Jump to content

ഗുളികക്യാമറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Picture of a capsule
Endoscopic capsule end-on, showing six LEDs and camera lens.

പുറമെനിന്ന്‌ നിയന്ത്രിച്ച്‌ ശരീരത്തിനുള്ളിൽ പരിശോധന നടത്താനും രോഗബാധിതഭാഗങ്ങളുടെ ചിത്രങ്ങളെടുക്കാനും കഴിയുന്ന ഒരു നവീന വൈദ്യശാസ്ത്രസം‌വിധാനമാണ്‌ ഗുളിക ക്യാമറ (pill camera). ജർമനിയിൽ ഫ്രാൻഹോഫർ ഇൻസ്‌റ്റിട്ട്യൂട്ട്‌ ഫോർ ബയോമെഡിക്കൽ എൻജിനിയറിങിലെ ഫ്രാങ്ക്‌ വോൾകെയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഗുളികാക്യാമറ വികസിപ്പിച്ചത്‌.

കാന്തികക്ഷേത്രത്തിന്റെ സഹായത്തോടെ ആമാശയവും കുടലും ഉൾപ്പെടുന്ന ദഹനേന്ദ്രിയവ്യൂഹത്തിലൂടെ അനായാസം ചലിപ്പിക്കാനും ഏത്‌ ദിശയിലേക്ക്‌ വേണമെങ്കിലും തിരിക്കാനും സഹായിക്കുന്ന ഗുളികാക്യാമറ, ചികിത്സ കൂടുതൽ കൃത്യമാക്കാനും മെച്ചപ്പെടുത്താനും സഹായിക്കും.

ദഹനേന്ദ്രിയവ്യൂഹത്തിലെ പരിശോധന നിലവിൽ എൻഡോസ്‌കോപ്പി വഴിയാണ്‌ സാധ്യമാകുന്നത്‌. അസുഖകരമായ അനുഭവമാണ്‌ ഇത്തരം പരിശോധന. രോഗിയെ ഭാഗികമായി മയക്കേണ്ടി വരും; മണിക്കൂറുകളെടുക്കും മയക്കം മാറാൻ. എന്നാൽ, പുതിയ സംവിധാനം പരീക്ഷണാർത്ഥം ഉപയോഗിച്ചപ്പോൾ രോഗിക്ക്‌ കാര്യമായ പ്രശ്‌നങ്ങളോ അസൗകര്യങ്ങളോ ഉണ്ടായതായി കണ്ടില്ലെന്ന്‌ ഗവേഷകർ പറയുന്നു.

ഒരു മൾട്ടിവിറ്റാമിൻ ഗുളികയുടെ വലിപ്പമേയുള്ളു ക്യാമറയ്‌ക്ക്‌. ക്യാമറ, ട്രാൻസ്‌മിറ്റർ, ബാറ്ററി, ചിത്രങ്ങളെടുക്കുമ്പോൾ ഫ്‌ളാഷ്‌ തെളിയാനുള്ള ഡയോഡ്‌ എന്നിവ അടങ്ങിയതാണ്‌ ഗുളികാക്യാമറ. ദഹനവ്യൂഹത്തിലൂടെ ചലിക്കുമ്പോൾ, സെക്കൻഡിൽ നാലു ചിത്രങ്ങൾ വരെ പകർത്തി പുറത്തേക്ക്‌ അയയ്‌ക്കാൻ ഇതിന്‌ സാധിക്കും. രോഗിയുടെ ബെൽറ്റിൽ ഘടിപ്പിച്ചിട്ടുള്ള സ്വീകരണി (റിസീവർ) ചിത്രങ്ങൾ ശേഖരിച്ചു സൂക്ഷിക്കും.

ശരീരത്തിനുള്ളിലെ യഥാർത്ഥ സ്ഥിതി മനസ്സിലാക്കാനും, ട്യൂമറുകളും മറ്റും എത്ര വലുതായിട്ടുണ്ടെന്ന്‌ കൃത്യമായി അറിയാനും, ശസ്‌ത്രക്രിയ വേണ്ട സാഹചര്യമാണെങ്കിൽ അത്‌ മികച്ച രീതിയിൽ പ്ലാൻ ചെയ്യാനുമൊക്കെ, ശരീരത്തിനുള്ളിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ സഹായിക്കും. രോഗസ്ഥിതി മനസ്സിലാക്കാൻ മാത്രമല്ല, ഭാവിയിൽ ശരീരത്തിനുള്ളിൽ കൃത്യമായ ഇടങ്ങളിൽ ഔഷധങ്ങളെത്തിക്കാനും, പുറമെനിന്ന്‌ നിയന്ത്രിക്കാവുന്ന ഇത്തരം ഉപകരണങ്ങൾ സഹായിക്കുമെന്ന്‌, അമേരിക്കയിൽ മയോക്ലിനിക്കിലെ ഗാസ്‌ട്രോഎൻട്രോളജിസ്‌റ്റായ ഡോ.ഡേവിഡ്‌ ഫ്‌ളീഷർ പറയുന്നു.

ആമാശയത്തിനുള്ളിൽനിന്ന്‌ ചിത്രങ്ങളയയ്‌ക്കാൻ ശേഷിയുള്ള ഗുളികാക്യാമറകൾ ഏതാനും വർഷങ്ങളായി പ്രചാരത്തിലുണ്ട്‌. പക്ഷേ, ദഹനവ്യൂഹത്തിൽ ഭക്ഷണം കടന്നുപോകാൻ സഹായിക്കുന്ന പേശികളുടെ പ്രവർത്തനഫലമായാണ്‌ അവ ചലിക്കുന്നത്‌. നിയന്ത്രണം സാധ്യമല്ല. അതേസമയം, പുറത്തുനിന്ന്‌ കാന്തികക്ഷേത്രം പ്രയോഗിച്ച്‌ ക്യാമറയെ ദഹനവ്യൂഹത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിക്കാം എന്നതാണ്‌ പുതിയ സംവിധാനത്തിന്റെ പ്രത്യേകത. രോഗിയെ സ്‌പർശിക്കേണ്ട ആവശ്യം തന്നെ വരുന്നില്ല- 'ടെക്‌നോളജി റിവ്യൂ' പ്രസിദ്ധീകരിച്ച റിപ്പോർട്ട്‌ പറയുന്നു.

സാധാരണഗതിയിൽ തൊണ്ടയ്‌ക്കു താഴെ, ആമാശയത്തിന്‌ മേൽഭാഗത്തുള്ള സ്ഥലത്ത്‌ വെറും സെക്കൻഡുകൾ മാത്രമേ മറ്റു ഗുളികക്യാമറകൾ നിൽക്കാറുള്ളു. വേഗം ആമാശയത്തിലേക്ക്‌ വീഴും. അതിനാൽ, തൊണ്ടക്കുഴലിൽ അവയുപയോഗിച്ച്‌ പരിശോധന നടത്തുക ബുദ്ധിമുട്ടാണ്‌. മാത്രമല്ല, ദഹനേന്ദ്രിയവ്യൂഹത്തിനുള്ളിൽ കൃത്യമായ ദിശയിലേക്ക്‌ ക്യാമറ തിരിയണം എന്നുമില്ല. ഈ പരിമിതിയെല്ലാം പുതിയ സംവിധാനം മറികടക്കുന്നു. രോഗി നിവർന്നിരിക്കുമ്പോൾതന്നെ, കാന്തികക്ഷേത്രത്തിന്റെ സഹായത്തോടെ തോണ്ടക്കുഴലിൽ പത്തുമിനിറ്റ്‌ നേരം ക്യാമറ നിർത്തി പരിശോധിക്കാൻ ഗവേഷകർക്കായി. ഇസ്രായേലി കമ്പനിയായ 'ഗിവൺ ഇമേജിങി'ന്റെ സഹകരണത്തോടെയാണ്‌ ജർമൻ ഗവേഷകർ പുതിയ സംവിധാനം രൂപപ്പെടുത്തിയത്‌.


പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗുളികക്യാമറ&oldid=3803901" എന്ന താളിൽനിന്ന് ശേഖരിച്ചത്