Jump to content

ഹെൻറി ഹാലറ്റ് ഡേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെന്റി ഹാലറ്റ് ഡേൽ
ജനനം(1875-06-09)9 ജൂൺ 1875
മരണം23 ജൂലൈ 1968(1968-07-23) (പ്രായം 93)
ദേശീയതUnited Kingdom
അറിയപ്പെടുന്നത്Acetylcholine
പുരസ്കാരങ്ങൾNobel Prize in Physiology or Medicine (1936)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPharmacology, Physiology

നോബൽ സമ്മാനം നേടിയ ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനായിരുന്നു ഹെന്റി ഹാലറ്റ് ഡേൽ. യു.എസ്. ഭിഷഗ്വരനായ ഓട്ടോ ലെവിയുമായി ചേർന്ന് നാഡീ ആവേഗങ്ങളുടെ പ്രേഷണത്തെക്കുറിച്ചു നടത്തിയ പഠനങ്ങൾക്ക് 1936-ൽ ഇരുവർക്കും നോബൽ സമ്മാനം ലഭിച്ചു.

വൈദ്യശാസ്ത്രത്തിൽ എം.ഡി. ബിരുദം

[തിരുത്തുക]

1875 ജൂൺ 9-ന് ലണ്ടനിൽ ജനിച്ചു. 1898-ൽ കേംബ്രിജ് സർവ്വകലാശാലയിലെ ട്രിനിറ്റി കോളജിൽ നിന്ന് ബിരുദം നേടിയ ശേഷം സെയ്ന്റ് ബാർത്തലോമിയോസ് ആശുപത്രിയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ എം.ഡി. ബിരുദം നേടി (1909). 1914-ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ റിസർച്ചിൽ ജൈവ രസതന്ത്ര-ശരീര ക്രിയാ ശാസ്ത്ര വിഭാഗം തലവനായി നിയമിക്കപ്പെട്ട ഡേൽ 1928-ൽ ആ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ പദവിയിലെത്തി. 1943-ൽ ബ്രിട്ടിഷ് ഗ്രാൻഡ് ക്രോസ് ഓർഡർ ഡേലിന് സർ പദവി നൽകി ആദരിച്ചു. 1942-46 വരെ റോയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ രസതന്ത്ര വിഭാഗം ഫുളേറിയൻ പ്രൊഫ. ആയി പ്രവർത്തിച്ചു. പിന്നീട് ഡേവി ഫാരഡേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു.

ഗവേഷണങ്ങൾ

[തിരുത്തുക]

1900-ന്റെ ആരംഭത്തിൽ തന്നെ പേശീസങ്കോചത്തിനു കാരണമാകുന്ന ചില പദാർഥങ്ങളെക്കുറിച്ച് ഇദ്ദേഹം പഠനം ആരംഭിച്ചു. ധാന്യങ്ങളെ ബാധിക്കുന്ന എർഗട്ട് എന്ന ഒരിനം പൂപ്പൽ ശരീരക്രിയകളിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചാണ് ആദ്യം പഠനം നടത്തിയത്. പേശീസങ്കോചത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവ് എർഗട്ടിനുള്ളതായി കണ്ടെത്തിയ ഇദ്ദേഹം ഇതിനു കാരണമായ എർഗോടോക്സിൻ എന്ന പദാർഥം വേർതിരിച്ചെടുക്കുകകൂടി ചെയ്തു. തുടർന്ന് ഉത്തര പീയൂഷ ഗ്രന്ഥി(posterior pitutary gland)യുടെ സ്രവങ്ങൾക്ക് പേശികളുടെ, വിശേഷിച്ച് ഗർഭപാത്ര പേശികളുടെ സങ്കോചത്തെ ഉത്തേജിപ്പിക്കാൻ (oxytocic effect) കഴിവുള്ളതായി ഡേൽ മനസ്സിലാക്കി. രക്തധമനികളുടെ വികാസത്തിനിടയാക്കുന്ന ഹിസ്റ്റാമിൻ പോലെയുള്ള പദാർഥങ്ങളുടെ പ്രഭാവത്തെ സംബന്ധിച്ച പഠനത്തിനിടയിൽ അസറ്റൈൽ കോളിൻ (acetyl choline) എന്ന ഒരു രാസവസ്തുവിന്റെ ഭേഷജഗുണങ്ങൾ ഡേലിന്റെ ശ്രദ്ധയാകർഷിച്ചു. സിരകൾ വികസിതമാക്കുന്ന അനുചേതനീനാഡി(para sympathetic nervas)കളുടെ പ്രവർത്തനത്തിനു സമാനമാണ് അസറ്റൈൽ കോളിന്റെയും പ്രവർത്തനം എന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞു. മാത്രമല്ല, അസറ്റൈൽ കോളിൻ അനുചേതനീനാഡികളുടെ പ്രവർത്തനം ഉത്തേജിപ്പിക്കുകയും ചെയ്യുന്നതായി ഇദ്ദേഹം കണ്ടെത്തി. അസറ്റൈൽ കോളിന്റെ ശരീരക്രിയാ ശാസ്ത്രപരമായ പ്രവർത്തനങ്ങളുടെ പൂർണ വിവരങ്ങൾ അടങ്ങുന്ന ഒരു പ്രബന്ധം 1914-ൽ ഇദ്ദേഹം പ്രസിദ്ധീകരിച്ചു. അസറ്റൈൽ കോളിനും ഹിസ്റ്റാമിനും മൃഗങ്ങളുടെ ശരീരകലകളിൽ പ്രകൃത്യായുള്ള ഘടകങ്ങളാണ് എന്നും ഡേൽ വ്യക്തമാക്കി. നാഡി ആവേഗങ്ങളിൽ നടക്കുന്ന രാസപ്രസാരണങ്ങളിലേക്കായിരുന്നു പിന്നീട് ഡേൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. അനുചേതനീ നാഡിയായ വാഗസ് നാഡി സ്രവിക്കുന്ന ഒരു രാസപദാർഥം ഇതിനിടയ്ക്ക് ഓട്ടോ ലെവി വേർതിരിച്ചു (1920). ഈ രാസപദാർഥം അസറ്റൈൽ കോളിൻ തന്നെയാണെന്നും ഒരു നാഡീകോശത്തിൽ നിന്ന് മറ്റൊന്നിലേക്ക് ആവേഗങ്ങൾ പ്രേഷണം ചെയ്യുന്നത് അസറ്റൈൽ കോളിൻ ആണെന്നും ഡേലിനു ബോധ്യമായി. ഈ പഠനത്തിനാണ് 1936-ലെ ശരീരക്രിയാശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഡേലിനും ഓട്ടോ ലെവിക്കും ലഭിച്ചത്. അസറ്റൈൽ കോളിന്റെ പ്രഭാവം വളരെ ക്ഷണികമാണ് എന്നു മനസ്സിലാക്കിയ ഡേൽ, അസറ്റൈൽ കോളിൻ നശിപ്പിക്കുവാൻ ശേഷിയുള്ള കോളിൻഎസ്റ്ററേസ് (cholinesterase) എന്ന പദാർഥത്തിന്റെ സാന്നിധ്യത്തെക്കുറിച്ചും പ്രവചിച്ചു. ഈ പദാർഥം കണ്ടുപിടിച്ചത് പിന്നെയും പതിനാറു വർഷങ്ങൾക്കു ശേഷം മാത്രമാണ്.

1968 ജൂലൈ 22-ന് ഇംഗ്ലണ്ടിലെ കേംബ്രിജിൽ ഡേൽ മരണ മടഞ്ഞു.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡേൽ, ഹെന്റി ഹാലറ്റ് (1875 - 1968) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.