Jump to content

അക്ഷകുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Akshayakumara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാമായണത്തിലെ ഒരു കഥാപാത്രമാണ് അക്ഷകുമാരൻ. രാവണന്റെയും മണ്ഡോദരിയുടെയും ഇളയമകൻ[1][2], ഇന്ദ്രജിത്തിന്റെ അനുജൻ. അക്ഷൻ, അക്ഷയൻ, അക്ഷയകുമാരൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. വാല്മീകി രാമായണത്തിൽ സുന്ദരകാണ്ഡത്തിലാണ്[2] അക്ഷകുമാരനെപ്പറ്റിയുള്ള പരാമർശം ആദ്യമായിക്കാണുന്നത്. അശോകവനികയിലെത്തി സീതാദേവിയെക്കണ്ടശേഷം ഉദ്യാനഭഞ്ജനം ചെയ്തുകൊണ്ടിരുന്ന ഹനുമാനെ വധിക്കുന്നതിന് രാവണൻ അയച്ച പഞ്ചസേനാപതികളടക്കമുള്ള രാക്ഷസവീരൻമാർ പോരിൽ മരിച്ചപ്പോൾ, ആ കപിവീരനെ എതിർക്കുവാൻ അക്ഷകുമാരൻ വളരെ ഉൽസാഹത്തോടുകൂടി പുറപ്പെട്ടതായി ആദികവി വർണിച്ചിട്ടുണ്ട്. എട്ടു കുതിരകളെ പൂട്ടിയ തേരിൽക്കയറി, വില്ലും ധരിച്ചു ശബ്ദമുഖരമായ സൈന്യവുമൊത്തുചെന്ന്, അക്ഷകുമാരൻ ഹനുമാനോട് ഗംഭീരമായി യുദ്ധം ചെയ്ത് തന്റെ പരാക്രമം പ്രകടമാക്കി. ഹനുമാൻ ആണ് അക്ഷകുമാരനെ വധിക്കുന്നത്.[2]

മുഴങ്ങിമന്നർക്കനുമുഷ്ണ രശ്മിയായ്,

മരുത്തു വീശീല വിറച്ചുപോയ് ഗിരി,

കുമാരനും കീശനുമിട്ടപോരുക-

ണ്ടിരമ്പിവാനങ്ങു, കലങ്ങിയാഴിയും.

എന്നിങ്ങനെയുള്ള യുദ്ധവർണനയിൽ അത് വ്യക്തമാണ്. യുദ്ധവേളയിൽ മായാവിദ്യകൊണ്ട് ആകാശത്തേക്കുയർന്ന അക്ഷകുമാരനെ ഹനുമാൻ കൈത്തലംകൊണ്ട് അടിച്ചു കൊന്ന് ഭൂമിയിലേക്ക് വലിച്ചെറിഞ്ഞു. ഇന്ദ്രാദി ദേവഗണങ്ങളെയും യക്ഷപന്നഗ ഭൂതാദികളെയും മറ്റും പരാക്രമംകൊണ്ട് വിസ്മയിപ്പിച്ച അക്ഷകുമാരനെ ഇന്ദ്രപുത്രനായ ജയന്തനോടാണ് വാല്മീകി ഉപമിച്ചിട്ടുള്ളത്.

അവലംബം

[തിരുത്തുക]
  1. ഹിന്ദുപീഡിയ
  2. 2.0 2.1 2.2 "സുന്ദരകാണ്ഡം". Archived from the original on 2011-10-20. Retrieved 2010-09-14.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്ഷകുമാരൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്ഷകുമാരൻ&oldid=3775426" എന്ന താളിൽനിന്ന് ശേഖരിച്ചത്