കുരുമുളക്
കുരുമുളക് | |
---|---|
കുരുമുളക് ചെടി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | ചെടികൾ
|
Division: | പൂക്കുന്ന ചെടികൾ
|
Class: | |
Order: | |
Family: | |
Genus: | |
Species: | |
Binomial name | |
പൈപ്പർ നിഗ്രം Piper nigrum കാർലോസ് ലിനസ്
|
കറുത്ത പൊന്ന് എന്നു വിശേഷിപ്പിക്കാറുള്ള കുരുമുളക് സുഗന്ധവ്യഞ്ജനങ്ങളിൽ രാജാവ് എന്നാണ് അറിയപ്പെടുന്നത്. (ശാസ്ത്രീയനാമം: Piper nigrum).ഇത് ലോകത്തിലെ ഏറ്റവും പഴക്കവും സുപ്രസിദ്ധിയാർജ്ജിച്ചതുമായ സുഗന്ധവ്യഞ്ജനവും, കേരളത്തിലെ ഒരു പ്രധാന നാണ്യവിളയുമാണ്. തെക്കേ ഇന്ത്യയിലെ വനങ്ങളിൽ നിന്നാണ് കുരുമുളക് വള്ളി ചെടി ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. [1]കേരളത്തിന്റെ ഭാവി തന്നെ മാറ്റി മറിച്ചത് ഈ കുരുമുളകാണ്. ഇംഗ്ലീഷിൽ Black pepper എന്ന പേരുണ്ടായത് സംസ്കൃതത്തിലെ പിപ്പലിയിൽ നിന്നുമാണ്. ഗ്രീക്ക് ഭാഷയിൽ പെപ്പറിയും, ലാറ്റിൻ ഭാഷയിൽ പിപർ എന്നും, ജർമൻ ഭാഷയിൽ ഫെഫ്ഫര് എന്ന പേരിലും അറിയപ്പെടുന്നു, തീരെ അപ്രധാനമായ ഒരു ഭൂവിഭാഗമായ കേരളത്തെത്തേടി അതിപ്രാചീനമായ കാലത്ത് തന്നെ യവനരും റോമാക്കാരും തേടി എത്തിയതും പിന്നീട് അവർ വന്ന വഴിതേടി യൂറോപ്പിലെ നിരവധിരാജ്യക്കാരും കേരളത്തിലെത്തിയതും കേരളത്തിൽ എന്നു തന്നെയല്ല ഇന്ത്യ മൊത്തം അടക്കിഭരിച്ചതും, കുരുമുളകിന്റെ യഥാർത്ഥ ഉറവിടം മലബാർ തീരം ആണെന്നുള്ള അറിവ് പാശ്ചാത്യർക്ക് മാർക്കോ പോളോ എന്ന സഞ്ചാരിയുടെ ഓർമ്മക്കുറിപ്പുകളിൽ നിന്നും ലഭിച്ചത് മൂലമായിരുന്നു. ഇന്ന് കുരുമുളക് ഉപയോഗിച്ച് സ്പ്രേ വരെ ഉണ്ടാക്കുന്നു. ഭൂമധ്യരേഖക്കടുത്തുള്ള ഉഷ്ണരാജ്യങ്ങളിലാണ് കുരുമുളക് വളരുന്നത്. വള്ളിച്ചെടിപോലെ പടർന്നു കയറുന്ന ഇനമാണ് ഇതിൽ പ്രധാനം. പച്ചക്കുരുമുളക് കുലകളിലായി ഉണ്ടാകുകയും അത് ഉണക്കി കറുത്ത കുരുമുളകും തൊലി കളഞ്ഞ് വെള്ളക്കുരുമുളകും ഉണ്ടാക്കുന്നു. ഔഷധഗുണമേറെയുള്ള കുരുമുളക് മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും വയറുസംബന്ധമായ വിവിധ അസുഖങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്നുണ്ട്.
ചരിത്രം
[തിരുത്തുക]ചരിത്രാതീതകാലം മുതൽക്കേ കേരളത്തിൽ കുരുമുളക് ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. റോമക്കാരും യവനരും പേർഷ്യക്കാരും കുരുമുളക് സുഗന്ധദ്രവ്യമായി ഉപയോഗിക്കാൻ തുടങ്ങിയത് ക്രിസ്തുവിനു ഏകദേശം മൂവായിരം വർഷം മുന്നേ ആയിരിക്കണം എന്ന് കരുതുന്നു. ആദ്യകാലങ്ങളിൽ ഒരു ഔഷധമായി ഉപയോഗിച്ചിരിക്കാമായിരുന്ന ഇത് പിന്നീട് ദൈനംദിന ഭക്ഷണങ്ങളിലും ഉൾപ്പെടുത്താൻ തുടങ്ങിയിരിക്കണം. റോമാസാമ്രാജ്യകാലത്ത് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്ന വിഭവങ്ങളിൽ ഏറ്റവും വിലപിടിച്ചതായിരുന്നു കുരുമുളക്[2]. ഇന്ന് ഭാരതത്തിൽ മാത്രമല്ല മലേഷ്യ, തായ്‌ലാന്റ്, ഐവറി കോസ്റ്റ്, ജമൈക്ക, ട്രോപ്പിക്കാനാ, ബ്രസീൽ, ശ്രീലങ്ക, വിയറ്റ്നാം, ചൈന എന്നീ രാജ്യങ്ങളിൽ കുരുമുളക് കൃഷി ചെയ്യുന്നു. എന്നിരുന്നാൽക്കൂടി ലോകത്തിന്റെ ആവശ്യകതയുടെ 50% നൽകപ്പെടുന്നത് ഭാരതം ആണ്. കുരുമുളകിനെക്കുറിച്ച് ഭാരതത്തിൽ സഞ്ചരിച്ചിരുന്ന സഞ്ചാരികളുടെ ഓർമ്മക്കുറിപ്പുകൾ
കൃഷി
[തിരുത്തുക]ദീർഘമായി മഴലഭിക്കുന്നതും, ശരാശരി ഉയർന്ന താപനിലയും, ഭാഗികമായി തണൽ ലഭിക്കുന്നതുമായ സ്ഥലങ്ങളിൽ കുരുമുളക് നന്നായി വളരും. കേരളത്തിലെ ഞാറ്റുവേല കുരുമുളക് കൃഷിക്ക് വളരെ അനുയോജ്യമാണ്. തണ്ടുകൾ മുറിച്ചുനട്ടാണ് കുരുമുളകിന്റെ തൈകൾ ഉണ്ടാക്കുന്നത്. പ്രധാനമായും നടുന്നത് ഫെബ്രുവരി - മാർച്ച് മാസങ്ങളിലാണ്. കുരുമുളക് വള്ളിയുടെ ചുവട്ടിൽ നിന്നും വശങ്ങളിലേക്ക് വളർന്നുപോകുന്ന തണ്ടുകളാണ് നടുന്നതിനായി തിരഞ്ഞെടുക്കുന്നത്. ഇങ്ങനെയുള്ള തണ്ടുകൾ മുറിച്ച് കീഴ്ഭാഗവും മേൽഭാഗവും മുറിച്ചുനീക്കുന്നു. അതിനുശേഷം രണ്ടോ മൂന്നോ മുട്ടുകളോടെ ചെറിയ കഷണങ്ങളായി മുറിച്ച് മണ്ണ് നിറച്ച പോളിത്തീൻ കവറുകളിൽ ഒരു മുട്ട് മണ്ണിനടിയിൽ നിൽക്കത്തക്കവിധം നടുന്നു. ഇങ്ങനെ നടുന്ന വള്ളികൾക്ക് തണൽ അത്യാവശ്യമാണ്. കൂടാതെ നല്ലതുപോലെ നനയും ആവശ്യമാണ്. ഇങ്ങനെ നട്ട കമ്പുകൾ വേരുപിടിച്ച് കഴിഞ്ഞാൽ കാലവർഷം തുടങ്ങുമ്പോൾ നടാവുന്നതാണ്. തിരുവാതിര ഞാറ്റുവേലയാണ് കുരുമുളക് നടുന്നതിന് ഏറ്റവും യോജിച്ച സമയം.
നടീൽ രീതി
[തിരുത്തുക]വണ്ണം കുറഞ്ഞതും എന്നാൽ കട്ടിയുള്ളതുമായ വള്ളിച്ചെടിയാണ് കുരുമുളക്. ഇവയ്ക്ക് താങ്ങായി തെങ്ങ്,കമുക്, പോലെയുള്ള വൃക്ഷങ്ങളോ ഉണ്ടായിരിക്കണം. താങ്ങുമരത്തിന്റെ വടക്ക് ഭാഗത്ത് മരത്തിൽ നിന്നും 30 സെന്റീ മീറ്റർ അകലത്തിലാണ് തൈകൾ നടുന്നത്. വള്ളികൾ വളരുന്നതിനനുസരിച്ച് തണ്ടുകൾ മരത്തിനോട് ചേർത്ത് കെട്ടിവയ്ക്കാറുണ്ട്. അത് കുരുമുളക് വള്ളിയുടെ മുട്ടുകൾ താങ്ങ് വൃക്ഷത്തിൽ പടർന്ന് കയറാൻ സഹായിക്കുന്നു. ഈ മുട്ടുകളിൽ നിന്നും പുതിയ കിളിർപ്പുകൾ ഉണ്ടായി ചെടി വളരുന്നു. തൈകളുടെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിടുന്നത് അഴുകി ജൈവവളമാകാനും ഈർപ്പം നിലനിർത്തുന്നതിനും മണ്ണിനുമുകളിലൂടെ പടർന്നുപോകുന്ന വേരുകൾ പൊട്ടാതിരിക്കുന്നതിനും സഹായിക്കും. വളപ്രയോഗത്തിലൂടെ കൂടുതൽ വിളവ് ലഭിക്കും. കുരുമുളക് വള്ളി ആണ് സാധാരണയായി നടാൻ ഉപയോഗിക്കുന്നത് എന്നാൽ ഈ അടുത്തിട കുരുമുളക് കായ [കുരു] തന്നെ നടാൻ ഉപയോഗിക്കുന്ന വിദ്യ അടുത്തിട വിജയിച്ചു
സവിശേഷതകൾ
[തിരുത്തുക]ഇതിന്റെ ഇലകൾ കടും പച്ച നിറമുള്ളതും, കട്ടിയുള്ളതും അറ്റം കൂർത്തതുമാണ്. സാധാരണ മഴക്കാലത്തിനു മുൻപായി ചെടികൾ പൂക്കാൻ തുടങ്ങുന്നു. കുരുമുളകിന്റെ പൂക്കൾ കുലകളായ് കാണപ്പെടുന്നു. ഈ പൂക്കുലകൾക്ക് തിരികൾ എന്നാണ് പറയുന്നത്. ഒരു തിരിയിൽ ഏകദേശം അൻപതോളം ചെറിയ വെളുത്ത പൂക്കൾ കാണപ്പെടുന്നു. ജലത്തിലൂടെ പരാഗണം നടക്കുന്ന സസ്യമാണ് കുരുമുളക്. മഴവെള്ളത്തിലൂടെ പരാഗണം നടന്ന ശേഷം തിരികളിൽ ചെറിയ പച്ച മുത്തുപോലെ കായകൾ ഉണ്ടാകുന്നു. പാകമാകുമ്പോൾ മഞ്ഞ കലർന്ന ചുവപ്പു നിറത്തിലും, പഴുത്തത് കടും ചുവപ്പു നിറത്തിലും കാണാം.
വിളവെടുപ്പ്
[തിരുത്തുക]നല്ലതുപോലെ പരിചരണം ലഭിക്കുന്ന കുരുമുളക് കൊടിയിൽ നിന്നും നട്ട് മൂന്നാം വർഷം മുതൽ വിളവ് ലഭിക്കുന്നു. ശരാശരി 25 വർഷം വരെ നല്ലരീതിയിൽ വിളവ് നൽകാറുണ്ട്. നവംബർ മുതൽ ഫെബ്രുവരി വരെയാണ് സാധാരണ വിളവെടുപ്പ് കാലം. തിരികളൊട്കൂടി പറിച്ചെടുക്കുന്ന കുരുമുളക് കുലകൾ കൂട്ടിയിട്ട് ഒരു ദിവസം ചാക്ക് കൊണ്ട് മൂടിയിടുന്നു. പിന്നീട് നെല്ല് മെതിക്കുന്നത് പോലെ മെതിച്ച് മുളക് മണികൾ വേർതിരിക്കുന്നു. ഇങ്ങനെ വേർതിരിക്കുന്ന കുരുമുളക് വൃത്തിയുള്ള സ്ഥലത്ത് നിരത്തി വെയിലിൽ ഉണക്കിയെടുക്കുന്നു. രണ്ട് ദിവസം വെയിലത്ത് ഇടുന്നു. നല്ലതുപോലെ ഉണങ്ങിയ കുരുമുളകിന് നല്ല കറുത്ത നിറമായിരിക്കും. ഉണക്കിയ മുളക് ഈർപ്പം തട്ടാതെ സൂക്ഷിച്ചുവയ്ക്കുന്നു. ഇങ്ങനെയുള്ള കുരുമുളകിന്റെ പുറത്തെ കറുത്തതൊലി നീക്കം ചെയ്താണ് വെളുത്ത കുരുമുളക് ആക്കുന്നത്.
വ്യാപാരം
[തിരുത്തുക]വിയറ്റ്നാം(85000 ടൺ), ഇന്തോനേഷ്യ(67000 ടൺ), ഇന്ത്യ(65000 ടൺ), ബ്രസീൽ(35000 ടൺ), മലേഷ്യ(22000 ടൺ), ശ്രീലങ്ക (12750 ടൺ) എന്നിവയാണ് കുരുമുളക് ഉല്പ്പാദനത്തിൽ മുന്നിട്ടുനിൽക്കുന്ന രാജ്യങ്ങൾ[3]. കുരുമുളകിന്റെ അന്താരാഷ്ട്രവ്യാപാരം നടത്തുന്ന ഇന്റർ നാഷനൽ പെപ്പർ എക്സ്ചേഞ്ച് കൊച്ചി ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. [4]
കീട/രോഗബാധ
[തിരുത്തുക]കുരുമുളകിനെ ആക്രമിക്കുന്ന ഏറ്റവും പ്രധാന കീടമാണ് പൊള്ളുവണ്ട്. കൂടാതെ തണ്ടുതുരപ്പൻ പുഴു, മിലിമൂട്ട,മണ്ണിനടിയിലെ സൂക്ഷ്മജീവികൾ എന്നിവയും കുരുമുളക് ചെടിയെ നശിപ്പിക്കാറുണ്ട്. ജൂൺ മാസത്തിൽ കുരുമുളകിൽ തിരിയിടുമ്പോഴും സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ തിരിയിൽ മണികൾ ഉണ്ടാകമ്പോഴുമാണ് പൊള്ളുവണ്ടുകൾ ആക്രമിക്കുന്നത്.ഇത്തരം വണ്ടുകൾ കുരുമുളക് തിരികളേയും മണികളേയുമാണ് ബാധിക്കുന്നത്. ഈ വണ്ടുകൾ മുളക് മണികളെ ആക്രമിച്ച് മണികൾ പൊള്ളയായി ഉണങ്ങിക്കരിഞ്ഞ് നശിക്കുന്നു. കൂടുതലായി ഇവയുടെ ശല്യം ഉണ്ടാകുന്നത് തണൽ അധികം ലഭിക്കുന്ന തോട്ടങ്ങളിലാണ്. ഇതുമൂലം കുരുമുളകിന്റെ ഉത്പാദനം കുറയുകയും ചെയ്യും. ഈ പൊള്ളുവണ്ടുകൾക്കെതിരേയുള്ള ജൈവകീടനാശിനിയാണ് വേപ്പെണ്ണ എമൽഷൻ. തണ്ടുതുരപ്പൻ പുഴുക്കൾ കുരുമുളകിന്റെ ഇളം തണ്ടുകൾ കാർന്നുതിന്നുന്നു. അതിന്റെ ഫലമായി ചെടി ഉണങ്ങി കരിഞ്ഞു നശിക്കുന്നു. തണ്ട്, ഇല, മുളക് മണികൾ എന്നിവയിൽ പറ്റിയിരുന്ന് നീര് ഊറ്റിക്കുടിച്ച് വളരുന്ന ജീവികളാണ് മിലിമൂട്ടകൾ. ചിലപ്പോൾ വേരുകളേയും ഇവ ആക്രമിക്കാറുണ്ട്[5]. ഇവയെക്കൂടാതെ കുരുമുളകിനെ ബാധിക്കുന്ന ചില രോഗങ്ങളാണ് ദ്രുതവാട്ടം, പൊള്ളുരോഗം, അഴുകൽ തുടങ്ങിയവ
ദ്രുതവാട്ടം
[തിരുത്തുക]മഴക്കാലത്ത് കുരുമുളകിൽ കുമിൾ വരുത്തുന്ന ഒരു രോഗമാണ് ദ്രുതവാട്ടം. രോഗം തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ വള്ളികൾ നശിക്കും. ഇലകളിൽ നനവുള്ള പാടുകൾ ആയി ആരംഭിക്കുന്ന ഈ രോഗം, ഇരുണ്ട തവിട്ടുനിറത്തിൽ ഇലമുഴുവൻ ബാധിക്കുന്നു. ഇങ്ങനെ രോഗത്തിന്റെ പ്രാരംഭത്തിൽ രോഗബാധയേൽക്കുന്ന ഇലകൾ നശിക്കുകയും ചെടി മുഴുവനും നശിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. രോഗം ബാധിച്ച ചെടിയുടെ തണ്ടുകളുടെ പുറം തൊലി ഇളകി പശപോലെയുള്ള ദ്രാവകം ഒലിച്ചു വരുന്നതാണ് രോഗം മൂർച്ഛിക്കുന്നതിന്റെ ലക്ഷണം. ക്രമേണ ഈ രോഗം വേരിലേക്കും പടരുകയും ചെടി പൂർണ്ണമായും രണ്ടാഴ്ചയ്ക്കുള്ളിൽ നശിക്കുന്നു.[6].
നിയന്ത്രണം
[തിരുത്തുക]മഴക്കാലത്തിന് മുൻപായി ചെടിക്കുചുറ്റും 50സെ. മീ അകലത്തിൽ തടമെടുത്ത് ബോർഡോ മിശ്രിതം 1% വീര്യത്തിൽ തയ്യാറാക്കിയതോ; ഫൈറ്റൊലാൻ എന്ന കുമിൾ നാശിനി 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തയ്യാറാക്കിയ ലായനിയോ ഒഴിച്ചു നന്നായി കുതിർക്കുക. ഒരു മൂടിന് ഏകദേശം 10ലിറ്റർ വരെ ലായനി വേണ്ടിവരും. കൂടാതെ ചെടിയുടെ ചുവട്ടിൽ നിന്നും ഇലകൾ വരെയുള്ള ഭാഗത്ത് ബോർഡോ മിശ്രിതം പുരട്ടുകയും ; ബാക്കി ഭാഗത്ത് ബോർഡോ മിശ്രിതം 1% വീര്യത്തിൽ തയ്യാറാക്കിയത് തളിച്ചുകൊടുക്കുകയും വേണം.[6]. ഇങ്ങനെ തുലാവർഷത്തിന്റെ ആരംഭത്തിൽ ഒന്നുകൂടി ചെയ്യേണ്ടതുമാണ്. രോഗം ബാധിച്ചിട്ടുള്ള വള്ളികൾ ചുവടുവച്ച് പിഴുതുമാറ്റി ചുട്ട് നശിപ്പിക്കണം. കൂടാതെ ചെടിയുടെ ചുവട്ടിലോ തോട്ടത്തിലോ യാതൊരു കാരണാവശാലും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കുകയുമരുത്. മഴക്കാലം തുടങ്ങുമ്പോൾ ഒരു കൊടിക്ക് 2 കിലോ ഗ്രാം വേപ്പിൻ പിണ്ണാക്ക്, ഒരു കിലോ കുമ്മായം എന്നിവ ചേർക്കുക. രോഗം ബാധിച്ച സ്ഥലത്ത് വീണ്ടും രണ്ടുവർഷം കഴിഞ്ഞ് മാത്രമേ പുതിയ കൃഷി ഇറക്കാവൂ. കൂടാതെ ട്രൈക്കോഡർമ കൾച്ചർ 1 കിലോഗ്രാം നേരിയ നനവുള്ള 100കിലോഗ്രാം ചാണകപ്പൊടിയിൽ കൂട്ടിയിളക്കി; ഈർപ്പം നഷ്ടപ്പെടുത്താതെ കൂനകൂട്ടി നനവുള്ള ചാക്കുകൊണ്ട് മൂടി തണലത്ത് സൂക്ഷിക്കുക. ഒരാഴ്ചക്ക് ശേഷം ഈ മിശ്രിതം 5 കിലോഗ്രാം വീതം ഓരോ കൊടിയുടെ ചുവട്ടിലും ജൂൺ- ജൂലൈ മാസങ്ങളിൽ തടമെടുത്ത് ചേർത്താലും മതി. ദ്രുതവാട്ടം നിയന്ത്രിക്കുന്നതിന് ഈ മിശ്രിതം സഹായിക്കും.[6].
പൊള്ളുരോഗം
[തിരുത്തുക]ഇല, തണ്ട്, മുളക് മണികൾ എന്നിവയിൽ പൊള്ളുവണ്ട് ഉണ്ടാക്കുന്ന രോഗം. രോഗം ആദ്യം പ്രത്യക്ഷപ്പെടുന്നത് ഇലകളിലാണ്. ഇലകളിൽ ആദ്യം ഇളം തവിട്ട് നിറത്തിൽ പ്രത്യക്ഷപ്പെടുന്ന പൊട്ടുകൾ ക്രമേണ വലുതാകുന്നു. രോഗം തണ്ടുകളേയും ബാധിക്കുന്നതോടെ മുളക് കൊടി നശിക്കുന്നു. ഇതിനു പ്രതിവിധിയായി കൊടിക്കുചുറ്റും 50 സെ.മീ ചുറ്റളവിൽ ബോർഡൊ മിശ്രിതം 1% അല്ലെങ്കിൽ ഫൈറ്റൊലാൻ രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയത് ഒഴിച്ച് കുതിർക്കുകയും കൊടി നന്നായി നനയത്തക്ക വിധത്തിൽ തളിക്കുകയും വേണം. കൂടാതെ ദ്രുതവാട്ടത്തിന്റെ നിയന്ത്രണ രീതികളും അവലംബിക്കാം.
അഴുകൽ
[തിരുത്തുക]ഇതും ഒരു കുമിൾ രോഗമാണ്. നഴ്സറിയിൽ നട്ടിട്ടുള്ള വള്ളിക്കഷണങ്ങൾ മുളച്ച് നാമ്പ് വന്നതിനുശേഷം അത് പഴുത്ത് വാടി നശിക്കുന്നതാണ് രോഗ ലക്ഷണം..[6].
ഇനങ്ങൾ
[തിരുത്തുക]- മലബാർ ഇനങ്ങൾ : കൊട്ടവള്ളി, ബാലൻ കൊട്ട, കല്ലുവള്ളി, കരിങ്കൊട്ട, മലബാർ എക്സൽ, പേരാമ്പ്രാ, ഉതിരൻ കോട്ട,
- തിരുവിതാംകൂർ ഇനങ്ങൾ : നാരായക്കൊടി, കരിമുണ്ടി, കൊറ്റനാടൻ, പെരുംകൊടി, വലിയ കാണിയക്കാടൻ, ചെറിയ കണിയക്കാടൻ കുതിര വാലി, നിലമുണ്ടി, കുതിരവെള്ള.
സങ്കര ഇനങ്ങൾ
[തിരുത്തുക]രോഗപ്രതിരോധശേഷി കൂടിയതും കൂടുതൽ വിളവ് നൽകുന്നവയുമായ 9 കുരുമുളക് ഇനങ്ങൾ സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ശുഭകര, ശ്രീകര, പഞ്ചമി, പൗർണമി, പി.എൽ.സി.2, ഐ.ഐ.എസ്.ആർ. തേവം,ഐ.ഐ.എസ്.ആർ. മലബാർ എന്നിവയാണവ. കൂടാതെ, കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന പന്നിയൂരിൽ സ്ഥിതിചെയ്യുന്ന ഗവേഷണ കേന്ദ്രം അത്യുത്പാദനശേഷിയുള്ള 7 ഇനങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. പന്നിയൂർ.1, പന്നിയൂർ.2, പന്നിയൂർ.3, പന്നിയൂർ.4, പന്നിയൂർ.5, പന്നിയൂർ.6, പന്നിയൂർ.7 എന്നിവ പന്നിയൂരിൽ വികസിപ്പിച്ചെടുത്തവയാണ്. 1967-ൽ വികസിപ്പിച്ചെടുത്ത പന്നിയൂർ 1 എന്ന കുരുമുളകാണ് ലോകത്തിൽ ആദ്യമായി വികസിപ്പിച്ചെടുത്ത സങ്കരയിനം കുരുമുളക്. ഇവയിൽ കേരളത്തിന് യോജിച്ച കുരുമുളക് ഇനങ്ങളാണ്; പന്നിയൂർ.1, പന്നിയൂർ.2, പന്നിയൂർ.3, പന്നിയൂർ.4, പന്നിയൂർ.5, പന്നിയൂർ.6, പന്നിയൂർ.7, ശുഭകര, ശ്രീകര, പഞ്ചമി, പൗർണ്ണമി എന്നിവ.
പുതിയതായി പെപ്പർ തെക്കൻ എന്നാ പേരിൽ ഇടുക്കി ജില്ലയിലെ കാഞ്ഞിയാറിൽ ശ്രി തോമസ് കൊളുബ്രിനം എന്നാ കാട്ട് കുരുമുളകിൽ മറ്റു ചില വർഗങ്ങൾ ചേർത്ത് പുതിയ ഇനം വികസിപ്പിച്ചെടുത്തത് നിരവധി തിരികലുള്ള ഇത് സാധാരണ കുരുമുളക് നേക്കാൾ പത്തിരട്ടി വിളവു കിട്ടുന്ന വർഗം ആണെന്ന് പറയപ്പെടുന്നു.[അവലംബം ആവശ്യമാണ്]
രസാദി ഗുണങ്ങൾ
[തിരുത്തുക]രസം :കടു
ഗുണം :ലഘു, തീക്ഷ്ണം
വീര്യം :ഉഷ്ണം
വിപാകം :കടു [7]
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]ഫലം, വേര് [7]
ഔഷധപ്രയോഗം
[തിരുത്തുക]കഫം, പനി ഇവയെ ശമിപ്പിക്കും. അഷ്ടചൂർണ്ണത്തിലെ ഒരു ഘടകമാണ്. കഫം ശമിപ്പിക്കാനും ദഹനശക്തി വർദ്ധിപ്പിക്കാനും കുരുമുളക് നല്ലതാണ്.[8]
കുറിപ്പുകൾ
[തിരുത്തുക]- കേരളത്തിലെ അത്യുത്പാദനശേഷിയുള്ള രണ്ട് കുരുമുളക് ഇനങ്ങളാണ് മലബാർ ഗാർബിൾഡ്, തലശ്ശേരി എക്സ്ട്രാ ബോൾഡ് എന്നിവ.
- തളിപ്പറമ്പിനടുത്തുള്ള പന്നിയൂർ എന്ന പ്രദേശത്തെ കുരുമുളക് വളരെ വിശേഷപ്പെട്ട ഇനമാണെന്ന് 1889 ൽ മനസ്സിലാക്കി ശങ്കരൻ നമ്പൂതിരി. അവിടെ നിന്നും 12000 വള്ളികൾ കൊണ്ടുവന്ന് ഏറനാട് താലൂക്കിലെ എളങ്കൂർ ദേശത്ത് സുമാർ 200 ഏക്ര സ്ഥലത്ത് കൃഷി ചെയ്തു. നല്ല വള്ളി കിട്ടാനുള്ള അന്വേഷണം മുതൽ കൃഷി ചെയ്ത് വിളവെടുത്ത ചരിത്ര രേഖകൾ എന്റെ കൈവശമുണ്ട്. കൂടതൽ അറിയാൻ ph No. 9496702912.
ചിത്രങ്ങൾ
[തിരുത്തുക]-
ഉണങ്ങിയ കുരുമുളക്
-
കുരുമുളക് ഇലയും തിരിയും
-
കുരുമുളക് കൊടികൾ
-
പച്ചക്കുരുമുളക് ഛേദിച്ച ചിത്രം
-
പലനിറത്തിലുള്ള കുരുമുളക്
-
കറുപ്പും വെള്ളയുമായ കുരുമുളക്
-
കുരുമുളക് ചെടി
-
കുരുമുളക് സംഭരണ കേന്ദ്രം. അങ്കമാലിയിൽ നിന്നുള്ള ചിത്രം.
-
വയനാട്ടിലെ തോൽപ്പെട്ടിയിൽ
അവലംബം
[തിരുത്തുക]- ↑ http://books.google.com/books?id=VaGCgSLrdr4C&printsec=frontcover&dq=black+pepper&sig=e42nZDGhFPBNxiGJZqUPhXPMGuk
- ↑ HILL, JOHN (1963). "1-INTRODUCTION". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 5.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ http://www.mcxindia.com/products_Pepper.html
- ↑ https://archive.today/20120703041632/www.bbc.co.uk/food/tv_and_radio/planetfood_index.shtml
- ↑ ബാലരമ ഡൈജസ്റ്റ് സപ്ലിമെന്റ്. വേലായുധൻ പണിക്കശ്ശേരി തയ്യാറാക്കിയ, കുരുമുളക്; ചരിത്രം മാറ്റിമറിച്ച കുരുമുളകിന്റെ കഥ. 2008 ജൂൺ 14.
- ↑ 6.0 6.1 6.2 6.3 . കർഷകശ്രീ മാസിക. ജൂൺ 2008. ജി. വിശ്വനാഥൻ നായർ എഴുതിയ ലേഖനം. താൾ 32-33.
- ↑ 7.0 7.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.