Jump to content

തൃണമൂൽ കോൺഗ്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സ്
সর্বভারতীয় তৃণমূল কংগ্রেস
നേതാവ്മമത ബാനർജി
സെക്രട്ടറിDinesh Trivedi
ലോക്സഭാ നേതാവ്Mamata Banerjee
രാജ്യസഭാ നേതാവ്Sapan Sadhan Bose
രൂപീകരിക്കപ്പെട്ടത്23 December,1997
മുഖ്യകാര്യാലയം30B, Harish Chatterjee Street, Kolkata – 700026
വിദ്യാർത്ഥി സംഘടനAll India Trinamool Student Congress
യുവജന സംഘടനAll India Trinamool Youth Congress
വനിത സംഘടനAll India Trinamool Mahila Congress
തൊഴിലാളി വിഭാഗംIndian National Trinamool Trade Union Congress[1]
കർഷക സംഘടനAll India Trinamool Kisan Congress
ECI പദവിState Party[2]
സഖ്യംഇല്ല
ലോക്സഭയിലെ സീറ്റുകൾ19
രാജ്യസഭയിലെ സീറ്റുകൾ9
തിരഞ്ഞെടുപ്പ് ചിഹ്നം
AITC party symbol
വെബ്സൈറ്റ്
All India Trinamool Congress


പശ്ചിമ ബംഗാളിൽ 1997-ൽ നിലവിൽവന്ന രാഷ്ട്രീയപ്പാർട്ടി ആണ് ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പശ്ചിമബംഗാൾ ഘടകത്തിൽ പിളർപ്പുണ്ടായി രൂപംകൊണ്ടതാണ് ഇത്. കോൺഗ്രസ്സിലെ നേതാവായിരുന്ന മമതാ ബാനർജി എന്ന വനിതയാണ് തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടി രൂപവത്ക്കരിക്കുന്നതിനു നേതൃത്വം നൽകിയത്. 'ഏറ്റവും താഴ്ന്ന തലത്തിലുള്ള സാധാരണക്കാരുടെ' എന്നാണ് തൃണമൂൽ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. പശ്ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസ് എന്നായിരുന്നു പാർട്ടിക്കു നൽകിയിരുന്ന ആദ്യ പേര്. പിന്നീട് ആൾ ഇന്ത്യാ തൃണമൂൽ കോൺഗ്രസ് എന്ന് പേരുമാറ്റി.

ചരിത്രം

[തിരുത്തുക]

1970-കളുടെ അവസാനകാലംതൊട്ട് പശ്ചിമ ബംഗാളിൽ തുടർച്ചയായി കോൺഗ്രസ് വിരുദ്ധ ഇടതുപക്ഷ സർക്കാരുകളാണ് അധികാരത്തിലേറിക്കൊണ്ടിരുന്നത്. 1996-ലെ പാർലമെൻറ് തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് ദേശീയതലത്തിൽ ദുർബലമായി. ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി.) ശക്തി പ്രാപിക്കുകയും ചെയ്തു. ഇതോടെ ബി.ജെ.പി. വിരുദ്ധ താത്പര്യത്താൽ ഇടതുപക്ഷത്തോട് മൃദുസമീപനം സ്വീകരിക്കുവാൻ കോൺഗ്രസ് തയ്യാറായി. കോൺഗ്രസ്സിൻറെ ഈ സമീപനംമൂലം പശ്ചിമ ബംഗാളിലെ കോൺഗ്രസ്സുകാരിൽ വിഭാഗീയതയുണ്ടായി. അവിടെ രണ്ട് വിഭാഗം ഉടലെടുത്തു. കോൺഗ്രസ്സിൻറെ അഖിലേന്ത്യാ രാഷ്ട്രീയ നിലപാടിനോട് ആഭിമുഖ്യം പുലർത്തുന്ന ഒരു വിഭാഗവും സംസ്ഥാനത്തു നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൻറെ പ്രത്യേകത മാത്രം കണക്കിലെടുത്ത് ഇടതുപക്ഷ വൈരം നിലനിർത്തുന്ന മറ്റൊരു വിഭാഗവുമായിരുന്നു അവ. രണ്ടാമത്തെ വിഭാഗം ബി.ജെ.പി.യോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചില്ല. പശ്ചിമ ബംഗാളിലെ ഒരു പ്രമുഖ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ളതായിരുന്നു രണ്ടാമത്തെ വിഭാഗം. ഈ വിഭാഗീയത സംസ്ഥാന കോൺഗ്രസ്സിൻറെ പിളർപ്പിലേക്കു നീങ്ങുകയും 1997-ൽ മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് എന്ന പുതിയ പാർട്ടി രൂപവത്കൃതമാവുകയും ചെയ്തു. ന്യൂനപക്ഷങ്ങളേയും സാധാരണക്കാരേയും പ്രതിനിധാനം ചെയ്യുന്നതാണ് ഈ പാർട്ടി എന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഇതിന്റെ രൂപവത്ക്കരണം.

തിരഞ്ഞെടുപ്പിൽ

[തിരുത്തുക]

1998-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയിരുന്നില്ലെങ്കിലും തെരഞ്ഞെടുപ്പു ധാരണ ഉണ്ടാക്കിയിരുന്നു. 1999-ൽ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

പശ്ചിമ ബംഗാളിൽ പ്രധാന പ്രതിപക്ഷ പാർട്ടിയായി ഇത് വളർന്നു. 2001-ലെ സംസ്ഥാന തെരഞ്ഞെടുപ്പു രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യം പ്രകടിപ്പിക്കുവാൻ ഈ പാർട്ടിക്കു കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയും തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയും തമ്മിലായിരുന്നു പ്രധാന മത്സരം. 2003-നു ശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ, പ്രത്യേകിച്ചും പഞ്ചായത്തു തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രധാന പ്രതിപക്ഷ പാർട്ടിയായി തിരിച്ചുവന്നു. തൃണമൂൽ കോൺഗ്രസ് ദുർബലമായിക്കൊണ്ടിരിക്കുകയും ചെയ്തു. പശ്ചിമ ബംഗാളിനു പുറത്ത് തൃണമൂൽ കോൺഗ്രസ്സിന് ഏറെ പ്രചാരം ലഭിച്ചില്ല.

2004-ലെ പാർലമെന്റ് തെരഞ്ഞെടുപ്പോടെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി.)യിൽ നിന്ന് പി.എ. സാങ്മയുടെ നേതൃത്വത്തിൽ പിളർന്നുമാറിയ വിഭാഗവും തൃണമൂൽ കോൺഗ്രസ്സും ചേർന്ന് നാഷണലിസ്റ്റ് തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടിയായി പ്രവർത്തിച്ചുവന്നു. 2009ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ തൃണമൂൽ കേൺഗ്രസ് 19 സിറ്റ് നേടി. 2011ൽ നടന്ന നിയാമസാഭ തെരഞ്ഞടുപ്പിൽ 182 സീറ്റ് നേടി ബംഗാളിൽ അധികാരത്തിൽ വന്നു. മമത ബാനർജി പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രിയാകുകയും ചെയ്തു. തൃണമൂൽ കേൺഗ്രസ് ഒരു ദേശീയ പാർട്ടിയാകുന്നതിന് വേണ്ടിയാണ് ഇന്ന് പ്രവർത്തിക്കുന്നത്. പാർട്ടിക്ക് ഇന്ന് മണിപ്പൂരിൽ 7 നിയമസഭാ അംഗങ്ങൾ ഉണ്ട്. ഉത്തർപ്രദേശ് നിയമസഭയിൽ 1 അംഗമുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "The Telegraph". Archived from the original on 2009-03-19. Retrieved 2009-04-24.
  2. "Election Commission of India". Archived from the original on 2009-03-19. Retrieved 2009-04-24.