Jump to content

കദാവർ സിനഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jean-Paul Laurens, Le Pape Formose et Étienne VII ("പോപ്പ് ഫോർമോസസ്സിനെ സ്റ്റീഫൺ VII വിചാരണ ചെയ്യുന്നു"), 1870.

എ.ഡി 897-ൽ, സെ. ജോൺ ലാറ്ററനിൽ വച്ച് നടന്ന മരണാനന്തര വിചാരണയാണ് കദാവർ സിനഡ്. സ്റ്റീഫൺ ഏഴാമൻ മാർപ്പാപ്പ (ചില സ്രോതസ്സുകൾ പ്രകാരം ഇദ്ദേഹം സ്റ്റീഫൻ ആറാമൻ ആണു്) അദ്ദേഹത്തിന്റെ മുൻഗാമിയായിരുന്ന ഫോർമോസസ് മാർപ്പാപ്പയുടെ ജഡം ശവക്കുഴിയിൽ നിന്നു മാന്തിയെടുത്ത് ഔദ്യോഗിക വേഷങ്ങൾ ധരിപ്പിച്ച് വിചാരണ ചെയ്യുകയായിരുന്നു. വിചാരണയ്ക്കൊടുവിൽ സ്റ്റീഫൺ ഏഴാമൻ ഫോർമോസസ് കുറ്റക്കാരനാണെന്ന് വിധിക്കുകയും ഫോർമോസസ് ആശിർവാദം നൽകിയിരുന്ന വലതു കയ്യിലെ മൂന്നു വിരലുകൾ മുറിച്ചുമാറ്റുവാനും തിരുവസ്ത്രങ്ങൾ അഴിച്ചുമാറ്റി, പൊതുശ്മശാനത്തിൽ ദഹിപ്പിക്കാനും ഉത്തരവിട്ടു. ഫോർമോസസിന്റെ പേപ്പൽ പദവി മുൻകാലപ്രാബല്യത്തോടെ അസാധുവാക്കുകയും ചെയ്തു. മധ്യകാല പേപ്പസിയുടെ കറുത്ത അദ്ധ്യായങ്ങളിൽ ഒന്നായി കദാവർ സിനഡ് വിലയിരുത്തപ്പെടുന്നു. സ്റ്റീഫൻ മാർപാപ്പയുടെ ഈ പ്രവൃത്തി റോമിൽ അദ്ദേഹത്തിനെതിരായ ജനവികാരം ഉയർത്തുകയും ഏതാനും മാസങ്ങൾക്കുശേഷം ഇരച്ചെത്തിയ ജനക്കൂട്ടം മാർപ്പാപ്പയെ തുറുങ്കിലടയ്ക്കുകയും ചെയ്തു. അതേ വർഷം ജൂലൈ / ആഗസ്റ്റ് മാസത്തിൽ തുറുങ്കിൽ വച്ചുതന്നെ സ്റ്റീഫൻ ഏഴാമൻ മാർപാപ്പ കഴുത്തുഞെരിച്ചു കൊല്ലപ്പെട്ടു.

ടൈബർ നദിയിൽ എറിഞ്ഞു കളയപ്പെട്ട മൃതദേഹം പിന്നീട് അധികാരത്തിലേറിയ തിയോഡോർ രണ്ടാമൻ മാർപ്പാപ്പയുടെ കാലത്ത് വീണ്ടും കണ്ടെടുക്കുകയും പഴയപടി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പോർട്ടിക്കോയിൽ സ്ഥാനവസ്ത്രങ്ങളോടുകൂടിത്തന്നെ അടക്കം ചെയ്യുകയും ചെയ്തു. തൊട്ടു പിന്നാലെ അധികാരത്തിലെത്തിയ ജോൺ ഒമ്പതാമൻ മാർപാപ്പ (സി.ഇ. 898-900) കദാവർ സിനഡ് പൂർണ്ണമായും റദ്ദു ചെയ്യുകയും അതിൽ പങ്കെടുത്ത ഏഴു കർദ്ദിനാൾമാരെ സഭയിൽ നിന്നു പുറത്താക്കുകയും ചെയ്തു. മാത്രമല്ല ഭാവിയിൽ മരിച്ച വ്യക്തിയെ വിചാരണ ചെയ്യാൻ പാടില്ലെന്നു് കല്പന പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ സി.ഇ. 904-ൽ അധികാരമേറ്റ സെർജിയസ് മൂന്നാമൻ മാർപാപ്പ തിയോഡോർ രണ്ടാമൻ മാർപ്പാപ്പയുടേയും ജോൺ ഒമ്പതാമൻ മാർപാപ്പയുടേയും കല്പനകളെ അസാധുവാക്കുകയും ഫോർമോസസ് മാർപാപ്പയുടെ മേൽ ചുമത്തിയ കുറ്റങ്ങളെയെല്ലാം പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതിനും പുറമെ കദാവർ സിന‍ഡ് വിളിച്ചുകൂട്ടി മൃതദേഹത്തെ വിചാരണചെയ്ത സ്റ്റീഫൻ ഏഴാമൻ മാർപാപ്പയുടെ കബറിടത്തിനുമേൽ പ്രശംസ ചൊരിഞ്ഞുകൊണ്ടുള്ള ശിലാഫലകം സ്ഥാപിക്കാനും അദ്ദേഹം മടിച്ചില്ല. ബിഷപ്പായിരിക്കേ സെർജിയസ് മൂന്നാമൻ മാർപാപ്പ കദാവർ സിനഡിൽ സഹന്യായാധിപനായി പങ്കെടുത്തിരുന്നു.

സഭാ പശ്ചാത്തലം

[തിരുത്തുക]

നിക്കോളാസ് ഒന്നാമൻ മാർപാപ്പയുടെ കാലത്തു് സി.ഇ. 864-ൽ പോർട്ടോയിലെ ബിഷപ്പായിരുന്ന ഫോർമോസസ് ബൾഗേറിയക്കാരുടെ ഇടയിൽ മിഷണറി പ്രവർത്തനം നടത്തുകയായിരുന്നു. ബൾഗേറിയക്കാരുടെ ബിഷപ്പായി തന്നെ നിയോഗിക്കണമെന്ന ഫോർമോസ്സിന്റെ ആവശ്യം നിക്കോളാസ് മാർപാപ്പ നിരസിച്ചു. ഫോർമോസസിനെ ബൾഗേറിയക്കാരുടെ ബിഷപ്പാക്കണമെങ്കിൽ അദ്ദേഹത്തെ നിലവിലുള്ള സീ ആയ പോർട്ടോവിൽ നിന്നു മാറ്റേണ്ടിവരുമെന്നും രണ്ടാം നിഖ്യാ കൗൺസിൽ പ്രകാരം അതു് കാനോനകൾക്കു വിരുദ്ധമാണെന്നും കണ്ടാണു് നിക്കോളാസ് മാർപാപ്പ ഈ ആവശ്യം നിരസിച്ചതു്. സി.ഇ. 875-ൽ ജോൺ എട്ടാമൻ മാർപാപ്പയുടെ കാലത്തു് നടന്ന ചാൾസ് ദ ബാൾഡിന്റെ രാജകീയസ്ഥാനാരോഹണത്തെത്തുടർന്നു് ഫോർമോസസ് റോമിലേയ്ക്കു പലായനം ചെയ്തു. പ്രധാനമായും ജോൺ എട്ടാമൻ മാർപാപ്പയെ ഭയന്നായിരുന്നു അദ്ദേഹം പലായനം ചെയ്തുതു്. ഏതാനും മാസങ്ങൾക്കു ശേഷം സി.ഇ. 876-ൽ സാന്ത മരിയ റോട്ടൺഡയിൽ കൂടിയ സിനഡിൽ വച്ചു് ബൾഗേറിയക്കാരുടെ മനസ്സിനേയും ആത്മാവിനേയും കളങ്കപ്പെടുത്തി എന്ന കുറ്റമാരോപിച്ചു് ഫോർമോസസിനേയും കൂട്ടാളികളേയും സഭയ്ക്കു പുറത്താക്കി. എങ്കിലും സി.ഇ. 878-ൽ ജോൺ എട്ടാമൻ മാർപാപ്പയുടെ മരണത്തെത്തുടർന്നു് നഷ്ടപ്പെട്ട ബിഷപ്പ് പദവി ഫോർമോസസിനു് തിരികെ ലഭിക്കുകയും സി.ഇ. 891 ഒക്ടോബർ 6-നു് മാർപാപ്പയായി തെരഞ്ഞടുക്കപ്പെടുകയും ചെയ്തു. ബിഷപ്പായിരിക്കേ ജോൺ എട്ടാമൻ മാർപാപ്പയുമായുണ്ടായ കലഹത്തിന്റെ അനന്തരഫലങ്ങളാണു് കദാവർ സിന‍ഡിൽ തന്റെ മരണശേഷം വരെ ഫോർമോസസിനെ പിന്തുടർന്നതു്.

രാഷ്ട്രീയ പശ്ചാത്തലം

[തിരുത്തുക]

ഇറ്റലിയുടെ രാഷ്ട്രീയരംഗം തികച്ചും അസ്ഥിരമായിരുന്ന കാലഘട്ടമായിരുന്നു അതു്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭൂപ്രഭുക്കന്മാരും നാടുവാഴികളും അധികാരത്തിനായി പരസ്പരം മത്സരിച്ചു. ഈ അധികാര പോരാട്ടങ്ങളിൽ പലപ്പോഴും മാർപാപ്പമാരും പങ്കുചേൎന്നു. അതു മാത്രമല്ല ശക്തരായ നാടുവാഴി കുടുംബങ്ങൾക്കും ഭരണാധികാരികൾക്കും ഇടയിലുള്ള സഖ്യസമവാക്യങ്ങൾ മാറുന്നതിനിടയിൽ പലപ്പോഴും മാർപാപ്പമാർ കെണിയിലകപ്പെടുകയും ചെയ്തു.

സി.ഇ. 891-ൽ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട പോപ്പ് ഫോർമോസസ്, ഷാർൾമെയ്ൻ ചക്രവൎത്തി സ്ഥാപിച്ച കരോലിംഗിയൻ രാജവംശത്തോടു് പക്ഷപാതിത്വമുണ്ടായിരുന്ന മാർപാപ്പയായിരുന്നു. പക്ഷേ 896-ൽ അദ്ദേഹം മരിക്കുന്ന കാലമായപ്പോഴേക്കും രാഷ്ട്രീയരംഗം മാറി. ഇറ്റലിയിലെ കരോലിംഗിയൻ ശക്തി ക്ഷയിച്ചുകൊണ്ടിരുന്നു. റോമൻ പ്രഭുക്കന്മാർക്കും മറ്റ് വിഭാഗങ്ങൾക്കുമിടയിൽ പുതിയ സഖ്യങ്ങളും അധികാരകേന്ദ്രങ്ങളും രൂപപ്പെട്ടു. ഇറ്റലിയുടെ രാഷ്ട്രീയരംഗം കുത്തഴിഞ്ഞുപോയ കാലമായിരുന്നു പിന്നീടു് വന്നതു്.

ഫോർമോസസിന്റെ മരണശേഷം സ്റ്റീഫൻ ആറാമൻ മാർപാപ്പ മാർപ്പാപ്പ സിംഹാസനം ഏറ്റെടുത്തപ്പോൾ, കരോലിംഗിയൻമാരെയും അവരുടെ പിന്തുണക്കാരെയും എതിർക്കുന്ന മറ്റൊരു വിഭാഗത്തോടായിരുന്നു അദ്ദേഹം രാഷ്ട്രീയചായ്‍വ് പുലൎത്തിയതു്. അതിനു് അടിവരയിടാനെന്നോണം മരിച്ചുപോയ ഫോർമോസസിനെ പിന്തുണയ്ക്കുന്നവരുടെ സ്വാധീനത്തെ ദുർബലപ്പെടുത്താൻ സ്റ്റീഫൻ ആറാമൻ മാർപാപ്പ ശ്രമിച്ചു കൊണ്ടിരുന്നു. ഇതാണു് ഫോർമോസസിന്റെ മൃതദേഹം കുഴിമാന്തിയെടുത്തു് വിചാരണ ചെയ്യാൻ സ്റ്റീഫൻ ആറാമനെ പ്രേരിപ്പിച്ച ഘടകം എന്നാണു് കരുതപ്പെടുന്നതു്. മാർപാപ്പ ആയിരുന്ന കാലഘട്ടത്തിലെ ഫോർമോസസിന്റെ എല്ലാ നടപടികളും പേപ്പൽ നിയമനങ്ങളും അസാധുവാക്കാനുള്ള ഒരു മാർഗമായിട്ടാണു് സ്റ്റീഫൻ ആറാമൻ ഈ വിചാരണയെ കണ്ടതു്. ഇത് ഫോർമോസസിന്റെ സഖ്യകക്ഷികളുടെ ശക്തിയെ ദുർബലപ്പെടുത്തുകയും സ്റ്റീഫൻ ആറാമന്റെയും അദ്ദേഹത്തിന്റെ വിഭാഗത്തിന്റെയും അധികാരം ഉറപ്പിക്കുകയും ചെയ്തു.

വ്യക്തിവൈരാഗ്യങ്ങൾക്ക് പുറമേ, മാർപ്പാപ്പയുടെ അധികാരത്തെക്കുറിച്ചും പേപ്പൽ നിയമനങ്ങളുടെ നിയമസാധുതയെക്കുറിച്ചും ഉള്ള വിശാലമായ ചർച്ചകളും കഡാവർ സിനഡിനു ശേഷം ഉയൎന്നുവന്നു. മരണമടഞ്ഞ ഒരു മാർപ്പാപ്പയുടെ വിചാരണ തികച്ചും അസാധാരണവും അബദ്ധജഡിലവുമായ ഒരു നീക്കമായിരുന്നു എന്നതിൽ സംശയമില്ല. അതു് മാർപ്പാപ്പയുടെ അധികാരത്തിന്റെ വ്യാപ്തി, കൗൺസിലുകളുടെ പങ്ക്, മുൻകാല നടപടികളുടെ സാംഗത്യം എന്നിവയെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയർത്തി.

ചുരുക്കത്തിൽ 9-ാം നൂറ്റാണ്ടിലെ ഇറ്റലിയിലെ രാഷ്ട്രീയ വിഭാഗങ്ങൾ, മാറിക്കൊണ്ടിരിക്കുന്ന സഖ്യങ്ങൾ, അധികാര പോരാട്ടങ്ങൾ എന്നിവ തമ്മിലുള്ള സങ്കീർണ്ണമായ ഇടപെടലിന്റെ ഫലമാണ് കദാവർ സിനഡ്. കത്തോലിക്കാ സഭയ്ക്കുള്ളിലെ അധികാര സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും അക്കാലത്തെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഭൂപ്രകൃതിയെ പ്രതിഫലിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നാടകീയവും പ്രതീകാത്മകവുമായ ഒരു പ്രവൃത്തിയായിരുന്നു പോപ്പ് ഫോർമോസിന്റെ മൃതദേഹം വിചാരണ ചെയ്തത്.

അധിക വായനയ്ക്ക്

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കദാവർ_സിനഡ്&oldid=3955204" എന്ന താളിൽനിന്ന് ശേഖരിച്ചത്