Jump to content

റ്റെപ്പൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂർണ്ണവളർച്ചയെത്തിയ പുഷ്പത്തിന്റെ ഭാഗങ്ങൾ കാണിക്കുന്ന ചിത്രം. ഈ ഉദാഹരണത്തിൽ പെരിയാന്തിനെ കാലിക്സ് (വിദളങ്ങളുടെ കൂട്ടം), കൊറോള (ദളങ്ങളുടെ കൂട്ടം) എന്നിങ്ങനെ വേർതിരിച്ചിരിക്കുന്നു.

റ്റെപ്പൽ എന്നത് പുഷ്പത്തിന്റെ പുറമേ കാണപ്പെടുന്ന ഭാഗങ്ങളിൽ ഒന്നാണ്. റ്റെപ്പലുകളെയെല്ലാം ഒന്നിച്ചുചേർത്ത് പെരിയാന്ത് എന്ന് വിളിക്കുന്നു. വിദളങ്ങൾ(sepals), ദളങ്ങൾ(petals) എന്നിങ്ങനെ വേർതിരിച്ചറിയാൻ കഴിയാത്ത പുഷ്പഭാഗങ്ങളെയാണ് റ്റെപ്പൽ എന്നു പറയുന്നത്. പെരിയാന്തിന്റെ ഭാഗങ്ങൾ വിദളങ്ങൾ, ദളങ്ങൾ എന്നിങ്ങനെ വേർതിരിഞ്ഞിട്ടില്ലാത്തതിനാലോ (മഗ്നോലിയത്തിലെ പോലെ) അല്ലെങ്കിൽ അകമേ കാണപ്പെടുന്ന വിദളങ്ങളെയോ പുറമേ കാണപ്പെടുന്ന ദളങ്ങളേയോ വേവ്വേറെ തിരിച്ചറിയാൻ കഴിയുമെങ്കിലും അവയ്ക്ക് ഒരേ രൂപമുള്ളതിനാലോ (ലിലിയത്തിലെ പോലെ) ആണ് ഇങ്ങനെ സംഭവിക്കുന്നത്. 1827 ൽ അഗസ്റ്റിൻ പിരാമസ് ഡി കാൻ‌ഡോൾ ആണ് ഈ പദം ആദ്യമായി നിർദ്ദേശിക്കുന്നത്. "petal", "sepal" എന്നീ പദങ്ങളുമായി സാമ്യമുള്ള രീതിയിലാണ് ഈ പദം നിർമ്മിച്ചത്. [1] [2] (ഡി കാൻഡോൾ ടെപലുകളെ ഒന്നിച്ചുചേർത്ത് പെരിഗോണിയം അല്ലെങ്കിൽ പെരിഗോൺ എന്ന പദമാണ് ഉപയോഗിച്ചത്; ഇന്ന് ഈ പദം "പെരിയാന്ത്" എന്നതിന്റെ പര്യായമായാണ് ഉപയോഗിക്കുന്നത്. [3] )

ഉത്ഭവം

[തിരുത്തുക]
ആറ് റ്റെപ്പലുകൾ കാണിക്കുന്ന ഒരു ലില്ലി പുഷ്പം. പുറമെയായി മൂന്ന് വിദളങ്ങളും അകവശത്തായി മൂന്ന് ദളങ്ങളുമാനിതിനുള്ളത്.

വേർതിരിച്ചറിയാൻ സാധിക്കാത്ത റ്റെപ്പലുകൾ സപുഷ്പികളുടെ ഒരു പൂർവ്വിക ഗുണവിശേഷമാണെന്നാണ് (ancestral condition) വിശ്വസിക്കപ്പെടുന്നു. ഉദാഹരണത്തിന്, പൂച്ചെടികളുടെ പരിണാമത്തിന്റെ ആദ്യഘട്ടങ്ങളിൽ വേർപെട്ടുപോയി എന്നു കരുതപ്പെടുന്ന അംബോറെല്ലയ്ക്ക് [4] വേർതിരിച്ചറിയാൻ കഴിയാത്ത റ്റെപ്പലുകളുള്ള പുഷ്പങ്ങളാണുള്ളത്. അതിനാൽ ജന്തുക്കൾ മൂലമുള്ള പരാഗണത്തിനനുസരിച്ച് റ്റെപ്പലുകൾ ദളങ്ങളും വിദളങ്ങളുമായി വേർതിരിഞ്ഞിരിക്കാനാണ് സാധ്യത. ഒരു സാധാരണ പൂവിൽ പുറമേ കാണപ്പെടുന്ന ഭാഗങ്ങളായ വിദളങ്ങൾ വളരുന്ന മുകുളത്തിന് സംരക്ഷണം നൽകുന്നു; അതേസമയം അകമേയുള്ള ഭാഗങ്ങളായ ദളങ്ങൾ പരാഗകാരികളെ ആകർഷിക്കുകയുമാണ് ചെയ്യുന്നത്.

സമാനമായ വിദളങ്ങളോടും ദളങ്ങളോടും കൂടിയ റ്റെപ്പലുകൾ ഏകബീജപത്ര സസ്യങ്ങളിൽ (Monocotyledon), പ്രത്യേകിച്ച് "ലിലിയോയിഡ് മോണോകോട്ടുകളിലാണ്" കാണപ്പെടുന്നു. ഉദാഹരണത്തിന്, റ്റുലിപ്പുകളിൽ ഒന്നും രണ്ടും നിര റ്റെപ്പലുകൾ ദളങ്ങൾ പോലെയാണ് കാണപ്പെടുന്നത്. ഇവ അടിഭാഗത്തായി കൂടിച്ചേർന്ന് വലുതും ആകർഷണീയവുമായതും ആറ് ഭാഗങ്ങളുള്ളതുമായ ഒരു പെരിയാന്തായി രൂപപ്പെടുത്തുന്നു. ലില്ലികളിൽ ഒന്നും രണ്ടും നിരയിലെ പുഷ്പഭാഗങ്ങൾ വേർതിരിഞ്ഞാണ് കാണപ്പെടുന്നതെങ്കിലും അവയുടെ രൂപം ഒന്നുതന്നെയാണ്. അതിനാൽ ആകർഷണീയമായ ഈ ഭാഗങ്ങളെ റ്റെപ്പലുകൾ എന്നാണ് വിളിക്കാറ്. വിദളങ്ങളും ദളങ്ങളും വേർതിരിച്ചറിയാൻ കഴിയുന്ന സാഹചര്യങ്ങളിൽ അവയെ റ്റെപ്പലുകൾ എന്നു വിളിക്കണമോ എന്നത് തർക്കവിഷയമാണ്. ചിലർ വിദളങ്ങൾ, ദളങ്ങൾ എന്നിങ്ങനെ വേർതിരിച്ച് പറയുമ്പോൾ മറ്റു ചിലർ റ്റെപ്പലുകൾ എന്നു തന്നെയാണ് ഉപയോഗിക്കുന്നത്.

ചില ചെടികളിലെ പൂക്കളിൽ ദളങ്ങൾ കാണപ്പെടുന്നില്ല. പകരം അവയിലുള്ള എല്ലാ റ്റെപ്പലുകളും ദളങ്ങൾ പോലെ പ്രവർത്തിക്കുന്ന വിദളങ്ങളാണ്. ഇവയെ പെറ്റലോയ്ഡുകൾ എന്നാണ് പറയുന്നത്; ഉദാഹരണത്തിന്, ഹെല്ലെബോറുകളുടെ സെപ്പലുകൾ. വേർതിരിഞ്ഞിട്ടില്ലാത്ത റ്റെപ്പലുകൾ ദളങ്ങളോടാണ് സാദൃശ്യം പുലർത്തുന്നതെങ്കിൽ അവയേയും "പെറ്റലോയ്ഡ്" എന്നുതന്നെയാണ് വിളിക്കുന്നത്; ഉദാഹരണത്തിന് പെറ്റലോയ്ഡ് മോണോകോട്ടുകളിലേതുപോലെ (കടും നിറമുള്ള റ്റെപ്പലുകളുള്ള മോണോകോട്ടുകളുടെ ഓർഡറുകൾ). അവയിൽ ഓർഡർ ലിലിയേൽ ഉൾപ്പെടുന്നതിനാൽ ലിലിയോയിഡ് മോണോകോട്ടുകൾ എന്നും അവ അറിയപ്പെടുന്നു.

ചിത്രശാല

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

  ബോട്ടണി: എ ബ്രീഫ് ആമുഖം ടു പ്ലാന്റ് ബയോളജി - 5 മത് പതിപ്പ്. തോമസ് എൽ. റോസ്റ്റ്; ടി. എലിയറ്റ് വീർ - വൈലി & സൺസ് 1979ISBN 0-471-02114-8 .

പ്ലാന്റ് സിസ്റ്റമാറ്റിക്സ് - ജോൺസ്; സാമുവൽ - മൿഗ്രോ-ഹിൽ 1979ISBN 0-07-032795-5 .

  1. Augustin Pyramus de Candolle (1827). Organographie végétale, ou Description raisonnée des organes des plantes; pour servir de suite et de développement a la théorie élémentaire de la botanique, et d'introduction a la physiologie végétale et a la physiologie végétale et a la description des familles. Paris: Deterville. p. 503.
  2. Augustin Pyramus de Candolle (1841). Vegetable organography; or, An analytical description of the organs of plants. Vol. 2. Translated by Boughton Kingdon. London: Houlston & Stoneman. p. 90.
  3. Stearn, William Thomas (2004). Botanical Latin (p/b ed.). David & Charles/Timber Press. ISBN 978-0-7153-1643-6. p. 39.
  4. Ronse De Craene, L. P. (2007). "Are Petals Sterile Stamens or Bracts? The Origin and Evolution of Petals in the Core Eudicots". Annals of Botany. 100 (3): 621–630. doi:10.1093/aob/mcm076. PMC 2533615. PMID 17513305.
"https://ml.wikipedia.org/w/index.php?title=റ്റെപ്പൽ&oldid=3606342" എന്ന താളിൽനിന്ന് ശേഖരിച്ചത്