അൺക്റ്റാഡ്
അന്താരാഷ്ട്രവാണിജ്യവും സാമ്പത്തികവികസനവും ത്വരിതപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നിലവിൽവന്ന ഒരു സ്ഥാപനമാണ് അൺക്‌റ്റാഡ്. 1964 മാച്ച്-ജൂൺ മാസങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ വാണിജ്യ-വികസന സമ്മേളനം നിർദ്ദേശിച്ചതനുസരിച്ച് അക്കൊല്ലം ഡിസംബർൽ ജനറൽ അസംബ്ലി ഒരു പ്രമേയത്തിലൂടെ അൺക്റ്റാഡിന് രൂപംനല്കി. ഈ സംഘടന യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെന്റ് (United Nations Conference on Trade and Development)[1]എന്ന പേരിന്റെ സംക്ഷിപ്തരൂപമായ അൺക്റ്റാഡ് എന്ന് അറിയപ്പെടുന്നു. ഇതിന്റെ ആസ്ഥാനം ജനീവയാണ്. ഇതിൽ 191 അംഗങ്ങളുണ്ട്. അൺക്റ്റാഡിന്റെ ഭരണസമിതി ട്രേഡ് ആൻഡ് ഡെവലപ്മെന്റ് ബോർഡ് ( Trade and Development Board) ആണ്. അൺക്റ്റാഡിന്റെ പ്രഥമസമ്മേളനം (1964 മാർച്ച് 23 മുതൽ ജൂൺ 16 വരെ) ജനീവയിൽവച്ചും രണ്ടാം സമ്മേളനം (1968 ഫെബ്രുവരി 1 മുതൽ മാർച്ച് 29 വരെ) ന്യൂഡൽഹിയിൽവച്ചും നടന്നു. ഇതുവരെ പതിനൊന്ന് സമ്മേളനങ്ങൾ നടന്നിട്ടുണ്ട്.
അൺക്റ്റാഡിന്റെ ഉദ്ദേശ്യങ്ങൾ
- സാമ്പത്തികവികസനം ത്വരിതപ്പെടുത്തുന്നതിനുവേണ്ടി അന്താരാഷ്ട്രവാണിജ്യത്തിന്റെ തോത് വർധിപ്പിക്കുക. വികസനത്തിന്റെ വിവിധ ഘട്ടങ്ങളിൽ വിവിധ രാഷ്ട്രങ്ങൾ തമ്മിലുള്ള വാണിജ്യവും വ്യത്യസ്ത സാമ്പത്തിക-സാമൂഹികഘടനകളുള്ള രാജ്യങ്ങൾ തമ്മിലുള്ള വാണിജ്യവും ആണ് അൺക്റ്റാഡിന്റെ പരിധിയിൽ വരുക.
- അന്താരാഷ്ട്രവാണിജ്യവും സാമ്പത്തികവികസനത്തിന്റെ മറ്റു പ്രശ്നങ്ങളും ആസ്പദമാക്കി നയപരിപാടികൾ രൂപവത്കരിക്കുക;
- ഈ നയപരിപാടികൾ പ്രാവർത്തികമാക്കുന്നതിനു നിർദ്ദേശങ്ങൾ അവതരിപ്പിക്കുക;
- ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന മറ്റു ഐക്യരാഷ്ട്രസംഘടനകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യുക; #വാണിജ്യമേഖലകൾക്കുവേണ്ടിയുള്ള ബഹുപക്ഷീയ നിയമനടപടികൾക്കു രൂപം നല്കാൻ കൂടിയാലോചനകൾ നടത്തുക;
- ഗവൺമെന്റുകളുടെയും പ്രാദേശികസാമ്പത്തികസംഘടനകളുടെയും വാണിജ്യവും തത്സംബന്ധമായ നയങ്ങളും ഏകോപിപ്പിക്കുക.
ഒന്നാം സമ്മേളനം
ഒന്നാം അൺക്റ്റാഡ് സമ്മേളനത്തിൽ അന്താരാഷ്ട്രവാണിജ്യത്തെ ആസ്പദമാക്കിയ പ്രമേയങ്ങളാണ് പാസ്സാക്കപ്പെട്ടത്. ആദ്യസമ്മേളനത്തെത്തുടർന്നുള്ള നാലു വർഷങ്ങളിൽ അന്താരാഷ്ട്രവാണിജ്യത്തിൽ ഗണ്യമായ പുരോഗതിയുണ്ടായി. മറ്റു ചില മേഖലകളിൽ അൺക്റ്റാഡ് നിർദ്ദേശങ്ങൾ ശരിയായി നടപ്പിൽ വരുത്തിയിട്ടില്ല. ഐക്യരാഷ്ട്ര വികസനദശക (United NationsDevelopment Decade 1960-70)ത്തിൽ[2] എല്ലാ വികസ്വര രാഷ്ട്രങ്ങളുടെയും വരുമാനം പ്രതിവർഷം 5 ശതമാനം വർധിക്കണമെന്നതായിരുന്നു ലക്ഷ്യം. എന്നാൽ മിക്ക രാഷ്ട്രങ്ങളുടെയും വികസനത്തിന്റെ തോത് ഇതിൽ കുറവായിരുന്നു.
രണ്ടാം സ്മ്മേളനം
ഈ പശ്ചാത്തലത്തിലാണ് അൺക്റ്റാഡിന്റെ രണ്ടാം സമ്മേളനം നടന്നത്. വികസ്വരരാഷ്ട്രങ്ങളുടെ കയറ്റുമതി മെച്ചപ്പെടുത്തുന്നതിനു സഹായകമായ രീതിയിൽ വികസിതരാഷ്ട്രങ്ങളുടെ താരിപ്പുവ്യവസ്ഥകളിൽ ചില അയവുകൾ വരുത്തുക, വികസിതരാഷ്ട്രങ്ങളുടെ മൊത്തം ദേശീയോത്പന്ന(Gross national product)ത്തിന്റെ 1 ശതമാനം വികസ്വരരാഷ്ട്രങ്ങളുടെ സാമ്പത്തികവികസനത്തിനു സഹായമായി നല്കുക, വികസ്വര രാഷ്ട്രങ്ങളിലെ ഷിപ്പിങ്-തുറമുഖസൌകര്യങ്ങൾ വികസിപ്പിക്കുന്നതിനു സാമ്പത്തികസഹായങ്ങൾ നല്കുക എന്നിവ പ്രസ്തുത സമ്മേളനത്തിന്റെ നിർദ്ദേശങ്ങളാണ്.
വികസ്വര രാഷ്ട്രങ്ങളും സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും തമ്മിലുള്ള വാണിജ്യത്തിന്റെ കാര്യത്തിലും ഈ സമ്മേളനത്തിനു പങ്കുണ്ട്. വികസ്വര രാഷ്ട്രങ്ങൾ തമ്മിലുള്ള വാണിജ്യത്തിന്റെ വികസനം, സാമ്പത്തികോദ്ഗ്രഥനം എന്നിവയിലും കാര്യമായ പുരോഗതി വരുത്തുവാൻ അൺക്റ്റാഡിന് കഴിഞ്ഞു. വികസ്വരരാഷ്ട്രങ്ങളിലെ ഭക്ഷ്യവിഭവങ്ങളുടെ ഉത്പാദനം വർധിപ്പിക്കുന്നതിനും അതിനു സഹായം നല്കുന്നതിനും വികസിത രാഷ്ട്രങ്ങളെ പ്രേരിപ്പിച്ചതും അൺക്റ്റാഡ് ആണ്. വികസ്വര രാഷ്ട്രങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു വേദി എന്ന നിലയിൽ അൺക്റ്റാഡ് വളരെ പ്രാധാന്യം അർഹിക്കുന്നു.
മൂന്നാം സമ്മേളനം
1972 ഏപ്രിൽ-മേയ് മാസങ്ങളിൽ അൺക്റ്റാഡിന്റെ മൂന്നാം സമ്മേളനം സാന്റിയാഗോയിൽ കൂടുകയുണ്ടായി. വികസ്വര രാഷ്ട്രങ്ങളുടെ സാമ്പത്തികപ്രശ്നങ്ങളായിരുന്നു പ്രധാന ചർച്ചാവിഷയം. വാണിജ്യം, ധനസഹായം എന്നീ വിഷയങ്ങൾക്കു കൂടുതൽ പ്രാധാന്യം നല്കിയിരുന്നു. ഗാട്ടും (Gatt - General Agreements on Tariffs and Trade)[3] അൺക്റ്റാഡുമായി അടുത്ത ബന്ധം ഉണ്ടാക്കണമെന്ന വികസ്വര രാഷ്ട്രങ്ങളുടെ നിർദ്ദേശത്തിന് വികസിതരാഷ്ട്രങ്ങളുടെ പിൻതുണ ലഭിച്ചില്ല. വികസിത രാഷ്ട്രങ്ങളുടെ മൊത്തം ദേശീയോത്പന്നത്തിന്റെ 0.7 ശതമാനം വികസ്വരരാഷ്ട്രങ്ങളുടെ സാമ്പത്തിക വികസനത്തിന് നല്കണമെന്ന് ലോകബാങ്ക് പ്രസിഡന്റ് റോബർട്ട് മക്നമാറാ ഉന്നയിച്ച നിർദ്ദേശത്തെ മിക്ക വികസിതരാഷ്ട്രങ്ങളും നിരസിക്കുകയാണുണ്ടായത്. സാമൂഹ്യനീതിയുടെ അടിസ്ഥാനത്തിൽ എസ്.ഡി.ആർ. (Special Drawing Rights) വിതരണം ചെയ്യണമെന്ന ആവശ്യവും വികസ്വര രാഷ്ട്രങ്ങൾ ഉന്നയിക്കുകയുണ്ടായി. ധനികരാഷ്ട്രങ്ങളുടെ സ്ഥിര-വ്യാപാരമിച്ചങ്ങൾ വികസ്വര രാഷ്ട്രങ്ങളുടെ സഹായത്തിനുവേണ്ടി വിനിയോഗിക്കണമെന്നും നിർദ്ദേശങ്ങൾ ഉന്നയിക്കപ്പെട്ടു. അന്താരാഷ്ട്ര-നാണ്യ-പരിഷ്കാരങ്ങൾ വരുത്തുന്ന കാര്യത്തിൽ വികസ്വരരാഷ്ട്രങ്ങളുടെ അഭിപ്രായങ്ങൾക്ക് കൂടുതൽ വില കല്പിക്കണമെന്നും ഈ സമ്മേളനം തീരുമാനിക്കുകയുണ്ടായി. അൺക്റ്റാഡിന് പരാമാധികാരസ്വഭാവമുണ്ടാക്കുന്ന കാര്യത്തിൽ വികസ്വരരാഷ്ട്രങ്ങൾ ഉറച്ചുനിന്നുവെന്നതും ശ്രദ്ധേയമാണ്.
പതിനൊന്നാം സമ്മേളനം
2004 ജൂണിൽ ബ്രസീലിലെ സാവോപോളോയിൽ നടന്ന 11-ആം സമ്മേളനത്തിൽ ദേശീയ വികസനതന്ത്രങ്ങളും ആഗോളസാമ്പത്തിക പ്രക്രിയകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ചർച്ച ചെയ്തത്. വികസ്വര രാജ്യങ്ങളും സാമ്പത്തിക വളർച്ചയെ സഹായിക്കുന്ന തരത്തിൽ ആഗോളസാമ്പത്തികക്രമത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് വിശദമായ ചർച്ചയുണ്ടായി. പ്രധാനമായും നാലു വീക്ഷണകോണുകളിലൂടെയാണ് അംഗരാജ്യങ്ങൾ ഈ പ്രശ്നത്തെ സമീപിച്ചത്.
- ആഗോളവൽക്കൃതമായിക്കൊണ്ടിരിക്കുന്ന ലോകസമ്പദ്ഘടനയിൽ ദേശീയസാമ്പത്തിക നയങ്ങൾ എങ്ങനെ ആവിഷ്ക്കരിക്കാം.
- ഉല്പാദനശേഷിയും അന്താരാഷ്ട്ര മതസംരക്ഷതയും വികസിപ്പിക്കുക.
- അന്താരാഷ്ട്ര വ്യാപാര-വാണിജ്യ ക്രമീകരണങ്ങൾ എങ്ങനെ ദേശീയവികസനത്തിനനുകൂലമാക്കാം.
- വികസനത്തിലെ പങ്കാളിത്തം. 2000 ഫെബ്രുവരിയിൽ ബാങ്കോക്കിൽ നടന്ന സമ്മേളനം അംഗീകരിച്ച പ്രവർത്തനപദ്ധതി രേഖകൂടി കണക്കിലെടുത്തുകൊണ്ട് സാവോപോളോ സമ്മേളനം ഒരു സമവായത്തിലെത്തുകയുണ്ടായി.
അവലംബം
- ↑ "യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെന്റ്". Archived from the original on 2011-07-29. Retrieved 2011-05-01.
- ↑ ഐക്യരാഷ്ട്ര വികസനദശക
- ↑ "ഗാട്ട് (Gatt - General Agreements on Tariffs and Trade)". Archived from the original on 2010-06-22. Retrieved 2011-05-01.
പുറംകണ്ണികൾ
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അൺക്‌റ്റാഡ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |