വഷളൻ ബൈബിൾ
1631-ൽ റോബർട്ട് ബാർക്കറുടേയും മാർട്ടിൻ ലൂക്കാസിന്റേയും ചുമതലയിൽ ലണ്ടണിലെ രാജകീയ മുദ്രണാലയത്തിൽ അച്ചടിച്ച ഇംഗ്ലീഷ് ബൈബിളാണ് വഷളൻ ബൈബിൾ(Wicked Bible) എന്നറിയപ്പെടുന്നത്. 1611-ലെ പ്രഖ്യാതമായ ജെയിംസ് രാജാവിന്റെ ബൈബിളിന്റെ(King James Bible) പുന:പ്രസാധനം എന്ന നിലയിൽ അച്ചടിക്കപ്പെട്ട ഇത് "ജാരബൈബിൾ"(Adulterous Bible), "പാപികളുടെ ബൈബിൾ"(Sinners' Bible) എന്നീ പേരുകളിലും അറിയപ്പെടുന്നു. പുറപ്പാടിന്റെ പുസ്തകത്തിലെ പത്തു പ്രമാണങ്ങളിൽ "നീ വ്യഭിചാരം ചെയ്യരുത്"(Thou shalt not commit adultery) എന്ന ഏഴാം പ്രമാണം, "അരുത്"(not) എന്ന വാക്ക് അച്ചടിപ്പിശകിൽ വിട്ടുപോയതിനാൽ "നീ വ്യഭിചാരം ചെയ്യണം" എന്നായിപ്പോയതാണ് ഈ ബൈബിളിന് കുപ്രസിദ്ധിയും വഷളൻ ബൈബിൾ എന്ന പേരും നേടിക്കൊടുത്തത്. ബൈബിൾ പതിപ്പിൽ ഇത്തരമൊരു പിഴ കടന്നു കൂടിയത് ചാൾസ് ഒന്നാമൻ രാജാവിനേയും കാന്റർബറിയിലെ മെത്രാപ്പോലീത്തയായിരുന്ന ജോർജ്ജ് ആബട്ടിനേയും രോഷാകുലരാക്കി. മെത്രാപ്പോലീത്ത അതിനെക്കുറിച്ച് ഇങ്ങനെ പരിതപിച്ചു:
“ | ബൈബിളിന്റെ അച്ചടി വലിയ ശ്രദ്ധയോടെ നടന്നിരുന്ന ഒരു കാലം എനിക്കോർമ്മയുണ്ട്. നല്ല അച്ചുനിരത്തുകാരും അറിവുള്ള പ്രൂഫ് തിരുത്തുകാരും ഒന്നാം തരം അച്ചും കടലാസും ഒക്കെ ചേർന്ന് അന്ന് നല്ല പ്രതികൾ സൃഷ്ടിച്ചിരുന്നു. അതിനു പകരം ഇപ്പോൾ ഗുണമില്ലാത്ത കടലാസും, കുട്ടികളായ അച്ചുനിരത്തുകാരും അക്ഷരമറിയാത്ത പ്രൂഫ് തിരുത്തുകാരുമായിരിക്കുന്നു.[1] | ” |
രാജാവിന്റെ ഉത്തരവിൻ പ്രകാരം, വഷളൻ ബൈബിളിന് ഉത്തരവാദികളായിരുന്നവരെ ഉന്നതനീതിപീഠമായ സ്റ്റാർ ചേംബറിൽ വിളിച്ചുവരുത്തി വിചാരണചെയ്യുകയും, കൃത്യവിലോപം തെളിഞ്ഞപ്പോൾ അവർക്ക് 300 പൗണ്ട് പിഴശിക്ഷനൽകുകയും അച്ചടി ലൈസൻസ് റദ്ദാക്കുകയും ചെയ്തു. ആ പതിപ്പിലെ ആയിരത്തോളം വരുന്ന പ്രതികൾ കത്തിച്ചുകളഞ്ഞു. [2]
വഷളൻ ബൈബിളിന്റെ പ്രതികൾ മിക്കവാറും നശിപ്പിക്കപ്പെട്ടെങ്കിലും പതിനൊന്നെണ്ണം നിലവിലുണ്ട്. ആ പ്രതികളിലൊന്ന്, ന്യൂ യോർക്ക് പൊതു ഗ്രന്ഥശാലയിലെ അസുലഭഗ്രന്ഥങ്ങളുടെ ശേഖരത്തിന്റെ ഭാഗമാണ്; അമേരിക്കൻ ഐക്യനാടുകളിൽ മിസോറി സംസ്ഥാനത്തെ ബ്രാൻസണിലുള്ള ബൈബിൾ മ്യൂസിയത്തിൽ മറ്റൊരു പ്രതിയുണ്ട്. ലണ്ടണിലെ ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള പ്രതി, അച്ചടിപ്പിശകുള്ള ദൈവകല്പനയുടെ പുറം തുറന്ന അവസ്ഥയിൽ 2009 സെപ്തംബർ മാസം വരെ സൗജന്യമായി പ്രദർശിപ്പിച്ചിരുന്നു.[3].
'ഗൂഢാലോചന'
തിരുത്തുകവഷളൻ ബൈബിളിലെ ആറാം പ്രമാണത്തിൽ കടന്നുകൂടിയ പ്രമാദമായ അച്ചടിപ്പിശക് ഗൂഢാലോചനയുടെ ഫലമായിരുന്നു എന്നും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് റോബർട്ട് ബാർക്കറുടെ ശത്രുക്കളും മുൻ-ബിസിനസ് പങ്കാളികളും ആയിരുന്ന ജോൺ ബില്ലും ബോൺഹാം നോർട്ടണും ചേർന്ന് മനഃപൂർവ്വം ഉണ്ടാക്കിയതായിരുന്നു ഈ അബദ്ധം. ഒരു രാത്രി അച്ചടിശാല ഭേദിച്ചു കടന്ന ബില്ലും നോർട്ടണും, ലിപി നിരത്തി തയ്യാറാക്കി വച്ചിരുന്ന അച്ചിൽ നിന്ന് 'n-o-t' എന്ന ത്രയക്ഷരി എടുത്തുമാറ്റിയെന്നാണു വാദം.[4]
പ്രതികരണങ്ങൾ
തിരുത്തുകസഭയ്ക്കുള്ളിൽ നിന്നുണ്ടായ പ്രതികരണങ്ങൾക്കു പുറമേ, വഷളൻ ബൈബിൾ ഉടനേ തന്നെ ചരിത്രകാരന്മാരുടെ ശ്രദ്ധയും ആകർഷിച്ചു. അത്തരം പ്രതികരണങ്ങളിൽ ഒന്ന് ഇങ്ങനെയായിരുന്നു:
“ | മഹാരാജാവ് തിരുമനസ്സിന്റെ അച്ചടിക്കാർ നമ്മുടെ ഇംഗ്ലീഷ് ബൈബിളിൽ ഏഴാം പ്രമാണത്തിൽ "അരുത്" എന്ന വാക്ക് വിട്ടുകളയുകയെന്ന പ്രമാദമായ അബദ്ധം കാട്ടി. ലണ്ടണിലെ മെത്രാനിൽ നിന്ന് വിവരം അറിഞ്ഞ തിരുമനസ്സ്, അച്ചടിക്കാരെ വിചാരണചെയ്യാൻ ഉത്തരവിടുകയും കുറ്റം തെളിഞ്ഞപ്പോൾ മുഴുവൻ പ്രതികളും പിൻവലിക്കുകയും അച്ചടിക്കാരെ അവരർഹിക്കുന്ന ഘനമായ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.[5] | ” |
നുറുങ്ങുകൾ
തിരുത്തുക- കോളിളക്കമുണ്ടാക്കിയ വഷളൻ ബൈബിളിന്റെ പേരിൽ 1631-ൽ ശിക്ഷിക്കപ്പെട്ട അച്ചടിക്കാർ തന്നെ, പത്തുവർഷം കഴിഞ്ഞ് 1641-ൽ അച്ചടിപ്പിശകുള്ള മറ്റൊരു ബൈബിൾ കൂടി പ്രസിദ്ധീകരിച്ചു. പുതിയനിയമത്തിലെ വെളിപാട് പുസ്തകം 21-ആം അദ്ധ്യായം ആദ്യവാക്യത്തിന്റെ അവസാനഭാഗത്ത് "ഇല്ല" (no) എന്ന പദം വിട്ടുകളഞ്ഞതാണ് ഇത്തവണ പ്രശ്നമായത്. ഈ പിഴമൂലം, "അപ്പോൾ സമുദ്രം ഇല്ലാതായി" (And there was no more sea) എന്ന വാക്യം, "അപ്പോൾ ഏറെ സമുദ്രം ഉണ്ടായി" (And there was more sea) എന്നായിത്തീർന്നു.[2]
അവലംബം
തിരുത്തുക- ↑ Ingelbart, Louis Edward, Press Freedoms. A Descriptive Calendar of Concepts, Interpretations, Events, and Courts Actions, from 4000 B.C. to the Present, p40, Greenwood Publishing 1987
- ↑ 2.0 2.1 Curious Bibles - ഓക്സ്ഫോർഡ് ബൈബിൾ സഹായി(പുറം 143).
- ↑ വഷളൻ ബൈബിൾ ലണ്ടണിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ പ്രദർശനത്തിൽ
- ↑ Donald L Brake with Shelly Beach - "A Visual History of the King James Bible" - Mischief at the Press (പുറം 212)
- ↑ സി. എച്ച്. ടിമ്പർളി, Encyclopaedia of Literary and Typographical Anecdote (1842), പുറം. 484, [1].
- ↑ Greatsite.com platinum roomretrieved and 20th June 2008