പീറ്റർ ഡാമിയൻ
വിശുദ്ധ പീറ്റർ ഡാമിയൻ | |
---|---|
മെത്രാൻ, കർദ്ദിനാൾ, വേദപാരംഗതൻ | |
ജനനം | 1007 റവന്ന, ഇറ്റലി |
മരണം | ഫയെൻറ്സാ, ഇറ്റലി | ഫെബ്രുവരി 21, 1072
വണങ്ങുന്നത് | കത്തോലിക്കാസഭയിൽ |
ഓർമ്മത്തിരുന്നാൾ | ഫെബ്രുവരി 21 |
പ്രതീകം/ചിഹ്നം | represented as a cardinal bearing a knotted rope in his hand; also as apilgrim holding a papal Bull; Cardinal's hat, Benedictine monk's habit |
ഇറ്റാലിയൻ വൈദികനായിരുന്നു പീറ്റർ ഡാമിയൻ. കർദ്ദിനാൾ പദവിയും വേദപാരംഗതസ്ഥാനവും (ഡോക്ടർ ഒഫ് ദ് ചർച്ച്) ലഭിച്ചിട്ടുണ്ട്. 1007ൽ റവന്നയിൽ ഡാമിയൻ ജനിച്ചു. വൈദികനാകുന്നതിനു മുമ്പ് റവന്നയിൽ അധ്യാപകവൃത്തിയിൽ ഏർപ്പെട്ടിരുന്നു. ഇദ്ദേഹം 1035ൽ ഫോൺടെ അവല്ലാനയിലെ പ്രസിദ്ധമായ സന്യാസിമഠത്തിൽ ചേർന്നു. ആശ്രമത്തിന്റെതലവനായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ആശ്രമവാസികൾക്കായി ബെനഡിക്റ്റ് വിശുദ്ധന്റെയും റൊമൗൾഡ് വിശുദ്ധന്റെയും മാതൃകയിൽ നിയമനിർമ്മാണം നടത്തി.
മെത്രാപ്പോലീത്ത
[തിരുത്തുക]വൈദിക സമൂഹം ഉയർന്ന സദാചാരമൂല്യങ്ങൾ പുലർത്തണമെന്ന പക്ഷക്കാരനായിരുന്നു ഡാമിയൻ. ഗ്രിഗറി ആറാമൻ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വൈദികസമൂഹത്തെ ശുദ്ധീകരിക്കാൻ ഡാമിയൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 1049ൽ പാപികളായ വൈദികരെ തള്ളിപ്പറഞ്ഞു കൊണ്ട് ലിബർ ഗൊമാർഗി അനസ് എന്ന ഗ്രന്ഥം ഡാമിയൻ രചിച്ചു. 1057ൽ സ്റ്റീഫൻ പത്താമൻ മാർപ്പാപ്പ വൈദിക സമൂഹത്തിലെ എല്ലാ അനാചാരങ്ങളും അവസാനിപ്പിക്കും എന്നു പ്രഖ്യാപിച്ചു. ഇതേ വർഷം ഓസ്ട്രിയയിയലെ കർദ്ദിനാളായി ഡാമിയൻ നിയമിതനായി.[1]
മാർപ്പാപ്പയുടെ പ്രതിപുരുഷൻ
[തിരുത്തുക]ഡാമിയൻ പലപ്പോഴും മാർപ്പാപ്പയുടെ പ്രതിപുരുഷനായി പ്രവർത്തിച്ചിട്ടുണ്ട്. 1059ൽ നിക്കൊളസ് രണ്ടാമൻ ഡാമിയനെ മിലാനിലേക്കയച്ചു. അവിടെ വൈദികർക്കിടയിൽ നിലവിലിരുന്ന അനാചാരങ്ങൾ അവസാനിപ്പിക്കുക എന്നതായിരുന്നു ഡാമിയന്റെ കർത്തവ്യം. 1063ൽ അലക്സാണ്ടർ രണ്ടാമൻ ഡാമിയനെ ഫ്രാൻസിലേക്കയച്ചു. ക്ലൂന്നിയിലെ സന്യാസിമഠത്തിന്റെ അധിപനായ ഹ്യുഗും മേകണിലെ ബിഷപ്പായ ഡ്രൊഗൊയും തമ്മിലുള്ള തർക്കം ഒത്തുതീർപ്പാക്കുകയായിരുന്നു ഡാമിയനിൽ നിക്ഷിപ്തമായിരുന്ന ഉത്തരവാദിത്തം. ഡാമിയൻ വിജയം കൈവരിക്കുകയും ചെയ്തു. ഇതിൽ സന്തുഷ്ടരായ സന്യാസിമാർ ഡാമിയനു നിരവധി സമ്മാനങ്ങൾ നൽകാൻ തയ്യാറായെങ്കിലും ഡാമിയൻ അവരെ വിലക്കുകയാണുണ്ടായത്. താത്ക്കാലിക പാരിതോഷികങ്ങൾ സ്വീകരിക്കുന്നത് ശാശ്വതമായവ ലഭിക്കുന്നതിനു തടസ്സമാകും എന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശ്വാസം. ഡാമിയന്റെ അവസാന ദൗത്യം റവന്നയിലായിരുന്നു. അവിടെ നിന്നുള്ള മടക്കയാത്രയിൽ 1072 ഫെബ്രുവരി 23ന് ഫയെൻറ്സായിൽ വച്ചു ഇദ്ദേഹം നിര്യാതനായി.
വേദപാരംഗതൻ
[തിരുത്തുക]ദൈവശാസ്ത്രം സംബന്ധിച്ച് നിരവധി കൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1828ൽ ലിയോ പന്ത്രണ്ടാമൻ മാർപാപ്പ ഡാമിയനെ വേദപാരംഗതൻ (ഡോക്ടർ ഒഫ് ദ് ചർച്ച്) ആയി പ്രഖ്യാപിച്ചു. റോമൻ കത്തോലിക്ക സഭ ഫെബ്രുവരി 23 ഡാമിയന്റെ ഓർമദിനമായി ആചരിക്കുന്നു.
അവലംബങ്ങൾ
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://plato.stanford.edu/entries/peter-damian/
- http://www.newadvent.org/cathen/11764a.htm
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡാമിയൻ, പീറ്റർ (1007-72) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |