Jump to content

ഡെക്കാൺ പീഠഭൂമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Deccan plateau എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡെക്കാൻ പീഠഭൂമിയെ കാണിക്കുന്ന ഭൂപടം

ദക്ഷിണ-മദ്ധ്യേന്ത്യയിൽ കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഏതാണ്ട് ത്രികോണാകൃതിയുള്ള പീഠഭൂമിയാണ്‌ ഡെക്കാൻ. വിന്ധ്യ-സത്പുര, മഹാദേവ് കുന്നുകൾക്കു തെക്കായി വരുന്ന ഉപദ്വീപീയപ്രദേശത്തെയാണ് പൊതുവേ ഡെക്കാൺ (ഡക്കാൺ) എന്ന് വിളിക്കുന്നതെങ്കിലും നിയതാർഥത്തിൽ നർമദ-കൃഷ്ണ നദികൾക്കിടയിൽ വരുന്ന പൊക്കം കൂടിയ പീഠഭൂപ്രദേശമാണിത്.

പേരിന്റെ ഉൽഭവം

[തിരുത്തുക]

പ്രാകൃത ഭാഷയിലുള്ള "ദക്കിൻ" എന്ന വാക്കിന്റെ ആംഗലീകൃത രൂപമാണ് ഡെക്കാൻ എന്ന നാമം. "ദക്കിൻ" എന്ന പ്രാകൃതഭാഷാപദം രൂപപ്പെട്ടത് ദക്ഷിണം എന്ന സംസ്കൃതവാക്കിൽ നിന്നുമാണ്. [1] ഉർദുവിലെ 'ദക്ഖിനി'യിൽ നിന്നു നിഷ്പന്നമായതുമാകാം.[അവലംബം ആവശ്യമാണ്] "ഡെക്കാൻ പീഠഭൂമി" എന്നത് നിയതാർഥത്തിൽ "ദക്ഷിണ പീഠഭൂമി" എന്ന് വിവക്ഷിക്കാം.

അതിരുകൾ

[തിരുത്തുക]

ഡെക്കാൺ പീഠഭൂമിയുടെ പടിഞ്ഞാറും വടക്കുപടിഞ്ഞാറൂം അതിർത്തികൾ യഥാക്രമം ഗുജറാത്തിലെ കച്ച് വരെയും, രാജസ്ഥാനിലെ ആരവല്ലി നിരകൾ വരെയും വ്യാപിച്ചിരിക്കുന്നു. ഇതിന്റെ വടക്കനതിർത്തി ഗംഗ-യമുന നദികൾക്ക് 80 കിലോമീറ്റർ തെക്കു മാറി അവയുടെ ദിശയ്ക്ക് സമാന്തരമായി സ്ഥിതി ചെയ്യുന്നു. പീഠഭുമിയുടെ പടിഞ്ഞാറും കിഴക്കും ഭാഗങ്ങൾ തീരദേശമലനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. പടിഞ്ഞാറ് പശ്ചിമഘട്ടം അഥവാ സഹ്യാദ്രി, കിഴക്ക് പൂർവഘട്ടം, തെക്ക് നീലഗിരികുന്നുകൾ, വടക്ക് ആരവല്ലി, ഛോട്ടാ-നാഗ്പ്പൂർ കുന്നുകൾ എന്നിവയാണ് അതിരുകൾ. പശ്ചിമഘട്ട-പൂർവഘട്ട മലനിരകൾ സന്ധിക്കുന്ന ഭാഗത്താണ് നീലഗിരി, ഏലഗിരി കുന്നുകളടെ (cardamom hills) സ്ഥാനം.

ഭൂമിശാസ്ത്രം

[തിരുത്തുക]

ഭൂമിശാസ്ത്രപരമായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കമേറിയ ഭൂഭാഗമാണ് ഡെക്കാൺ.[അവലംബം ആവശ്യമാണ്] ഒട്ടനവധി ചെറു പീഠഭൂമികൾ ചേർന്നാണ് ഇത് രൂപം കൊണ്ടിരിക്കുന്നത്. പീഠഭൂമിയുടെ പകുതിയിലധികം ഭാഗത്തും പൂർവകേംബ്രിയൻ മുതൽക്കുള്ള നീസ്, ഷിസ്റ്റ് തുടങ്ങിയ ശിലകൾ കാണപ്പെടുന്നു. ടെർഷ്യറിയുടെ ആരംഭത്തിലും ക്രിട്ടേഷ്യസിന്റെ അവസാനത്തിലും ഉണ്ടായ അഗ്നിപർവതസ്ഫോടനങ്ങളുടെ പരിണതഫലമാണ് ഈ പീഠഭൂമി എന്നാണ് ഭൗമശാസ്ത്രജ്ഞരുടെ അനുമാനം. പീഠഭൂമിയുടെ ചില ഭാഗങ്ങളിൽ കനമേറിയ ലാവാ നിക്ഷേപം കാണപ്പെടുന്നുണ്ട്. ഇതിന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലെ ലാവാ പാളിക്ക് 300 മീറ്ററിലേറെ കനമുണ്ട്. സമാന്തരലാവാപാളികളാൽ ആവൃതമായ ഈ ഭാഗം ഡെക്കാൺ ട്രാപ് എന്ന പേരിലറിയപ്പെടുന്നു. അഗ്നിപർവത വിസ്ഫോടനാനന്തരം ഉണ്ടായ ഭ്രംശനപ്രക്രിയയാണ് പശ്ചിമഘട്ടനിരകളുടെ ഉദ്ഭവത്തിന് കാരണമായതെന്നാണ് അനുമാനം.

നദികളുടെ അപരദന പ്രക്രിയമൂലം സമതലങ്ങളായി മാറിയ പ്രദേശങ്ങളും (Peneplain), ചെറുകുന്നുകളും അവശിഷ്ട ഖണ്ഡങ്ങളും (residual blocks) നിറഞ്ഞതാണ് ഡെക്കാൺ പ്രദേശം. 606 മീ. ആണ് ഡെക്കാണിന്റെ ശ. ശ. ഉയരം. എന്നാൽ ചില പ്രദേശങ്ങൾക്ക് 750 മീ. -ലധികം ഉയരം കാണുന്നുണ്ട്. പൊതുവേ കിഴക്കോട്ടാണ് ഡെക്കാൺ പ്രദേശത്തിന്റെ ചായ്മാനം. അറേബ്യൻ തീരത്ത് നിന്നും ഏകദേശം 80 കി. മീ. അകലെ നിന്നുദ്ഭവിക്കുന്ന നദികൾ പീഠഭൂമിയെ മുറിച്ച് കടന്ന് ബംഗാൾ ഉൾക്കടലിൽ ചെന്നു പതിക്കുന്നു. 480 മുതൽ 960 കി. മീ. വരെ ദൈർഘ്യമുള്ള ഇവിടത്തെ നദികൾ പൊതുവേ കിഴക്കൻ ദിശയിലേക്കാണ് ഒഴുകുന്നത്. ഗോദാവരി, കൃഷ്ണ, കവേരി എന്നിവയാണ് ഡെക്കാണിലെ മുഖ്യനദികൾ. ആഴക്കുറവും വർദ്ധിച്ച വീതിയും ഡെക്കാൺ നദികളുടെ പ്രത്യേകതയാകുന്നു. മഴയെ മാത്രം ആശ്രയിക്കുന്ന നദികൾ വേനൽക്കാലത്ത് വറ്റിപ്പോകുന്നതിനാൽ ജലസേചനത്തിന് പൂർണമായും ഇവയെ ആശ്രയിക്കുവാൻ കഴിയുന്നില്ല. പീഠഭൂമിയുടെ ഉത്തര-മധ്യഭാഗങ്ങൾ വടക്കോട്ട് ചരിഞ്ഞിറങ്ങുന്ന അവസ്ഥയിലാണ് കാണപ്പെടുന്നത്. തത്ഫലമായി. ഇവിടത്തെ നദികൾ ഗംഗാതടത്തിലേക്കൊഴുകുന്നു. സോൺ, ചമ്പൽ എന്നിവയാണ് ഈ മേഖലയിലെ മുഖ്യനദികൾ.

പീഠഭൂമിയുടെ പൊതുദിശക്കെതിരായി ഒഴുകുന്ന രണ്ട് പ്രധാന നദികളാണ് നർമദ, തപ്തി എന്നിവ. കി. പ. ദിശയിൽ പീഠഭൂമിയെ മുറിച്ചു കടക്കുന്ന ആഴമേറിയ ഭ്രംശതാഴ്വരയിലൂടെയാണ് ഇവ ഒഴുകുന്നത് എന്നാണ് പ്രബലമതം. ഭൗമശാസ്ത്രജ്ഞരെ പ്രതിസന്ധിയിലാക്കുന്ന ഒരു പ്രശ്നമാണ് ഈ നദികളുടെ ഉദ്ഭവവും പ്രവാഹദിശയും. ഹിമാലയൻ വലന (Himalayan folding) കാലഘട്ടത്തിലുണ്ടായ സമ്മർദം മൂലം ഭ്രംശനം സംഭവിക്കുകയും തത്ഫലമായുണ്ടായ താഴ്വാരങ്ങളിലൂടെ നദികൾ ഒഴുകുകയും ചെയ്തതുകൊണ്ടാവാം ഇവയ്ക്ക് വ്യത്യസ്തമായൊരു ദിശ ലഭിച്ചതെന്നാണ് പഠനങ്ങളിൽ നിന്നുമുരുത്തിരിഞ്ഞ ഏറ്റവും ഫലപ്രദമായ അനുമാനം. കാംബെ ഉൾക്കടലിൽ നിന്നാരംഭിക്കുന്ന നർമദാജലപാത പശ്ചിമതീരത്തെ ഗംഗാ സമതലത്തിലുള്ള വാരാണസി വരെ ചെന്നെത്തുന്നു.

പീഠഭൂമിയിലെ നദികളുടെ അപരദനം മൂലം രൂപം കൊണ്ടിരിക്കുന്ന ഉപദ്വീപീയ തീരസമതലങ്ങൾ മിക്കവാറും തുടർച്ചയായ രീതിയിലാണ് കാണപ്പെടുന്നത്. പശ്ചിമ തീരത്തെ അപേക്ഷിച്ച് പൂർവതീരം വീതിയേറിയതാകുന്നു. ജനസാന്ദ്രത വളരെ കൂടുതലുള്ള ഈ പ്രദേശത്തെ മുഖ്യവിള നെല്ലാണ്. ചൂടുകുറഞ്ഞതും ഊർജദായകവുമായ കാലാവസ്ഥയാണ് ഡെക്കാൺ പീഠഭൂമിയിലേത്. ജലസേചന സൗകര്യത്തിന്റെ അപര്യാപ്തത ഈ പ്രദേശത്തെ കാർഷിക മേഖലയുടെ വികസനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. എന്നാൽ അടുത്തകാലത്ത് പ്രാബല്യത്തിൽ വന്ന ബൃഹത്തായ ജലസേചന പദ്ധതികൾ മുമ്പുണ്ടായ അനിശ്ചിതത്വത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ സഹായിച്ചിട്ടുണ്ട്.

ധാതുനിക്ഷേപങ്ങൾ

[തിരുത്തുക]

ധാതു നിക്ഷേപങ്ങളാൽ സമ്പന്നമാണ് ഡെക്കാൺ. പുരാതന കാലം മുതൽ ഇവിടെ ഖനികളുണ്ടായിരുന്നു. ഇന്ത്യയിൽ ലഭ്യമായ ധാതുവിഭവങ്ങളിൽ ഭൂരിഭാഗത്തിന്റേയും ഉറവിടം ഡെക്കാൺ പീഠഭൂമിയായിരുന്നു. പീഠഭൂമിയുടെ ഉത്തര പൂർവഭാഗങ്ങളാണ് (ഛോട്ടാ നാഗ്പ്പൂർ പ്രദേശം) ഏറെ ധാതു സമ്പന്നം. ധാരാളം കൽക്കരിപ്പാടങ്ങൾ ഇവിടെ കാണാം. മഹാനദീ താഴ്വര, ആന്ധ്രപ്രദേശിന്റെ വടക്കൻ ഭാഗങ്ങൾ തുടങ്ങിയ പ്രദേശങ്ങളാണ് മറ്റു പ്രധാന ധാതു വിഭവകേന്ദ്രങ്ങൾ. അഭ്രം, ഇരുമ്പയിര്, മാങ്ഗനീസ്, സ്വർണം മുതലായവയും ഡെക്കാൺ പീഠഭൂമിയിൽ നിന്ന് ഖനനം ചെയ്യപ്പെടുന്നുണ്ട്.

ജനവാസം, കൃഷി

[തിരുത്തുക]

ഡെക്കാൺ പ്രദേശത്തെ നദീ താഴ്വരകളിലാണ് ജനസാന്ദ്രത വർദ്ധിച്ചു കാണുന്നത്. വരണ്ട പ്രദേശങ്ങളിൽ ജനസാന്ദ്രത താരതമ്യേന കുറവാണ്. പീഠഭൂമിയുടെ വടക്കുഭാഗങ്ങളിൽ കാണപ്പെടുന്ന അഗ്നിപർവത ജന്യമണ്ണ്, പരുത്തിക്കൃഷിക്ക് അനുയോജ്യമാണ്. നാണ്യവിളകളായ ചാമ, എണ്ണക്കുരുക്കൾ തുടങ്ങി യവയ്ക്കു പുറമേ ഗോതമ്പും ഇവിടെ കൃഷിചെയ്യുന്നുണ്ട്. തെക്കു ഭാഗങ്ങിൽ തേയില കൃഷിക്കാണ് പ്രാമുഖ്യം. പൂനാ, ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവയാണ് ഡെക്കാണിലെ പ്രമുഖ നഗരങ്ങൾ.

ഉപപീഠഭൂമികൾ

[തിരുത്തുക]

ഡെക്കാൺ പീഠഭൂമിയെ സൗകര്യാർഥം മഹാരാഷ്ട്ര പീഠഭൂമി, ആന്ധ്ര പീഠഭൂമി, കർണാടക പീഠഭൂമി, തമിഴ്നാട് പീഠഭൂമി എന്നിങ്ങനെ നാലായി വിഭജിക്കാം.

മഹാരാഷ്ട്ര പീഠഭൂമി

[തിരുത്തുക]

മഹാരാഷ്ട്ര പീഠഭൂമി പ്രദേശത്തെ മുഖ്യ ഭാഷ മറാത്തിയാണ്. ലാവ ഘനീഭവിച്ചുണ്ടായ ശിലകളാൽ ആവൃതമായ ഈ ഭാഗത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും പശ്ചിമഘട്ട നിരകളുടെ മഴനിഴൽ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്നു. 600 മുതൽ 1000 വരെ മീ. ശ. ശ. ഉയരമുള്ള ഈ പ്രദേശത്തിന്റെ പ. പശ്ചിമഘട്ടവും, കി. അതിർത്തിയിൽ വെയ് ൻ ഗംഗാ (wainganga) തടവും സ്ഥിതിചെയ്യുന്നു. ഗോദാവരി, കൃഷ്ണ, തപ്തി എന്നിവയാണ് ഈ മേഖലയിലൂടെ ഒഴുകുന്ന പ്രധാന നദികൾ. നദീതടങ്ങളിലെ വളക്കൂറുള്ള മണ്ണ് കൃഷിക്ക് അനുയോജ്യമാണ്. കാർഷികോത്പാദനവും ജനസാന്ദ്രതയും മണ്ണിനത്തിന്റെ സ്വഭാവത്തിനും മഴയുടെ ലഭ്യതയ്ക്കും അനുസൃതമായി വ്യത്യാസപ്പെട്ടിരിക്കുന്നു. വാർഷിക വർഷപാതത്തിന്റെ ശ.ശ. 5-100 സെ.മീ.. ഈ മേഖലയുടെ 60 ശ. മാ. ഭാഗങ്ങളും കൃഷിക്കുപയുക്തമാണ്. കൃഷിയിടങ്ങളുടെ മൂന്നിലൊന്നു ഭാഗത്തും കരിമ്പ് കൃഷിചെയ്യപ്പെടുന്നു. ചാമ, പയറുവർഗങ്ങൾ തുടങ്ങിയവയാണ് മറ്റു പ്രധാന വിളകൾ. പരുത്തിയാണ് മുഖ്യ നാണ്യവിള. വ്യാവസായികമായി മുന്നാക്കം നിൽക്കുന്ന ഒരു പ്രദേശമാണ് മഹാരാഷ്ട്ര പീഠഭൂമി. എൻജിനീയറിങ് ഉത്പന്നങ്ങൾ, രാസവസ്തുക്കൾ, വൈദ്യുത സാമഗ്രികൾ, പരുത്തി ഉത്പന്നങ്ങൾ, പഞ്ചസാര മുതലായവ ഇവിടെ ഉത്പാദിപ്പിക്കുന്നു. പൂനയാണ് മുഖ്യനഗരം. മറ്റൊരു പ്രസിദ്ധമായ പട്ടണം നാഗപ്പൂർ ആകുന്നു.

ആന്ധ്ര പീഠഭൂമി

[തിരുത്തുക]

തെലുങ്കാണ് ആന്ധ്ര പീഠഭൂമി പ്രദേശത്തെ ജനങ്ങളുടെ മുഖ്യഭാഷ. വിസ്തൃതി. 182,139 ച.കി. മീ.. താരതമ്യേന കുറഞ്ഞ ജനസാന്ദ്രത ഇവിടത്തെ പ്രത്യേകതയാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമാണിത്. കരിമ്പ്, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ തുടങ്ങിയവ ഇവിടത്തെ മുഖ്യ വിളകളിൽപ്പെടുന്നു. നെല്ല്, കരിമ്പ്, പരുത്തി, പച്ചക്കറികൾ തുടങ്ങിയവും ഇവിടെ കൃഷിചെയ്യപ്പെടുന്നുണ്ട്. ആസ്ബസ്റ്റോസാണ് മുഖ്യ ഖനിജം. പ്രതിരോധാവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ, ഘന വൈദ്യുതസാമഗ്രികൾ, വ്യോമോപകരണങ്ങൾ, യന്ത്രസാമഗ്രികൾ, പുകയില ഉത്പന്നങ്ങൾ, പരുത്തി വസ്തുക്കൾ, ആസ്ബസ്റ്റോസ്, സിമെന്റ് തുടങ്ങിയവയാണ് ഈ പ്രദേശത്തെ മുഖ്യ വ്യാവസായികോത്പന്നങ്ങൾ. ഹൈദരാബാദാണ് പ്രധാന നഗരം; തിരുപ്പതി പ്രധാനപട്ടണവും.

കർണാടക പീഠഭൂമി

[തിരുത്തുക]

കർണാടക പീഠഭൂമി പ്രദേശത്തെ മുഖ്യഭാഷ കന്നഡയാണ്. ഇവിടെ ജനസാന്ദ്രത താരതമ്യേന കുറവാണ്. പ്രാദേശികമായി 'മലനാട്' എന്നറിയപ്പെടുന്ന പശ്ചിമഘട്ടനിരകൾ ഈ പീഠഭൂമിയുടെ പ. അതിർത്തിയാകുന്നു. കർണാടക പീഠഭൂമിയുടെ തെക്കൻഭാഗം 'ദക്ഷിണ മൈതാൻ' എന്നും വടക്കൻ ഭാഗം 'ഉത്തര മൈതാൻ' എന്നും അറിയപ്പെടുന്നു. ഗ്രാനൈറ്റാണ് ദക്ഷിണ മൈതാനിലെ മുഖ്യശില; ബസാൾട്ട് ഉത്തര മൈതാനിലേതും. ചാമയാണ് ദക്ഷിണ മൈതാനിലെ മുഖ്യവിള. കരിമ്പ്, പുകയില, നിലക്കടല എന്നിവയാണ് മറ്റു പ്രധാന വിളകൾ. കരിമ്പ് ഉത്തര മൈതാനിലെ മുഖ്യവിളയാകുന്നു. പരുത്തിയാണ് പ്രധാന നാണ്യവിള. ഗോതമ്പും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. 'മലനാടി'ൽ നെല്ലിനും സുഗന്ധവ്യഞ്ജനങ്ങൾക്കുമാണ് പ്രാമുഖ്യം. പീഠഭൂമിയുടെ മറ്റു ഭാഗങ്ങിൽനിന്നും ചാമ, കരിമ്പ്, സുഗന്ധവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ മുതലായവ ഉത്പാദിപ്പിക്കുന്നു. കൂർഗ് പ്രദേശത്ത് ആധുനിക കാപ്പിത്തോട്ടങ്ങൾ കാണാം. ഒരു സുഖവാസകേന്ദ്രം കൂടിയാണ് ഇവിടം.

ഇരുമ്പ്, മാങ്ഗനീസ് എന്നിവയുടെ അയിരുകൾ കർണാടക പീഠഭൂമിയിൽ ധാരാളമായി കാണപ്പെടുന്നു. പ്രസിദ്ധമായ കോലാർ സ്വർണഖനി ഇവിടെയാണ്. വ്യാവസായികമായി മുന്നാക്കം നിൽക്കുന്ന ഒരു പ്രദേശമാണിത്. ബാംഗ്ളൂർ ഇവിടത്തെ മുഖ്യനഗരമാകുന്നു. ദക്ഷിണേന്ത്യയിലെ വ്യാവസായിക വിദ്യാഭ്യാസ-കായിക വിനോദ-ഭരണകേന്ദ്രമെന്ന നിലയിൽ ഈ നഗരം ഏറെ പ്രസിദ്ധിയാർജിച്ചിട്ടുണ്ട്. ഒട്ടനവധി വ്യവസായ ശാലകൾ ഈ നഗരത്തിലുണ്ട്. എൻജിനീയറിങ് ഉത്പന്നങ്ങൾ, യന്ത്രസാമഗ്രികൾ, വ്യോമയാനങ്ങൾ (aircraft), ടെലിഫോൺ, വാച്ചുകൾ, പരുത്തി വസ്ത്രങ്ങൾ എന്നിവയുടെ ഉത്പാദനവും പഴസംസ്കരണവുമാണ് ഇവിടത്തെ മുഖ്യ വ്യവസായങ്ങൾ. വിനോദസഞ്ചാര മേഖലയിലും ഏറെ പ്രാധാന്യം കൈവരിക്കാൻ ഈ നഗരത്തിനു കഴിഞ്ഞിട്ടുണ്ട്. ഈ മേഖലയിലെ മറ്റൊരു പ്രധാന നഗരമായ മൈസൂർ സിൽക്ക്തുണിത്തരങ്ങൾക്ക് പ്രസിദ്ധമാണ്. വൃന്ദാവൻ ഉദ്യാനം ഇവിടത്തെ പ്രധാന ആകർഷണ കേന്ദ്രമാകുന്നു.

തമിഴ്‌നാട് പീഠഭൂമി

[തിരുത്തുക]

തമിഴ്നാട് പീഠഭൂമിയിലെ ഭൂരിഭാഗം ജനങ്ങളുടെയും ഭാഷ തമിഴാണ്. ജനസാന്ദ്രത താരതമ്യേന കൂടുതലുള്ള ഒരു ഭൂപ്രദേശമാണിത്. ചാമ, കരിമ്പ്, എന്നിവയാണ് പ്രധാന ഭക്ഷ്യവിളകൾ. നാണ്യവിളകളിൽ മുഖ്യസ്ഥാനം പരുത്തി, നിലക്കടല, പച്ചക്കറികൾ തുടങ്ങിയവയ്ക്കാണ്. നീലഗിരിക്കുന്നുകളിൽ കാപ്പിയും തേയിലയും വ്യാപകമായി കൃഷിചെയ്യുന്നു. കോയമ്പത്തൂർ കേന്ദ്രമായി ഉള്ളി, മധുരക്കിഴങ്ങ്, മഞ്ഞൾ, മുളക്, പച്ചക്കറികൾ തുടങ്ങിയവയുത്പാദിപ്പിക്കപ്പെടുന്നു. കോയമ്പത്തൂരാണ് തമിഴ്നാട് പീഠഭൂമിയിലെ പ്രമുഖ നഗരം; മധുര, സേലം, തുടങ്ങിയവ പ്രധാന പട്ടണങ്ങളും. ഊട്ടിയും കൊടൈക്കനാലും ഈ പ്രദേശത്തുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. സേലത്തുനിന്നും ഇരുമ്പയിര്, ലിഗ്നൈറ്റ്, ബോക്സൈറ്റ്, ചുണ്ണാമ്പുകല്ല് എന്നിവ ലഭിക്കുന്നു.

സമീപമേഖലകൾ

[തിരുത്തുക]

ഡെക്കാൺ പീഠഭൂമിക്ക് വടക്കുള്ള സത്പുര കുന്നുകളിലെ ഏറ്റവും ഉയരം കൂടിയ മലനിരയാണ് മഹാദേവ് കുന്നുകൾ. കിഴക്കോട്ട് വ്യാപിക്കുന്ന ഈ മലനിരകൾ ഛോട്ടാ നാഗ്പ്പൂർ പീഠഭൂമിയിലെ അമർ ഖണ്ഡക് കുന്നുകൾ വരെ വ്യാപിച്ചിരിക്കുന്നു. സത്പുര കുന്നുകൾ മുമ്പ് വളരെ ശക്തിയേറിയ ഭ്രംശന പ്രക്രിയയ്ക്കു വിധേയമായിട്ടുണ്ടെന്ന് ഇവിടത്തെ ആഴമേറിയ നദീ താഴ്വരകൾ സൂചിപ്പിക്കുന്നു. പൊക്കമുള്ള പീഠഭൂമി പ്രദേശത്തു നിന്നു താഴേക്കൊഴുകുന്ന ഇവിടത്തെ നദികളിൽ ജലപാതങ്ങൾ സാധാരണമാണ്. നദീ സമതലങ്ങളിൽ റീഗർ അഥവാ ലാവാമണ്ണ് എന്ന പേരിൽ അറിയപ്പെടുന്ന പ്രത്യേകയിനം അഗ്നിപർവതജന്യമണ്ണ് കാണപ്പെടുന്നു. ഡെക്കാൺ പീഠഭൂമിയുടെ പ. ഭാഗത്ത് പശ്ചിമഘട്ടനിരകൾ സ്ഥിതി ചെയ്യുന്നു. ഇവയുടെ ഒരു ഭാഗം 'സഹ്യാദ്രി' എന്ന പേരിലാണറിയപ്പെടുന്നത്. ഇവയിൽ ചില കുന്നുകൾക്ക് 914 മീ.-ഓളം ഉയരമുണ്ട്. കടലിനഭിമുഖമായി വർത്തിക്കുന്ന മലനിരകളുടെ ഭാഗങ്ങൾ കുത്തനെ ഉയർന്നു നിൽക്കുന്നു. തെ. വ. ദിശയിൽ തുടർച്ചയായി കാണപ്പെടുന്ന പശ്ചിമഘട്ട നിരകളെ നിരവധി ചുരങ്ങൾ മുറിച്ചു കടക്കുന്നുണ്ട്.

ഡെക്കാൺ ഭൂപ്രദേശത്തിന്റെ കിഴക്കനതിരായി വർത്തിക്കുന്ന പൂർവഘട്ട നിരകൾക്ക് പശ്ചിമ ഘട്ടത്തിനോളം ഉയരമില്ല. 456 മീ. ആണ് ഇവയുടെ പരമാവധി ഉയരം. ഒറ്റപ്പെട്ടു സ്ഥിതിചെയ്യുന്ന ഇവ തെ. ഭാഗത്ത് എത്തുന്നതോടെയാണ് നിരനിരയായി കാണപ്പെടുന്നത്. വ. കി. ഛോട്ടാ നാഗ്പ്പൂർ പീഠഭൂമിയുമായി ചേരുന്ന പൂർവഘട്ട നിരകൾക്ക് ഛോട്ടാ നാഗ്പ്പൂർ കുന്നുകൾ വഴി സത്പുരാനിരകളുമായും ബന്ധമുണ്ട്.

ചരിത്രം

[തിരുത്തുക]

പുരാതനകാലത്ത് ഈ പ്രദേശം 'ദക്ഷിണാപഥം' എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ദക്ഷിണാപഥം എന്ന സംസ്കൃതപദം പ്രാദേശികമായ ഉച്ചാരണഭേദമനുസരിച്ച് രൂപാന്തരപ്പെടുകയും 'ദക്ഖിനി' എന്ന ഹിന്ദുസ്ഥാനി ഉച്ചാരണം കൂടുതൽ വ്യാപകമായിത്തീരുകയും ചെയ്തു. 'ദക്ഖിനി'യുടെ ആംഗല രൂപമാണ് ഡെക്കാൺ.

ഡെക്കാണിന്റെ പ്രാചീന ചരിത്രം അവ്യക്തമാണ്. ദ്രാവിഡരുടേയും മറ്റു പ്രാചീന വർഗങ്ങളുടേയും സംസ്കാരങ്ങളുമായി സാത്മ്യം പ്രാപിച്ചുകിടക്കുന്ന പ്രാചീന ചരിത്രം ഡെക്കാണിനു സ്വന്തമായുണ്ടായിരുന്നു എന്ന് ഗവേഷകർ സംശയാതീതമായി വിശ്വസിക്കുന്നു. ചരിത്രാതീതകാലം മുതൽ വളർന്നുവന്നിരുന്ന മികച്ച ഒരു നാഗരികതയുടെ ഭഗ്നാവശിഷ്ടങ്ങൾ തെക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും കണ്ടെത്തുവാൻ കഴിഞ്ഞിട്ടുണ്ട്. ആര്യാവർത്തത്തിന്റേതിൽനിന്നും ഭിന്നവും സ്വതന്ത്രവുമായ നാഗരികതയാണ് വിന്ധ്യാപർവത നിരകൾക്കു തെക്കുള്ള പ്രദേശങ്ങളിൽ വളർന്നു വന്നിരുന്നതെന്ന വസ്തുതയ്ക്ക് സാർവത്രികമായ അംഗീകാരം ലഭിച്ചിട്ടുണ്ട്.

ഡെക്കാണിന്റെ അറിയപ്പെട്ട ചരിത്രം ആരംഭിക്കുന്നത് ആര്യന്മാരുടെ ദ്രാവിഡാധിനിവേശകാലത്തോടെയാണെന്ന് ചരിത്രവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ക്രിസ്തുവിനുമുമ്പുള്ള ശതകങ്ങളിൽ ആര്യഗോത്രങ്ങളിൽപ്പെട്ട അശ്മകരും വിദർഭരും മറ്റുചില ജനവിഭാഗങ്ങളും ദക്ഷിണാപഥത്തിലേക്ക് കുടിയേറുകയും, ക്രമേണ ആര്യൻ ആധിപത്യം സ്ഥാപിച്ചെടുക്കുകയും ചെയ്തു എന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്. ഡെക്കാണിലെ ആദ്യത്തെ ആര്യൻ അധിനിവേശ പ്രദേശം ബീറാർ ആയിരുന്നു എന്നു കരുതാം. ആദിമഗോത്രക്കാരിൽ വലിയൊരു വിഭാഗം ആര്യന്മാരുടെ അധിനിവേശ പ്രവാഹത്തെ ചെറുക്കുവാൻ തയ്യാറാവുകയും പരാജയപ്പെടുമെന്നു കണ്ടപ്പോൾ ഡെക്കാണിലെ മലനിരകളിലേക്ക് പലായനം നടത്തുകയും ചെയ്തു. ശേഷിച്ചവർ ആര്യസംസ്കാരവുമായി സമന്വയം പൂണ്ട് പുതിയൊരു ജീവിതം നയിക്കുവാൻ സന്നദ്ധരായി. കാലാന്തരത്തിൽ ഉത്തരേന്ത്യൻ രാജാക്കന്മാർക്ക് ഡെക്കാൺ ആകൃഷ്ട കേന്ദ്രമായി മാറി.

ഡെക്കാണിലെ വലിയൊരു ഭൂവിഭാഗം ബി.സി. 4-ാം ശ. -ത്തോടെ ഭരണം നടത്തിയിരുന്ന മഗധയിലെ നന്ദവംശ രാജാക്കന്മാരുടെ അധീനതയിലായിരുന്നു എന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. കർണാടകയിലെ ഷിമോഗ ജില്ലയിൽ നിന്നു കണ്ടെടുത്ത ഏതാനും ശിലാലിഖിതങ്ങളിൽ നന്ദരാജാക്കന്മാരുടെ ഭരണത്തെക്കുറിച്ച് പരാമർശിച്ചു കാണുന്നു. മഗധയിൽ നിന്നും നന്ദൻമാരെ നിഷ്ക്കാസനം ചെയ്തുകൊണ്ട് മൗര്യന്മാർ ബി.സി. 4-ാം ശ. -ത്തിൽ അധികാരം പിടിച്ചെടുത്തപ്പോൾ ഡെക്കാണിലെ നന്ദാധിപത്യം മൗര്യന്മാരുടെ ഭരണത്തിൻ കീഴിലമർന്നു. മൗര്യ ചക്രവർത്തിയായ അശോകന്റെ പല രാജകീയ ശാസനങ്ങളും ആന്ധ്രാ, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ കത്തിയതിൽനിന്നും ഈ ഡെക്കാൺ പ്രദേശങ്ങൾ മൗര്യ സാമ്രാജ്യത്തിന്റെ ഭാഗങ്ങളായിരുന്നു എന്നു കരുതേണ്ടിയിരിക്കുന്നു. ഇവിടെ ബുദ്ധമതവും ജൈനമതവും സമാന്തരമായിത്തന്നെ പ്രചരിച്ചിരുന്നു എന്നതിനും തെളിവുകളുണ്ട്.

മൗര്യ സാമ്രാജ്യം ശിഥിലമായതിനെത്തുടർന്ന് ഡെക്കാൺ പ്രദേശത്തുനിന്നുതന്നെ ജന്മമെടുത്ത ശതവാഹനർ (ശാതവാഹനർ, സാതവാഹനർ എന്നും ഉച്ചാരണ ഭേദം കാണുന്നു) എന്ന സ്വതന്ത്രരാജവംശം അധികാരത്തിൽവന്നു. ആന്ധ്രക്കാർ എന്ന പേരിൽ പരാമൃഷ്ടരായിട്ടുള്ള ശതവാഹനവംശം സ്ഥാപിച്ചത് സിമുകൻ (ശിമുകൻ, ശ്രീമുഖൻ, സുമുഖൻ) എന്ന രാജാവാണെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ഈ വംശത്തിന്റെ ഭരണം തുടങ്ങിയത് ബി. സി. 1-ാം ശ. -ത്തിലാണെന്നും 3-ാം ശ. -ത്തിലാണെന്നും വ്യത്യസ്താഭിപ്രായങ്ങൾ ചരിത്രകാരന്മാർ പ്രകടിപ്പിച്ചുകാണുന്നു. ഈ വംശപരമ്പരയിലെ ആദ്യകാല രാജാക്കന്മാർ മൗര്യന്മാരുടെ പിൻഗാമികളും കണ്വവംശജരുമായ രാജാക്കന്മാരെ ഉന്മൂലനം ചെയ്തതായും പരാമർശങ്ങൾ കാണുന്നു. ക്രിസ്ത്വബ്ദത്തിന്റെ ആരംഭത്തോടുകൂടി ശതവാഹനരുടെ അധികാരശക്തി സുസ്ഥാപിതമായിക്കഴിഞ്ഞിരുന്നു. എ. ഡി. 3-ാം ശ. വരെ ഡെക്കാണിൽ ഭരണം നടത്തിയ ശതവാഹന രാജാക്കന്മാർ പല യുദ്ധങ്ങളിലൂടെ രാജ്യാതിർത്തി വിപുലീകരിക്കുന്നതിൽ ശ്രദ്ധ പതിപ്പിച്ചിരുന്നു. മഹാരാഷ്ട്ര, ഉത്തര കൊങ്കണം, കത്തിയവാഡ്, മാൾവ എന്നീ പ്രദേശങ്ങൾ ശതവാഹന സാമ്രാജ്യത്തിൽ ഉൾപ്പെടുത്തുവാൻ അവർക്കു കഴിഞ്ഞു. തെക്ക് കാഞ്ചീപുരം വരെ ഈ സാമ്രാജ്യം വ്യാപിച്ചിരുന്നു. ഈ വംശത്തിൽ പ്രഗല്ഭരായ പല രാജാക്കന്മാരുമുണ്ടായിരുന്നു. ആദ്യകാല രാജാക്കന്മാരായിരുന്ന ശ്രീ ശാതകർണി ഒന്നാമൻ, ശാതകർണി രാമൻ എന്നിവർ ഉത്തരേന്ത്യയിലെ സുംഗവംശ രാജാക്കന്മാരുമായി യുദ്ധം ചെയ്ത് വിജയം വരിച്ചു.

ഉത്തരേന്ത്യയിൽ ആധിപത്യം സ്ഥാപിച്ച വിദേശ ശക്തികളായ ശകൻമാരുടെ നിരന്തരമായ ആക്രമണം മൂലം ക്രിസ്ത്വബ്ദത്തിന്റെ ആദ്യകാലങ്ങളിൽ ശതവാഹനരുടെ ശക്തി ശിഥിലമാകുവാൻ തുടങ്ങി. എങ്കിലും, ഗൗതമീപുത്ര ശാതകർണി എന്ന ശതവാഹനരാജാവിന്, പല പ്രദേശങ്ങളും പിടിച്ചടക്കി ശതവാഹനശക്തി പുനഃസ്ഥാപിക്കുവാൻ കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. ശതവാഹന പരമ്പരയിൽപ്പെടുന്ന ഏറ്റവും പ്രഗല്ഭനായ രാജാവായിരുന്നു ഇദ്ദേഹം. തുടർന്ന് രുദ്രദാമൻ എന്ന ശകരാജാവ് ശതവാഹനരുടെ പല പ്രദേശങ്ങളും പിടിച്ചടക്കുകയുണ്ടായി. പിന്നീട് യജ്ഞശ്രീ ശാതകർണിക്ക് ശകന്മാരിൽ നിന്നും ഈ പ്രദേശങ്ങൾ തിരിച്ചുപിടിക്കാനും ശതവാഹനശക്തി ദൃഢീകരിക്കാനും സാധിച്ചു. പില്ക്കാല ശതവാഹന രാജാക്കന്മാർ ദുർബലരായിരുന്നതിനാൽ ഡെക്കാണിന്റെ കേന്ദ്ര രാഷ്ട്രീയ ശക്തിക്കു ക്ഷതമേറ്റു. ശതവാഹനരുടെ കാലത്ത് ഡെക്കാൺ സാമ്പത്തിക രംഗത്ത് ഗണ്യമായ പുരോഗതി നേടി. റോമാ സാമ്രാജ്യം ഉൾപ്പെടെയുള്ള പല വിദേശ രാജ്യങ്ങളുമായും വാണിജ്യബന്ധം ശക്തിപ്പെടുത്തുവാനും അവർക്ക് അവസരമുണ്ടായി. ഇക്കാലത്ത് ഡെക്കാണിൽ സുശക്തമായ വ്യവസ്ഥാപിത ഭരണകൂടം നിലനിന്നിരുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ഇവർ സാഹിത്യത്തിന്റേയും കലകളുടേയും വളർച്ചയ്ക്കു പ്രോത്സാഹനം നൽകി. ശതവാഹനരുടെ ഭരണത്തിൻകീഴിൽ ഹിന്ദുമതവും ബുദ്ധമതവും ഒരുപോലെ വികസിച്ചുകൊണ്ടിരുന്നതായും ചരിത്രപണ്ഡിതന്മാർ ചൂണ്ടിക്കാണിക്കുന്നു.

ശതവാഹനരെത്തുടർന്ന് എ.ഡി. 3-ാം ശ.-ത്തിൽ ഡെക്കാണിൽ നിരവധി സ്വതന്ത്ര രാജ്യങ്ങൾ നിലവിൽവന്നു. അവയിൽ പ്രമുഖമായത് വാകാടക രാജവംശമായിരുന്നു. ഉത്തരേന്ത്യയിലെ ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രാമൻ ഡെക്കാണിലെ ഈ പ്രബല ശക്തിയുമായി രാഷ്ട്രീയ സഖ്യത്തിനു സന്നദ്ധനായി. തന്റെ പുത്രിയായ പ്രഭാവതിയെ വാകാടക രാജാവ് രുദ്രസേനൻ രാമനു വിവാഹം ചെയ്തുകൊടുക്കുക വഴി ഈ സഖ്യം ദൃഢീകൃതമായി. തുടർന്ന് ഡെക്കാണിൽ ഇവരുടെ പിൻഗാമികളുടെ ഭരണമായിരുന്നു നടന്നുവന്നത്.

ഡെക്കാൺ പ്രദേശത്തിന്റെ ആധിപത്യം നേടുവാൻ വേണ്ടി മത്സരിച്ചിരുന്ന പല്ലവന്മാരും ചാലൂക്യന്മാരും നിരന്തരമായ യുദ്ധങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. 6-ാം ശ.-ത്തിൽ വാതാപിയിലെ ചാലൂക്യന്മാർ ഡെക്കാണിലെ പ്രബലശക്തിയായി തലയുയർത്തി നിന്നു. ചാലൂക്യരുടെ വരവോടെ ഡെക്കാണിൽ വീണ്ടും ഒരു ഏകീകൃത ഭരണം നിലവിൽ വരാൻ വഴിതെളിഞ്ഞു. വാതാപിയിലെ പ്രധാന രാജശാഖയ്ക്കു പുറമേ വെംഗിയും കല്യാണിയും ആസ്ഥാനമാക്കി മറ്റു രണ്ടു ശാഖകൾ കൂടി ചാലൂക്യവംശത്തിനുണ്ടായിരുന്നു. വാതാപിയിലെ പുലകേശി ഒന്നാമനും പുലകേശി രാമനും ചാലൂക്യ വംശത്തിലെ പ്രബലരാജാക്കന്മാരുടെ ഗണത്തിൽപ്പെടുന്നു. നർമദാനദിക്കു തെക്കു ഭാഗത്തേക്ക് ശക്തിവ്യാപിപ്പിക്കുവാൻ മുന്നോട്ടുവന്ന, ഉത്തരേന്ത്യയിലെ ഭരണാധികാരിയായ കനൗജിലെ ഹർഷവർദ്ധന രാജാവിനെ പരാജയപ്പെടുത്തുവാൻ പുലകേശി രാമന് ഇക്കാലത്തു സാധിച്ചത് വമ്പിച്ച നേട്ടമായി ചരിത്രകാരന്മാർ വിലയിരുത്തുന്നു. ഡെക്കാൺ പ്രദേശത്തെ പൂർണമായും തന്റെ അധികാര പരിധിക്കുള്ളിലൊതുക്കുവാൻ സാധിച്ച സമർഥനായ ഈ ചാലൂക്യരാജാവിന്റെ പ്രശസ്തി ഇന്ത്യക്കു പുറത്തും വ്യാപിച്ചിരുന്നതായി രേഖപ്പെടുത്തിക്കാണുന്നു. പേർഷ്യയിലെ രാജാവ് ഇദ്ദേഹവുമായി നയതന്ത്രബന്ധത്തിൽ ഏർപ്പെട്ടിരുന്നതായും കരുതപ്പെടുന്നുണ്ട്. പുലകേശിയുടെ പിൻഗാമികളെ പരാജയപ്പെടുത്തിക്കൊണ്ട് 8-ാം ശ.-ത്തിൽ രാഷ്ട്രകൂടരാജാക്കന്മാർ ഡെക്കാണിൽ ആധിപത്യമുറപ്പിച്ചു.

തികഞ്ഞ ഇച്ഛാശക്തിയും ലക്ഷ്യബോധവും പ്രകടിപ്പിച്ച രാഷ്ട്രകൂടർ തങ്ങളുടെ സൈനിക മുന്നേറ്റത്തിലൂടെ തെക്കും വടക്കുമുള്ള അയൽരാജ്യങ്ങളെ കീഴടക്കി രാജ്യവിസ്തൃതി വരുത്തി. ഗംഗാ സമതലത്തിലെ ശക്തമായ പ്രതിഹാര രാജ്യത്തെപ്പോലും പ്രകമ്പനം കൊള്ളിക്കാൻ ഇവർക്കു പ്രാപ്തിയുണ്ടായി. ഗോവിന്ദൻ മൂന്നാമൻ എന്ന രാഷ്ട്രകൂടരാജാവ് മികച്ച സൈനിക വിജയങ്ങൾ കൈവരിച്ചു. വടക്ക് ദക്ഷിണ ഗുജറാത്ത് മുതൽ തെക്ക് തഞ്ചാവൂർ വരെയുള്ള ഭൂപ്രദേശങ്ങൾ ഇദ്ദേഹത്തിന്റെ അധികാര മേഖലയ്ക്കുള്ളിൽപ്പെടുകയുണ്ടായി. അക്കാലത്ത് ഡെക്കാൺ സന്ദർശിച്ച സുലൈമാൻ എന്ന അറബി വ്യാപാരി രാഷ്ട്രകൂട രാജാവായ അമോഘവർഷനെ വിശ്വോത്തര ചക്രവർത്തിമാരുടെ പട്ടികയിൽ ഉൾപ്പെടുത്തി പ്രശംസിച്ചിട്ടുണ്ട്. കൃഷ്ണൻ മൂന്നാമനു ശേഷം അധികാരത്തിൽ വന്ന രാജാക്കന്മാർ അപ്രാപ്തരായതോടെ രാഷ്ട്രകൂടശക്തി ക്ഷയോന്മുഖമായിത്തുടങ്ങി.

രാഷ്ട്രകൂടരെ പുറന്തള്ളിക്കൊണ്ട് 973-ൽ കല്യാണിയിലെ ചാലൂക്യന്മാർ ഡെക്കാണിൽ ആധിപത്യം സ്ഥാപിച്ചു. ഇരുനൂറോളം വർഷക്കാലം ഇവർ ഡെക്കാണിൽ ഭരണം തുടർന്നു. ഈ വിഭാഗത്തിലെ ഏറ്റവും ശക്തനായ രാജാവ് വിക്രമാദിത്യൻ ആറാമന്റെ (1076-1126) ഭരണകാലത്ത് ഡെക്കാണിൽ സമാധാനം നിലനിൽക്കുകയും കലയും സാഹിത്യവും അഭിവൃദ്ധി പ്രാപിക്കുകയുമുണ്ടായി. ഇദ്ദേഹത്തിന്റെ കാലശേഷം ചാലൂക്യ ശക്തി ക്രമേണ ക്ഷയിക്കുവാൻ തുടങ്ങി. ഒടുവിൽ (സു. 1190) പല സ്വതന്ത്രരാജ്യങ്ങളും ഡെക്കാണിൽ ജന്മമെടുത്തു. ദേവഗിരിയിലെ യാദവന്മാർ, ദ്വാരസമുദ്രത്തിലെ (ദൊരൈസമുദ്രം) ഹൊയ്സാലന്മാർ, മധ്യ ഡെക്കാണിലെ വാറംഗലിലുള്ള കാകതീയന്മാർ (കാകതേയന്മാർ) എന്നിവരായിരുന്നു അക്കൂട്ടത്തിൽ പ്രാധാന്യമർഹിക്കന്നവർ. ഇവരിൽ ദേവഗിരിയിലെ യാദവന്മാർ പ്രബലരും പ്രഗല്ഭരുമായിരുന്നു.

ഡെക്കാണിലെ യാദവരെ പരാജയപ്പെടുത്തിക്കൊണ്ട് ഡൽഹിയിലെ കിൽജിവംശ സുൽത്താനായ അലാവുദ്ദീൻ കിൽജി ഇവിടെ മുസ്ലിം അധീശത്വം സ്ഥാപിച്ചു. അലാവുദ്ദീൻ മുമ്പ് ഔധിൽ പ്രാദേശിക ഭരണാധികാരിയായിരിക്കവേ ദേവഗിരി കൊള്ളയടിച്ചുകിട്ടിയ വമ്പിച്ച സമ്പത്തിന്റെ ആകർഷണീയത വീണ്ടും ഡെക്കാണിലേക്കു നീങ്ങുവാൻ സുൽത്താന് പ്രചോദനം നൽകി. ഡെക്കാണിലേക്കുള്ള അലാവുദ്ദീന്റെ സൈനിക പര്യടനത്തിനു നേതൃത്വം നൽകിയത് ഇദ്ദേഹത്തിന്റെ സേനയുടെ ജനറലായ മാലിക് കാഫൂർ ആയിരുന്നു. മാലിക് കാഫൂറിന്റെ നേതൃത്വത്തിലുള്ള ഡൽഹി സേന 1308-നും 1312-നും ഇടയ്ക്ക് ഡെക്കാണിലെ രാജാക്കന്മാരായ ദേവഗിരിയിലെ യാദവരേയും വാറംഗലിലെ കാകതീയരേയും ദ്വാരസമുദ്രത്തിലെ ഹൊയ്സാലരേയും തോല്പിച്ചത്തിനെത്തുടർന്ന് അവരെല്ലാം ഡൽഹി സുൽത്താന്റെ മേൽക്കോയ്മ സ്വീകരിക്കുവാൻ നിർബന്ധിതരായിത്തീർന്നു. ഡൽഹിയിൽ പിന്നീട് അധികാരത്തിൽവന്ന സുൽത്താൻ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ ഭരണകാലത്ത് (1325-51) വിന്ധ്യാപർവതത്തിനു തെക്കുള്ള പ്രദേശങ്ങളെല്ലാം ഡൽഹി സുൽത്താൻ സാമ്രാജ്യത്തിനു നഷ്ടമാവുകയും ആ സ്ഥാനത്ത് മറ്റു രണ്ട് പുതിയ ഭരണകൂടങ്ങൾ ഉദയം ചെയ്യുകയുമുണ്ടായി. ഡെക്കാണിലെ മുസ്ലിം ആധിപത്യത്തിനെതിരായുണ്ടായ രാഷ്ട്രീയ ധ്രുവീകരണത്തിന്റെ ഫലമായി കൃഷ്ണാനദീതടത്തിനു സമീപം സ്ഥാപിതമായ (1336) വിജയനഗരസാമ്രാജ്യമായിരുന്നു ഇതിൽ പ്രമുഖം. സുൽത്താനെതിരെ കലാപത്തിന് മുതിർന്ന ഹസ്സൻ എന്ന ഉദ്യോഗസ്ഥൻ സ്ഥാപിച്ച ബാഹ്മനി എന്ന സ്വതന്ത്രമുസ്ലിം രാജ്യമായിരുന്നു രണ്ടാമത്തേത്. ബാഹ്മനി രാജ്യം ഉടലെടുത്തതു മുതൽ (1347) വിജയനഗര സാമ്രാജ്യവുമായി നിരന്തര യുദ്ധം നടത്തിപ്പോന്നു. അന്തശ്ചിദ്രം മൂർഛിച്ച് 16-ാം ശ.-ത്തിന്റെ രണ്ടു ദശാബ്ദങ്ങളായപ്പോഴേക്കും ശിഥിലമായിത്തീർന്ന ബാഹ്മനി രാജ്യം ബീജാപ്പൂർ, ഗോൽക്കൊ, അഹമ്മദ് നഗരം, ബീദാർ, ബീറാർ എന്നീ അഞ്ചു മുസ്ലിം രാജ്യങ്ങളായി വിഭജിതമാകാനുള്ള രാഷ്ട്രീയ സാഹചര്യമുണ്ടായി. അപ്പോഴും വിജയനഗരത്തോടുള്ള ഇവരുടെ നയത്തിൽ കാര്യമായ മാറ്റമുണ്ടായില്ല. 1565-ലെ തളിക്കോട്ട യുദ്ധത്തിൽ ഈ മുസ്ലിം സുൽത്താൻമാർ ഒറ്റക്കെട്ടായി അണിനിരന്നുകൊണ്ട് വിജയനഗര രാജ്യത്തെ പരാജയപ്പെടുത്തി നിശ്ശേഷം ശിഥിലമാക്കി. വിജയനഗരത്തിനെതിരായി ഇവർ താൽക്കാലികമായ ഐക്യം പ്രകടിപ്പിച്ചെങ്കിലും ഡെക്കാണിൽ ആധിപത്യം സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള കിടമത്സരം ഇവരെ ഭിന്നിപ്പിച്ചു നിർത്തുകതന്നെ ചെയ്തു. ഈ മുസ്ലിം സുൽത്താൻരാജ്യങ്ങൾക്കു പുറമേ ഏതാനും ചെറിയ ഹിന്ദുരാജ്യങ്ങൾകൂടി ഉൾപ്പെട്ട പ്രദേശമായിരുന്നു ഇക്കാലത്ത് ഡെക്കാൺ.

വടക്കേ ഇന്ത്യയിലെ മുഗൾ ഭരണം ഇക്കാലത്ത് ഡെക്കാണിലേക്കു വ്യാപിപ്പിക്കാനുള്ള സന്നാഹങ്ങളുണ്ടായി. അഖിലേന്ത്യാ ശക്തിയാകണമെങ്കിൽ ഡെക്കാൺ പ്രദേശം കൂടി തങ്ങളുടെ അധീനതയിലാകേത് അനിവാര്യമാണെന്ന് ഡൽഹിയിലെ മുഗൾ ഭരണകൂടത്തിനു തോന്നി. മുഗൾ മേൽക്കോയ്മ അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാ അക്ബർ ചക്രവർത്തി ഡെക്കാൺ രാജ്യങ്ങളിലേക്ക് 1591-ൽ നടത്തിയ നയതന്ത്രദൗത്യം പരാജയത്തിൽ കലാശിച്ചു. തുടർന്ന് സൈനിക നടപടികളിലൂടെ അക്ബർ ഡെക്കാണിലെ അഹമ്മദ്നഗർ രാജ്യത്തിന്റെ ഉത്തരഭാഗങ്ങൾ പിടിച്ചെടുത്തു (1600). പിന്നീട് അധികാരത്തിലേറിയ മുഗൾ ചക്രവർത്തിമാർ ഡെക്കാണിലെ മുസ്ലിം രാജ്യങ്ങൾ ഒന്നൊന്നായി ആക്രമിച്ചു കൈവശപ്പെടുത്തി. ഔറംഗസീബ് ചക്രവർത്തിയുടെ കാലത്ത് 1687-ഓടെ ഈ പ്രക്രിയ പൂർത്തിയായി.

ഈ ഘട്ടത്തിലാണ് ഛത്രപതി ശിവാജിയുടെ രംഗപ്രവേശം. ശിവാജിയുടെ നേതൃത്വത്തിൽ ഉത്തര-പശ്ചിമ ഡെക്കാണിൽ വളർന്നുവന്ന മഹാരാഷ്ട്രശക്തി ഡെക്കാണിലെ മുഗൾഭരണത്തിനു ഭീഷണിയായ ചരിത്രമാണ് പിന്നീടു നാം കാണുന്നത്. ഡെക്കാണിന്റെ ആധിപത്യം സ്വായത്തമാക്കുന്നതിനായി ശിവാജിയും മുഗളരും തമ്മിൽ ഏറ്റുമുട്ടി. 1674-ൽ ഒരു സ്വതന്ത്രരാജ്യം സ്ഥാപിക്കുവാൻ ശിവാജിക്കു സാധിച്ചു. ശിവാജിയുടെ മരണ(1680)ശേഷം പിന്തുടർച്ചക്കാർ മുഗളരുമായുള്ള ഏറ്റുമുട്ടൽ തുടർന്നു. ഔറംഗസീബ് ചക്രവർത്തിയുടെ മരണത്തോടുകൂടി (1707) മഹാരാഷ്ട്രർ ഡെക്കാണിലെ പ്രബലശക്തിയായി വളർന്നു കഴിഞ്ഞിരുന്നു. ഡെക്കാണിലെ മുഗൾ ഉദ്യോഗസ്ഥൻ ആയിരുന്ന നിസാം-ഉൽ-മുൽക് ആസഫ് ഝാ ഡെക്കാണിൽ സ്വതന്ത്ര മുസ്ലിം രാജ്യം സ്ഥാപിച്ചു (1724-28). ഇപ്രകാരം 18-ാം ശ.-ത്തിൽ മഹാരാഷ്ട്രരുടെ രാജ്യവും നിസാമിന്റെ ഹൈദരാബാദും ഡെക്കാണിലെ രണ്ടു പ്രബലരാജ്യങ്ങളായി നിലവിൽവന്നു. മഹാരാഷ്ട്രയിൽ ക്രമേണ, ശിവാജിയുടെ വംശക്കാരുടെ പേഷ്വാമാരിലേക്ക് (പ്രധാനമന്ത്രി) അധികാരം വഴുതിക്കൊണ്ടിരുന്നു. പേഷ്വാമാരുടെ നേതൃത്വത്തിൽ 18-ാം ശ.-ത്തിന്റെ മധ്യത്തോടെ മറാത്താശക്തി ഇന്ത്യയുടെ തെക്കും വടക്കും ഭാഗങ്ങളിൽപ്പെട്ട കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിച്ചു. എന്നാൽ 1761-ലെ മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ മറാത്തർ ദയനീയമായി പരാജയപ്പെട്ടതോടെ അവരുടെ ശക്തിയും രാജ്യവും പുനഃസൃഷ്ടിക്കാനാവാത്തവിധം ശിഥിലമായി. ഈ ഘട്ടത്തിൽ കച്ചവടകാര്യങ്ങൾക്കായി ഇന്ത്യയിൽ എത്തിയ യൂറോപ്യന്മാർ ഡെക്കാൺ പ്രദേശങ്ങളിൽ ഫാക്ടറികൾ സ്ഥാപിച്ചു തുടങ്ങിയിരുന്നു.

ഹൈദരാബാദിലെ നിസാം 1748-ൽ അന്തരിച്ചു. തദവസരത്തിൽ ഹൈദരാബാദിന്റെ ഭരണത്തിനുവേണ്ടി കടുത്ത മത്സരം പൊട്ടിപ്പുറപ്പെട്ടു. ഡെക്കാണിലെ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാൻ യൂറോപ്യൻ കച്ചവടക്കമ്പനികൾക്കു ലഭിച്ച ഈ അവസരം അവർ തന്ത്രപൂർവം പ്രയോജനപ്പെടുത്തി. ഫ്രഞ്ചുകാരും ബ്രിട്ടിഷുകാരും ഹൈദരാബാദിലെ അധികാര മത്സരത്തിൽ ഏർപ്പെട്ടിരുന്ന ഓരോ വിഭാഗത്തേയും പിന്തുണയ്ക്കുന്നു എന്ന വ്യാജേന രംഗത്തുവന്നു. നിർണായകമായ കർണാട്ടിക് യുദ്ധങ്ങളുടെ ഫലമായി ഡെക്കാണിൽ അന്നുണ്ടായിരുന്ന ഫ്രഞ്ചുശക്തി നിഷ്ക്കാസിതമായി. ഡെക്കാണിൽ തുടർന്നിരുന്ന ഇംഗ്ലീഷുകാരോട് പില്ക്കാലത്ത് ഹൈദരാബാദിലെ നിസാം അനുകൂല നിലപാടെടുത്തു.

1761-ൽ ഹൈദരലി മൈസൂറിന്റെ ഭരണം ഹിന്ദു രാജവംശത്തിൽ നിന്ന് പിടിച്ചെടുക്കുകയും രാജ്യവിസ്തൃതി വർദ്ധിപ്പിക്കാനുള്ള യുദ്ധങ്ങൾ നടത്തുകയും ചെയ്തു. ഇതോടൊപ്പം ഹൈദരാബാദും മറാത്തയും ഡെക്കാൺ ഭൂപ്രദേശത്ത് സാമ്രാജ്യവിസ്തൃതി ലാക്കാക്കി ഏറ്റുമുട്ടുന്ന അവസ്ഥയും സംജാതമായി. വിദേശശക്തിയായ ഇംഗ്ലീഷുകാരെ പുറത്താക്കുന്നതിന് ഒത്തുചേർന്നു പ്രവർത്തിക്കാൻ ഇവർക്കു കഴിയാതെ പോയി. ഹൈദരുടെ മരണശേഷം പുത്രനായ ടിപ്പുസുൽത്താൻ മൈസൂറിൽ അധികാരത്തിലേറി. തുടർച്ചയായി ബ്രിട്ടിഷുകാരോട് ഏറ്റുമുട്ടിയ ടിപ്പു അകാലചരമത്തിനിരയായി. ഡെക്കാണിലെ രാജ്യങ്ങളുടെ പരസ്പര ശത്രുത മുതലെടുത്തുകൊണ്ട് ബ്രിട്ടിഷ് മേധാവിത്വം ഡെക്കാണിലും സമീപത്തുള്ള കൂടുതൽ പ്രദേശങ്ങളിലും വ്യാപിക്കുവാൻ ഇടയായി. തുടർന്ന്, ഇന്ത്യ മുഴുവനും ബ്രിട്ടിഷ് അധീനതയിലായി.

സ്വാതന്ത്ര്യലബ്ധിക്കു ശേഷം, ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കാതെ പ്രത്യേക രാജ്യമായി നിലനിർത്തുവാൻ നിസാം പദ്ധതിയുണ്ടാക്കി. എന്നാൽ ഇന്ത്യാ ഗവൺമെന്റ് 1948-ൽ എടുത്ത സുദൃഢ നടപടികളുടെ ഫലമായി ഹൈദരാബാദ് ഇന്ത്യൻ യൂണിയന്റെ ഭാഗമായിത്തീർന്നു. പീന്നീടു നടന്ന സംസ്ഥാന പുനഃസംഘടനയനുസരിച്ച് ഡെക്കാൺ പ്രദേശം ആന്ധ്ര, കർണാടകം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ ഭാഗമായി രൂപാന്തരപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. Monier-Williams Sanskrit-English Dictionary, p. 498 (scanned image at SriPedia Initiative): Sanskrit dakṣiṇa meaning 'right', 'southern'.