Jump to content

അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(International Astronomical Union എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന (IAU)
Union astronomique internationale (UAI)
79 രാജ്യങ്ങളിൽനിന്നുള്ള ഔദ്യോഗിക അംഗങ്ങൾ
രൂപീകരണംജൂലൈ 28, 1919; 105 വർഷങ്ങൾക്ക് മുമ്പ് (1919-07-28)
ആസ്ഥാനംപാരിസ്, ഫ്രാൻസ്
അംഗത്വം
79 രാജ്യങ്ങളിൽനിന്നുള്ള ഔദ്യോഗിക അംഗങ്ങൾ
12,664 വ്യക്തിഗത അംഗങ്ങൾ[1]
പ്രസിഡന്റ്
സിൽവിയ ടോറെസ്സ്-പീംബ്രെറ്റ്
ജനറൽ സെക്രട്ടറി
പിയറോ ബെൻവെനുതി
വെബ്സൈറ്റ്IAU.org

ജ്യോതിശ്ശാസ്ത്രപഠനവും ഗവേഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അന്തർദേശീയ സംഘടനയാണ് അന്തർദേശീയ ജ്യോതിശ്ശാസ്ത്ര സംഘടന (ഐ.എ.യു.). വിവിധ രാജ്യങ്ങളിലെ ദേശീയ ജ്യോതിശ്ശാസ്ത്ര സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് നിലവിൽവന്ന ഈ സംഘടന അന്തർദേശീയ ശാസ്ത്ര കൗൺസിലിന് കീഴിലാണ് പ്രവർത്തിക്കുന്നത്. 1919-ൽ രൂപീകരിക്കപ്പെട്ട ഈ സംഘടനയുടെ ആസ്ഥാനം പാരിസാണ്. ബെഞ്ചമിൻ ബെയ്ലോഡ് ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. 2006 ഓഗസ്റ്റ് മാസത്തിലെ കണക്കനുസരിച്ച് ഈ സംഘടനയിൽ 85 രാഷ്ട്രങ്ങളിൽ നിന്നുള്ള 8858 അംഗങ്ങൾ ഉണ്ട്. അമച്വർ ജ്യോതിശാസ്ത്രജ്ഞർക്കും അംഗത്വം നല്കാറുണ്ട്. [2]

നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ഛിന്നഗ്രഹങ്ങൾ, മറ്റ് ഖഗോളീയ വസ്തുക്കൾ; പ്രതിഭാസങ്ങൾ തുടങ്ങിയവ നാമകരണം ചെയ്യുവാൻ അധികാരമുള്ള ഔദ്യോഗിക സമിതിയായി അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘടന അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എല്ലാ അംഗങ്ങളും ഉൾപ്പെടുന്ന ജനറൽ അസംബ്ളിയാണ് ഈ സംഘടനയുടെ പരമാധികാര സമിതി. മൂന്നു വർഷം കൂടുമ്പോൾ ചേരുന്ന ജനറൽ അസംബ്ളിയാണ് ശാസ്ത്രസംബന്ധിയായ തീരുമാനങ്ങൾ എടുക്കുന്നത്. 2006 ആഗസ്തിൽ ചെക്ക് തലസ്ഥാനമായ പ്രാഗിൽ ചേർന്ന 26-ാമത് ജനറൽ അസംബ്ളി ജ്യോതിശാസ്ത്ര സംബന്ധിയായ ചില സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുകയുണ്ടായി. ഗ്രഹങ്ങളുടെ നിർവചനത്തെ പുനർനിർവചിച്ചുകൊണ്ട് അസംബ്ളി പാസ്സാക്കിയ പ്രമേയമനുസരിച്ച് പ്ലൂട്ടോയ്ക്ക് ഗ്രഹമെന്ന പദവി നഷ്ടമായി. 1930-ലെ ജനറൽ അസംബ്ളിയാണ് പ്ളൂട്ടോയെ ഒൻപതാമത്തെ ഗ്രഹമായി അംഗീകരിച്ചത്.

ലക്ഷ്യങ്ങൾ

[തിരുത്തുക]

അന്തർദേശീയ ശാസ്ത്ര കൗൺസിലിനു കീഴിലുള്ള വിവിധ ശാസ്ത്രസംഘടനകളുടെ സഹകരണത്തിലൂടെയും മറ്റും ജ്യോതിശ്ശാസ്ത്ര ശാഖയെ, അതിന്റെ എല്ലാ അർഥത്തിലും പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയുമാണ് അന്തർദേശീയ ജ്യോതിശ്ശാസ്ത്ര സംഘടനയുടെ മുഖ്യ ലക്ഷ്യം. നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ഛിന്നഗ്രഹങ്ങൾ, മറ്റു ഖഗോളീയ വസ്തുക്കൾ, പ്രതിഭാസങ്ങൾ തുടങ്ങിയവയ്ക്ക് നാമകരണം ചെയ്യുവാൻ അധികാരമുള്ള ഔദ്യോഗിക സമിതികൂടിയാണ് അന്തർദേശീയ ജ്യോതിശ്ശാസ്ത്ര സംഘടന.

വിഭാഗങ്ങൾ

[തിരുത്തുക]

നാമകരണത്തിനും വർഗീകരണത്തിനുമായി, വർക്കിങ് ഗ്രൂപ്പ് ഫോർ പ്ളാനറ്ററി നോമൻക്ലേച്ചർ എന്നൊരു പ്രത്യേക വിഭാഗം ഐ.എ.യു.-ൽ പ്രവർത്തിക്കുന്നുണ്ട്. ഇതു കൂടാതെ, ജ്യോതിശ്ശാസ്ത്ര സംബന്ധിയായ വിവരശേഖരണത്തിനും വിതരണത്തിനുമായി സെൻട്രൽ ബ്യൂറോ ഫോർ അസ്ട്രോണമിക്കൽ ടെലിഗ്രാംസ് എന്നൊരു വിഭാഗവും, സൌരയൂഥത്തിലെ ചിന്നപദാർഥങ്ങളെ തിരിച്ചറിയുന്നതിനും അവയെ ഗ്രഹങ്ങളിൽ നിന്നും മറ്റും വേർതിരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനുമായി മൈനർ പ്ലാനറ്റ് സെന്റർ എന്ന മറ്റൊരു വിഭാഗവും അന്തർദേശീയ ജ്യോതിശ്ശാസ്ത്ര സംഘടനയ്ക്ക് കീഴിൽ പ്രവർത്തിച്ചുവരുന്നു.

പ്രവർത്തനങ്ങൾ

[തിരുത്തുക]

ജ്യോതിശ്ശാസ്ത്ര ശാഖയുടെ വികാസവും പുരോഗതിയും ലക്ഷ്യമാക്കി, അന്തർദേശീയ ജ്യോതിശ്ശാസ്ത്ര സംഘടന നേരിട്ട് നിരവധി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ഇതിനായി 12 ജ്യോതിശ്ശാസ്ത്ര പഠനവിഭാഗങ്ങളിലായി 40 പ്രത്യേക കമ്മീഷനുകളും, 72 പ്രവർത്തക ഗ്രൂപ്പുകളും പ്രവർത്തിച്ചുവരുന്നു. വികസ്വര രാജ്യങ്ങളിൽ ജ്യോതിശ്ശാസ്ത്ര വിദ്യാഭ്യാസവും ഗവേഷണവും പരിപോഷിപ്പിക്കുന്നതിനുവേണ്ടി പ്രത്യേക പദ്ധതികൾ തന്നെ ഐ.എ.യു ആവിഷ്കരിച്ചിട്ടുണ്ട്. പോഗ്രാം ഗ്രൂപ്സ് ഓൺ ഇന്റർനാഷണൽ സ്കൂൾസ് ഫോർ യങ് അസ്ട്രോണമേഴ്സ്, ടീച്ചിങ് ഫോർ അസ്ട്രോണമി ഡെവലപ്മെന്റ് , വേൾഡ് വൈഡ് ഡെവലപ്മെന്റ് ഒഫ് അസ്ട്രോണമി തുടങ്ങിയവ ഇതിൽ ചിലതാണ്. കോസ്പാറും യുനെസ്കോയുമായി സഹകരിച്ച് ഐ.എ.യു വിവിധപരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്നു.

അംഗത്വവും കാര്യനിർവഹണവും

[തിരുത്തുക]

അമേച്വർ ജ്യോതിശ്ശാസ്ത്രജ്ഞർ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ജ്യോതിശ്ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അന്തർദേശീയ ജ്യോതിശ്ശാസ്ത്ര സംഘടനയിൽ അംഗങ്ങളാകാം. നിലവിൽ 86 ലോകരാഷ്ട്രങ്ങളിൽ നിന്നായി 9600 പേർ 2009-ൽ ഈ സംഘടനയിൽ അംഗങ്ങളായിട്ടുണ്ട്. അംഗങ്ങൾ ഉൾപ്പെടുന്ന ജനറൽ അസംബ്ലിയാണ് അന്തർദേശീയ ജ്യോതിശ്ശാസ്ത്ര സംഘടനയുടെ പരമാധികാരസമിതി. മൂന്ന് വർഷത്തിലൊരിക്കൽ ചേരുന്ന ജനറൽ അസംബ്ലി സംഘടനയുടെ ദീർഘകാല നയങ്ങൾ ആവിഷ്കരിക്കുന്നു. ആവിഷ്കരിക്കപ്പെടുന്ന നയങ്ങളും പരിപാടികളും നടപ്പിലാക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുണ്ട്. സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ പ്രത്യേകം ഓഫീസർമാരുമുണ്ട്. ജനറൽ അസംബ്ലി തെരഞ്ഞെടുക്കുന്ന പ്രസിഡന്റാണ് സംഘടനയെ നയിക്കുന്നത്. ബെഞ്ചമിൻ സെയിലാന്റ് ആയിരുന്നു സംഘടനയുടെ പ്രഥമ പ്രസിഡന്റ്.വിഖ്യാത കേരളീയ ജ്യോതിശ്ശാസ്ത്രജ്ഞൻ വൈനുബാപ്പു 1967-73 കാലത്ത് ഐ.എ.യു. വിന്റെ വൈസ്പ്രസിഡന്റായും 1979-ൽ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്

അവലംബം

[തിരുത്തുക]
  1. Fienberg,, Rick (14 August 2015). ""A New Tally of Individual IAU Members"" (PDF). astronomy2015.org. Archived from the original (PDF) on 2016-03-03. {{cite web}}: Cite has empty unknown parameter: |dead-url= (help)CS1 maint: extra punctuation (link)
  2. "International Astronomical Union | IAU". www.iau.org. Retrieved 2018-06-20.