ലോക ബാങ്ക്
രൂപീകരണം | 27 December 1945 |
---|---|
തരം | അന്താരാഷ്ട്ര സംഘടന |
പദവി | Treaty |
ലക്ഷ്യം | ദാരിദ്ര്യ നിർമ്മാർജ്ജനം |
അംഗത്വം | 185 രാജ്യങ്ങൾ |
പ്രസിഡന്റ് | അജയ് ബംഗ (Ajay Banga) |
Main organ | Board of Directors[1] |
മാതൃസംഘടന | World Bank Group |
വെബ്സൈറ്റ് | http://www.worldbank.org/ |
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്രബാങ്കിങ് സ്ഥാപനമാണ് അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്ക് (International Bank For Reconstruction and Development) (IBRD).[2] ലോക ബാങ്ക് എന്ന പേരിലും അറിയപ്പെടുന്നു. പുനരുത്പാദനക്ഷമമായ മുതൽമുടക്കിനുവേണ്ട സ്വകാര്യമൂലധനം കിട്ടാതെവരുമ്പോൾ വായ്പകൾ നൽകി ബാങ്ക് അംഗരാഷ്ടങ്ങളെ സഹായിക്കുന്നു. അംഗരാഷ്ട്രങ്ങളുടെ ഗവൺമെന്റുകൾക്കും ഗവൺമെന്റ് ഏജൻസികൾക്കും ഗവൺമെന്റിന്റെ ഉറപ്പോടുകൂടി സ്വകാര്യ ഏജൻസികൾക്കും വായ്പ നൽകാറുണ്ട്. യുദ്ധക്കെടുതികൾക്ക് വിധേയമായ രാഷ്ട്രങ്ങളുടെ വികസനപ്രവർത്തനങ്ങൾക്കും സാമ്പത്തിക സഹായം നൽകാൻ വേണ്ടിയാണ് ഈ സ്ഥാപനം രൂപംകൊണ്ടത്.
യു.എസ്സിലെ ന്യൂഹാംപ്ഷയർ സംസ്ഥാനത്ത് ബ്രെട്ടൻവുഡ്സ് എന്ന സ്ഥലത്തുവച്ചാണ് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1944 ജൂലൈയിൽ നടന്ന സമ്മേളനത്തിൽ ബാങ്ക് രൂപവത്കരണത്തിനുള്ള തീരുമാനമുണ്ടായത്. ഈ സമ്മേളനത്തിൽ തന്നെയാണ് അന്താരാഷ്ട്ര നാണയനിധി (International Monetary Fund)[3] രൂപംകൊണ്ടതും. രണ്ടു സ്ഥാപനങ്ങളും സ്വതന്ത്രമായി നിലകൊള്ളുന്നവയാണെങ്കിലും പരസ്പരപൂരകങ്ങളാണ്. ബാങ്കിന്റെ സ്ഥാപനപ്രമാണം ഒപ്പുവച്ചതോടെ 1945 ഡിസംബർ 27-ന് ബാങ്ക് നിലവിൽവന്നു.[4] 1946 ജൂണിൽ വാഷിംഗ്ടൺ ഡി.സി. ആസ്ഥാനമാക്കി ബാങ്ക് പ്രവർത്തനമാരംഭിച്ചു. വികസ്വര രാജ്യങ്ങളുടെ മനുഷ്യവികസനം (വിദ്യാഭ്യാസം, ആരോഗ്യം), കാർഷിക-ഗ്രാമവികസനം, പരിസ്ഥിതി, പശ്ചാത്തലസൌകര്യം, ഭരണനിർവഹണം തുടങ്ങിയ മേഖലകൾക്കാവശ്യമായ സഹായം നൽകുന്നതിനാണ് ബാങ്ക് പ്രധാനമായും ശ്രദ്ധിക്കുന്നത്. അംഗരാജ്യങ്ങൾക്കു വായ്പയും ദരിദ്രരാജ്യങ്ങൾക്ക് ഗ്രാന്റും നൽകുന്നുണ്ട്. നിശ്ചിത പദ്ധതികളുമായി ബന്ധപ്പെടുത്തിയായിരിക്കും വായ്പകളും ഗ്രാന്റുകളും നൽകുന്നത്.
ബാങ്കിന്റെ ഉദ്ദേശ്യങ്ങൾ ഇവയാണ്:
- വികസ്വര രാജ്യങ്ങളിലെ ദാരിദ്ര്യനിർമാർജ്ജനവും ജീവിതനിലവാരം ഉയർത്തലും.
- അംഗരാഷ്ട്രങ്ങളുടെ പുനർനിർമ്മാണ-വികസനപ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായം നൽകി പുനർനിർമ്മാണപ്രവർത്തനങ്ങളും വിദേശവാണിജ്യവും മെച്ചപ്പെടുത്തുകയും ജീവിതനിലവാരം ഉയർത്തുകയും ചെയ്യുക.
- സ്വകാര്യമേഖലകളിൽ ഉത്പാദനം വർധിപ്പിക്കുന്നതിനുവേണ്ടി സ്വകാര്യ ഉടമകൾക്ക് വായ്പകൾ നൽകുകയും മറ്റു വായ്പകൾക്ക് ജാമ്യം നിൽക്കുകയും ചെയ്യുക.
- പുനർനിർമ്മാണപ്രവർത്തനങ്ങൾക്കുവേണ്ട സ്വകാര്യ മൂലധനം ന്യായമായ പലിശനിരക്കിൽ ലഭ്യമാകാതെവരുമ്പോൾ ബാങ്കിന്റെ മൂലധനത്തിൽനിന്നോ ബാങ്ക് വായ്പ എടുത്തിട്ടുള്ള തുകയിൽനിന്നോ വായ്പകൾ നൽകുക.
- 1996 മുതൽ അംഗരാജ്യങ്ങളിലെ അഴിമതിക്കെതിരായ പ്രവർത്തനവും ബാങ്കിന്റെ ഉദ്ദേശലക്ഷ്യങ്ങളുടെ ഭാഗമായി അംഗീകരിച്ചു. ഇത് ബാങ്കിന്റെ രാഷ്ട്രീയേതര നിലപാട് പ്രഖ്യാപിക്കുന്ന ആർട്ടിക്കിൾ-10-ന്റെ ലംഘനമാണെന്ന വിമർശനവുമുണ്ടായിട്ടുണ്ട്.
ഭരണസംവിധാനം
[തിരുത്തുക]ഗവർണർമാരുടെ സമിതിയും എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ മറ്റൊരു സമിതിയും ഒരു പ്രസിഡന്റുമാണ് ബാങ്കിന്റെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്. പ്രസിഡന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ സമിതിയുടെ അധ്യക്ഷൻകൂടിയാണ്. വർഷത്തിലൊരിക്കൽ സമ്മേളിക്കാറുള്ള ഗവർണർമാരുടെ സമിതിയാണ് ബാങ്കിന്റെ ഭാവിപ്രവർത്തനങ്ങൾക്കു രൂപംനൽകുന്നത്. ഈ സമിതിയുടെ മിക്ക അധികാരങ്ങളും എക്സിക്യൂട്ടീവ് ഡയറക്ടർസമിതിക്ക് വിട്ടുകൊടുത്തിട്ടുണ്ട്. കൂടുതൽ ഓഹരിയെടുത്തിട്ടുള്ള അഞ്ചു രാഷ്ട്രങ്ങൾ അഞ്ചു എക്സിക്യൂട്ടീവ് ഡയറക്ടർമാരെയും ബാക്കിയുള്ള രാഷ്ട്രങ്ങൾ മറ്റു 15 എക്സിക്യൂട്ടീവ് ഡയറക്ടർമാരെയും തിരഞ്ഞെടുക്കുന്നു. പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് എക്സിക്യൂട്ടിവ് ഡയറക്ടർമാരാണ്. ലോകബാങ്കിന്റെ ഒന്നാമത്തെ പ്രസിഡന്റ് യൂജിൻ മേയർ ആയിരുന്നു. 2005 ജൂൺ മുതൽ അമേരിക്കക്കാരനായ പോൾ വോൾഫോവിറ്റ്സ് ആണ് ബാങ്കിന്റെ പ്രസിഡന്റ്. അമേരിക്കക്കാർ മാത്രമേ പ്രസിഡന്റായി നിയമിക്കപ്പെടുന്നുള്ളു എന്നത് ഒരു അലിഖിത നിയമമാണ്. പ്രസിഡന്റിന്റെ കാലാവധി 5 വർഷമാണ്. ഐക്യരാഷ്ട്ര സഭയുടെ ഭാഗമായിട്ടാണ് രൂപം കൊണ്ടതെങ്കിലും ലോകബാങ്കിനെ ഫലത്തിൽ നിയന്ത്രിക്കുന്നത് അമേരിക്ക ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളാണ്. ലോകബാങ്കിന്റെ വോട്ടവകാശം അംഗരാജ്യങ്ങളുടെ സാമ്പത്തികശക്തിയെ ആശ്രയിച്ചിരിക്കുന്നു. യു.എസ്സിന് 16.4 ശതമാനവും ജപ്പാന് 7.9 ശതമാനവും ജർമനിക്ക് 4.5 ശതമാനവും ബ്രിട്ടനും ഫ്രാൻസിനും 4.3 ശതമാനവും വോട്ടവകാശമുണ്ട്. ജി-7 രാജ്യങ്ങൾക്കുമാത്രമായി 40 ശതമാനം വോട്ടുകളുണ്ട്. നിർണായക തീരുമാനങ്ങൾക്ക് മൊത്തം വോട്ടിന്റെ 85 ശ.മാ. പിന്തുണ ആവശ്യമാണ്. അതുകൊണ്ടുതന്നെ ലോകബാങ്കിന്റെ നയപരമായ കാര്യങ്ങളിൽ യു.എസ്സിന് വീറ്റോ അധികാരം പ്രയോഗിക്കാൻ കഴിയും. ഐ.ബി.ആർ.ഡി.യിൽ ഇപ്പോൾ (2006) 184 രാജ്യങ്ങൾ അംഗങ്ങളാണ്.
മൂലധനം
[തിരുത്തുക]അംഗരാഷ്ട്രങ്ങൾ എടുക്കുന്ന ഓഹരിത്തുകയാണ് ബാങ്കിന്റെ മൂലധനം. സാമ്പത്തികനിലയ്ക്ക് ആനുപാതികമായി ഓഹരികൾ എടുക്കേണ്ടതുണ്ട്. ബാങ്കിന്റെ പ്രവർത്തനം തുടങ്ങിയപ്പോൾ അധികൃത മൂലധനം (authorized capital) 1000 കോടി ഡോളറായിരുന്നു. ഒരു ലക്ഷം യു.എസ്സ്. ഡോളർ മൂല്യമുള്ള ഒരുലക്ഷം ഓഹരികളായി മൊത്തം മൂലധനശേഖരത്തെ നിർണയിച്ചിരുന്നു. മൊത്തം വോട്ടിന്റെ നാലിൽ മൂന്ന് ഭൂരിപക്ഷത്തിൽ മൂലധന ശേഖരം വർധിപ്പിക്കാവുന്നതാണ്. 1988-ൽ ബാങ്കിന്റെ അധികൃതമൂലധനം 1,420,500 ഓഹരികളായി വർധിപ്പിക്കുകയുണ്ടായി. മൂലധനത്തിന്റെ 20 ശതമാനം മാത്രമേ അന്ന് ഈടാക്കിയിരുന്നുള്ളു. 2 ശതമാനം സ്വർണമായോ യു.എസ്സ്. ഡോളറായോ നൽകണം. ബാക്കി ദേശീയനാണ്യത്തിലും. 80 ശതമാനം ബാങ്ക് ആവശ്യപ്പെടുമ്പോൾ കൊടുക്കേണ്ടതാണ്. പരസ്യവിപണികളിൽനിന്ന് ബാങ്ക് വായ്പ സ്വീകരിക്കുമ്പോൾ പിരിഞ്ഞുകിട്ടുന്ന തുകയ്ക്ക് അതതു രാജ്യത്തെ ഗവൺമെന്റുകൾ ഉറപ്പു നല്കണം. അധികൃതമുതലിൽ ശേഷിക്കുന്ന 80 ശ.മാ. ആണ് ഈ ഉറപ്പിന് അടിസ്ഥാനം. വികസന പ്രവർത്തനങ്ങളുടെ തോത് വർധിച്ചതോടെ ബാങ്കിന്റെ മൂലധനവും വർധിപ്പിക്കേണ്ടതായിവന്നു.
വികസന വായ്പകൾക്കുവേണ്ടി പരസ്യവിപണികളിൽ ബോണ്ടുകൾ വിറ്റഴിച്ചും ബാങ്ക് പണമുണ്ടാക്കാറുണ്ട്. 1947-ൽ 25 കോടി ഡോളർ വിലവരുന്ന ബോണ്ടുകൾ വിറ്റതോടെയാണ് ബാങ്കിന്റെ വായ്പ-എടുക്കൽ പദ്ധതി ആരംഭിച്ചത്. അമേരിക്കൻ നിക്ഷേപ വിപണികളിൽ മാത്രം ആദ്യം ഒതുക്കിനിർത്തിയിരുന്ന വായ്പ-എടുക്കൽ പിന്നീട് അന്താരാഷ്ട്ര അടിസ്ഥാനത്തിൽ വിപുലമാക്കി. കമ്പോളനിലവാരവും ബാങ്കിന്റെ ആവശ്യങ്ങളും കണക്കിലെടുത്തുകൊണ്ടാണ് ബോണ്ടുകളുടെ കാലാവധിയും പലിശനിരക്കും തീർച്ചപ്പെടുത്തുന്നത്.
വായ്പകൾക്കുപുറമേ, ബാങ്കിൽനിന്നും വായ്പ എടുത്തിട്ടുള്ളവരിൽനിന്നു കിട്ടുന്ന സെക്യൂരിറ്റികൾ മറ്റു സ്ഥാപനങ്ങൾക്കു കൈമാറ്റം ചെയ്തും ബാങ്കിന്റെ വായ്പാനിധി വർധിപ്പിക്കാറുണ്ട്.
വായ്പകൾ
[തിരുത്തുക]ബാങ്ക് മൂലധനത്തിൽനിന്നും പരസ്യവിപണികളിൽ ബോണ്ടുകൾ വിറ്റുകിട്ടുന്ന തുകയിൽനിന്നുമാണ് ബാങ്ക് പുനർനിർമ്മാണ-വികസനപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നത്. മറ്റു അന്താരാഷ്ട്രവായ്പകൾക്കു ജാമ്യം നിന്നും ബാങ്ക് അംഗരാഷ്ട്രങ്ങളെ സഹായിക്കുന്നു. അംഗ ഗവൺമെന്റുകളുടെ ഉറപ്പിൻമേൽ സ്വകാര്യസ്ഥാപനങ്ങൾക്കും വായ്പ അനുവദിക്കുന്നുണ്ട്. പിരിഞ്ഞുകിട്ടിയ മുതലും പരസ്യവിപണിയിൽനിന്ന് വായ്പ ലഭിച്ച തുകയും ബാങ്കിന്റെ ആദായവും ചേർന്നതാണ് ബാങ്കിന്റെ വായ്പാനിധി.
യുദ്ധക്കെടുതികൾക്കു വിധേയമായ യൂറോപ്യൻ രാഷ്ട്രങ്ങൾക്കാണ് ബാങ്ക് ആദ്യകാലങ്ങളിൽ സഹായം നല്കിയിരുന്നത്. 1949-നുശേഷം അല്പവികസിതരാഷ്ട്രങ്ങൾക്കും സഹായം നൽകാൻ തുടങ്ങി. അല്പവികസിതരാഷ്ട്രങ്ങൾക്ക് സാമ്പത്തികവികസനത്തിന് ദീർഘകാലവായ്പ നൽകുന്ന പ്രധാന ഏജൻസി ഈ ബാങ്ക് തന്നെയാണ്. വിദ്യുച്ഛക്ത്യുത്പാദനം, വാർത്താവിനിമയം, ഗതാഗതം, വ്യവസായം, വ്യാവസായിക ബാങ്കുകൾ, കൃഷി എന്നിവയുടെ വികസനത്തിന് സാധാരണയായി വായ്പ നൽകുന്നു. മുൻ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും അവികസിത രാജ്യങ്ങളുടെയും ഏറ്റവും വലിയ വികസന മൂലധനസ്രോതസ്സാണ് ബാങ്കിന്റെ വായ്പകൾ. ബാങ്കിൽനിന്നും ഏറ്റവുമധികം വായ്പയെടുത്തിട്ടുള്ള രാജ്യം അർജന്റീനയാണ്. 1999 സാമ്പത്തിക വർഷത്തിൽ 3.2 ബില്യൺ യു.എസ്സ്. ഡോളറാണ് ആർജന്റീനയ്ക്കു ലഭിച്ചിട്ടുള്ളത്. ഇന്തോനേഷ്യ, ചൈന, ദക്ഷിണകൊറിയ, റഷ്യ, ബ്രസീൽ, തായ്‌ലന്റ്, ഇന്ത്യ ബംഗ്ലാദേശ്, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് മറ്റു പ്രധാന വായ്പാ സ്വീകർത്താക്കൾ.
ചില പ്രത്യേക വ്യവസ്ഥകൾക്കു വിധേയമായാണ് ബാങ്ക് വായ്പ നൽകുന്നത്:
- പുനരുത്പാദനശേഷിയുള്ള പദ്ധതികളായിരിക്കണം.
- ന്യായമായ നിരക്കിൽ മറ്റു ഏജൻസികളിൽനിന്ന് വായ്പ ലഭിക്കാതെ വരുമ്പോൾ മാത്രം പരിഗണന നൽകണം.
- വായ്പ എടുക്കുന്നവരോ, അതിനു ജാമ്യം നിൽക്കുന്നവരോ വായ്പാബാദ്ധ്യതകൾ നിറവേറ്റാൻ പ്രാപ്തിയുള്ളവരായിരിക്കണം;
- വായ്പ അനുവദിക്കുന്നത് ഗവൺമെന്റ് സ്ഥാപനത്തിനല്ലെങ്കിൽ വായ്പാബാദ്ധ്യതകൾ നിറവേറ്റാൻ പ്രാപ്തിയുള്ളവരായിരിക്കണം;
വായ്പ ആവശ്യപ്പെടുന്ന രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ചും പദ്ധതിയെക്കുറിച്ചും ബാങ്ക് പ്രതിനിധികൾ നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിക്കുന്നത്. സാധാരണയായി പദ്ധതികളുടെ ആവശ്യത്തിനുവേണ്ട ഇറക്കുമതികൾക്കും മറ്റു സാങ്കേതിക സഹായങ്ങൾക്കും മാത്രമേ ബാങ്ക് വായ്പ നൽകാറുള്ളു. ചില പ്രത്യേക സാഹചര്യങ്ങളിൽ ഈ നയത്തിന് മാറ്റം വരുത്താറുണ്ട്.
മറ്റു രാഷ്ട്രങ്ങളിൽനിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനാവശ്യമായ വിദേശനാണ്യം ബാങ്കിന്റെ വിദേശനാണ്യനിധിയിൽനിന്നും കൊടുക്കുന്നു. ഏതെങ്കിലും വിദേശനാണ്യങ്ങൾ ഇല്ലാതെവരികയാണെങ്കിൽ മറ്റു നാണയങ്ങൾ ഉപയോഗിച്ച് ഈ പ്രത്യേക നാണ്യം നേടിക്കൊടുക്കുന്നു. വിദേശനാണ്യ നിധിയിൽനിന്ന് വായ്പ എടുത്താൽ ആ നാണയത്തിൽതന്നെ വായ്പ മടക്കിയടയ്ക്കണം. രണ്ടാമത്തെ രീതിയിലാണെങ്കിൽ ആവശ്യമായ നാണയം സമ്പാദിക്കാൻ ഉപയോഗിച്ച നാണയത്തിൽതന്നെ വായ്പ മടക്കി അടയ്ക്കണം.
നിശ്ചിത പദ്ധതികൾ സമർപ്പിച്ചാണ് അംഗരാഷ്ട്രങ്ങൾ വായ്പ നേടുന്നത്. നിശ്ചിത പദ്ധതിക്കുതന്നെ വായ്പത്തുക വിനിയോഗിക്കണമെന്ന് നിർബന്ധമുണ്ട്. ബാങ്ക് നേരിട്ട് പദ്ധതികൾ പരിശോധിക്കുകയും അതനുസരിച്ച് വായ്പകൾ നിയന്ത്രിക്കുകയും ചെയ്യുന്നു.
പലിശനിരക്ക്
[തിരുത്തുക]ഒരേ കാലയളവിൽ ഒരേ നിരക്കിലുള്ള പലിശയാണ് ബാങ്ക് ഈടാക്കുന്നത്. പരസ്യവിപണികളിൽനിന്ന് ബാങ്ക് വായ്പ സ്വീകരിക്കുമ്പോൾ കൊടുക്കേണ്ട പലിശ, വായ്പകളിൽനിന്ന് ബാങ്ക് ഈടാക്കുന്ന 1 ശതമാനം കമ്മിഷൻ, ബാങ്കിന്റെ ഭരണച്ചെലവിലേക്ക് ഒരു ചെറിയ തുക എന്നിവ കണക്കിലെടുത്തുകൊണ്ടാണ് പലിശനിരക്ക് തീർച്ചപ്പെടുത്തുന്നത്. 4 ശതമാനം മുതൽ 6മ്പ ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്. ബാങ്കിന്റെ അറ്റാദായം ബാങ്കിന്റെ പൂരക കരുതൽ ധനത്തോട് (Supplementary reserve)[5] ചേർക്കുന്നു. വായ്പകളിൻമേൽ ഈടാക്കുന്ന 1 ശതമാനം കമ്മിഷൻ സ്പെഷ്യൽ റിസർവ് ഫണ്ടിലും ചേർക്കുന്നു.
സാമ്പത്തികസഹായത്തിനു പുറമേ, ബാങ്ക് സാങ്കേതിക സഹായങ്ങളും നൽകുന്നുണ്ട്. നിരീക്ഷണ സമിതികൾ സംഘടിപ്പിച്ചാണ് ബാങ്ക് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. അംഗരാഷ്ട്രങ്ങളുടെ വികസന സാധ്യതയെക്കുറിച്ച് പഠിക്കുകയും അതതു ഗവൺമെന്റുകളുടെ ദീർഘകാലവികസന പദ്ധതികൾക്കു രൂപംകൊടുക്കുകയുമാണ് ഈ നിരീക്ഷണസമിതികളുടെ ജോലി. ഈ സമിതികളുടെ റിപ്പോർട്ടുകൾ ബാങ്കും ബന്ധപ്പെട്ട രാഷ്ട്രങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്. ലാറ്റിൻ അമേരിക്കയിലും ഏഷ്യയിലും ബാങ്ക് പ്രതിനിധികളെ അയച്ച് പൊതുമേഖലാനിക്ഷേപങ്ങൾക്കും വികസനപരിപാടികൾക്കും വേണ്ട സഹായങ്ങൾ കൊടുക്കുന്നു. ഭക്ഷ്യകാർഷികസംഘടനയുമായി സഹകരിച്ച് കൃഷിവികസന സാധ്യതകളെക്കുറിച്ച് പഠിക്കാൻ വിദഗ്ദ്ധസംഘങ്ങളെയും അയയ്ക്കുന്നു. അംഗരാഷ്ട്രങ്ങൾ നടത്തുന്ന സാമ്പത്തിക വികസന സർവേകളിലും ബാങ്ക് പങ്കെടുക്കുന്നുണ്ട്.
1956-ൽ സ്ഥാപിതമായ അന്താരാഷ്ട്ര ധനകാര്യകോർപ്പറേഷൻ, 1960-ൽ രൂപംകൊണ്ട അന്താരാഷ്ട്ര വികസന സമിതി, 1966-ൽ നിലവിൽവന്ന ഇന്റർനാഷനൽ സെന്റർ ഫോർ സെറ്റിൽമെന്റ് ഒഫ് ഇൻവെസ്റ്റ്മെന്റ് ഡിസ്പ്യൂട്ട് എന്നിവയ്ക്കു പുറമെ മൾട്ടിലാറ്ററൽ ഇൻവെസ്റ്റ്മെന്റ് ഗ്യാരന്റി ഏജൻസി (1988) എന്നൊരു സ്ഥാപനവും ബാങ്കിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. വികസ്വര രാഷ്ട്രങ്ങളിലെ വികസന പരിപാടികളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർക്ക് പരിശീലനം നൽകുക, സെമിനാറുകൾ സംഘടിപ്പിക്കുക എന്നിവ ഈ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങളിൽപ്പെടുന്നു. കേന്ദ്രബാങ്കുകളുടെ പ്രതിനിധികളും ഈ സെമിനാറുകളിൽ പങ്കെടുക്കാറുണ്ട്. അല്പവികസിത രാഷ്ട്രങ്ങളുടെ പ്രശ്നങ്ങളാണ് സാധാരണയായി ഈ ഇൻസ്റ്റിട്യൂട്ട് ചർച്ചചെയ്യുന്നത്. വിദേശ രാഷ്ട്രങ്ങളിൽ സ്വകാര്യ നിക്ഷേപങ്ങൾവഴി വികസന പരിപാടികൾ ആവിഷ്കരിക്കുന്നതിനും ബാങ്ക് സഹായിക്കുന്നു. അന്താരാഷ്ട്ര തർക്കങ്ങൾ ചർച്ചചെയ്യുന്നതിനുള്ള ഒരു വേദിയായും ബാങ്ക് പ്രവർത്തിക്കുന്നുണ്ട്. യു.എ.ആറും സൂയസ് കനാൽ കമ്പനിയും തമ്മിലുള്ള തർക്കവും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ധുനദീജലത്തർക്കവും ഇവിടെ പ്രസ്താവ്യമാണ്.
എയ്ഡ് ഇന്ത്യാ കൺസോർഷ്യം, എയ്ഡ് പാകിസ്താൻ കൺസോർഷ്യം എന്നിവയുടെ പ്രവർത്തനങ്ങളിലും ബാങ്ക് മുൻകൈയെടുക്കുന്നുണ്ട്. കൊളംബിയ, കിഴക്കേ ആഫ്രിക്ക, കൊറിയ, മലേഷ്യ, മൊറോക്കോ, നൈജീരിയ, പെറു, ഫിലിപ്പൈൻസ്, സുഡാൻ, തായ്‌ലന്റ്, ടുണീഷ്യ എന്നീ രാജ്യങ്ങളുടെ ആവശ്യത്തിനുവേണ്ടി ചർച്ചാസമിതികൾ രൂപവത്കരിച്ചതും ബാങ്ക് തന്നെയാണ്. ശ്രീലങ്ക, ഘാന എന്നീ രാജ്യങ്ങൾക്കുവേണ്ട സഹായസമിതികളും ബാങ്ക് ആസൂത്രണം ചെയ്തിട്ടുണ്ട്. ഇന്റർ ഗവൺമെന്റ് ഗ്രൂപ്പ് ഫോർ ഇന്തോനേഷ്യ(IGGI)യ്ക്കുവേണ്ട[6] ഉദ്യോഗസ്ഥസഹായം ബാങ്ക് നൽകുന്നു. ടർക്കി കൺസോർഷ്യത്തിലെ ഒരംഗംകൂടിയാണ് ഈ ബാങ്ക്. സമീപകാലത്തായി ദാരിദ്ര്യനിർമാജനം, പ്രാദേശിക-ചെറുകിട സംരംഭക വികസനം, ശുദ്ധജലവിതരണം, സുസ്ഥിരവികസനം എന്നീ ലക്ഷ്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതികൾ ആവിഷ്കരിക്കുന്നു. സാമ്പത്തിക വികസന പദ്ധതികൾ പരിസ്ഥിതിക്കു കോട്ടം തട്ടാത്ത തരത്തിലായിരിക്കണം നടപ്പാക്കേണ്ടതെന്ന് ബാങ്ക് നിഷ്കർഷിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെ ബാങ്ക് വിവിധ രീതികളിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സുരക്ഷാ നയങ്ങൾ എന്ന പേരിൽ ഒരു പരിപ്രേക്ഷ്യ രേഖ തന്നെ ബാങ്ക് തയ്യാറാക്കിയിട്ടുണ്ട്.
വികസ്വര രാജ്യങ്ങളുടെ വികസനം ലക്ഷ്യമാക്കിയാണ് ബാങ്ക് പ്രവർത്തിക്കുന്നതെങ്കിലും, സമ്പന്ന രാജ്യങ്ങളുടെ നവലിബറൽ നയങ്ങളുടെ ഉപകരണമാണെന്ന വിമർശനം ബാങ്കിനെതിരെ ഉയർന്നിട്ടുണ്ട്. 1990 കളിൽ ബാങ്ക് മുന്നോട്ടുവച്ച ഘടനാപരമായ സാമ്പത്തിക നവീകരണ പദ്ധതികൾക്കെതിരെയുണ്ടായ ആഗോളവ്യാപക പ്രതിഷേധങ്ങൾ ശ്രദ്ധേയമാണ്. ഈ പ്രതിഷേധങ്ങളുടെ അടിസ്ഥാനത്തിൽ പലതരത്തിലുള്ള പൊളിച്ചെഴുത്തുകൾക്ക് ബാങ്ക് നിർബന്ധിതമായിക്കൊണ്ടിരിക്കുകയാണ്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-31. Retrieved 2009-05-07.
- ↑ http://www.nationsencyclopedia.com/United-Nations-Related-Agencies/The-World-Bank-Group-INTERNATIONAL-BANK-FOR-RECONSTRUCTION-AND-DEVELOPMENT-IBRD.html
- ↑ http://www.imf.org/external/data.htm
- ↑ http://siteresources.worldbank.org/EXTARCHIVES/Resources/WB_Historical_Chronology_1944_2005.pdf
- ↑ http://www.facebook.com/pages/Canadian-Forces-Supplementary-Reserve/110848688967995
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2004-12-14. Retrieved 2011-08-11.
പുറംകണ്ണികൾ
[തിരുത്തുക]- http://www.worldbank.org/
- http://web.worldbank.org/WBSITE/EXTERNAL/EXTABOUTUS/0,,pagePK:50004410~piPK:36602~theSitePK:29708,00.html Archived 2012-05-27 at Archive.is
- http://www.britannica.com/EBchecked/topic/765769/International-Bank-for-Reconstruction-and-Development-IBRD
- http://www.investopedia.com/terms/i/international-bank-of-reconstruction-and-development.asp#axzz1UhKc3mra
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്ക് (ലോകബാങ്ക്) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |