ടിയറ ഡെൽ ഫ്വേഗോ
Geography | |
---|---|
Location | Pacific Ocean, Atlantic Ocean |
Major islands | Tierra del Fuego, Hoste, Navarino, Gordon, Wollastone, Noir, Staten, Hermite, Santa Inés, Clarence, Dawson, Capitán Aracena, Londonderry, Picton, Lennox, Nueva, Diego Ramírez, O'Brien, and Desolación Islands among many others |
Highest point | Monte Shipton |
Administration | |
Region |
|
Provinces | Tierra del Fuego Province and Antártica Chilena |
Communes | Cabo de Hornos, Antártica, Porvenir, Primavera, Timaukel |
Province | Tierra del Fuego |
Demographics | |
Population | >135,000 (2010) |
Ethnic groups | Argentines, Chileans, Selknams, Kawésqar, Yaghans |
തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ തേക്കേയറ്റത്ത്, മഗല്ലൻ കടലിടുക്കിനപ്പുറം സ്ഥിതി ചെയ്യുന്ന ഒരു ദ്വീപസമൂഹമാണ് ടിയറ ഡെൽ ഫ്വേഗോ. ചിലിയുടെ നിയന്ത്രണത്തിലുള്ള മഗലൻ കടലിടുക്ക് ഈ ദ്വീപസമൂഹത്തെ പ്രധാന കരയിൽനിന്നും വേർതിരിക്കുന്നു. സ്പാനിഷ് ഭാഷയിലുള്ള ഈ പേരിന് "അഗ്നിഭൂമി" എന്നാണർത്ഥം. ചിലിയുടേയും അർജന്റീനയുടേയും വിഭക്തനിയന്ത്രണത്തിൽ, 48100 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരു മുഖ്യദ്വീപും (Isla Grande de Tierra del Fuego) ഹോൺ മുനമ്പ് ഉൾപ്പെടെയുള്ള ഒരു കൂട്ടം ചെറിയ ദ്വീപുകളും ചേർന്നതാണിത്.[1] 1520-ൽ ഫെർഡിനാന്റ് മഗല്ലന്റെ പര്യവേഷണം കണ്ടെത്തിയ ഈ ദ്വീപസമൂഹത്തിൽ പാശ്ചാത്യർ കുടിയേറിയത് പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ വൻതോതിൽ ആടുവളർത്തലും സ്വർണ്ണത്തിരയലും തുടങ്ങിയതോടെയാണ്. ഇപ്പോൾ ടിയറ ഡെൽ ഫ്വേഗോയുടെ വടക്കൻ ഭാഗത്തിന്റെ സമ്പദ്ഘടന പെട്രോളിയം ഖനനത്തേയും തെക്കൻ ഭാഗത്തിന്റേത് വിനോദസഞ്ചാരം, വ്യാവസായികോത്പാദനം, അന്റാർട്ടിക്കൻ പര്യവേഷണത്തിന്റെ അനുബന്ധവ്യവസായങ്ങൾ എന്നിവയേയും ആശ്രയിച്ചിരിക്കുന്നു.
യൂറോപ്യൻ അധിനിവേശത്തെ തുടർന്ന് ദേശവാസികളായ സെൽക്ക്നാം, യാഘാൻ ജനവംശങ്ങൾ, രോഗബാധയിലും യൂറോപ്യന്മാരുമായുള്ള അസന്തുലിതമായ ഏറ്റുമുട്ടലുകളിലും മിക്കവാറും ഇല്ലാതായി. ഇന്ന് സെൽക്ക്നാമുകൾ വ്യതിരിക്തമായ ഒരു ജനവർഗ്ഗമെന്ന നിലയിൽ അന്യംനിന്നുപോവുകയും അവരുടെ ഭാഷ ഇല്ലാതാവുകയും ചെയ്തിരിക്കുന്നു. അവശേഷിക്കുന്ന യാഘാനുകളിൽ ഒരു വിഭാഗം നവാരീനോ ദ്വീപിലെ ഉകീകായിലും മറ്റുള്ളവർ ചിലിയിലും അർജന്റീനയിലും പലയിടങ്ങളിലായി ചിന്നിച്ചിതറിയും ജീവിക്കുന്നു.
ദ്വീപസമൂഹത്തിന്റെ വിസ്തീർണം: സു. 71, 484 ച.കീ.മീ. ഇതിൽ ഏറ്റവും വലിയ ദ്വീപായ, ടീറാ-ദെൽ-ഫ്യൂഗോയ്ക്ക് 49,935 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകൾ: കിഴക്ക് അറ്റ്ലാന്തിക് സമുദ്രം, തെക്ക് അന്റാർട്ടിക് സമുദ്രം, പടിഞ്ഞാറ് പസിഫിക് സമുദ്രം. കേപ്ഹോൺ മുനമ്പാണ് ദ്വീപസമൂഹത്തിന്റെ തെക്കേ മുനമ്പ്. ജനസംഖ്യ: 3600. ടീറാ-ദെൽ-ഫ്യൂഗോയുടെ പൂർവ ഭാഗങ്ങൾ ആർജന്റീനയ്ക്കും, പശ്ചിമഭാഗങ്ങൾ ചിലിക്കും അധികാരപ്പെട്ടതാണ്. നവറിൻ, ഹോസ്തെ, ക്ലാരൻസ്, സാന്റാഇന എന്നിവയാണ് മറ്റു പ്രധാന ദ്വീപുകൾ. ടീറാ-ദെൽ-ഫ്യൂഗോ ദ്വീപിന് ഐല ഗ്രാൻഡെ (Isla Grande) എന്നും പേരുണ്ട്. ഈ പ്രദേശങ്ങളുൾക്കൊള്ളുന്ന ആർജന്റീനൻ പ്രവിശ്യക്കും ടീറാ-ദെൽ-ഫ്യൂഗോ എന്നാണ് പേർ. പ്രവിശ്യാ വിസ്തീർണം: 21571 ച. കി. മീ.; ജനസംഖ്യ: 134036 (1999), തലസ്ഥാനം: ഉഷൂയയിയ; ജനസംഖ്യ: 29166 (1991).
ചരിത്രം
[തിരുത്തുക]1520-ൽ ഫെർഡിനന്റ് മഗലൻ ആണ് ഈ ദ്വീപസമൂഹത്തിന് ടീറാ-ദെൽ-ഫ്യൂഗോ എന്ന പേരു നൽകിയത്. പസിഫിക്കിലേക്ക് എളുപ്പമാർഗ്ഗം കണ്ടുപിടിക്കാനുള്ള മഗലന്റെ ശ്രമത്തിനിടയിലാണ് അദ്ദേഹം ഈ ദ്വീപ് കണ്ടെത്തിയത്. അഗ്നിയുടെ നാട്' (Land of fire) എന്നാണ് നാമാർഥം. ദ്വീപിലെ ആദിമനിവാസികൾ തണുപ്പകറ്റാൻ നിരന്തരം തീക്കുണ്ഡങ്ങൾ സൂക്ഷിക്കുക പതിവായിരുന്നു. ദ്വീപിന്റെ തീരങ്ങളിൽ കെടാതെ സൂക്ഷിച്ചിരുന്ന തീക്കുണ്ഡങ്ങൾ ശ്രദ്ധയിൽപ്പെട്ടാണ് മഗലൻ ഈ ദ്വീപിനെ അഗ്നിയുടെ നാട് എന്ന് വിശേഷിപ്പിച്ചത്. ആർജന്റീനിയൻ അധീനതയിലുള്ള ടീറാ-ദെൽ-ഫ്യൂഗോ പ്രവിശ്യയുടെ തലസ്ഥാനമായ ഉഷുയയിയ (Ushuaia) നഗരം ലോകത്തിലെ ഏറ്റവും തെക്കേയറ്റത്തെ ഭരണ കേന്ദ്രമാണ്. ടീറാ-ദെൽ-ഫ്യൂഗോ ദ്വീപുവാസികളെ പൊതുവേ ഫ്യൂഗിയൻസ് എന്ന് വിളിക്കുന്നു.
1948-ൽ ടീറാ-ദെൽ-ഫ്യൂഗോ ദ്വീപിന്റെ ആർജന്റീനിയൻ ഭാഗത്ത് ഒരു ഇറ്റാലിയൻ അധിവാസിത പ്രദേശം നിലവിൽവന്നു. ദ്വീപസമൂഹത്തിൽപ്പെടുന്ന നവറീൻ ദ്വീപിൽ ചിലിയുടെ ഒരു നാവികത്താവളം പ്രവർത്തിക്കുന്നുണ്ട്. ടീറാ-ദെൽ-ഫ്യൂഗോയുടെ ചില ഭാഗങ്ങളിൽ എണ്ണ നിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
തുടർച്ചയായ മഴയും കൊടുങ്കാറ്റും ഈ ദ്വീപസമൂഹത്തിന്റെ കാലാവസ്ഥയുടെ പ്രത്യേകതയാണ്. ശൈത്യകാലത്ത് ദ്വീപസമൂഹത്തിന്റെ ഭൂരിഭാഗവും മഞ്ഞുകൊണ്ട് മൂടപ്പെടുന്നു. വാർഷിക താപനില, വർഷപാതം എന്നിവയുടെ ശ.ശ. യഥാക്രമം 6 ഡിഗ്രി സെ. ഉം. 635 മി. മീ-ഉം ആകുന്നു.
കോളനീകരണത്തിനു മുൻപ്
[തിരുത്തുക]ടിയറ ഡെൽ ഫ്വേഗോയിലെ ആദ്യത്തെ മനുഷ്യാധിവാസം പതിനായിരത്തോളം വർഷങ്ങൾക്കു മുൻപായിരുന്നെന്ന് കരുതപ്പെടുന്നു. ദ്വീപസമൂഹത്തിലെ ആദിമനിവാസികളിൽ പെടുന്ന യാഘാനുകൾ നവാരീനോ ദ്വീപിലും മറ്റുമാണ് പാർപ്പുറപ്പിച്ചത്.[2]
സ്പെയിനിലെ രാജാവിനു വേണ്ടി പര്യവേഷണം നടത്തിയിരുന്ന പോർച്ചുഗീസുകാരൻ ഫെർഡിനാന്റ് മഗല്ലനാണ് ഈ ഭൂപ്രദേശത്ത് ആദ്യമെത്തിയ യൂറോപ്യൻ. 1520-ൽ ഇവിടെയെത്തിയ മഗല്ലൻ, ദ്വീപുകളിലെ നിവാസികൾ ഇട്ട തീക്കുപ്പകളിൽ നിന്നുയർന്നിരുന്ന പുക കപ്പലിൽ നിന്നു കണ്ടപ്പോൾ നൽകിയതാണ് 'അഗ്നിഭൂമി' എന്നർത്ഥമുള്ള ടിയറ ഡെൽ ഫ്വേഗോ എന്ന പേര്. തീ കണ്ട മഗല്ലൻ, ദേശവാസികൾ തന്റെ കപ്പൽക്കൂട്ടത്തെ ആക്രമിക്കാൻ ഒരുങ്ങുകയാണെന്ന് സംശയിച്ചിരുന്നു.[3]
1830-ൽ എച്ച്. എം. എസ്. ബീഗിൾ എന്ന കപ്പലിലിന്റെ ആദ്യപര്യടനത്തിൽ ടിയറ ഡെൽ ഫ്വേഗോയിലെത്തിയ റോബർട്ട് ഫിറ്റ്സ്‌റോയ്, പിന്നീട് "ജെമ്മി ബട്ടൻ" എന്ന യൂറോപ്യൻ നാമം നൽകപ്പെട്ട 'ഒരുണ്ടെല്ലിക്കൊ' ഉൾപ്പെടെ നാലു 'ഫ്വേഗ'-ന്മാരെ മടക്കയാത്രയിൽ ഇംഗ്ലണ്ടിലേയ്ക്ക് കൊണ്ടുപോയി. അവരിൽ ജീവനോടെ എത്തിയ മൂവരെ ലണ്ടണിൽ രാജാവിനേയും രാജ്ഞിയേയും മുഖം കാണിക്കാൻ കൊണ്ടുപോവുകയും വാർത്താവിഷയങ്ങളാക്കുകയും(celebrities) ചെയ്തു. ജീവപരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിനേയും കൂട്ടിയുള്ള ബീഗിളിന്റെ ചരിത്രപ്രസിദ്ധമായ രണ്ടാം പര്യവേഷണ യാത്രയിൽ, ഈ മൂവരെ തിരികെ കൊണ്ടുപോയി. ഇവിടേയ്ക്കുള്ള തന്റെ സന്ദർശനത്തെപ്പറ്റി ഡാർവിൻ വിശദമായ കുറിപ്പുകൾ അവശേഷിപ്പിച്ചിട്ടുണ്ട്.
കോളനീകരണവും ജനജാതികളും
[തിരുത്തുക]പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഈ ദ്വീപസമൂഹം ചിലിയുടേയും അർജന്റീനയുടേയും സ്വാധീനത്തിലാകാൻ തുടങ്ങി. സ്പാനിഷ് പിന്തുടർച്ചയുടെ ന്യായം പറഞ്ഞ് രണ്ടു രാജ്യങ്ങളും മുഴുവൻ ദ്വീപുകളുടേയും മേൽ അവകാശം ഉന്നയിക്കാൻ തുടങ്ങി. അതേകാലത്തു തന്നെ, റിയോ ഗ്രാണ്ടി, ഡോസൺ ദ്വീപ് എന്നിവിടങ്ങളിൽ സലേഷ്യൻ മിഷനറിമാർ പ്രവർത്തിക്കാനും തുടങ്ങി.
1879-ൽ ചിലിയുടെ ഒരു പര്യവേഷകസംഘം, ഈ ദ്വീപുകളിലെ അരുവികളിലും നദീതടങ്ങളിലും വലിയ തോതിൽ പ്ലേസർ സ്വർണ്ണനിക്ഷേപം ഉണ്ടെന്ന് കണ്ടെത്തി. 1883 മുതൽ 1909 വരെയുള്ള കാലത്ത്, ദ്വീപുകളിലേയ്ക്ക് വൻതോതിലുള്ള കുടിയേറ്റത്തിന് ഈ കണ്ടെത്തൽ പ്രേരണ നൽകി. ഒട്ടേറെ അർജന്റീനക്കാരും ചിലിയന്മാരും ക്രൊയേഷ്യന്മാരും ഈ ദ്വീപുകളിൽ താമസമാക്കിയത്, പ്രാദേശിക ജനവംശമായ സെൽക്ക്‌നാമുകളുമായി സംഘർഷത്തിനു വഴിതെളിച്ചു. സെൽക്ക്നാമുകൾ പൊതുവേ കുടിയേറ്റക്കാരുമായി ഇടപെടാതെ കഴിയാൻ ശ്രമിച്ചു. നാട്ടുകാർ ആഹാരത്തിന് ആശ്രയിച്ചിരുന്ന വന്യമൃഗങ്ങളെ വൻ തോതിൽ കൊന്നൊടുക്കിയ കുടിയേറ്റക്കാർ, ദ്വീപുകളിലെ ഭൂമിയുടെ വലിയൊരു ഭാഗം വലിയ ആടുവളർത്തൽ കേന്ദ്രങ്ങളാക്കി തിരിച്ചു വച്ചു. ആടുകളുടെ സ്വകാര്യ-ഉടമസ്ഥത എന്ന സങ്കല്പവുമായി പരിചയമില്ലാതിരുന്ന സെൽക്ക്‌നാമുകൾ ആ വളർത്തുമൃഗങ്ങളെ വേട്ടയാടി. ആ നടപടി കൊള്ളയടിക്കലായി കണ്ട കുടിയേറ്റക്കാർ, സെൽക്ക്‌നാമുകളെ കൊന്നൊടുക്കാനായി സായുധസംഘങ്ങളെ ഏർപ്പെടുത്തി. ഇവിടത്തെ ആദ്യകാല യൂറോപ്യൻ ഭാഗ്യാന്വേഷികളിൽ, ജൂലിയസ് പോപ്പർ എന്നയാൾ വൻവിജയം കൈവരിച്ചു. ടിയറാ ഡെൽ ഫ്വേഗോയിലെ സ്വർണ്ണനിക്ഷേപം ചൂഷണം ചെയ്യാനുള്ള പൂർണ്ണാധികാരം അർജന്റൈൻ സർക്കാരിൽ നിന്ന് നേടിയെടുത്ത പോപ്പർ, സെൽക്ക്‌നാം ജനതയുടെ ഉന്മൂലനാശകഥയിലെ ഒരു കേന്ദ്രകഥാപാത്രമാണ്. കുടിയേറ്റക്കാരിൽ നിന്നുള്ള പീഡനം, രോഗങ്ങൾ എന്നിവ മൂലം, സെൽക്ക്‌നാം, യാഘാൻ ജനവംശങ്ങളുടെ സംഖ്യ ത്വരിതഗതിയിൽ കുറയാൻ തുടങ്ങി. ഡോസൻ ദ്വീപിലെ സലേഷ്യൻ മിഷനിലേക്കുള്ള നിർബ്ബന്ധിത മാറ്റവും അവരെ ക്ഷയിപ്പിച്ചു. അവിടെ മിഷനറിമാരുടെ പരിചരണം അവരെ രക്ഷിച്ചില്ല.
1881-ൽ അർജന്റീനയും ചിലിയും തമ്മിൽ ഉണ്ടാക്കിയ അതിർത്തി ഉടമ്പടി, ഈ ദ്വീപസമൂഹത്തിന്മേലുള്ള അവകാശം ഇരുരാജ്യങ്ങൾക്കുമായി വിഭജിച്ചു; നേരത്തെ രണ്ടു രാജ്യങ്ങളും മുഴുവൻ ദ്വീപുകളുടേ മേലും അവകാശം ഉന്നയിച്ചിരുന്നു.
പിൽക്കാലചരിത്രം
[തിരുത്തുക]1940-കളിൽ ചിലിയിലേയും അർജന്റീനയിലേയും സർക്കാരുകൾ അന്റാർട്ടിക്ക ഭൂഖണ്ഡത്തിന്മേലുള്ള അവരുടെ അവകാശവാദങ്ങൾ മുന്നോട്ടുവച്ചപ്പോൾ, ആ ഭൂഖണ്ഡത്തോട് വളരെ സമീപസ്ഥമായ ടിയറ ഡെൽ ഫ്വേഗോയുടെ പ്രാധാന്യം വർദ്ധിച്ചു. ബീഗിൽ തോട്ടിലെ ഏക അധിവാസസ്ഥാനമെന്ന നിലയിൽ അർജന്റീനയുടെ നിയന്ത്രണത്തിലുള്ള ഉഷുവൈയ്യായ്ക്കുണ്ടായിരുന്ന കുത്തക തകർക്കാൻ 1950-കളിൽ ചിലി സൈന്യം പോർട്ടോ വില്യംസ് എന്ന അധിവാസകേന്ദ്രം സ്ഥാപിച്ചു. 1881-ലെ അതിർത്തിനിശ്ചയഉടമ്പടിയെ അർജന്റീന അംഗീകരിക്കാത്ത മേഖലയിൽ ആയിരുന്നു ഈ പുതിയ അധിവാസസ്ഥാനം. ടിയറ ഡെൽ ഫ്വേഗോയിലെ പിക്ടൻ, ലെന്നക്സ്, ന്യൂവാ ദ്വീപുകളെ സംബന്ധിച്ച് 1960-70-കളിലുണ്ടായ തർക്കം 1978 ഡിസംബറിൽ അർജന്റീനയേയും ചിലിയേയും യുദ്ധത്തിന്റെ വിളുമ്പിലെത്തിച്ചു. അർജന്റീന ആക്രമണഭീഷണി ഉയർത്തിയപ്പോൾ, ചിലി മൈനുകൾ വിതറിയും കിടങ്ങുകൾ കുഴിച്ചും യുദ്ധത്തിനൊരുങ്ങി. 1982-ൽ, ഫാക്ക്‌ലാണ്ട് ദ്വീപിനെ സംബന്ധിച്ചുണ്ടായ യുദ്ധത്തിൽ, അർജന്റീനക്കെതിരെ ബ്രിട്ടനെ സഹായിക്കാൻ ചിലിയിലെ പിനോഷെ ഭരണകൂടത്തെ പ്രേരിപ്പിച്ചത് ഈ സംഘർഷത്തിലെ ശത്രുതയാണ്. ടിയറ ഡെൽ ഫ്വേഗോയിലെ വ്യോമസങ്കേതങ്ങളിലെ അർജന്റീൻ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ബ്രിട്ടന് നൽകിയിരുന്നത് അവിടെ ചിലി സ്ഥാപിച്ചിരുന്ന റഡാറുകളാണ്.
കാലാവസ്ഥ
[തിരുത്തുക]ടിയറ ഡെൽ ഫ്വേഗോയിലെ കാലാവസ്ഥ കഠിനമാണ്. ഹ്രസ്വമായ തണുത്ത വേനലും, ദീർഘവും ഈർപ്പമേറിയതുമായ ശീതകാലവുമാണ് അതിന്റെ പ്രത്യേകത: ശരാശരി വാർഷിക വർഷപാതം 3000 മില്ലിമീറ്ററാണ്. ആണ്ടു മുഴുവൻ താരതമ്യേന സ്ഥിരമായ താപനിലയാണ്: ഉഷൈയ്യായിലെ ശരാശാരി താപനില വേനൽക്കാലത്ത് 9 ഡെഗ്രി സെന്റീഗ്രേഡിനും ശീതകാലത്ത് 0 ഡിഗ്രി സെന്റീഗ്രേഡിനും അപ്പുറം പോകാറില്ല. വേനലിലും ഇവിടെ മഞ്ഞു പെയ്യാറുണ്ട്. തണുത്ത് ഈർപ്പമുള്ള വേനൽ ഇവിടത്തെ പുരാതനമായ ഹിമപരപ്പുകളുടെ(glaciers) നിലനില്പിനെ സഹായിക്കുന്നു. തെക്കേയറ്റത്തെ ദ്വീപുകളിലെ അതിശീത കാലാവസ്ഥ വൃക്ഷങ്ങൾക്ക് പറ്റിയതല്ല. ഉൾപ്രദേശങ്ങളിൽ ചിലയിടങ്ങളിൽ ധൃവമേഖലയിലെ കാലാവസ്ഥയാണ്. ഉത്തരാർദ്ധഗോളത്തിൽ അലാസ്ക, അലൂഷൻ ദ്വീപുകൾ, ഐസ്‌ലാൻഡ്, ഫാരോ ദ്വീപ് എന്നിവിടങ്ങളിലെ കാലാവസ്ഥ ഇവിടത്തേതിനു സമാനമാണ്.
സസ്യസമ്പത്ത്
[തിരുത്തുക]ഈ ദ്വീപുകളിൽ 30% ഭാഗം മാത്രമേ വനമേഖലയുള്ളു. ഇവിടുത്തെ വനങ്ങൾ മഗല്ലനിക ധൃവാധമ വിഭാഗത്തിൽ പെടുന്നു; ഉത്തരപൂർവമേഖല വൃക്ഷരഹിതമായല്പുൽമൈതാനങ്ങളും ശീതമരുഭൂമിയും ആണ്.
ടിയറ ഡെൽ ഫ്വേഗോയിൽ ആറുജാതി മരങ്ങൾ കാണപ്പെടുന്നു: കാനെലോ മരം എന്നു പേരുള്ള ഡ്രിമിസ് വിന്ററി, മേയ്റ്റനസ് മാഗല്ലനിക്ക, ഭൂമിയിലെ ദക്ഷിണോത്തര സ്തൂപികാഗ്രി (conifer) ആയ പിൽഗെറോഡെൻഡ്രൺ ഊവിഫെറം എന്നിവയും, നോത്തോഫാഗസ് അന്റാർട്ടിക്ക, നോത്തോഫാഗസ് പ്യൂമിലിയോ, നോത്തോഫാഗസ് ബെറ്റുലോയിഡെസ് എന്നിങ്ങനെ മൂന്നു ജാതി ദക്ഷിണ ബീച്ചു മരങ്ങളും ആണ് ഇവിടെയുള്ള വൃക്ഷങ്ങൾ. വൃക്ഷണങ്ങൾക്കിടയിലെ തുറസായ ഇടങ്ങളിൽ ബീച്ച് സ്ട്രോബെറിയെപ്പോലുള്ള ഫലസസ്യങ്ങൾ വളരുന്നു. ഇത്രയേറെ തണുത്ത വേനൽ ഉള്ള ഒരു പ്രദേശം എന്ന നിലയിൽ ഇവിടത്തേതിനു സമാനമായ വനങ്ങൾ ഭൂമിയിൽ മറ്റൊരിടത്തുമില്ല. തെക്കേ അറ്റത്തുള്ള പ്രദേശങ്ങളിൽ പോലും വൃക്ഷജാതികൾ കാണപ്പെടുന്നു. കാറ്റിന്റെ ശക്തിമൂലം വൃക്ഷങ്ങൾ വളഞ്ഞുപുളഞ്ഞ ആകൃതിയുള്ളവയായി വളരുന്നു.
-
ഡ്രിമിസ് വിന്ററി-യുടെ പൂക്കൾ
-
നോത്തോഫാഗസ് അന്റാർട്ടിക്ക
-
നോത്തോഫാഗസ് പ്യൂമിലിയോ
-
നോത്തോഫാഗസ് ബെറ്റുലോയിഡെസ്
ടിയറ ഡെൽ ഫ്വേഗോയിലെ കാടുകൾ മറ്റു ദേശങ്ങളിലും എത്തിയിട്ടുണ്ട്; സമാന കാലാവസ്ഥയുള്ളവയും വൃക്ഷരഹിതവുമായ ഉത്തരധൃവമേഖലയിലെ ഫാരോ ദ്വീപിലും അതിനടുത്തുള്ള ദ്വീപസമൂഹങ്ങളിലും ടിയറ ഡെൽ ഫ്വേഗോയിൽ നിന്നുള്ള വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ദ്വീപസമൂഹത്തിലെ ഏറ്റവും തണുത്ത പ്രദേശങ്ങളിൽ നിന്നാണ് ഇതിനായി മരങ്ങൾ തെരഞ്ഞെടുത്തത്. കാടുകളില്ലാത്ത അതിശീതമേഖലയിൽ പെട്ട ഇടങ്ങളിൽ ഇവിടത്തെ സസ്യജാതികളെ ആശ്രയിച്ച് വനസമ്പത്തുണ്ടാക്കാനുള്ള ഈ ശ്രമം പ്രതീക്ഷയുണർത്തുന്ന വിജയം നേടിയിട്ടുണ്ട്. ടിയറ ഡെൽ ഫ്വേഗോയിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്ന ഈ വൃക്ഷങ്ങൾ അലങ്കാരത്തിനും, കാറ്റിനെ തടയുന്ന വൃക്ഷനിരയായും കൊടുങ്കാറ്റുമൂലം ഉണ്ടാവുന്ന മണ്ണൊലിപ്പിനെ തടയാനും മറ്റും പ്രയോജനപ്പെടുന്നു.[4]
ജന്തുജാതികൾ
[തിരുത്തുക]ഈ ദ്വീപസമൂഹത്തിലെ ശ്രദ്ധേയമായ ജന്തുജാതികളിൽ ഓസ്ട്രൽ നീൾവാലൻ തത്ത, ഗൾ പക്ഷി, ഗുവാണാക്കോ, കുറുക്കൻ, പൊന്മാർ, കോണ്ടോർ, മൂങ്ങ, അഗ്നികിരീടി ഹമ്മിങ്ങ് പക്ഷി(firecrown hummingbird) എന്നിവ ഉൾപ്പെടുന്നു. 1940-കളിൽ ഇവിടെ കൊണ്ടുവരപ്പെട്ട ഉത്തര അമേരിക്കൻ ബീവർ കണക്കില്ലാതെ പെറ്റുപെരുകി കാടുകൾക്ക് വൻനാശം ഉണ്ടാക്കുന്നുണ്ട്.[5] വടക്ക് ചിലിയിലും അർജന്റീനയിലും എന്നപോലെ പോലെ, ലോകത്തിലെ ഏറ്റവും മേലേക്കിട ട്രൗട്ട് മത്സ്യശേഖരങ്ങളിൽ ചിലത് ഇവിടേയും കാണപ്പെടുന്നു. റിയോ ഗ്രാൻഡി, സാൻ പാബ്ലോ, ലാഗോ ഫഗ്നാവോ നദികളിൽ കയറിവരുന്ന തവിട്ടുനിറമുള്ള കടൽ ട്രൗട്ടുകൾ 9 കിലോഗ്രാമിലേറെ തൂക്കമുള്ളവയാകാം. ഈ ജലസമ്പത്ത് ഏറെയും സ്വകാര്യ ഉടമസ്ഥതയിൽ ഉള്ളവയാണ്.
അവലംബം
[തിരുത്തുക]- ↑ വേൾഡ് അറ്റ്ലസ് ഡോട്ട് കോം, ടിയറ ഡെൽ ഫ്വേഗോ
- ↑ C. Michael Hogan (2008) Bahia Wulaia Dome Middens, Megalithic Portal, ed. Andy Burnham
- ↑ Bergreen, Laurence (2003). Over the Edge of the World: Magellan's Terrifying Circumnavigation of the Globe. HarperCollins Publishers. p. 179. ISBN 0-06-093638.
{{cite book}}
: Check|isbn=
value: length (help) - ↑ Højgaard, A., J. Jóhansen, and S. Ødum (eds) 1989. ഫാരോ ദ്വീപിലെ വൃക്ഷപാലനത്തിന്റെ ഒരു നൂറ്റാണ്ട്. Føroya Frodskaparfelag, Torshavn.
- ↑ Strieker, Gary (1999-07-09). "Argentina eager to rid island of beavers". Cable News Network. Retrieved 2007-06-30.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടിയറ ഡെൽ ഫ്വേഗോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |