കോശാംഗം
ജീവകോശങ്ങളിൽ കാണപ്പെടുന്നതും സവിശേഷ ധർമ്മങ്ങളുള്ളതുമായ, ഒരു കോശത്തിന്റെ അവിഭാജ്യ ഘടകമാണ്, കോശാംഗം. ഒരോ കോശാംഗവും അവയുടെ ഇരട്ടസ്തര ആവരണങ്ങളാൽ പ്രത്യേകം വേർതിരിക്കപ്പെട്ടിരിക്കുന്നു.
ശരീരാവയവങ്ങൾ എപ്രകാരമാണോ ശരീരത്തിന്റെ ഭാഗമായിരിക്കുന്നത്, അപ്രകാരം കോശാംഗങ്ങൾ കോശങ്ങളുടെ ഭാഗമായിരിക്കുന്നു. ഈ ആശയത്താലാണ് അവയ്ക്ക് കോശാംഗങ്ങൾ എന്ന പേര് വന്നത്. കോശാംഗങ്ങളെ സൂക്ഷ്മദർശിനിയുടെ സഹായത്താലാണ് തിരിച്ചറിയുന്നത്. കോശപ്രകീർണ്ണനം എന്ന പ്രക്രിയയിലൂടെ ഇവയെ കേടുകൂടാതെ വേർതിരിച്ചെടുക്കാൻ സാധിക്കും. കോശാംഗങ്ങൾ പലതരത്തിലുണ്ട്, പ്രത്യേകിച്ചും യൂക്കാരിയോട്ടുകളിൽ. പ്രോകാരിയോട്ടുകളിൽ കോശാംഗങ്ങൾ കാണപ്പെടുന്നില്ല, പകരം ചിലവയിൽ മാംസ്യനിർമ്മിതമായ സൂക്ഷ്മഭാഗങ്ങൾ (ബാക്ടീരിയങ്ങളിൽ) മാത്രം കാണപ്പെടുന്നു. ഇവയെ കോശാംഗങ്ങളുടെ ആദിമ രൂപങ്ങളായി കണക്കാക്കുന്നു.[1]