Jump to content

വിശിഷ്ടാദ്വൈതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.


വിശിഷ്ടാദ്വൈതം വേദാന്ത ദർശനത്തിലെ ഒരു വിഭാഗമാണു്. ഈ ദർശനത്തിന്റെ ഉപജ്ഞാതാവ് രാമാനുജാചാര്യർ ആയിരുന്നു. പരമാത്മാവും ജീവാത്മാവും തമ്മിൽ ഒരേസമയത്ത് വ്യത്യാസവും സാമ്യവും ഉണ്ടെന്ന് വാദിക്കുന്ന ഒരു തത്ത്വചിന്തയാണു് വിശിഷ്ടാദ്വൈതം.

വിശദീകരണം

[തിരുത്തുക]

ഈ തത്ത്വത്തെ വിശദീകരിക്കുവാൻ ഉപയോഗിക്കുന്ന രൂപകാലങ്കാരം സൂര്യന്റെയും അതിന്റെ കിരണങ്ങളുടെയുമാണു്. എങ്ങനെ സൂര്യരശ്മികൾ അർക്കബിംബത്തിൽനിന്നും ചലിക്കുന്നുവോ അങ്ങനെതന്നെ ജീവനും പരമാത്മാവിൽനിന്നും പുറപ്പെടുന്നു; മാത്രമല്ല സൂര്യന്റെ ഭാഗമായ രശ്മികൾ എല്ലം വേറേ വേറേയാണ്.ഇങ്ങനെ ഒന്നിച്ചിരിക്കെ(അദ്വൈത)ത്തന്നെ വിശേഷത(സ്വന്തം വ്യത്യസ്തത) നില നിർത്തുന്നതു കൊണ്ടാണ് ഈ സിദ്ധാന്തം വിശിഷ്ടാദ്വൈതം എന്ന് അറിയപ്പെടുന്നത്.

വിശിഷ്ടാദ്വൈത ചിന്ത അനുസരിച്ചു ഈശ്വരൻ,ചിത്(ആത്മാവ്),അചിത്(ദ്രവ്യം) എന്നിങ്ങനെ മൂന്നു യഥാർത്ഥ തത്ത്വങ്ങൾ ഉണ്ട്.ഇതിൽ ഈശ്വരൻ മാത്രമാണ് സ്വതന്ത്രം.ചിത്തും അചിത്തും ഈശ്വരനോടൊപ്പം നിത്യവും യഥാർത്ഥവും ആണെങ്കിലും ഈശ്വരനെ ആശ്രയിച്ചാണ് നില കൊള്ളുന്നത്. ഈശ്വരനെ കൂടാതെ സ്വതന്ത്രമായ നിലനില്പ് അവയ്ക്കില്ല.അതായത് ഈശ്വരനിൽ നിന്ന് ചിത്തിനും അചിത്തിനും ഭേദമുണ്ട് ;എന്നാൽ ഈശ്വരനിൽ നിന്ന് വേർപെട്ടതല്ല.

ഈശ്വരൻ(ബ്രഹ്മം) നിർഗുണമല്ല,സഗുണനാണ്.ബ്രഹ്മം നിർഗുണമാണെന്ന് ഉപനിഷത്തുകളിൽ പറഞ്ഞിരിക്കുന്നതിന് ഈശ്വരനിൽ ദുർഗുണങ്ങളൊന്നുമില്ല എന്ന അർത്ഥമേയുള്ളൂ ;എന്നാൽ എല്ലാ സദ്ഗുണങ്ങളുടെയും പൂർണത ഈശ്വരനിലുണ്ട്. ഈശ്വരൻ നിർവ്യക്തിയല്ല,സവ്യക്തിയാണ്.അവൻ സർവ്വജ്ഞനും സർവ്വവ്യാപിയും ലോകത്തിന്റെ അപൂർണ്ണതകൾ ഒന്നുമില്ലത്തവനുമാണ്.പ്രപഞ്ചത്തിന്റെ ഉപാദാന കാരണവും നിമിത്ത കാരണവും അവനാണ്.ഈ ഈശ്വരൻ വിഷ്ണു - നാരായണനാണ്[1].

വിശിഷ്ടാദ്വൈത പ്രകാരം മൂന്നു തരം ആത്മാക്കളുണ്ട് - നിത്യാത്മാക്കൾ, മുക്താത്മാക്കൾ, ബദ്ധാത്മാക്കൾ. വിഷ്ണു ഭഗവാനൊപ്പം ശാശ്വത ജീവിതം നായിക്കുന്നവരാണ് നിത്യാത്മാക്കൾ.അവർ ഒരിക്കലും ബന്ധനത്തിൽപ്പെട്ടിട്ടില്ല.ഒരിക്കൽ ബന്ധനത്തിലായിരുന്നെങ്കിലും പുണ്യജീവിതം വഴി മോക്ഷം പ്രാപിച്ചു വിഷ്ണുലോകം നേടിയവരാണ് മുക്താത്മാക്കൾ.എന്നാൽ ബദ്ധാത്മാക്കളാകട്ടെ,ജനന-മരണ ശ്രംഖലയിൽപ്പെട്ടു ബന്ധനത്തിലായിരിക്കുന്നവരാണ്.

അദ്വൈത - വിശിഷ്ടാദ്വൈത താരതമ്യം

[തിരുത്തുക]

ശങ്കരാചാര്യരുടെ അദ്വൈതവും രാമാനുജാചാര്യരുടെ വിശിഷ്ടാദ്വൈതവും ബ്രഹ്മത്തെ തന്നെ പരമപ്രധാനവും മുഖ്യവിഷയവുമായി കരുതുമ്പോഴും ബ്രഹ്മത്തിന്റെയും ബന്ധപ്പെട്ട മറ്റ് വിഷയങ്ങളുടെയും വ്യാഖ്യാനങ്ങളിൽ കാര്യമായ വ്യത്യാസങ്ങളുണ്ട്.അവയെ ഇപ്രകാരം ക്രോഡീകരിക്കാം.[2]

  • അദ്വൈത ദർശനം നിർവ്വചിക്കുന്നത് നിർഗ്ഗുണബ്രഹ്മത്തെയാണ്;വിശിഷ്ടാദ്വൈതത്തിലേത് സരൂപനായ ഈശ്വരനുള്ള സഗുണ ബ്രഹ്മം.
  • അദ്വൈത പ്രകാരം ജഗത്ത്(ലോകം) മിഥ്യയാണ്;വിശിഷ്ടാദ്വൈതത്തിൽ ജഗത്തും സത്യമാണ്.
  • അദ്വൈതത്തിലെ ജീവൻ(ആത്മാവ്) മായയാൽ മറയ്ക്കപ്പെട്ട പരമാത്മാവ് തന്നെയാണ്;വിശിഷ്ടാദ്വൈതത്തിൽ ആത്മാവും സത്യമാണ്,പരമാത്മാവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു മാത്രം.
  • ബ്രഹ്മത്തിൽ ലയിക്കുന്നതാണ് അദ്വൈതിയുടെ മോക്ഷമെങ്കിൽ,സംസാരമോചനം മാത്രമാണ് വിശിഷ്ടാദ്വൈതിയുടേത്.
  • മോക്ഷത്തിനുള്ള മാർഗ്ഗം അദ്വൈതത്തിൽ ജ്ഞാനം മാത്രമാണ്; വിശിഷ്ടാദ്വൈതത്തിൽ ഭക്തിയും.
  • അദ്വൈതത്തിൽ കർമ്മവും ഭക്തിയും ജ്ഞാനപ്രാപ്തിക്കുള്ള പ്രാഥമിക മാർഗ്ഗങ്ങളാകുമ്പോൾ, വിശിഷ്ടാദ്വൈതത്തിൽ ഭക്തിയുടെ ഉപദാനങ്ങളത്രേ മറ്റെന്തും.

വിശിഷ്ടാദ്വൈത - ദ്വൈത താരതമ്യം

[തിരുത്തുക]

വിശിഷ്ടാദ്വൈതത്തിനും ദ്വൈതത്തിനും തമ്മിൽ താത്വിക വിശദീകരണങ്ങളിൽ ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും,ജനങ്ങളുടെ ആചാരനുഷ്ടാനുങ്ങളുമായി ബന്ധപ്പെട്ട തലത്തിൽ വലിയ വ്യത്യാസങ്ങളില്ല.കാരണം, ഈ ദർശനത്തിന്റെ പ്രധാന ഗുരുക്കന്മാരായിരുന്ന രാമാനുജാചാര്യരും മാധ്വാചാര്യരും സഗുണബ്രഹ്മമായി മഹാവിഷ്ണുവിനെ ആരാധിച്ചവരും ഭക്തി മാർഗ്ഗത്തിന് പരമ പ്രാധാന്യം നൽകിയവരുമായിരുന്നു.

മരണാനന്തരം ആത്മാവ് വൈകുണ്ഡത്തിലെത്തി ഭഗവാന്റെ ഭാഗമായി,അതേ സമയം സ്വന്തം വ്യക്തിത്വം നില നിർത്തി വസിക്കുകയാണോ അതോ ഭഗവാന്റെ തന്നെ രൂപത്തിൽ ആശ്രിതനായി കഴിയുകയാണോ എന്ന വിഷയത്തിലാണു പ്രധാന വ്യത്യാസം.[3].

അവലംബം

[തിരുത്തുക]
  1. ഭാരതത്തിലെ പ്രധാന മതങ്ങൾ, റവ.ഡോ.പി.എസ്.ഡാനിയേൽ, റ്റി.എൽ.സി തിരുവല്ല
  2. ഹിന്ദുമതത്തിന്റെ രാജമാർഗ്ഗം, ഡോ.സി.കെ.ചന്ദ്രശേഖരൻ നായർ, കറന്റ് ബുക്സ്
  3. ഹിന്ദുമതത്തിന്റെ രാജമാർഗ്ഗം, ഡോ.സി.കെ.ചന്ദ്രശേഖരൻ നായർ, കറന്റ് ബുക്സ്