Jump to content

മനുഷ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യൻ
Human[1]
Temporal range: 0.195–0 Ma
പ്ലീസ്റ്റോസീൻ – സമീപസ്ഥം
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Primates
Infraorder: Simiiformes
Family: Hominidae
Genus: Homo
Species:
H. sapiens
Binomial name
Homo sapiens
Linnaeus, 1758
Subspecies

Homo sapiens idaltu
Homo sapiens sapiens

Range of Homo sapiens (green)
Synonyms
Species synonymy[1]
  • aethiopicus
    Bory de St. Vincent, 1825
  • americanus
    Bory de St. Vincent, 1825
  • arabicus
    Bory de St. Vincent, 1825
  • aurignacensis
    Klaatsch & Hauser, 1910
  • australasicus
    Bory de St. Vincent, 1825
  • cafer
    Bory de St. Vincent, 1825
  • capensis
    Broom, 1917
  • columbicus
    Bory de St. Vincent, 1825
  • cro-magnonensis
    Gregory, 1921
  • drennani
    Kleinschmidt, 1931
  • eurafricanus
    (Sergi, 1911)
  • grimaldiensis
    Gregory, 1921
  • grimaldii
    Lapouge, 1906
  • hottentotus
    Bory de St. Vincent, 1825
  • hyperboreus
    Bory de St. Vincent, 1825
  • indicus
    Bory de St. Vincent, 1825
  • japeticus
    Bory de St. Vincent, 1825
  • melaninus
    Bory de St. Vincent, 1825
  • monstrosus
    Linnaeus, 1758
  • neptunianus
    Bory de St. Vincent, 1825
  • palestinus
    McCown & Keith, 1932
  • patagonus
    Bory de St. Vincent, 1825
  • priscus
    Lapouge, 1899
  • proto-aethiopicus
    Giuffrida-Ruggeri, 1915
  • scythicus
    Bory de St. Vincent, 1825
  • sinicus
    Bory de St. Vincent, 1825
  • spelaeus
    Lapouge, 1899
  • troglodytes
    Linnaeus, 1758
  • wadjakensis
    Dubois, 1921

ഹോമോ എന്ന ജെനുസിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക ജീവിയാണ് മനുഷ്യൻ.(ഇംഗ്ലീഷ്: human) ശാസ്ത്രീയ നാമം ഹോമോ സാപിയെൻസ് എന്നാണ്‌. പ്രൈമേറ്റ് ഗോത്രത്തിൽ പെട്ട ഇവ ഹോമിനിഡ് കുടുംബത്തിൽ പെടുന്നു. . ഭൂമിയിലെ ജീവികളിൽ ഏറ്റവും കൂടുതൽ മസ്തിഷ്കവികാസം പ്രാപിച്ച ജീവിയാണ്‌ ഇവ. ഭൂമിയിലെ ജീവികളിൽ വിവേചന ബുദ്ധിയുള്ള ഏക ജീവി മനുഷ്യൻ ആണ്. മാനസികവും സാംസ്കാരികവുമായ പുരോഗതി പ്രാപിച്ച മനുഷ്യൻ, ഇന്ന് ഭൂമിയിലുള്ള മറ്റേതൊരു ജീവജാലത്തേക്കാളും മാനസിക വളർച്ച കൈവരിച്ചിരിക്കുന്നു. ഭൂമിക്കു പുറത്ത് ശൂന്യാകാശത്തിലും ചന്ദ്രനിലും വരെ മനുഷ്യൻ സന്ദർശനം നടത്തുന്നു. ഭാഷ ഉപയോഗിച്ച് ആശയവിനിമയം ചെയ്യുന്ന ഏക ജീവിയും മനുഷ്യനാണ്. യന്ത്രങ്ങളുടെ നിർമ്മാണവും മനുഷ്യനു മാത്രം അവകാശപ്പെട്ടതാണ്. ആധുനിക മനുഷ്യൻ രൂപം കൊണ്ടത് ആഫ്രിക്കയിലാണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. ഇക്കാര്യത്തിൽ ഇന്ന് മറ്റഭിപ്രായങ്ങൾ ഇല്ല എങ്കിലും ആദിമ മനുഷ്യൻ എങ്ങനെ വംശനാശഭീഷണിയെ അതിജീവിച്ചുവെന്നും മറ്റു ഭാഗങ്ങളിലേക്ക് എങ്ങനെ വ്യാപിച്ചു എന്നുമുള്ള കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. ആൾക്കുരങ്ങിൽ നിന്ന് പരിണമിച്ചാതാണ് മനുഷ്യ വർഗം എന്നാണ് ഡാർവിൻ വിഭാവനം ചെയ്ത പരിണാമ സിദ്ധാന്തം പ്രസ്താവിക്കുന്നത്.

പേരിനുപിന്നിൽ

[തിരുത്തുക]

സംസ്കൃതപദമായ മനുവിൽ നിന്നാണ് മനുഷ്യൻ എന്ന മലയാളപദം ഉണ്ടായത്. മനു എന്നത് മന: (മനസ്സ്) എന്ന മൂലപദത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ആംഗലേയപദമായ മാൻ എന്നതും, ആദി-ജർമ്മൻ പദമായ Mannaz മാന്നസ് എന്നതും ജർമ്മൻ പദമായ മെൻഷ് (Mensch) എന്നതും ഇതേ മൂലപദത്തിൽ നിന്നു തന്നെ ഉൽഭവിച്ചതാണെന്നു കരുതുന്നു. മാനവൻ എന്നും മലയാളത്തിൽ പര്യായമുണ്ട്. [3]

മനനം ചെയ്യാൻ കഴിവുള്ളയാൾ എന്നർത്ഥത്തിലും മനുഷ്യൻ എന്ന വാക്കിനെ പരിഗണിച്ചു വരുന്നു.

ഐതിഹ്യങ്ങൾ

[തിരുത്തുക]

ഓരോ മതവും മനുഷ്യന്റെ ഉല്പത്തിയെക്കുറിച്ച് വ്യത്യസ്തമായ രീതിയിലാണ്‌ പ്രതിപാദിക്കുന്നത്. അതിന്‌ ശാസ്ത്രീയമായ പിൻബലം കുറവാണ് എങ്കിലും മതവിശ്വാസികൾ ഇത്തരം കഥകളിൽ വിശ്വസിക്കാറുണ്ട്.

  • ദൈവം, ആകാശവും ഭൂമിയും മറ്റു ജീവജാലങ്ങളേയും സൃഷ്ടിച്ചതിനു ശേഷം, തന്റെ പ്രതിച്ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു എന്നാണ്‌ യഹൂദഗ്രന്ഥമായ തോറയിൽ ‍ പറയുന്നത്. ഇസ്ലാം മതത്തിൽ ആദം എന്ന ആദിമ മനുഷ്യനെ സ്വർഗ്ഗത്തിൽ സൃഷ്ടിച്ച ശേഷം പിന്നീട് കാരണവശാൽ‍ ഭൂമിയിലേക്ക് അയച്ചു എന്നും, ക്രിസ്തുമതത്തിൽ ആദം എന്ന മനുഷ്യനെ ദൈവം സൃഷ്ടിച്ചു ഏദൻ തോട്ടത്തിൽ (ദൈവം ഉണ്ടാക്കിയ ഒരു പ്രത്യേക തോട്ടം) ആക്കി എന്നും മനുഷ്യൻ ചെയ്ത പാപത്തിന്റെ ഫലമായി മനുഷ്യനെ ഏദൻ തോട്ടത്തിൽനിന്ന് പുറത്താക്കി. ആദമിന്റെ വാരിയെല്ലിൽ നിന്നാണ് ദൈവം സ്ത്രീയായ ഹവ്വയെ (Eve) സൃഷ്ടിച്ചത്. ആദവും ഹൌവ്വയും വിലക്കപ്പെട്ട കനി ഭക്ഷിച്ചു എന്നതാണ് ആദിപാപം. ഇവയെല്ലാം സെമിറ്റിക്ക് മതഗ്രന്ഥങ്ങൾ ആയ തോറ, ബൈബിൾ, ഖുർആൻ എന്നിവയിലെ വ്യാഖ്യാനങ്ങൾ ആണ്.
  • ഹൈന്ദവർ ആദിയും അവസാനവും ഇല്ലാത്ത ചാക്രീകമായ ലോകം എന്ന ആശയത്തിൽ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ മനുഷ്യ ഉല്പത്തി അനന്തകാലം മുൻപാണ് എന്ന് അവർ വിശ്വസിക്കുന്നു. ഹൈന്ദവ പുരാണങ്ങളിൽ മനു ആണ്‌ മനുഷ്യരിൽ ആദ്യത്തെ യാഗം നടത്തിയത്. അദ്ദേഹമാണ് ആദ്യത്തെ രാജാവ് എന്നും ഹൈന്ദവഗ്രന്ഥങ്ങളിൽ പറയുന്നു. [4] അദ്ദേഹത്തിന്റെ ധർമ്മ ഉപദേശങ്ങൾ മനുസ്മൃതി എന്നാണ്‌ അറിയപ്പെടുന്നത്. മനുസ്മൃതി ആ കാലഘട്ടത്തിലെ ആദ്യ നിയമം കൂടി ആയിരുന്നത്രേ [അവലംബം ആവശ്യമാണ്]. ഭൂമിയിൽ ഒരിക്കൽ മഹാപ്രളയം ഉണ്ടായപ്പോൾ മഹാവിഷ്ണുവിന്റെ ഉപദേശപ്രകാരം വൈവസ്വത മനു ഒരു വലിയ നൗകയിൽ സപ്തർഷികളെയും കൂട്ടി സകല ജീവജാലങ്ങളേയും വഹിച്ച് രക്ഷപെടുകയും, മഹാവിഷ്ണു ഒരു വലിയ മത്സ്യമായാവതരിച്ചു പ്രളയജലത്തിലെ നൗകയുടെ പ്രയാണത്തിന് വൈവസ്വത മനുവിനെ സഹായിക്കുകയും, പിന്നീട് പ്രളയജലത്തിൽ പൊങ്ങിക്കിടന്ന അരയാലിലയിൽ ഒരു കുട്ടിയുടെ രൂപത്തിൽ ശയിക്കുന്ന മഹാവിഷ്ണുവിനെ (ബാലമുകുന്ദൻ) കണ്ടു എന്നും, അങ്ങനെ അവർ ഹിമവദ് ശൃങ്ഗങ്ങളിൽ എത്തിച്ചേരുകയും, ഒടുവിൽ ഏതാനും ബീജങ്ങളും മനുവും സപ്തർഷികളും മാത്രം അവശേഷിച്ചു എന്നും, പിന്നീട് വെള്ളം വലിഞ്ഞ് കര പ്രത്യക്ഷപ്പെട്ടപ്പോൾ മനു പുതിയ ഒരു ലോകം തുടങ്ങി എന്നും അന്നു മുതലാണ് പ്രളയത്തിന് ശേഷമുള്ള ഇന്നത്തെ മനുഷ്യരുടെ പൂർവ്വികൻ മനു ആയത് എന്നും ഹൈന്ദവ വിശ്വാസികൾ കരുതുന്നു. ഭാഗവതത്തിലെ ആദ്യത്തെ അവതാരമായ മത്സ്യാവതാര കഥയിലെ ഒരു ഭാഗം കൂടിയാണിത്.
  • ക്രൈസ്തവ- ഇസ്ലാം മതഗ്രന്ഥങ്ങളിൽ പറയപ്പെടുന്ന നോഹയുടെ പേടകവുമായി മനുവിന്റെ കഥയ്ക്ക് സാമ്യമുണ്ട്. ചില ചരിത്രകാരർ നോഹയും പുരാണ പരാമർശിതനായ മനുവും ഒരാൾ തന്നെ ആയിരിക്കാം എന്നും അവരുടെ (ഒരാൾ) പിന്മുറക്കാർ ഭാരതത്തിൽ വാസമുറപ്പിച്ചതാവാം എന്നും അവരാണ്‌ പുരാതന ഇന്ത്യൻ സംസ്കാരത്തിൽ പ്രത്യക്ഷപ്പെടുന്ന ദ്രാവിഡർ എന്നും അഭിപ്രായപ്പെടുന്നുണ്ട്. [5]

ഉൽ‌പത്തി

[തിരുത്തുക]
മനുഷ്യന്റെ ജനിതകപരമായ ഉല്പത്തി സൂചിപ്പിക്കുന്ന മരം

മനുഷ്യന്റെ ഉല്പത്തിയെക്കുറിച്ച് അറിയുന്നതിനു മുമ്പ് ഭൂഗോളത്തിന്റെ ഉൽ‌പത്തിയെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്‌. ഭൂമിയുടെ ഉല്പത്തിയെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങൾ ഉണ്ടെങ്കിലും ഭൂമി 457 കോടി വർഷങ്ങൾക്കു മുമ്പ് ആണ് ഉണ്ടായത് എന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സൂര്യന്റെ രൂപവത്കരണത്തിനു ശേഷം ബാക്കിയായ സൗര നീഹാരികയിൽ (solar nebula) നിന്ന് 457 കോടി വർഷങ്ങൾക്ക് മുൻപാണ് ഭൂമിയും മറ്റ് ഗ്രഹങ്ങളും ഉടലെടുത്തത് എന്നു ‍ കരുതുന്നു. ആദ്യം ഉരുകിയ രൂപത്തിൽ ആയിരുന്ന ഭൂമിയുടെ പുറമ്പാളി നീരാവി അന്തരീക്ഷത്തിൽ പൂരിതമാകാൻ പതുക്കെ തണുത്തുറച്ചു. താമസിയാതെ ചന്ദ്രനും ഉണ്ടായി. ചൊവ്വയുടെ വലിപ്പവും ഭൂമിയുടെ 10% ത്തോളം ദ്രവ്യമാനവും ഉള്ള 'തെയ' എന്ന ബഹിരാകാശ വസ്തു ഭൂമിയുമായി കൂട്ടിയിടിച്ച് അതിൽ നിന്നാണ് ചന്ദ്രൻ ഉടലെടുത്തത് എന്നു പറയുന്നു. ഈ വസ്തുവിന്റെ കുറച്ചു ഭാഗം ഭൂമിയുമായി കൂടിച്ചേരുകയും ബാക്കി ബഹിരാകാശത്തേക്ക് തെറിച്ചു പോവുകയും ചെയ്തു. ഇങ്ങനെ തെറിച്ചു പോയ വസ്തുവിൽ നിന്നാണ് ചന്ദ്രൻ ഉടലെടുത്തത് എന്നു പറയപ്പെടുന്നു. അഗ്നിപർവ്വത പ്രവർത്തനങ്ങളും വാതകബഹിർഗമനവും മൂലം അന്തരീക്ഷത്തിന്റെ ഒരു പ്രാകൃതരൂപം ഉണ്ടായി. തണുത്തുറഞ്ഞ നീരാവിയും വാൽനക്ഷത്രങ്ങൾ വിട്ടിട്ടു പോയ ഹിമകണികകളും ചേർന്ന് സമുദ്രങ്ങൾ ഉണ്ടായി. ആദ്യത്തെ തന്മാത്ര 400 കോടി കൊല്ലം മുൻപ് ഉണ്ടായി എന്നു വിശ്വസിക്കപ്പെടുന്നു. അതിനു ശേഷം 200 കോടി കൊല്ലം കഴിഞ്ഞ് ഇന്നുള്ള ജീവന്റെ എല്ലാം പൊതു ഉറവിടം എന്നു കരുതുന്ന ജീവനും ഉടലെടുത്തു.

എന്നിരുന്നാലും ഇന്നത്തെപ്പോലത്തെയുള്ള കാലാവസ്ഥ അല്ലായിരുന്നു അന്ന്. തിളയ്ക്കുന്ന വെള്ളമായിരുന്നു കടലുകളിൽ. ഈ സമയത്തായിരിക്കണം ജീവന്റെ ആദ്യനാമ്പുകൾ ഉടലെടുത്തത്. ചൂടുള്ള വെള്ളത്തിൽ വളരുന്ന ചെടികളാണ്‌‍ ആദ്യമായി ഉണ്ടായതെന്ന് കരുതുന്നു. ചലിക്കാൻ ശേഷിയുള്ള ആദ്യത്തെ ജന്തുക്കൾ ഉണ്ടായത് വളരെക്കാലം കഴിഞ്ഞാണ്‌. ആദ്യകാല ജന്തുക്കൾക്ക് ഏകകോശരൂപം ആയിരുന്നു. പ്രോട്ടോസോവ എന്നു വിളിക്കാവുന്ന ആദ്യജീവി ഇവയാണ്‌. ഇന്നു കാണപ്പെടുന്ന അമീബ പാരമീസിയം ഇത്തരത്തിൽ ഉള്ള ഒരു ഏകകോശജീവിയാണ്‌. ക്രമേണ കോശങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവുകയും വിവിധ ജന്തുക്കൾ ജലത്തിൽ രൂപമെടുക്കുകയും ചെയ്തു. പതിയെ കടൽ വിട്ട് അവ കരയിലേക്ക് കയറുകയും ചെയ്തു. ഇത്തരത്തിൽ പരിണാമം ഉണ്ടായത് ലക്ഷക്കണക്കിന്‌ വർഷങ്ങൾ കൊണ്ടാണ്‌. ജീവികളുടെ പരിണാമത്തിന്റെ ഒരു സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞനാണ്‌ ചാൾസ് ഡാർ‌വിൻ.

230 ദശ ലക്ഷം വർഷങ്ങൾക്ക് മുൻപ് അങ്ങനെ പരിണാമം പ്രാപിച്ചുണ്ടായ ഭീമാകാരമായ ജീവികളാണ്‌ ദിനോസറുകൾ. ഇവ പെട്ടെന്ന് ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ഇതിനു പലകാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

മനുഷ്യന്റെ ഉല്പത്തി

[തിരുത്തുക]

മനുഷ്യ ഉൽപ്പത്തിയെ കുറിച്ച് പല വ്യാഖ്യാനങ്ങൾ ഉണ്ട്.

ചരിത്രം

[തിരുത്തുക]

ആദിമ മനുഷ്യൻ ഇന്നത്തെ മനുഷ്യനേക്കാൾ തുലോം വലിപ്പം കുറഞ്ഞ ജീവിയായിരുന്നു. ഈ കാലഘട്ടത്തിന്റെ ചരിത്രം തികച്ചും അജ്ഞാതമാണ്‌. വസ്ത്രങ്ങളോ പാർക്കാൻ ഭവനമോ ഉണ്ടായിരുന്നില്ല. വളരെ സാവധാനമാണ്‌ ബുദ്ധിയും ശരീരവും വികസിക്കാൻ തുടങ്ങിയത്‌. തികച്ചും മനുഷ്യനെന്ന് വിളിക്കാവുന്ന ജീവി ഭൂമിയിൽ പ്രത്യക്ഷപ്പെട്ടിട്ട്‌ അഞ്ചോ ആറോ ദശലക്ഷം വർഷങ്ങളേ ആയിട്ടുള്ളൂ എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. [6]

നീലാരം കല്ല് എന്ന പ്രശസ്തമായ ചി

ത്രം]]

ആദിമ മാനവചരിത്രത്തെ പൊതുവെ ശിലായുഗം, ലോഹയുഗം എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. ശിലായുഗത്തെ പ്രാഗ് ലിഖിതയുഗം എന്നും പറയാറുണ്ട്‌. എഴുത്തു വിദ്യ കണ്ടുപിടിക്കുന്നതിനു മുൻപുള്ള കാലമെന്നർത്ഥത്തിലാണ്‌ ഇത്‌. ഉൽപത്തി മുതൽ ഇന്നേ വരേയുള്ളതിന്റെ 95 ശതമാനവും ശിലായുഗമാണ്‌. ബി.സി. 5000 വരെ ഈ കാലഘട്ടം നീണ്ടു നിന്നു എന്ന് അനുമാനിക്കപ്പെടുന്നു. അതായത്‌ 5000 വരെ മനുഷ്യന്‌ എഴുത്തു വിദ്യ വശമില്ലായിരുന്നു. അതിനു ശേഷമുള്ള ചരിത്രം ശിലാ രേഖകളെ ആസ്പദമാക്കി മെനഞ്ഞെടുക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടുണ്ട്‌.

ശിലായുഗം തന്നെ പ്രാചീന ശിലായുഗം, നവീനയുഗം എന്നും രണ്ടു ഘട്ടങ്ങളാക്കിയിട്ടുണ്ട്‌. ഇത്‌ ലോഹം കൊണ്ടുള്ള ആയുധത്തിന്റെ ആവിർഭാവം അടിസ്ഥാനമാക്കി ചരിത്ര പഠനത്തിന്റെ എളുപ്പത്തിനായി മാത്രമാണ്‌ ചെയ്തിരിക്കുന്നത്‌.

മനുഷ്യന്റെ ആദ്യത്തെ വാസസ്ഥലം വടക്കേ അർദ്ധഭൂഖണ്ഡമാണെന്നു വിശ്വസിച്ചിരുന്നു. ഈ ഭാഗം ദീർഘകാലത്തോളം ഹിമനിരകളാൽ മൂടപ്പെട്ടുകിടന്നിരുന്നു. ഇടക്കിടക്ക്‌ മഞ്ഞുരുകുകയും സസ്യങ്ങൾക്കും ജീവികൾക്കും ജീവിക്കാനുള്ള കാലാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. വീണ്ടും നീണ്ടകാലത്തേക്ക്‌ മഞ്ഞ്‌ പെയ്തു ജീവജാലങ്ങൾക്ക്‌ ജീവിക്കാൻ തടസ്സം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇത്തരം നാൽ ഹിമനദീയ കാലങ്ങൾ(Glacial Ages) ഉണ്ടായിരുന്നത്രെ. ആദ്യത്തെ ഹിമനദീയ കാലം പത്തു ലക്ഷം കൊല്ലങ്ങൾക്കു മുൻപും രണ്ടാമത്തേത്‌ ഏഴു ലക്ഷം കൊല്ലങ്ങൾക്കു മുൻപും അവസാനത്തേത്‌ ഒരു ലക്ഷം കൊല്ലങ്ങൾക്കു മുൻപുമാണ്‌ ഉണ്ടായിട്ടുള്ളത്‌. ഒരു ഹിമനദീയ കാലം കഴിഞ്ഞു കാലാവസ്ഥ തെളിയുമ്പോൾ സസ്യങ്ങളും മൃഗങ്ങളും വളർന്ന് വികാസം പ്രാപിക്കുന്നു. അപ്പോഴേക്കും അടുത്ത ഹിമനദിയുടെ കാലമായി. എന്നാൽ മനുഷ്യൻ സ്വന്തം സവിശേഷ ബുദ്ധി ഉപയോഗിച്ച്‌ ഹിമനദീയ കാലങ്ങളെ അതിജീവിച്ചു.

അവർ ഗുഹകളിലും മറ്റും കൂട്ടമായി താമസിച്ചു. വേട്ടയാടി മൃഗങ്ങളെ കൊന്ന് ആദ്യം പച്ചമാംസമായും പിന്നീട്‌ തീ കണ്ടു പിടിച്ച ശേഷം ചുട്ടും തിന്നു തുടങ്ങി. പാറകളുടേയും മരങ്ങളുടേയും ഭാഗങ്ങൾ ഉപയോഗിച്ച്‌ മൂർച്ചയുള്ള ആയുധങ്ങൾ ഉണ്ടാക്കി. മരത്തൊലി, ഇലകൾ എന്നിവ ഉപയോഗിച്ച്‌ വസ്ത്രങ്ങൾ ഉണ്ടാക്കി.

പ്രാചീന ശിലായുഗം ക്രി.വ. 1,750,000 മുതൽ ക്രി.വ. 10000 വരെയായിരുന്നു എന്നാണ്‌ ശാസ്ത്രജ്ഞർ ഊഹിക്കുന്നത്‌. ഈ പ്രാചീന ശിലായുഗത്തെ വീണ്ടും രണ്ടായി തിരിക്കാം പൂർവ്വകാലഘട്ടമെന്നും ഉത്തരകാലഘട്ടമെന്നും . പ്രാചീനശിലായുഗത്തിന്റെ മുക്കാലും പൂർവ്വകാലഘട്ടമായിരുന്നു. ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മനുഷ്യജീവിയെ ആഫ്രിക്കയിലെ മഹാറിഫ്റ്റ്‌ താഴ്‌വരയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്‌. ഇതിന്‌ സിൻജന്ത്രോപ്പസ്‌ (Zinganthropus) എന്നാണ്‌ പേര്‌. നീണ്ടു നിവർന്നു നടക്കുകയും പ്രാകൃതമായ ആയുധങ്ങൾ ഉപയോഗിക്കുകയും ചെയ്തിരുന്നതിനാൽ ഇവയെ മനുഷ്യ വംശത്തിന്റെ ഏറ്റവും പൂർവ്വികരെന്ന് കരുതുന്നു. [7]

പൂർവ്വഘട്ടത്തിൽ ജീവിച്ചിരുന്ന പ്രാചീന മനുഷ്യന്റെ മറ്റൊരു ഉദാഹരണം ജാവാ ദ്വീപുകളിൽ നിന്ന് കണ്ടെടുക്കപ്പെട്ട 'ജാവാ മനുഷ്യൻ' ആണ്‌. ശരിക്കും നീണ്ടു നിവർന്ന നടക്കാൻ കഴിവില്ലാത്ത പ്രകൃതം , വലിയ തല, ചെറിയ താടി, അഞ്ചടി ആറിഞ്ചു പൊക്കം എന്നിവയായിരുന്നു ജാവാ മനുഷ്യന്റെ പ്രത്യേകതകൾ.

ജാവാമനുഷ്യനു ശേഷം ആവിർഭവിച്ച വർഗ്ഗമാണ്‌ 'പെക്കിങ്ങ്‌ മനുഷ്യൻ' ചൈനയിലെ പെക്കിങ്ങ്‌ എന്ന സ്ഥലത്തു നിന്നും കിട്ടിയ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനാലാണ്‌ ഈ പേർ.

ജർമ്മനിയിലെ നിയാണ്ടർ താഴ്‌വരയിൽ നിന്നും കണ്ടെത്തിയ അവശിഷ്ടങ്ങളിൽ നിന്നാണ്‌ നിയാണ്ടർത്താൽ മനുഷ്യനെപ്പറ്റി വിവരം ലഭിക്കുന്നത്‌. [8][ ഇവരാണ്‌ ഇന്ന് ഏറ്റവും കൂടുതൽ അറിയപ്പെടുന്ന വർഗ്ഗം. അവർ ഒരുലക്ഷത്തി ഇരുപതിനായിരം വർഷങ്ങൾക്കു മുൻപു വരെ( അവസാന ഹിമനദീയ കാലത്തിനും മുമ്പ്) ജീവിച്ചിരുന്നെന്ന് കരുതുന്നു. അഞ്ചടി അഞ്ചിഞ്ചു ഉയരം, മെലിഞ്ഞ ശരീരം, ചെറിയ മസ്തിഷ്കം, വികൃതരൂപം എന്നിവയായിരുന്നു പ്രത്യേകതകൾ. നടക്കുന്നതിൽ വൈകല്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇവർ കാലക്രമേണ സംസാരിക്കാൻ പഠിച്ചതായി വിശ്വസിക്കപ്പെടുന്നു. ഇതായിരിക്കണം മനുഷ്യന്റെ സംസ്കാരത്തിന്റെ തുടക്കം. ആയുധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഗുഹകളിൽ താമസിച്ചിരുന്ന ചെറു സംഘങ്ങളായായിരുന്നു ഇവരുടെ ജീവിതം. മരിച്ചവരെ സംസ്കരിക്കുമ്പോൾ ശവശരീരത്തിന്റെ കൂടെ ആയുധങ്ങളും മറ്റു സാമഗ്രികളും അടക്കം ചെയ്തിരുന്നു.

പ്രമാണം:Laetoliafar.jpg
ആസ്ത്രലോപിത്തേക്കുസ് പുനരാവിഷ്കരണം

എന്നാൽ കാലക്രമത്തിൽ നിയാണ്ടർത്താൽ മനുഷ്യൻ ഭൂമുഖത്തുനിന്ന് നിശ്ശേഷം അപ്രത്യക്ഷമാകുകയായിരുന്നു. ഇതിന്‌ ശത്രുക്കളുടെ ആക്രമണം, ഉപജീവനത്തിന്റെ ബുദ്ധിമുട്ട്‌, മറ്റു വർഗ്ഗങ്ങളുമായി ലയിച്ചു ചേർന്നത്‌ എന്നീ കാരണങ്ങളാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. പാലസ്തീനിലെ മൗണ്ട്‌ കാർമ്മൽ എന്ന സ്ഥലത്തു നിന്നും നിയാണ്ടർത്താൽ മനുഷ്യനു സമാനമായ മനുഷ്യജീവികളുടെ അവശിഷ്ടം കണ്ടെടുത്തിട്ടുണ്ട്‌.

അടുത്ത മനുഷ്യ വർഗ്ഗം ആറിഗ്നേഷ്യൻ (Aurignacian) എന്നറിയപ്പെടുന്ന നരവംശമാണ്‌. ഫ്രാൻസിലെ ഗാരോൺ നദിയുടെ ഉത്ഭവസ്ഥാനമായ ആറിഗ്നാക്‌(Aurignac) എന്ന ഗുഹയുമായി ബന്ധപ്പെടുത്തിയാണ്‌ ഈ പേർ നൽകപ്പെട്ടത്‌. ഏകദേശം 70,000 വർഷങ്ങൾക്ക്‌ മുൻപാണ്‌ ഇവർ പ്രത്യക്ഷപ്പെട്ടത്‌ എന്ന് കരുതുന്നു. ഇവർ ആധുനിക മനുഷ്യന്റെ പൂർവ്വികരാകാൻ തികച്ചും അർഹതപ്പെട്ടവരാണ്‌. ഇവരുടെ പിൻഗാമികളെ വെയിൽസ്‌, അയർലൻഡ്‌, ഫ്രാൻസ്‌, സ്പെയിൻ, പോർട്ടുഗൽ, അല്ജീറിയ എന്നിവിടങ്ങളിൽ ഇപ്പോഴും കാണാം. ഈ വർഗ്ഗത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വിഭാഗമാണ്‌ ക്രോമാഗ്നൺ വർഗ്ഗം. ഇവരുടെ അവശിഷ്ടങ്ങൾ ഫ്രാൻസിലെ ക്രോമാഗ്നൺ എന്ന ഗുഹയിൽ നിന്ന് കണ്ടെടുക്കപ്പെട്ടു. ഇവർ നിയാണ്ടർത്താൽ വംശത്തേക്കാൾ സാംസ്കാരികമായി പുരോഗതി പ്രാപിച്ചവരായിരുന്നു. ആറടിയോളം പൊക്കം, വലിയ താടി, നീണ്ട കൈ കാലുകൾ, വലിയ നെറ്റിത്തടം എന്നിവ ഇവരുടെ പ്രത്യേകതകളാണ്‌.

ക്രോമാഗ്നണ്മാരുടെ സമകാലികരായി ഗ്രിമാൾഡി എന്ന മറ്റൊരു വർഗ്ഗം ഇറ്റലിയുടെ സമുദ്രതീരത്തെ ഗ്രിമാൾഡി എന്ന ഗുഹയിൽ നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്‌. ഇവർ നീഗ്രോ വർഗ്ഗക്കാരാണ്‌. മുഖം വീതി കൂടിയതും തല ചെറുതുമാണ്‌ ഇവർക്ക്‌. നിയാണ്ടർത്താൽ വംശത്തെ അപേക്ഷിച്ച്‌ ഈ വർഗ്ഗക്കാർ കൂടുതൽ പരിഷ്കൃതരും കലാവാസനയുള്ളവരുമായിരുന്നു. മൃഗങ്ങളുടെ കൊമ്പു കൊണ്ടും അസ്ഥികൊണ്ടും സൂചികൾ വരെ ഉണ്ടാക്കാൻ അവർക്ക്‌ അറിയാമായിരുന്നു.

ഹോമോ സാപിയെൻസിന്റെ വിവിധ വിഭാഗങ്ങൾ

[തിരുത്തുക]
കനത്ത അക്ഷരങ്ങൾ നിരവധി തെളിവുകൾ ഉണ്ട് എന്ന് സൂചിപ്പിക്കുന്നു.
ജനുസ്സ് ജീവിച്ച കാലം
ദശലക്ഷം വർഷം
സ്ഥലങ്ങൾ മുതിർന്ന ആൾ ഉയരം (മീ) തൂക്കം (കി.ഗ്രാം.) മഷ്തിഷ്കം വ്യാപ്തം (ക്യു.സെ.മീ.) ഫോസ്സിൽ രേഖ കണ്ടു പിടിച്ചത് /
പേര് പ്രസിദ്ധപ്പെടുത്തിയത്
ഹോമോ ഹാബിലിസ് 2.5–1.5 ആഫ്രിക്ക 1.0–1.5 30–55 600 നിരവധി 1960/1964
ഹോമോ റുഡോൾഫെൻസിസ് 1.9 കെനിയ       ഒരു തലയോട്ടി 1972/1986
ഹോമൊ ജോർകിക്കുസ് 1.8–1.6 ജോർജ്ജിയ     600 കുറച്ചു മാത്രം 1999/2002
ഹോമോ എർഗാസ്റ്റർ 1.9–1.25 ദക്ഷിണ-പൂർ‌വ്വ ആഫ്രിക്ക 1.9   700–850 നിറയെ 1975
ഹോമോ ഇറക്റ്റസ് 2(1.25)–0.3 ആഫ്രിക്ക,യൂറേഷ്യ (ജാവ, ചൈന, കോക്കസ്) 1.8 60 900–1100 നിരവധി 1891/1892
ഹോമോ സെപ്രാൻസിസ് 0.8? ഇറ്റലി       തലയോട്ടിയുടെ മൂടി -1 1994/2003
ഹോമോ അന്റിസെസ്സർ 0.8–0.35 സ്പെയിൻ, ഇംഗ്ലണ്ട് 1.75 90 1000 മൂന്നു കേന്ദ്രങ്ങൾ 1997
ഹോമോ ഹെയ്ഡെൽബെർജെൻസിസ് 0.6–0.25 യൂറോപ്പ്, ആഫ്രിക്ക, ചൈന 1.8 60 1100–1400 നിരവധി 1908
ഹോമോ നിയാണ്ടർത്താലെൻസിസ് 0.23–0.03 യുറോപ്പ്, ഏഷ്യ 1.6 55–70 (ആജാനു ബാഹു) 1200–1700 നിരവധി (1829)/1864
ഹോമോ റൊഡേഷ്യൻസിസ് 0.3–0.12 സാംബിയ     1300 വളരെ കുറച്ച് 1921
ഹോമോ സാപിയെൻസ് 0.25–present ലോകമെമ്പാടും 1.4–1.9 55–80 1000–1850 ഇന്നും ജീവിക്കുന്നു —/1758
ഹോമോ സാപിയെൻസ് ഇഡാൾടു 0.16 എത്യോപ്യ     1450 മൂന്നു തലയോട്ടികൾ 1997/2003
ഹോമോ ഫ്ലോറെൻസിസ് 0.10–0.012 ഇന്തോനേഷ്യ 1.0 25 400 ഏഴ് അസ്ഥിക്കൂടങ്ങൾ 2003/2004

നവീനശിലായുഗം

[തിരുത്തുക]

ഇതിന്റെ ആരംഭവും അവസാനവും വ്യക്തമായി അറിയാൻ സാധിച്ചിട്ടില്ല. പതിനായിരം വർഷങ്ങൾക്കു മുൻപ്‌ ആരംഭിച്ചതായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഈജിപ്തിലും തെക്കു പടിഞ്ഞാറൻ ഏഷ്യയിലും 7,000 വർഷങ്ങൾക്കു മുൻപ്‌ ആരംഭിച്ചതായി ഊഹിക്കപ്പെടുന്നു. നൈൽ നദി യുടെ തടങ്ങളിൽ ആറായിരം വർഷങ്ങൾക്ക്‌ മുൻപ്‌ ആരംഭിച്ചതായി തെളിവുകൾ ഉണ്ട്‌. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും പലവിധത്തിലുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്‌. മനുഷ്യ ചരിത്രത്തിൽ സാമൂഹികവും സാംസ്ക്കാരികവുമായ വിപ്ലവകരമായ വ്യത്യാസങ്ങൾ സംഭവിച്ച കാലഘട്ടമാണ്‌ ഇത്‌. മനുഷ്യൻ കൃഷിചെയ്യാൻ പഠിച്ചത്‌ ഈ കാലത്തിലായതിനാൽ നവീന ശിലായുഗത്തെ കർഷകയുഗം എന്ന് വിളിക്കാറുണ്ട്‌. ബാർലി, തിന, ഫലവർഗ്ഗങ്ങൾ എന്നിവയും ചില സസ്യങ്ങളുമാണ്‌ അവർ വളർത്തിയത്‌. കാട്ടു മൃഗങ്ങളെ മെരുക്കി വളർത്തുന്നതും വീട്ടു മൃഗങ്ങളായി പശു തുടങ്ങിയവയെ വളർത്തിയതും ഇക്കാലത്താണ്‌.

കന്മഴു ആയിരുന്നു നവീന ശിലായുഗത്തിലെ ഏറ്റവും പരിഷ്കൃതമായ ആയുധം. കരിങ്കല്ല് ചെത്തി മിനുക്കിയാണ്‌ ഇത്‌ ഉണ്ടാക്കിയത്‌, ഇത്‌ മനുഷ്യന്റെ ജീവിതത്തിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാക്കിയിരിക്കണം. കാട്ടു മരങ്ങൾ വെട്ടിയെടുത്ത്‌ വീടും, പാലവും മറ്റും നിർമ്മിക്കുകയും ചെയ്തു. മറ്റൊരു വിപ്ലവകരമായ മാറ്റമാണ്‌ മൺപാത്ര നിർമ്മാണം. ഭക്ഷ്യ സംഭരണം ആവശ്യമായി വന്നതായിരിക്കണം ഇതിനുള്ള പ്രചോദനം. ശിലായുഗത്തിൽ നിർമ്മിക്കപ്പെട്ട മൺ പാത്രങ്ങൾ കൈകൊണ്ട്‌ നിർമ്മിച്ചവയാണ്‌. ഇവയ്ക്ക്‌ പിന്നീട്‌ വന്ന ലോഹയുഗത്തിൽ കുശവ ചക്രത്തിന്റെ സഹായത്താൽ നിർമ്മിക്കപ്പെട്ട മൺപാത്രങ്ങളോട്‌ താരതമ്യം ചെയ്യുമ്പോൾ ഭംഗിയും ഉറപ്പും കുറവായിരുന്നു എങ്കിലും അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റിയിരുന്നു. മറ്റൊരു പ്രധാന കണ്ടു പിടുത്തം വസ്ത്ര നിർമ്മാണം ആയിരുന്നു. ചണച്ചെടിയിൽ നിന്ന് ചണം ഉണ്ടാക്കാൻ പഠിച്ചതോടെ ചണം ഉപയോഗിച്ചുള്ള വസ്ത്രങ്ങളും രൂപപ്പെട്ടു, ചെമ്മരിയാടുകളെ വളർത്തി ക്രമേണ അവയിൽ നിന്ന് കമ്പിളി വസ്ത്രങ്ങൾ ഉണ്ടാക്കാനും അവർ പഠിച്ചു. തണുപ്പിനെ അതി ജീവിക്കാൻ ഇത്‌ അവരെ സഹായിച്ചു. ക്രമേണ വെള്ളം താഴേക്ക്‌ ഇറങ്ങിത്തുടങ്ങിയതോടെ പുതിയ സ്ഥലങ്ങൾ തെളിഞ്ഞു വന്നു തുടങ്ങിയിരുന്നു. ചിലർ കാൽ നടയായി പുതിയ സ്ഥലങ്ങളിലേക്ക്‌ അന്നത്തെ തീരങ്ങൾ വഴി കുടിയേറിത്തുടങ്ങി.

കൃഷി ചെയ്യാൻ തുടങ്ങിയതോടെ അവർ വീടിനെക്കുറിച്ചും ചിന്തിക്കാൻ തുടങ്ങിയിരിക്കണം. ആദ്യകാലങ്ങളിൽ വൃക്ഷങ്ങളുടെ മുകളിലും കുറ്റികൾ നാട്ടി അതിനു മുകളിലുമായായിരുന്നു വീടുകൾ പണിതത്‌. സ്വിറ്റ്‌സർലാൻഡിലെ തടാകങ്ങളിൽ ഇത്തരം കുറ്റികളിൽ തീർത്ത ഭവനങ്ങൾ ഉണ്ടായിരുന്നതിന്‌ തെളിവുകൾ ലഭിച്ചിട്ടുണ്ട്‌. കാലക്രമത്തിൽ ചുടുകട്ട നിർമ്മാണം വശമായപ്പോൾ കൂടുതൽ ഉറപ്പുള്ള വീടുകളും കൊട്ടാരങ്ങളും വരെ അവർ നിർമ്മിച്ചു തുടങ്ങി. ഈജിപ്ത്‌ ,മെസൊപൊട്ടേമിയ, സിന്ധൂ നദീ തടങ്ങൾ എന്നിവിടെയാണ്‌ ആദിമ സംസ്കാരങ്ങൾ വികസിച്ചത്‌. മാതൃകാപരമായ സംസ്കാരവും അച്ചടക്കമുള്ള ജീവിതവും ഇക്കാലത്ത്‌ ഉണ്ടായിരുന്നു.

കുടുംബ ജീവിതത്തിന്റെ ഉത്ഭവവും ഇക്കാലത്താണ്‌. ബഹുഭാര്യാത്വത്തിലും ബഹുഭർതൃത്വത്തിലും അധിഷ്ഠിതമായ ജീവിതം ഇക്കാലത്ത്‌ വികസിച്ചു. ഇത്‌ പല സംഘട്ടനങ്ങൾക്കും കാരണമായിരുന്നിരിക്കാം. മതം മനുഷ്യന്റെ മനസ്സുകളിൽ സ്ഥാനം പിടിക്കുന്നതും ഇക്കാലത്താണ്‌. വിളവിന്റെ സംരക്ഷക എന്ന നിലയിൽ പ്രകൃതിയെയാണ്‌ ആദ്യമായി മനുഷ്യൻ ആരാധിക്കുന്നത്‌. പ്രകൃതിക്ക്‌ ജീവൻ സങ്കൽപിച്ച്‌ വായു, ജലം, സൂര്യൻ തുടങ്ങിയ ശക്തികളെ അവർ ആരാധിച്ചു വന്നു. പ്രകൃതി ദോഷങ്ങൾ, രോഗം തുടങ്ങിയവയിൽ അവർ ഭയപ്പെട്ടു. മരുന്നുകൾക്കായി നെട്ടോട്ടമോടിയിരിക്കാവുന്ന അക്കാലത്ത്‌ മന്ത്രവാദവും ഹീന കൃത്യങ്ങളും ഉടലെടുത്തു.

രാഷ്ട്രം എന്ന സങ്കൽപം ഉടലെടുത്തതും നവീന ശിലായുഗത്തിലാണ്‌. ഒരു പ്രത്യേക ഭൂവിഭാഗത്തിൽ കൃഷി ചെയ്തിരുന്നവർ അഭിവൃദ്ധി പ്രാപിക്കുകയും മറ്റു വിഭാഗങ്ങളിൽ ഉള്ളവർക്ക്‌ അത്ര കിട്ടാതിരിക്കുകയും ചെയ്തിരിക്കുകയാൽ അത്യാഗ്രഹം നിമിത്തം സംഘട്ടനങ്ങൾ ഉണ്ടായത്‌ ജനങ്ങളെ ഒരുമിക്കാൻ പ്രേരിപ്പിച്ചിരിക്കാമെന്നും അതിന്‌ ഒരു നേതാവിനേയോ മറ്റോ തിരഞ്ഞെടുത്ത്‌ അധികാരം ഏൽപ്പിച്ചിരിക്കാം എന്നും വിശ്വസിക്കപ്പെടുന്നു. ക്രമേണ ഈ നേതാക്കൾ രാജാക്കന്മാരുടെ സ്ഥാനത്തെത്തി.

നവീന ശിലായുഗത്തിന്റെ സാംസ്കാരിക സംഭാവനകളിലൊന്നാണ്‌ ലോകത്തിന്റെ പലഭാഗങ്ങളിലും കാണപ്പെടുന്ന 'മെഗാലിത്തുകൾ' എന്ന് വിളിക്കപ്പെടുന്ന സ്മാരകങ്ങൾ. 65 അടി വരെ ഉയരമുള്ള മെഗാലിത്തുകൾ (മഹാശിലാ സ്മാരകങ്ങൾ) ഉണ്ട്‌. ഇംഗ്ലണ്ട്‌, ഫ്രാൻസ്‌, സ്കാൻഡിനേവിയ, അയർലൻഡ്‌, സ്പെയിൻ, മാൾട്ട, സിറിയ, കൊറിയ, ചൈന, എന്നിവിടങ്ങളിൽ കണ്ടെത്തിയിട്ടുള്ള ഇത്തരം ശിലാസ്മാരകങ്ങൾക്ക്‌ ഒരേ രൂപവും ആകൃതിയുമാണെന്നുള്ളത്‌ ആദ്യകാലത്തെ സംസ്കാരം പരസ്പരം ബന്ധപ്പെട്ടിരുന്നവയോ ഒന്നിൽ നിന്ന് ഉടലെടുത്തവയോ ആണെന്നാണ്‌ സൂചിപ്പിക്കുന്നത്‌. കേരളത്തിലെ ചിലയിടങ്ങളിൽ നിന്നും ഇത്തരം സ്മാരകങ്ങൾ കണ്ടെത്തിയിട്ടുണ്ട്‌. മറയൂർ, തൊപ്പിക്കല്ലുകൾ ഇക്കൂട്ടത്തിൽ പെട്ടവയാണ്‌. തമിഴ്‌നാട്ടിലെ നീലഗിരി മലകളിലെ ഊട്ടി യിലും പളനി മലകളിലെ കൊടൈക്കനാൽ നിന്നും ഇത്തരം തൊപ്പിക്കല്ലുകൾ കണ്ടെത്തിയിട്ടുണ്ട്‌. കല്ലുകൾ ചേർത്തുണ്ടാക്കിയ ശവമന്ദിരങ്ങളും വലിയ മൺ ഭരണികളും ഇതിൽ പെടുന്നു.

തോണിയുടെ നിർമ്മാണം ജലമാർഗ്ഗം സംഘങ്ങളായി പുതിയ മേച്ചിൽ പുറങ്ങൾ തേടാൻ അവരെ സഹായിച്ചു. ആഫ്രിക്കയിൽ നിന്ന് ദൂരെ ഹവായി, ലാബ്രഡോർ, പാറ്റഗോണിയ എന്നിവിടങ്ങളിൽ അവർ എത്തിച്ചേർന്നു.

വെങ്കല യുഗം

[തിരുത്തുക]

ലോഹത്തിന്റെ നിർമ്മാണം മറ്റൊരു വഴിത്തിരിവായിരുന്നു. യാദൃച്ഛികമോ ബോധപൂർവ്വമോ ആയൊരു സംഭവമാണ്‌ ചെമ്പിന്റെ കണ്ടു പിടുത്തം. ശുദ്ധി ചെയ്യാൻ താരതമ്യേന എളുപ്പമാണെന്നതും പാളികളായി ലോഹരൂപത്തിൽ തന്നെ ചില സ്ഥലങ്ങളിൽ കാണപ്പെടുന്നു എന്നതും ചെമ്പിനെ സർവ്വ സ്വീകാര്യമാക്കി. ആദ്യകാലങ്ങളിൽ ആഭരണ നിർമ്മാണത്തിനും പാത്ര നിർമ്മാണത്തിനും മറ്റുമാണ്‌ ചെമ്പ്‌ ഉപയോഗിച്ചിരുന്നത്‌. ആയുധങ്ങൾ നിർമ്മിക്കാനുള്ള ദൃഢത ചെമ്പിനില്ലായിരുന്നു. താമസിയാതെ തകരം ചേർത്ത്‌ കാഠിന്യം വർദ്ധിപ്പിക്കാൻ മനുഷ്യൻ പഠിച്ചു. അങ്ങനെയാണ്‌ വെങ്കലത്തിന്റെ ആവിർഭാവം. ആയുധം നിർമ്മിക്കാൻ പാകത്തിനുള്ള ശക്തി വെങ്കലത്തിനുണ്ടായിരുന്നു. ഈ കാലമാണ്‌ വെങ്കലയുഗം എന്നറിയപ്പെടുന്നത്‌. ചെമ്പിന്റെ സംസ്കരണം പശ്ചിമേഷ്യയിൽ ധാരാളമായി നടന്നു. ഇതു മൂലം യൂറോപ്പിലേക്കും മറ്റുമായി വ്യാപാരം അഭിവൃദ്ധി പ്രാപിച്ചു.

അയോ യുഗം

[തിരുത്തുക]

ഇരുമ്പിന്റെ കണ്ടുപിടിത്തം വീണ്ടും വളരെക്കാലം കഴിഞ്ഞാണ്‌ സംഭവിക്കുന്നത്‌. ഇരുമ്പിന്റെ അയിര്‌ ഭൗമോപരിതലത്തിൽ ലഭ്യമല്ലാത്തതും അതിനെ ശുദ്ധീകരിച്ചെടുക്കുന്നതും വിഷമം പിടിച്ചതാകയാലുമായിരിക്കണം അതിന്‌ താമസം ഉണ്ടായത്‌. എന്നാൽ ഒരിക്കൽ പ്രചാരത്തിലായതോടെ അതിന്റെ ഗുണങ്ങൾ മൂലം വെങ്കലായുധങ്ങളെ അപ്പാടെ പിന്നിലാക്കുകയായിരുന്നു ഇരുമ്പ്‌. ഈ യുഗത്തിലാണ്‌ പ്രധാനപ്പെട്ട പല കണ്ടു പിടുത്തങ്ങളും നടക്കുന്നത്‌. ചക്രങ്ങൾ കണ്ടെത്തിയതും മനുഷ്യ രാശിക്ക്‌ ഒരു വഴിത്തിരിവായിരുന്നു. രാഷ്ട്രങ്ങൾ താമസിയാതെ ശക്തി പ്രാപിക്കുകയും മറ്റു രാഷ്ട്രങ്ങളുടെ മേൽ ആധിപത്യത്തിനായി ശ്രമിക്കുകയും ചെയ്തു.

മനുഷ്യ വർഗ്ഗങ്ങൾ

[തിരുത്തുക]
മനുഷ്യവർഗ്ഗങ്ങളുടേ ജനിതക ദൂരം കാണിക്കുന്ന രേഖാചിത്രം

വിശാലമായ അർത്ഥത്തിൽ മനുഷ്യനെല്ലാം ഒരു വർഗ്ഗമാണ്‌. എന്നാൽ നിറം വലിപ്പം എന്നിവയുടെ അടിസ്ഥാനത്തിൽ പല വർഗ്ഗങ്ങളായി തരം തിരിവ്‌ ആരംഭിച്ചിരുന്നിരിക്കാം. ജനപ്പെരുപ്പം മൂലവും ഭക്ഷണ ദൌർലഭ്യം മൂലവും ജനങ്ങൾ ദൂരെ സ്ഥലങ്ങളിലേക്ക്‌ കുടിയേറിപ്പാർത്തിരുന്നിരിക്കാം. ഒരോ വാസസ്ഥലങ്ങളിലെ വ്യത്യസ്തമായ കാലാവസ്ഥയും ഭക്ഷണരീതിയും മൂലം ലക്ഷക്കണക്കിന്‌ വർഷങ്ങൾ കൊണ്ട് അവരുടെ ശരീരത്തിനും അവയവങ്ങൾക്കും പ്രകടമായ വ്യത്യാസങ്ങൾ വരുത്തി. ത്വക്കിന്റെ നിറവും ശരീരത്തിന്റെ വലിപ്പവുമാണ്‌ പ്രധാനപ്പെട്ടവ. കണ്ണ്, മുടി, തൊലി എന്നിവയുടെ നിറവ്യത്യാസങ്ങളും ആകൃതിയിലുള്ള പ്രത്യേകതകളും വിഭിന്ന വർഗ്ഗങ്ങൾ ഉടലെടുക്കാൻ കാരണമാക്കി. എന്നാൽ മറ്റൊരു വഴിയിലൂടെ വിഭിന്ന വർഗ്ഗങ്ങൾ തമ്മിൽ ഉദ്ഗ്രഥനവും സംഭവിച്ചുകൊണ്ടിരുന്നതിനാൽ ശുദ്ധമായ ഒരു വർഗ്ഗം ലോകത്തിൽ നിലനിന്നിട്ടില്ല.

നീഗ്രോ വർഗ്ഗക്കാർ

[തിരുത്തുക]

കറുത്ത നിറമുള്ള നീഗ്രോ വർഗ്ഗക്കാർ ആഫ്രിക്കയിലെ ഉഷ്ണ മേഖലയിൽ പെട്ട കാട്ടുപ്രദേശങ്ങളിലും, ഓസ്ട്രേലിയ, ടാസ്മേനിയ, മലയ എന്നിവിടങ്ങളിലാണ്‌ കണ്ടു വരുന്നത്‌. അമേരിക്കയിലും ഇവർ ഉണ്ടായിരുന്നതായി തെളിവുകൾ ഉണ്ട്‌. കറുത്ത നിറം, വീതികൂടിയ മൂക്ക്‌, തടിച്ച ചുണ്ടുകൾ, ചുരുണ്ടതും കറുത്തതുമായ മുടി എന്നിവയാണ്‌ പ്രധാനപ്പെട്ട പ്രത്യേകതകൾ. ആധുനിക നീഗ്രോ വർഗ്ഗത്തിൽ രണ്ട് പ്രധാന വിഭാഗങ്ങൾ ഉണ്ട്‌. ഒന്ന് പൊക്കം കുറഞ്ഞ്‌, ഉരുണ്ട തലയോട്‌ കൂടിയ പിഗ്മി വർഗ്ഗം, ഇവർ മുഖ്യമായും ആഫ്രിക്ക, ദക്ഷിണ പൂർവ്വേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ്‌ വസിക്കുന്നത്‌. രണ്ട്‌ ഉയരം കൂടിയതും നീണ്ട തലയുള്ളതുമായ നീഗ്രോ വർഗ്ഗം. ആഫ്രിക്കയിൽ തന്നെയും, പാപ്പുവ ദ്വീപുകൾ, അമേരിക്ക, ഫ്രാൻസ്‌, എന്നിവിടങ്ങളിലും മെനാനേഷ്യന്മാർ തുടങ്ങി ഏഷ്യയിലെ തെക്കു കിഴക്കൻ ദ്വീപുകളിലും വസിക്കുന്ന ആദിവാസികളും നീഗ്രോ വർഗ്ഗത്തിൽ പെടും.

മംഗോൾ വർഗ്ഗം

[തിരുത്തുക]

ഏറ്റവും കൂടുതൽ ഇന്ന് നിലവിലുള്ളത്‌ മംഗോൾ വർഗ്ഗക്കാരാണ്‌. പല ഉപവർഗ്ഗങ്ങൾ ഉണ്ട്‌ ഇവർക്കിടയിൽ. ജപ്പാൻ, ചൈന, ഇന്തോചൈന, തായ്‌വാൻ, വിയറ്റ്നാം, നേപ്പാൾ. റ്റിബെറ്റ് എന്നീ രാജ്യങ്ങളിലെ ജനങ്ങൾ ഈ വംശജരാണ്‌. മഞ്ഞ കലർന്ന വെളുപ്പ്‌ നിറം, ഉരുണ്ട മുഖം, നീണ്ട കോലൻ മുടി, വീർത്ത കൺപോളകൾ എന്നിവയാണ്‌ ഇവരുടെ പ്രത്യേകതകൾ. ഒരു കാലത്ത്‌ അമേരിക്കൻ ഭൂഖണ്ഡത്തിലെ മിക്ക ഭാഗങ്ങളിലും ഇവർ അധിവസിച്ചിരുന്നു എന്ന് കണക്കാക്കപ്പെടുന്നു. ഇവർ പൂർവ്വേഷ്യയിൽ നിന്ന് അലാസ്ക വഴി അമേരിക്കയിൽ പ്രവേശിച്ചിരുന്നു എന്നും മഞ്ഞനിറം കാലാവസ്ഥയുടെ സ്വാധീനം നിമിത്തം ചെമ്പ്‌ നിറമായതാണെന്നും കരുതുന്നു. ഇവരാണ്‌ റെഡ്‌ ഇന്ത്യാക്കാർ എന്ന് കൊളംബസ്‌ വിളിച്ച അമേരിക്കൻ ഇന്ത്യക്കാർ. അമേരിക്കയിലെ ശീത മേഖലകളിൽ താമസിക്കുന്ന എസ്കിമോ എന്ന വംശജരിലും മംഗോളിയൻ ജീനുകൾക്കു പുറമേ മറ്റു ജീനുകളും കലർന്നിട്ടുള്ളതായി കാണാം.

കോക്കേഷ്യൻ

[തിരുത്തുക]

വെള്ളക്കാരായ ഇവരിൽ പ്രധാനമായി ഹെമറ്റിക്‌, സെമറ്റിക്‌, ഇന്തോ-യൂറോപ്യൻ എന്നിങ്ങനെ മൂന്ന് വർഗ്ഗങ്ങൾ ആണ്‌ ഉള്ളത്‌. പുരാതന ഈജിപ്തുകാർ ഹെമറ്റിക്‌ വർഗ്ഗത്തിൽ പെട്ടവരായിരുന്നു. ബാബിലോണിയന്മാർ, അസ്സീറിയന്മാർ, ഹീബ്രുകൾ, ഫിനീഷ്യന്മാർ, അറബികൾ എന്നിവർ സെമറ്റിക്‌ വർഗ്ഗത്തിൽ പെട്ടവരും, യുറോപ്പിന്റെ ഉത്തരാർദ്ധത്തിൽ താമസിച്ചിരുന്ന നോർഡിക്‌ വംശം മധ്യ യൂറോപ്പിലെ ആൽപൈൻ വംശം ഇന്ത്യയിലും ജർമ്മനിയിലും മറ്റും വാസമുറപ്പിച്ച ആര്യന്മാർ എമ്മൊവർ ഇന്തോ യൂറോപ്യൻ വർഗ്ഗത്തിലും പെടുന്നു. വെളുത്ത നിറം, നീണ്ട മൂക്ക്‌, ചെറിയ ചുണ്ടുകൾ, എന്നിവയായിരുന്നു പ്രത്യേകതകൾ. ഇതിൽ നോർഡിക്‌, ആൽപൈൻ വംശജർക്ക്‌ നിറം കൂടുതലും മുടി സ്വർണ്ണ, താമ്ര നിറത്തിലും ആയിരുന്നു. ഈ വർഗ്ഗങ്ങൾ തമ്മിൽ പരസ്പരം കൂടിക്കലർന്നിരുന്നു.

പ്രധാനപ്പെട്ട ഈ മൂന്നു വർഗ്ഗങ്ങളും പരസ്പരം കലർന്നിട്ടുള്ളതിനാൽ പല ഉപവർഗ്ഗങ്ങളും പലഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്‌. വെള്ളക്കാരും നീഗ്രോകളും ചേർന്ന ഓസ്ട്രേലിയൻ വർഗ്ഗവും, ആഫ്രോ അമേരിക്കൻ വർഗ്ഗവും, മംഗോളിയരും നീഗ്രോകളും ചേർന്ന ബുഷ്‌മെൻ ഹോട്ടൻടോട്ട്‌ വർഗ്ഗം കോക്കേഷ്യൻ വർഗ്ഗവും നീഗ്രോ വർഗ്ഗവും ചേർന്ന ദ്രാവിഡർ എന്ന വർഗ്ഗവും, നീഗ്രോകളും മംഗോളിയനും കോക്കേഷ്യനും ചേർന്ന ഇന്തോനേഷ്യന്മാർ, മലയ വർഗ്ഗം, പോളിനേഷ്യന്മാർ തുടങ്ങിയവ ഇതിൽ പ്രാധാന്യമർഹിക്കുന്നു.

മറ്റ് മനുഷ്യവംശങ്ങൾ ആസ്ട്രലോയിടുകൾ,ആസ്ടെക് തുടങ്ങിയവയും ഉപവിഭാഗങ്ങളായ എസ്കിമോകൾ,ബട്ടാക്ക,ഭീലർ

യൂഫ്രട്ടീസ്‌ ടൈഗ്രീസ്‌ നദികൾ- ഇതിന്റെ തീരത്താണ്‌ സുമേറിയൻ സംസ്കാരം ഉടലെടുത്തത്‌

മനുഷ്യനു മാത്രം അവകാശപ്പെട്ട ഒരു പ്രത്യേകതയാണ്‌ ഭാഷ. ഇന്ന് കാണുന്ന ഭാഷാവംശങ്ങളെല്ലാം മനുഷ്യനെപ്പോലെ ഒരിടത്തിൽ നിന്ന് ഉത്ഭവിച്ചതല്ല. എന്നാൽ ഒരേവംശത്തിൽ പെട്ട വിവിധ ഭാഷകൾ ഒരേ മൂല ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാവാം എന്ന് ഭാഷാശാസ്ത്രജ്ഞർ കരുതുന്നു. അത്തരത്തിലുള്ള എട്ടു ഭാഷകൾ ഉണ്ട്‌ എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്‌.

നാഗരികതകളുടെ ആവിർഭാവം

[തിരുത്തുക]

ഭക്ഷണയോഗ്യമായ ഫലങ്ങൾ തരുന്ന സസ്യങ്ങൾ ഭൂമിയിൽ വിത്തിട്ട് നനച്ചുവളർത്തി ഫലശേഖരണം നടത്താനാകുന്ന വിദ്യ - കൃഷി - കണ്ടുപിടിക്കപ്പെട്ടതോടെ മനുഷ്യർക്ക് ഒരിടത്തു തന്നെ, തങ്ങളുടെ കൃഷിസ്ഥലങ്ങൾക്കടുത്ത്, ഒരു വിളവെടുപ്പുകാലത്തേക്കെങ്ങിലൂം കഴിച്ചുകൂട്ടേണ്ടതായി വന്നു. കൃഷി കൂടുതൽ ഉത്പാദനക്ഷമമായതോടെ കൂടുതൽ കാലത്തേക്ക് അവിടെത്തന്നെ തങ്ങാനും അവർ നിർബന്ധിതരായി. തുടർന്ന് ഇവിടങ്ങളിൽ ജനസംഖ്യ പെരുകാനും തുടങ്ങി. കൊള്ളക്കൊടുക്കകൾക്കായി പുതിയ ചിട്ടകളും നിയന്ത്രണങ്ങളും സാമൂഹ്യമായ ആവശ്യങ്ങൾക്കായി സർവസമ്മതമായി രൂപപ്പെട്ടുവന്ന ആചാരമര്യാദകളും മാനസോല്ലാസത്തിനായി കലാരൂപങ്ങളും ഈ പുതിയ ആവാസവ്യവസ്ഥകളിൽ ആവശ്യമായി വന്നു. ഇവ കൂടുതൽക്കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ പാകത്തിൽ സമഗ്രങ്ങളായി മാറിയതോടെ സംഘടിതങ്ങളായ നാഗരികതകൾ രൂപം കൊള്ളാൻ തുടങ്ങി.

നാഗരികതകളുടെ വളർച്ച

[തിരുത്തുക]

ചൈനീസ് സംസ്കാരം

ഭൂമിയിൽ നാഗരികത ആദ്യമായി പ്രത്യക്ഷപ്പെട്ടത്‌ എവിടെയാണെന്ന് തീർച്ചപ്പെടുത്താൻ കഴിയില്ല. ഈജിപ്തിലാണ്‌ എന്നാണ്‌ ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നത്‌. എന്നാൽ മറ്റു ചിലർ യൂഫ്രട്ടിസ്‌-ടൈഗ്രിസ്‌ തീരങ്ങളിലാണ്‌ എന്ന് വിശ്വസിക്കുന്നു. പേഴ്സ്യൻ ഉൾക്കടലിന്റെ അടുത്തായുള്ള 'ഏലാം' എന്ന സ്ഥലത്താണ്‌ ലോകനാഗരികതയുടെ ഉറവിടം എന്നും വിശ്വസിക്കുന്നവരുമുണ്ട്‌ [9] [10] ഈ നാഗരികതയിൽ പെട്ടവർ പണ്ടുകാലത്ത്‌ ഇന്ത്യയിലെ ആന്ധ്രാപ്രദേശിൽ ചേക്കേറിയിരുന്നു എന്നും തെലുങ്ക്‌ ഭാഷക്ക്‌ ഇവരുമായി ബന്ധമുണ്ട്‌ എന്നും വിശ്വസിക്കുന്നവരുമുണ്ട്‌.[11].

ഏലാം സാമ്രാജ്യത്തിന്റെ അതിർത്തികൾ വെങ്കല യുഗ കാലത്തെ പേഴ്സ്യൻ ഉൾക്കടലിനെ ചിത്രീകരിച്ചിരിക്കുന്നു

വളക്കൂറുള്ള മണ്ണാണ്‌ കൃഷിക്ക്‌ അത്യാവശ്യം, അതിനുള്ള സാഹചര്യങ്ങൾ ഈ നദീ തീരങ്ങളിൽ വേണ്ടുവോളം ഉണ്ടായിരുന്നു. ടൈഗ്രിസ്‌-യൂഫ്രട്ടീസ്‌ നൈൽ നദികൾ ആണ്ടിലൊരിക്കൽ കര കവിഞ്ഞൊഴുകുകയും അത്‌ വളക്കൂറുള്ള മണ്ണിനെ തീരങ്ങളിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നു. ഈ നദികൾ (നൈൽ ഒഴിച്ച്‌) ഒന്നാന്തരം ഗതാഗതസൗകര്യമുള്ളതും മത്സ്യം, നീർക്കോഴി തുടങ്ങി ഭക്ഷ്യ വിഭവങ്ങൾ നിറഞ്ഞവയുമായിരുന്നു. ഈ രാജ്യങ്ങളിൽ മഴ കുറവായിരുന്നതും നദിയിൽ ജലം വേനൽക്കാലത്ത്‌ കുറവായിരുന്നതും ജലസംഭരണത്തിനുള്ള വഴികൾ അയ്യായിരം വർഷങ്ങൾക്കു മുന്നേ തന്നെ അന്വേഷിക്കാൻ അവിടത്തെ ജനങ്ങളെ പ്രേരിപ്പിച്ചു. ജലസേചനത്തിനാവശ്യമായ അണക്കെട്ടുകളും തോടുകളും അവർ അന്നേ തന്നെ നിർമ്മിക്കാൻ ആവശ്യമായ നിർമ്മാണ വൈദഗ്ദ്ധ്യം നേടിയിരുന്നു. ചുറ്റും മരുഭൂമിയായിരുന്നത്‌ ജനങ്ങളെ മറ്റു സ്ഥലത്തേക്ക്‌ പായിക്കാതെ നഗര വികസനം നടത്തുന്നതിന്‌ സഹായിച്ചു.

ഇതേ കാലാവസ്ഥ തന്നെയാണ്‌ സിന്ധു നദീതട സംസ്കാരത്തിന്റെ കാര്യത്തിലും സംഭവിച്ചത്‌. ലോകത്തിലെ ആദിമ സംസ്കാരങ്ങളിൽ ഈ സംസ്കാരത്തിനും ഉന്നതമായ സ്ഥാനമുണ്ട്‌. ഇതേ പോലെ തന്നെയാണ്‌ ചൈനയിലെ മഞ്ഞ നദി എന്നറിയപ്പെടുന്ന ഹ്വയാങ്ൻഘോയുടെ തീരത്തിലും സംസ്കാരം ഉടലെടുത്തത്‌.

ഈജിപ്ഷ്യൻ നാഗരികത

[തിരുത്തുക]
നൈൽ നദിയുടെ ഭൂപടം- ഇതിനു തീരത്തിലാണ്‌ ഈജിപ്ഷ്യൻ സംസ്കാരം വികസിച്ചത്‌

ഈജിപ്തിനെ നൈൽ നദിയുടെ പുത്രി എന്ന് വിളിക്കാറുണ്ട്‌. ഈജിപ്തിലെ വളക്കൂറുള്ള കറുത്ത എക്കൽ മണ്ണ‌് ഈ അമ്മയുടെ സംഭാവനയാണ്‌. ഈജിപ്തിന്റെ ഫലഭൂയിഷ്ഠതയിൽ ആകൃഷ്ടരായിട്ടായിരിക്കണം നവീന ശിലായുഗത്തിലെ ജനങ്ങൾ ഇങ്ങോട്ട്‌ കുടിയേറിപ്പാർത്തത്‌. വടക്കു പടിഞ്ഞാറു നിന്നു ലിബിയരും വടക്കു കിഴക്കു നിന്നും സെമറ്റിക്‌ വർഗ്ഗക്കാരും തെക്കു നിന്ന് നീഗ്രോകളും ചേർന്ന് കൂടിക്കലർന്നാണ്‌ ഈജിപ്ഷ്യൻ ജനങ്ങൾ ഉണ്ടായത്‌ എന്ന് കരുതുന്നു. പ്രകൃതി ഈജിപ്തിന്‌ നല്ല ഒരു അതിർത്തി കവചം സൃഷ്ടിച്ചിരുന്നതിനാൽ വിദേശീയ ആക്രമണങ്ങൾ ആദ്യകാലത്ത്‌ ഒട്ടും ഇല്ലായിരുന്നു. ഈജിപ്തിലെ സമശീതോഷ്ണ കാലാവസ്ഥ എന്തുകൊണ്ടും ജനവാസത്തിന് അനുകൂലമായതാണ് . അത് ഒരു കാലത്തും അസുഖകരമായി അനുഭവപ്പെടാറില്ല.

ക്രി.മു. 3090 നോടടുത്ത്‌ ദക്ഷിണ ഭാഗത്തുള്ള ഈജിപ്തും വടക്കുള്ള ഈജിപ്റ്റും ഒറ്റ രാജാവിനു കീഴിൽ വന്നു. അതിനു മുൻപുള്ള ഈജിപ്ത്‌ ഗണതന്ത്രരാഷ്ട്ര തുല്യമായിരുന്നിരിക്കണം. ഇക്കാലത്തെപ്പറ്റി മതിയായ രേഖകൾ ഒന്നുമില്ലാത്തതിനാൽ അനുമാനങ്ങൾ മാത്രമാണ്‌ കൂടുതലും. ഫറോ(Pharaoh) എന്നായിരുന്നു രാജാവിന്റെ പേർ കൊട്ടാരത്തിൽ താമസിക്കുന്നയാൾ എന്നാണ് പദത്തിന്റെ അർത്ഥം. ഫറോ യുഗത്തിൽ തുടർച്ചയായി മുപ്പത്തി ഒന്ന് രാജാക്കന്മാർ ഭരിച്ചു. ഈ കാലങ്ങളെ പൂർവ്വകാലരാജ്യം, മധ്യകാലരാജ്യം , നവീനകാലരാജ്യം എന്നിങ്ങനെ മൂന്നായി ഗണിക്കാറുണ്ട്. ക്രി.വ. 2790 നും 2280നും ഇടക്കാണ്‌ ഈജിപ്തിൽ പൂർവ്വകാലം നിലനിന്നത്‌. ഇക്കാലത്ത്‌ പൊതുവെ പ്രതാപവും ശക്തിയും ഉച്ചകോടിയിലായിരുന്നു. എന്നാൽ 2280 ഓടെ ഈ രാജ്യം ക്ഷയിച്ചു. പിന്നീട്‌ കുറേക്കാലം അരാജകത്വവും.

മനുഷ്യ സ്വഭാവം

[തിരുത്തുക]

മനുഷ്യ സ്വാഭാവത്തെ പറ്റി പല മനശാസ്ത്രജൻമാർക്കും പല രീതിയിലുള്ള അഭിപ്രായം ആണ് ഉള്ളത്. ഒരോ വ്യക്തി വ്യത്യാസമനുസരിച്ച് സ്വഭാവവും വ്യത്യാസമായിരിക്കും

അവലംബം

[തിരുത്തുക]
  1. 1.0 1.1 Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. Global Mammal Assessment Team (2008). Homo sapiens Archived 2010-01-24 at the Wayback Machine.. In: IUCN 2009. IUCN Red List of Threatened Species. Version 2009.2. <www.iucnredlist.org>. Downloaded on 03 March 2010.
  3. http://www.sathyasai.org/refs/vahiniglossary/lentries.htm
  4. "കൺസൈസ് ബ്രിട്ടാണിക്കയിൽ മനുവിനെക്കുറിച്ച് ശേഖരിച്ചത് 2007 ഏപ്രിൽ22". Archived from the original on 2006-11-28. Retrieved 2007-04-22.
  5. ടി., മുഹമ്മദ് (2001). ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ. കോഴിക്കോട്: ഇസ്ലാമിക് പബ്ലിഷിങ്ങ് ഹൗസ്. ISBN 81-7204-744-4. {{cite book}}: Cite has empty unknown parameter: |coauthors= (help)
  6. പി.ഏസ്., വേലായുധൻ. (1985). ലോകചരിത്രം-ഒന്നാം ഭാഗം, പത്താം പതിപ്പ്. തിരുവനന്തപുരം, കേരള .: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,. {{cite book}}: Cite has empty unknown parameter: |coauthors= (help)CS1 maint: extra punctuation (link)
  7. എച്ച്.ജി., വെൽസ് (1999) [1943]. ലോകചരിത്ര സംഗ്രഹം. സി. അച്യുതമേനോൻ (1st ed.). തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹൗസ്. {{cite book}}: Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |chapterurl=, |origdate=, and |coauthors= (help); Unknown parameter |month= ignored (help)
  8. "Homo neanderthalensis" (in ഇംഗ്ലീഷ്). സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ. 2000. Archived from the original on 2007-09-11. Retrieved 2007-04-22.
  9. "എൻസൈക്ലോപീഡിയ. ജ്രാങ്ക്‌.ഓർഗ്‌ ശേഖരിച്ചത്‌ 2007 ഏപ്രിൽ 19". Archived from the original on 2007-04-18. Retrieved 2007-04-20.
  10. ഫാക്ട്‌ മോൺസ്റ്റർ.കോം ശേഖരിച്ചത്‌ 2007 ഏപ്രിൽ 19
  11. പണ്ഡിതന്മാർ ഇതു ശ്രദ്ധിക്കൂ. മെസൊപൊട്ടേമിയൻ കണ്ണി എന്ന ലേഖനം. ശേഖരിച്ചത്‌ 2007 ഏപ്രിൽ 19

കുറിപ്പുകൾ

[തിരുത്തുക]

പേരിനുപിന്നിൽ

[തിരുത്തുക]

സംസ്കൃതപദമായ മനുവിൽ നിന്നാണ് മനുഷ്യൻ എന്ന മലയാളപദം ഉണ്ടായത്. മനു എന്നത് മന: (മനസ്സ്) എന്ന മൂലപദത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ആംഗലേയപദമായ മാൻ എന്നതും, ആദി-ജർമ്മൻ പദമായ Mannaz മാന്നസ് എന്നതും ജർമ്മൻ പദമായ മെൻഷ് (Mensch) എന്നതും ഇതേ മൂലപദത്തിൽ നിന്നു തന്നെ ഉൽഭവിച്ചതാണെന്നു കരുതുന്നു. മാനവൻ എന്നും മലയാളത്തിൽ പര്യായമുണ്ട്. [1]

മനനം ചെയ്യാൻ കഴിവുള്ളയാൾ എന്നർത്ഥത്തിലും മനുഷ്യൻ എന്ന വാക്കിനെ പരിഗണിച്ചു വരുന്നു.

ഐതിഹ്യങ്ങൾ

[തിരുത്തുക]

ഓരോ മതവും മനുഷ്യന്റെ ഉല്പത്തിയെക്കുറിച്ച് വ്യത്യസ്തമായ രീതിയിലാണ്‌ പ്രതിപാദിക്കുന്നത്. അതിന്‌ ശാസ്ത്രീയമായ പിൻബലം കുറവാണ് എങ്കിലും മതവിശ്വാസികൾ ഇത്തരം കഥകളിൽ വിശ്വസിക്കാറുണ്ട്.

  • ദൈവം, ആകാശവും ഭൂമിയും മറ്റു ജീവജാലങ്ങളേയും സൃഷ്ടിച്ചതിനു ശേഷം, തന്റെ പ്രതിച്ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു എന്നാണ്‌ യഹൂദഗ്രന്ഥമായ തോറയിൽ ‍ പറയുന്നത്. ഇസ്ലാം മതത്തിൽ ആദം എന്ന ആദിമ മനുഷ്യനെ സ്വർഗ്ഗത്തിൽ സൃഷ്ടിച്ച ശേഷം പിന്നീട് കാരണവശാൽ‍ ഭൂമിയിലേക്ക് അയച്ചു എന്നും, ക്രിസ്തുമതത്തിൽ ആദം എന്ന മനുഷ്യനെ ദൈവം സൃഷ്ടിച്ചു ഏദൻ തോട്ടത്തിൽ (ദൈവം ഉണ്ടാക്കിയ ഒരു പ്രത്യേക തോട്ടം) ആക്കി എന്നും മനുഷ്യൻ ചെയ്ത പാപത്തിന്റെ ഫലമായി മനുഷ്യനെ ഏദൻ തോട്ടത്തിൽനിന്ന് പുറത്താക്കി. ആദമിന്റെ വാരിയെല്ലിൽ നിന്നാണ് ദൈവം സ്ത്രീയായ ഹവ്വയെ (Eve) സൃഷ്ടിച്ചത്. ആദവും ഹൌവ്വയും വിലക്കപ്പെട്ട കനി ഭക്ഷിച്ചു എന്നതാണ് ആദിപാപം. ഇവയെല്ലാം സെമിറ്റിക്ക് മതഗ്രന്ഥങ്ങൾ ആയ തോറ, ബൈബിൾ, ഖുർആൻ എന്നിവയിലെ വ്യാഖ്യാനങ്ങൾ ആണ്.
  • ഹൈന്ദവർ ആദിയും അവസാനവും ഇല്ലാത്ത ചാക്രീകമായ ലോകം എന്ന ആശയത്തിൽ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ മനുഷ്യ ഉല്പത്തി അനന്തകാലം മുൻപാണ് എന്ന് അവർ വിശ്വസിക്കുന്നു. ഹൈന്ദവ പുരാണങ്ങളിൽ മനു ആണ്‌ മനുഷ്യരിൽ ആദ്യത്തെ യാഗം നടത്തിയത്. അദ്ദേഹമാണ് ആദ്യത്തെ രാജാവ് എന്നും ഹൈന്ദവഗ്രന്ഥങ്ങളിൽ പറയുന്നു. [2] അദ്ദേഹത്തിന്റെ ധർമ്മ ഉപദേശങ്ങൾ മനുസ്മൃതി എന്നാണ്‌ അറിയപ്പെടുന്നത്. മനുസ്മൃതി ആ കാലഘട്ടത്തിലെ ആദ്യ നിയമം കൂടി ആയിരുന്നത്രേ [അവലംബം ആവശ്യമാണ്]. ഭൂമിയിൽ ഒരിക്കൽ മഹാപ്രളയം ഉണ്ടായപ്പോൾ മഹാവിഷ്ണുവിന്റെ ഉപദേശപ്രകാരം വൈവസ്വത മനു ഒരു വലിയ നൗകയിൽ സപ്തർഷികളെയും കൂട്ടി സകല ജീവജാലങ്ങളേയും വഹിച്ച് രക്ഷപെടുകയും, മഹാവിഷ്ണു ഒരു വലിയ മത്സ്യമായാവതരിച്ചു പ്രളയജലത്തിലെ നൗകയുടെ പ്രയാണത്തിന് വൈവസ്വത മനുവിനെ സഹായിക്കുകയും, പിന്നീട് പ്രളയജലത്തിൽ പൊങ്ങിക്കിടന്ന അരയാലിലയിൽ ഒരു കുട്ടിയുടെ രൂപത്തിൽ ശയിക്കുന്ന മഹാവിഷ്ണുവിനെ (ബാലമുകുന്ദൻ) കണ്ടു എന്നും, അങ്ങനെ അവർ ഹിമവദ് ശൃങ്ഗങ്ങളിൽ എത്തിച്ചേരുകയും, ഒടുവിൽ ഏതാനും ബീജങ്ങളും മനുവും സപ്തർഷികളും മാത്രം അവശേഷിച്ചു എന്നും, പിന്നീട് വെള്ളം വലിഞ്ഞ് കര പ്രത്യക്ഷപ്പെട്ടപ്പോൾ മനു പുതിയ ഒരു ലോകം തുടങ്ങി എന്നും അന്നു മുതലാണ് പ്രളയത്തിന് ശേഷമുള്ള ഇന്നത്തെ മനുഷ്യരുടെ പൂർവ്വികൻ മനു ആയത് എന്നും ഹൈന്ദവ വിശ്വാസികൾ കരുതുന്നു. ഭാഗവതത്തിലെ ആദ്യത്തെ അവതാരമായ മത്സ്യാവതാര കഥയിലെ ഒരു ഭാഗം കൂടിയാണിത്.
  • ക്രൈസ്തവ- ഇസ്ലാം മതഗ്രന്ഥങ്ങളിൽ പറയപ്പെടുന്ന നോഹയുടെ പേടകവുമായി മനുവിന്റെ കഥയ്ക്ക് സാമ്യമുണ്ട്. ചില ചരിത്രകാരർ നോഹയും പുരാണ പരാമർശിതനായ മനുവും ഒരാൾ തന്നെ ആയിരിക്കാം എന്നും അവരുടെ (ഒരാൾ) പിന്മുറക്കാർ ഭാരതത്തിൽ വാസമുറപ്പിച്ചതാവാം എന്നും അവരാണ്‌ പുരാതന ഇന്ത്യൻ സംസ്കാരത്തിൽ പ്രത്യക്ഷപ്പെടുന്ന ദ്രാവിഡർ എന്നും അഭിപ്രായപ്പെടുന്നുണ്ട്. [3]

ഉൽ‌പത്തി

[തിരുത്തുക]
മനുഷ്യന്റെ ജനിതകപരമായ ഉല്പത്തി സൂചിപ്പിക്കുന്ന മരം

മനുഷ്യന്റെ ഉല്പത്തിയെക്കുറിച്ച് അറിയുന്നതിനു മുമ്പ് ഭൂഗോളത്തിന്റെ ഉൽ‌പത്തിയെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്‌. ഭൂമിയുടെ ഉല്പത്തിയെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങൾ ഉണ്ടെങ്കിലും ഭൂമി 457 കോടി വർഷങ്ങൾക്കു മുമ്പ് ആണ് ഉണ്ടായത് എന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സൂര്യന്റെ രൂപവത്കരണത്തിനു ശേഷം ബാക്കിയായ സൗര നീഹാരികയിൽ (solar nebula) നിന്ന് 457 കോടി വർഷങ്ങൾക്ക് മുൻപാണ് ഭൂമിയും മറ്റ് ഗ്രഹങ്ങളും ഉടലെടുത്തത് എന്നു ‍ കരുതുന്നു. ആദ്യം ഉരുകിയ രൂപത്തിൽ ആയിരുന്ന ഭൂമിയുടെ പുറമ്പാളി നീരാവി അന്തരീക്ഷത്തിൽ പൂരിതമാകാൻ പതുക്കെ തണുത്തുറച്ചു. താമസിയാതെ ചന്ദ്രനും ഉണ്ടായി. ചൊവ്വയുടെ വലിപ്പവും ഭൂമിയുടെ 10% ത്തോളം ദ്രവ്യമാനവും ഉള്ള 'തെയ' എന്ന ബഹിരാകാശ വസ്തു ഭൂമിയുമായി കൂട്ടിയിടിച്ച് അതിൽ നിന്നാണ് ചന്ദ്രൻ ഉടലെടുത്തത് എന്നു പറയുന്നു. ഈ വസ്തുവിന്റെ കുറച്ചു ഭാഗം ഭൂമിയുമായി കൂടിച്ചേരുകയും ബാക്കി ബഹിരാകാശത്തേക്ക് തെറിച്ചു പോവുകയും ചെയ്തു. ഇങ്ങനെ തെറിച്ചു പോയ വസ്തുവിൽ നിന്നാണ് ചന്ദ്രൻ ഉടലെടുത്തത് എന്നു പറയപ്പെടുന്നു. അഗ്നിപർവ്വത പ്രവർത്തനങ്ങളും വാതകബഹിർഗമനവും മൂലം അന്തരീക്ഷത്തിന്റെ ഒരു പ്രാകൃതരൂപം ഉണ്ടായി. തണുത്തുറഞ്ഞ നീരാവിയും വാൽനക്ഷത്രങ്ങൾ വിട്ടിട്ടു പോയ ഹിമകണികകളും ചേർന്ന് സമുദ്രങ്ങൾ ഉണ്ടായി. ആദ്യത്തെ തന്മാത്ര 400 കോടി കൊല്ലം മുൻപ് ഉണ്ടായി എന്നു വിശ്വസിക്കപ്പെടുന്നു. അതിനു ശേഷം 200 കോടി കൊല്ലം കഴിഞ്ഞ് ഇന്നുള്ള ജീവന്റെ എല്ലാം പൊതു ഉറവിടം എന്നു കരുതുന്ന ജീവനും ഉടലെടുത്തു.

എന്നിരുന്നാലും ഇന്നത്തെപ്പോലത്തെയുള്ള കാലാവസ്ഥ അല്ലായിരുന്നു അന്ന്. തിളയ്ക്കുന്ന വെള്ളമായിരുന്നു കടലുകളിൽ. ഈ സമയത്തായിരിക്കണം ജീവന്റെ ആദ്യനാമ്പുകൾ ഉടലെടുത്തത്. ചൂടുള്ള വെള്ളത്തിൽ വളരുന്ന ചെടികളാണ്‌‍ ആദ്യമായി ഉണ്ടായതെന്ന് കരുതുന്നു. ചലിക്കാൻ ശേഷിയുള്ള ആദ്യത്തെ ജന്തുക്കൾ ഉണ്ടായത് വളരെക്കാലം കഴിഞ്ഞാണ്‌. ആദ്യകാല ജന്തുക്കൾക്ക് ഏകകോശരൂപം ആയിരുന്നു. പ്രോട്ടോസോവ എന്നു വിളിക്കാവുന്ന ആദ്യജീവി ഇവയാണ്‌. ഇന്നു കാണപ്പെടുന്ന അമീബ പാരമീസിയം ഇത്തരത്തിൽ ഉള്ള ഒരു ഏകകോശജീവിയാണ്‌. ക്രമേണ കോശങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവുകയും വിവിധ ജന്തുക്കൾ ജലത്തിൽ രൂപമെടുക്കുകയും ചെയ്തു. പതിയെ കടൽ വിട്ട് അവ കരയിലേക്ക് കയറുകയും ചെയ്തു. ഇത്തരത്തിൽ പരിണാമം ഉണ്ടായത് ലക്ഷക്കണക്കിന്‌ വർഷങ്ങൾ കൊണ്ടാണ്‌. ജീവികളുടെ പരിണാമത്തിന്റെ ഒരു സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞനാണ്‌ ചാൾസ് ഡാർ‌വിൻ.

230 ദശ ലക്ഷം വർഷങ്ങൾക്ക് മുൻപ് അങ്ങനെ പരിണാമം പ്രാപിച്ചുണ്ടായ ഭീമാകാരമായ ജീവികളാണ്‌ ദിനോസറുകൾ. ഇവ പെട്ടെന്ന് ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ഇതിനു പലകാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

മനുഷ്യന്റെ ഉല്പത്തി

[തിരുത്തുക]

മനുഷ്യ ഉൽപ്പത്തിയെ കുറിച്ച് പല വ്യാഖ്യാനങ്ങൾ ഉണ്ട്.

ചരിത്രം

[തിരുത്തുക]

ആദിമ മനുഷ്യൻ ഇന്നത്തെ മനുഷ്യനേക്കാൾ തുലോം വലിപ്പം കുറഞ്ഞ ജീവിയായിരുന്നു. ഈ കാലഘട്ടത്തിന്റെ ചരിത്രം തികച്ചും അജ്ഞാതമാണ്‌. വസ്ത്രങ്ങളോ പാർക്കാൻ ഭവനമോ ഉണ്ടായിരുന്നില്ല. വളരെ സാവധാനമാണ്‌ ബുദ്ധിയും ശരീരവും വികസിക്കാൻ തുടങ്ങിയത്‌. തികച്ചും മനുഷ്യനെന്ന് വിളിക്കാവുന്ന ജീവി ഭൂമിയിൽ പ്രത്യക്ഷപ്പെട്ടിട്ട്‌ അഞ്ചോ ആറോ ദശലക്ഷം വർഷങ്ങളേ ആയിട്ടുള്ളൂ എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. [4]

നീലാരം കല്ല് എന്ന പ്രശസ്തമായ ചി

ത്രം]]

ആദിമ മാനവചരിത്രത്തെ പൊതുവെ ശിലായുഗം, ലോഹയുഗം എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. ശിലായുഗത്തെ പ്രാഗ് ലിഖിതയുഗം എന്നും പറയാറുണ്ട്‌. എഴുത്തു വിദ്യ കണ്ടുപിടിക്കുന്നതിനു മുൻപുള്ള കാലമെന്നർത്ഥത്തിലാണ്‌ ഇത്‌. ഉൽപത്തി മുതൽ ഇന്നേ വരേയുള്ളതിന്റെ 95 ശതമാനവും ശിലായുഗമാണ്‌. ബി.സി. 5000 വരെ ഈ കാലഘട്ടം നീണ്ടു നിന്നു എന്ന് അനുമാനിക്കപ്പെടുന്നു. അതായത്‌ 5000 വരെ മനുഷ്യന്‌ എഴുത്തു വിദ്യ വശമില്ലായിരുന്നു. അതിനു ശേഷമുള്ള ചരിത്രം ശിലാ രേഖകളെ ആസ്പദമാക്കി മെനഞ്ഞെടുക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടുണ്ട്‌.

ശിലായുഗം തന്നെ പ്രാചീന ശിലായുഗം, നവീനയുഗം എന്നും രണ്ടു ഘട്ടങ്ങളാക്കിയിട്ടുണ്ട്‌. ഇത്‌ ലോഹം കൊണ്ടുള്ള ആയുധത്തിന്റെ ആവിർഭാവം അടിസ്ഥാനമാക്കി ചരിത്ര പഠനത്തിന്റെ എളുപ്പത്തിനായി മാത്രമാണ്‌ ചെയ്തിരിക്കുന്നത്‌.

മനുഷ്യന്റെ ആദ്യത്തെ വാസസ്ഥലം വടക്കേ അർദ്ധഭൂഖണ്ഡമാണെന്നു വിശ്വസിച്ചിരുന്നു. ഈ ഭാഗം ദീർഘകാലത്തോളം ഹിമനിരകളാൽ മൂടപ്പെട്ടുകിടന്നിരുന്നു. ഇടക്കിടക്ക്‌ മഞ്ഞുരുകുകയും സസ്യങ്ങൾക്കും ജീവികൾക്കും ജീവിക്കാനുള്ള കാലാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. വീണ്ടും നീണ്ടകാലത്തേക്ക്‌ മഞ്ഞ്‌ പെയ്തു ജീവജാലങ്ങൾക്ക്‌ ജീവിക്കാൻ തടസ്സം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇത്തരം നാൽ ഹിമനദീയ കാലങ്ങൾ(Glacial Ages) ഉണ്ടായിരുന്നത്രെ. ആദ്യത്തെ ഹിമനദീയ കാലം പത്തു ലക്ഷം കൊല്ലങ്ങൾക്കു മുൻപും രണ്ടാമത്തേത്‌ ഏഴു ലക്ഷം കൊല്ലങ്ങൾക്കു മുൻപും അവസാനത്തേത്‌ ഒരു ലക്ഷം കൊല്ലങ്ങൾക്കു മുൻപുമാണ്‌ ഉണ്ടായിട്ടുള്ളത്‌. ഒരു ഹിമനദീയ കാലം കഴിഞ്ഞു കാലാവസ്ഥ തെളിയുമ്പോൾ സസ്യങ്ങളും മൃഗങ്ങളും വളർന്ന് വികാസം പ്രാപിക്കുന്നു. അപ്പോഴേക്കും അടുത്ത ഹിമനദിയുടെ കാലമായി. എന്നാൽ മനുഷ്യൻ സ്വന്തം സവിശേഷ ബുദ്ധി ഉപയോഗിച്ച്‌ ഹിമനദീയ കാലങ്ങളെ അതിജീവിച്ചു.

അവർ ഗുഹകളിലും മറ്റും കൂട്ടമായി താമസിച്ചു. വേട്ടയാടി മൃഗങ്ങളെ കൊന്ന് ആദ്യം പച്ചമാംസമായും പിന്നീട്‌ തീ കണ്ടു പിടിച്ച ശേഷം ചുട്ടും തിന്നു തുടങ്ങി. പാറകളുടേയും മരങ്ങളുടേയും ഭാഗങ്ങൾ ഉപയോഗിച്ച്‌ മൂർച്ചയുള്ള ആയുധങ്ങൾ ഉണ്ടാക്കി. മരത്തൊലി, ഇലകൾ എന്നിവ ഉപയോഗിച്ച്‌ വസ്ത്രങ്ങൾ ഉണ്ടാക്കി.

പ്രാചീന ശിലായുഗം ക്രി.വ. 1,750,000 മുതൽ ക്രി.വ. 10000 വരെയായിരുന്നു എന്നാണ്‌ ശാസ്ത്രജ്ഞർ ഊഹിക്കുന്നത്‌. ഈ പ്രാചീന ശിലായുഗത്തെ വീണ്ടും രണ്ടായി തിരിക്കാം പൂർവ്വകാലഘട്ടമെന്നും ഉത്തരകാലഘട്ടമെന്നും . പ്രാചീനശിലായുഗത്തിന്റെ മുക്കാലും പൂർവ്വകാലഘട്ടമായിരുന്നു. ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മനുഷ്യജീവിയെ ആഫ്രിക്കയിലെ മഹാറിഫ്റ്റ്‌ താഴ്‌വരയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്‌. ഇതിന്‌ സിൻജന്ത്രോപ്പസ്‌ (Zinganthropus) എന്നാണ്‌ പേര്‌. നീണ്ടു നിവർന്നു നടക്കുകയും പ്രാകൃതമായ ആയുധങ്ങൾ ഉപയോഗിക്കുകയും ചെയ്തിരുന്നതിനാൽ ഇവയെ മനുഷ്യ വംശത്തിന്റെ ഏറ്റവും പൂർവ്വികരെന്ന് കരുതുന്നു. [5]

പൂർവ്വഘട്ടത്തിൽ ജീവിച്ചിരുന്ന പ്രാചീന മനുഷ്യന്റെ മറ്റൊരു ഉദാഹരണം ജാവാ ദ്വീപുകളിൽ നിന്ന് കണ്ടെടുക്കപ്പെട്ട 'ജാവാ മനുഷ്യൻ' ആണ്‌. ശരിക്കും നീണ്ടു നിവർന്ന നടക്കാൻ കഴിവില്ലാത്ത പ്രകൃതം , വലിയ തല, ചെറിയ താടി, അഞ്ചടി ആറിഞ്ചു പൊക്കം എന്നിവയായിരുന്നു ജാവാ മനുഷ്യന്റെ പ്രത്യേകതകൾ.

ജാവാമനുഷ്യനു ശേഷം ആവിർഭവിച്ച വർഗ്ഗമാണ്‌ 'പെക്കിങ്ങ്‌ മനുഷ്യൻ' ചൈനയിലെ പെക്കിങ്ങ്‌ എന്ന സ്ഥലത്തു നിന്നും കിട്ടിയ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനാലാണ്‌ ഈ പേർ.

ജർമ്മനിയിലെ നിയാണ്ടർ താഴ്‌വരയിൽ നിന്നും കണ്ടെത്തിയ അവശിഷ്ടങ്ങളിൽ നിന്നാണ്‌ നിയാണ്ടർത്താൽ മനുഷ്യനെപ്പറ്റി വിവരം ലഭിക്കുന്നത്‌. [6][ ഇവരാണ്‌ ഇന്ന് ഏറ്റവും കൂടുതൽ അറിയപ്പെടുന്ന വർഗ്ഗം. അവർ ഒരുലക്ഷത്തി ഇരുപതിനായിരം വർഷങ്ങൾക്കു മുൻപു വരെ( അവസാന ഹിമനദീയ കാലത്തിനും മുമ്പ്) ജീവിച്ചിരുന്നെന്ന് കരുതുന്നു. അഞ്ചടി അഞ്ചിഞ്ചു ഉയരം, മെലിഞ്ഞ ശരീരം, ചെറിയ മസ്തിഷ്കം, വികൃതരൂപം എന്നിവയായിരുന്നു പ്രത്യേകതകൾ. നടക്കുന്നതിൽ വൈകല്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇവർ കാലക്രമേണ സംസാരിക്കാൻ പഠിച്ചതായി വിശ്വസിക്കപ്പെടുന്നു. ഇതായിരിക്കണം മനുഷ്യന്റെ സംസ്കാരത്തിന്റെ തുടക്കം. ആയുധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഗുഹകളിൽ താമസിച്ചിരുന്ന ചെറു സംഘങ്ങളായായിരുന്നു ഇവരുടെ ജീവിതം. മരിച്ചവരെ സംസ്കരിക്കുമ്പോൾ ശവശരീരത്തിന്റെ കൂടെ ആയുധങ്ങളും മറ്റു സാമഗ്രികളും അടക്കം ചെയ്തിരുന്നു.

പ്രമാണം:Laetoliafar.jpg
ആസ്ത്രലോപിത്തേക്കുസ് പുനരാവിഷ്കരണം

എന്നാൽ കാലക്രമത്തിൽ നിയാണ്ടർത്താൽ മനുഷ്യൻ ഭൂമുഖത്തുനിന്ന് നിശ്ശേഷം അപ്രത്യക്ഷമാകുകയായിരുന്നു. ഇതിന്‌ ശത്രുക്കളുടെ ആക്രമണം, ഉപജീവനത്തിന്റെ ബുദ്ധിമുട്ട്‌, മറ്റു വർഗ്ഗങ്ങളുമായി ലയിച്ചു ചേർന്നത്‌ എന്നീ കാരണങ്ങളാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. പാലസ്തീനിലെ മൗണ്ട്‌ കാർമ്മൽ എന്ന സ്ഥലത്തു നിന്നും നിയാണ്ടർത്താൽ മനുഷ്യനു സമാനമായ മനുഷ്യജീവികളുടെ അവശിഷ്ടം കണ്ടെടുത്തിട്ടുണ്ട്‌.

അടുത്ത മനുഷ്യ വർഗ്ഗം ആറിഗ്നേഷ്യൻ (Aurignacian) എന്നറിയപ്പെടുന്ന നരവംശമാണ്‌. ഫ്രാൻസിലെ ഗാരോൺ നദിയുടെ ഉത്ഭവസ്ഥാനമായ ആറിഗ്നാക്‌(Aurignac) എന്ന ഗുഹയുമായി ബന്ധപ്പെടുത്തിയാണ്‌ ഈ പേർ നൽകപ്പെട്ടത്‌. ഏകദേശം 70,000 വർഷങ്ങൾക്ക്‌ മുൻപാണ്‌ ഇവർ പ്രത്യക്ഷപ്പെട്ടത്‌ എന്ന് കരുതുന്നു. ഇവർ ആധുനിക മനുഷ്യന്റെ പൂർവ്വികരാകാൻ തികച്ചും അർഹതപ്പെട്ടവരാണ്‌. ഇവരുടെ പിൻഗാമികളെ വെയിൽസ്‌, അയർലൻഡ്‌, ഫ്രാൻസ്‌, സ്പെയിൻ, പോർട്ടുഗൽ, അല്ജീറിയ എന്നിവിടങ്ങളിൽ ഇപ്പോഴും കാണാം. ഈ വർഗ്ഗത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വിഭാഗമാണ്‌ ക്രോമാഗ്നൺ വർഗ്ഗം. ഇവരുടെ അവശിഷ്ടങ്ങൾ ഫ്രാൻസിലെ ക്രോമാഗ്നൺ എന്ന ഗുഹയിൽ നിന്ന് കണ്ടെടുക്കപ്പെട്ടു. ഇവർ നിയാണ്ടർത്താൽ വംശത്തേക്കാൾ സാംസ്കാരികമായി പുരോഗതി പ്രാപിച്ചവരായിരുന്നു. ആറടിയോളം പൊക്കം, വലിയ താടി, നീണ്ട കൈ കാലുകൾ, വലിയ നെറ്റിത്തടം എന്നിവ ഇവരുടെ പ്രത്യേകതകളാണ്‌.

ക്രോമാഗ്നണ്മാരുടെ സമകാലികരായി ഗ്രിമാൾഡി എന്ന മറ്റൊരു വർഗ്ഗം ഇറ്റലിയുടെ സമുദ്രതീരത്തെ ഗ്രിമാൾഡി എന്ന ഗുഹയിൽ നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്‌. ഇവർ നീഗ്രോ വർഗ്ഗക്കാരാണ്‌. മുഖം വീതി കൂടിയതും തല ചെറുതുമാണ്‌ ഇവർക്ക്‌. നിയാണ്ടർത്താൽ വംശത്തെ അപേക്ഷിച്ച്‌ ഈ വർഗ്ഗക്കാർ കൂടുതൽ പരിഷ്കൃതരും കലാവാസനയുള്ളവരുമായിരുന്നു. മൃഗങ്ങളുടെ കൊമ്പു കൊണ്ടും അസ്ഥികൊണ്ടും സൂചികൾ വരെ ഉണ്ടാക്കാൻ അവർക്ക്‌ അറിയാമായിരുന്നു.

ഹോമോ സാപിയെൻസിന്റെ വിവിധ വിഭാഗങ്ങൾ

[തിരുത്തുക]
കനത്ത അക്ഷരങ്ങൾ നിരവധി തെളിവുകൾ ഉണ്ട് എന്ന് സൂചിപ്പിക്കുന്നു.
ജനുസ്സ് ജീവിച്ച കാലം
ദശലക്ഷം വർഷം
സ്ഥലങ്ങൾ മുതിർന്ന ആൾ ഉയരം (മീ) തൂക്കം (കി.ഗ്രാം.) മഷ്തിഷ്കം വ്യാപ്തം (ക്യു.സെ.മീ.) ഫോസ്സിൽ രേഖ കണ്ടു പിടിച്ചത് /
പേര് പ്രസിദ്ധപ്പെടുത്തിയത്
ഹോമോ ഹാബിലിസ് 2.5–1.5 ആഫ്രിക്ക 1.0–1.5 30–55 600 നിരവധി 1960/1964
ഹോമോ റുഡോൾഫെൻസിസ് 1.9 കെനിയ       ഒരു തലയോട്ടി 1972/1986
ഹോമൊ ജോർകിക്കുസ് 1.8–1.6 ജോർജ്ജിയ     600 കുറച്ചു മാത്രം 1999/2002
ഹോമോ എർഗാസ്റ്റർ 1.9–1.25 ദക്ഷിണ-പൂർ‌വ്വ ആഫ്രിക്ക 1.9   700–850 നിറയെ 1975
ഹോമോ ഇറക്റ്റസ് 2(1.25)–0.3 ആഫ്രിക്ക,യൂറേഷ്യ (ജാവ, ചൈന, കോക്കസ്) 1.8 60 900–1100 നിരവധി 1891/1892
ഹോമോ സെപ്രാൻസിസ് 0.8? ഇറ്റലി       തലയോട്ടിയുടെ മൂടി -1 1994/2003
ഹോമോ അന്റിസെസ്സർ 0.8–0.35 സ്പെയിൻ, ഇംഗ്ലണ്ട് 1.75 90 1000 മൂന്നു കേന്ദ്രങ്ങൾ 1997
ഹോമോ ഹെയ്ഡെൽബെർജെൻസിസ് 0.6–0.25 യൂറോപ്പ്, ആഫ്രിക്ക, ചൈന 1.8 60 1100–1400 നിരവധി 1908
ഹോമോ നിയാണ്ടർത്താലെൻസിസ് 0.23–0.03 യുറോപ്പ്, ഏഷ്യ 1.6 55–70 (ആജാനു ബാഹു) 1200–1700 നിരവധി (1829)/1864
ഹോമോ റൊഡേഷ്യൻസിസ് 0.3–0.12 സാംബിയ     1300 വളരെ കുറച്ച് 1921
ഹോമോ സാപിയെൻസ് 0.25–present ലോകമെമ്പാടും 1.4–1.9 55–80 1000–1850 ഇന്നും ജീവിക്കുന്നു —/1758
ഹോമോ സാപിയെൻസ് ഇഡാൾടു 0.16 എത്യോപ്യ     1450 മൂന്നു തലയോട്ടികൾ 1997/2003
ഹോമോ ഫ്ലോറെൻസിസ് 0.10–0.012 ഇന്തോനേഷ്യ 1.0 25 400 ഏഴ് അസ്ഥിക്കൂടങ്ങൾ 2003/2004

നവീനശിലായുഗം

[തിരുത്തുക]

ഇതിന്റെ ആരംഭവും അവസാനവും വ്യക്തമായി അറിയാൻ സാധിച്ചിട്ടില്ല. പതിനായിരം വർഷങ്ങൾക്കു മുൻപ്‌ ആരംഭിച്ചതായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഈജിപ്തിലും തെക്കു പടിഞ്ഞാറൻ ഏഷ്യയിലും 7,000 വർഷങ്ങൾക്കു മുൻപ്‌ ആരംഭിച്ചതായി ഊഹിക്കപ്പെടുന്നു. നൈൽ നദി യുടെ തടങ്ങളിൽ ആറായിരം വർഷങ്ങൾക്ക്‌ മുൻപ്‌ ആരംഭിച്ചതായി തെളിവുകൾ ഉണ്ട്‌. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും പലവിധത്തിലുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്‌. മനുഷ്യ ചരിത്രത്തിൽ സാമൂഹികവും സാംസ്ക്കാരികവുമായ വിപ്ലവകരമായ വ്യത്യാസങ്ങൾ സംഭവിച്ച കാലഘട്ടമാണ്‌ ഇത്‌. മനുഷ്യൻ കൃഷിചെയ്യാൻ പഠിച്ചത്‌ ഈ കാലത്തിലായതിനാൽ നവീന ശിലായുഗത്തെ കർഷകയുഗം എന്ന് വിളിക്കാറുണ്ട്‌. ബാർലി, തിന, ഫലവർഗ്ഗങ്ങൾ എന്നിവയും ചില സസ്യങ്ങളുമാണ്‌ അവർ വളർത്തിയത്‌. കാട്ടു മൃഗങ്ങളെ മെരുക്കി വളർത്തുന്നതും വീട്ടു മൃഗങ്ങളായി പശു തുടങ്ങിയവയെ വളർത്തിയതും ഇക്കാലത്താണ്‌.

കന്മഴു ആയിരുന്നു നവീന ശിലായുഗത്തിലെ ഏറ്റവും പരിഷ്കൃതമായ ആയുധം. കരിങ്കല്ല് ചെത്തി മിനുക്കിയാണ്‌ ഇത്‌ ഉണ്ടാക്കിയത്‌, ഇത്‌ മനുഷ്യന്റെ ജീവിതത്തിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാക്കിയിരിക്കണം. കാട്ടു മരങ്ങൾ വെട്ടിയെടുത്ത്‌ വീടും, പാലവും മറ്റും നിർമ്മിക്കുകയും ചെയ്തു. മറ്റൊരു വിപ്ലവകരമായ മാറ്റമാണ്‌ മൺപാത്ര നിർമ്മാണം. ഭക്ഷ്യ സംഭരണം ആവശ്യമായി വന്നതായിരിക്കണം ഇതിനുള്ള പ്രചോദനം. ശിലായുഗത്തിൽ നിർമ്മിക്കപ്പെട്ട മൺ പാത്രങ്ങൾ കൈകൊണ്ട്‌ നിർമ്മിച്ചവയാണ്‌. ഇവയ്ക്ക്‌ പിന്നീട്‌ വന്ന ലോഹയുഗത്തിൽ കുശവ ചക്രത്തിന്റെ സഹായത്താൽ നിർമ്മിക്കപ്പെട്ട മൺപാത്രങ്ങളോട്‌ താരതമ്യം ചെയ്യുമ്പോൾ ഭംഗിയും ഉറപ്പും കുറവായിരുന്നു എങ്കിലും അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റിയിരുന്നു. മറ്റൊരു പ്രധാന കണ്ടു പിടുത്തം വസ്ത്ര നിർമ്മാണം ആയിരുന്നു. ചണച്ചെടിയിൽ നിന്ന് ചണം ഉണ്ടാക്കാൻ പഠിച്ചതോടെ ചണം ഉപയോഗിച്ചുള്ള വസ്ത്രങ്ങളും രൂപപ്പെട്ടു, ചെമ്മരിയാടുകളെ വളർത്തി ക്രമേണ അവയിൽ നിന്ന് കമ്പിളി വസ്ത്രങ്ങൾ ഉണ്ടാക്കാനും അവർ പഠിച്ചു. തണുപ്പിനെ അതി ജീവിക്കാൻ ഇത്‌ അവരെ സഹായിച്ചു. ക്രമേണ വെള്ളം താഴേക്ക്‌ ഇറങ്ങിത്തുടങ്ങിയതോടെ പുതിയ സ്ഥലങ്ങൾ തെളിഞ്ഞു വന്നു തുടങ്ങിയിരുന്നു. ചിലർ കാൽ നടയായി പുതിയ സ്ഥലങ്ങളിലേക്ക്‌ അന്നത്തെ തീരങ്ങൾ വഴി കുടിയേറിത്തുടങ്ങി.

കൃഷി ചെയ്യാൻ തുടങ്ങിയതോടെ അവർ വീടിനെക്കുറിച്ചും ചിന്തിക്കാൻ തുടങ്ങിയിരിക്കണം. ആദ്യകാലങ്ങളിൽ വൃക്ഷങ്ങളുടെ മുകളിലും കുറ്റികൾ നാട്ടി അതിനു മുകളിലുമായായിരുന്നു വീടുകൾ പണിതത്‌. സ്വിറ്റ്‌സർലാൻഡിലെ തടാകങ്ങളിൽ ഇത്തരം കുറ്റികളിൽ തീർത്ത ഭവനങ്ങൾ ഉണ്ടായിരുന്നതിന്‌ തെളിവുകൾ ലഭിച്ചിട്ടുണ്ട്‌. കാലക്രമത്തിൽ ചുടുകട്ട നിർമ്മാണം വശമായപ്പോൾ കൂടുതൽ ഉറപ്പുള്ള വീടുകളും കൊട്ടാരങ്ങളും വരെ അവർ നിർമ്മിച്ചു തുടങ്ങി. ഈജിപ്ത്‌ ,മെസൊപൊട്ടേമിയ, സിന്ധൂ നദീ തടങ്ങൾ എന്നിവിടെയാണ്‌ ആദിമ സംസ്കാരങ്ങൾ വികസിച്ചത്‌. മാതൃകാപരമായ സംസ്കാരവും അച്ചടക്കമുള്ള ജീവിതവും ഇക്കാലത്ത്‌ ഉണ്ടായിരുന്നു.

കുടുംബ ജീവിതത്തിന്റെ ഉത്ഭവവും ഇക്കാലത്താണ്‌. ബഹുഭാര്യാത്വത്തിലും ബഹുഭർതൃത്വത്തിലും അധിഷ്ഠിതമായ ജീവിതം ഇക്കാലത്ത്‌ വികസിച്ചു. ഇത്‌ പല സംഘട്ടനങ്ങൾക്കും കാരണമായിരുന്നിരിക്കാം. മതം മനുഷ്യന്റെ മനസ്സുകളിൽ സ്ഥാനം പിടിക്കുന്നതും ഇക്കാലത്താണ്‌. വിളവിന്റെ സംരക്ഷക എന്ന നിലയിൽ പ്രകൃതിയെയാണ്‌ ആദ്യമായി മനുഷ്യൻ ആരാധിക്കുന്നത്‌. പ്രകൃതിക്ക്‌ ജീവൻ സങ്കൽപിച്ച്‌ വായു, ജലം, സൂര്യൻ തുടങ്ങിയ ശക്തികളെ അവർ ആരാധിച്ചു വന്നു. പ്രകൃതി ദോഷങ്ങൾ, രോഗം തുടങ്ങിയവയിൽ അവർ ഭയപ്പെട്ടു. മരുന്നുകൾക്കായി നെട്ടോട്ടമോടിയിരിക്കാവുന്ന അക്കാലത്ത്‌ മന്ത്രവാദവും ഹീന കൃത്യങ്ങളും ഉടലെടുത്തു.

രാഷ്ട്രം എന്ന സങ്കൽപം ഉടലെടുത്തതും നവീന ശിലായുഗത്തിലാണ്‌. ഒരു പ്രത്യേക ഭൂവിഭാഗത്തിൽ കൃഷി ചെയ്തിരുന്നവർ അഭിവൃദ്ധി പ്രാപിക്കുകയും മറ്റു വിഭാഗങ്ങളിൽ ഉള്ളവർക്ക്‌ അത്ര കിട്ടാതിരിക്കുകയും ചെയ്തിരിക്കുകയാൽ അത്യാഗ്രഹം നിമിത്തം സംഘട്ടനങ്ങൾ ഉണ്ടായത്‌ ജനങ്ങളെ ഒരുമിക്കാൻ പ്രേരിപ്പിച്ചിരിക്കാമെന്നും അതിന്‌ ഒരു നേതാവിനേയോ മറ്റോ തിരഞ്ഞെടുത്ത്‌ അധികാരം ഏൽപ്പിച്ചിരിക്കാം എന്നും വിശ്വസിക്കപ്പെടുന്നു. ക്രമേണ ഈ നേതാക്കൾ രാജാക്കന്മാരുടെ സ്ഥാനത്തെത്തി.

നവീന ശിലായുഗത്തിന്റെ സാംസ്കാരിക സംഭാവനകളിലൊന്നാണ്‌ ലോകത്തിന്റെ പലഭാഗങ്ങളിലും കാണപ്പെടുന്ന 'മെഗാലിത്തുകൾ' എന്ന് വിളിക്കപ്പെടുന്ന സ്മാരകങ്ങൾ. 65 അടി വരെ ഉയരമുള്ള മെഗാലിത്തുകൾ (മഹാശിലാ സ്മാരകങ്ങൾ) ഉണ്ട്‌. ഇംഗ്ലണ്ട്‌, ഫ്രാൻസ്‌, സ്കാൻഡിനേവിയ, അയർലൻഡ്‌, സ്പെയിൻ, മാൾട്ട, സിറിയ, കൊറിയ, ചൈന, എന്നിവിടങ്ങളിൽ കണ്ടെത്തിയിട്ടുള്ള ഇത്തരം ശിലാസ്മാരകങ്ങൾക്ക്‌ ഒരേ രൂപവും ആകൃതിയുമാണെന്നുള്ളത്‌ ആദ്യകാലത്തെ സംസ്കാരം പരസ്പരം ബന്ധപ്പെട്ടിരുന്നവയോ ഒന്നിൽ നിന്ന് ഉടലെടുത്തവയോ ആണെന്നാണ്‌ സൂചിപ്പിക്കുന്നത്‌. കേരളത്തിലെ ചിലയിടങ്ങളിൽ നിന്നും ഇത്തരം സ്മാരകങ്ങൾ കണ്ടെത്തിയിട്ടുണ്ട്‌. മറയൂർ, തൊപ്പിക്കല്ലുകൾ ഇക്കൂട്ടത്തിൽ പെട്ടവയാണ്‌. തമിഴ്‌നാട്ടിലെ നീലഗിരി മലകളിലെ ഊട്ടി യിലും പളനി മലകളിലെ കൊടൈക്കനാൽ നിന്നും ഇത്തരം തൊപ്പിക്കല്ലുകൾ കണ്ടെത്തിയിട്ടുണ്ട്‌. കല്ലുകൾ ചേർത്തുണ്ടാക്കിയ ശവമന്ദിരങ്ങളും വലിയ മൺ ഭരണികളും ഇതിൽ പെടുന്നു.

തോണിയുടെ നിർമ്മാണം ജലമാർഗ്ഗം സംഘങ്ങളായി പുതിയ മേച്ചിൽ പുറങ്ങൾ തേടാൻ അവരെ സഹായിച്ചു. ആഫ്രിക്കയിൽ നിന്ന് ദൂരെ ഹവായി, ലാബ്രഡോർ, പാറ്റഗോണിയ എന്നിവിടങ്ങളിൽ അവർ എത്തിച്ചേർന്നു.

വെങ്കല യുഗം

[തിരുത്തുക]

ലോഹത്തിന്റെ നിർമ്മാണം മറ്റൊരു വഴിത്തിരിവായിരുന്നു. യാദൃച്ഛികമോ ബോധപൂർവ്വമോ ആയൊരു സംഭവമാണ്‌ ചെമ്പിന്റെ കണ്ടു പിടുത്തം. ശുദ്ധി ചെയ്യാൻ താരതമ്യേന എളുപ്പമാണെന്നതും പാളികളായി ലോഹരൂപത്തിൽ തന്നെ ചില സ്ഥലങ്ങളിൽ കാണപ്പെടുന്നു എന്നതും ചെമ്പിനെ സർവ്വ സ്വീകാര്യമാക്കി. ആദ്യകാലങ്ങളിൽ ആഭരണ നിർമ്മാണത്തിനും പാത്ര നിർമ്മാണത്തിനും മറ്റുമാണ്‌ ചെമ്പ്‌ ഉപയോഗിച്ചിരുന്നത്‌. ആയുധങ്ങൾ നിർമ്മിക്കാനുള്ള ദൃഢത ചെമ്പിനില്ലായിരുന്നു. താമസിയാതെ തകരം ചേർത്ത്‌ കാഠിന്യം വർദ്ധിപ്പിക്കാൻ മനുഷ്യൻ പഠിച്ചു. അങ്ങനെയാണ്‌ വെങ്കലത്തിന്റെ ആവിർഭാവം. ആയുധം നിർമ്മിക്കാൻ പാകത്തിനുള്ള ശക്തി വെങ്കലത്തിനുണ്ടായിരുന്നു. ഈ കാലമാണ്‌ വെങ്കലയുഗം എന്നറിയപ്പെടുന്നത്‌. ചെമ്പിന്റെ സംസ്കരണം പശ്ചിമേഷ്യയിൽ ധാരാളമായി നടന്നു. ഇതു മൂലം യൂറോപ്പിലേക്കും മറ്റുമായി വ്യാപാരം അഭിവൃദ്ധി പ്രാപിച്ചു.

അയോ യുഗം

[തിരുത്തുക]

ഇരുമ്പിന്റെ കണ്ടുപിടിത്തം വീണ്ടും വളരെക്കാലം കഴിഞ്ഞാണ്‌ സംഭവിക്കുന്നത്‌. ഇരുമ്പിന്റെ അയിര്‌ ഭൗമോപരിതലത്തിൽ ലഭ്യമല്ലാത്തതും അതിനെ ശുദ്ധീകരിച്ചെടുക്കുന്നതും വിഷമം പിടിച്ചതാകയാലുമായിരിക്കണം അതിന്‌ താമസം ഉണ്ടായത്‌. എന്നാൽ ഒരിക്കൽ പ്രചാരത്തിലായതോടെ അതിന്റെ ഗുണങ്ങൾ മൂലം വെങ്കലായുധങ്ങളെ അപ്പാടെ പിന്നിലാക്കുകയായിരുന്നു ഇരുമ്പ്‌. ഈ യുഗത്തിലാണ്‌ പ്രധാനപ്പെട്ട പല കണ്ടു പിടുത്തങ്ങളും നടക്കുന്നത്‌. ചക്രങ്ങൾ കണ്ടെത്തിയതും മനുഷ്യ രാശിക്ക്‌ ഒരു വഴിത്തിരിവായിരുന്നു. രാഷ്ട്രങ്ങൾ താമസിയാതെ ശക്തി പ്രാപിക്കുകയും മറ്റു രാഷ്ട്രങ്ങളുടെ മേൽ ആധിപത്യത്തിനായി ശ്രമിക്കുകയും ചെയ്തു.

മനുഷ്യ വർഗ്ഗങ്ങൾ

[തിരുത്തുക]
മനുഷ്യവർഗ്ഗങ്ങളുടേ ജനിതക ദൂരം കാണിക്കുന്ന രേഖാചിത്രം

വിശാലമായ അർത്ഥത്തിൽ മനുഷ്യനെല്ലാം ഒരു വർഗ്ഗമാണ്‌. എന്നാൽ നിറം വലിപ്പം എന്നിവയുടെ അടിസ്ഥാനത്തിൽ പല വർഗ്ഗങ്ങളായി തരം തിരിവ്‌ ആരംഭിച്ചിരുന്നിരിക്കാം. ജനപ്പെരുപ്പം മൂലവും ഭക്ഷണ ദൌർലഭ്യം മൂലവും ജനങ്ങൾ ദൂരെ സ്ഥലങ്ങളിലേക്ക്‌ കുടിയേറിപ്പാർത്തിരുന്നിരിക്കാം. ഒരോ വാസസ്ഥലങ്ങളിലെ വ്യത്യസ്തമായ കാലാവസ്ഥയും ഭക്ഷണരീതിയും മൂലം ലക്ഷക്കണക്കിന്‌ വർഷങ്ങൾ കൊണ്ട് അവരുടെ ശരീരത്തിനും അവയവങ്ങൾക്കും പ്രകടമായ വ്യത്യാസങ്ങൾ വരുത്തി. ത്വക്കിന്റെ നിറവും ശരീരത്തിന്റെ വലിപ്പവുമാണ്‌ പ്രധാനപ്പെട്ടവ. കണ്ണ്, മുടി, തൊലി എന്നിവയുടെ നിറവ്യത്യാസങ്ങളും ആകൃതിയിലുള്ള പ്രത്യേകതകളും വിഭിന്ന വർഗ്ഗങ്ങൾ ഉടലെടുക്കാൻ കാരണമാക്കി. എന്നാൽ മറ്റൊരു വഴിയിലൂടെ വിഭിന്ന വർഗ്ഗങ്ങൾ തമ്മിൽ ഉദ്ഗ്രഥനവും സംഭവിച്ചുകൊണ്ടിരുന്നതിനാൽ ശുദ്ധമായ ഒരു വർഗ്ഗം ലോകത്തിൽ നിലനിന്നിട്ടില്ല.

നീഗ്രോ വർഗ്ഗക്കാർ

[തിരുത്തുക]

കറുത്ത നിറമുള്ള നീഗ്രോ വർഗ്ഗക്കാർ ആഫ്രിക്കയിലെ ഉഷ്ണ മേഖലയിൽ പെട്ട കാട്ടുപ്രദേശങ്ങളിലും, ഓസ്ട്രേലിയ, ടാസ്മേനിയ, മലയ എന്നിവിടങ്ങളിലാണ്‌ കണ്ടു വരുന്നത്‌. അമേരിക്കയിലും ഇവർ ഉണ്ടായിരുന്നതായി തെളിവുകൾ ഉണ്ട്‌. കറുത്ത നിറം, വീതികൂടിയ മൂക്ക്‌, തടിച്ച ചുണ്ടുകൾ, ചുരുണ്ടതും കറുത്തതുമായ മുടി എന്നിവയാണ്‌ പ്രധാനപ്പെട്ട പ്രത്യേകതകൾ. ആധുനിക നീഗ്രോ വർഗ്ഗത്തിൽ രണ്ട് പ്രധാന വിഭാഗങ്ങൾ ഉണ്ട്‌. ഒന്ന് പൊക്കം കുറഞ്ഞ്‌, ഉരുണ്ട തലയോട്‌ കൂടിയ പിഗ്മി വർഗ്ഗം, ഇവർ മുഖ്യമായും ആഫ്രിക്ക, ദക്ഷിണ പൂർവ്വേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ്‌ വസിക്കുന്നത്‌. രണ്ട്‌ ഉയരം കൂടിയതും നീണ്ട തലയുള്ളതുമായ നീഗ്രോ വർഗ്ഗം. ആഫ്രിക്കയിൽ തന്നെയും, പാപ്പുവ ദ്വീപുകൾ, അമേരിക്ക, ഫ്രാൻസ്‌, എന്നിവിടങ്ങളിലും മെനാനേഷ്യന്മാർ തുടങ്ങി ഏഷ്യയിലെ തെക്കു കിഴക്കൻ ദ്വീപുകളിലും വസിക്കുന്ന ആദിവാസികളും നീഗ്രോ വർഗ്ഗത്തിൽ പെടും.

മംഗോൾ വർഗ്ഗം

[തിരുത്തുക]

ഏറ്റവും കൂടുതൽ ഇന്ന് നിലവിലുള്ളത്‌ മംഗോൾ വർഗ്ഗക്കാരാണ്‌. പല ഉപവർഗ്ഗങ്ങൾ ഉണ്ട്‌ ഇവർക്കിടയിൽ. ജപ്പാൻ, ചൈന, ഇന്തോചൈന, തായ്‌വാൻ, വിയറ്റ്നാം, നേപ്പാൾ. റ്റിബെറ്റ് എന്നീ രാജ്യങ്ങളിലെ ജനങ്ങൾ ഈ വംശജരാണ്‌. മഞ്ഞ കലർന്ന വെളുപ്പ്‌ നിറം, ഉരുണ്ട മുഖം, നീണ്ട കോലൻ മുടി, വീർത്ത കൺപോളകൾ എന്നിവയാണ്‌ ഇവരുടെ പ്രത്യേകതകൾ. ഒരു കാലത്ത്‌ അമേരിക്കൻ ഭൂഖണ്ഡത്തിലെ മിക്ക ഭാഗങ്ങളിലും ഇവർ അധിവസിച്ചിരുന്നു എന്ന് കണക്കാക്കപ്പെടുന്നു. ഇവർ പൂർവ്വേഷ്യയിൽ നിന്ന് അലാസ്ക വഴി അമേരിക്കയിൽ പ്രവേശിച്ചിരുന്നു എന്നും മഞ്ഞനിറം കാലാവസ്ഥയുടെ സ്വാധീനം നിമിത്തം ചെമ്പ്‌ നിറമായതാണെന്നും കരുതുന്നു. ഇവരാണ്‌ റെഡ്‌ ഇന്ത്യാക്കാർ എന്ന് കൊളംബസ്‌ വിളിച്ച അമേരിക്കൻ ഇന്ത്യക്കാർ. അമേരിക്കയിലെ ശീത മേഖലകളിൽ താമസിക്കുന്ന എസ്കിമോ എന്ന വംശജരിലും മംഗോളിയൻ ജീനുകൾക്കു പുറമേ മറ്റു ജീനുകളും കലർന്നിട്ടുള്ളതായി കാണാം.

കോക്കേഷ്യൻ

[തിരുത്തുക]

വെള്ളക്കാരായ ഇവരിൽ പ്രധാനമായി ഹെമറ്റിക്‌, സെമറ്റിക്‌, ഇന്തോ-യൂറോപ്യൻ എന്നിങ്ങനെ മൂന്ന് വർഗ്ഗങ്ങൾ ആണ്‌ ഉള്ളത്‌. പുരാതന ഈജിപ്തുകാർ ഹെമറ്റിക്‌ വർഗ്ഗത്തിൽ പെട്ടവരായിരുന്നു. ബാബിലോണിയന്മാർ, അസ്സീറിയന്മാർ, ഹീബ്രുകൾ, ഫിനീഷ്യന്മാർ, അറബികൾ എന്നിവർ സെമറ്റിക്‌ വർഗ്ഗത്തിൽ പെട്ടവരും, യുറോപ്പിന്റെ ഉത്തരാർദ്ധത്തിൽ താമസിച്ചിരുന്ന നോർഡിക്‌ വംശം മധ്യ യൂറോപ്പിലെ ആൽപൈൻ വംശം ഇന്ത്യയിലും ജർമ്മനിയിലും മറ്റും വാസമുറപ്പിച്ച ആര്യന്മാർ എമ്മൊവർ ഇന്തോ യൂറോപ്യൻ വർഗ്ഗത്തിലും പെടുന്നു. വെളുത്ത നിറം, നീണ്ട മൂക്ക്‌, ചെറിയ ചുണ്ടുകൾ, എന്നിവയായിരുന്നു പ്രത്യേകതകൾ. ഇതിൽ നോർഡിക്‌, ആൽപൈൻ വംശജർക്ക്‌ നിറം കൂടുതലും മുടി സ്വർണ്ണ, താമ്ര നിറത്തിലും ആയിരുന്നു. ഈ വർഗ്ഗങ്ങൾ തമ്മിൽ പരസ്പരം കൂടിക്കലർന്നിരുന്നു.

പ്രധാനപ്പെട്ട ഈ മൂന്നു വർഗ്ഗങ്ങളും പരസ്പരം കലർന്നിട്ടുള്ളതിനാൽ പല ഉപവർഗ്ഗങ്ങളും പലഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്‌. വെള്ളക്കാരും നീഗ്രോകളും ചേർന്ന ഓസ്ട്രേലിയൻ വർഗ്ഗവും, ആഫ്രോ അമേരിക്കൻ വർഗ്ഗവും, മംഗോളിയരും നീഗ്രോകളും ചേർന്ന ബുഷ്‌മെൻ ഹോട്ടൻടോട്ട്‌ വർഗ്ഗം കോക്കേഷ്യൻ വർഗ്ഗവും നീഗ്രോ വർഗ്ഗവും ചേർന്ന ദ്രാവിഡർ എന്ന വർഗ്ഗവും, നീഗ്രോകളും മംഗോളിയനും കോക്കേഷ്യനും ചേർന്ന ഇന്തോനേഷ്യന്മാർ, മലയ വർഗ്ഗം, പോളിനേഷ്യന്മാർ തുടങ്ങിയവ ഇതിൽ പ്രാധാന്യമർഹിക്കുന്നു.

മറ്റ് മനുഷ്യവംശങ്ങൾ ആസ്ട്രലോയിടുകൾ,ആസ്ടെക് തുടങ്ങിയവയും ഉപവിഭാഗങ്ങളായ എസ്കിമോകൾ,ബട്ടാക്ക,ഭീലർ

യൂഫ്രട്ടീസ്‌ ടൈഗ്രീസ്‌ നദികൾ- ഇതിന്റെ തീരത്താണ്‌ സുമേറിയൻ സംസ്കാരം ഉടലെടുത്തത്‌

മനുഷ്യനു മാത്രം അവകാശപ്പെട്ട ഒരു പ്രത്യേകതയാണ്‌ ഭാഷ. ഇന്ന് കാണുന്ന ഭാഷാവംശങ്ങളെല്ലാം മനുഷ്യനെപ്പോലെ ഒരിടത്തിൽ നിന്ന് ഉത്ഭവിച്ചതല്ല. എന്നാൽ ഒരേവംശത്തിൽ പെട്ട വിവിധ ഭാഷകൾ ഒരേ മൂല ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാവാം എന്ന് ഭാഷാശാസ്ത്രജ്ഞർ കരുതുന്നു. അത്തരത്തിലുള്ള എട്ടു ഭാഷകൾ ഉണ്ട്‌ എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്‌.

നാഗരികതകളുടെ ആവിർഭാവം

[തിരുത്തുക]

ഭക്ഷണയോഗ്യമായ ഫലങ്ങൾ തരുന്ന സസ്യങ്ങൾ ഭൂമിയിൽ വിത്തിട്ട് നനച്ചുവളർത്തി ഫലശേഖരണം നടത്താനാകുന്ന വിദ്യ - കൃഷി - കണ്ടുപിടിക്കപ്പെട്ടതോടെ മനുഷ്യർക്ക് ഒരിടത്തു തന്നെ, തങ്ങളുടെ കൃഷിസ്ഥലങ്ങൾക്കടുത്ത്, ഒരു വിളവെടുപ്പുകാലത്തേക്കെങ്ങിലൂം കഴിച്ചുകൂട്ടേണ്ടതായി വന്നു. കൃഷി കൂടുതൽ ഉത്പാദനക്ഷമമായതോടെ കൂടുതൽ കാലത്തേക്ക് അവിടെത്തന്നെ തങ്ങാനും അവർ നിർബന്ധിതരായി. തുടർന്ന് ഇവിടങ്ങളിൽ ജനസംഖ്യ പെരുകാനും തുടങ്ങി. കൊള്ളക്കൊടുക്കകൾക്കായി പുതിയ ചിട്ടകളും നിയന്ത്രണങ്ങളും സാമൂഹ്യമായ ആവശ്യങ്ങൾക്കായി സർവസമ്മതമായി രൂപപ്പെട്ടുവന്ന ആചാരമര്യാദകളും മാനസോല്ലാസത്തിനായി കലാരൂപങ്ങളും ഈ പുതിയ ആവാസവ്യവസ്ഥകളിൽ ആവശ്യമായി വന്നു. ഇവ കൂടുതൽക്കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ പാകത്തിൽ സമഗ്രങ്ങളായി മാറിയതോടെ സംഘടിതങ്ങളായ നാഗരികതകൾ രൂപം കൊള്ളാൻ തുടങ്ങി.

നാഗരികതകളുടെ വളർച്ച

[തിരുത്തുക]

ചൈനീസ് സംസ്കാരം

ഭൂമിയിൽ നാഗരികത ആദ്യമായി പ്രത്യക്ഷപ്പെട്ടത്‌ എവിടെയാണെന്ന് തീർച്ചപ്പെടുത്താൻ കഴിയില്ല. ഈജിപ്തിലാണ്‌ എന്നാണ്‌ ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നത്‌. എന്നാൽ മറ്റു ചിലർ യൂഫ്രട്ടിസ്‌-ടൈഗ്രിസ്‌ തീരങ്ങളിലാണ്‌ എന്ന് വിശ്വസിക്കുന്നു. പേഴ്സ്യൻ ഉൾക്കടലിന്റെ അടുത്തായുള്ള 'ഏലാം' എന്ന സ്ഥലത്താണ്‌ ലോകനാഗരികതയുടെ ഉറവിടം എന്നും വിശ്വസിക്കുന്നവരുമുണ്ട്‌ [7] [8] ഈ നാഗരികതയിൽ പെട്ടവർ പണ്ടുകാലത്ത്‌ ഇന്ത്യയിലെ ആന്ധ്രാപ്രദേശിൽ ചേക്കേറിയിരുന്നു എന്നും തെലുങ്ക്‌ ഭാഷക്ക്‌ ഇവരുമായി ബന്ധമുണ്ട്‌ എന്നും വിശ്വസിക്കുന്നവരുമുണ്ട്‌.[9].

ഏലാം സാമ്രാജ്യത്തിന്റെ അതിർത്തികൾ വെങ്കല യുഗ കാലത്തെ പേഴ്സ്യൻ ഉൾക്കടലിനെ ചിത്രീകരിച്ചിരിക്കുന്നു

വളക്കൂറുള്ള മണ്ണാണ്‌ കൃഷിക്ക്‌ അത്യാവശ്യം, അതിനുള്ള സാഹചര്യങ്ങൾ ഈ നദീ തീരങ്ങളിൽ വേണ്ടുവോളം ഉണ്ടായിരുന്നു. ടൈഗ്രിസ്‌-യൂഫ്രട്ടീസ്‌ നൈൽ നദികൾ ആണ്ടിലൊരിക്കൽ കര കവിഞ്ഞൊഴുകുകയും അത്‌ വളക്കൂറുള്ള മണ്ണിനെ തീരങ്ങളിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നു. ഈ നദികൾ (നൈൽ ഒഴിച്ച്‌) ഒന്നാന്തരം ഗതാഗതസൗകര്യമുള്ളതും മത്സ്യം, നീർക്കോഴി തുടങ്ങി ഭക്ഷ്യ വിഭവങ്ങൾ നിറഞ്ഞവയുമായിരുന്നു. ഈ രാജ്യങ്ങളിൽ മഴ കുറവായിരുന്നതും നദിയിൽ ജലം വേനൽക്കാലത്ത്‌ കുറവായിരുന്നതും ജലസംഭരണത്തിനുള്ള വഴികൾ അയ്യായിരം വർഷങ്ങൾക്കു മുന്നേ തന്നെ അന്വേഷിക്കാൻ അവിടത്തെ ജനങ്ങളെ പ്രേരിപ്പിച്ചു. ജലസേചനത്തിനാവശ്യമായ അണക്കെട്ടുകളും തോടുകളും അവർ അന്നേ തന്നെ നിർമ്മിക്കാൻ ആവശ്യമായ നിർമ്മാണ വൈദഗ്ദ്ധ്യം നേടിയിരുന്നു. ചുറ്റും മരുഭൂമിയായിരുന്നത്‌ ജനങ്ങളെ മറ്റു സ്ഥലത്തേക്ക്‌ പായിക്കാതെ നഗര വികസനം നടത്തുന്നതിന്‌ സഹായിച്ചു.

ഇതേ കാലാവസ്ഥ തന്നെയാണ്‌ സിന്ധു നദീതട സംസ്കാരത്തിന്റെ കാര്യത്തിലും സംഭവിച്ചത്‌. ലോകത്തിലെ ആദിമ സംസ്കാരങ്ങളിൽ ഈ സംസ്കാരത്തിനും ഉന്നതമായ സ്ഥാനമുണ്ട്‌. ഇതേ പോലെ തന്നെയാണ്‌ ചൈനയിലെ മഞ്ഞ നദി എന്നറിയപ്പെടുന്ന ഹ്വയാങ്ൻഘോയുടെ തീരത്തിലും സംസ്കാരം ഉടലെടുത്തത്‌.

ഈജിപ്ഷ്യൻ നാഗരികത

[തിരുത്തുക]
നൈൽ നദിയുടെ ഭൂപടം- ഇതിനു തീരത്തിലാണ്‌ ഈജിപ്ഷ്യൻ സംസ്കാരം വികസിച്ചത്‌

ഈജിപ്തിനെ നൈൽ നദിയുടെ പുത്രി എന്ന് വിളിക്കാറുണ്ട്‌. ഈജിപ്തിലെ വളക്കൂറുള്ള കറുത്ത എക്കൽ മണ്ണ‌് ഈ അമ്മയുടെ സംഭാവനയാണ്‌. ഈജിപ്തിന്റെ ഫലഭൂയിഷ്ഠതയിൽ ആകൃഷ്ടരായിട്ടായിരിക്കണം നവീന ശിലായുഗത്തിലെ ജനങ്ങൾ ഇങ്ങോട്ട്‌ കുടിയേറിപ്പാർത്തത്‌. വടക്കു പടിഞ്ഞാറു നിന്നു ലിബിയരും വടക്കു കിഴക്കു നിന്നും സെമറ്റിക്‌ വർഗ്ഗക്കാരും തെക്കു നിന്ന് നീഗ്രോകളും ചേർന്ന് കൂടിക്കലർന്നാണ്‌ ഈജിപ്ഷ്യൻ ജനങ്ങൾ ഉണ്ടായത്‌ എന്ന് കരുതുന്നു. പ്രകൃതി ഈജിപ്തിന്‌ നല്ല ഒരു അതിർത്തി കവചം സൃഷ്ടിച്ചിരുന്നതിനാൽ വിദേശീയ ആക്രമണങ്ങൾ ആദ്യകാലത്ത്‌ ഒട്ടും ഇല്ലായിരുന്നു. ഈജിപ്തിലെ സമശീതോഷ്ണ കാലാവസ്ഥ എന്തുകൊണ്ടും ജനവാസത്തിന് അനുകൂലമായതാണ് . അത് ഒരു കാലത്തും അസുഖകരമായി അനുഭവപ്പെടാറില്ല.

ക്രി.മു. 3090 നോടടുത്ത്‌ ദക്ഷിണ ഭാഗത്തുള്ള ഈജിപ്തും വടക്കുള്ള ഈജിപ്റ്റും ഒറ്റ രാജാവിനു കീഴിൽ വന്നു. അതിനു മുൻപുള്ള ഈജിപ്ത്‌ ഗണതന്ത്രരാഷ്ട്ര തുല്യമായിരുന്നിരിക്കണം. ഇക്കാലത്തെപ്പറ്റി മതിയായ രേഖകൾ ഒന്നുമില്ലാത്തതിനാൽ അനുമാനങ്ങൾ മാത്രമാണ്‌ കൂടുതലും. ഫറോ(Pharaoh) എന്നായിരുന്നു രാജാവിന്റെ പേർ കൊട്ടാരത്തിൽ താമസിക്കുന്നയാൾ എന്നാണ് പദത്തിന്റെ അർത്ഥം. ഫറോ യുഗത്തിൽ തുടർച്ചയായി മുപ്പത്തി ഒന്ന് രാജാക്കന്മാർ ഭരിച്ചു. ഈ കാലങ്ങളെ പൂർവ്വകാലരാജ്യം, മധ്യകാലരാജ്യം , നവീനകാലരാജ്യം എന്നിങ്ങനെ മൂന്നായി ഗണിക്കാറുണ്ട്. ക്രി.വ. 2790 നും 2280നും ഇടക്കാണ്‌ ഈജിപ്തിൽ പൂർവ്വകാലം നിലനിന്നത്‌. ഇക്കാലത്ത്‌ പൊതുവെ പ്രതാപവും ശക്തിയും ഉച്ചകോടിയിലായിരുന്നു. എന്നാൽ 2280 ഓടെ ഈ രാജ്യം ക്ഷയിച്ചു. പിന്നീട്‌ കുറേക്കാലം അരാജകത്വവും.

മനുഷ്യ സ്വഭാവം

[തിരുത്തുക]

മനുഷ്യ സ്വാഭാവത്തെ പറ്റി പല മനശാസ്ത്രജൻമാർക്കും പല രീതിയിലുള്ള അഭിപ്രായം ആണ് ഉള്ളത്. ഒരോ വ്യക്തി വ്യത്യാസമനുസരിച്ച് സ്വഭാവവും വ്യത്യാസമായിരിക്കും

അവലംബം

[തിരുത്തുക]
  1. http://www.sathyasai.org/refs/vahiniglossary/lentries.htm
  2. "കൺസൈസ് ബ്രിട്ടാണിക്കയിൽ മനുവിനെക്കുറിച്ച് ശേഖരിച്ചത് 2007 ഏപ്രിൽ22". Archived from the original on 2006-11-28. Retrieved 2007-04-22.
  3. ടി., മുഹമ്മദ് (2001). ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ. കോഴിക്കോട്: ഇസ്ലാമിക് പബ്ലിഷിങ്ങ് ഹൗസ്. ISBN 81-7204-744-4. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. പി.ഏസ്., വേലായുധൻ. (1985). ലോകചരിത്രം-ഒന്നാം ഭാഗം, പത്താം പതിപ്പ്. തിരുവനന്തപുരം, കേരള .: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,. {{cite book}}: Cite has empty unknown parameter: |coauthors= (help)CS1 maint: extra punctuation (link)
  5. എച്ച്.ജി., വെൽസ് (1999) [1943]. ലോകചരിത്ര സംഗ്രഹം. സി. അച്യുതമേനോൻ (1st ed.). തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹൗസ്. {{cite book}}: Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |chapterurl=, |origdate=, and |coauthors= (help); Unknown parameter |month= ignored (help)
  6. "Homo neanderthalensis" (in ഇംഗ്ലീഷ്). സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ. 2000. Archived from the original on 2007-09-11. Retrieved 2007-04-22.
  7. "എൻസൈക്ലോപീഡിയ. ജ്രാങ്ക്‌.ഓർഗ്‌ ശേഖരിച്ചത്‌ 2007 ഏപ്രിൽ 19". Archived from the original on 2007-04-18. Retrieved 2007-04-20.
  8. ഫാക്ട്‌ മോൺസ്റ്റർ.കോം ശേഖരിച്ചത്‌ 2007 ഏപ്രിൽ 19
  9. പണ്ഡിതന്മാർ ഇതു ശ്രദ്ധിക്കൂ. മെസൊപൊട്ടേമിയൻ കണ്ണി എന്ന ലേഖനം. ശേഖരിച്ചത്‌ 2007 ഏപ്രിൽ 19

കുറിപ്പുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മനുഷ്യൻ&oldid=4009112" എന്ന താളിൽനിന്ന് ശേഖരിച്ചത്