ടെയ്നിയോഡോണ്ട
ടെയ്നിയോഡോണ്ട | |
---|---|
Fossil
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Infraclass: | |
Superorder: | |
Order: | |
Suborder: | Taeniodonta
|
Family: | Stylinodontidae
|
Genera | |
See "Taxonomy" |
കരജീവികളായ വിലുപ്തനാല്ക്കാലി സസ്തനികളുടെ ഗോത്രമാണ് ടെയ്നിയോഡോണ്ട. വ. അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നും ലഭ്യമായ സീനോസോയിക് നിക്ഷേപങ്ങളിൽ ഇവയുടെ ജീവാശ്മങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആദിമപാലിയോസീൻ യുഗത്തിൽ ജീവിച്ച സ്റ്റൈലിനോഡോൺറ്റീൻ (Stylinodontine), അന്ത്യ ഇയോസീൻ യുഗത്തിൽ ജീവിച്ച സ്റ്റൈലിനോഡോൺ (Stylinodon) എന്നീ ടെയ്നിയോഡോണ്ടകൾ പരിണാമപരമായി ആധുനിക തേവാങ്കുമായി അനുകൂലന അഭിസരണം പ്രകടമാക്കുന്നു. സ്റ്റൈലിനോഡോൺറ്റീനുകൾക്ക് പശുവിനോളം വലിപ്പമുണ്ടായിരുന്നു. കനംകൂടിയ ഉറച്ച കീഴ്ത്താടി, ഇരുതാടികളിലും വളർച്ച പ്രാപിച്ച കുറ്റിപോലുള്ള പല്ലുകൾ, വലിയ പരന്ന താടിയെല്ലുകൾ എന്നിവ ഇവയുടെ പ്രത്യേകതകളായിരുന്നു. ഇവയുടെ പല്ലുകളിൽ പാർശ്വപട്ടകളുടെ രൂപത്തിൽ മാത്രമാണ് ഇനാമൽ കാണപ്പെട്ടിരുന്നത്. നീണ്ടുവളഞ്ഞതും കുത്തിക്കീറാൻ പറ്റിയതുമായ നായപ്പല്ലുകൾക്ക് കരണ്ടുതീനികളുടെ ഉളിപ്പല്ലുകളോട് സാമ്യമുണ്ടായിരുന്നു.
ചുങ്ക്ചിയേനിയ (Chungchienia-ഇയോസീൻ യുഗം, ചൈന) ബസാലിന (Basalina-ഇയോസീൻയുഗം, പാകിസ്താൻ) എന്നിവയുടെ ഭാഗിക പരിരക്ഷണം ലഭിച്ച താടിയെല്ലുകൾ മാത്രമേ കണ്ടെത്തുവാൻ കഴിഞ്ഞിട്ടുള്ളു. ഇവ രണ്ടും മുഖ്യപരിണാമധാരയിൽനിന്നുള്ള അപഭ്രംശ രൂപങ്ങളാണെന്നു കരുതപ്പെടുന്നു.
ആദ്യകാല പാലിയോസീൻ കല്പത്തിൽ കാണപ്പെട്ടിരുന്ന ഒണൈക്കോഡെക്റ്റസ് (Onychodectes) മധ്യപാലിയോസീൻ കല്പത്തിൽ കണ്ടിരുന്ന കോണോറിക്റ്റെസ് (Conoryctes) എന്നിവയ്ക്ക് പൂച്ചയുടേതുമുതൽ ആടിന്റേതുവരെ വലിപ്പമുള്ളവയായിരുന്നു. ഇവ അസ്ഥിഘടനയിലും ദന്തവിന്യാസത്തിലും സവിശേഷവൽക്കരണം തീരെ കുറഞ്ഞ ജീവികളായിരുന്നു. കോണോറിക്റ്റെസുകൾക്കു വലിപ്പംകൂടിയ നായപ്പല്ലുകൾ ഉണ്ടായിരുന്നുവെങ്കിലും താടിയെല്ല് സവിശേഷവൽക്കരണമില്ലാത്തതും കവിൾപ്പല്ലുകൾ സരളഘടനയോടുകൂടിയതുമായിരുന്നു.
ടെയ്നിയോഡോണ്ടകൾ സസ്തനികളുടെ വികാസപരിണാമത്തിലെ ഒരു സുപ്രധാന ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നു. ക്രിട്ടേഷ്യസ് യുഗത്തിൽ ജീവിച്ചിരുന്ന മുഖ്യ സസ്തനിവംശമായ യൂത്തീരിയ ഉപവർഗത്തിൽനിന്നും പരിണമിച്ചു വേറിട്ടുപോയതാണ് ടെയ്നിയോഡോണ്ടകൾ എന്നു കരുതപ്പെടുന്നു.
അവലംബം
[തിരുത്തുക]അധിക വായനക്ക്
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടെയ്നിയോഡോണ്ട എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |