Jump to content

ല്യൂക്കിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ല്യൂക്കിസ്റ്റിക്ക് ആയ മാടപ്രാവ്.  കണ്ണുകളും കാലുകളും സ്വാഭാവിക നിറത്തിലാണ്. 

ഭാഗികമായി വർണവസ്തു നഷ്ടപ്പെടുന്ന അവസ്ഥയാണ് ല്യൂക്കിസം. തൊലി, മുടി, തൂവലുകൾ, ചെതുമ്പലുകൾ എന്നിവ വെളുത്തോ നിറം മങ്ങിയോ, അങ്ങിങ്ങായി നിറമുള്ള അവസ്ഥയിലോ  കാണപ്പെടും.  എന്നാൽ കണ്ണുകളിലെ വർണവസ്തു നഷ്ടപ്പെടുന്നില്ല. ആൽബിനിസത്തിൽ നിന്ന് വ്യത്യസ്തമായി മെലാനിന്റെ മാത്രം കുറവല്ല ല്യൂക്കിസത്തിനു കാരണം. മറിച്ച് ഒന്നിലധികം തരം വർണ്ണവസ്തുക്കളുടെ കുറവാണ്.

വിശദാംശങ്ങൾ

[തിരുത്തുക]

വർണകോശത്തിന്റെ വേർതിരിയലിൽ ഉള്ള തകരാറ് മൂലവും ഭ്രൂണാവസ്ഥയിൽ വർണകോശം ന്യൂറൽ ക്രെസ്റ്റിൽ( neural crest) നിന്ന് തൊലി, മുടി, തൂവൽ തുടങ്ങിയവയിലേക്ക് കുടിയേറുന്നതിലുള്ള തകരാറുകൾ മൂലം ഉണ്ടാകുന്ന സ്ഥൂലരൂപമാണ് ല്യൂക്കിസം. ശരീര ഉപരിതലം ഇത് പൂർണമായോ ഭാഗികമായോ  വർണവസ്തുക്കൾ ഉൽപ്പാദിപ്പിക്കാൻ കഴിവുള്ള കോശങ്ങൾ ഇല്ലാതാകുന്നതിന് ഇടയാക്കുന്നു.

എല്ലാ വർണവസ്തുക്കളും വിവിധ ശേഷികളുള്ള ഒരേ പൂർവഗാമി സെൽ ഇനങ്ങളിൽ നിന്ന് വേർതിരിഞ്ഞു വരുന്നതിനാൽ ല്യൂക്കിസം എല്ലാത്തരത്തിലുള്ള വർണവസ്തുക്കളുടെയും കുറവിലേക്ക് നയിക്കാം. എന്നാൽ ആൽബിനിസത്തിൽ ഇത്  മെലനോസൈറ്റുകൾ നിലനിലവിലുള്ളപ്പോൾ തന്നെ മെലാനിന്റെ ഉല്പാദനം കുറയുന്നതു മൂലമുള്ള മെലാനിൻ വർണവസ്തുവിന്റെ മാത്രം കുറവാണ്. സാന്തോഫോറുകൾ(xanthophore) പോലുള്ള മറ്റു വർണവസ്തുക്കൾ ഉള്ള സ്പീഷീസുകളിൽ ആൽബിനോകൾ പൂർണമായി വെളുപ്പിനു പകരം മങ്ങിയ മഞ്ഞനിറം ആയിരിക്കും.

പൂർണമായ വർണ അഭാവത്തിനു പകരം സ്വാഭാവികമായ നിറവും രൂപക്രമവും ഉള്ള ജീവിയുടെ ദേഹത്ത്, പ്രാദേശികമായതോ അപൂർണമായതോ ആയ വർണവസ്തുവിന്റെ കുറവ്(hypopigmentation) മൂലമുള്ള ക്രമരഹിതമായ വെളുത്ത പ്രദേശങ്ങൾ ഉള്ള രീതിയിൽ ആണ് ല്യൂക്കിസം സാധാരണയായി കാണുക. ഭാഗികമായ ല്യൂക്കിസം പുള്ളിക്കുത്തുകൾ ഉള്ള എന്ന അർഥത്തിൽ പൈഡ് അല്ലെങ്കിൽ പൈബാൾഡ്(pied or piebald effect) എന്ന് അറിയപ്പെടുന്നു. സ്വാഭാവിക നിറമുള്ള തൊലിയും വെളുത്ത തൊലിയും തമ്മിലുള്ള അനുപാതം തലമുറകൾക്കിടയിൽ മാത്രമല്ല, ഒരേ മാതാപിതാക്കളുടെ കുഞ്ഞുങ്ങൾക്കിടയിലും, ഒരുമിച്ച് ജനിച്ച കുഞ്ഞുങ്ങൾക്കിടയിലും ഗണ്യമായി മാറുന്നതായി കാണുന്നു. കുതിര, പശു, പൂച്ച, നായ, നഗരപ്രദേശങ്ങളെ കാക്കകൾ, പന്തുപാമ്പ് എന്നിവയ്ക്കിടയിൽ ഇത് ശ്രദ്ധാർഹമാണ്. 

ആൽബിനിസവും ല്യൂക്കിസവും തമ്മിലുള്ള മറ്റൊരു വ്യത്യാസം കണ്ണിന്റെ നിറമാണ്. റെറ്റിനൽ പിഗ്മെന്റെഡ് എപ്പിത്തീലിയത്തിലും ഐറിസിലും മെലാനിൻ ഉല്പാദനം ഇല്ലാത്തതു കൊണ്ട് അടിയിലൂടെ പോകുന്ന രക്തക്കുഴലുകളുടെ നിറം പുറത്തേക്ക് കാണുന്നതു കാരണം ആൽബിനിസം ബാധിച്ച ജീവികളിൽ കണ്ണുകൾ ചുവന്നിരിക്കും. എന്നാൽ മിക്കവാറും ല്യൂക്കിസ്റ്റിക് ജീവികളിൽ കണ്ണുകളുടെ നിറം സ്വാഭാവികമായിരിക്കും. റെറ്റിനൽ പിഗ്മെന്റെഡ് എപ്പിത്തീലിയത്തിലെ മെലനോസൈറ്റുകൾ ന്യൂറൽ ക്രെസ്റ്റിൽ നിന്ന് ഉൽഭവിക്കുന്നതല്ല. മറിച്ച് അവ ഒപ്റ്റിക് കപ്പും പിന്നീട് റെറ്റിനയും രൂപം കൊള്ളുന്ന ന്യൂറൽ ട്യൂബിന്റെ ഭാഗങ്ങളിൽ നിന്നാണ് ഉൽഭവിക്കുന്നത്. സ്വതന്ത്രമായ ഉൽഭവം ഉള്ളതുകൊണ്ട് തന്നെ ല്യൂക്കിസത്തിന്റെ ജനിതക കാരണം കണ്ണുകളുടെ നിറത്തെ ബാധിക്കുന്നില്ല.

ഉൾപരിവർത്തനം(mutation) സംഭവിച്ചാൽ ല്യൂക്കിസത്തിനു കാരണമാകുന്ന  ജീനുകൾ c-kit, mitf  EDNRB എന്നിവയാണ്.

നിരുക്തി

[തിരുത്തുക]

ല്യൂക്കിസ്റ്റിക്, ല്യൂക്കിസം എന്നീ വാക്കുകൾ മെഡിക്കൽ ടെർമിനോളജിയിൽ നിന്ന് ഉൽഭവിച്ചതാണ്. ല്യൂക്ക്(leuc- ലാറ്റിൻ, leuk-ഗ്രീക്ക്) എന്ന വാക്കിന്റെ അർത്ഥം വെളുത്തത് എന്നാണ്.

"https://ml.wikipedia.org/w/index.php?title=ല്യൂക്കിസം&oldid=2799233" എന്ന താളിൽനിന്ന് ശേഖരിച്ചത്