പോയിറ്റിയേഴ്സിലെ ഹിലരി
നാലാം നൂറ്റാണ്ടിൽ (ഏകദേശ ജീവിതകാലം: പൊതുവർഷം 300-368)[1] ഫ്രാൻസിലെ പോയിറ്റേഴ്സിലെ (പ്വാറ്റ്യേ) മെത്രാനും വേദപാരംഗതനും (Doctor of the Church) പോയിറ്റേഴ്സിലെ ഹിലരി. പിൽക്കാലത്ത് ക്രിസ്തീയമുഖ്യധാരയായിത്തീർന്ന വിശ്വാസവ്യവസ്ഥക്കു വെല്ലുവിളി ഉയർത്തിയ ആരിയനിസത്തെ നേരിടുന്നതിൽ വഹിച്ച പങ്ക് പരിഗണിച്ച് ചിലപ്പോൾ അദ്ദേഹം ആരിയന്മാരുടെ ചുറ്റിക (മാലിയസ് ആരിയനോറം), പശ്ചിമദേശത്തെ അത്തനാസിയൂസ് എന്നുമൊക്കെ വിളിക്കാറുണ്ട്. ഹിലരി എന്ന പേരിന്റെ ഉത്ഭവം സന്തുഷ്ടൻ, പ്രസാദവാൻ എന്നൊക്കെ അർത്ഥമുള്ള ലത്തീൻ വാക്കിൽ നിന്നാണ്. റോമൻ സഭയുടെ പഞ്ചാംഗത്തിൽ അദ്ദേഹത്തിന്റെ അനുസ്മരണദിനം ജനുവരി 13 ആണ്. മുൻകാലങ്ങളിൽ ഈ തിരുനാൾ രാക്കുളിപ്പെരുന്നാളിന്റെ (എപ്പിഫനി) എട്ടാമിടമായി വന്നപ്പോഴൊക്കെ അത് ജനുവരി 14-ലേക്കു മാറ്റി ആചരിക്കുക പതിവായിരുന്നു.[2]
പോയിറ്റിയേഴ്സിൽ തന്നെ, അക്രൈസ്തവരായ മാതാപിതാക്കളുടെ മകനായാണ് ഹിലരി ജനിച്ചത്. പ്രായപൂർത്തിയിൽ ക്രൈസ്തവവിശ്വാസം സ്വീകരിച്ച അദ്ദെഹം പൗരോഹിത്യാഭിക്ഷേകത്തിനു മുന്നേ തന്നെ ജന്മനാട്ടിലെ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലെത്തുന്നതിനു മുൻപ് അദ്ദേഹം വിവാഹിതനായിരുന്നോ എന്നു വ്യക്തമല്ല. ഏതായാലും പിൽക്കാലജീവിതത്തെക്കുറിച്ചു ലഭ്യമായ വിവരങ്ങളിൽ കുടുംബജീവിതത്തിന്റെ സൂചനകളൊന്നുമില്ല. ഒരു പ്രബോധകനെന്നനിലയിൽ അദ്ദേഹം പേരെടുത്തു. ഹിലരിയുടെ പ്രഭാഷണം കേൾക്കാനായി പോയിറ്റിയേഴ്സിലെത്തിയ വിശുദ്ധ മാർട്ടിൻ അദ്ദേഹത്തിന്റെ ശിഷ്യനായി. ആരിയനിസത്തോടുള്ള തീവ്രവിരോധത്തിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. അതിന്റെ പേരിൽ അദ്ദേഹം ഇന്നത്തെ തുർക്കിയിലെ ഫിർജിയായിലേക്കു നാടുകടത്തപ്പെടുക പോലും ചെയ്തു. നാലുവർഷത്തെ പ്രവാസജീവിതത്തിൽ അദ്ദേഹം കീർത്തനങ്ങളും ആരിയനിസത്തിന്റെ വിമർശനങ്ങളും എഴുതി. പ്രവാസത്തിൽ നിന്നു മടങ്ങിയെത്തിയ അദ്ദേഹം പൊതുവർഷം 363-ൽ ഇറ്റലി സന്ദർശിക്കുകയും മിലാനിലെ ആരിയൻ മെത്രാനുമായി സംവാദത്തിൽ ഏർപ്പെടുകയും ചെയ്തു.[3]