Jump to content

അക്കാന്തോക്കെഫല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Acanthocephala
Corynosoma wegeneri
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
(unranked): Platyzoa
Phylum: Acanthocephala
Koelreuter, 1771[1][2]
Classes

കശേരുകികളുടെ (Vertevrates) കുടലിനുള്ളിൽ കഴിയുന്ന ഒരിനം പരോപജീവിപ്പുഴുക്കളാണ് അക്കാന്തോക്കെഫല. പ്രധാനമായും മത്സ്യങ്ങളിലും പക്ഷികളിലും സസ്തനികളിലും കാണപ്പെടുന്ന ഇവയ്ക്ക് തലയിൽ ധാരാളം മുള്ളുകളുണ്ട്. ജീവിതചക്രത്തിന്റെ ഒരു ഘട്ടത്തിലും ഇവ സ്വതന്ത്രജീവികളല്ല. പരജീവന സ്വഭാവത്തോടനുബന്ധിച്ചുള്ള അവയവലോപം പ്രകടമാണ്. എഴുപതുകളുടെ പ്രാരംഭത്തിലാണ് അക്കാന്തോക്കെഫല ഒരു പ്രത്യേക ഫൈലമായി ഉയർത്തപ്പെട്ടത്. ആതിഥേയ ജീവിയിൽനിന്നും എടുത്തു മാറ്റുമ്പോൾ ഇവയുടെ ശരീരം സ്ഫീതവും വൃത്തസ്തംഭാകാരവുമായിത്തീരുന്നു.[3]

ഇക്കാരണത്താൽ ഇവയെ നിമാറ്റിഹെൽമിന്തെസ് (Nematyhelminthes) വിഭാഗത്തോടൊപ്പം കണക്കാക്കാറുണ്ടായിരുന്നു. ഇവയെപ്പറ്റിയുള്ള ഊതകവിജ്ഞാനീയം (Histology), വർഗീകരണനിയമം എന്നിവ വാൻക്ളീവ് എന്ന ശാസ്ത്രജ്ഞൻ 1948-ൽ വെളിവാക്കുകയും ഈ ജീവികളെ ഒരു പ്രത്യേക വിഭാഗമായി തരംതിരിക്കുകയും ചെയ്തു.[4]

അക്കാന്തോക്കെഫലയിൽ 85 ജീനസുകളിലായി 400-ഓളം സ്പീഷീസുണ്ട്. ഇവയുടെ ശരീരം പരന്നതും അഖണ്ഡവുമാണ്. മുള്ളുകളോടുകൂടിയ ശുണ്ഡികയും (proboscis) കഴുത്തും ഉടലും ചേർന്നതാണ് ശരീരഘടന. ശുണ്ഡിക സങ്കോചന ശീലമുള്ളതും ഒരു ആവരണത്തിലേക്കു പിൻവലിക്കപ്പെടാവുന്നതുമാണ്. ചില സ്പീഷീസിന് ശരീരത്തിലും ചെറിയ മുള്ളുകളുണ്ട്. പചനവ്യൂഹം കാണാറില്ല. ഇവ ശരീരഭിത്തികൾ വഴി ആഹാരസാധനങ്ങൾ വലിച്ചെടുക്കുന്നു. പെൺപുഴുക്കളിൽ ആദ്യദശയിൽ മാത്രമേ അണ്ഡാശയങ്ങൾ കാണാറുള്ളൂ. പൂർണവളർച്ചയെത്തിയ പെൺപുഴുക്കളുടെ ശരീരഗുഹികയിൽ (Body cavity) അണ്ഡഗോളങ്ങൾ ഉണ്ടായിരിക്കും. കുടലിനുള്ളിൽ നിന്നും വെളിയിൽ വരുന്നതിനുമുമ്പ് ഭ്രൂണങ്ങൾക്ക് മൂന്നോ നാലോ പുറംചട്ടയുണ്ടാകുന്നു. ഭ്രൂണങ്ങൾ കീലരൂപത്തിലോ ഗോളരൂപത്തിലോ ആയിരിക്കും. ആതിഥേയജീവികളുടെ വിസർജ്യങ്ങൾ വഴി വെളിയിൽ വരുന്ന ഭ്രൂണങ്ങൾ പ്രതികൂല സാഹചര്യങ്ങളെ മാസങ്ങളോളം അതിജീവിക്കാൻ കഴിവുള്ളവയാണ്. ഒരു മധ്യസ്ഥപരപോഷിയുടെ അന്തർഗ്രഹണത്തോടുകൂടി മാത്രമേ തുടർന്നുള്ള വളർച്ച നടക്കുന്നുള്ളു. ഇവയിൽ ഒരു ഷട്പദമാണ് മധ്യസ്ഥപരപോഷിയായി വർത്തിക്കുന്നത്. മുഖ്യ-ആതിഥേയജീവി ഈ ഷട്പദത്തെ ഭക്ഷിക്കുന്നതിലൂടെ ഉള്ളിൽ കടന്നുപറ്റുന്ന പുഴുക്കൾ അവിടെ പൂർണവളർച്ച പ്രാപിക്കുന്നു. ചുരുക്കം ചില സന്ദർഭങ്ങളിൽ ഒരു രണ്ടാം മധ്യസ്ഥപരപോഷികൂടി ആവശ്യമായി വരാറുണ്ട്.[5]

അവലംബം

[തിരുത്തുക]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; crompton എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; koelreuter എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. http://www.earthlife.net/inverts/acanthocephala.html The Phylum Acanthocephala
  4. http://tolweb.org/Acanthocephala/20452 Acanthocephala
  5. http://www.bumblebee.org/invertebrates/ACANTHOCEPHALA.htm Acanthocephala (spiny-headed worms)

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്കാന്തോക്കെഫല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.