Jump to content

മഹാനായ അന്ത്യോക്കസ് III

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹാനായ അന്ത്യോക്കസ് III

'സെലൂസിദ് വംശത്തിലെ' (ബി.സി. 312-64) പ്രസിദ്ധനായ രാജാവായിരുന്നു അന്ത്യോക്കസ് III (ബി.സി. 242-187) .മഹാനായ അന്ത്യോക്കസ് (ഭ.കാ. 223-187) എന്ന പേരിൽ ഇദ്ദേഹം ചരിത്രത്തിൽ അറിയപ്പെടുന്നു. അന്ത്യോക്കസ് II-ആമന്റെ അനന്തരവനായിരുന്നു ഇദ്ദേഹം. മൊളോൺ (Molon)[1] അക്കേയസ് (Achaeus)[2] എന്നിവരുടെ ആക്രമണങ്ങളെ ഇദ്ദേഹം ചെറുത്തുനിന്നു. എങ്കിലും റാഫിയയിൽവച്ച് ഈജിപ്ഷ്യൻ സൈന്യം ഇദ്ദേഹത്തെ തോല്പിച്ചു (217).

നിരന്തര യുദ്ധം

[തിരുത്തുക]

ബി.സി. 212 മുതൽ 205 വരെ അന്ത്യോക്കസ് III പാർത്തിയൻമാർ, ബാക്ട്രിയൻമാർ എന്നിവരുമായി നിരന്തരം യുദ്ധത്തിലേർപ്പെട്ടു. തന്നെ മുൻപ് തോല്പിച്ച (217) ഈജിപ്തുകാരോട് പ്രതികാരം ചെയ്യാൻ അന്ത്യോക്കസ് III തീരുമാനിച്ചു. വമ്പിച്ച സൈന്യവുമായി 198-ൽ അദ്ദേഹം ഈജിപ്ഷ്യൻ സൈന്യത്തോടേറ്റുമുട്ടി; അവരെ തോല്പിച്ചു. പലസ്തീൻ, കൊയിലെ-സിറിയ എന്നീ രാജ്യങ്ങൾ സെലൂസിദ് സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തു. ഇതോടുകൂടി നഷ്ടപ്പെട്ട സെലൂസിദ് സാമ്രാജ്യഭാഗങ്ങൾ മുഴുവൻ ഇദ്ദേഹം തിരിച്ചുപിടിച്ചു. വിശ്രുതനായിരുന്ന ഹാനിബാൾ (247-183) ഇദ്ദേഹത്തിന്റെ കീഴിൽ അഭയാർഥിയായി കഴിച്ചുകൂട്ടിയിട്ടുണ്ട്. 192-ൽ അന്ത്യോക്കസ് III-ആമൻ വീണ്ടും ആക്രമണം ആരംഭിച്ചു. ഈറ്റോലിയൻ ലീഗി(Aetolian League)ന്റെ[3] ക്ഷണപ്രകാരം ഇദ്ദേഹം ഗ്രീസിൽ കൂടി റോമിന്ന് അഭിമുഖമായി നീങ്ങി. റോമാക്കാർ പിൻവാങ്ങാൻ അഭ്യർഥിച്ചെങ്കിലും അന്ത്യോക്കസ് III-ആമൻ അതു വകവയ്ക്കാതെ മുന്നോട്ടു നീങ്ങി. തത്ഫലമായി റോമൻ സൈന്യം അന്ത്യോക്കസ് III-ആമനെ തെർമോപെലെ യുദ്ധത്തിൽ തോല്പിച്ചു. അടുത്ത വർഷം തന്നെ റോമൻ സൈന്യമേധാവിയായിരുന്ന എൽസിപ്പിയോ ഏഷ്യാമൈനറിലെ മഗ്നീഷ്യയിൽവച്ച് വീണ്ടും അന്ത്യോക്കസിനെ പരാജയപ്പെടുത്തി. ഈ രണ്ടു പരാജയങ്ങളെ തുടർന്ന് അന്ത്യോക്കസ് സന്ധിക്കപേക്ഷിച്ചു. സന്ധിവ്യവസ്ഥപ്രകാരം ഇദ്ദേഹത്തിന് തന്റെ സൈന്യവും ടോറസിന് പടിഞ്ഞാറുള്ള ഭാഗവും നഷ്ടപ്പെട്ടു. റോമാക്കാർക്ക് നഷ്ടപരിഹാരം കൊടുക്കാൻ ഇദ്ദേഹം എലിമെയിസ് ക്ഷേത്രം കൊള്ളയടിച്ചു. ഈ അവസരത്തിൽ (ബി.സി. 187) അന്ത്യോക്കസ് വധിക്കപ്പെട്ടു. സെലൂസിദ് വംശത്തിന്റെ സുവർണകാലവും അധഃപതനത്തിന്റെ ആരംഭവും ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു.

അവലംബം

[തിരുത്തുക]
  1. http://www.molonlabe.com/MLstory.html Archived 2012-06-21 at the Wayback Machine. King Leonidas of Sparta and another Greek city-state agreed to help stop the invading Persians, and marched with 300 hand-picked troops to Thermopylae on the north coast of Greece
  2. http://www.mythindex.com/greek-mythology/A/Achaeus.html Archived 2010-07-31 at the Wayback Machine. ACHAEUS
  3. http://www.britannica.com/EBchecked/topic/7644/Aetolian-League Aetolian League, federal state or “sympolity” of Aetolia, in ancient Greece.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്ത്യോക്കസ് (അന്റിയോക്കസ്) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.