വാറൻ ഡി ലാ റു
വാറൻ ഡി ലാ റു | |
---|---|
ജനനം | |
മരണം | 19 ഏപ്രിൽ 1889 London | (പ്രായം 74)
ബ്രിട്ടിഷ് ജ്യോതിശ്ശാസ്ത്രജ്ഞനായ വാറൻ ഡി ലാ റു 1815 ജനുവരി 18-ന് ചാനൽ ദ്വീപിലെ ഗ്വേൺസെ(Guernsey)യിൽ ജനിച്ചു.
വിദ്യാഭ്യാസവും ജോലിയും
[തിരുത്തുക]പാരിസിലെ സെയ്ന്റ് ബാർബെ കോളജിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന് അച്ചടി വകുപ്പിലെ ജോലിയിൽ പ്രവേശിച്ചു. ഇതോടൊപ്പം ജ്യോതിശ്ശാസ്ത്രനിരീക്ഷണങ്ങളിലും വ്യാപൃതനായി. ജ്യോതിശ്ശാസ്ത്രം, രസതന്ത്രം, സൗരഭൌതികം എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ഗവേഷണ മേഖലകൾ.
കണ്ടുപിടിത്തങ്ങൾ
[തിരുത്തുക]ജ്യോതിശ്ശാസ്ത്രമേഖലയിൽ ഖഗോള ഛായാഗ്രഹണത്തിലായിരുന്നു പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നത്. സൂര്യന്റെ ദൈനംദിന ചിത്രങ്ങളെടുക്കാൻ ഉപയോഗിക്കുന്ന ഉപകരണമായ ഫോട്ടോഹീലിയോഗ്രാഫ് കണ്ടുപിടിച്ചത് (1858) ഇദ്ദേഹമാണ്. 1860 ജൂലൈ 16-ലെ പൂർണസൂര്യഗ്രഹണത്തിന്റെ ഛായാഗ്രഹണത്തിലൂടെ സൂര്യപ്രപാത (Solar prominence) ത്തെക്കുറിച്ച് ഇദ്ദേഹം പഠനം നടത്തി. ചന്ദ്രന്റെ വ്യക്തമായ ചില ചിത്രങ്ങൾ എടുക്കാനും ഇദ്ദേഹത്തിനു സാധിച്ചു. ഡി ലാ റു ബാറ്ററികളുടെ നിർമിതിയിൽ പല പരിഷ്കാരങ്ങൾ വരുത്തുകയും സിൽവർ ക്ലോറൈഡ് സെൽ കണ്ടുപിടിക്കുകയും ചെയ്തു. വാതകങ്ങളിൽക്കൂടിയുള്ള വൈദ്യുത ഡിസ്ചാർജിനെക്കുറിച്ചും പ്ലാറ്റിനം ഫിലമെന്റോടു കൂടിയ വൈദ്യുത ബൾബുകളെക്കുറിച്ചും ഇദ്ദേഹം പഠനം നടത്തിയിട്ടുണ്ട്. കവർ (envelope) ഉണ്ടാക്കുന്നതിനുള്ള ഒരു യന്ത്രവും ഇദ്ദേഹത്തിന്റെ കണ്ടുപിടിത്ത (1851)ങ്ങളിലുൾപ്പെടുന്നു.
പ്രധാനകൃതികൾ
[തിരുത്തുക]ഡി ലാ റുവിന്റെ പ്രധാന കൃതിയാണ്
- റിസർച്ചെസ് ഓൺ സോളാർ ഫിസിക്സ് (1865-68).
ഗോൾഡ് മെഡൽ (1862), റോയൽ മെഡൽ (1864) എന്നീ ബഹുമതികൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കെമിക്കൽ സൊസൈറ്റി (1867-69, 1879-80), റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റി (1864 - 66) എന്നീ സംഘടനകളുടെ പ്രസിഡന്റായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 1850-ൽ റോയൽ സൊസൈറ്റി അംഗമായി. 1889 ഏപ്രിൽ 19-ന് ഇദ്ദേഹം ലണ്ടനിൽ അന്തരിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://micro.magnet.fsu.edu/optics/timeline/people/delarue.html
- http://www.britannica.com/EBchecked/topic/153681/Warren-De-la-Rue
- http://www.encyclopedia.com/topic/Warren_De_la_Rue.aspx
- http://www.infoplease.com/ce6/people/A0815031.html
- http://www.sciencephoto.com/media/100959/view
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡി ലാ റു, വാറൻ (1815 - 89) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |