നായ
ദൃശ്യരൂപം
മനുഷ്യൻ ഇണക്കി വളർത്തുന്ന ഒരു മൃഗമാണ് നായ. ചെന്നായുടെ ഉപജാതിയും സസ്തനികളിലെ കാനിഡെ കുടുംബത്തിലെയും കാർണിവോറ ഓർഡറിലെയും അംഗങ്ങളുമാണ് നായ്ക്കൾ.
നായയുമായി ബന്ധപ്പെട്ടെ ചൊല്ലുകൾ
- പട്ടി കുരച്ചാൽ പടിപ്പുര തുറക്കുമൊ?
- അഗ്രഹാരത്തിൽ പിറന്നാലും നായ് വേദമോതില്ല
- കാണുക:കുഞ്ജരശൗചന്യായം
- നായുടെ വാലു പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും വളഞ്ഞേ ഇരിക്കൂ
- കാണുക:കുഞ്ജരശൗചന്യായം
- നമ്പ്യാർ ചൊല്ലുകളിൽ ഈ ചൊല്ല് ഇപ്രകാരം കാണാം
- ആയിരം വർഷം കുഴലിലിരുന്നാൽ നായുടെ വാലു വളഞ്ഞേയിരിപ്പൂ (സ്യമന്തകം)
- നായുടെ വാലൊരു പന്തീരാണ്ടേയ്ക്കായതമാകിന കുഴലതിലാക്കി
- പിന്നെയെടുത്തതു നോക്കുന്നേരം മുന്നേപ്പോലെ വളഞ്ഞേയിരിപ്പൂ (ഘോഷയാത്ര)
- കുരക്കുന്ന പട്ടി കടിക്കില്ല
- വലിയ ആവേശത്തോടെ സംസാരിക്കുന്നവർ പ്രവൃത്തിയിൽ പിന്നിലായിരിക്കും എന്നതാണ് ഈ പഴഞ്ചൊല്ലിന്റെ സാരം. പ്രസംഗത്തിലല്ല, മറിച്ച് പ്രവൃത്തിയിലാണ് കാര്യം.
- നമ്പ്യാർ ചൊല്ലുകളിൽ ഇപ്രകാരം കാണാം
- കടിയാപ്പട്ടി കുരയ്ക്കുമ്പോളൊരു
- വടിയാൽ നിൽക്കുമതല്ലാതെന്തിഹ (രാമാനുചരിതം)
- കടിയാപ്പട്ടികൾ നിന്നുകുരച്ചാൽ
- വടിയാലൊന്നു തിരിച്ചാൽ മണ്ടും (സത്യാസ്വയം വരം)
- ആംഗലേയം: Barking dogs seldom bite
- നടുക്കടലിലും നായ നക്കിയേ കുടിക്കൂ
- എത്ര അനുകൂലസാഹചര്യങ്ങളുണ്ടായാലും ചിലർ പ്രയോജനപ്പെടുത്താറില്ല. ഏവിടായാലും സ്വന്തം സ്വഭാവം കാണിക്കും.
- കാണുക:കുഞ്ജരശൌചന്യായം
- താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ നായ ഇരിക്കും
- അവനവൻ സ്വന്തം നിലയും വിലയും നോക്കി പെരുമാറിയില്ലങ്കിൽ യോഗ്യതയില്ലാത്ത മറ്റാരെങ്കിലും ആ സ്ഥാനം കയ്യടക്കും.
- നാ(നായ)നാ ആയിരുന്നാൽ പുലി കാട്ടം(കാഷ്ടം) ഇടും.
- ആത്മവിശ്വാസം വെടിയാതെ പ്രശ്നങ്ങളെ നേരിടുക. അവനവന്റെ നിലയും വിലയും കളയാതെ പ്രവർത്തിച്ചാൽ ആരുടെ മുമ്പിലും തല കുനിക്കേണ്ടി വരില്ല പുലിയെ പേടിച്ചു പട്ടി കുരക്കാതിരിക്കരുത്.
- നാരി ഭരിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റിടം.
- നാരി ഭരിച്ച ഇടം, നാരകം നട്ട ഇടം, കൂവളമരം നശിച്ചു പോയ ഇടം, നായ പെറ്റു കിടക്കുന്ന ഇടം, ഇവയെല്ലാം ഒരു പോലെ ആപൽക്കരം.
- നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും
- നായ, നാരി, ഇഞ്ച എന്നിവ ചതക്കുന്നത്രോളം അതിൻറെ ഗുണം കൂടി വരും.
- പട്ടിക്കു രോമം കിളിർത്തിട്ട് അമ്പട്ടനെന്ത് കാര്യം?
- പട്ടിക്കു രോമം കിളിർത്താലും അതു വെട്ടാനായി അമ്പട്ട(ക്ഷുരകൻ)ന്റെ അടുക്കൽ പട്ടി പോകുകയില്ലാത്തതിനാൽ ക്ഷുരകനു പ്രയോജനം വരുന്നില്ല.
- മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങവീണു.
- കാരണം കൂടാതെ കലഹിക്കാൻ ഇരിക്കുന്നവർക്ക് കാരണം കൂടി ഉണ്ടാകുക.
- വെടിക്കെട്ടുകാരൻറെ പട്ടിയെ ഉടുക്ക് കാട്ടി പേടിപ്പിക്കരുത്.
- സ്ഥിരം ഒരു നിശ്ചിത പ്രവൃത്തിയുമായി ബന്ധപ്പെട്ട വ്യക്തിയെ അതിലും ലാഘവമുള്ള പ്രവൃത്തി തന്മയത്വത്തോടെ ചെയ്യാൻ കഴിയുമെന്ന് ധ്വനിപ്പിക്കുന്നു.
- പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയ പോലെ
- തേങ്ങ പൊതിയ്ക്കാൻ പട്ടിയ്ക്ക് അറിയില്ലല്ലോ? പട്ടിയ്ക്ക്ഉടച്ച തേങ്ങ കിട്ടിയിട്ടേ കാര്യമുള്ളൂ.
- നക്കിതിന്നുന്ന നായ കുരയ്ക്കില്ല
- ആനപ്പുറത്തിരിയ്ക്കുമ്പോൾ നായയെ പേടിക്കണോ?
- അരിയും തിന്നു ആശാരിച്ചിയെയും കടിച്ചിട്ടും നായയ്‌ക്ക് മുറുമുറുപ്പ്.
- കുരയ്‌ക്കുന്ന നായയ്‌ക്ക് ഒരു പൂളു തേങ്ങ.
- കെട്ടിയിട്ട പട്ടിക്ക് കുപ്പയെല്ലാം ചോറ്.
- നായ കണ്ട കഞ്ഞി പോലെ.
നായയെപ്പറ്റി പ്രമുഖർ
- നായ ആദ്യം മണത്തുനോക്കും, പിന്നെ കാലു പൊക്കും; ആ ഔചിത്യമില്ലായ്മയ്ക്ക് നാം വിരോധമൊന്നും പറയുന്നില്ല. പക്ഷേ എഴുത്തുകാരൻ ആദ്യം വായിക്കുകയും പിന്നെ എഴുതുകയും ചെയ്യുന്നത് ദയനീയം തന്നെ.
- നായ കൂറുള്ള ജന്തുവാണെന്നതു ശരിതന്നെ. അതുകൊണ്ടു പക്ഷേ നാം അതിനെ മാതൃകയായിട്ടെടുക്കണമെന്നുണ്ടോ? അവന്റെ കൂറ് മനുഷ്യനോടാണ്, മറ്റു നായ്ക്കളോടല്ല.
- നന്നായി കുരയ്ക്കുന്ന ഒരു നായ നല്ല നായ ആയിരിക്കില്ല. നന്നായി സംസാരിക്കുന്ന ഒരുവൻ നല്ല മനുഷ്യൻ ആയിരിക്കണമെന്നില്ല.
- യൂഫ്രട്ടീസ് നദീതീരത്ത് ഒരു നായ പട്ടിണികിടന്നു ചത്താലും ഉമർ അതിന് അള്ളാഹുവിനോട് സമാധാനം പറയേണ്ടി വരും.
- പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിയ്ക്കുന്നില്ല.
പുറത്തേക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
വിക്കിസ്പീഷിസിൽ 'നായ'
എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.