Jump to content

വില്ല്യം ഹോഡ്സൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്ല്യം സ്റ്റീഫൻ റൈക്സ് ഹോഡ്സൻ
ബി.ജെ. കോർക്ക് രചിച്ച റേഡർ ഓൺ എ ഗ്രെ ഹോഴ്സ് എന്ന പുസ്തകത്തിന്റെ പുറത്ത് അച്ചടിച്ചിരിക്കുന്ന ഹോഡ്സന്റെ ചിത്രം
ജനനം1821 മാർച്ച് 10
ഗ്ലൂസെസ്റ്ററിനടുത്തുള്ള മൈസ്മോർ കോർട്ട്
മരണം1858 മാർച്ച് 11
ലക്നൗ, ബ്രിട്ടീഷ് ഇന്ത്യ
ദേശീയത യുണൈറ്റഡ് കിങ്ഡം
വിഭാഗംബംഗാൾ ആർമി
പദവിബ്രെവെറ്റ് മേജർ
Commands heldകോർപ്സ് ഓഫ് ഗൈഡ്സ് (ഇന്ത്യ)
ഹോഡ്സൻസ് ഹോഴ്സ്
യുദ്ധങ്ങൾഒന്നാം ആംഗ്ലോ-സിഖ് യുദ്ധം
ഇന്ത്യൻ ലഹള

ഇന്ത്യയിൽ ജോലി ചെയ്തിരുന്ന ഒരു ബ്രിട്ടീഷ് സൈനികനായിരുന്നു വില്ല്യം ഹോഡ്സൻ എന്ന വില്ല്യം സ്റ്റീഫൻ റൈക്സ് ഹോഡ്സൻ (ഇംഗ്ലീഷ്: William Stephen Raikes Hodson, ജീവിതകാലം: 1821 മാർച്ച് 10 – 1858 മാർച്ച് 11). 1857-ലെ ഇന്ത്യൻ ലഹളക്കാലത്ത് ഡെൽഹിയിൽ ഹോഡ്സൻസ് ഹോഴ്സ് എന്ന പേരിലുള്ള ഒരു അവ്യവസ്ഥാപിത കുതിരപ്പടയെ സംഘടിപ്പിക്കുകയും, ബ്രിട്ടീഷുകാരുടെ രഹസ്യാന്വേഷണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്തു. ഹോഡ്സൻ ഹോഴ്സിലെ ഹോഡ്സൻ എന്നും ഇദ്ദേഹം അറിയപ്പെടാറുണ്ട്. ലഹളക്കുശേഷം അവസാന മുഗൾ ചക്രവർത്തിയായ ബഹാദൂർ ഷാ സഫർ കീഴടങ്ങിയത് ഹോഡ്സനു മുമ്പാകെയാണ്. കീഴടങ്ങിയ പല മുഗൾ രാജകുമാരൻമാരെയും വെടിവച്ചുകൊന്നതിന്റെ പേരിലുള്ള കുപ്രസിദ്ധിയും ഹോഡ്സനുണ്ട്.

1857-ലെ ലഹളക്കു മുമ്പ് ഹോഡ്സനെ ഒരു ഒറ്റയാനായാണ് അദ്ദേഹത്തിന്റെ സഹചാരികൾ കണക്കാക്കിയിരുന്നത്. ഒരു പുരോഹിതന്റെ മകനായ ഹോഡ്സൺ വളരെ വിദ്യാസമ്പന്നനായിരുന്നു. പുതിയതായി ഉണ്ടാക്കിയ കോർപ്സ് ഓഫ് ഗൈഡ്സിന്റെ തലപ്പത്ത് അദ്ദേഹം ക്രമേണ എത്തിച്ചേരുകയും ചെയ്തു. റെജിമെന്റിലെ പണം ദുർവിനിയോഗം ചെയ്തെന്ന പേരിൽ 1854-ൽ അദ്ദേഹത്തിനെതിരെ അന്വേഷണം ഉണ്ടാകുകയും തുടർന്ന് നേതൃത്വത്തിൽനിന്ന് പുറത്താക്കുകയും ചെയ്തു. ലഹളക്കാലത്ത് ഹോഡ്സൺസ് ഹോഴ്സ് എന്ന പേരിൽ അദ്ദേഹം ഒരു കുതിരപ്പടയാളിസംഘത്തെ സംഘടിപ്പിക്കുകയും, ഡെൽഹി റിഡ്ജിലെ ബ്രിട്ടീഷ് സൈന്യത്തിന് വേണ്ടി കാര്യക്ഷമമായി രീതിയിൽ രഹസ്യാന്വേഷണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. സഫറിന്റെയും സീനത്ത് മഹലിന്റെയും കീഴടങ്ങലിനുള്ള ധാരണാചർച്ചകൾ ഹോഡ്സൺ സ്വന്തം നിലക്കാണ് നടത്തിയത്. സെപ്റ്റംബർ 21-ന് ഹോഡ്സൺ അവരെ തടവിലാക്കി ദില്ലിയിലേക്ക് കൊണ്ടുവന്നു. മിർസ മുഗൾ, ഖിസർ സുൽത്താൻ, അബുബക്കർ എന്നി രാജകുമാരൻമാരെ തൊട്ടടുത്ത ദിവസം അനുയായികളിൽ നിന്ന് വേർപിരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. 1858 മാർച്ചിൽ ലക്നൌ തിരിച്ചുപിടിക്കുന്നതിനുള്ള യുദ്ധത്തിൽ ഹോഡ്സൺ കൊല്ലപ്പെട്ടു.[1]

അവലംബം

[തിരുത്തുക]
  1. വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. XXIII. ISBN 9780670999255. Retrieved 2013 ജൂലൈ 4. {{cite book}}: Check date values in: |accessdate= (help) ഗൂഗിൾ ബുക്സ് കണ്ണി