ഏഷ്യാകപ്പ്
ഏഷ്യാകപ്പ് | |
---|---|
കാര്യനിർവാഹകർ | ഏഷ്യൻ ക്രിക്കറ്റ് സമിതി |
ഘടന | ഏകദിന ക്രിക്കറ്റ് |
ആദ്യ ടൂർണമെന്റ് | 1984 |
ടൂർണമെന്റ് ഘടന | റൗണ്ട് റോബിൻ ടൂർണ്ണമെന്റ് |
ടീമുകളുടെ എണ്ണം | അസ്ഥിരം |
നിലവിലുള്ള ചാമ്പ്യന്മാർ | ഇന്ത്യ |
ഏറ്റവുമധികം വിജയിച്ചത് | ഇന്ത്യ (5 തവണ) |
ഏറ്റവുമധികം റണ്ണുകൾ | സനത് ജയസൂര്യ (1209) |
ഏറ്റവുമധികം വിക്കറ്റുകൾ | മുത്തയ്യ മുരളീധരൻ (27) |
ഒരു അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്റാണ് ഏഷ്യാകപ്പ്. ഏഷ്യൻ രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദം വർദ്ധിപ്പിക്കുന്നതിനു വേണ്ടി 1983-ൽ ഏഷ്യൻ ക്രിക്കറ്റ് സമിതിയാണ് ഏഷ്യാകപ്പ് ആരംഭിച്ചത്. എല്ലാ രണ്ട് വർഷം കൂടുമ്പോഴും മത്സരങ്ങൾ സംഘടിപ്പിക്കണം എന്ന ഉദ്ദേശ്യമായിരുന്നു ഏഷ്യാകപ്പ് ആരംഭിച്ചപ്പോൾ. ആദ്യത്തെ ടൂർണ്ണമെന്റ് സംഘടിപ്പിച്ചത് 1984-ൽ ഏഷ്യൻ ക്രിക്കറ്റ് സമിതിയുടെ ആസ്ഥാനമായ (1995 വരെ) ഐക്യ അറബ് മേഖലയിലെ ഷാർജയിൽ വെച്ചായിരുന്നു. ഏഷ്യാ കപ്പിൽ കളിയ്ക്കുന്ന എല്ലാ മത്സരങ്ങൾക്കും അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി ഔദ്യോഗിക ഏകദിന പരിഗണന കൊടുത്തു. ഏറ്റവും കൂടുതൽ തവണ ഏഷ്യാകപ്പ് ജേതാക്കളായിട്ടുള്ള രാജ്യം ഇന്ത്യയാണ് (അഞ്ച് തവണ), പിറകിലായി ശ്രീലങ്കയും (നാല് തവണ). 1986ൽ ഒഴികെ മറ്റെല്ലാത്തവണയും ഏഷ്യാകപ്പ് മത്സരങ്ങളിൽ ഇന്ത്യ പങ്കെടുത്തിട്ടുണ്ട് (ശ്രീലങ്കയുമായ ക്രിക്കറ്റ് ബന്ധത്തിൽ ഉരസിൽ വന്നതിനാൽ ഇന്ത്യ പിന്മാറുകയായിരുന്നു). ഇന്ത്യാ-പാകിസ്താൻ രാഷ്ട്രീയ ബന്ധം മോശമായതിനെ തുടർന്ന് 1993ലെ ഏഷ്യാകപ്പ് ഉപേക്ഷിച്ചു. ഏഷ്യാ കപ്പിന്റെ പ്രാരംഭകാലം മുതൽ എല്ലാ കലാശക്കളികളിലും കളിച്ച ഏക ടീം ശ്രീലങ്കയാണ്. 2008 മുതൽ ടൂർണ്ണമെന്റ് ദ്വൈവാർഷികമായി നടത്താൻ ഏഷ്യൻ ക്രിക്കറ്റ് സമിതി തീരുമാനമെടുത്തിട്ടുണ്ട്.[1]
ചരിത്രം
[തിരുത്തുക]1984 – 1988
[തിരുത്തുക]ആദ്യ ഏഷ്യാകപ്പ് മത്സരങ്ങൾ സംഘടിപ്പിച്ചത് 1984-ൽ ഐക്യ അറബ് എമിറേറ്റുകളിലെ ഷാർജയിൽ വച്ചായിരുന്നു, പുതുതായി രൂപം കൊണ്ട ഏഷ്യൻ ക്രിക്കറ്റ് സമിതിയുടെ ആസ്ഥാനം കൂടിയായിരുന്നു ഷാർജ അന്ന്. പാകിസ്താനും ഐ.സി.സി. യിലെ പുതുമുഖമായ ശ്രീലങ്കയും തമ്മിലായിരുന്നു ഏഷ്യാ കപ്പിലെ ആദ്യ മത്സരം. ഇന്ത്യയും, ശ്രീലങ്കയും, പാകിസ്താനും അടങ്ങുന്ന ഗ്രൂപ്പിൽ റൗണ്ട് രോബിൻ നിയമ പ്രകാരമായിരുന്നു വിജയിയെ തിരഞ്ഞെടുത്തത്. രണ്ട് കളികൾ വിജയിച്ച് ഇന്ത്യ ടൂർണ്ണമെന്റ് ജേതാക്കളായി.
1986-ൽ നടന്ന രണ്ടാം ഏഷ്യാ കപ്പിനാതിഥ്യം അരുളിയത് ശ്രീലങ്കയായിരുന്നു; ശ്രീലങ്കയിൽ നടന്ന ആദ്യ ബഹുരാഷ്ട്ര ക്രിക്കറ്റ് ടൂർണ്ണമെന്റായിരുന്നു രണ്ടാം ഏഷ്യാകപ്പ്. മുൻ കൊല്ലം ശ്രീലങ്കയിൽ നടന്ന ടെസ്റ്റ് മത്സരത്തെ ചൊല്ലിയുള്ള ഉരസലിനെ തുടർന്ന് ഇന്ത്യൻ ടീം രണ്ടാം ഏഷ്യാ കപ്പിൽ പങ്കെടുത്തില്ല[2]. ആദ്യമായി ബംഗ്ലാദേശ് പങ്കെടുത്ത ഏഷ്യാ കപ്പായിരുന്നു ഇത്. കലാശക്കളിയിൽ പാകിസ്താനെ പരാജയപ്പെടുത്തി ശ്രീലങ്ക ജേതാക്കളായി.
1988-ൽ ബംഗ്ലാദേശിൽ വച്ചായിരുന്നു മൂന്നാം ഏഷ്യാകപ്പ് മത്സരങ്ങൾ സംഘടിപ്പിച്ചത്, ഈ ടൂർണ്ണമെന്റാണ് ബംഗ്ലാദേശിൽ സംഘടിപ്പിച്ച ആദ്യ ബഹുരാഷ്ട്ര ക്രിക്കറ്റ് ടൂർണ്ണമെന്റ്. കലാശക്കളിയിൽ ശ്രീലങ്കയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി രണ്ടാം തവണ ഇന്ത്യ ഏഷ്യാകപ്പ് ജേതാക്കളായി.
1990–91 – 1997
[തിരുത്തുക]1990–91ൽ നടന്ന നാലാമത്തെ ഏഷ്യാ കപ്പിനാതിഥ്യം അരുളിയത് ഇന്ത്യയായിരുന്നു. ഇന്ത്യയുമായുള്ള മോശം രാഷ്ട്രീയ ബന്ധത്തെ തുടർന്ന് നാലാം ഏഷ്യാ കപ്പിൽ നിന്നും പാകിസ്താൻ പിന്മാറിയിരുന്നു. ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയ ഇന്ത്യ ഏഷ്യാകപ്പ് നില നിർത്തി.
1993-ൽ നടത്തേണ്ടിയിരുന്ന ഏഷ്യാകപ്പ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളെ തുടർന്ന് ഉപേക്ഷിച്ചു.
പതിനൊന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷം ഏഷ്യാകപ്പ് 1995-ൽ വീണ്ടും ഷാർജയിലെത്തി. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും, പാകിസ്താനും, ശ്രീലങ്കയും പോയിന്റടിസ്ഥാനത്തിൽ തുല്യത പാലിച്ചതിനാൽ മികച്ച റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയും ശ്രീലങ്കയും ഫൈനലിൽ എത്തി. ശ്രീലങ്കയെ ഫൈനലിൽ തോൽപ്പിച്ച് തുടർച്ചയായി മൂന്ന് പ്രാവിശ്യം ഇന്ത്യ ഏഷ്യാകപ്പ് ജേതാക്കളായി.
ആറാമത്തെ ഏഷ്യാകപ്പ് നടന്നത് 1997-ൽ ശ്രീലങ്കയിൽ വച്ചായിരുന്നു. ഫൈനലിൽ ഇന്ത്യയെ എട്ടു വിക്കറ്റിനു പരാജയപ്പെടുത്തി ആതിഥേയരായ ശ്രീലങ്ക രണ്ടാം തവണ ഏഷ്യാകപ്പ് ജേതാക്കളായി.
2000 – 2010
[തിരുത്തുക]ഏഴാമത്തെ ഏഷ്യാകപ്പ് മത്സരങ്ങൾ നടന്നത് 2000-ൽ ബംഗ്ലാദേശിൽ വച്ചായിരുന്നു, ഇത് രണ്ടാം തവണയാണ് ബംഗ്ലാദേശ് ഏഷ്യാകപ്പിനു വേദിയാകുന്നത്. ഫൈനലിൽ കളിക്കാൻ ഇത്തവണ യോഗ്യത നേടിയത് പാകിസ്താനും ശ്രീലങ്കയുമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശിനോട് മാത്രം വിജയിക്കാൻ കഴിഞ്ഞ ഇന്ത്യ ആദ്യമായി ഏഷ്യാകപ്പിന്റെ ഫൈനലിൽ എത്താതെ പുറത്തായി. ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് പാകിസ്താൻ ആദ്യമായി ഏഷ്യാകപ്പ് ജേതാക്കളായി.
2000-ൽ കഴിഞ്ഞ ഏഴാം ഏഷ്യാകപ്പിനു ശേഷം അടുത്ത ഏഷ്യാകപ്പിനായി നാല് വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. എട്ടാം എഷ്യാകപ്പ് നടന്നത് 2004-ൽ ശ്രീലങ്കയിലായിരുന്നു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ മത്സരഘടനയ്ക്ക് വത്യാസം വരുത്തി. മറ്റ് ഏഷ്യൻ രാജ്യങ്ങളായ ഹോങ്കോങും, ഐക്യ അറബ് എമിറേറ്റുകളും ആദ്യമായി ടൂർണ്ണമെന്റിൽ പങ്കെടുത്തു. ഗ്രൂപ്പ് ഘട്ടം, നോക്കൌട്ട് സൂപ്പർ ഫോർ, ഫൈനൽ എന്നിങ്ങനെ ടൂർണ്ണമെന്റിനെ മൊത്തം മൂന്നായി തിരിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ടീമുകളെ മൂന്ന് വീതമുള്ള രണ്ട് ഗ്രൂപ്പുകളിലായി തിരിച്ചു. ഒരൊ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പർ ഫോറിൽ ടിമുകൾ പരസ്പരം ഒരു തവണകൂടി ഏറ്റുമുട്ടും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യ, ഐക്യ അറബ് എമിറേറ്റുകൾ, ആതിഥേയരായ ശ്രീലങ്കയും ആയിരുന്നു ഗ്രൂപ്പ് എയിൽ, ഹോങ്കോങ്, ബംഗ്ലാദേശ്, നിലവിലെ ജേതാക്കളായ പാകിസ്താനും ആയിരുന്നു ഗ്രൂപ്പ് ബി യിലെ ടീമുകൾ.
പ്രതീക്ഷിച്ചതു പോലെ ശ്രീലങ്കയും പാകിസ്താനുമായിരുന്നു ഗ്രൂപ്പ് ജേതാക്കൾ, ഐക്യ അറബ് എമിറേറ്റുകളും, ഹോങ്കോങും ആദ്യ റണ്ട് കഴിഞ്ഞപ്പോൾ തന്നെ പുറത്തായി. ബംഗ്ലാദേശ് ആദ്യമായി ഒരു ടൂർണ്ണമെന്റിന്റെ നോക്കൗട്ട് റൗണ്ടിൽ എത്തിയത് ഇത് നടാടെയാണ്, എന്നാൽ സൂപ്പർ ഫോറിലെ മോശം പ്രകടനത്തെ തുടർന്ന് ഫൈനലിൽ എത്താൻ കഴിയാതെ പുറത്താകേണ്ടി വന്നു. സൂപ്പർ ഫോറിൽ നിന്നും ഫൈനലിലേക്ക് യോഗ്യത നേറ്റിയ രണ്ട് ടീമുകൾ ഇന്ത്യയും ശ്രീലങ്കയുമായിരുന്നു. കലാശക്കളിയിൽ ഇന്ത്യയെ 25 റൺസിന് പരാജയപ്പെടുത്തി ലങ്ക ഏഷ്യാകപ്പ് ജേതാക്കളായി.
ഏഷ്യാകപ്പിന്റെ ഒൻപതാമത് പതിപ്പ് നടന്നത് പാകിസ്താനിലായിരുന്നു. 2004ൽ നടത്തിയ അതെ ഘടനയായിരുന്നു ഇത്തവണത്തെ ഏഷ്യാകപ്പിനും. 2008 ജൂൺ 24ന് ആരംഭിച്ച മത്സരങ്ങൾ സമാപിച്ചത് 2008 ജൂലൈ 6നാണ്[3]. ഗ്രൂപ്പ് ജേതാക്കളായി ശ്രീലങ്കയും പിന്നാലെ ബംഗ്ലാദേശും ഗ്രൂപ്പ് എ യി നിന്നും സൂപ്പർ ഫോറിലെത്തി. ഗ്രൂപ്പ് ബി യിൽ ജേതാക്കളായി ഇന്ത്യയും തൊട്ടു പിന്നലെ പാകിസ്താനും സൂപ്പർ ഫോറിൽ ഇടം നേടി. സൂപ്പർ ഫോറിൽ നിന്ന് ശ്രീലങ്കയും ഇന്ത്യയുമാണ് കലാശക്കളിയ്ക്ക് യോഗ്യത നേടിയത്. ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് ലങ്ക കപ്പ് നേടി. അങ്ങനെ ഏഷ്യാകപ്പ് നേട്ടത്തിൽ ഇന്ത്യയും ശ്രീലങ്കയും ഒപ്പത്തിനൊപ്പം ആയി. 66/4 എന്ന നിലയിൽ തകർന്ന ലങ്കയെ 114 പന്തിൽ നിന്ന് 125 റൺസ് നേടിയ ജയസൂര്യയുടെ ബാറ്റിംഗായിരുന്നു മികച്ച സ്കോർ നേറ്റികൊടുക്കാൻ സഹായിച്ചത്. ശ്രീലങ്കയുടെ നവ സ്പിന്നറായ അജാന്ത മെന്റിസിന്റെ 6/13 പ്രകടനം ഇന്ത്യയെ പെട്ടെന്ന് പുറത്താക്കാൻ ലങ്കയെ സഹായിച്ചു.
പത്താം ഏഷ്യാകപ്പിന് ആതിഥ്യം അരുളിയത് നിലവിലെ ചാമ്പ്യന്മാരായ ലങ്കയാണ്. ഇത് നാലാം തവണയാണ് ലങ്ക ഏഷ്യാകപ്പിന്റെ വേദിയാകുന്നത്. 2010 ജൂൺ 15ന് ആരംഭിച്ച മത്സരങ്ങൾ ജൂൺ 24നാണ് സമാപിച്ചത്. ഇത്തവണത്തെ ഏഷ്യാകപ്പിന് ഏഷ്യയിൽ നിന്നുള്ള ടെസ്റ്റ് പദവി കിട്ടിയ ടീമുകൾ മാത്രമെ പങ്കെടുത്തുള്ളു. ഫൈനൽ ഉൾപ്പെടെ ആകെ എഴ് മത്സരങ്ങളായിരുന്നു നടന്നത്. ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ലങ്കയും ഇന്ത്യയും തമ്മിലാണ് ഫൈനൽ മത്സരം കളിച്ചത്. ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് അഞ്ചാം തവണ ഏഷ്യാകപ്പ് എന്ന റെക്കോഡ് ഇന്ത്യ നേടി. നീണ്ട് പതിനഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യ ഏഷ്യാകപ്പ് നേടിയത്[4].
സ്ഥിതിവിവര കണക്കുകൾ
[തിരുത്തുക]ഫലങ്ങൾ
[തിരുത്തുക]വർഷം | ആതിഥേയ രാഷ്ട്രം | ഫൈനൽ വേദി | ഫൈനൽ | ||
---|---|---|---|---|---|
വിജയി | മത്സര ഫലം | രണ്ടാം സ്ഥാനം | |||
1984 | ഐക്യ അറബ് എമിറേറ്റുകൾ |
ഷാർജ സി.എ. സ്റ്റേഡിയം, ഷാർജ |
ഇന്ത്യ | റൗണ്ട് റോബിൻ | ശ്രീലങ്ക |
1986 | ശ്രീലങ്ക |
സിൻഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ട് കൊളംബോ |
ശ്രീലങ്ക 195/5 (42.2 ഓവറുകൾ) |
ശ്രീലങ്ക 5 വിക്കറ്റിന് വിജയിച്ചു. | പാകിസ്താൻ 191/9 (45 ഓവറുകൾ) |
1988 | ബംഗ്ലാദേശ് |
ബാംഗ്ബന്ധു നാഷണൽ സ്റ്റേഡിയം ധാക്ക |
ഇന്ത്യ 180/4 (37.1 ഓവറുകൾ) |
ഇന്ത്യ 6 വിക്കറ്റിന് വിജയിച്ചു. (സ്കോർകാർഡ്) |
ശ്രീലങ്ക 176 all out (43.5 ഓവറുകൾ) |
1990-91 | ഇന്ത്യ |
ഈഡൻ ഗാർഡൻസ് കൊൽക്കത്ത |
ഇന്ത്യ 205/3 (42.1 ഓവറുകൾ) |
ഇന്ത്യ 7 വിക്കറ്റിന് വിജയിച്ചു. (സ്കോർകാർഡ്) |
ശ്രീലങ്ക 204/9 (45 ഓവറുകൾ) |
1993 | പാകിസ്താൻ |
കളി നടന്നില്ല. | |||
1995 | ഐക്യ അറബ് എമിറേറ്റുകൾ |
ഷാർജ സി.എ. സ്റ്റേഡിയം, ഷാർജ |
ഇന്ത്യ 233/2 (41.5 ഓവറുകൾ) |
ഇന്ത്യ 8 വിക്കറ്റിന് വിജയിച്ചു. (സ്കോർകാർഡ്) |
ശ്രീലങ്ക 230/7 (50 ഓവറുകൾ) |
1997 | ശ്രീലങ്ക |
ആർ. പ്രേമദാസ സ്റ്റേഡിയം കൊളംബോ |
ശ്രീലങ്ക 240/2 (36.5 ഓവറുകൾ) |
ശ്രീലങ്ക 8 വിക്കറ്റിന് വിജയിച്ചു. (സ്കോർകാർഡ്) |
ഇന്ത്യ 239/7 (50 ഓവറുകൾ) |
2000 | ബംഗ്ലാദേശ് |
ബാംഗ്ബന്ധു നാഷണൽ സ്റ്റേഡിയം ധാക്ക |
പാകിസ്താൻ 277/4 (50 ഓവറുകൾ) |
പാകിസ്താൻ 39 റൺസിന് വിജയിച്ചു. (സ്കോർകാർഡ്) |
ശ്രീലങ്ക 238 (45.2 ഓവറുകൾ) |
2004 | ശ്രീലങ്ക |
ആർ. പ്രേമദാസ സ്റ്റേഡിയം കൊളംബൊ |
ശ്രീലങ്ക 228/9 (50 ഓവറുകൾ) |
ശ്രീലങ്ക 25 റൺസിന് വിജയിച്ചു. (സ്കോർകാർഡ്) |
ഇന്ത്യ 203/9 (50 ഓവറുകൾ) |
2008 | പാകിസ്താൻ |
നാഷണൽ സ്റ്റേഡിയം കറാച്ചി |
ശ്രീലങ്ക 273 (49.5 ഓവറുകൾ) |
ശ്രീലങ്ക 100 റൺസിന് വിജയിച്ചു. (സ്കോർകാർഡ്) |
ഇന്ത്യ 173 (39.3 ഓവറുകൾ) |
2010 | ശ്രീലങ്ക |
രൺഗിരി ദംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയം ദംബുള്ള |
ഇന്ത്യ 268/6 (50 ഓവറുകൾ) |
ഇന്ത്യ 81 റൺസിന് വിജയിച്ചു. (സ്കോർകാർഡ്) |
ശ്രീലങ്ക 187 (44.4 ഓവറുകൾ) |
ടീമുകളുടെ പ്രകടനം
[തിരുത്തുക]കഴിഞ്ഞ കാലങ്ങളിൽ നടന്ന ഏഷ്യാകപ്പ് മത്സരങ്ങളിലെ ടീമുകളുടെ പ്രകടനം ചുവടെ കൊടുക്കുന്നു.
ടീം | പങ്കെടുത്തത് | മികച്ച പ്രകടനം | സ്ഥിതി വിവരം[5] | ||||||
---|---|---|---|---|---|---|---|---|---|
ആകെ | ആദ്യം | അവസാനം | കളികൾ | ജയം | തോൽവി | ടൈ | ഫലം ഇല്ലാത്തവ | ||
ശ്രീലങ്ക | 9 | 1984 | 2010 | ജേതാക്കൾ(1986, 1997, 2004, 2008) | 40 | 29 | 11 | 0 | 0 |
ഇന്ത്യ | 8 | 1984 | 2010 | ജേതാക്കൾ(1984, 1988, 1990-91, 1995, 2010) | 36 | 22 | 13 | 0 | 1 |
പാകിസ്താൻ | 8 | 1984 | 2010 | ജേതാക്കൾ(2000) | 31 | 18 | 12 | 0 | 1 |
ബംഗ്ലാദേശ് | 8 | 1986 | 2010 | മൂന്നാം സ്ഥാനം (1986) | 29 | 2 | 27 | 0 | 0 |
United Arab Emirates | 2 | 2004 | 2008 | ഒന്നാം റൗണ്ട് (2004, 2008) | 4 | 0 | 4 | 0 | 0 |
ഹോങ്കോങ്ങ് | 2 | 2004 | 2008 | ഒന്നാം റൗണ്ട് (2004, 2008) | 4 | 0 | 4 | 0 | 0 |
അവലംബം
[തിരുത്തുക]- ↑ "Asia Cup to be held biennially". Cricinfo. Retrieved 2006-06-22.
- ↑ "Asia Cup Cricket 2008 History". Cricket Circle. Archived from the original on 2021-10-22. Retrieved 2010-08-16.
- ↑ "Pakistan to host ninth Asia Cup". Cricinfo. Retrieved 2005-10-13.
- ↑ [1] Archived 2012-03-08 at the Wayback Machine. Smaylive:ndia defeat Sri Lanka to win Asia Cup
- ↑ "Statsguru". Cricinfo. Retrieved 30 April 2009.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Asia Cup Cricket 2010 Live News Archived 2010-06-13 at the Wayback Machine.
- Asia Cup History, Schedule & News Archived 2008-05-11 at the Wayback Machine.
- Asia Cup Cricket 2010 Schedules – Yahoo! Cricket
- Asia Cup Cricket Matches 2010 Joining Countries, Schedule, Teams, Players & Venues[പ്രവർത്തിക്കാത്ത കണ്ണി]
- Asia Cup 2010 News Samaylive Archived 2010-08-17 at the Wayback Machine.
- Asia Cup Live News Archived 2018-08-12 at the Wayback Machine.