Jump to content

വേലകളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേലകളി

കേരളത്തിലെ ഒരു അനുഷ്ഠാന കലയാണ് വേലകളി. സാധാരണയായി അമ്പലങ്ങളിലെ ഉത്സവ സമയത്താണ് വേലകളി അവതരിപ്പിക്കുക. മധ്യകാലഘട്ടത്തിലെ നായർ ഭടന്മാരുടെ വേഷവും നിറപ്പകിട്ടാർന്ന തലപ്പാവുമണിഞ്ഞ കലാകാരന്മാർ വേഗത്തിൽ ചുവടുവെക്കുകയും മെയ്‌വഴക്കത്തോടെ വാദ്യസംഗീതത്തിനൊപ്പിച്ച് വാൾ വീശുകയും ചെയ്യുന്നു. മദ്ദളം, ഇലത്താളം, കൊമ്പ്, കുഴൽ എന്നിവയാണ് അകമ്പടി വാദ്യങ്ങൾ. അമ്പലപ്പുഴയിലാണ് വേലകളിയുടെ ഉൽഭവം. മാത്തൂർ പണിക്കർ എന്ന ചെമ്പകശ്ശേരി പടയുടെ പടനായകനാണ് ഭടന്മാരുടെയും ജനങ്ങളുടെയും പോരാട്ടവീര്യം വർദ്ധിപ്പിക്കുവാനായി ഈ കലാരൂപം ആവിഷ്കരിച്ചത്. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലെ വർഷംതോറും നടക്കുന്ന ഉത്സവത്തിന്റെ ഒരു പ്രധാന ഇനമാണ് വേലകളി. തിരുവല്ല ശ്രീവല്ലഭമഹാ ക്ഷേത്രത്തിൽ തിരുവുത്സവത്തോടനുബദധിച്ചു വർഷങ്ങളായി നടന്നുവരുന്നചടങ്ങാണ് വേലകളി. ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രത്തിലും വേലകളി ഒരു ആചാരമായി നടന്നുവരുന്നു. കുട്ടികളാണ് അവിടെ വേലകളി അഭ്യസിക്കുന്നത് എന്നൊരു പ്രത്യേകതയുണ്ട് അവിടെ. തെക്കും ഭാഗം വടക്കും ഭാഗം എന്ന് രണ്ടു സംഘങ്ങളായി അവിടെ വേലകളി ആശാന്മാർ കുട്ടിലാകെ വേലകളി പഠിപ്പിക്കുന്നു. ചിറക്കടവ് ശ്രീ മഹാദേവന്റെ തിരുവുല്സവതോട് അനുബന്ധിച്ച് ഏഴാം ഉത്സവത്തിന്‌ തെക്കും ഭാഗത്തുള്ള വേലകളി സംഘവും എട്ടാം ഉത്സവത്തിന്റെ അന്ന് വടക്കും ഭാഗത്തുള്ള വേലകളി സംഘവും അരങ്ങേറുന്നു. ഒൻപതും പാത്തും ഉത്സവങ്ങളായ പള്ളിവേട്ടക്കും ആറാട്ടിനും രണ്ടു സംഘങ്ങളും ചേർന്ന് കൂടിവേല നടത്തുന്നു. ശ്രീ മഹാദേവന്റെ ആറാട്ടുകടവിൽ അവതരിപ്പിക്കുന്ന വേലകളി ഒരു പ്രത്യേക അനുഭവം തന്നെ ആണ്.

അമ്പലപ്പുഴ, ചമ്പക്കുളം, നെടുമുടി, കളർകോട്, പുറക്കാട്, തകഴി, തലവടി തുടങ്ങിയ ചെമ്പകശ്ശേരി നാട്ടു രാജ്യത്തിലെ വില്ലേജ് ഓഫീസർമാരുടെ (പ്രവൃത്തിയാർ) നേതൃത്വത്തിൽ പടയാളികൾ അഭ്യാസ കാഴ്ച കാണാനെത്തിയിരുന്നതായി പഴമക്കാർ പറയുന്നു. മാത്തൂർ പണിക്കരും, വെള്ളൂർ കുറുപ്പുമായിരുന്നു സേനയുടെ പരിശീലകർ. ചെമ്പകശ്ശേരി യോദ്ധാക്കളുടെ യശസ്സ് പരക്കെ അറിയപ്പെട്ടതോടെ തിരുവിതാംകൂറിനുള്ള പടയാളികളുടെ പരിശീലന ചുമതലയും മാത്തൂർ പണിക്കർക്ക് ലഭിച്ചു. ഇദ്ദേഹം പരിശീലിപ്പിച്ച 200 ഓളം പടയാളികൾ കരുനാഗപ്പള്ളി തഹസീൽദാർക്കുമുന്നിൽ വേലകളി അവതരിപ്പിച്ചിരുന്നു.

ഉത്ഭവം

[തിരുത്തുക]
തിരുമുമ്പിൽ വേല

ചെമ്പകശ്ശേരി രാജ്യത്തു നിന്നാണ് വേലകളിയുടെ ഉദ്ഭവമെന്ന് ചരിത്ര പണ്ഡിതന്മാർ പറയുന്നു. [1] ചെമ്പകശ്ശേരി രാജാവിൻറെ കാലത്ത് അദ്ദേഹത്തിൻറെ സേനാധിപരായിരുന്ന മാത്തൂർ പണിക്കരും, വെള്ളൂർ കുറുപ്പും കളരിയഭ്യാസത്തിലും മറ്റും അതീവ സമർത്ഥരായിരുന്നു. ഒട്ടനവധി ശിഷ്യഗണങ്ങളും അവർക്കുണ്ടായിരുന്നു. കളരിപ്പയറ്റിന്റെ ഉന്നമനത്തിനുവേണ്ടി രാജാവ് സേനാധിപന്മാർക്കും ശിഷ്യഗണങ്ങൾക്കും വേണ്ടത്ര പ്രോത്സാഹനം കൊടുത്തിരുന്നു. രാജാവിനും നാട്ടുകാർക്കും വേണ്ടി കളരിപ്പയറ്റിനെ ഒന്നു പരിഷ്കരിച്ച് ഉത്സവകാലത്ത് അമ്പലപ്പുഴ ക്ഷേത്രസന്നിധിയിൽ പ്രദർശിപ്പിക്കുന്നതിന് അവർ തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് വേലകളി ക്ഷേത്ര അനുഷ്ഠാനകലയായി പ്രചാരത്തിലായത്. പണ്ടുകാലത്ത് അമ്പലപ്പുഴ ഉത്സവത്തിന് എട്ടുവേലയും എട്ടുപടയണിയുമായിരുന്നു പതിവ്. പടയണിയുടെ എണ്ണം കുറഞ്ഞെങ്കിലും എട്ടുദിവസത്തെ വേലകളി ഇപ്പോഴുമുണ്ട്. [2] വേലകളിയിലെ പല വടിവുകളും നൃത്തച്ചുവടുകളും പദവിന്യാസവും കളരിപ്പയറ്റിൽ നിന്ന് കടംകൊണ്ടതാണ്.

ഐതിഹ്യം

[തിരുത്തുക]

ഒരിക്കൽ ശ്രീകൃഷ്ണൻ ഗോപാലന്മാരുമൊത്ത് താമരപ്പൊയ്കയിൽ ഇറങ്ങി നീന്തിക്കുളിച്ചതിനുശേഷം ഓരോ താമരയിലയും തണ്ടോടുകൂടിയ ഓരോ താമരമൊട്ടും പറിച്ചെടുത്ത് കരയ്ക്കുകയറി കളി തുടങ്ങി. അതിലേ കടന്നുപോയ നാരദമഹർഷി ഇവരുടെ കളിയിൽ ആകൃഷ്ടനായി. കേരളീയരെ ഒന്നടങ്കം കൃഷ്ണഭക്തരാക്കാൻ ആഗ്രഹിച്ചിരുന്ന വില്വമംഗലത്ത് സ്വാമിയോട് താമരപൊയ്കയുടെ തീരത്തിൽ ഈ കളി വിഷ്ണു ക്ഷേത്രങ്ങളിൽ പ്രചരിപ്പിക്കണമെന്ന് നാരദമഹർഷി ഉപദേശിച്ചു. സ്വാമികൾ കൃഷ്ണധ്യാനത്തിൽ മുഴുകുകയും തുടർന്ന് അദ്ദേഹത്തിന് വേലകളി കാണിച്ചുകൊടുത്തിട്ട് കൃഷ്ണൻ കൂട്ടുകാരോടൊത്ത് ഒളിച്ചുകളയുകയും ചെയ്തു.[3]

വില്വമംഗലം ഈ കളി കേരളത്തിലെ ക്ഷേത്രങ്ങളിൽ പ്രചരിപ്പിച്ചു. അമ്പാടിയിലെ കുട്ടികൾ കളിയിൽ ഉപയോഗിച്ചിരുന്ന തണ്ടോടുകൂടിയ താമരമൊട്ടിൻറെയും താമരയിലയുടെയും സ്ഥാനത്ത് അവയോട് ആകൃതിസാമ്യമുള്ള ചുരികയും പരിചയും പ്രയുക്തമായി. ആയുധങ്ങൾ ഉപയോഗിച്ചപ്പോൾ കേരളീയരുടെ ആയോധനാഭിരുചി ഈ കളിയിൽ സ്വാധീനം ചെലുത്തി. അങ്ങനെ രൂപം പ്രാപിച്ചതാണ് ഇന്നത്തെ വേലകളി കാളിന്ദീ നദിയുടെ തീരത്ത് ഗോക്കളെ മേയ്ക്കുന്നതിനിടയിൽ കൃഷ്ണനും ഗോപാലന്മാരും താമരയിലയും തണ്ടും, പരിചയും വാളുമാക്കി യുദ്ധം ചെയ്തു കളിച്ചതിൻറെ ആവിഷ്കരണമാണ് വേലകളിയെന്നാണ് ഐതിഹ്യം.

വേഷവിധാനം

[തിരുത്തുക]

കളിക്കാർ കുളിച്ച് നെറ്റിയിലും കൈയിലും ചന്ദനക്കുറി ചാർത്തുന്നു. കരിയെഴുതി കണ്ണിമകൾ കറുപ്പിക്കും. കടകം, കേയൂരം, എന്നീ കൈയ്യാഭരണങ്ങൾ ചാർത്തും. പളുങ്കുമണികൾ കോർത്തുകെട്ടിയ “കൊരലാരം” മാറത്ത് ചാർത്തും. പിന്നെ തലപ്പാവും ഉടുവസ്ത്രവും ധരിക്കുന്നു. അരയും തലയും മുറുക്കുക എന്നാണിതിനു പറയുന്നത്. ചുവന്ന തുണി കൊണ്ട് തലപ്പാവ് കെട്ടും. കസവു റിബൺ കൊണ്ട് ഇത് കെട്ടിമുറുക്കും. വീതിയുള്ള വെള്ള വസ്ത്രം ഉടുത്തിട്ട് വെള്ളികുമിളകളും പുള്ളികളും വച്ചുപിടിപ്പിച്ചതും, വീതി കുറഞ്ഞ ഒരു ചുവന്ന വസ്ത്രം അതിനു മുകളിൽ കെട്ടി, കറുപ്പ് കച്ച കൊണ്ട് മുറുക്കുന്നു. ചുവന്ന നിറമുള്ളതുമായ മുക്കോൺ (വസ്ത്രം; പുറകുവാൽ എന്നും അറിയപ്പെടുന്നു) അരയിൽ പുറകിലായി കെട്ടും.

വേലകളി: വാഴപ്പള്ളി തേവരുടെ ആറാട്ട് എഴുന്നള്ളത്തിൽ അകമ്പടിയായി

അവതരണശൈലി

[തിരുത്തുക]

വലിയ സാഹിത്യഭംഗിയില്ലാത്ത താളപ്രധാനമായ പാട്ടാണ് പാടുന്നത്. യുദ്ധമുറയിലുള്ള കാൽവയ്‌പ്, ഇടത് കൈയിൽ പരിച, വലതിൽ ചെറിയ വാളും. കൊടിപ്പിടിച്ചിട്ടുള്ള കുറേപ്പേർ കാണും. പക്ഷിമൃഗങ്ങളുടെ രൂപം പിടിച്ചു കൊണ്ട് നടക്കുന്ന ചില ആളുകളും രംഗത്ത് ഉണ്ടാവും. താളത്തിനൊത്താൺ കളി. പല യുദ്ധമുറകൾഉം ഇതിൽ കാണും. അതിയായ അർപ്പണവും തുടർച്ചയായ പരിശീലനവും ഈ കലാരൂപത്തിന് ആവശ്യമാണ്. കളരിപ്പയറ്റിൽ നിന്ന് വ്യത്യസ്തമായി വേലകളി കൂട്ട പയറ്റായതിനാൽ വേലകളിയുടെ ചുവടുകളിൽ വ്യത്യാസമുണ്ട്.

താളങ്ങളും ചുവടുകളും

[തിരുത്തുക]

വൈവിധ്യമായ ചുവടുകളും അടവുകളും കൊണ്ട് ഹൃദ്യമാണ് വേലകളി. ആയം ചാട്ടം, അരയിൽ നീക്കം തുടങ്ങിയ ചുവടുകളാണ് ഉപയോഗിക്കുന്നത്. കളിക്കാരുടെ നീക്കവും ആക്രമണ രീതിയും എതിർപക്ഷം അറിയാതിരിക്കാൻ വാദ്യമേളങ്ങളിലൂടെയാണ് നിർദ്ദേശങ്ങൾ കൊടുക്കുന്നത്. മുറിയടന്ത (ഒരു താളം) മുഴങ്ങിയാൽ വേഗത്തിലുള്ള ചലനവും അടന്തയായാൽ പതിഞ്ഞ മട്ടിലുള്ള ചുവടുകളുമായാണ് കളിക്കുന്നത്. എതിരാളികളോട് പോരാടി വിജയിക്കാൻ പറ്റാത്ത അവസ്ഥയാണെങ്കിൽ പഞ്ചാരി എന്ന താളം മുഴങ്ങും. പിൻതിരിഞ്ഞ് ഓടാൻ ആ താളം വേലകളി ഓർമ്മപ്പെടുത്തുന്നു.

അഭ്യാസരീതി

[തിരുത്തുക]

പന്ത്രണ്ടു വയസിനു താഴെ പ്രായമുള്ള ആൺകുട്ടികളെയാണ് അഭ്യസനത്തിന് തെരഞ്ഞെടുക്കുന്നത്. വർഷ കാലത്താണ് പരിശീലനം ആരംഭിക്കുന്നത്. തെരഞ്ഞെടുത്തവരെ കച്ചകെട്ടി ചുവടുകൾ പഠിപ്പിക്കുകയും മെയ് വഴക്കം സിദ്ധിക്കുവാൻ എണ്ണയിട്ടു ചവിട്ടി തിരുമുകയും ചെയ്യുന്നു. അതിലൂടെ കാൽ, കയ്യ്, മെയ്യ് ഇവകൾക്ക് നല്ല അയവു വരുകയും ഏതുരീതിയിലും ശരീരത്തെ ചലിപ്പിക്കുവാൻ നിഷ്പ്രയാസം സാധിക്കുകയും ചെയ്യുന്നു. കളരി കെട്ടി ഓരോ കരയിൽ നിന്നും 200 ഓളം ചെറുപ്പക്കാരെ തെരഞ്ഞെടുത്ത് പരിശീലനം നൽകിയിരുന്നു. ആലപ്പുഴ ജില്ലയിലെ ചമ്പക്കുളത്തും മാത്തൂർ കുടുംബത്തിലുമായിരുന്നു കളരികൾ. പടയാളികളുടെ കുടുംബത്തിനുള്ള ചെലവുകൾ മുഴുവനും രാജാവ് വഹിച്ചിരുന്നു.

അവതരണം

[തിരുത്തുക]

കളിക്കാർ മുട്ടിന്മേൽ ഉടുത്തുകെട്ടി ചുവന്ന പട്ടുകൊണ്ടുള്ള തലപ്പാവണിഞ്ഞ് പൊക്കി തറ്റുടുത്ത് മുണ്ടിനുമീതെ ചുവന്ന അരക്കച്ച ചുറ്റി കൈകളിൽ കാപ്പുകെട്ടി ആഭരണങ്ങളണിഞ്ഞ് ഇടതുകയിൽ വാളും വലതുകയ്യിൽ പരിചയും പിടിച്ചുകൊണ്ടാണ് കളിക്കുന്നത്. സംഘത്തിലെ ഇളയവർ മുൻനിരയിലും, പ്രായം കൂടിയവർ കൊടിയുമേന്തി പിൻനിരയിലും നിൽക്കും. പഴയ കാലത്തെ യുദ്ധത്തിൽ മൃഗങ്ങളെയും പങ്കെടുപ്പിച്ചിരുന്നതിനെ അനുസ്മരിക്കാനാവും, കാള, കോഴി തുടങ്ങിയ ജന്തുക്കളുടെ കോലങ്ങൾ ആദ്യകാലങ്ങളിൽ വേലകളിയിൽ കൊണ്ടു നടക്കാറുണ്ടായിരുന്നു. ഇപ്പോൾ ആ പതിവ് കാണാറില്ല.

വേലകളി ആരംഭിക്കുന്നത് പ്രത്യേകതരത്തിലുള്ള വാദ്യമേളങ്ങളോടു കൂടിയാണ്. വേലതകിൽ, കൊമ്പ്, കുറങ്കുഴൽ, തപ്പ്, മദ്ദളം എന്നീ വാദ്യോപകരണങ്ങൾ മേളത്തിന് ഉപയോഗിക്കുന്നു. വേലതകിൽ വാദ്യമേളത്തിന് ഉപയോഗിക്കുന്നതുകൊണ്ടായിരിക്കാം വേലകളി എന്ന പേര് വന്നതെന്ന് അനുമാനിക്കാം. ഒരു മണിക്കൂറോളം ഒരു കൊച്ചു യുദ്ധത്തിൻറെ പ്രതീതി ജനിപ്പിക്കുന്ന വിധം ചാട്ടവും നൃത്തവും മുന്നോട്ടും പിന്നോട്ടുമുള്ള നീക്കവുമെല്ലാം ചേർന്ന് നയനാന്ദകരമായ ഒരു ദൃശ്യമാണ് അവതരിപ്പിക്കുന്നത്. കളിയുടെ അവസാനം പരാജിതരായിട്ട് കൂട്ടത്തോടെ ഓടിപ്പോവുകയാണ് വേലകളിയുടെ സമ്പ്രദായം.

പഴഞ്ചൊല്ല്

[തിരുത്തുക]
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രവും വേലക്കുളവും

അമ്പലപ്പുഴ വേലകളിയെ പറ്റി ഒരു പഴഞ്ചൊല്ല് കേരളത്തിൽ പ്രചാരത്തിലുണ്ട്.

അത്രയ്ക്ക് പ്രശസ്തമായ നയനാന്ദകരമായ അനുഷ്ഠാനകലയായിരുന്നു ഒരിക്കൽ ഇത് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.

കുളത്തിൽ വേല

[തിരുത്തുക]

ക്ഷേത്രകുളത്തിലെ നടകളിൽ അണിനിരന്ന് നൃത്തം ചെയ്യുന്നു. മദ്ധ്യതിരുവിതാംകൂറിലെ പ്രധാന എല്ലാക്ഷേത്രങ്ങളിലും കുളത്തിൽ വേല പതിവുണ്ട്.ഹരിപ്പാട് ശ്രീസുബ്രഹ്മണ്യ സ്വാമി മഹാക്ഷേത്രത്തിൽ കുളത്തിൽ വേല കളിക്കാനായി കിഴക്കേനടയിൽ ഒരു കുളം ഉണ്ട്.അതിനെ വേലകുളം എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്ര കുളത്തിന്റെ പടികളിൽ ഇറങ്ങി നൃത്തം കളിക്കുമ്പോൾ വേലകളിക്കുന്നവരുടെ നിഴൽ വെള്ളത്തിൽ പ്രതിഫലിക്കുന്നു.

ഓച്ചിറ വേലകളി

[തിരുത്തുക]

ഓച്ചിറയിലെ പടനിലത്തിൽ അരങ്ങേറുന്ന അനുഷ്ഠാനകലയാണ് ഓച്ചിറ വേലകളി. ഇതിനും അമ്പലപ്പുഴ വേലകളിയുമായി സാമ്യം ഉണ്ട്. യുദ്ധസ്മരണയുണർത്തുന്ന ഈ ഉത്സവം കായംകുളം രാജ്യത്തെ സൈനികപരിശീലനത്തിൻറെയോ ശക്തിപരീക്ഷണത്തിൻറെയോ ഭാഗമായിരുന്നിരിക്കാം. മിഥുനമാസം ഒന്നും രണ്ടും തീയതികളിലാണ് ഇത് നടത്തിവരുന്നത്. ഇന്ന് ക്ഷേത്ര അവകാശികളായ 52 കരക്കാരാണ് ഇതിൽ പങ്കെടുക്കുന്നത്.

വേലകളി നടക്കുന്ന പ്രമുഖക്ഷേത്രങ്ങൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. വേലകളി : ഒരു ക്ഷേത്ര കല - ഇരിക്കാട്ട് എ.ആർ. കുട്ടപ്പൻ നായർ
  2. വേലകളി : ഒരു ക്ഷേത്ര കല - ഇരിക്കാട്ട് എ.ആർ. കുട്ടപ്പൻ നായർ
  3. http://epaper.mathrubhumi.com/epaperimages/1122011/1122011-md-th-18/2121615.JPG[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=വേലകളി&oldid=4301400" എന്ന താളിൽനിന്ന് ശേഖരിച്ചത്