ശിക്ഷാശാസ്ത്രം
പീനോളജി (ശിക്ഷാശാസ്ത്രം) എന്ന പദത്തിന്റെ ഉദ്ഭവം ലാറ്റിൻ ഭാഷയിലെ പീന (ശിക്ഷ) എന്ന വാക്കും ലോജി (ഒന്നിനെപ്പറ്റിയുള്ള പഠനം) എന്ന വാക്കും ചേർന്നുണ്ടായതാണ്. ഇത് കുറ്റകൃത്യങ്ങളെ ശിക്ഷകളിലൂടെ തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഉരുത്തിരിഞ്ഞുവന്ന തത്ത്വശാസ്ത്രത്തെയും ശിക്ഷകളുടെ പ്രയോഗത്തെയും പ്രതിപാദിക്കുന്നതും കുറ്റകൃത്യശാസ്ത്രത്തിന്റെ ഭാഗമായതുമായ ഒരു പഠനശാഖയാണ്. കുറ്റകൃത്യങ്ങളെ അമർച്ച ചെയ്യുന്നതോടൊപ്പം പൊതുജനാഭിപ്രായത്തെ തൃപ്തിപ്പെടുത്തുന്നതും ശിക്ഷയുടെ ഭാഗമായി കണക്കാക്കപ്പെടുന്നു.
ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷ്ണറി പീനോളജി (ശിക്ഷാശാസ്ത്രത്തെ) "കുറ്റങ്ങളുടെ ശിക്ഷയെപ്പറ്റിയും തടവറകളുടെ നടത്തിപ്പും സംബന്ധിച്ച ശാസ്ത്രമായി" നിർവ്വചിക്കുന്നു. [1]
ശിക്ഷയോടുള്ള ഭയം കാരണം കുറ്റകൃത്യങ്ങൾ തടയാനുദ്ദേശിച്ചുണ്ടാക്കപ്പെട്ട പലതരം സാമൂഹിക പ്രക്രീയകൾ ഫലപ്രാപ്തി നേടാനുള്ള സാദ്ധ്യത സംബന്ധിച്ചും മറ്റുമാണ് ശിക്ഷാശാസ്ത്രം പഠിക്കുന്നത്. കുറ്റവാളികളെ കൈകാര്യം ചെയ്യുന്നതും ശിക്ഷാവിധി പ്രഖ്യാപിക്കപ്പെട്ട കുറ്റവാളികളെ ശിക്ഷയ്ക്കു ശേഷം പുനരധിവസിപ്പിക്കുന്നതും ശിക്ഷാശാസ്ത്രത്തിന്റെ പരിധിയിൽ വരും. രക്ഷപെടാൻ സാദ്ധ്യതയില്ലാത്തവണ്ണം ജയിലുകൾ നടത്തുന്നതു കൂടാതെ കുറ്റവാളികളെ തടവിലിടാതെ തന്നെ സമൂഹത്തിൽ പുനരധിവസിപ്പിക്കുന്ന പ്രൊബേഷൻ പോലുള്ള പ്രക്രീയകളും ഇതിന്റെ പരിധിയിൽ വരും.
ശിക്ഷാശാസ്ത്രത്തിൽ പല ഉപവിഭാഗങ്ങളും പല സിദ്ധാന്തങ്ങളുമുണ്ട്. ജയിലുകൾ സംബന്ധിച്ചുള്ളവ (ജയിൽ പരിഷ്കരണം, കുറ്റവാളികളെ പീഡിപ്പിക്കൽ, കുറ്റവാളികളുടെ അവകാശങ്ങൾ, ശിക്ഷയ്ക്കു ശേഷവും കുറ്റം ആവർത്തിക്കൽ എന്നിവ സംബന്ധിച്ചുള്ളവ ഉദാഹരണം); ശിക്ഷയുടെ ഉദ്ദേശലക്ഷ്യങ്ങൾ സംബന്ധിച്ചുള്ളവ (കുറ്റകൃത്യം തടയൽ ലക്ഷ്യമായ താക്കീത്, പുനരധിവാസം, കുറ്റത്തിനനുസൃതമായ ശിക്ഷ, സമൂഹത്തിന്റെ സന്തോഷം വർദ്ധിപ്പിക്കുക എന്നിവ സംബന്ധിച്ചുള്ളവ ഉദാഹരണം) എന്നിവയൊക്കെ ഇതിലുൾപ്പെടും. വർത്തമാനകാലത്തെ ശിക്ഷാശാസ്ത്രം പുനരധിവാസവും ജയിൽ നടത്തിപ്പുമാണ് പ്രധാനമായി കൈകാര്യം ചെയ്യുന്നത്. കുട്ടികളെ വളർത്തുന്നതും പഠിപ്പിക്കുന്നതും പോലുള്ള സാഹചര്യങ്ങളിലെ ശിക്ഷയെ സംബന്ധിച്ചുള്ള സിദ്ധാന്തങ്ങളും മറ്റും ഈ വാക്കുപയോഗിച്ച് വിവക്ഷിക്കാറില്ല.
ചരിത്രം
തിരുത്തുകശിക്ഷയെ സംബന്ധിച്ച പഴയ സിദ്ധാന്തങ്ങൾ കുറ്റകൃത്യത്തിന്റെ പരിണതഫലങ്ങൾ സംബന്ധിച്ച ഭയം കുറ്റം ചെയ്യാൻ സാദ്ധ്യതയുള്ളവരെ നിരുത്സാഹപ്പെടുത്തും എന്ന ആശയത്തിലൂന്നിയുള്ളവയാണ്. പുരാതന ഗ്രീസിലെ ഡ്രാക്കോണിയൻ നിയമം, ബ്രിട്ടനിൽ നിലവിലുണ്ടായിരുന്ന ബ്ലഡി കോഡ് എന്നറിയപ്പെട്ടിരുന്ന നിയമം എന്നിവ 200-ൽ അധികം കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ വിധിച്ചിരുന്നു എന്നതിൽ ഈ സിദ്ധാന്തത്തിന്റെ സ്വാധീനം കാണാം. അതുപോലെതന്നെ ശരിയത്ത് നിയമത്തിലെ ഹദീസ് പാരമ്പര്യമനുസരിച്ചുള്ള ഹുദൂദ് കുറ്റങ്ങൾക്കും ഭയമുണ്ടാക്കുന്നതരം ശിക്ഷകളാണ് വിധിക്കപ്പെട്ടിരിക്കുന്നത്.
ശിക്ഷയും കുറ്റവാളികളുടെ പുനരധിവാസവും സംബന്ധിച്ച ആധുനിക സിദ്ധാന്തങ്ങൾ പൊതുവിൽ "കുറ്റങ്ങളും ശിക്ഷകളും സംബന്ധിച്ച്" എന്ന സീസർ ബെക്കാറിയ 1764-ൽ പ്രസിദ്ധീകരിച്ച വിശ്രുതമായ ഉപന്യാസത്തെ അധികരിച്ചുണ്ടാക്കപ്പെട്ടവയാണ്. ഇവ കുറ്റത്തിനനുസൃതമായ ശിക്ഷ നൽകുക എന്നത് അടിസ്ഥാനപ്രമാണമായെടുക്കുന്നു. ഇക്കാര്യമനുസരിച്ചു നോക്കിയാൽ ആധുനിക സിദ്ധാന്തങ്ങൾ മുൻകാലത്തുണ്ടായിരുന്ന പല നിയമവ്യവസ്ഥയിൽ നിന്നും കാതലായ മാറ്റങ്ങളുള്ളവയാണ്. ഉദാഹരണത്തിന് ഇംഗ്ലണ്ടിലെ ബ്ലഡി കോഡനുസരിച്ച് ഏതുതരം മോഷണമാണെങ്കിലും ശിക്ഷ ഒന്നായിരുന്നു (വധശിക്ഷ). ബെക്കാറിയയുടെ ആശയങ്ങളും പിൽക്കാലത്ത് അതിനുണ്ടായ വികാസവും മരണശിക്ഷയല്ലാതെയുള്ള ശിക്ഷകൾക്ക് സാമൂഹികമായ അംഗീകാരം ലഭിക്കാൻ കാരണമായി. കുറ്റവാളികളെ ശിക്ഷയ്ക്കു ശേഷം സമൂഹത്തിൽ പുനരധിവസിപ്പിക്കുക എന്ന ആവശ്യമുണ്ടാകാൻ കാരണം തന്നെ ഇത്തരം ചെറിയ തടവു ശിക്ഷകളുടെ ആവിർഭാവമാണ്.
ഇത്തരം മാറ്റങ്ങളുടെ ഭലമായി ജയിൽ ശിക്ഷയനുഭവിക്കുന്നവർക്ക് ജോലിപരിചയം ലഭിക്കാനും മനഃശാസ്ത്രപരമായ പാഠങ്ങൾ നൽകാനും മറ്റും ശിക്ഷാശാസ്ത്രവിദഗ്ദ്ധർ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. സമൂഹസേവനം, പ്രൊബേഷൻ എന്നിവയുൾപ്പെടുന്ന ശിക്ഷാഉത്തരവുകൾ കുറ്റവാളിക്ക് നേർവഴികാണിക്കലും ശിക്ഷയ്ക്കുശേഷം വേണ്ടുന്ന ശ്രദ്ധ കുറ്റവാളികൾക്ക് ലഭിക്കാൻ വഴിവയ്ക്കുകയും ചെയ്യും. സമൂഹത്തിന്റെ ഘടന നിലനിർത്തുന്നതിനു വേണ്ടിയും പൊതുജനരോഷം ശമിപ്പിക്കുന്നതിനു വേണ്ടിയും നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ നിലനിർത്തേണ്ടിവരുന്നുണ്ട്.
അവലംബം
തിരുത്തുക- ↑ Todd R. Clear (1994). Harm in American penology: offenders, victims, and their communities. SUNY Press. p. 15. ISBN 978-0-7914-2174-1.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- ഡീയൂളിയോ, ജോൺ ജെ., ഗവേണിംഗ് പ്രിസൺസ്: എ കമ്പാരിറ്റീവ് സ്റ്റഡി ഓഫ് കറക്ഷണൽ മാനേജ്മെന്റ്, സൈമൺ ആൻഡ് ഷൂസ്റ്റർ, 1990. ISBN 0-02-907883-0
- ഡിസിപ്ലിൻ ആൻഡ് പണിഷ് ബൈ മൈക്കൽ ഫൗകൗൾട്ട്, ജൂലിയോ ഏഞ്ചൽ കാമിനോ, കൾബെർട്ടോ മോളിന എന്നിവർ
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- ദി ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് ക്രിമിനോളജി ആൻഡ് ക്രിമിനൽ ജസ്റ്റിസ്
- CrimLinks യു.കെ. ആസ്ഥാനമായ സൈറ്റ്