Jump to content

റോബ് ഹാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോബ് ഹാൾ
ജനനം
റോബർട്ട് എഡ്വിൻ ഹാൾ

(1961-01-14)14 ജനുവരി 1961
മരണം11 മേയ് 1996(1996-05-11) (പ്രായം 35)
മരണ കാരണംഹൈപ്പോതെർമിയ
അന്ത്യ വിശ്രമംഎവറസ്റ്റ്, സൗത്ത് സമ്മിറ്റ്
ദേശീയതന്യൂസീലൻഡ്
തൊഴിൽപർവ്വതാരോഹക വഴികാട്ടി
തൊഴിലുടമഅഡ്വഞ്ചർ കൺസൾട്ടന്റ്സ്
അറിയപ്പെടുന്നത്1996 എവറസ്റ്റ് ദുരന്തം
ജീവിതപങ്കാളി(കൾ)ജാൻ ആർനോൾഡ്
കുട്ടികൾസാറ ആർനോൾഡ് ഹാൾ

ന്യൂസീലൻഡിൽ നിന്നുള്ള ഒരു പർവ്വതാരോഹകനായിരുന്നു റോബർട്ട് എഡ്വിൻ ഹാൾ എന്ന റോബ് ഹാൾ(ജനനം: 14 ജനുവരി 1961 – മരണം:11 മേയ് 1996). അഞ്ചു തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയ റോബ്, 1996 ൽ പര്യവേഷണത്തിനിടയിൽ ഉണ്ടായ എവറസ്റ്റ് ദുരന്തത്തിൽപെട്ട് മരണമടഞ്ഞു.

ആദ്യകാല ജീവിതം

[തിരുത്തുക]

1961 ജനുവരി 14നാണ് റോബ് ഹാൾ ജനിച്ചത്. പഠനത്തിലുപരി പർവ്വതാരോഹണത്തിലായിരുന്നു റോബിനു താൽപര്യം. സ്കൂൾ പഠനകാലത്തു തന്നെ റോബ്, ആൽപ്സ് പർവതനിരകളിൽ പര്യവേഷണം നടത്തുമായിരുന്നു.

പർവ്വതാരോഹണം

[തിരുത്തുക]

ആൽപ്സ് പർവ്വതനിരകളിലായിരുന്നു റോബ്, തന്റെ പർവ്വതാരോഹണ ജീവിതത്തിനു തുടക്കം കുറിച്ചത്. തന്റെ ലക്ഷ്യത്തിലേക്കെത്തുന്നതിന് റോബിന് പ്രായം ഒരു തടസ്സമായിരുന്നില്ല. പർവ്വതാരോഹകർക്കുള്ള വസ്ത്രങ്ങൾ നിർമ്മിക്കുന്ന ഒരു കമ്പനിയിൽ പഠനമുപേക്ഷിച്ച് റോബ് ജോലിക്കായി പ്രവേശിച്ചു. പതിനാറാമത്തെ വയസ്സിൽ ആ കമ്പനിയിൽ പ്രൊഡക്ഷൻ മാനേജറായി മാറി.[1]

ന്യൂസിലന്റിലെ പർവ്വതനിരകളായിരുന്നു റോബിന്റെ വിദ്യാലയം. തന്റെ ഇരുപത്തൊന്നാമത്തെ വയസ്സിൽ അമാ ദബ്ലാമിന്റെ ഉത്തര ശിഖരം റോബ് കീഴടക്കി. 1988 ൽ റോബ്, ഗാരി ബോളുമായി കണ്ടുമുട്ടി. പർവ്വതാരോഹണത്തിൽ ഇവർ പിന്നീട് പങ്കാളികളായി മാറി. ഏഴു സമ്മിറ്റുകൾ ഒന്നൊന്നായി കീഴടക്കാൻ ഇവർ തീരുമാനിച്ചു. 1990 ഡിസംബർ 12 ന്, നിശ്ചിത സമയത്തിനു മുമ്പായി ഇരുവരും ഏഴു പർവ്വതങ്ങളും കീഴടക്കി. എവറസ്റ്റിൽ നിന്നും തുടങ്ങി, വിൻസൺ മാസിഫിൽ അവസാനിച്ചതായിരുന്നു ആ പര്യവേഷണം.

അഡ്വഞ്ചർ കൺസൾട്ടന്റ്സ്

[തിരുത്തുക]

1992 ൽ ഇരുവരും ചേർന്ന് അഡ്വഞ്ചർ കൺസൾട്ടന്റ്സ് എന്ന സ്ഥാപനം ആരംഭിച്ചു. പർവ്വതാരോഹകർക്ക് ആവശ്യമായ സഹായം നൽകുക എന്നതായിരുന്നു ഈ കമ്പനിയുടെ ഉദ്ദേശ്യലക്ഷ്യം. കമ്പനി തുടങ്ങിയ വർഷം തന്നെ, ആറു പർവ്വതാരോഹകരെ അവർ വിജയകരമായി എവറസ്റ്റ് കൊടുമുടിയുടെ നിറുകയിലെത്തിച്ചു. 1993 ൽ ബോൾ മരണമടഞ്ഞതോടെ, കമ്പനിയുടെ പൂർണ്ണമായ ഉടമസ്ഥത റോബിൽ വന്നു ചേർന്നു. 65000 അമേരിക്കൻ ഡോളറാണ്, എവറസ്റ്റ് ആരോഹണത്തിനായി കമ്പനി ഉപഭോക്താക്കളിൽ നിന്നും ഈടാക്കിയിരുന്നത്. വിശ്വാസ്യതയും, സുരക്ഷയും, റോബിനെ പർവ്വതാരോഹകരിൽ വ്യത്യസ്തനാക്കി.

1996 മേയ് പത്തിനാണ് സംഘത്തിന്റെ എവറസ്റ്റ് പര്യവേഷണം ആരംഭിച്ചത്. ഡോക്ടർമാരും, ഷെർപകളും ഒക്കെ അടങ്ങിയ ഒരു ഇരുപത്തഞ്ച സംഘമായിരുന്നു അഡ്വഞ്ചർ കൺസൾട്ടന്റ്സിന്റേത്.[2] തുടക്കത്തിൽ പ്രശ്നങ്ങളില്ലാതെ പോയ പര്യവേഷണം എന്നാൽ ഹിലാരി സ്റ്റെപിൽവച്ച് തടസ്സം നേരിടുകയായിരുന്നു. പര്യവേഷകർക്കു മുന്നോട്ടുള്ള യാത്രയിൽ സഹായം നൽകേണ്ടിയിരുന്ന കയറുകൾ അവിടെ സ്ഥാപിച്ചിട്ടില്ലായിരുന്നു.[3] പര്യവേഷണത്തിൽ സഹായികളായിരുന്ന ഷെർപ്പകൾ ഈ കയറുകൾ സ്ഥാപിക്കുന്നതുവരെയുള്ള ഒരു മണിക്കൂർ സംഘത്തിന് ഹിലാരി സ്റ്റെപിൽ കാത്തു നിൽക്കേണ്ടി വന്നു. കൊടുമുടിയിൽ നിന്നും തിരിച്ചിറങ്ങേണ്ട സമയമായ രണ്ടു മണിക്ക്, എല്ലാ പര്യവേഷകരും ലക്ഷ്യസ്ഥാനത്തെത്തിയിട്ടുണ്ടായിരുന്നില്ല.

മൂന്നു മണിക്ക് പര്യവേഷക സംഘം, തിരിച്ചിറങ്ങാൻ തുടങ്ങി. ഡഗ് ഹാൻസൻ എന്ന സംഘാംഗം ലക്ഷ്യത്തിലേക്കെത്തുന്നതേയുണ്ടായിരുന്നുള്ളു. വഴികാട്ടികളായ ഷെർപ്പകൾ അദ്ദേഹത്തോട് തിരിച്ചിറങ്ങാൻ പറഞ്ഞുവെങ്കിലും, ലക്ഷ്യത്തിലെത്താനുള്ള ആഗ്രഹംകൊണ്ട് ആ നിർദ്ദേശങ്ങളെല്ലാം ഹാൻസൻ നിരസിച്ചു.[4] അവിടെയെത്തിയ റോബ്, ഷെർപ്പകളെ തിരിച്ചയച്ചുകൊണ്ട് ഹാൻസനേയും കൊണ്ട് തിരികെ കൊടുമുടിയിലേക്കു കയറാൻ തുടങ്ങി. വളെര മോശം തീരുമാനമായിരുന്നു അത്. അഞ്ചു മണിക്ക്, ശക്തമായ ഹിമപാതം അവരുടെ പദ്ധതികളെ ആകെ തകിടം മറിച്ചു. ഹിമപാതം, മൂലം ഹാൻസനും, റോബിനും ക്യാംപ് ഫോറിലേക്കെത്താൻ കഴിഞ്ഞില്ല. ഇവരുടെ സഹായത്തിന്, ഓക്സിജനും വെള്ളവുമായി ആന്റി ഹാരിസ്, മല കയറാൻ തുടങ്ങി.[5]

11 മേയ് വെളുപ്പിന് നാലുമണിക്ക്, റോബ് ക്യാംപിലേക്കയച്ച റേഡിയോ സന്ദേശം പ്രകാരം ഹാരിസ് അവരുടെ അടുത്തെത്തി എന്നും, ശക്തമായ തണുപ്പുകാരണം, ഹാൻസൺ മരണമടഞ്ഞു എന്നും അറിയിക്കുകയുണ്ടായി. രാത്രിക്കിടയിൽ എപ്പഴോ ഹാരിസിനേയും കാണാതായതായി റോബ് ക്യാംപിൽ അറിയിച്ചു. ഓക്സിജൻ സിലിണ്ടറിന്റെ റെഗുലേറ്റർ തണുത്തുറഞ്ഞുപോയതിനാൽ ഹാരിസ് കൊണ്ടുവന്ന ഓക്സിജൻ റോബിനുപയോഗിക്കാൻ കഴിഞ്ഞില്ല. അതേ ദിവസം, ഉച്ചക്കുശേഷം, റോബ്, ക്യാംപിലെ റേഡിയോ മുഖാന്തരം തന്റെ ഭാര്യ ജാനുമായി സംസാരിച്ചു. ഏറെ വൈകാതെ റോബ് മരണമടഞ്ഞു.[6] മേയ് ഇരുപത്തിമൂന്നിന് മറ്റൊരു പര്യവേഷണ സംഘം റോബിന്റെ മൃതദേഹം കൊടുമുടിയിൽ കണ്ടെത്തി. റോബിന്റെ മൃതശരീരം ഇപ്പോഴും അദ്ദേഹം മരിച്ചയിടത്തുതന്നെ അവശേഷിക്കുന്നു.[7]

പര്യവേഷണങ്ങൾ

[തിരുത്തുക]
എണ്ണം പർവ്വതം ഉയരം (അടി) വർഷം രാജ്യം
കെ2 28,251 1992 പാകിസ്താൻ
എവറസ്റ്റ് കൊടുമുടി 29,029 1992 1993 1994 1996 നേപ്പാൾ
ദൗളഗിരി 26,795 1993 നേപ്പാൾ
ലോത്സെ 27,503 1994 ചൈന
ചൊ ഓയു 26,906 1994 1995 ചൈന - നേപ്പാൾ അതിർത്തി
മകാലു 27,838 1994 ചൈന - നേപ്പാൾ അതിർത്തി

അവലംബം

[തിരുത്തുക]
  • ജോൺ, ക്രാകൗർ (1999). ഇൻ ടു ദ തിൻ എയർ. ആങ്കർ. ISBN 978-0385494786.
  1. "ഔവർ ഹിസ്റ്ററി". അഡ്വഞ്ചർ കൺസൾട്ടന്റ്സ് ഔദ്യോഗിക വെബ് വിലാസം. Archived from the original on 2015-09-15. Retrieved 2016-01-09.{{cite web}}: CS1 maint: bot: original URL status unknown (link)
  2. ഇൻ ടു ദ തിൻ എയർ - ജോൺ പുറം 45
  3. "ഫിക്സഡ് റോപ്സ്". മൗണ്ട് എവറസ്റ്റ്.നെറ്റ്. Archived from the original on 2015-09-13. Retrieved 2016-01-10.{{cite web}}: CS1 maint: bot: original URL status unknown (link)
  4. പിബിഎസ്, ഫ്രണ്ട്ലൈൻ, "സ്റ്റോം ഓവർ ദ എവറസ്റ്റ്", 13 മേയ് 2008
  5. ഇൻ ടു ദ തിൻ എയർ - ജോൺ
  6. ഇൻ ടു ദ തിൻ എയർ - ജോൺ
  7. ഇൻ ടു ദ തിൻ എയർ - ജോൺ
"https://ml.wikipedia.org/w/index.php?title=റോബ്_ഹാൾ&oldid=3789909" എന്ന താളിൽനിന്ന് ശേഖരിച്ചത്