മാർഗരറ്റ് മിച്ചലിന്റെ 1936-ലെ നോവലിൽ നിന്ന് രൂപപ്പെടുത്തിയ 1939-ലെ അമേരിക്കൻ ഇതിഹാസ ചരിത്ര പ്രണയ ചിത്രമാണ് ഗോൺ വിത്ത് ദ വിൻഡ്. ഒരു സ്ത്രീയുടെ ജീവിതത്തെ സ്വാധീനിച്ച നാലു പുരുഷൻമാരുടെ കഥ പറഞ്ഞ ഗോൺ വിത് ദ വിൻഡ് പ്രണയവും പ്രതികാരവും ദുഃഖവും സന്തോഷവും യുദ്ധവും സമാധാനവുമെല്ലാം ഇഴചേരുന്ന ഒരു ചിത്രമാണ്. ഇതിൻ പ്രമേയമായത് 1936-ൽ പുലിറ്റ്‌സർ സമ്മാനം നേടിയ മാർഗരറ്റ് മിച്ചലിന്റെ ഇതേ പേരിലുള്ള നോവലായിരുന്നു. ഒരു യുവതി, അവളെ സ്‌നേഹിക്കുന്ന രണ്ടു പുരുഷൻമാർ, അവൾ ഇഷ്ടപ്പെടുന്ന മൂന്നാമതൊരു പുരുഷൻ. അവളുടെ സാമ്പത്തിക നേട്ടത്തിന് ഇരയാകേണ്ടി വന്ന മറ്റൊരു പുരുഷൻ. ഈ കഥാതന്തുവിനെ അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാക്കിയാണ് മിച്ചൽ നോവൽ അവതരിപ്പിച്ചത്. നല്ല ഒരു കുടുംബചിത്രമായ ഗോൺ വിത് ദ വിൻഡ് സംവിധാനം ചെയ്തത് പലരാണ്. എങ്കിലും വിക്ടർ ഫ്‌ളെമിംഗിന്റെ പേരാണ് സംവിധായകന്റെ സ്ഥാനത്തുള്ളത്. സിഡ്‌നി ഹോവാർഡ് തിരക്കഥ രചിച്ച ചിത്രം ഡേവിഡ് ഒ സെൽസ്‌നിക് ആണ് നിർമിച്ചത്. 1939 ഡിസംബർ 15 ന് റിലീസ് ചെയ്ത ഈ ചിത്രം 3.85 ദശലക്ഷം ഡോളർ ചിലവിട്ടാണ് നിർമിച്ചത്. ബോക്‌സ് ഓഫീസിൽ നിന്ന് തൂത്തുവാരിയത് 390 ദശലക്ഷം ഡോളറായിരുന്നു.

ഗോൺ വിത്ത് ദ വിൻഡ്
A film poster showing a man and a woman in a passionate embrace.
തിയേറ്റർ പ്രീ റിലീസ് പോസ്റ്റർ
സംവിധാനംവിക്ടർ ഫ്ലെമിംഗ്
നിർമ്മാണംഡേവിഡ് ഒ. സെൽസ്നിക്ക്
തിരക്കഥസിഡ്നി ഹോവാർഡ്
ആസ്പദമാക്കിയത്Gone with the Wind
by Margaret Mitchell
അഭിനേതാക്കൾ
സംഗീതംമാക്സ് സ്റ്റെയ്നർ
ഛായാഗ്രഹണംഏണസ്റ്റ് ഹാളർ
ചിത്രസംയോജനം
വിതരണംLoew's Inc.[1][nb 1]
റിലീസിങ് തീയതി
  • ഡിസംബർ 15, 1939 (1939-12-15) (Atlanta premiere)
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
ബജറ്റ്$3.85 ദശലക്ഷം
സമയദൈർഘ്യം
ആകെ>$390 million

കഥാ തന്തു

തിരുത്തുക

രണ്ടുഭാഗങ്ങളായിട്ടാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. 1861-ൽ അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്താണ് നടക്കുന്ന കഥയിൽ ജോർജിയയി കോട്ടൺ പ്ലാന്റേഷനിൽ മാതാപിതാക്കൾക്കും രണ്ടു സഹോദരിമാർക്കും സേവകർക്കുമൊപ്പം താമസിക്കുകയാണ് സ്‌കാർലറ്റ് ഓ ഹര എന്ന യുവതി. ആഷ്‌ലി വിൽക്കീസ് എന്ന യുവാവിനെ അവൾ രഹസ്യമായി പ്രേമിക്കുന്നു. ആഷ്‌ലി അയാളുടെ കസിൻ മെലാനിൻ ഹാമിൽട്ടനെ വിവാഹം കഴിക്കാൻ തീരുമാനിച്ച വിവരം അതിനിടെ അവൾ അറിയുന്നു. സ്‌കാർലറ്റിന്റെ പ്ലാന്റേഷനോട് ചേർന്ന ആഷ്‌ലിയുടെ കുടുംബവീടായ ട്വൽവ് ഓക്‌സിൽ വച്ച് അതിനടുത്ത ദിവസം വിവാഹനിശ്ചയം നടക്കുന്നു. നാട്ടുകാരും വീട്ടുകാരും തള്ളിപ്പറഞ്ഞ റിട്ട് ബട്‌ലർ എന്ന യുവാവ്, ചടങ്ങിനിടെ തന്നെ ശ്രദ്ധിക്കുന്നത് സ്‌കാർലറ്റ് മനസ്സിലാക്കുന്നു. ചടങ്ങിനിടെ റിട്ടിനെ അവിടെ കൂടിയിരുന്ന പുരുഷൻമാരും ഒഴിവാക്കുന്നു.


അമേരിക്കൻ ആഭ്യന്തരയുദ്ധമുണ്ടാകാൻ പോകുവെന്നുതിനെപ്പറ്റിയുള്ള ചർച്ചയ്ക്കിടെ തെക്കൻ പ്രദേശം വടക്കിനേക്കാൾ ദുർബലമാണെന്ന് റിട്ട് പറഞ്ഞിതിനെ തുടർന്നായിരുന്നു ഇത്. ഇതിനിടെ തന്റെ പ്രേമം സ്‌കാർലറ്റ് രഹസ്യമായി ആഷ്‌ലിയോട് പറയുന്നു. തനിക്ക് അവളേക്കാൾ എന്തു കൊണ്ടും യോജിക്കുന്നത് മെലാനിൻ ആണെന്ന് അയാൾ മറുപടി നൽകുന്നു. അവരുടെ സംഭാഷണം താൻ ഒളിച്ചു കേട്ടുവെന്നും താനിത് ആരെയും അറിയിക്കില്ലെന്നും റിട്ട് സ്‌കാർലറ്റിനോട് പറയുന്നു. വിരുന്നിനിടെ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടുവെന്ന വാർത്തയെത്തുന്നു. അവിടെയുണ്ടായിരുന്ന പുരുഷൻമാർ സൈന്യത്തിൽ ചേരുന്നതിന് തിരക്കു കൂട്ടി സ്ഥലം വിട്ടു. മടങ്ങിപ്പോകാനൊരുങ്ങിയ സ്‌കാർലറ്റ്, ആഷ്‌ലിയും മെലാനിനും ചുംബിക്കുന്നത് നോക്കി നിൽക്കുന്നു. അതിനിടെ അവിടെ എത്തിയ മെലാനിന്റെ ഇളയ സഹോദരൻ ചാൾസ് അവളോട് വിവാഹാഭ്യർഥന നടത്തുന്നു. ഇഷ്ടമല്ലാതിരുന്നിട്ടും സ്‌കാർലറ്റ് ആ വിവാഹത്തിന് തയ്യാറാകുന്നു. വിവാഹശേഷം ചാൾസ് യുദ്ധത്തിനായി പോകുന്നു. അധികം താമസിയാതെ ന്യൂമോണിയ ബാധിച്ച് ചാൾസ് മരിക്കുന്നു. സ്‌കാർലറ്റ് ഈ ദുഃഖം മറക്കട്ടെയെന്നു കരുതി അവളുടെ അമ്മ അവളെ അറ്റ്‌ലാന്റയിലുള്ള മെലാനിന്റെ വീട്ടിലേക്ക് അയക്കുന്നു. ഓ ഹരാസിന്റെ വായാടിയായ വേലക്കാരി മാമി സ്‌കാർലറ്റ് അവിടേക്ക് പോകുന്നത് ആഷ്‌ലിയെ കാണാനാണെന്ന് പറയുന്നു.


അറ്റലാന്റ ബസാറിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഘടിപ്പിച്ച ഒരു പാർട്ടിയിൽ മെലാനിനൊപ്പം സ്‌കാർലറ്റ് പങ്കെടുക്കുന്നു. അവിടെ ഉണ്ടായിരുന്ന പ്രായം ചെന്ന സ്ത്രീകൾ അവൾക്കെതിരേ ഞെട്ടിപ്പിക്കുന്ന പരാമർശം നടത്തുന്നു. കോൺഫെഡറസിയുടെ മുൻ നിര പോരാളിയായി റിട്ട് ഇതിനിടെ പ്രത്യക്ഷപ്പെടുന്നു. കോൺഫെഡറേഷന് യുദ്ധചെലവ് കണ്ടെത്തുന്നതിന് മാന്യന്മാരായ അതിഥികൾക്കായി ഒരു ഡാൻസ് പാർട്ടി സംഘടിപ്പിക്കുന്നു. മറ്റാരേക്കാളും പ്രാധാന്യം അയാൾ സ്‌കാർലറ്റിന് അതിൽ നൽകുന്നു. സ്‌കാർലറ്റുമായി ഡാൻസ് ചെയ്യുന്നതിനിടെ തനിക്ക് അവളെ നേടണമെന്ന് അതിയായ ആഗ്രഹമുണ്ടെ് അയാൾ പറയുന്നു. അതൊരിക്കലും സംഭവിക്കില്ലെന്ന് സ്‌കാർലറ്റ് മറുപടി നൽകുന്നു.


ഗറ്റിസ് ബർഗ് യുദ്ധത്തിന് ശേഷം യുദ്ധഗതി കോൺഫെഡറസിക്ക് എതിരാകുന്നു. സ്‌കാർലറ്റിന്റെ നഗരത്തിൽ നിരവധി ആൾക്കാർ കൊല്ലപ്പെടുന്നു. ക്രിസ്മസിന് കുറേ ദിവസത്തെ അവധിക്ക് എത്തിയ ആഷ്‌ലിയോട് വീണ്ടും സ്‌കാർലറ്റ് പ്രണയാഭ്യർഥന നടത്തുന്നു. അയാൾ വീണ്ടും നിരസിക്കുന്നു. എന്നിട്ടും ക്രിസ്മസ് നാളിൽ ആഷ്‌ലി അവൾക്ക് ഒരു ചുംബനം നൽകിയ ശേഷം യുദ്ധമുഖത്തേക്ക് മടങ്ങുന്നു. എട്ടുമാസത്തിന് ശേഷം അറ്റലാന്റ നഗരം യൂണിയൻ സൈന്യം വളയുന്നു. മെലാനിന് പ്രസവമടുക്കുന്നു. അവർ മാസം തികയാതെ വീട്ടിൽ തന്നെ പ്രസവിക്കുന്നു. ആഷ്‌ലിക്ക് നൽകിയ വാക്ക് അനുസരിച്ച് സ്‌കാർലറ്റും അവളുടെ വേലക്കാരി പ്രിസിയും ചേർന്ന് വൈദ്യസഹായമില്ലാതെയാണ് പ്രസവം എടുക്കുന്നത്. മെലാനിനെയും നവജാത ശിശുവിനെയും കൂട്ടി ടാറയിലുള്ള തന്റെ വീട്ടിലേക്ക് പോകുന്നതിന് സ്‌കാർലറ്റ് റിട്ടിനെ സന്ദർശിച്ച് സഹായം അഭ്യർഥിക്കുന്നു. കലപാം കത്തിപ്പടരുന്ന തെരുവിലുടെ ഒരു കുതിരവണ്ടിയിൽ അവരെ റിട്ട് രക്ഷിക്കുന്നു. വീട്ടിലേക്കുള്ള യാത്രാമധ്യേ ആഷ്‌ലിയുടെ ട്വൽവ് ഓക്‌സ് എന്ന കുടുംബവീട് കത്തിച്ചാമ്പലാകുന്നത് സ്‌കാർലറ്റ് കാണുന്നു. ടാറ പട്ടണത്തിന് കുഴപ്പമൊന്നുമില്ലെന്ന് അവൾ തിരിച്ചറിയുന്നു. പക്ഷേ, അവളുടെ വീട്ടിലൊഴികെ ആ നാട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. നാടു മുഴവൻ കൊള്ളയടിക്കപ്പെടുന്നു. അവളുടെ അമ്മ ടൈഫോയ്ഡ് ബാധിച്ചു മരിക്കുന്നു. ഇതു കാരണം പിതാവിന്റെ മാനസിക നില തെറ്റുന്നു. തന്നെയും തന്റെ കുടുംബാംഗങ്ങളെയും സംരക്ഷിക്കാൻ താൻ എന്തും ചെയ്യുമെന്ന് സ്‌കാർലറ്റ് പ്രതിജ്ഞയെടുക്കുന്നിടത്ത് ഒന്നാം ഭാഗം അവസാനിക്കുന്നു.

തന്റെ കുടുംബാംഗങ്ങളെയുംകൂട്ടി സ്‌കാർലറ്റ് പരുത്തിപ്പാടത്തേക്ക് പുറപ്പെടുന്നിടത്താണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. പല വിധ ദുരിതങ്ങളും അവൾക്ക് നേരിടേണ്ടി വന്നു. കൊള്ളയടിക്കാൻ എത്തിയ ഒരു യൂണിയൻ പട്ടാളക്കാരൻ അവളെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്നു. അവൾ അയാളെ കൊല്ലുന്നു. കോൺഫെഡറസിയുടെ പരാജയത്തോടെ യുദ്ധം അവസാനിക്കുന്നു. ആഷ്‌ലി മടങ്ങിയെത്തിയപ്പോൾ ടാറയിൽ തനിക്ക് സഹായത്തിന് ആരുമില്ലെന്ന് മനസ്സിലാക്കുന്നു. അവളെയും കൊണ്ട് നാടുവിടാൻ സ്‌കാർലറ്റ് അയാളോട് അഭ്യർഥിക്കുന്നു. എന്നാൽ, തനിക്ക് അവളുടെ ശരീരത്തോട് മാത്രമാണ് അഭിനിവേശമെന്നും മെലാനിനെ വഞ്ചിക്കാൻ കഴിയില്ലെന്നും ആഷ്‌ലി പറയുന്നു.

സ്‌കാർലറ്റിന്റെ പിതാവ് കുതിരപ്പുറത്തു നിന്ന് വീണു മരിക്കുന്നു. നഗരത്തിന്റെ പുനർനിർമ്മാണത്തിനായി തനിക്ക് ചുമത്തിയ നികുതി അടയ്ക്കാനുള്ള കഴിവ് തനിക്കിപ്പോൾ ഇല്ലെന്ന് സ്‌കാർലറ്റ് തിരിച്ചറിയുന്നു. അവൾ റിട്ടിനെ കാണുന്നതിനായി അറ്റ്‌ലാന്റയിൽ ചെല്ലുന്നു. അയാൾ അവിടെ ജയിലിലാണ്. തന്റെ ബാങ്ക് അക്കൗണ്ട് മുഴുവൻ മരവിപ്പിച്ചിരിക്കുകയാണെന്ന് അയാൾ അവളോടു പറയുന്നു. അയാളിൽ നിന്ന് എന്തെങ്കിലും സഹായമുണ്ടാകുമെന്ന സ്‌കാർലറ്റിന്റെ പ്രതീക്ഷയും ഇതോടെ തെറ്റുന്നു. മടങ്ങുന്ന വഴിക്ക് സ്‌കാർലറ്റ് സഹോദരിയുടെ പ്രതിശ്രുത വരൻ ഫ്രാങ്ക് കെന്നഡിയെ കാണുന്നു. മധ്യവയസു കഴിഞ്ഞ അയാൾ ഒരു പലചരക്ക് കടയും ഉപയോഗശൂന്യമായ വസ്തുക്കൾ പൊടിക്കുന്ന മില്ലും നടത്തുകയാണ്. തന്റെ സഹോദരി സ്യൂലൻ അയാളെ കാത്തിരുന്ന് മടുത്തു കാമുകനെ വിവാഹം കഴിച്ചുവെന്ന് സ്‌കാർലറ്റ് അയാളെ അറിയിച്ചു. അതിന് ശേഷം സ്‌കാർലറ്റ് കെന്നഡിയെ വിവാഹം കഴിക്കുന്നു. വൈകാരികമായ അടുപ്പം കെന്നഡിയിൽ സ്ഥാപിച്ചെടുത്ത് സ്‌കാർലറ്റ് ആഷ്‌ലിലെ മില്ലിന്റെ മാനേജരായി നിയമിച്ചു.


സ്‌കാർലറ്റ് ഒറ്റയ്ക്ക് കാറോടിച്ച് വരുന്നതിനിടയിൽ ഷാന്റി ടൗണിൽ വച്ച് അവളെ സംഘം ചേർന്ന് ബലാൽസംഗം ചെയ്യാൻ ചിലർ ശ്രമിക്കുന്നു. അതിൽ നിന്ന് തലനാരിഴയ്ക്ക് അവൾ രക്ഷപെടുന്നു. പ്രതികളെ പിടികൂടാൻ കെന്നഡി, ആഷ്‌ലി, റിട്ട് എന്നിവരും മറ്റും ചിലരും ചേർന്ന് നഗരത്തിൽ പരിശോധന നടത്തുന്നു. ഇതിനിടെ കെന്നഡി കൊല്ലപ്പെടുന്നു. കെന്നഡിയുടെ സംസ്‌കാരത്തിന് ശേഷം റിട്ട് സ്‌കാർലറ്റിനെ സമീപിച്ച് വിവാഹാഭ്യർഥന നടത്തുന്നു. അവൾ സമ്മതിക്കുന്നു. അവർക്കൊരു മകളുണ്ടായി. റിട്ട് അതിന് ബോണി ബ്ലൂവെന്ന് പേരിടുന്നു. ഇതിനിടയിലും സ്‌കാർലറ്റ് ആഷ്‌ലിയുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നു. അവൾക്കിനിയൊരു സന്താനം വെണ്ടെന്നും അതിനായി അവൾ തനിക്കൊപ്പം കിടക്ക പങ്കിടാൻ മടിക്കുന്നതും റിട്ട് മനസ്സിലാക്കുന്നു. മില്ലിനുള്ളിൽ രഹസ്യമായി ആലിംഗന ബദ്ധരായി നിൽക്കുന്ന ആഷ്‌ലിയെയും സ്‌കാർലറ്റിനെയും അയാളുടെ സഹോദരി ഇൻഡ്യ കണ്ടെന്ന് ഒരു അപവാദം പ്രചരിക്കുന്നു. ഇതോടെ സ്‌കാർലറ്റിന്റെ വ്യക്തിത്വത്തിന് വീണ്ടും മങ്ങലേൽക്കുന്നു. ഇതിൽ പ്രകോപിതനായ റിട്ട് അന്നു രാത്രി ആഷ്‌ലിക്ക് ഒരു ജന്മദിന വിരുന്ന് നൽകാൻ സ്‌കാർലറ്റിനെ നിർബന്ധിക്കുന്നു. സ്‌കാർലറ്റിനെക്കുറിച്ചുള്ള അപവാദം ഒന്നും വിശ്വസിക്കാത്ത മെലാനിൻ അവൾക്കൊപ്പം എല്ലാ സമയവും ഉണ്ടായിരുന്നു. ഇതോടെ അപവാദം പ്രചരിപ്പിച്ചവർ നിരാശരായി. റിട്ടും സ്‌കാർലറ്റും തിരികെ വീട്ടിലെത്തുന്നു. അയാൾ നന്നായി മദ്യപിച്ചിരുന്നു. ആഷ്‌ലിയെപ്പറ്റി പറഞ്ഞ് ഇരുവരും വഴക്കു കൂടുന്നു. സ്‌കാർലറ്റിനെ റിട്ട് ക്രൂരമായി മർദിച്ച ശേഷം അവളെ ബലമായി കീഴ്‌പ്പെടുത്തുന്നു. അടുത്ത ദിവസം റിട്ട് അവളോട് മാപ്പിരക്കുന്നു. താൻ വിവാഹമോചനത്തിന് ഒരുക്കമാണെന്ന് അയാൾ പറയുന്നു. സ്‌കാർലറ്റ് സമ്മതിക്കുന്നില്ല. അത് തനിക്ക് അപമാനമാണെന്ന് അവൾ പറയുന്നു.

ലണ്ടനിൽ ഒരു യാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന റിട്ടിനോട് പൊരുത്തപ്പെടാൻ ശ്രമിച്ച് സ്‌കാർലറ്റ് പരാജയപ്പെടുന്നു. താൻ ഗർഭിണിയാണെന്ന് സ്‌കാർലറ്റ് പറയുന്നു. അതേച്ചൊല്ലി വാക്കേറ്റമുണ്ടാകുന്നു. അതിനിടെ കോണിപ്പടിയിൽ നിന്ന് വീണ് സ്‌കാർലറ്റിന്റെ ഗർഭം അലസുന്നു. സ്‌കാർലറ്റ് സുഖം പ്രാപിച്ചു വരവേ അടുത്ത ദുരന്തമെത്തുന്നു. മകൾ ബോണി തന്റെ കുതിരക്കുട്ടിയുടെ പുറത്തു കയറി ഒരു വേലി ചാടിക്കടക്കാനുള്ള ശ്രമത്തിനിടെ വീണു മരിക്കുന്നു. മെലാനിൻ വീട്ടിലെത്തി സ്‌കാർലറ്റിനെ ശുശ്രൂഷിക്കുന്നു. പക്ഷേ, രണ്ടാമതും ഗർഭിണിയായ മെലാനിൻ മരക്കിടക്കിയിലാകുന്നു. വീണ്ടും ഗർഭം ധരിക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് അവൾ ഗർഭിണിയാകുന്നത്. മരണക്കിടക്കയിൽ വച്ച് മെലാനിൻ സ്‌കാർലറ്റിനോട് ആഷ്‌ലിയെ നോക്കിക്കൊള്ളണമെന്നും റിട്ടുമായി യോജിച്ച് പോകണമെന്നും പറയുന്നു. ആഷ്‌ലിയെ സമാധാനിപ്പിക്കാൻ സ്‌കാർലറ്റ് ശ്രമിക്കുന്നതിനിടെ റിട്ട് വീട്ടിലേക്ക് മടങ്ങുന്നു. ആഷ്‌ലി എന്നും മെലാനിനെ മാത്രമേ സ്‌നേഹിച്ചിട്ടുള്ളുവെന്ന് അയാൾക്ക് ബോധ്യമാകുന്നു. സ്‌കാർലറ്റ് റിട്ടിന് പിന്നാലെ വീട്ടിലെത്തുന്നു. തന്നെ ഉപേക്ഷിച്ച് പോകാനൊരുങ്ങുന്ന അയാളോട് സ്‌കാർലറ്റ് ഇങ്ങനെ പറയുന്നു: ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. ഞാൻ റിട്ടിനെ മാത്രമാണ് സ്‌നേഹിച്ചിട്ടുള്ളത്. ആഷ്‌ലിയോട് എനിക്കുണ്ടായിരുന്നത് സ്‌നേഹമായിരുന്നില്ല. വെറും ഭ്രമം. ഇതൊന്നും റിട്ട് ചെവിക്കൊള്ളുന്നില്ല. ഒത്തുതീർപ്പിന് എന്തെങ്കിലും സാധ്യതയുണ്ടായിരുന്നെങ്കിലും ബോണിയുടെ മരണത്തോടെ അതും ഇല്ലാതായെന്ന് അയാൾ പറയുന്നു. അവളുടെ കരച്ചിലും പിൻവിളിയും കേൾക്കാൻ നിൽക്കാതെ വാതിൽ കടന്ന് റിട്ട് പോകുന്നു. പുലർകാലത്തെ മൂടൽമഞ്ഞിനടിയിലൂടെ നടന്നകലുന്ന റിട്ടിനെ നോക്കി സ്‌കാർലറ്റ് കോണിപ്പിടിയിൽ നിന്നു. അവന്റെ സ്‌നേഹം ഒരിക്കൽ തന്നെത്തേടി തിരികെയെത്തും എന്നവൾക്ക് ഉറപ്പുണ്ടായിരുന്നു.

അഭിനേതാക്കൾ

തിരുത്തുക
Tara plantation
At Twelve Oaks
In Atlanta
Minor supporting roles

അണിയറ പ്രവർത്തകർ

തിരുത്തുക

വിവിയൻ ലേ ആണ് സ്‌കാർലറ്റിന് ജീവൻ നൽകിയത്. ആഷ്‌ലിയായി ലെസ്ലി ഹോവാർഡും മെലാനിൻ ഹാമിൽട്ടണായി ഒലിവിയ ഡി ഹാവിലാൻഡും ചാൾസ് ആയി റാൻഡ് ബ്രൂക്ക്‌സും റിട്ട് ആയി ക്ലാർക്ക് ഗേബിളും ഫ്രാങ്ക് കെന്നഡിയായി കാരോൾ നൈയും വേഷമിട്ടു. മാക്‌സ് സ്‌നൈറായിരുന്നു പശ്ചാത്തല സംഗീതമൊരുക്കിയത്. ഏണസ്റ്റ് ഹാളർ ഹായാഗ്രഹണം നിർവഹിച്ചു. ഹാൾ സി. കെൻ, ജെയിംസ് ഇ ന്യൂകോം എന്നിവരാണ് എഡിറ്റിംഗ് നടത്തിയത്. 2008 ൽ അമേരിക്കയിൽ നടത്തിയ ഒരു വോട്ടെടുപ്പിൽ ഗോൺ വിത് ദ വിൻഡ് ജനപ്രീതി നേടിയ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. 1977 ൽ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് നടത്തിയ അഭിപ്രായസർവേയിലും ഇതേ ചിത്രമായിരുന്നു ഒന്നാമത്. 1998 ൽ നടത്തിയ 100 മഹത്തായ സിനിമകളുടെ തെരഞ്ഞെടുപ്പിൽ ചിത്രം നാലാമതെത്തി. ഒരു പാട് കുഴപ്പങ്ങൾക്ക് ശേഷമായിരുന്നു ചിത്രത്തിന്റെ നിർമ്മാണം തുടങ്ങിയത്. നിശച്‌യിച്ചിരുന്നതിലും രണ്ടു വർഷം താമസിച്ചാണ് തുടങ്ങിയത്. റിട്ട് ബട്ടറിന്റെ റോളിലേക്ക് ക്ലാർക്ക് ഗേബിൾ മതിയെന്ന നിർമാതാവിന്റെ കടുംപിടുത്തമായിരുന്നു കാരണം. സ്‌കാർലറ്റിന്റെ റോളിൽ അഭിനയിക്കാൻ 1400 സ്ത്രീകളെ ഇന്റർവ്യൂ ചെയ്തു. സിഡ്‌നി ഹോവാർഡ് എഴുതിയ തിരക്കഥ വേണ്ട ദൈർഘ്യത്തിലേക്ക് എത്തിക്കാൻ മറ്റൊരുപാട് എഴുത്തുകാർ ഏറെ പണിപ്പെടേണ്ടി വന്നു. ചിത്രം തുടങ്ങിയപ്പോൾ ജോർജ് കുകർ ആയിരുന്നു സംവിധായകൻ. തുടങ്ങി ഏറെയെത്തും മുമ്പേ ജോർജിനെ പുറത്താക്കി വിക്ടർ ഫ്‌ളെമിംഗിനെ കൊണ്ടു വന്നു. ഇടയ്ക്ക് വച്ച് വിക്ടർ കുറേനാൾ വിട്ടു നിന്നപ്പോൾ സാം വുഡാണ് സംവിധാനം ചെയ്തത്. എന്തായാലും വിക്ടറിന്റെ പേരിലാണ് ചിത്രം അറിയപ്പെട്ടത്.

പുരസ്‌കാരങ്ങൾ

തിരുത്തുക

1940 ൽ അക്കാദമി അവാർഡുകൾ 10 എണ്ണമാണ് ചിത്രം നേടിയത്. എട്ടെണ്ണം മൽസര വിഭാഗത്തിലും രണ്ടെണ്ണം ഓണററിയുമായിരുന്നു. മികച്ച ചിത്രം, സംവിധായകൻ, അനുരൂപീകൃത തിരക്കഥ, മികച്ച നടി(വിവിയൻ ലേ), സഹനടി (ഹാറ്റി മക്ഡാനിയൽ) എന്നിങ്ങനെയായിരുന്നു നോമിനേഷൻ. അമേരിക്കൻ സിനിമയുടെ ചരിത്രത്തിലെ എക്കാലലെത്തയും വലിയ ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു ഗോൺ വിത്ത് ദ വിൻഡ്.

ഇതും കാണുക

തിരുത്തുക

Explanatory notes

  1. Loews was the parent company of MGM.[2]
  2. 2.0 2.1 The credits at the start of the film contain an error: George Reeves is listed "as Brent Tarleton", but plays Stuart, while Fred Crane is listed "as Stuart Tarleton", but plays Brent.[3]
  3. 3.0 3.1 3.2 Hattie McDaniel, Oscar Polk and Butterfly McQueen play slaves in the film but are credited as "house servants". This misrepresentation is retained in the cast listing so that the credits are accurately conveyed to the reader.

Citations

  1. Weinberg, Herman G. (1971-12). ": The American Film Institute Catalog of Motion Pictures Produced in the United States Feature Films 1921-1930 . Ken Munden". Film Quarterly. 25 (2): 59–64. doi:10.1525/fq.1971.25.2.04a00200. ISSN 0015-1386. {{cite journal}}: Check date values in: |date= (help)
  2. Gomery, Douglas; Pafort-Overduin, Clara (2011). Movie History: A Survey (2nd ed.). Taylor & Francis. p. 144. ISBN 9781136835254.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; AFIcatalog എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

കൂടുതൽ വായനയ്ക്ക്

 
വിക്കിചൊല്ലുകളിലെ ഗോൺ വിത്ത് ദ വിൻഡ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: