനെതിരെ കാശ്മീർ വിടുക എന്ന പ്രസ്ഥാനം ആരംഭിച്ചു. തുടർന്ന് അറസ്റ്റു ചെയ്യപ്പെട്ടു. ഇന്ത്യൻ ദേശീയ നേതാക്കൾ ഷെയ്ഖിന്റെ പ്രസ്ഥാനത്തോട് അനുഭാവം കാണിച്ചിരുന്നു.
സ്വതന്ത്ര ഇന്ത്യ
[തിരുത്തുക]ഇന്ത്യ സ്വതന്ത്രയായപ്പോൾ അബ്ദുല്ല തടവിൽ ആയിരുന്നു. 1947 സെപ്റ്റംബർ-ൽ ഇദ്ദേഹം ജയിൽ വിമുക്തനായി. പിന്നീട് ഇദ്ദേഹം അഖിലേന്ത്യാ നാട്ടുരാജ്യ പ്രജാസമ്മേളനത്തിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. പാകിസ്താന്റെ സഹായത്തോടെ ഗോത്രവർഗക്കാർ കാശ്മീരിന് നേരെ ആക്രമണം ആരംഭിച്ചപ്പോൾ അവിടെ സ്ഥാപിക്കപ്പെട്ട എമർജൻസി അഡ്മിനിസ്ട്രേഷന്റെ തലവനായി നിയോഗിച്ചത് ഷെയ്ഖിനെ ആയിരുന്നു. 1948-ൽ ഇന്ത്യയിൽനിന്നും ഐക്യരാഷ്ട്ര സംഘടനയിലേക്ക് പോയ കാശ്മീർ ദൌത്യസംഘത്തിൽ ഇദ്ദേഹം അംഗമായിരുന്നു. 1952 വരെ കാശ്മീരിൽനിന്നുളള പാർലമെന്റ് അംഗംകൂടിയായിരുന്നു.
ജമ്മു-കാശ്മീരിന്റെ പ്രധാനമന്ത്രി
[തിരുത്തുക]1947 ഒക്ടോബർ 27-ന് നിലവിൽവന്ന ലയനക്കരാറിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പദവിയോടുകൂടിയ ജമ്മു-കാശ്മീരിന്റെ പ്രധാനമന്ത്രിയായി 1948-ൽ ഷെയ്ഖ് അബ്ദുള്ള നിയമിതനായി. 1948 മുതൽ 1953 വരെ ഇദ്ദേഹം ജമ്മു-കാശ്മീരിൽ പ്രധാനമന്ത്രിയായിരുന്നു. കാശ്മീരിൽ 'ജനഹിതപരിശോധന' നടത്താമെന്ന് 1948-ൽ ഇന്ത്യാഗവൺമെന്റും ഐക്യരാഷ്ട്ര രക്ഷാസമിതിക്കു ഉറപ്പുനൽകി. കാശ്മീരിന്റെ പ്രത്യേക പദവി സംരക്ഷിക്കുന്ന 370-ആം വകുപ്പ് ഭരണഘടനയിൽ ഉൾപ്പെടുത്തി. 1951-52-ൽ ഇന്ത്യാ ഗവൺമെന്റും ഷെയ്ഖ് അബ്ദുള്ളയും തമ്മിൽ ഉടമ്പടി ഉണ്ടാക്കുകയും കാശ്മീരിന്റെ പ്രത്യേക പദവി പരിരക്ഷിക്കുന്ന ഒരു ഇടക്കാല ഭരണഘടന നിലവിൽ വരുകയും ചെയ്തു. എന്നാൽ, ഈ ഉടമ്പടിക്കും ഐക്യരാഷ്ട്രസഭയ്ക്കു നൽകിയ വാഗ്ദാനത്തിനും വിരുദ്ധമായി ഇന്ത്യാ ഗവൺമെന്റ് കാശ്മീരിൽ ഇടപെടലുകൾ നടത്താൻ തുടങ്ങിയതോടെ നിരാശനായ ഷെയ്ഖ് അബ്ദുള്ള ഈ നടപടികളെ പരസ്യമായി വിമർശിച്ചു. 1953 ഒക്ടോബർ 9-ന് കാശ്മീർ ഗവൺമെന്റിനെ പിരിച്ചുവിടുകയും ഷെയ്ഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. 1958-ൽ ജയിൽ മോചിതനായ ഇദ്ദേഹത്തെ കരുതൽ തടങ്കൽ നിയമപ്രകാരം കാശ്മീർ ഗൂഢാലോചനക്കേസിൽ പ്രതിയാക്കുകയും വീണ്ടും ജയിലിലടക്കുകയും ചെയ്തു. 1964-ൽ ജയിൽ മോചിതനായി.
വീട്ടുതടങ്കലിൽ
[തിരുത്തുക]ആയിടയ്ക്ക് കാശ്മീർ പ്രശ്നത്തെക്കുറിച്ചു പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും പാകിസ്താൻ പ്രസിഡന്റ് അയൂബ്ഖാനുമായി സംഭാഷണം നടന്നു. 1965-ൽ ഷെയ്ഖ് ഹജ്ജ് തീർഥാടനം ചെയ്തു തിരിച്ചുവരുംവഴി ചൈനാ പ്രധാനമന്ത്രി ചൗ എൻലായുമായി പാകിസ്താനിൽവച്ച് സംഭാഷണം നടത്തുകയും സ്വതന്ത്രകാശ്മീർ ആശയം പ്രചരിപ്പിക്കുന്നത് തുടരുകയും ചെയ്തതിനാൽ ഇന്ത്യാ ഗവൺമെന്റ് ഷെയ്ഖിനെ കൊടൈക്കനാലിൽ വീട്ടുതടവിൽ താമസിപ്പിച്ചു. 1968 ജനുവരിയിൽ മോചിതനായി. അബ്ദുല്ലയും അനുയായികളും കാശ്മീരിൽ പ്രവേശിക്കുന്നതും നാഷനൽ കോൺഫറൻസ് രാഷ്ട്രീയപ്രവർത്തനം നടത്തുന്നതും നിരോധിച്ചുകൊണ്ട് ഇന്ത്യാ ഗവൺമെന്റ് 1971 ജനുവരിയിൽ വീണ്ടും ഷെയ്ഖിനെ വീട്ടുതടങ്കലിലാക്കി. 1972-ൽ തടവിൽനിന്ന് മോചിപ്പിച്ചു. ഇദ്ദേഹം കാശ്മീരിൽ പ്രവേശിക്കരുതെന്ന നിരോധനവും റദ്ദാക്കപ്പെട്ടു.
1975-ൽ ഷെയ്ഖ് അബ്ദുല്ല വീണ്ടും കാശ്മീർ മുഖ്യമന്ത്രിയായി. 1977-ൽ കോൺഗ്രസ് പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് ഇദ്ദേഹം രാജിവച്ചു. ഷെയ്ഖ് അബ്ദുല്ല ഉയർത്തിപ്പിടിച്ച ജനാധിപത്യമൂല്യങ്ങളെ ഗൌരവമായി എടുക്കുന്നതിൽ ഇന്ത്യാഗവൺമെന്റിന് ഉണ്ടായ പരാജയമാണ് കാശ്മീർ പ്രശ്നത്തിന് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. 1982 സെപ്റ്റംബർ 8-ന് ഇദ്ദേഹം അന്തരിച്ചു.
അവലംബം
[തിരുത്തുക]- Images for sheikh abdullah
- http://www.kashmiralight.com/html/abdullah.html Archived 2010-11-05 at the Wayback Machine.
- http://www.whereincity.com/india/great-indians/freedom-fighters/sheikh-abdullah.php Archived 2011-11-04 at the Wayback Machine.
- http://www.indiavideo.org/text/sheikh-abdullah-1194.php
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അബ്ദുല്ല, ഷെയ്ഖ് മുഹമ്മദ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |