Jump to content

സിഖ് വിരുദ്ധ കലാപം (1984)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1984-ലെ സിഖ് വിരുദ്ധ കലാപം
Sikh man being surrounded and beaten
ഒരു സിഖ്കാരനെ ജനക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുന്നു.
തീയതി1984, ഒക്ടോബർ 31 − 1984, നവംബർ 3
ആക്രമണലക്ഷ്യംസിഖ് വംശജർ
മരിച്ചവർ8,000 ൽ അധികം
(3,000 ഓളം പേർ ഡെൽഹിയിൽ)[1]

ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി 1984 ഒക്ടോബർ 31-ന് സിഖുകാരായ രണ്ട് അംഗരക്ഷകരാൽ വധിക്കപ്പെട്ടതിനെ തുടർന്ന് [2] സിഖ് വംശത്തിൽ പെട്ടവർക്കെതിരെ പ്രതികാര ലക്ഷ്യത്തോടെ നടത്തിയ ആക്രമണങ്ങളാണ് സിഖ് വിരുദ്ധ കലാപം എന്നറിയപ്പെടുന്നത്. മാതൃ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കൊലപ്പെടുത്തിയതിൽ പ്രകോപിതരായ ധാരാളം കോൺഗ്രസ്സ് പ്രവവർത്തകർ കലാപവുമായി ബന്ധപ്പെട്ട്‌ അറസ്റ്റ് ചെയ്യപ്പെട്ടു.കോൺഗ്രസ്‌ പാർട്ടിയ്ക്ക് കൃത്യമായ പങ്ക് ഈ കലാപത്തിൽ ഉണ്ടായിരുന്നു

ഒരു വൻമരം വീഴുമ്പോൾ സമീപപ്രദേശങ്ങളെ അത് ബാധിച്ചേക്കാം എന്ന രാജീവ് ഗാന്ധിയുടെ പ്രസ്താവന, അദ്ദേഹത്തിന്റെ അറിവോടെയാണ് ഈ കലാപം നടന്നത് എന്നതിനുള്ള തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.[3] ക്രമസമാധാന പാലനം നിലക്കപ്പെട്ട അവസ്ഥയിൽ അക്രമികൾ സിഖുകാരുടെ കച്ചവട സ്ഥാപനങ്ങളും വീടുകളും കൊള്ളയടിക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്തു. ഡൽഹിയിലും സമീപപ്രദേശങ്ങളിലും അരങ്ങേറിയ കലാപത്തിൽ ഏതാണ്ട് 3100 പേർ മരിച്ചു.[4] .[അവലംബം ആവശ്യമാണ്]

സിഖ് വംശജർ കൂട്ടമായി താമസിച്ചിരുന്ന പ്രദേശത്താണ് അക്രമം കൂടുതലായി അരങ്ങേറിയത്. അക്രമത്തെത്തുടർന്ന് ഏതാണ്ട് 20000 ഓളം ആളുകൾ ഡൽഹി വിട്ട് ഓടിപ്പോയിയെന്ന് സർക്കാരിന്റെ ഔദ്യോഗിക രേഖകൾ പറയുമ്പോൾ, ചുരുങ്ങിയത് ആയിരത്തോളം ആളുകൾക്ക് വീടുൾപ്പടെ നഷ്ടപ്പെട്ടുവെന്ന് പീപ്പിൾ യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് എന്ന സംഘടന നടത്തിയ പഠനങ്ങൾ കാണിക്കുന്നു.[5][6] വ്യക്തമായ പദ്ധതിപ്രകാരം നടത്തിയ ഒരു കലാപമായിരുന്നു ഇതെന്ന് മാധ്യമങ്ങളും, മനുഷ്യാവകാശ സംഘടനകളും വിശ്വസിക്കുന്നു.[7][8] കലാപത്തിനുത്തരവാദികളായവരെ നേരാവണ്ണം നിയമത്തിനു മുന്നിൽ കൊണ്ടുവരാതിരുന്ന സർക്കാരിന്റെ നിസ്സംഗത ഖാലിസ്ഥാൻ മൂവ്മെന്റ് പോലുള്ള വിപ്ലവപ്രസ്ഥാനങ്ങളിലേക്ക് സിഖുക്കാരെ അടുപ്പിച്ചു.[9] 1984 ലെ കലാപം, സിഖ് വംശത്തിനുനേരെ നടന്ന ഒരു നരഹത്യയായിരുന്നു എന്നാണ് അകാൽ തക് എന്ന സംഘടന ആരോപിക്കുന്നത്.[10]

പശ്ചാത്തലം

[തിരുത്തുക]
സുവർണക്ഷേത്രം

സിഖുകാരുടെ പുണ്യകേന്ദ്രമായ അമൃത്‌സറിലെ സുവർണക്ഷേത്രം സൈനിക നടപടിയിലൂടെ ആക്രമിക്കപ്പെട്ടപ്പെട്ടത് സിഖ് സമുദായത്തിന്റെ രോഷത്തിന് ഇട വരുത്തിയിരുന്നു. സ്വതന്ത്ര്യ സിഖ് രാജ്യമായ ഖാലിസ്ഥാന്റെ രൂപവത്കരണത്തിനായി പ്രക്ഷോഭം നടത്തുന്ന കലാപകാരികളെ നേരിടാനാണ് 'ഓപ്പറേഷൻ ബ്ലൂസ്റ്റാർ' എന്നറിയപ്പെടുന്ന സൈനിക നടപടി കൈക്കൊണ്ടത്.[11] കലാപകാരികളും തീർത്ഥാടകരുമടക്കം നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ട ഈ സൈനിക നടപടിക്കു ശേഷം ഇന്ദിരാഗാന്ധിയുടെ ജീവന് തുടർച്ചയായ ഭീഷണികളൂണ്ടായിരുന്നു. സിഖുകാരായ അംഗരക്ഷകരെയും സന്ദർശകരെയും മാറ്റി നിർത്തണമെന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ആവശ്യങ്ങൾ അവർ നിരാകരിച്ചിരുന്നു. സാമുദായികമായ വേർതിരിവുകൾ ഇക്കാര്യങ്ങളിൽ വേണ്ടെന്നായിരുന്നു ഈ ഉപദേശം നിരാകരിച്ചുകൊണ്ട് അവരോട് പറഞ്ഞത്.[12]

രാവിലെ 9:20-ന് വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ശ്രീമതി ഇന്ദിരാഗാന്ധി ഒന്നര മണിക്കൂർ കഴിഞ്ഞ് അന്ത്യശ്വാസം വലിച്ചു. മരണ വാർത്ത അഖിലേന്ത്യാ റേഡിയോയിലൂടെ 11 മണിക്ക് ജനം ശ്രവിച്ചു. ഇന്ദിരാഗാന്ധിയെ വെടി വെച്ചത് രണ്ട് സിഖുകാരാണെന്നും പുറംലോകം അറിഞ്ഞു.

കലാപത്തിന്റെ തുടക്കം

[തിരുത്തുക]
ഇന്ദിരാഗാന്ധി
കലാപ ബാധിത പ്രദേശങ്ങൾ

വെടിയേറ്റ് ശസ്ത്രക്രിയക്ക് വിധേയയായ ശ്രീമതി ഇന്ദിരാഗാന്ധി പ്രവേശിപ്പിക്കപ്പെട്ട അഖിലേന്ത്യാ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (AIIMS) പരിസരത്ത് കൂടിയവരിൽ സിഖുകാരടക്കം നാനാ മതസ്ഥരുമുണ്ടായിരുന്നു. ആക്രമണ ഭീതിയില്ലാതെയാണ് സിഖുകാർ ദുഃഖാചരണങ്ങളിൽ പങ്കു ചേർന്നത്. എന്നാൽ ആക്രമണ വാർത്തയറിഞ്ഞ് ആശുപത്രിയിലെത്തിയ അന്നത്തെ രാഷ്ട്രപതി സെയിൽസിംഗിന്റെ വാഹന വ്യൂഹം ആക്രമിക്കപ്പെട്ടു. ലണ്ടനിലെ സിഖ് സമൂഹം മധുരം വിതരണം ചെയ്തും നൃത്തം ചെയ്തും ഇന്ദിരാഗാന്ധിയുടെ മരണം ആഘോഷിച്ചെന്ന പ്രചാരണങ്ങൾ വൈകാതെ ഡൽഹിയിൽ പരന്നു. ആശുപത്രി പരിസരത്തുണ്ടായിരുന്ന ജനക്കൂട്ടം അതോടെ അക്രമാസക്തമായി. വൈകീട്ട് ആശുപത്രിയിൽ വന്ന രാഷ്ട്രപതി സെയിൽ സിങിന്റെ ഔദ്യോഗിക വാഹനത്തിനു നേരെ കല്ലേറുണ്ടായി. ഒക്ടോബർ 31 ലെ അക്രമം അഖിലേന്ത്യാ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പരിസരത്തു മാത്രമായിരുന്നു. ഡൽഹിയുടെ പ്രാന്ത പ്രദേശങ്ങൾ അപ്പോഴെല്ലാം ശാന്തമായിരുന്നു.

പുതിയ പ്രധാനമന്ത്രിയായി ശ്രീ രാജീവ് ഗാന്ധി ഒക്ടോബർ 31-ന് അധികാരമേറ്റെടുത്തു. അപ്പോഴേക്കും അക്രമാസക്തരായ ജനക്കൂട്ടം സിഖുകാരെ ആക്രമിക്കാനും അവരുടെ വീടുകളും സ്വത്തുക്കളും നശിപ്പിക്കാനും തുടങ്ങിയിരുന്നു.[13] പ്രതിപക്ഷ നേതാവ് രാം ജത്‌മലാനി അന്നത്തെ ആഭ്യന്തരമന്ത്രി പി.വി. നരസിംഹറാവുവിനെ കണ്ട് സിഖുകാരെ ആക്രമണങ്ങളിൽ നിന്ന് സം‌രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.

ആയുധ വിതരണവും, മീറ്റിങ്ങുകളും

[തിരുത്തുക]

ഒക്ടോബർ 31 നു രാത്രിമുതൽ കോൺഗ്രസ്സ് നേതാക്കളുൾപ്പടെയുള്ളവർ പ്രാദേശികമായി മീറ്റിങ്ങുകൾ നടത്തുകയും, കയ്യിൽകിട്ടാവുന്ന ആയുധങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുകയും ചെയ്തു. കോൺഗ്രസ്സ് പാർലിമെന്റംഗം കൂടിയായ, സജ്ജൻകുമാറിന്റെ നേതൃത്വത്തിൽ അക്രമികൾക്ക് മദ്യവും, നൂറുരൂപാ നോട്ടുകളും നൽകി.[14] നവംബർ 1-ന് അക്രമാസക്തരായ ജനക്കൂട്ടം ഡൽഹിക്കടുത്ത സുൽത്താൻപുരിയിലും ത്രിലോക്പുരിയിലും മംഗൽപുരിയിലും തെരുവിലിറങ്ങി. പിന്നീട് ഡൽഹിയിലും അക്രമം വ്യാപിച്ചു. ഇരുമ്പു ദണ്ഡുകളും സ്ഫോടക വസ്തുക്കളും കഠാരകളും മണ്ണെണ്ണയുമായെത്തിയ അക്രമികൾ കണ്ണിൽ കണ്ട സിഖ് സമുദായാംഗങ്ങളെയെല്ലാം ആക്രമിച്ചു. സിഖ് ഭൂരിപക്ഷ പ്രദേശങ്ങളിൽ തീവെപ്പും ബലാത്സംഗങ്ങളും കൊള്ളയും അരങ്ങേറി. ഡൽഹിയിൽ ബസ്സുകളും ട്രെയിനുകളും തടഞ്ഞ് നിർത്തി സിഖുകാരായ യാത്രക്കാരെ തെരഞ്ഞ് പിടിച്ച് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു.[15] സജ്ജൻകുമാറിന്റെ നേതൃത്വത്തിൽ സിഖ് വംശജർ താമസിക്കുന്ന സ്ഥലങ്ങളിൽ ആയുധങ്ങളുമായി അക്രമികൾ ഇരച്ചു കയറി. ഇന്ദിരാ ഗാന്ധി നമ്മുടെ മാതാവായിരുന്നു, അവരെ കൊന്ന സിഖുകാരെ കൊന്നൊടുക്കുക, അവരുടെ വീടുകൾ നശിപ്പിക്കുക എന്നായിരുന്നു സജ്ജൻകുമാർ തന്റെ പിന്നിൽ അണിനിരന്ന അക്രമികളോടായി അലറിയതെന്ന് ദൃക്സാക്ഷികൾ ഓർമ്മിക്കുന്നു.[16] ഒറ്റ ഒരു സിഖുകാരൻ പോലും ജീവിച്ചിരിക്കരുതെന്ന് സജ്ജൻകുമാർ ആക്രോശിച്ചിരുന്നു എന്ന പിന്നീട് നടന്ന അന്വേഷണകമ്മീഷനുകൾക്ക് ദൃക്സാക്ഷികൾ നൽകിയ മൊഴികളിൽ രേഖപ്പെടുത്തിയിരിക്കുന്നു.[17] ഡൽഹിയിലാണ് ആദ്യത്തെ കൊലപാതകം അരങ്ങേറിയത്. സിഖുകാരുടെ ഗുരുദ്വാരകളായിരുന്നു അക്രമികളുടെ പ്രാഥമിക ലക്ഷ്യം. ഗുരുദ്വാരകളിൽ അഭയം തേടിയവർ അവിടെ വെച്ച് കൂട്ടമായി ആക്രമിക്കപ്പെട്ടു. ഡൽഹിയിൽ മാത്രം ഏതാണ്ട് 3000 ഓളം സിഖുകാർ കൊല്ലപ്പെട്ടു. സിഖുകാർ കൂട്ടമായി താമസിച്ചിരുന്ന പ്രദേശങ്ങളിൽ മൃതശരീരങ്ങളിലോ, മൃതശരീരങ്ങളിൽ നിന്നും വേർപെട്ട ഭാഗങ്ങളിലോ ചവിട്ടാതെ നടക്കാനാവുമായിരുന്നില്ലെന്ന് പിറ്റേദിവസം സംഭവസ്ഥലം സന്ദർശിച്ച ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ടർ രാഹുൽ ബേദി രേഖപ്പെടുത്തിയിരിക്കുന്നു.[18] അക്രമികൾക്കെതിരെ പോലീസ് രംഗത്തു വന്ന ഫറഷ് ബസാർ, കരോൾബാഗ് എന്നിവിടങ്ങളിൽ അക്രമങ്ങൾ കുറവായിരുന്നു.

സിഖുകാരേയും, അവർ താമസിക്കുന്ന സ്ഥലങ്ങളും കണ്ടു പിടിക്കുവാൻ അക്രമത്തിനു നേതൃത്വം നൽകിയവർ റേഷൻ കാർഡുകളും, വോട്ടർ പട്ടികയും, സ്കൂൾ രജിസ്ട്രേഷൻ വിവരങ്ങളും എല്ലാം സംഘടിപ്പിച്ചിരുന്നു. ഒക്ടോബർ 31 രാത്രി തന്നെ, സിഖുകാരുടെ വീടുകൾ കണ്ടുപിടിച്ച് അതിലെല്ലാം ഇംഗ്ലീഷ് അക്ഷരം 'S' എന്നു രേഖപ്പെടുത്തിയിരിക്കുന്നു. പിറ്റേ ദിവസം സിഖുകാരുടെ വീടുകൾ പ്രത്യേകമായി തിരിച്ചറിയാനായിരുന്നു ഇത്.[19] നവംബർ 2-ന് ഡൽഹിയിലുടനീളം കർഫ്യൂ പ്രഖ്യാപിക്കപ്പെട്ടു. ഡൽഹിയിൽ സൈന്യത്തെ വിന്യസിപ്പിച്ചെങ്കിലും പോലീസിന്റെ നിസ്സഹകരണം മൂലം കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. നവംബർ 3-ന് പകൽ സമയത്തും അക്രമങ്ങൾ തുടരുകയായിരുന്നു. വൈകുന്നേരത്തോടെ സൈന്യവും പ്രാദേശിക പോലീസ് യൂണിറ്റുകളും സം‌യുക്തമായി പ്രവർത്തിക്കാനാരംഭിച്ചു. ക്രമസമാധാനം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതോടെ അക്രമങ്ങളുടെ വ്യാപ്തി കുറയുകയും പ്രശ്നങ്ങൾ നിയന്ത്രണാധീനമാവുകയും ചെയ്തു.

കലാപത്തിന്റെ സമയരേഖ

[തിരുത്തുക]

ഒന്നാം ദിവസം (31 ഒക്ടോബർ 1984)

[തിരുത്തുക]
  • 09:20 : ഇന്ദിരാ ഗാന്ധിയെ അവരുടെ സുരക്ഷാ ഭടന്മാർ വെടിവെച്ചു കൊലപ്പെടുത്താൻ ശ്രമിക്കുന്നു, ജീവൻ രക്ഷിക്കാനായി ഇന്ദിരാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • 10:50  : ഇന്ദിരാ ഗാന്ധി അന്തരിച്ചു.
  • 11:00  : ഇന്ദിരാ ഗാന്ധിയുടെ മരണം, ഓൾ ഇന്ത്യാ റേഡിയോയിലൂടെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു.
  • 16:00 : പശ്ചിമ ബംഗാളിലായിരുന്നു രാജീവ് ഗാന്ധി ആശുപത്രിയിലെത്തിച്ചേർന്നു.
  • 17:30 : എയിംസിലെത്തിയ രാഷ്ട്രപതി ഗ്യാനി സെയിൽ സിങിന്റെ വാഹന വ്യൂഹത്തിനു നേരേ കല്ലേറ്.

രണ്ടാം ദിവസം (1 നവംബർ 1984)

[തിരുത്തുക]
  • പടിഞ്ഞാറൻ ഡൽഹിയിൽ ഒരു സിഖുകാരൻ കൊല്ലപ്പെടുന്നു.
  • 9:00 ആയുധധാരികളായ ജനക്കൂട്ടം സിഖുകാരെ തിരഞ്ഞുപിടിച്ചു വകവരുത്താൻ തുടങ്ങി. ഗുരുദ്വാരകളും, സിഖുകാരുടെ ക്ഷേത്രങ്ങളുമായിരുന്നു അക്രമികളുടെ ലക്ഷ്യം.

സാധാരണക്കാരായ സിഖുകാർ വസിക്കുന്ന പ്രദേശങ്ങളായ ത്രിലോക്പുരി, ഷഹാദ്ര, ഗീതാ കോളനി, മംഗൾപുരി, സുൽത്താൻ പുരി, പാലം കോളനി തുടങ്ങിയടത്തായിരുന്നു അക്രമം കേന്ദ്രീകരിച്ചിരുന്നത്. ഫർഷ് ബസാർ, കരോൾ ബാഗ് തുടങ്ങിയ സ്ഥലങ്ങളിൽ പോലീസ് തക്ക സമയത്ത് ഇടപെട്ടതുകൊണ്ട് അക്രമസംഭവങ്ങൾ ഒരു പരിധി വരെ തടയാൻ കഴിഞ്ഞു.

മൂന്നാം ദിവസം (2 നവംബർ 1984)

[തിരുത്തുക]
  • ഡൽഹിയിൽ കർഫ്യൂ പ്രഖ്യാപിച്ചു.
  • പട്ടാളം രംഗത്തിറങ്ങി, എന്നാൽ പോലീസിന്റെ നിസ്സഹകരണം മൂലം പട്ടാളത്തിന് ആവശ്യമായ നടപടികളെടുക്കാൻ സാധിച്ചില്ല.
  • അക്രമം തുടരുന്നു.

നാലാം ദിവസം (3 നവംബർ 1984)

[തിരുത്തുക]
  • അക്രമം തുടർന്നുവെങ്കിലും, പോലീസും പട്ടാളവും ഒരുമിച്ചു ചേർന്ന് അക്രമത്തെ നേരിടാൻ തുടങ്ങി.
  • ജനക്കൂട്ടം ശാന്തരാവാൻ തുടങ്ങി, വൈകുന്നേരമായപ്പോഴേക്കും, ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമേ റിപ്പോർട്ടു ചെയ്തിരുന്നുള്ളു.

കലാപത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കും, സിവിൽ ആശുപത്രി മോർച്ചറിയിലേക്കും മാറ്റാൻ തുടങ്ങി.[20]

അനന്തര സംഭവങ്ങൾ

[തിരുത്തുക]

ഇന്ദിരാഗാന്ധിയെ വധിച്ചവരിൽ ബിയാന്ത് സിംഗ് സുരക്ഷാസേനയുടെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ സത്‌വന്ത് സിംഗിനെ വിചാരണക്കു ശേഷം തൂക്കിലേറ്റി.

ഇന്ദിരാഗാന്ധിയുടെ ജ‌ന്മദിനമായ 1984 നവംബർ 19 ന് ന്യൂ ഡൽഹിയിലെ ബോട്ട് ക്ലബിൽ വെച്ച് വടന്ന ഒരു ചടങ്ങിൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി വിവാദകരമായ ഒരു പ്രസ്താവന നടത്തി. ഇന്ദിരാഗാന്ധിയുടെ വധത്തിൽ ജനങ്ങൾ രോഷാകുലരായിരുന്നു എന്നും ഒരു വന്മരം വീഴുമ്പോൾ ചുറ്റുമുള്ള സ്ഥലം കുലുങ്ങുന്നത് സ്വാഭാവികമാണ് എന്നുമായിരുന്നു അത്. ഈ പരാമർശം അക്രമത്തിനിരയാവരുടെ വികാരങ്ങളെ മുറിവേൽപ്പിക്കുന്നതായിരുന്നു. രാജീവ് ഗാന്ധിയുടെ വിധവയായ സോണിയാ ഗാന്ധി 1998-ൽ ഈ പരാമർശത്തിന് ഔദ്യോഗികമായി ക്ഷമ ചോദിച്ചു.[21]

കോൺഗ്രസ്സുകാരുടെ നേതൃത്വത്തിൽ നടന്ന ആസൂത്രിതമായ കലാപമാണ് അരങ്ങേറിയതെന്നും അന്നത്തെ സർക്കാർ കലാപത്തിനെതിരെ പ്രവർത്തിക്കാതിരിക്കുകയും തെളിവുകൾ നശിപ്പിക്കുകയുമാണ് ചെയ്തതെന്നും ആരോപണങ്ങളുണ്ടായി. സിഖ് കുടുംബങ്ങളെ വേർതിരിച്ചറിയാൻ വോട്ടർ പട്ടികയും ഉപയോഗപ്പെടുത്തിയെന്ന് ആരോപണമുയർന്നു. 1985 ജൂലൈ 31-ന് പാർലമെന്റംഗവും കോൺഗ്രസ് (ഐ) നേതാവുമായ ലളിത് മാകനെ ഖാലിസ്ഥാൻ കമാൻഡോ ഫോഴ്സ് കൊലപ്പെടുത്തി. സിഖ് വിരുദ്ധ കലാപത്തിലെ കുറ്റവാളികളെ കുറിച്ച് 'പീപ്പിൾ'സ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്' എന്ന സംഘടന പുറത്തിറക്കിയ ലഘുലേഖയിൽ ലളിത് മാകന്റെ പേര് മൂന്നാമതായി പരാമർശിച്ചിരുന്നു. കലാപത്തിൽ പങ്കുണ്ടെന്ന് നാനാവതി കമ്മീഷൻ രേഖപ്പെടുത്തിയ കോൺഗ്രസ് (ഐ) നേതാവായ അർജുൻ ദാസിനെയും ഖാലിസ്ഥാൻ കമാൻഡോ ഫോഴ്സ് കൊലപ്പെടുത്തി.

1985 ജൂൺ 23-ന് 320 യാത്രക്കാരുമായി മോൺട്രിയലിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം അയർലാന്റിലെ ഷാൻവിക്കിൽ വെച്ച് തകർന്നു വീണു. 160 കനേഡിയൻ പൗരന്മാരും 22 അമേരിക്കക്കാരുമടക്കം എല്ലാ യാത്രികരും കൊല്ലപ്പെട്ടു.[22] സംഭവത്തിന്റെ ഉത്തരവാദിത്തം സിഖ് പോരാളികൾ ഏറ്റെടുത്തു.

ചെറുത്തുനിൽപ്പുകൾ

[തിരുത്തുക]

2005-ൽ കുശ്വന്ത് സിങ് എഴുതിയ ലേഖനത്തിൽ കലാപസമയത്തെക്കുറിച്ചുള്ള ഓർമ്മകളിൽ സിഖുകാരെ സംരക്ഷിക്കാൻ പലരും നടത്തിയ ഇടപെടലുകളെക്കുറിച്ച് സ്മരിക്കുന്നുണ്ട്. പ്രത്യേക പരാമർശം അർഹിക്കുന്നതെന്ന് അദ്ദേഹം കരുതിയവ അടൽ ബിഹാരി വാജ്പേയിയുടേയും രാം ജഡ്മലാനിയുടേയും സോലി സൊറാബ്ജിയുടേയും പേരുകളാണ്. അതിനോടൊപ്പം ആർ.എസ്.എസ്സിന്റേയും സംഘപരിവാറിന്റേയും പല നേതാക്കന്മാരും സ്വയം സിഖുകാരെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.[23]

അന്വേഷണം

[തിരുത്തുക]

പത്ത് അന്വേഷണ കമ്മീഷനുകളും സമിതികളും ഈ കലാപത്തെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ അന്വേഷണ കമ്മീഷനായ നാനാവതി കമ്മീഷൻ കലാപത്തെ കുറിച്ച് 2005 ഫെബ്രുവരി 9-ന് ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ട് 2005 ഓഗസ്റ്റ് 8-ന് ലോക്‌സഭയിൽ മേശപ്പുറത്ത് വെക്കപ്പെട്ടു.

താഴെ പറയുന്നവയാണ് കലാപത്തെ കുറിച്ച് അന്വേഷിച്ച കമ്മീഷനുകളും സമിതികളും:

മർവാ കമ്മീഷൻ

[തിരുത്തുക]

1984 നവംബറിലെ കലാപത്തിൽ പോലീസിനുള്ള പങ്ക് അന്വേഷിക്കുവാനായാണ് നവംബറിൽ തന്നെ പോലീസ് കമ്മീഷണറായിരുന്ന വേദ് മർവയുടെ [24] നേതൃത്വത്തിൽ ഒരു കമ്മീഷൻ സർക്കാർ പ്രഖ്യാപിക്കുന്നത്. 1985 മധ്യത്തോടെ മർവ അന്വേഷണം പൂർത്തിയാക്കുന്നതിനു മുമ്പ്, സർക്കാർ ഇടപെടുകയും, കൂടുതൽ അന്വേഷണം വേണ്ട എന്ന നിലപാടിലെത്തുകയുമായിരുന്നു.[25] കമ്മീഷന്റെ പക്കലുള്ള രേഖകൾ ആഭ്യന്തര മന്ത്രാലയം ശേഖരിക്കുകയും, പിന്നീട് ഈ കലാപത്തെക്കുറിച്ചന്വേഷിച്ച മിശ്ര കമ്മീഷനു കൈമാറുകയും ചെയ്തു. എന്നാൽ വളരെ സുപ്രധാനമായതും, വേദ് മർവ തന്റെ കൈപ്പടയിൽ എഴുതിയതുമായി ചില രേഖകൾ സർക്കാർ രംഗനാഥ് മിശ്ര കമ്മീഷനും കൈമാറുകയുണ്ടായില്ല.

രംഗനാഥ് മിശ്ര കമ്മീഷൻ

[തിരുത്തുക]

1985 മേയിലാണ് രംഗനാഥ് മിശ്ര കമ്മീഷനെ സർക്കാർ നിയമിക്കുന്നത്. സുപ്രീംകോടതി ജഡ്ജിയായിരുന്നു രംഗനാഥ മിശ്ര. അദ്ദേഹം തന്റെ റിപ്പോർട്ട് 1986 ഓഗസ്റ്റിൽ സർക്കാരിനു സമർപ്പിച്ചുവെങ്കിലും, ഏതാണ്ട് ആറുമാസത്തിനുശേഷമാണ് സർക്കാർ അത് പരസ്യപ്പെടുത്തുന്നത്. തികച്ചും പക്ഷപാതപരമായ റിപ്പോർട്ടാണ് മിശ്രയുടേതെന്ന് പൗരസംഘടനകളും, മനുഷ്യാവകാശസംഘടനകളും കുറ്റപ്പെടുത്തുകയുണ്ടായി.

കപൂർ- മിത്തൽ സമിതി

[തിരുത്തുക]

1984 ലെ കലാപത്തെക്കുറിച്ചന്വേഷിക്കാൻ 1987 ഫെബ്രുവരിയിലാണ് സർക്കാർ കപൂർ-മിത്തൽ കമ്മിറ്റിയെ നിയമിക്കുന്നത്. മർവ കമ്മീഷൻ കണ്ടെത്തിയതും, മിശ്ര കമ്മീഷൻ കൂടുതൽ അന്വേഷണം ആവശ്യമാണ് എന്നും ശുപാർശ ചെയ്ത, കലാപത്തിൽ പോലീസിന്റെ പങ്ക് എന്ന വിഷയത്തെക്കുറിച്ചന്വേഷിക്കുക എന്നതായിരുന്നു കപൂർ-മിത്തൽ കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം. ന്യായാധിപനായിരുന്ന ദലീപ് കപൂറും, ഉത്തർപ്രദേശിലെ വിരമിച്ച ഒരു സെക്രട്ടറിയായ കുസുമം മിത്തലുമായിരുന്നു കമ്മിറ്റിയംഗങ്ങൾ.[26] 1990 ൽ കമ്മിറ്റി തങ്ങളുടെ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു. 72 ഓളം പോലീസുകാർ കലാപസമയത്ത് ഇരകളെ സഹായിക്കാതെ നിസ്സംഗരായി നിന്ന് അക്രമികൾക്ക് സഹായം ചെയ്തു എന്ന് കപൂർ-മിത്തൽ കമ്മിറ്റി കണ്ടെത്തി. ഇതിൽ മുപ്പതു പേരെ ഉടനടി തന്നെ സർവ്വീസിൽ നിന്നും പിരിച്ചുവിടാൻ കമ്മിറ്റി സർക്കാരിനോടു ശുപാർശ ചെയ്തു. നാളിതുവരെയായിട്ടും, ഈ കമ്മിറ്റിയുടെ ശുപാർശയുടെ പേരിൽ ഒരു പോലീസുകാരനെപോലും സർക്കാർ ശിക്ഷണ നടപടിക്കു വിധേയരാക്കിയിട്ടില്ല.[27]

ജയിൻ ബാനർജീ സമിതി

[തിരുത്തുക]

നവംബർ കലാപത്തിൽ ഇരകളായവരുടെ കേസുകൾ രജിസ്റ്റർ ചെയ്യുവാനായാണ് ജയിൻ ബാനർജി കമ്മിറ്റിയെ നിയമിക്കുന്നത്. രംഗനാഥ് മിശ്ര കമ്മീഷനാണ് ജയിൻ ബാനർജി കമ്മിറ്റിയെ ശുപാർശ ചെയ്യുന്നത്. ഡൽഹി ഹൈക്കോടതിയിലെ മുൻ ന്യായാധിപനായിരുന്ന എം.ൽ.ജയിനും, പോലീസിലെ മുൻ ഇൻസ്പെക്ടർ ജനറലായിരുന്ന എ.കെ.ബാനർജിയുമായിരുന്നു കമ്മിറ്റി അംഗങ്ങൾ. കോൺഗ്രസ്സ് നേതാവും, പാർലിമെന്റംഗവുമായിരുന്ന സജ്ജൻകുമാറിനെതിരേ കേസെടുക്കാൻ ഈ കമ്മിറ്റി ശുപാർശ ചെയ്തിരുന്നുവെങ്കിലും, യാതൊരു കേസും ഇദ്ദേഹത്തിനെതിരേ രജിസ്റ്റർ ചെയ്യുകയുണ്ടായില്ല. സമാനരീതിയിലുള്ള നിരവധി ശുപാർശകൾ ഈ കമ്മിറ്റി സർക്കാരിനു സമർപ്പിച്ചിരുന്നുവെങ്കിലും, യാതൊരു സർക്കാർ കണക്കിലെടുത്തിരുന്നില്ല.[28]

കമ്മിറ്റിയുടെ ശുപാർശ പ്രകാരം, സജ്ജൻകുമാറിനെതിരേ കേസെടുക്കാത്തതിനെ പത്രമാധ്യമങ്ങൾ ശക്തമായ ഭാഷയിൽ വിമർശിക്കുകയുണ്ടായി. 1987 ഡിസംബറിൽ സജ്ജൻകുമാറിനോടൊപ്പം തന്നെ കുറ്റാരോപിതനായ ബ്രഹ്മാനന്ദ് ഗുപ്ത, ജയിൻ ബാനർജി കമ്മിറ്റിയുടെ പ്രവർത്തനം തടയണം എന്നാവശ്യപ്പെട്ടുകൊണ്ട് ഡൽഹി ഹൈക്കോടതിയിൽ നിന്നും ഒരു സ്റ്റേ സമ്പാദിക്കുകയുണ്ടായി. കമ്മിറ്റിയുടെ പ്രവർത്തനം തടഞ്ഞുകൊണ്ടുള്ള ഈ ഹർജി വിചാരണക്കു വന്നപ്പോൾ സർക്കാർ ഇതിനെ എതിർത്തില്ല. ഈ സ്റ്റേ നീക്കം ചെയ്യുവാനായി സിറ്റിസൺ ജസ്റ്റീസ് കമ്മിറ്റി ഒരു അപ്പീൽ ഹൈക്കോടതിയിൽ സമർപ്പിച്ചു. 1989 ഓഗസ്റ്റിൽ ജയിൻ ബാനർജി കമ്മിറ്റിയുടെ പ്രവർത്തനം റദ്ദാക്കിക്കൊണ്ട് ഡെൽഹി ഹൈക്കോടതി വിധി പ്രഖ്യാപിക്കുകയുണ്ടായി.

പോറ്റി റോഷാ സമിതി

[തിരുത്തുക]

ജയിൻ ബാനർജി കമ്മിറ്റിക്കുശേഷം, 1990 ൽ വി.പി. സിങ് സർക്കാരാണ് പോറ്റി റോഷാ കമ്മിറ്റിയെ നിയമിക്കുന്നത്. കലാപത്തിലെ ഇരകളുടെ സത്യവാങ്മൂലം അടിസ്ഥാനമാക്കി സജ്ജൻകുമാറിനെതിരേ കേസെടുക്കാൻ പോറ്റി റോഷാ കമ്മിറ്റി ശുപാർശ ചെയ്തു. സി.ബി.ഐ സജ്ജൻകുമാറിന്റെ വീട്ടിലെത്തിയെങ്കിലും, അദ്ദേഹത്തിന്റെ അനുയായികൾ സി.ബി.ഐ. സംഘത്തെ വീട്ടിനുള്ളിൽ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.[29] 1990 സെപ്തംബറിൽ കമ്മീഷന്റെ കാലാവധി തീരുന്ന സമയത്ത്, കമ്മീഷൻ സ്വമേധയാ പിരിച്ചുവിട്ടു.

ജയിൻ അഗർവാൾ സമിതി

[തിരുത്തുക]

1990 ഡിസംബറിലാണ് ജയിൻ അഗർവാൾ കമ്മിറ്റിക്ക് സർക്കാർ രൂപം കൊടുക്കുന്നത്. ഡൽഹി ഹൈക്കോടതിയിലെ മുൻ ന്യായാധിപനായിരുന്ന ജെ.ഡി.ജയിനും ഉത്തർപ്രദേശിലെ മുൻ ഡി.ജി.പി.യുമായ ഡി.കെ.അഗർവാളുമായിരുന്നു കമ്മിറ്റി അംഗങ്ങൾ. കോൺഗ്രസ്സ് അംഗങ്ങളായിരുന്ന, എച്.കെ.എൽ.ഭഗത്, സജ്ജൻകുമാർ, ധരംദാസ് ശാസ്ത്രി, ജഗദീഷ് ടൈറ്റ്ലർ എന്നിവർക്കെതിരേ കേസെടുക്കണമെന്ന് കമ്മിറ്റി ശുപാർശ ചെയ്തു.[30]

പോലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഒന്നോ രണ്ടോ പ്രത്യേകാന്വേഷണ വിഭാഗത്തെ രൂപീകരിക്കണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു. 1993 ൽ കമ്മിറ്റിയുടെ കാലാവധി കഴിയുകയും, കമ്മിറ്റി ശുപാർശകളൊന്നും തന്നെ നടപ്പിലായതുമില്ല.

അഹുജാ സമിതി

[തിരുത്തുക]

1984 നവംബർ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ആകെ കണക്കെടുക്കുവാൻ വേണ്ടി മിശ്ര കമ്മീഷനാണ് അഹുജാ കമ്മിറ്റിയെ ശുപാർശ ചെയ്യുന്നത്. 1987 ഓഗസ്റ്റിൽ കമ്മിറ്റി തങ്ങളുടെ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു. 2733 സിഖുകാർ കലാപത്തിൽ കൊല്ലപ്പെട്ടുവെന്നായിരുന്നു അഹുജാ കമ്മിറ്റിയുടെ കണ്ടെത്തൽ.[31][32]

ധില്ലൻ സമിതി

[തിരുത്തുക]

1984ലെ കലാപത്തിനിരയായവരെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ചു പഠിക്കാനാണ് ഗുർദയാൽ സിങ് ധില്ലന്റെ നേതൃത്വത്തിൽ ധില്ലൻ സമിതിയെ നിയോഗിക്കുന്നത്. 1985 ന്റെ അവസാനത്തിൽ ധില്ലൻ സമിതി തങ്ങളുടെ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു. കലാപത്തിൽ ഒട്ടനവധി വാണിജ്യ സ്ഥാപനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. കലാപം മൂലമുള്ള നാശനഷ്ടം ഇൻഷുറൻസ് പരിധിയിൽ വരില്ല എന്നു പറഞ്ഞ് ഇൻഷുറൻസ് കമ്പനിക്കാർ നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ചു. ഈ നഷ്ടപരിഹാരകേസുകൾ ഉടനടി തീർപ്പാക്കി അവർക്ക് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനികൾക്ക് നിർദ്ദേശം നൽകണമെന്ന് ധില്ലൻ സമിതി സർക്കാരിനോടു ശുപാർശ ചെയ്തു. എന്നാൽ ഈ ശുപാർശ സ്വീകരിക്കാൻ സർക്കാർ തയ്യാറായില്ല, അതിന്റെ ഫലമായി 1984ലെ കലാപത്തിൽ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനികൾ തയ്യാറായില്ല.[33]

നരുള സമിതി

[തിരുത്തുക]

മദൻലാൽ ഖുറാന മുഖ്യമന്ത്രിയായിരുന്ന ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് 1993 ഡിസംബറിൽ നറുള കമ്മീഷനെ നിയമിക്കുന്നത്. നറുള കമ്മീഷന്റെ അന്വേഷണപരിധി എന്തായിരിക്കണം എന്നു നിശ്ചയക്കാൻ ദീർഘമായ രണ്ടു വർഷമാണ് നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ എടുത്തത്. നരസിംഹ റാവു സർക്കാർ വീണ്ടും കേസ് മനപൂർവ്വം വൈകിപ്പിച്ചു. 1994 ൽ നറുള സമിതി സമർപ്പിച്ച റിപ്പോർട്ടിൽ എച്ച്.കെ.എൽ.ഭഗതിനെതിരേയും, സജ്ജൻകുമാറിനെതിരേയും കേസെടുക്കണമെന്ന് സമിതി ആവശ്യപ്പെട്ടിരുന്നു.

നാനാവതി കമ്മീഷൻ

[തിരുത്തുക]

2000 ൽ ആണ് നാനാവതി കമ്മീഷന് സർക്കാർ അംഗീകാരം നൽകുന്നത്. മുൻകാലങ്ങളിൽ കലാപത്തെക്കുറിച്ചന്വേഷിച്ച കമ്മീഷനുകളുടേയും, സമിതികളുടേയും പ്രവർത്തനത്തിലുള്ള അതൃപ്തിമൂലമാണ് നാനാവതി കമ്മീഷൻ രൂപീകരിച്ചത്. രാജ്യസഭയിൽ ഐക്യകണ്ഠേന പാസ്സാക്കിയ ഒരു പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് നാനാവതി കമ്മീഷൻ രൂപീകരിച്ചത്. സുപ്രീംകോടതി മുൻ ന്യായാധിപനായിരുന്ന ജി.ടി.നാനാവതി ആയിരുന്നു കമ്മീഷന്റെ അദ്ധ്യക്ഷൻ. 2004 ഫെബ്രുവരിയിൽ കമ്മീഷൻ അന്വേഷണറിപ്പോർട്ട് സർക്കാരിനു മുന്നിൽ സമർപ്പിച്ചു. കോൺഗ്രസ്സ് നേതാക്കൾക്കും, പ്രവർത്തകർക്കും 1984 ലെ സിഖു വിരുദ്ധ കലാപത്തിൽ നേരിട്ടുള്ള പങ്കുണ്ടെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തൽ.[34] അതേ സമയം, കോൺഗ്രസ്സ് നേതാവായിരുന്ന രാജീവ് ഗാന്ധിക്ക് സിഖു വിരുദ്ധ കലാപത്തിൽ യാതൊരു പങ്കുമില്ലായിരുന്നുവെന്നും കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു. കലാപത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ പോലീസ് വേണ്ട സഹായങ്ങൾ ചെയ്തിരുന്നില്ല എന്നും കമ്മീഷൻ കണ്ടെത്തി.

ജഗദീഷ് ടൈറ്റ്ലർ

[തിരുത്തുക]

പാർലമെന്റിൽ സമർപ്പിക്കപ്പെട്ട നാനാവതി കമ്മീഷൻ റിപ്പോർട്ടിൽ കോൺഗ്രസ് (ഐ) നേതാക്കളായ ജഗദീഷ് ടൈറ്റ്‌ലര്‍, സജ്ജൻ കുമാർ‍, എച്ച്.കെ.എൽ. ഭഗത് എന്നിവർക്കും അന്നത്തെ പോലീസ് കമ്മീഷണറായിരുന്ന എസ്.സി. ടാണ്ഡനും കലാപത്തിൽ പങ്കുണ്ടെന്ന് വ്യക്തമാക്കി.[35] ഈ റിപ്പോർട്ട് വ്യാപകമായ പ്രതിഷേധത്തിന് വഴിയൊരുക്കി. കലാപത്തിൽ കോൺഗ്രസ് നേതാവായ ജഗദീഷ് ടൈറ്റ്‌ലറുടെ പങ്ക് എന്താണെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടില്ലെന്ന് ആരോപണമുയർന്നു. ജഗദീഷ് ടൈറ്റ്‌ലർക്ക് റിപ്പോർട്ടിലെ പരാമർശങ്ങളെ തുടർന്ന് മന്ത്രിസഭയിൽ നിന്ന് രാജി വെക്കേണ്ടി വന്നു. റിപ്പോർട്ട് പാർലമെന്റിൽ മേശപ്പുറത്ത് വെച്ച ശേഷം പ്രധാനമന്ത്രി മൻമോഹൻ സിംഗ് സിഖ് വിരുദ്ധ കലാപത്തിൽ ഖേദം പ്രകടിപ്പിച്ചു.

ജഗദീഷ് ടൈറ്റ്‌ലർക്കെതിരെയുള്ള എല്ലാ കേസുകളും 2007 നവംബറിൽ സി.ബി.ഐ പുനരന്വേഷണം നടത്തി അവസാനിപ്പിച്ചു.[36] കലാപത്തിൽ ജഗദീഷ് ടൈറ്റ്‌ലറുടെ പങ്കിന് തെളിവുകളോ സാക്ഷികളോ ഇല്ലെന്നാണ് സി.ബി.ഐ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. എന്നാൽ കാലിഫോർണിയയിൽ താമസിക്കുന്ന ജസ്ബീർ സിംഗ് എന്ന സാക്ഷി ഇക്കാര്യത്തിൽ സി.ബി. ഐ. തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് ടെലിവിഷൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെ തുടർന്ന് ഡൽഹി കോടതിയിലെ അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് സഞ്ജീവ് ജെയിൻ കലാപത്തിൽ ജഗദീശ് ടൈറ്റ്‌ലർക്കുള്ള പങ്ക് പുനരന്വേഷിക്കാൻ സി.ബി.ഐ.ക്ക് നിർദ്ദേശം നൽകി. തുടർന്ന് ജസ്ബീർ സിംഗ്, സുരിന്ദർ സിംഗ് എന്നീ സാക്ഷികളുടെ മൊഴിയെടുക്കാൻ സി.ബി.ഐ. സംഘം ന്യൂയോർക്കിലെത്തി.[37] രണ്ട് സാക്ഷികളും ജഗദീശ് ടൈറ്റ്‌ലർ കലാപകാരികൾക്ക് നേതൃത്വം നൽകുന്നത് കണ്ടതായി മൊഴി നൽകിയെങ്കിലും സുരക്ഷാഭീതി കാരണം തുടർനടപടികൾക്കായി ഇന്ത്യയിലേക്ക് വരാൻ അവർ വിസമ്മതിച്ചു. ടൈറ്റ്‌ലറെ സം‌രക്ഷിക്കാനായി സി.ബി.ഐ സ്വതന്ത്രമായ അന്വേഷണമല്ല നടത്തുന്നതെന്ന് ഈ സാക്ഷികൾ ആരോപിച്ചു.

2009 മാർച്ചിൽ സി.ബി.ഐ. തങ്ങളുടെ അവസാന റിപ്പോർട്ടിൽ ജഗദീഷ് ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കി, ഇത് പ്രതിപക്ഷ സംഘടനകളുടെയും സിഖ് വംശജരുടെയും പ്രതിഷേധത്തിനിടയാക്കി.[38] കലാപത്തിൽ കൊല്ലപ്പെട്ടവരിലൊരാളുടെ വിധവയായ ലക്‌വീന്ദർ കൗർ ഡൽഹി മജിസ്റ്റ്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജിയെ തുടർന്ന് സി.ബി.ഐ.യുടെ റിപ്പോർട്ട് തള്ളിക്കൊണ്ട് ജഗദീഷ് ടൈറ്റ്‌ലർക്കെതിരെ പുനരന്വേഷണം വേണമെന്ന് 2013 ഏപ്രിൽ 9-നു ഡൽഹി കോടതി ഉത്തരവിട്ടു.[39]

അവലംബം

[തിരുത്തുക]
  • ജസ്കരൻ, കൗർ (2006). 20 ഇയർ ഓഫ് ഇംപ്യൂനിറ്റി - ദ നവംബർ 1984 പ്രോഗ്രോംസ് ഓഫ് സിഖ് ഇൻ ഇന്ത്യ. നെക്ടാർ. ISBN 978-0-97870-730-9.
  1. "ഡെൽഹി കോർട്ട് ടു ഗീവ് വെർ‍ഡിക്ട് ഓൺ റീഓപ്പണിങ് 1984 റയട്ട് കേസ് എഗെയിൻസ്റ്റ് കോൺഗ്രസ്സ് ലീഡർ ജഗദീഷ് ടൈറ്റ്ലർ". എൻ.ഡി.ടി.വി. 2013-04-10. Archived from the original on 2014-09-09. Retrieved 2014-09-09.{{cite news}}: CS1 maint: bot: original URL status unknown (link)
  2. "1954 ഇന്ത്യൻ പ്രൈംമിനിസ്റ്റർ ഷോട്ട് ഡെഡ്". ബി.ബി.സി. Archived from the original on 2014-09-09. Retrieved 2014-09-09.{{cite news}}: CS1 maint: bot: original URL status unknown (link)
  3. "1984 ആന്റി സിഖ് റയട്ട്സ് റോങ്, സേയ്സ് രാഹുൽ ഗാന്ധി". ഹിന്ദുസ്ഥാൻ ടൈംസ്. 2008-11-18. Archived from the original on 2014-09-09. Retrieved 2001-09-09.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "ഇന്ദിരാ ഗാന്ധീസ് ഡെത്ത് റിമംബേഡ്". ബി.ബി.സി. 2009-11-01. Archived from the original on 2014-09-09. Retrieved 2014-09-09.{{cite news}}: CS1 maint: bot: original URL status unknown (link)
  5. ഗോബിന്ദ, മുഖോത്തി. "ഹൂ ആർ ഗ്വിൽറ്റി". പ്യൂപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടി. Archived from the original on 2014-09-09. Retrieved 2014-09-09. {{cite web}}: Unknown parameter |coauthors= ignored (|author= suggested) (help)CS1 maint: bot: original URL status unknown (link)
  6. "മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം" (PDF). ഡൽഹി സർക്കാർ. Archived from the original on 2014-09-12. Retrieved 2014-09-12.{{cite web}}: CS1 maint: bot: original URL status unknown (link)
  7. സ്വദേശ് ബഹാദൂർ സിങ് (എഡിറ്റർ ഷെർ-ഇ-പഞ്ചാബ് വാരിക): "ക്യാബിനറ്റ് ബർത്ത് ഫോർ എ സിഖ്", ഇന്ത്യൻ എക്സപ്രസ്സ് , 31 മേയ് 1996.
  8. "1984 ആന്റി സിഖ് റയട്ട് ബാക്ഡ് ബൈ ഗവൺമെന്റ്, സർക്കാർ - സി.ബി.ഐ". എൻ.ഡി.ടി.വി. 2012-04-01. Archived from the original on 2014-09-09. Retrieved 2014-09-09.
  9. ഡെഡ് സൈലൻസ്, ദ ലെഗസി ഓഫ് ഹ്യൂമൻ റൈറ്റ്സ് അബ്യൂസ് ഇൻ പഞ്ചാബ്. യേൽ സർവ്വകലാശാല പ്രസ്സ്. 1995. p. 13. ISBN 978-0300065879.
  10. "1984 സിഖ് റയട്ട്സ് വെർ ജെനോസൈഡ് - അകാൽ തക്". ഹിന്ദുസ്ഥാൻ ടൈംസ്. 2010-07-14. Archived from the original on 2014-09-09. Retrieved 2014-09-09.{{cite news}}: CS1 maint: bot: original URL status unknown (link)
  11. "ഓപ്പറേഷൻ ബ്ലൂസ്റ്റാർ". സിഖ്-ഹിസ്റ്ററി. Archived from the original on 2014-09-09. Retrieved 2014-09-09.{{cite web}}: CS1 maint: bot: original URL status unknown (link)
  12. ഇന്ദിരാഗാന്ധി, ഡെത്ത് ഇൻ ദ ഗാർഡൻ - വില്ല്യം ഇ സ്മിത്ത് - ദ ടൈം മാസിക, 12 നവംബർ 1984
  13. "Aftermath of Indira Gandhi's Assassination". mtholyoke.edu. Archived from the original on 2008-03-13. Retrieved 2016-09-27.{{cite web}}: CS1 maint: bot: original URL status unknown (link)
  14. "20 ഇയേഴ്സ് ഓഫ് ഇംപ്യൂനിറ്റി" (PDF). എൻസാഫ്. Archived from the original (PDF) on 2012-01-19. Retrieved 2014-09-09.
  15. "25th Anniversary of 1984 Anti Sikh Riots: The Real Scenario in Delhi-I". Cyberspirits. Retrieved 2016-09-27.
  16. 20ഇയേഴ്സ് ഓഫ് ഇംപ്യൂനിറ്റി - ജസ്കരൻ കൗർ
  17. "ഇന്ത്യാ കോൺഗ്രസ്സ് ലീഡർ ഇൻസൈറ്റഡ് ഇൻ ആന്റി സിഖ് റയട്ട്". ബി.ബി.സി. 2012-04-23. Archived from the original on 2014-09-10. Retrieved 2014-09-10.{{cite news}}: CS1 maint: bot: original URL status unknown (link)
  18. "ഇന്ദിരാ ഗാന്ധി ഡെത്ത് റിമംബേഡ്". ബി.ബി.സി. 2009-11-01. Archived from the original on 2014-09-10. Retrieved 2014-09-10.{{cite news}}: CS1 maint: bot: original URL status unknown (link)
  19. അമിയ, റാവു (1985). ട്രൂത്ത് എബൗട്ട് ദ ഡെൽഹി വയലൻസ് - റിപ്പോർട്ട് ടു ദ നേഷൻ. സിറ്റിസൺസ് ഫോർ ഡെമോക്രസി. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  20. "ഷീ വാസ് ക്ലിനിക്കലി എലൈവ്". ഔട്ട്ലുക്ക് ഇന്ത്യ. 2009-11-02. Archived from the original on 2014-09-10. Retrieved 2014-09-10.{{cite news}}: CS1 maint: bot: original URL status unknown (link)
  21. ഹരീന്ദർ, ബവേജ (2009-04-25). "വെൻ എ ബിഗ് ട്രീ ഫോൾസ്, എർത്ത് ഷേക്ക്സ്". തെഹൽക്ക. Archived from the original on 2014-09-10. Retrieved 2014-09-10.
  22. "ദ സ്റ്റോറി ഓഫ് ദ എയർ ബോംബിങ്". ഫ്ലൈറ്റ്182.കോം. Archived from the original on 2014-09-11. Retrieved 2014-09-11.{{cite news}}: CS1 maint: bot: original URL status unknown (link)
  23. കുശ്വന്ത് സിങ് (2005-08-22). "Victory To The Mob" (ലേഖനം). ഔട്ട്ലുക്ക് ഇന്ത്യ (in ഇംഗ്ലീഷ്). Archived from the original on 2014-09-10. Retrieved 2014-09-10.
  24. "വേദ് മർവ". സെന്റർ ഫോർ പോളിസി റിസർച്ച്. Archived from the original on 2014-09-10. Retrieved 2014-09-10.{{cite web}}: CS1 maint: bot: original URL status unknown (link)
  25. "പോലീസ് ഡിഡിന്റ് ഹെൽപ് വിക്ടിംസ്". ട്രൈബ്യൂൺ. 2007-11-03. Archived from the original on 2014-09-10. Retrieved 2014-09-10.{{cite news}}: CS1 maint: bot: original URL status unknown (link)
  26. "ദ പ്രോബ് സീരീസ്". ഫ്രണ്ട്ലൈൻ. 2005-09-09. Archived from the original on 2014-09-11. Retrieved 2014-09-11.{{cite news}}: CS1 maint: bot: original URL status unknown (link)
  27. ഹരീന്ദർ, ബവേജ (2009-04-05). "വെൻ ബിഗ് ട്രീ ഫോൾസ്, എർത്ത് ഷേക്ക്സ്". തെഹൽക്ക. Retrieved 2014-09-11.
  28. ജർണെയിൽ, സിങ് (2011). ഐ അക്യൂസ്. പെൻഗ്വിൻ ബുക്സ്. p. 87-88. ISBN 978-0143417521. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  29. ദിലിപ്, ഡിസൂസ (2003-01-04). "വാച്ച് ദെം ടേൺ". റിഡീഫ്.കോം. Archived from the original on 2014-09-11. Retrieved 2014-09-11.{{cite news}}: CS1 maint: bot: original URL status unknown (link)
  30. "ലെറ്റ് സിറ്റ് പ്രോബ്, 84 റയട്ട് കേസസ്. ഗവൺമെന്റ് ടെൽസ് എൽ-ജി". ഇന്ത്യൻ എക്സ്പ്രസ്സ്. 2014-01-30. Archived from the original on 2014-09-11. Retrieved 2014-09-11.{{cite news}}: CS1 maint: bot: original URL status unknown (link)
  31. "1984 ആന്റി സിഖ് റയട്ട് കേസ്, 442 പേഴ്സൺ കൺവിക്ടഡ്, 2706 അക്വിറ്റഡ്". ഇക്കണോമിക് ടൈംസ്. 2013-04-30. Archived from the original on 2014-09-11. Retrieved 2014-09-11.{{cite news}}: CS1 maint: bot: original URL status unknown (link)
  32. "ഒൺലി 442 കൺവിക്ടഡ് ഫോർ 1984 റയട്ട്സ് - ഗവൺമെന്റ്". ടൈംസ്ഓഫ്ഇന്ത്യ. 2013-05-01. Archived from the original on 2014-09-11. Retrieved 2014-09-11.{{cite news}}: CS1 maint: bot: original URL status unknown (link)
  33. "1984 സിഖ് മസ്സാക്കേഴ്സ്, 10 കമ്മീഷൻസ്, പാനൽസ്". ദ ട്രൈബ്യൂൺ. 2005-08-09. {{cite news}}: |access-date= requires |url= (help)
  34. "ലീഡേഴ്സ് ഇൻസൈറ്റഡ് ആന്റി സിഖ് റയട്ട്സ്". ബി.ബി.സി. 2005-08-08. Archived from the original on 2014-09-12. Retrieved 2014-09-12.{{cite news}}: CS1 maint: bot: original URL status unknown (link)
  35. "നാനാവതി കമ്മീഷൻ റിപ്പോർട്ട്". കാർണേജ്84.കോം. Archived from the original on 2014-09-12. Retrieved 2014-09-12.{{cite web}}: CS1 maint: bot: original URL status unknown (link)
  36. "ആന്റി സിഖ് റയട്ട്, സി.ബി.ഐ ടു റീഓപ്പൺ കേസ് എഗെയിൻസ്റ്റ് കോൺഗ്രസ്സ് ലീഡേഴ്സ്". ഇന്ത്യൻ എക്സ്പ്രസ്സ്. 2005-10-27. Archived from the original on 2014-09-12. Retrieved 2014-09-12.{{cite news}}: CS1 maint: bot: original URL status unknown (link)
  37. "സി.ബി.ഐ ക്വസ്റ്റ്യൻസ് ആന്റി സിഖ് റയട്ട് വിറ്റ്നസ്സ് ഇൻ യു.എസ്". ഹെഡ്ലൈൻസ് ഇന്ത്യ. 2008-12-23. Archived from the original on 2014-09-12. Retrieved 2014-09-12.{{cite web}}: CS1 maint: bot: original URL status unknown (link)
  38. "സി.ബി.ഐ ഫയൽസ് ഫൈനൽ റിപ്പോർട്ട് ഇൻ ആന്റി സിഖ് റയട്ട് കേസ് എഗെയിൻസ്റ്റ് ടൈറ്റ് ലർ". ദഇന്ത്യൻ.കോം. 2009-03-28. Archived from the original on 2014-09-12. Retrieved 2014-09-12.{{cite news}}: CS1 maint: bot: original URL status unknown (link)
  39. "ആന്റി സിഖ് റയട്ട് കേസ് എഗെയിൻസ്റ്റ് ജഗദീഷ് ടൈറ്റ്ലർ റീ ഓപ്പൺഡ്". എം.എസ്.എൻ.ന്യൂസ്. 2013-04-10. Archived from the original on 2014-09-12. Retrieved 2014-09-12.