Jump to content

തെർമൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തെർമൈറ്റ് മിക്സർ

ലോഹങ്ങൾ വിളക്കി ചേർക്കുന്നതിന് ഉപയോഗിക്കുന്ന ഒരു രാസമിശ്രിതമാണ് തെർമൈറ്റ്. അയൺഓക്സൈഡും (Fe3O4) നേർമയായി പൊടിച്ച അലൂമിനിയവും (Al) 3:1 എന്ന അനുപാതത്തിൽ അടങ്ങിയിട്ടുള്ള മിശ്രിതത്തിന്റെ വ്യാവസായിക നാമമാണ് തെർമൈറ്റ്. തെർമൈറ്റ് ഉപയോഗിച്ച് ലോഹങ്ങൾ വിളക്കുന്ന പ്രക്രിയ തെർമൈറ്റ് വെൽഡനം എന്നാണറിയപ്പെടുന്നത്. വെൽഡനത്തിനാവശ്യമുള്ള ദ്രവ ലോഹത്തിനും ഉയർന്ന താപത്തിനും രാസപ്രക്രിയയെ ആശ്രയിക്കുന്ന ഒരേയൊരു വെൽഡന പ്രക്രിയയാണിത്. മറ്റ് വെൽഡന പ്രക്രിയകളൊന്നുംതന്നെ ഫലപ്രദമാകാത്ത അവസരങ്ങളിൽ - വലിയ ലോഹപാളികൾ വിളക്കാൻ - തെർമൈറ്റ് വെൽഡനം ഉപയോഗപ്രദമാകാറുണ്ട്. യന്ത്രങ്ങളുടെ കേന്ദ്രചക്രങ്ങൾ, ലോഹ ചട്ടകൾ, പൈപ്പുകൾ തുടങ്ങിയവയുടെ വെൽഡനത്തിനും റെയിൽപ്പാളങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിനും കപ്പൽനിർമ്മാണ ഉരുക്കു മില്ലുകളിലും ഉള്ള നിർമ്മാണ പ്രവർത്തനത്തിനും തെർമൈറ്റ് പ്രക്രിയയാണ് ഉപയോഗിച്ചുവരുന്നത്.

വിളക്കുന്ന വിധം

[തിരുത്തുക]
തെർമൈറ്റ് വെൽഡിങ്

തെർമൈറ്റ് 1540°C ചൂടാക്കുമ്പോൾ മിശ്രിതത്തിലെ അലൂമിനിയം അയൺഓക്സൈഡിനെ വിജാരണം ചെയ്ത് ദ്രവാവസ്ഥയിലുള്ള ഇരുമ്പ് അഥവാ ഉരുക്ക് അലോയ് ഉണ്ടാക്കുന്നു. (8 Al + 3 Fe3O4 → 9 Fe + 4Al2O3). വളരെയധികം താപം ബഹിർഗമിപ്പിക്കുന്ന ഒരു പ്രക്രിയയാണിത്. പ്രക്രിയ ആരംഭിച്ച് സു. 30 സെക്കൻഡിനുള്ളിൽത്തന്നെ 2760°C വരെ താപം ഉയരുന്നു. വിളക്കേണ്ട ഭാഗങ്ങൾ വൃത്തിയാക്കി യഥാസ്ഥാനങ്ങളിൽ ചേർത്തുവച്ചശേഷം ഒരു മോൾഡിനുള്ളിൽ വയ്ക്കുന്നു. ഉച്ചതാപസഹ (refractory) പദാർഥം കൊണ്ടുണ്ടാക്കിയ പാത്രത്തിനുള്ളിലാണ് തെർമൈറ്റ് സൂക്ഷിക്കുന്നത്. ഇതിലേക്ക് മാങ്ഗനീസ്, നിക്കൽ എന്നീ ലോഹങ്ങൾ കൂടി ചേർത്തശേഷമാണ് ചൂടാക്കുന്നത്. ഈ ലോഹങ്ങൾ അലോയിയുടെ രൂപീകരണത്തെ ത്വരിപ്പിക്കുന്നു. വളരെ വേഗം തീപിടിക്കുന്ന ഒരു പദാർഥം (ഫ്യൂസ്) ഉപയോഗിച്ചാണ് വെൽഡന മിശ്രിതം ചൂടാക്കുന്നത്. ചൂടാക്കിയ ഉടനെതന്നെ തെർമൈറ്റ് മിശ്രിതം ഉരുകുന്നു. ഈ ഉരുകിയ മിശ്രിതം നേരത്തെ ചൂടാക്കിവച്ചിരിക്കുന്ന മോൾഡിലേക്ക് ഒഴിക്കുന്നതോടെ വിളക്കിച്ചേർക്കേണ്ട ഭാഗങ്ങൾ തമ്മിൽ ചേരുകയും നിമിഷത്തിനുള്ളിൽ വെൽഡന പ്രക്രിയ പൂർത്തിയാവുകയും ചെയ്യുന്നു. ഇപ്രകാരം ഉണ്ടാക്കുന്ന വെൽഡുകൾ ഉറപ്പേറിയതും ഉരുക്കിനുള്ളത്ര ബലവും കാഠിന്യവും ഉള്ളതുമായിരിക്കും.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തെർമൈറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തെർമൈറ്റ്&oldid=4005429" എന്ന താളിൽനിന്ന് ശേഖരിച്ചത്