മനോരാജ്യം ആഴ്ചപ്പതിപ്പ്
പ്രസിദ്ധീകരിക്കുന്ന ഇടവേള | ആഴ്ചപ്പതിപ്പ് |
---|---|
പ്രധാധകർ | മനോരാജ്യം |
രാജ്യം | ഇന്ത്യ |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | കോട്ടയം & കൊച്ചി, കേരളം, ഇന്ത്യ. |
ഭാഷ | മലയാളം. |
മനോരാജ്യം ആഴ്ചപ്പതിപ്പ് കേരളത്തിലെ കോട്ടയം നഗരത്തിൽനിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന നിരവധി വാരികകളിൽ ഒന്നായ ഒരു ജനപ്രിയ വാരികയായിരുന്നു. 1967ൽ പ്രസിദ്ധ സാഹിത്യകാരൻ കാനം ഇ.ജെ.യുടെ (ഇലവുങ്കൽ ജോസഫ് ഫിലിപ്പ്) ഉടമസ്ഥതയിൽ കോട്ടയം പട്ടണം ആസ്ഥാനമായി പ്രസിദ്ധീകരണം ആരംഭിച്ച[1] ഈ വാരിക ഏതാണ്ട് നാലു വർഷങ്ങൾക്കുശേഷം കേരള ധ്വനി പ്രസിദ്ധീകരണങ്ങളുടെ ഉടമ ഡോ. കെ. ജോർജ് തോമസിന് കൈമാറ്റം നടത്തി. ജോർജ് തോമസ് മാനേജിംഗ് എഡിറ്ററും അദ്ദേഹത്തിൻറ ഭാര്യ റേച്ചൽ തോമസ് മുഖ്യ പത്രാധിപയുമായി ഇത് പതിറ്റാണ്ടുകളോളം പ്രസിദ്ധീകരിക്കപ്പെട്ടു.
ജോർജ് തോമസിൻറെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ റേച്ചൽ തോമസ് കുറച്ച് കാലം മനോരാജ്യം പ്രസിദ്ധീകരണങ്ങളുടെ സാരഥ്യം ഏറ്റെടുത്തുകൊണ്ട് അതിന്റെ മാനേജിംഗ് എഡിറ്ററായി പ്രവർത്തിച്ചു. തുടർന്ന് പ്രമുഖ വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ ഗുഡ്നൈറ്റ് മോഹൻ ഏറ്റെടുത്ത ഈ പ്രസിദ്ധീകരണം കുറച്ചുകാലം കൊച്ചി നഗരത്തിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടു. ആദ്യകാലത്ത് ഈ വാരികയിൽ പ്രസിദ്ധീകരിച്ചിരുന്ന കാട്ടുമങ്ക, ഹൈറേഞ്ച് എന്നീ നോവലുകൾ ഏറെ വായനക്കാരെ നേടിയിരുന്നു. വാരികയിൽ പ്രസിദ്ധീകരിച്ചിരുന്ന കാർട്ടൂണിസ്റ്റ് ശത്രുവിൻറെ (ജയിംസ്) അവറാൻ ചേട്ടനും മിസിസും എന്ന കാർട്ടൂൺ പരമ്പര വർഷങ്ങളോളം കേരളീയരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളായിരുന്നു. ഗൃഹലക്ഷ്മി, അമ്മയും കുഞ്ഞും, വനിതാരംഗം തുടങ്ങിയ ഏതാനും വനിതാ പംക്തികളോടൊപ്പം കാർട്ടൂണിസ്റ്റ് പി.കെ. മന്ത്രിയുടെ പാച്ചുവും കൊവാലനും എന്ന ജനകീയ കാർട്ടുൺ പരമ്പര, കെ.എസ്. രാജന്റെ ലാലുവും ലീലയും എന്ന മുഴുവൻ പേജ് കാർട്ടൂൺ, ഫലിതബിന്ദുക്കൾ, എ.പി. ഉദയഭാനുവിന്റെ കളിയും കാര്യവും, ഡി.സി. കിഴക്കേമുറിയുടെ കറുപ്പും വെളുപ്പും തുടങ്ങി നിരവധി പംക്തികൾ ഇതിലെ പ്രധാന വിഭവങ്ങളായിരുന്നു.
ലാലുലീല എന്ന പേരിൽ കുട്ടികളുടെ ദ്വൈ വാരിക, എം.എം. രാമചന്ദ്രൻ എഡിറ്ററായി ചലച്ചിത്രം (1980 ൽ പ്രസിദ്ധീകരണം നിലച്ചു) എന്ന സിനിമാ വാരിക, ചിത്രമഞ്ജുഷ ചിത്രകഥ, അഡ്വൈസർ (വിദ്യാഭ്യാസ വാരിക) എന്നിവയുടേയും പ്രസാദ്ധകരായിരുന്നു മനോരാജ്യം പബ്ലിക്കേഷൻസ്. 2002 ൽ മനോരാജ്യവും അതിൻറെ സഹോദര പ്രസിദ്ധീകരണങ്ങളും പടിപടിയായി പ്രവർത്തനം അവസാനിപ്പിച്ചു.
അവലംബം
[തിരുത്തുക]- ↑ https://keralaliterature.com/malayalam-writers-മലയാളം-എഴുത്തുകാർ/കാനം-ഇ-ജെ/.
{{cite web}}
: Missing or empty|title=
(help)