Jump to content

ചെമ്പൻ പോക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലബാറിൽ ടിപ്പുവിന്റെ പടയോട്ടകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മൂന്നു മാപ്പിള നാട്ടുപ്രമാണിമാരിൽ ഒരാളായിരുന്നു ചെമ്പൻ പോക്കർ മൂപ്പൻ.[1][2] മലബാറിലെ കേസുകൾ തീർപ്പാക്കുന്നതിനും നികുതി പിരിവ് നടത്തുന്നതിനുമായി ബ്രിട്ടീഷുകാർ ചുമതലപ്പെടുത്തിയ ദരോഗ സമിതികളിലൊന്നിന്റെ തലവനായിരുന്നു അദ്ദേഹം.[1] പഴശ്ശിരാജാവിനു രഹസ്യ സഹായങ്ങൾ ചെയ്തുകൊടുത്തതിന്റെ പേരിൽ ദരോഗകളെ പിരിച്ചുവിടാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു. അവർ ദരോഗ തലവന്മാരെ അഴിമതിക്കാരായി മുദ്രകുത്തുകയും നാടുകടത്തുകയും ചെയ്തു. ഭയന്നുപോയ ചില ദരോഗമാർ ബ്രിട്ടീഷുകാരോടു കൂറു പ്രഖ്യാപിച്ചു. എന്നാൽ ചെമ്പൻ പോക്കർ, അത്തൻ കുരിക്കൾ, ഉണ്ണിമൂത്ത മൂപ്പൻ എന്നിവർ ബ്രിട്ടീഷുകാർക്കെതിരെ ധീരമായി പോരാടി.[1]

നാട്ടുപ്രമാണിമാരുടെ സഹായത്തോടെ മാപ്പിള നേതാക്കൻമാരെ കൊന്നൊടുക്കിയ ബ്രിട്ടീഷുകാർ ചെമ്പൻ പോക്കറെ പിടികൂടി പാലക്കാട് ജയിലിലടച്ചു. അവിടെ നിന്ന് ജയിൽ ചാടിയ ചെമ്പൻ പോക്കർ റവന്യൂ വണ്ടികൾ കൊള്ളയടിക്കുകയും അങ്ങനെ ലഭിച്ച പണം മുഴുവൻ ഉണ്ണിമൂത്ത മൂപ്പൻ മുഖേന പഴശ്ശിപ്പടയ്ക്കു കൈമാറുകയും ചെയ്തു. 1802-ൽ ഉണ്ണി മൂത്ത മൂപ്പൻ കൊല്ലപ്പെട്ടതോടെ ചെമ്പൻ പോക്കർ വീണ്ടും ബ്രിട്ടീഷുകാരുടെ പിടിയിലായി. അതിനുശേഷം അദ്ദേഹത്തിന് എന്തു സഭവിച്ചു എന്നതിനു കൃത്യമായ രേഖകളില്ല.[1] കൊന്നുവെന്നും ജയിലിലടച്ചെന്നും കഥകളുണ്ട്. പോക്കറുടെ കുടുംബാംഗങ്ങളെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കു നാടുകടത്തി.[3] തിരൂരങ്ങാടിയിൽ നിന്നും അൽപ്പം അകലെയുള്ള മൂന്നിയൂർ ജുമാ മസ്ജിദിനു സമീപം സ്ഥിതിചെയ്യുന്ന ശവകുടീരം ചെമ്പൻ പോക്കറുടേതായിരിക്കാം എന്ന് ചില ഗവേഷകർ അഭിപ്രായപ്പെടുന്നു.[1] എന്നാൽ ഇക്കാര്യം വ്യക്തമാക്കുന്ന രേഖകളോ തെളിവുകളോ ലഭ്യമല്ല.[1] ചെമ്പൻ പോക്കറെ ഇന്നും പഴമക്കാർ 'പോക്കർ ഉപ്പൂപ്പ', 'പോക്കർ മൂപ്പൻ' എന്നൊക്കെ വിളിക്കാറുണ്ട്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 "ഈ കബർ പറയും... ചെമ്പൻ പോക്കറുടെ കഥ". ദേശാഭിമാനി ദിനപത്രം. 2014-08-04. Retrieved 15 August 2018.
  2. "ചെമ്പൻ പോക്കർ മൂപ്പന്റെ സ്മരണയിൽ കുടുംബാംഗങ്ങൾ ഒത്തുചേർന്നു". മാധ്യമം ദിനപത്രം. 2018-02-22. Retrieved 15 August 2018.
  3. "ചെമ്പൻ പോക്കർ മൂപ്പൻ അനുസ്മരണവും കുടുംബസംഗമവും 18-ന്‌". മാതൃഭൂമി ദിനപത്രം. 2018-02-09. Retrieved 15 August 2018.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ചെമ്പൻ_പോക്കർ&oldid=4009587" എന്ന താളിൽനിന്ന് ശേഖരിച്ചത്