Jump to content

പഞ്ചായത്തി രാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് ഉത്ഭവിച്ച ഒരു രാഷ്ട്രീയ വ്യവസ്ഥയാണ് പഞ്ചായത്ത് രാജ് അല്ലെങ്കിൽ പഞ്ചായത്തി രാജ് എന്ന് അറിയപ്പെടുന്നത്. ഇത് പ്രധാനമായും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങളായ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ഇന്ത്യയെക്കൂടാതെ പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ഈ പേര് തന്നെ ഉപയോഗത്തിലുണ്ട്.[1] ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രാദേശിക ഭരണകൂടത്തിന്റെ ഏറ്റവും പഴക്കം ചെന്ന സംവിധാനമാണിത്. ഈ വ്യവസ്ഥയെക്കുറിച്ചുള്ള ചരിത്രപരമായ പരാമർശങ്ങൾ ക്രി. വ. 250 മുതൽ കാണാൻ കഴിയും.

ആധുനിക ഇന്ത്യയുടെ പഞ്ചായത്തി രാജും അതിന്റെ ഗ്രാമപഞ്ചായത്തുകളും അടങ്ങുന്ന ജനാധിപത്യ ഭരണവ്യവസ്ഥയെ പഴയ വ്യവസ്ഥയുമായും അതുപോലെ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ കാണപ്പെടുന്ന ഭരണഘടനാവിരുദ്ധമായ ഖാപ് പഞ്ചായത്തുകളുമായും തെറ്റിദ്ധരിക്കരുത്.[2]

1992 ഡിസംബറിൽ പാർലമെൻറ് പാസ്സാക്കിയ 73-ആം ഭരണഘടന ഭേദഗതി നിയമം, 74-ആം ഭരണഘടന ഭേദഗതി നിയമം എന്നിവയാണ് പുതിയ പഞ്ചായത്തി രാജ് സംവിധാനത്തിന് അടിസ്ഥാനമായത്. 1993 ഏപ്രിൽ, ജൂൺ മാസങ്ങളിലായി രണ്ടു നിയമവും പ്രാബല്യത്തിൽ വന്നു.[3]

പദോൽപ്പത്തി

[തിരുത്തുക]

അഞ്ച് എന്നർത്ഥം വരുന്ന പഞ്ച, സമ്മേളനം എന്നർത്ഥം വരുന്ന ആയത്ത് എന്നീ വാക്കുകൾ ചേർന്നാണ് "പഞ്ചായത്ത്" എന്ന വാക്ക് ഉണ്ടാകുന്നത്.[1] "രാജ്" എന്നാൽ ഭരണം എന്നാണ് അർത്ഥം.[1]

ചരിത്രം

[തിരുത്തുക]

ഋഗ്വേദ കാലഘട്ടത്തിൽ (ബിസി 1700) തന്നെ 'സഭകൾ' എന്നറിയപ്പെടുന്ന സ്വയംഭരണ ഗ്രാമ സംഘടനകൾ നിലവിലുണ്ടായിരുന്നു എന്നതിന് തെളിവുകൾ ഉണ്ട്. വേദകാലം മുതൽ ഗ്രാമങ്ങൾ പ്രാദേശിക സ്വയംഭരണത്തിനുള്ള അടിസ്ഥാന ഘടകമായി കണക്കാക്കപ്പെട്ടിരുന്നു.[4] കാലം മാറിയതോടെ ഇവ പഞ്ചായത്തുകളായി (അഞ്ച് പേരുടെ കൗൺസിൽ) രൂപാന്തരം പ്രാപിച്ചു. മിക്കവാറും എല്ലാ ഗ്രാമങ്ങളിലും ഏറ്റവും അടിത്തട്ടിലുള്ള ഭരണ സ്ഥാപനങ്ങളായിരുന്നു പഞ്ചായത്ത്. എക്സിക്യൂട്ടീവ്, ജുഡീഷ്യൽ എന്നീ രണ്ട് അധികാരങ്ങളും ഗ്രാമപഞ്ചായത്ത് അല്ലെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലിന് ഉണ്ടായിരുന്നു. ഈ പഞ്ചായത്ത് ഭൂമി വിതരണം ചെയ്യുകയും നികുതി പിരിച്ചെടുക്കുകയും ഗ്രാമത്തിന് വേണ്ടി സർക്കാരിൻറെ വിഹിതം നൽകുകയും ചെയ്തിതിരുന്നു. ഈ ഗ്രാമീണ കൗൺസിലുകൾക്ക് മുകളിൽ ആവശ്യമെങ്കിൽ മേൽനോട്ടം വഹിക്കാനും ഇടപെടാനും ഒരു വലിയ പഞ്ചായത്ത് അല്ലെങ്കിൽ കൗൺസിൽ ഉണ്ടായിരുന്നു.[5] മധ്യകാലഘട്ടത്തിൽ മുഗൾ ഭരണത്തിൻ കീഴിലുള്ള ജാതിയതയും ഫ്യൂഡലിസ്റ്റിക് ഭരണസംവിധാനവും ഗ്രാമങ്ങളിലെ സ്വയംഭരണത്തെ സാവധാനം ഇല്ലാതാക്കി. ഭരണാധികാരികൾക്കും ജനങ്ങൾക്കുമിടയിലും ഫ്യൂഡൽ മേധാവികളും റവന്യൂ കളക്ടർമാരും (സമീന്ദാർ) ഉൾപ്പെടുന്ന ഒരു പുതിയ വിഭാഗം ഉയർന്നുവന്നു. അങ്ങനെ പതിയെ ഗ്രാമങ്ങളിൽ സ്വയംഭരണത്തിന്റെ തകർച്ച തുടങ്ങി.

ഇന്ത്യയുടെ രാഷ്ട്രീയ വ്യവസ്ഥയുടെ അടിത്തറയായി മഹാത്മാഗാന്ധി കണ്ടിരുന്ന പഞ്ചായത്തിരാജ്, ഓരോ ഗ്രാമവും സ്വയംപര്യാപ്തത നേടുന്ന തരത്തിലുള്ള വികേന്ദ്രീകൃതമായ ഒരു ഭരണകൂടമാണ്.[6][7] അത്തരമൊരു കാഴ്ചപ്പാടിന് അദ്ദേഹം നൽകിയ പേര് ഗ്രാമ സ്വരാജ് എന്നായിരുന്നു. പക്ഷെ, ഗാന്ധിജിയുടെ ആ കാഴ്ചപ്പാടിന് പകരം വളരെ കേന്ദ്രീകൃതമായ ഒരു ഭരണസംഹിതയാണ് ഇന്ത്യയിൽ നിലവിൽ വന്നത്.[8] എന്നിരുന്നാലും, തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളെ ശാക്തീകരിച്ച്, പ്രാദേശിക തലത്തിലേക്ക് നിരവധി ഭരണനിർവ്വഹണ പ്രക്രിയകൾ എത്തിച്ചു കൊണ്ട് ഇത് പരിഷ്കരിക്കപ്പെട്ടു. എന്നാൽ തന്നെയും ഗാന്ധി വിഭാവനം ചെയ്ത പരമ്പരാഗത പഞ്ചായത്തി രാജ് സമ്പ്രദായവും 1992 ൽ ഇന്ത്യയിൽ നിലവിൽ വന്ന പഞ്ചായത്തി രാജ് സംവിധാനവും തമ്മിൽ കാര്യമായ വ്യത്യാസങ്ങളുണ്ട്.[9]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "What is a Panchayat". Archived from the original on 2020-04-14. Retrieved 2020-12-20.
  2. Mullick, Rohit; Raaj, Neelam (9 September 2007). "Panchayats turn into kangaroo courts". The Times of India.
  3. [https://www.pbrdp.gov.in/documents/6205745/98348119/Panchayati%20Raj%20System%20in%20Independent%20India.pdf/ DEPARTMENT OF RURAL DEVELOPMENT AND PANCHAYATS ] Panchayati Raj System in Independent India
  4. Panchayati Raj: The Grassroots Dynamics in Arunachal Pradesh, p. 13, APH Publishing, 2008, Pratap Chandra Swain
  5. Jawaharlal Nehru, (1964), The Discovery of India, Signet Press, Calcutta, p.288
  6. Sisodia, R. S. (1971). "Gandhiji's Vision of Panchayati Raj". Panchayat Aur Insan. 3 (2): 9–10.
  7. Sharma, Manohar Lal (1987). Gandhi and Democratic Decentralization in India. New Delhi: Deep and Deep Publications. OCLC 17678104. Hathi Trust copy, search only
  8. Hardgrave, Robert L. & Kochanek, Stanley A. (2008). India: Government and Politics in a Developing Nation (seventh ed.). Boston, Massachusetts: Thomson/Wadsworth. p. 157. ISBN 978-0-495-00749-4.
  9. Singh, Vijandra (2003). "Chapter 5: Panchayate Raj and Gandhi". Panchayati Raj and Village Development: Volume 3, Perspectives on Panchayati Raj Administration. Studies in public administration. New Delhi: Sarup & Sons. pp. 84–90. ISBN 978-81-7625-392-5.