Jump to content

മെയ്‌സ്റ്റർ എക്കാർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
21:32, 4 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Eckhart Triebel (സംവാദം | സംഭാവനകൾ) (ബാഹ്യ ലിങ്കുകൾ ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജർമ്മനിയിൽ എർഫർട്ടിലെ പള്ളിയിൽ എക്കാർട്ടിന്റെ പേരിലുള്ള കവാടം

മെയ്‌സ്റ്റർ എക്കാർട്ട് എന്നറിയപ്പെടുന്ന എക്കാർട്ട് വോൺ ഹോക്കീം (ജനനം:1260-നടുത്ത്; മരണം:1328-നടുത്ത്), ഒരു ജർമ്മൻ ദൈവശാസ്ത്രജ്ഞനും, ദാർശനികനും, യോഗിയും ആയിരുന്നു. മെയ്‌സ്റ്റർ എന്നത്, മാസ്റ്റർ എന്നർത്ഥമുള്ള ജർമ്മൻ വാക്കാണ്. പാരിസ് സർവകലാശാല എക്കാർട്ടിനു നൽകിയ ദൈവശാസ്ത്രബിരുദത്തെയാണ് അത് സൂചിപ്പിക്കുന്നത്. മാർപ്പാപ്പമാരുടെ അവിഞ്ഞോണിലെ "ബാബിലോൺ പ്രവാസകാലത്ത്" ആണ് അദ്ദേഹം പ്രശസ്തിയിൽ വന്നത്. ഫ്രാൻസിക്സൻ സന്യാസസഭയും എക്കാർട്ട് അംഗമായിരുന്ന ഡോമിനിക്കൻ സന്യാസസമൂഹവും തമ്മിലുള്ള സംഘർഷത്തിന്റെ കാലം കൂടിയായിരുന്നു അത്. ജീവിതാന്ത്യത്തോടടുത്ത്, പാഷണ്ഡതകൾ പഠിപ്പിക്കുന്നുവെന്ന ആരോപണത്തിൽ, ഫ്രാൻസിക്സന്മാരുടെ നേതൃത്വത്തിലുള്ള മതദ്രോഹവിചാരണക്കോടതി(Inquisition) വിചാരണ ചെയ്തപ്പോൾ‍, പാഷണ്ഡതക്കുറ്റം നിഷേധിച്ചും തന്റെ നിലപാടുകൾ ന്യായീകരിച്ചും അദ്ദേഹം യുക്തിപൂർവം നടത്തിയ വാദങ്ങൾ പ്രസിദ്ധമാണ്. പാഷണ്ഡതയെ സംബന്ധിച്ച ആരോപണത്തിൽ അന്തിമതീരുമാനം ആകുന്നതിനു മുൻപ് എക്കാർട്ട് മരിച്ചതായി കരുതപ്പെടുന്നു.[1]


പിൽക്കാലത്ത് "ദൈവസുഹൃത്തുക്കൾ" എന്ന ഭക്തസമൂഹവും, ജോൺ ടാളർ, ഹെന്‌റി സൂസോ മുതലായ അനുയായികളും അദ്ദേഹത്തിന്റെ ആശയങ്ങൾ പിന്തുടർന്നു. അടുത്ത കാലത്ത് എക്കാർട്ടിന്റെ ആശയങ്ങൾക്ക് ഏറെ പ്രചാരം സിദ്ധിച്ചിട്ടുണ്ട്. മദ്ധ്യകാലമാനവികതയെക്കുറിച്ചുള്ള ഒരു പഠനത്തിൽ റിച്ചാർഡ് സതൺ, "സമ്പൂജ്യനായ" ബീഡിനും, കാന്റർബറിയിലെ വിശുദ്ധ അൻസെമിനും ഒപ്പം എക്കാർട്ടിനെ, മദ്ധ്യയുഗങ്ങളുടെ ബൗദ്ധികചൈതന്യത്തിന്റെ പ്രതിനിധികളിലൊരാളായി എടുത്തുകാട്ടുന്നു. [2]


ഒരു പ്രഭാഷകനെന്ന നിലയിലും എക്കാർട്ട് പേരെടുത്തു.

ജീവിതം

[തിരുത്തുക]

ജർമ്മനിയിൽ തൂറിംഗിയായിലെ ഗോത്താ നഗരത്തിനടുത്താണ് എക്കാർട്ട് ജനിച്ചത്. ചെറുപ്രായത്തിൽ തന്നെ ഡോമിനിക്കൻ സന്യാസസഭയിൽ ചേർന്ന അദ്ദേഹം പാരിസ് സർവകലാശാലയിൽ പഠിച്ചു. പഠനം പൂർത്തിയാക്കി ജർമ്മനിയിൽ മടങ്ങി വന്ന എക്കാർട്ട് മദ്ധ്യജർമ്മനിയിൽ എർഫർട്ടിലെ ഡോമിനിക്കൻ ആശ്രമത്തിന്റെ അധിപനായും തുറീഞ്ചിയ പ്രവിശ്യയുടെ വികാരി പ്രൊവിൻഷ്യലായും പ്രവർത്തിച്ചു. രണ്ടുവർഷത്തിനുശേഷം അദ്ധ്യാപനത്തിനായി പാരിസിൽ മടങ്ങിയെത്തിയ അദ്ദെഹത്തിന് 1302-ൽ ദൈവശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം സമ്മാനിക്കപ്പെട്ടു. അടുത്തവർഷം ഡോമിനിക്കൻ സന്യാസസഭയുടെ സാക്സൺ പ്രവിശ്യയുടെ തലവനായ അദ്ദേഹം 1307-ൽ വീണ്ടും ആ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒപ്പം ഡോമിനിക്കൻ ആശ്രമങ്ങളുടെ നവീകരണത്തിന്റെ ഉത്തരവാദിത്തത്തോടെ ബൊഹീമിയ പ്രവിശ്യയിലെ വികാരി ജനറാളായും അദ്ദേഹം പ്രവർത്തിച്ചു. 1311-ൽ എക്കാർട്ട് വീണ്ടും പാരിസിൽ അദ്ധ്യാപകനായി. അവിടന്ന് 1314-ൽ അദ്ദേഹം അദ്ധ്യാപനത്തിനായി തന്നെ സ്ട്രാസ്‌ബർഗ്ഗിലേയ്ക്കു പോയി. മൂന്നു വർഷം കഴിഞ്ഞ് അദ്ദേഹം ഫ്രാങ്ക്ഫർട്ടിൽ ആശ്രമാധിപനായി നിയമിതനായി. 1320-ൽ വീണ്ടും അദ്ധ്യാപനരംഗത്തേയ്ക്ക് മടങ്ങി കൊളോണിൽ ദൈവശാസ്ത്രാദ്ധ്യാപകൻ ആയിരിക്കെയാണ് പാഷണ്ഡതയുടെ ആരോപണത്തിൽ അദ്ദേഹത്തിന് ഫ്രാൻസിക്സന്മാരുടെ ചുമതലയിലുള്ള മതദ്രോഹവിചാരണക്കോടതിയെ നേരിടേണ്ടി വന്നത്. ഫ്രാൻസിസ്കൻ-ഡൊമിനിക്കൻ സന്യാസസഭകൾക്കിടയിലുള്ള മത്സരമായിരുന്നു ആ ആരോപണത്തിനു പിന്നിലെന്ന് പറയപ്പെടുന്നു. മതദ്രോഹവിചാരണക്കോടതിയുടെ തീരുമാനത്തിനെതിരെ 22-ആം യോഹാന്നാൻ മാർപ്പാപ്പയ്ക് സമർപ്പിച്ച അപ്പീൽ തീരുമാനമാകുന്നതിനു മുൻപ് എക്കാർട്ട് മരിച്ചതായി പറയപ്പെടുന്നു.[1]എന്നാൽ അദ്ദേഹത്തിന്റെ മരണത്തേയോ സംസ്കാരസ്ഥാനത്തേയോ സംബന്ധിച്ച രേഖകളൊന്നും ലഭ്യമല്ല. 1929-ൽ 22-ആം യോഹന്നാൻ മാർപ്പാപ്പ എക്കാർട്ടിന്റെ ആശയങ്ങളിൽ 17 എണ്ണത്തെ പാഷണ്ഡതകളായി ശപിക്കുകയും 11 എണ്ണത്തെ പാഷണ്ഡതയ്ക്ക് സാധ്യതയുള്ളവയെന്നു വിധിക്കുകയും ചെയ്തു.[3]


ജർമ്മൻ ഭാഷയിലെ പേരെടുത്ത പ്രഭാഷകനായിരുന്ന അദ്ദേഹം വ്യക്തതയും ലാളിത്യവും ഒത്തുചേർന്ന ശൈലിയുടെ പേരിൽ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

ആശയങ്ങൾ

[തിരുത്തുക]

14-ആം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനായ നവപ്ലേറ്റോണികനായിരുന്നു എക്കാർട്ട്. തോമസ് അക്വീനാസിന്റെ ഡോമിനിക്കൻ സന്യാസസഭയുടെ നേതാക്കളിൽ ഒരാളെന്ന നിലയിൽ അക്വീനാസിന്റെ നിലപാടുകളോട് സാങ്കേതികമായി വിശ്വസ്തത പുലർത്തിയ എക്കാർട്ട്, തത്ത്വമീമാസയിലും ആത്മീയമന:ശാസ്ത്രത്തിലും, മിത്തുകളിലെ ബിംബങ്ങളെ ആശ്രയിച്ചു. സുവിശേഷങ്ങളുടെ പ്രതീകാത്മകമായ അർത്ഥം സാധാരണക്കാർക്കും പുരോഹിതന്മാർക്കും വിശദീകരിച്ചുകൊടുക്കുന്ന പ്രഭാഷണങ്ങളുടെ പേരിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. എക്കാർട്ടിന്റെ രചനകൾ പിൽക്കാലത്തെ മുഖ്യ ജർമ്മൻ ദാർശനികരിൽ പലരേയും സ്വാധീനിച്ചിട്ടുണ്ട്.


ക്രിസ്തീയ തത്ത്വമീമാസയിൽ എക്കാർട്ട് അവതരിപ്പിച്ച പുതിയ സങ്കല്പങ്ങൾ പലതും, ക്രിസ്തീയ സ്കോളാസ്റ്റിക് ചിന്തയുടെ അംഗീകൃതസിദ്ധാന്തങ്ങളിൽ നിന്നുള്ള വ്യക്തമായ വ്യതിചലനമായിരുന്നു: എക്കാർട്ടിന്റെ ചിന്തയിലെ ദൈവം അടിസ്ഥാനപരമായും പ്രജനനനിരതനാണ്. തന്റെ പ്രേമത്തിന്റെ കവിഞ്ഞൊഴുക്കിൽ, പ്രജനനനിരതനായ ദൈവം നമ്മിലെല്ലാം വചനമായ(ലോഗോസ്) പുത്രനെ ജനിപ്പിക്കുന്നു. "പ്രജനനനിരതനായ ദൈവം" (fertility of God) എന്നതു തന്നെ ക്രൈസ്തവചിന്തയിൽ ഒരു പുതിയ ആശയമായിരുന്നു. സൃഷ്ടിയെ ജലോർജ്ജശാസ്ത്രമാതൃകയിലുള്ള(hydrodynamic) ദൈവത്തിന്റെ അനിവാര്യമായ കവിഞ്ഞൊഴുകലായെന്നതിനു പകരം ദൈവികത്രിത്വത്തിന്റെ സ്വതന്ത്രതീരുമാനത്തിന്റെ ഫലമായാണ് എക്കാർട്ട് സങ്കല്പിച്ചത്. എങ്കിലും, കവിഞ്ഞൊഴുകുന്ന ദൈവപ്രേമമെന്ന സങ്കല്പം, അടക്കിയാലൊതുങ്ങാതെ കവിഞ്ഞൊഴുക്കുന്ന "ഏകൻ" എന്ന നവപ്ലേറ്റോണിക ദൈവസങ്കല്പത്തെ ആശ്രയിച്ചുള്ളതായിരുന്നു. ദൈവവും വ്യക്തിദൈവവും തമ്മിലുള്ള വേർതിരിവായിരുന്നു എക്കാർട്ടിന്റെ വിവാദപരമായ മറ്റൊരാശയം. ഈ ആശയം വ്യാജനിയൊനുസ്യോസിന്റേയും ജോൺ സ്കോട്ടസിന്റേയും രചനകളിൽ പണ്ടേ ഉണ്ടായിരുന്നെങ്കിലും അവരുടെ ബീജമാത്രമായ സങ്കല്പങ്ങളെ ധീരമായി വികസിപ്പിച്ച് പ്രകടവും ഗുപ്തവുമായ ദൈവപ്രകൃതികളുടെ ധൃവങ്ങളെ ഏടുത്തുകാട്ടിയത് എക്കാർട്ടാണ്. "നിർമ്മമതയെന്ന ഉന്നതഗുണം" എന്ന പേരിൽ എക്കാർട്ട് നടത്തിയ കൗതുകകരമായ ഒരു പ്രഭാഷണം, എക്കാലത്തേയും ക്രിസ്തീയചിന്തയിൽ വേറിട്ടുനിൽക്കുന്നു. "നിർമ്മമത്വം" എന്ന ബുദ്ധസങ്കല്പത്തോടും ആധുനികകാലത്തെ കാന്റിന്റെ "ആശാപരിത്യാഗത്തോടും" ആണ് അതിന് ചേർച്ച.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
  • Eckhart Triebel: Meister Eckhart und seine Zeit (മാസ്റ്റർ എക്ഹാർട്ടും അദ്ദേഹത്തിന്റെ സമയവും - ജർമ്മൻ)
  • Eckhart Triebel: Meister Eckhart Bibliographie seit 1995 (1995 മുതൽ മാസ്റ്റർ എക്ഹാർട്ട് ഗ്രന്ഥസൂചിക)

അവലംബം

[തിരുത്തുക]
  1. 1.0 1.1 ക്രിസ്തുമതത്തിന്റെ ചരിത്രം, കെന്നത്ത് സ്കോട്ട് ലട്ടൂറെറ്റ്
  2. ആർ.ഡബ്ലിയൂ. സതൺ, മദ്ധ്യകാല മാനവികത. Harper & Row, 1970. pp. 19-26.
  3. മെയ്‌സ്റ്റർ എക്കാർട്ട്, സ്റ്റാൻഫോർഡ് ദാർശനിക വിജ്ഞാനകോശം[1]