Jump to content

സന്ധി (വ്യാകരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സന്ധി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Wiktionary
Wiktionary
സന്ധി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

വർണ്ണങ്ങൾ തമ്മിലുള്ള ചേർച്ചയെയാണ് വ്യാകരണത്തിൽ സന്ധി എന്നുവിളിക്കുന്നത്. ഇങ്ങനെ വർണ്ണങ്ങൾ സന്ധിക്കുമ്പോൾ അവയ്ക്ക് പലതരത്തിലുള്ള മാറ്റങ്ങളുമുണ്ടാകാറുണ്ട്. ഈ മാറ്റങ്ങളെ വർണ്ണവികാരം എന്നു പറയുന്നു. എന്നാൽ എല്ലായവസരത്തിലും സന്ധിയിൽ ഇങ്ങനെ വർണ്ണവികാരങ്ങൾ ഉണ്ടാവണമെന്നില്ല. ഉച്ചാരണസൗകര്യമാണ്‌ സന്ധിയിലെ വർണ്ണവികാരത്തിന് മുഖ്യകാരണം. എന്നാൽ ചിലപ്പോൾ സന്ധി വ്യാകരണപരമായ അർത്ഥത്തെത്തെയും കുറിക്കുന്നു.[1]

വർണ്ണയോഗമാണ് സന്ധി എന്നു പറയാമെങ്കിലും വർണ്ണയോഗമുള്ളിടത്തെല്ലാം സന്ധിയുണ്ടാകണമെന്നില്ല. ഉദാഹരണത്തിന് "സീതയുടെ" എന്ന പദത്തിൽ സ്+ഈ+ത്+അ+യ്+ഉ+ട്+എ  എന്നിങ്ങനെ ഏഴുവർണ്ണയോഗമുണ്ട്. സീത+ഉടെ എന്ന് സന്ധിയൊന്നേയുള്ളൂ. അ, ഉ എന്നീ വർണ്ണങ്ങളുടെ യോഗമാണ് എന്നു പറയുന്നതിനേക്കാൾ അകാരാന്തവും ഉകാരാദിയുമായ ശബ്ദങ്ങളുടെ യോഗമാണ് എന്നു പറയുന്നതാണ് സാങ്കേതികമായി ശരി.

പദങ്ങൾ തമ്മിലോ പദഘടകങ്ങളായ രൂപിമങ്ങൾ തമ്മിലോ സന്ധിക്കുമ്പോൾ സംഭവിക്കുന്ന വർണ്ണലോപവും വർണ്ണാഗമവും സന്ധിക്കു വിഷയമാണ്‌. ഭാഷാശാസ്ത്രത്തിൽ രൂപസ്വനവിജ്ഞാനത്തിലാണ്‌ സന്ധികാര്യം ചർച്ച ചെയ്യുന്നത്.

ഭാരതീയഭാഷകളിലാണ്‌ സന്ധി സർവ്വസാധാരണമായുള്ളത്. സന്ധിപരിണാമങ്ങൾ ഭാഷണത്തിൽ സാമാന്യമെങ്കിലും പല ഭാഷകളും എഴുത്തിൽ അത് സൂചിപ്പിക്കാറില്ല, പ്രത്യേകിച്ചും ബാഹ്യസന്ധികളിൽ.

സംധാ എന്ന സംസ്കൃത ശബ്ദത്തിൽ നിന്നാണ് സന്ധി എന്ന വാക്കുണ്ടായത്. ചന്തി എന്ന് മലയാളത്തിൽ ഉപയോഗിക്കുന്നതും ഈ വാക്കാണ്. ചേർച്ച എന്ന് അർത്ഥം. ഭാഷയിൽ രണ്ടു ശബ്ദങ്ങൾ തമ്മിൽ ചേരുമ്പോൾ സന്ധിയായി. രണ്ട് ശബ്ദങ്ങൾ ചേരുമ്പോൾ എന്തെങ്കിലും വർണ്ണവികാരം ഉണ്ടാകണം. വർണ്ണവികാരം എന്നു പറഞ്ഞാൽ സന്ധിചേരുന്ന ശബ്ദങ്ങൾക്കു വരുന്ന മാറ്റം എന്നർത്ഥം.

നിർവ്വചനം

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കേരളപാണിനീയം എന്ന താളിലുണ്ട്.
  • വർണ്ണയോഗം

പാണിനി സന്ധിശബ്ദത്തിനു പകരം സംഹിത എന്ന സംജ്ഞയാണ്‌ സ്വീകരിച്ചിട്ടുള്ളത്. അത്യന്തമായ ചേർച്ച (പരഃ സന്നികർഷഃ സംഹിതാ) എന്ന് അദ്ദേഹം നിർവ്വചിക്കുന്നു. "യോഗജന്യവികാരം സന്ധി" എന്നു് കേരളപാണിനീയം ഒന്നാം പതിപ്പിൽ എ. ആർ സന്ധിയ്ക്ക് നിർവ്വചനം നല്കുന്നുണ്ട്. അക്ഷരങ്ങൾ അല്ലെങ്കിൽ വർണ്ണങ്ങൾ തമ്മിലുള്ള ചേർച്ചയാണ് സന്ധി എന്ന് കേരളപാണിനി പറയുന്നു.

വർണ്ണങ്ങൾ തമ്മിലുള്ള യോഗത്തിന്റെ സ്ഥലഭേദമനുസരിച്ചും വർണ്ണങ്ങളുടെ സ്വരവ്യഞ്ജനഭേദമനുസരിച്ചും സന്ധികളെ വർഗ്ഗീകരിക്കാമെന്ന് ഏ.ആർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും സന്ധി വരുമ്പോൾ വർണ്ണങ്ങൾക്കു് ഉണ്ടാകാവുന്ന വികാരങ്ങളനുസരിച്ചുള്ള വിഭാഗത്തെയാണ് കോരളപാണിനീയത്തിൽ വിശദമായി ചർച്ചചെയ്യുന്നത്.

സ്വര-വ്യഞ്ജനങ്ങളിൽ ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യുന്ന പകുപ്പതം, പകാപ്പതം എന്നീ രണ്ടു വിഭാഗത്തിലും പെട്ട ശബ്ദങ്ങൾ പരസ്പരം വിഭക്തിബന്ധത്തിലോ(വേറ്റുമൈ), അല്ലാതുള്ള അർത്ഥത്തിലോ(അൽവഴി) പൂർവ്വോത്തരപദങ്ങളായി വികാരംകൂടാതെയോ വികാരത്തോടുകൂടിയോ ചേരുന്നതാണ്‌ സന്ധി (പുണർച്ചി) എന്ന് നന്നൂൽ വിവരിക്കുന്നു. ഒരു വികാരവും കൂടാതെയുള്ള സംഹിതയ്ക്ക് ഇയല്പ് എന്നാണ്‌ പേര്.[3]

  • ശബ്ദയോഗം

വർണ്ണങ്ങളുടെ പരമമായ സാമിപ്യത്തിനു സംഹിത എന്ന പേരുനല്കാം. വർണ്ണവികാരങ്ങളോടുകൂടിയ സംഹിതയത്രെ സന്ധി.[4] കെ. സുകുമാരപിള്ള നിരീക്ഷിക്കുന്നു. വർണ്ണവികാരത്തെ നിയാമകമാക്കിയാണ് സന്ധി നിർവ്വചിക്കുന്നതെങ്കിലും വർണ്ണങ്ങളുടെ യോഗമാണ് എന്നതിനെക്കാൾ ശബ്ദങ്ങളുടെ യോഗമാണ് സന്ധി എന്നതിനാണ് കൂടുതൽ സാംഗത്യമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കാരണം സന്ധിയിലുണ്ടാകുന്ന വർണ്ണവികാരങ്ങൾ മിക്കവയും സന്ധിക്കുന്ന ശബ്ദങ്ങളുടെ വ്യാകരണപരമായ പ്രത്യേകതകളെ ആശ്രയിച്ചിരിക്കുന്നു.

  • "വിശേഷണവിശേഷ്യങ്ങൾ

പൂർവ്വോത്തരപദങ്ങളായ്
സമാസിച്ചാലിരട്ടിപ്പൂ
ദൃഢം പരപദാദിഗം" - എന്നാണ് നിയമം.

    • എന്നാൽ പൂർവ്വപദമായ വിശേഷണം ധാതുവാണെങ്കിൽ ഇരട്ടിപ്പുസംഭവിക്കില്ല.
അര + കല്ല് = അരക്കല്ല് ( പാതിക്കല്ല്)
അര + കല്ല് = അരകല്ല് (അരയ്ക്കാനുള്ള കല്ല് - അരയുക എന്നതിന്റെ ധാതുവാണ് 'അര')
    • വിശേഷണവിശേഷ്യങ്ങളല്ലാതെ രണ്ട് നാമങ്ങൾ സമാസിച്ചാലും ഇരട്ടിക്കില്ല.
ആന + കുട്ടി = ആനക്കുട്ടി (ആന വിശേഷണം, കുട്ടി വിശേഷ്യം)
ആന + കുതിരകൾ = ആനകുതിരകൾ (ആന, കുതിര എന്നിവ വിശേഷണവിശേഷ്യങ്ങളല്ല)
  • താലവ്യസ്വരത്തിന് സ്വരം പരമായാൽ യകാരം ആഗമിക്കും. എന്നാൽ ആ താലവ്യസ്വരം ചുട്ടെഴുത്തായാൽ വകാരമേ ആഗമിക്കൂ. അതായത് ചുട്ടെഴുത്ത് എന്ന പദവിഭാഗത്തിന്റെ സവിശേഷതമൂലമാണ് വകാരാഗമം.
  • അനുസ്വാരത്തിലവസാനിക്കുന്ന നാമങ്ങളോട് പ്രത്യയം ചേർത്താൽ 'ത്ത്' ആദേശം. എന്നാൽ ചേരുന്നത് പ്രത്യയമല്ലെങ്കിൽ ത്താദേശമില്ല.
മരം + ഇൽ = മരത്തിൽ (ഇൽ ആധാരികാപ്രത്യയമായതുകൊണ്ട് ത്താദേശം.
മരം + ഇല്ല = മരമില്ല
മരം + അല്ല = മരമല്ല -എന്നീ ഉദാഹരണങ്ങളിൽ ത്താദേശമില്ല. കാരണം ഇല്ല, അല്ല എന്നിവ പ്രത്യയമല്ല എന്നതുതന്നെ.

വർഗ്ഗീകരണം

[തിരുത്തുക]

പല മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സന്ധിയെ വൈയാകരണർ പല വിധത്തിൽ വർഗ്ഗീകരിച്ചിട്ടുണ്ട് .

സന്ധിക്കുന്ന സ്ഥാനം

[തിരുത്തുക]

സന്ധിസംഭവിക്കുന്നത് പദങ്ങൾക്കിടയിലോ, പദഘടകങ്ങളായ രൂപിമങ്ങൾ(പ്രകൃതി, പ്രത്യയം)ക്കിടയിലോ എന്നതിനെ ആസ്പദമാക്കിയാണ്‌ ഈ വിഭജനം.

  • ഒരു പദത്തിനുള്ളിൽത്തന്നെ പ്രകൃതിയും പ്രത്യയവും ചേരുന്നിടത്ത് വരുന്ന മാറ്റങ്ങളെ പദമദ്ധ്യസന്ധി (ആഭ്യന്തരസന്ധി ) എന്ന് വിളിക്കുന്നു.

ഉദാ:-

മരം + ഇൽ = മരത്തിൽ
കേൾ ‍+ തു = കേട്ടു
  • രണ്ടു പദങ്ങൾ ചേരുന്നിടത്താണ്‌ പദാന്തസന്ധി (ബാഹ്യസന്ധി) സംഭവിക്കുക.

ഉദാ:-

പിൻ + കാലം = പിൽക്കാലം
തിര + ഇല്ല = തിരയില്ല.
പൊൻ + പൂ = പൊൻപൂ
  • പദമധ്യ പദാന്തസന്ധികൾ ഒരുമിച്ചുവരുന്നതിനെ ഉഭയസന്ധി എന്നു വിളിക്കുന്നു.
മണി + അറ + ഇൽ = മണിയറയിൽ

സന്ധിക്കുന്ന വർണ്ണങ്ങൾ

[തിരുത്തുക]

സന്ധിക്കുന്ന വർണ്ണങ്ങൾ സ്വരമോ വ്യഞ്ജനമോ എന്നതിനെ അടിസ്ഥാനമാക്കി സന്ധികളെ സ്വരസന്ധി (സ്വരം + സ്വരം), വ്യഞ്ജനസന്ധി (വ്യഞ്ജനം + വ്യഞ്ജനം), സ്വരവ്യഞ്ജനസന്ധി (സ്വരം + വ്യഞ്ജനം), വ്യഞ്ജനസ്വരസന്ധി (വ്യഞ്ജനം + സ്വരം) എന്നിങ്ങനെ നാലായി തിരിക്കാം. എ. ആർ രാജരാജവർമ്മയ്ക്കു മുൻപുള്ള വൈയാകരണന്മാരൊക്കെ ഈയൊരു വിഭാജകരീതിയാണ് പിൻതുടരുന്നത്. പ്രകരണപൂർത്തിക്കായി കേരളപാണിനീയത്തിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ലീലാതിലകകാരൻ സ്വരസന്ധി, വ്യഞ്ജനസന്ധി, സ്വരവ്യഞ്ജനസന്ധി എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾമാത്രമേ സ്വീകരിക്കുന്നുള്ളൂ. റവ. ജോർജ്ജ് മാത്തൻ നാലു വിഭാഗങ്ങളും സ്വീകരിക്കുന്നുണ്ടെങ്കിലും സംസ്കൃതരീതിയിലാണ് പേരുനല്കിയത്. അജന്തം + അജാദി (സ്വരം + സ്വരം) അജന്തം + ഹലാദി ( സ്വരം + വ്യഞ്ജനം), ഹലന്തം + ഹലാദി (വ്യഞ്ജനം + വ്യഞ്ജനം), ഹലന്തം + അജാദി (വ്യഞ്ജനം + സ്വരം) എന്നിങ്ങനെ. ഡോ. ഗുണ്ടർട്ട് സ്വരസന്ധി, വ്യഞ്ജനസന്ധി എന്നീ രണ്ടു മഹാവിഭാഗങ്ങൾ കല്പിച്ചശേഷം വ്യഞ്ജനസന്ധിയുടെ ഉൾപ്പിരിവുകളായി സ്വരം + വ്യഞ്ജനം, വ്യഞ്ജനം + സ്വരം, വ്യഞ്ജനം + വ്യഞ്ജനം എന്നിങ്ങനെ വിശദാംശങ്ങൾ നല്കുന്നു.

  • സ്വരവ്യഞ്ജനഭേദമനുസരിച്ചുള്ള സന്ധി വിഭജനത്തിന് ചില ഉദാഹരണങ്ങൾ
സ്വരസന്ധി - മണി + അറ = മണിയറ, ഓടി + ഇല്ല =ഓടിയില്ല
വ്യഞ്ജനസന്ധി - കൽ + മദം = കന്മദം
സ്വരവ്യഞ്ജനസന്ധി - താമര + കുളം = താമരക്കുളം
വ്യഞ്ജനസ്വരസന്ധി - കൺ + ഇല്ല = കണ്ണില്ല

വർണ്ണവികാരം

[തിരുത്തുക]

സന്ധിക്കുന്ന വർണ്ണങ്ങൾക്കുണ്ടാകുന്ന മാറ്റത്തെയാണ് വർണ്ണവികാരം എന്നു പറയുന്നത്. വർണ്ണവികാരത്തെ അടിസ്ഥാനമാക്കിയും സന്ധിയെ വർഗ്ഗീകരിക്കാറുണ്ട്. നാലുതരം വർണ്ണവികാരമാണ് സന്ധിയിൽ പ്രായേണ സംഭവിക്കാറ്. ലോപം, ആഗമം, ആദേശം, ദ്വിത്വം എന്നിവയാണവ. കേരളപാണിനിയാണ് വർണ്ണവികാരത്തിന്റെ അടിസ്ഥാനത്തിൽ സന്ധികളെ വർഗ്ഗീകരിച്ചത്.

ലോപസന്ധി

[തിരുത്തുക]

സന്ധിക്കുന്ന വർണ്ണങ്ങളിലൊന്ന് ലോപിക്കുന്നതാണ്‌ ലോപസന്ധി.

കൊടുത്തു + ഇല്ല = കൊടുത്തില്ല.
വരിക + എടോ = വരികെടോ

മലയാളത്തിൽ പൂർവ്വപദാന്തത്തിലെ സംവൃതോകാരം മറ്റൊരു സ്വരത്തിനുമുൻപ് സാർവത്രികമായി ലോപിക്കുന്നു.

തണുപ്പു് + ഉണ്ട് = തണുപ്പുണ്ട്
കാറ്റു് + അടിക്കുന്നു =കാറ്റടിക്കുന്നു

ആഗമസന്ധി

[തിരുത്തുക]

സന്ധിക്കുന്ന വർണ്ണങ്ങൾക്കിടയിൽ മൂന്നാമതൊരു വർണ്ണം ആഗമിക്കുന്നതാണ്‌ ആഗമസന്ധി. ആഗമിക്കുന്ന വർണ്ണത്തെയോ വർണ്ണസമൂഹത്തെയോ സന്ധായകവർണ്ണമെന്നോ ഇടനിലയെന്നോ വിളിക്കുന്നു.

സ്വരങ്ങൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന വിവൃത്തി(hiatus) പരിഹരിക്കാൻ പല ഭാഷകളിലും യ, വ തുടങ്ങിയ ഉപസ്വരങ്ങൾ ആഗമിക്കുന്നു. സന്ധിക്കുന്ന സ്വരങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചാണ്‌ യകാരവകാരാദികൾ ആഗമിക്കുന്നത്.

തിരു + അനന്തപുരം = തിരുവനന്തപുരം
പന + ഓല = പനയോല

മറ്റു വർണങ്ങളും സ്വരസംയോഗത്തിൽ ആഗമിക്കാറുണ്ട്.

കാട്ടി + ഏൻ =കാട്ടിനേൻ

മലയാളത്തിൽ ചില പദച്ചേർച്ചയിൽ വിവൃത്തിപരിഹാരം, ഉച്ചാരണസൗകര്യം ഇവ ഉദ്ദേശിച്ച് ഒര്‌, അൻ തുടങ്ങിയ ഇടനിലകൾ ചേർക്കാറുണ്ട്.

പോയ + ആന > പോയ + ഒര്‌ + ആന = പോയൊരാന
വക്കീൽ + മാർ > വക്കീൽ +അൻ+ മാര് ‍= വക്കീലന്മാർ

= ദിത്വസന്ധി

[തിരുത്തുക]

രണ്ടുവർണ്ണങ്ങൾ ചേരുമ്പോൾ അവയിലൊന്ന് ഇരട്ടിക്കുന്നതാണ്‌ ദ്വിത്വസന്ധി.

നിൻ + എ = നിന്നെ
പച്ച + കല്ല്= പച്ചക്കല്ല്

പുതിയ ഒരു വർണ്ണം ആഗമിക്കുകയാണെന്നതിനാൽ ഇതും ആഗമസന്ധിതന്നെ. പക്ഷേ, ദ്വിത്വം സംഭവിക്കുന്നത് വ്യഞ്ജനങ്ങളിലാണ്‌. മലയാളത്തിൽ സന്ധിയിലെ ഇരട്ടിപ്പിന്‌‌ വ്യാകരണപരമായ അർത്ഥമുണ്ട്. മേല്പ്പറഞ്ഞ ഉദാഹരണത്തിൽ കല്ല് എന്ന പദത്തെ പച്ച എന്ന പദം വിശേഷിപ്പിക്കുന്നതിനാലാണ്‌ പദാദികകാരം ഇരട്ടിച്ചത്. ദ്വന്ദസമാസം വിശേഷണവിശേഷ്യങ്ങൾ ചേർന്ന് സമാസിക്കുന്നതല്ലായ്കയാൽ അതിൽ ദ്വിത്വം വരികയില്ല. (ഉദാ: കൈകാൽ, ആനകുതിരകൾ, രാമകൃഷ്ണന്മാർ)[5]

ആദേശസന്ധി

[തിരുത്തുക]

സന്ധിക്കുന്ന വർണ്ണങ്ങളിൽ ഒന്നിന്‌ സവർണ്ണനം വഴി മറ്റൊരു വർണ്ണം പകരംവരുന്നതാണ് ആദേശസന്ധി‌.

അവൻ + ഓടി =അവനോടി (/ൻ/ > /ന/)
വിൺ + തലം = വിണ്ടലം
നെൽ + മണി = നെന്മണി (/ല/ > /ന/)

== സംസ്കൃത സന്ധി നിയമങ്ങൾ == സംസ്കൃത വൈയാകരണന്മാർ സന്ധിയെ സ്വരസന്ധി, വ്യഞ്ജനസന്ധി, വിസർഗ്ഗസന്ധി എന്നിങ്ങനെ മൂന്ന് ശീർഷകങ്ങളിലായാണ് കൈകാര്യം ചെയ്യാറുള്ളത്. മാത്രമല്ല സന്ധിയുടെ സ്ഥാനഭേദം അനുസരിച്ച് പദമധ്യസന്ധി, പദാന്തസന്ധി, ഉഭയസന്ധി എന്നിങ്ങനെയും വേർതിരിക്കാറുണ്ട്. വർണ്ണവികാരങ്ങളെ അടിസ്ഥാനമാക്കി നോക്കുമ്പോൾ ആദേശം, ആഗമം, ലോപം, ദ്വിത്വം എന്നീ വികാരങ്ങൾ സംസ്കൃതസന്ധിയിൽ പ്രവർത്തിക്കുന്നുണ്ടെന്നു കാണാം. ആഗമം, ലോപം എന്നിവയെ അപേക്ഷിച്ച് ആദേശം, ദ്വിത്വം എന്നിവയാണ് സംസ്കൃതസന്ധിയിൽ പ്രായേണ കാണാൻ സാധിക്കുക. മലയാള സന്ധിയെ സ്വരസന്ധി, വ്യഞ്ജനസന്ധി എന്നിങ്ങനെ വിഭജിച്ചാൽ, ആഗമം, ലോപം എന്നിവ സ്വരസന്ധിയിലും ആദേശം, ദ്വിത്വം എന്നിവ വ്യഞ്ജനസന്ധിയിലും വരുന്ന വികാരങ്ങളാണെന്നു കാണാം. എന്നാൽ സംസ്കൃത സന്ധിയിൽ ആഗമമോ ലോപമോ അല്ല സാർവത്രിക ആദേശമാണ് സംസ്കൃത വൈയാകരണന്മാർ വിധിച്ചിട്ടുള്ളത്.

സംസ്കൃത്തിൽ സന്ധി അവശ്യം ചെയ്യേണ്ടുന്ന സാഹചര്യങ്ങൾ വൈയാകരണന്മാർ നിർദ്ദേശിച്ചിട്ടുണ്ട്.

  • പദനിർമ്മിതിക്കുവേണ്ടി പ്രകൃതിയുംപ്രത്യവും തമ്മിൽ ചേരുമ്പോൾ
പ്രകൃതി പ്രത്യയം പദം
വിദ് ഹി വിദ്ധി
യുദ് തൃ യോദ്ധൃ
നൗ ഇക നാവിക
നൈ അക നായക
  • ഉപസർഗവും ധാതുവും തമ്മിൽ ചേരുമ്പോൾ
ഉപസർഗം ധാതു പദം
ഉദ് നമ് ഉന്നമ്
പരി സ്വജ് പരിഷ്വജ്
  • പദങ്ങൾ തമ്മിൽ സമാസിക്കുമ്പോൾ
പൂർവപദം ഉത്തരപദം സമസ്തപദം
ആപത് ശങ്ക ആപച്ഛങ്ക
ശരത് ചന്ദ്രൻ ശരച്ചന്ദ്രൻ
വിദ്യുത് ലത വിദ്യുല്ലത
  • ഇതര സന്ദർഭങ്ങളിൽ വാക്യത്തിലെ പദങ്ങൾ തമ്മിൽ സന്ധിചെയ്യുകയോ ചെയ്യാതിരിക്കുകയോ ആവാം. എങ്കിലും പ്രായേണ സന്ധിചെയ്യുക എന്ന രീതിയാണ സ്വീകരിച്ചുകാണുന്നത്.

ഉദാഹരണം:

മൃഗഃ ചരതി - മൃഗശ്ചരതി
രാമഃ വന്ദതേ - രാമോവന്ദതേ

സ്വരസന്ധി

[തിരുത്തുക]

രണ്ട് സ്വരങ്ങൾ തമ്മിൽ ചേരുന്നതിനെ സ്വരസന്ധി എന്നു പറയുന്നു. സംസ്കൃതത്തിൽ ഇതിന് അച്സന്ധി എന്നാണ് പറയുക. കാരണം എല്ലാ സ്വരങ്ങളുടെയും പ്രത്യാഹാര സംജ്ഞയാണ് അച്.

യണാദേശം[മധ്യമാദേശം]

[തിരുത്തുക]

ഇ, ഉ, ഋ എന്നീ മൂലസ്വരങ്ങൾക്കും അവയുടെ ദീർഘങ്ങൾക്കും ശേഷം അസവർണ്ണസ്വരം വന്നാൽ പൂർവ്വസ്വരത്തിന്റെ സ്ഥാനത്ത് അതതിന്റെ മദ്ധ്യമങ്ങൾ(/യ/, /വ/, /ര/‍, /ല/‍) ആദേശമായിവരുന്നു. പാണിനി "ഇകോയണചി" എന്ന സൂത്രത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ സൂത്രത്തിന് 'ആദേശഃ' എന്ന് അനുവൃത്തിയുമുണ്ട്. ("ഇകഃ യണ് അചി, ആദേശഃ") ഇക്ക്കൾക്ക് അച് പരമായാൽ യൺ ആദേശമായിവരും എന്ന് താത്പര്യം

ആദേശക്രമം
ഇ, ഈ - യ്
ഉ, ഊ - വ്
ഋ, ൠ - ര്
ഌ, ൡ -ല്
ഉദാഹരണം - ഇ വർണത്തിന്
പ്രകൃതി + അതീത = പ്രകൃത്യതീത
പുത്രി + ആഗമ = പുത്ര്യാഗമ
അതി + അല്പം = അത്യല്പം
ഇതി + ആദി = ഇത്യാദി
ഇതി + ഉവാചാ = ഇത്യുവാചാ
പ്രതി + ഏകം = പ്രത്യേകം
ഉദാഹരണം - ഉ വർണത്തിന്
സു + ആഗതം = സ്വാഗതം
നനു + അല്പം = നന്വല്പം
മൃദു + ആദേശം = മൃദ്വാദേശം
അണു + ആയുധം = അണ്വായുധം
വധൂ + ഇംഗിതം = വധ്വിംഗിതം
ഉദാഹരണം - ഋ വർണത്തിന്
പിതൃ + ആജ്ഞാ = പിത്രാജ്ഞാ
പിതൃ + അധികാരം = പിത്രധികാരം
ജനിത്ര + ഇ = ജനിത്രി
ഉദാഹരണം - ഌ വർണത്തിന്
ഌ + ആകൃതി = ലാകൃതി

സവർണ്ണാദേശം

[തിരുത്തുക]

ഉച്ചാരണത്തിന് മുഖസ്ഥാനങ്ങളുടെ തുല്യപ്രയത്നം വേണ്ട വർണ്ണങ്ങളെ സവർണ്ണങ്ങൾ (തുല്യാസ്യപ്രയത്നം സവർണം) എന്നു വിളിക്കുന്നു. കണ്ഠ്യം, താലവ്യം, മൂർദ്ധന്യം, ദന്ത്യം, വർത്സ്യം, ഓഷ്ഠ്യം എന്നിവയാണ് മുഖസ്ഥാനങ്ങൾ. അ, ആ എന്നീ രണ്ടുസ്വരങ്ങളും കണ്ഠ്യമാണ്. അതിനാൽ അവ സവർണ്ണങ്ങളുമാണ്. ഇ, ഈ (താലവ്യം) - സവർണ്ണങ്ങൾ. ക, ഖ, ഗ, ഘ, ങ (കണ്ഠ്യം) - സവർണ്ണം. "നോഝലൗ" (നഃ അച് ഹലൗ) എന്ന സൂത്രപ്രകാരം സ്വരത്തിനും വ്യഞ്ജനത്തിനും സാവർണ്യമില്ല. ഉദാഹരണത്തിന് അകാരം കണ്ഠ്യമാണെങ്കിലും കണ്ഠ്യവ്യഞ്ജനമായ കകാരവുമായി സാവർണ്യമില്ല. രണ്ട് സവർണ്ണസ്വരങ്ങൾ സന്ധിക്കുമ്പോൾ രണ്ടിനും പകരം(ഏകാദേശം) ആ സ്വരത്തിന്റെ ദീർഘം ആദേശമായിവരുന്നു. തമ്മിൽ ചേരുന്ന സവർണ്ണ സ്വരങ്ങൾ ഹ്രസ്വമോ ദീർഗ്ഗമോ ആകാം. രണ്ടും ഹ്രസ്വമായാലും രണ്ടും ദീർഘമായാലും ഒന്നുമാത്രം ദീർഘമായാലും ആദേശം ഒരുസവർണ ദീർഘം തന്നെ. പ്രസിദ്ധമായ ഈ സവർണ്ണാദേശത്തിന്റെ സാഹചര്യങ്ങളെ ഇങ്ങനെ വിവരിക്കാം.

അ/ആ + അ/ആ = ആ

പരമ + അർത്ഥം = പരമാർത്ഥം
രത്ന + ആകരം = രത്നാകരം
വിദ്യാ + അഭ്യാസം = വിദ്യാഭ്യാസം
കലാ + ആലയം = കലാലയം

ഇ/ഈ + ഇ/ഈ = ഈ

കവി + ഇന്ദ്രൻ = കവീന്ദ്രൻ
കവി + ഈശ്വരൻ = കവീശ്വരൻ
മഹീ + ഇന്ദ്രൻ = മഹീന്ദ്രൻ
മഹീ + ഈശ്വരൻ = മഹീശ്വരൻ

ഉ/ഊ + ഉ/ഊ = ഊ

ഗുരു + ഉപദേശം = ഗുരൂപദേശം
സിന്ധു + ഊർമ്മി = സിന്ധൂർമ്മി
വധൂ + ഉത്സവം = വധൂത്സവം
വധൂ + ഊർമ്മിളാ = വധൂർമ്മിളാ

ഋ + ൠ = ൠ

പിതൃ + ഋണം = പിതൄണം

ഗുണാദേശം

[തിരുത്തുക]

ആദേങ് ഗുണഃ എന്ന സൂത്രപ്രകാരം അ, ഏ, ഓ എന്നീസ്വരങ്ങൾക്കാണ് ഗുണങ്ങൾ എന്നുപറയുന്നത്. അര്, അല് എന്നിവയും ഗുണസംജ്ഞകളാണ്. അസവർണ്ണ സ്വരങ്ങൾ അടുത്തടുത്തുവന്നാൽ വികാരം പലതരത്തിലാണ്. പൂർവ്വവർണ്ണം അകാരമോ ആകാരമോ ആണെങ്കിൽ രണ്ടുതരത്തിൽ മാറ്റം സംഭവിക്കും. അതിൽ പ്രഥമപ്രകാരത്തിലുള്ള വികാരത്തിന് ഗുണാദേശം എന്നു പേര്. അകാരത്തിനോ ആകാരത്തിനോ ശേഷം ഇ, ഉ, ഋ, ഌ എന്നീ വർണ്ണങ്ങൾ ചേരുമ്പോൾ യഥാക്രമം ഏ, ഓ, അർ എന്നിവ രണ്ടിന്റെയും സ്ഥാനം ആദേശംചെയ്യുന്നു.

അ/ആ + ഇ/ഈ = ഏ

അ + ഇ = ഏ  : ദേവ + ഇന്ദ്രൻ = ദേവേന്ദ്രൻ
ആ + ഇ = ഏ  : മഹാ + ഇന്ദ്രൻ = മഹേന്ദ്രൻ
അ + ഈ = ഏ  : പരമ + ഈശ്വരൻ = പരമേശ്വരൻ
ആ + ഈ = ഏ  : രമാ + ഈശൻ = രമേശൻ

അ/ആ + ഉ/ഊ = ഓ

അ + ഉ = ഓ  : വീര + ഉചിതം = വീരോചിതം
ആ + ഉ = ഓ  : മഹാ + ഉത്സവം = മഹോത്സവം
അ + ഊ = ഓ : നവ + ഊഢാ = നവോഢാ
ആ + ഊ = ഓ : ഗംഗാ + ഊർമ്മി = ഗംഗോർമ്മി

അ/ആ + ഋ = അർ

അ + ഋ = അര്  : സപ്ത + ഋഷി = സപ്തർഷി
ആ + ഋ = അര്  : മഹാ + ഋഷി = മഹർഷി

അ + ഌ = അല്

പ്ലുത + ഌകാരം = പ്ലതൽകാരം

വൃദ്ധ്യാദേശം

[തിരുത്തുക]

അകാര ആകാരങ്ങൾക്കു ശേഷം അസവർണ സ്വരങ്ങൾവന്നാൽ വികാരം രണ്ടുതരത്തിലാണ് എന്നു സൂചിപ്പിച്ചിരുന്നു. ഇവയിൽ പ്രഥമ വികാരമാണ് ഗുണാദേശം. ദ്വിതീയ വികാരത്തെ വൃദ്ധ്യാദേശം എന്നും പറയുന്നു. ആ, ഐ, ഔ, ആര്, ആല് ഇവയെയാണ് വൃദ്ധികൾ എന്നു പറയുന്നത്. അതായത് അ, ആ ഇവയോട് ഏ, ഐ, ഓ, ഔ എന്നീ സ്വരങ്ങൾ ചേരുമ്പോൾ പൂർവ പര സ്വരങ്ങൾക്ക് വൃദ്ധി ആദേശം ചെയ്യും.

അ/ആ + ഏ/ഐ = ഐ

അ + ഏ = ഐ : ഏക + ഏകം = ഏകൈകം
ആ + ഏ = ഐ : തദാ + ഏവ = തദൈവ
അ + ഐ = ഐ : മത + ഐക്യം = മതൈക്യം
ആ + ഐ = ഐ : മഹാ + ഐശ്വര്യം = മഹൈശ്വര്യം

അ/ആ + ഓ/ഔ = ഔ

അ + ഓ = ഔ : മൃഗ + ഓഘം = മൃഗൗഘം
ആ + ഓ = ഔ : മഹാ + ഓഘം = മഹൗഘം
അ + ഔ = ഔ : പരമ + ഔദാത്യം = പരമൗദാത്യം
ആ + ഔ = ഔ : മഹാ + ഔത്സുക്യം = മഹൗത്സുക്യം
അപവാദങ്ങൾ
[തിരുത്തുക]

അപവാദങ്ങളും പ്രതിപ്രസവങ്ങളും കൊണ്ട് ജടിലമാണ് സംസ്കൃതവ്യാകരണത്തിലെ ഗുണ-വൃദ്ധ്യാദേശപ്രകരണം. അവയിൽ വളരെ പ്രധാനപ്പെട്ട ചില അപവാദ വിധികൾ.

  • ഗുണം വിഹിതമായിരിക്കെ വൃദ്ധി ആദേശിക്കുന്നു. ഉദാഹരണം
അക്ഷ + ഊഹിണി = അക്ഷൗഹിണി (അക്ഷോഹിണി എന്നല്ല)
സ്വാ + ഈര = സ്വൈര (സ്വേര എന്നല്ല)
സ്വാ + ഈരിണീ = സ്വൈരിണീ (സ്വേരിണീ എന്നല്ല)
പ്രാ + ഊഢ = പ്രൗഢ (പ്രോഢ എന്നല്ല)
പ്രാ + ഊഹ = പ്രൗഹ (പ്രോഹ എന്നല്ല)
പ്രോ + ഊഢി = പ്രൗഢി (പ്രോഢി എന്നല്ല)
  • വൃദ്ധി വരേണ്ടിടത്ത് ഗുണാദേശം. ഉദാഹരണത്തിന് ഉപസർഗ്ഗങ്ങൾക്കൊടുവിലെ അകാരത്തിനുശേഷം ഏ, ഓ എന്നീ സ്വരങ്ങൾ വന്നാൽ വൃദ്ധ്യാദേശം ഇല്ല.
പ്ര + ഏജതേ = പ്രേജതേ
പ്ര + ഏനയതി = പ്രേനയതി
ഉപ + ഏനയതേ = ഉപേനയതേ
ഉപ + ഓഷധി = ഉപോഷധി
പ്ര + ഓഷധി = ഉപോഷധി
  • ഓം എന്ന പ്രണവത്തിനും വൃദ്ധി സംഭവിക്കില്ല.
ശിവായ + ഓം നമഃ = ശിവായോം നമഃ
  • ഓതു, ഓഷ്ഠശബ്ദങ്ങൾ ഉത്തരപദമാകുമ്പോൾ വൃദ്ധി വികല്പമാണ്‌.
ബാല + ഓതുഃ = ബാലോതുഃ, ബാലൗതുഃ
ബിംബ + ഓഷ്ഠഃ = ബിംബോഷ്ഠഃ, ബിംബൗഷ്ഠഃ
പ്രതിപ്രസവങ്ങൾ
[തിരുത്തുക]

അപവാദങ്ങൾക്കുമുള്ള അപവാദങ്ങളെയാണ് പ്രതിപ്രസവം എന്നു പറയുന്നത്.ഉദാഹരണം : ഉപസർഗ്ഗങ്ങൾക്കൊടുവിലെ അകാരത്തിനുശേഷം ഏതി, ഏതധി എന്നീ ധാതുക്കൾ ചേരുമ്പോൾ വൃദ്ധിതന്നെ ആദേശം

അവ + ഏതി = അവൈതി
ഉപ + ഏധതേ = ഉപൈധതേ

അയവായാവാദേശം/അയാദ്യാദേശം

[തിരുത്തുക]

സ്വരം പരമായാൽ ഏച്ചുകൾക്ക് (ഏ, ഓ, ഐ, ഔ) പദമധ്യത്തിലും പദാന്തത്തിലും അയ്, അവ്, ആയ്, ആവ് എന്നിവ യഥാക്രമം ആദേശം വരും. പദാന്തസന്ധിയാണെങ്കിൽ യകാരവകാരങ്ങൾ എഴുത്തിൽ നിർബന്ധമില്ല. ഈ രീതി ഏ, ഓ കളിലാണ്‌ നടപ്പ്; ഐ, ഔകളിൽ ലോപിപ്പിക്കാറില്ല. സന്ധി സാഹചര്യങ്ങൾ

ഏ + സ്വരം = അയ് + സ്വരം
ഓ + സ്വരം = അവ് + സ്വരം
ഐ + സ്വരം = ആയ് + സ്വരം
ഔ + സ്വരം = ആവ് + സ്വരം
  • ഉദാഹരണം - പദമദ്ധ്യത്തിൽ
നേ + അനം = നയനം
ജേ + അ = ജയ
ഭോ + അനം = ഭവനം
സ്തോ + അ = സ്തവ
നൈ + അക = നായക(ൻ)
ഭൗ + അക = ഭാവക(ൻ)
തൗ + ഇവ = താവിവ
  • ഉദാഹരണം - പദാന്തത്തിൽ
ഹരേ + ഏഹി = ഹരയേഹി, ഹരഏഹി
ഗുരോ + ഇഹ = ഗുരവിഹ
തസ്മൈ + ഉക്തം = തസ്മായുക്തം
അഗ്നൗ + ഇന്ധനം = അഗ്നാവിന്ധനം

ഏ, ഓ ഇവ പദാന്തസന്ധിയിലാണെങ്കിൽ പരമായി "അ" വരുമ്പോൾ പൂർ‌വ്വരൂപാദേശമാണ്‌ സാധാരണ വരിക.

പരരൂപാദേശം

[തിരുത്തുക]

പൂർവ്വപദാന്തസ്വരം പരപദാദിസ്വരത്തിനുമുൻപ് ലോപിക്കുന്നതാണ്‌ പരരൂപാദേശം. വാസ്തവത്തിൽ പൂർവ്വ വർണ്ണത്തിന് ലോപമാണ് സംഭവിക്കുന്നതെങ്കിലും പരമ്പരയാ പരരൂപത്തിന് ഏകാദേശമാണ് വിധിച്ചുകാണുന്നത്. അപവാദകോടിയിൽ നിൽക്കുന്ന, സവർണ്ണദീർഘം മുതലായ സാമാന്യവിധികൾക്ക് അപവാദമായ ചില പദരൂപവത്കരണങ്ങൽക്കുള്ള, വിധിയാണ്‌ ഇത്. ആകയാൽ സാഹചര്യങ്ങൾ വിവരിക്കുക ശ്രമകരമാണ്. സംസ്കൃതരീത്യാ, ശകന്ധ്വാദി ഗണത്തിൽപ്പെട്ട ശബ്ദങ്ങളിൽ പരസ്വരത്തോട്സന്ധിക്കുമ്പോൾ പൂർവ്വത്തിന്റെ "ടി"ക്ക് പരരൂപം ഏകാദേശം എന്നു പറയാം. [ശബ്ദത്തിന്റെ അന്ത്യസ്വരം മുതലുള്ള രൂപത്തിന് "ടി" എന്ന് പേര്.]

  • ടി ക്ക് ഉദാഹരണം
ശബ്ദം ടി
കവി
പാപിൻ ഇൻ
മനസ് അസ്
    • ശകന്ധു, കർക്കന്ധു, കുലട, സീമന്ത, ഹലീഷ, മനീഷ, ലാംഗലീഷ, പതഞ്ജലി, സാരംഗം എന്നിവയാണ് സകന്ധ്വാദിയായ ശബ്ദങ്ങൾ.
ശക + അന്ധു = ശകന്ധു --- (സവർണമായിട്ടും ദീർഘമില്ല)
കർക + അന്ധു = കർകന്ധു
കുല + അടാ = കുലടാ
പതൻ + അഞ്ജലി = പതഞ്ജലി
സീമൻ + അന്ത = സീമന്ത
മനസ് + ഈഷ = മനീഷ

പൂർവ്വരൂപാദേശം

[തിരുത്തുക]

പദാന്തത്തിലെ ഏകാര-ഓകാരങ്ങൾക്കു ശേഷം വരുന്ന പദാദിയായ അകാരം സന്ധിയിൽ ലോപിക്കുന്നു. ലോപം സൂചിപ്പിക്കാൻ പ്രശ്ലേഷചിഹ്നം( ʃ ) ചേർക്കാറുണ്ട്. വാസ്തവത്തിൽ പരമായ സ്വരത്തിന് ലോപമാണിവിടെ സംഭവിക്കുന്നതെങ്കിലും സംസ്കൃതവൈയാകരണന്മാർ ആദേശമാണ് - പൂർവ്വപരങ്ങൾക്ക് പൂർവ്വരൂപം ഏകാദേശം - വിധിച്ചുകാണുന്നത്.

സ്വപ്നേ + അപി = സ്വപ്നേപി (സ്വപ്നേʃപി)
സോ + അഹം = സോഹം (സോʃഹം)
പത്മനാഭോ + അമരപ്രഭുഃ = പത്മനാഭോമരപ്രഭുഃ (പത്മനാഭോʃമരപ്രഭുഃ)

വ്യഞ്ജനസന്ധി

[തിരുത്തുക]

താലവ്യാദേശം

[തിരുത്തുക]

ചവർഗ്ഗത്തെയും ശകാരത്തെയും താലവ്യ വ്യഞ്ജനങ്ങളെന്നും തവർഗ്ഗത്തെയും സകാരത്തെയും ദന്ത്യവ്യഞ്ജനങ്ങൾ എന്നും വ്യവഹരിക്കാറുണ്ട്. താലവ്യത്തിന്റെ സ്വാധീനത്താൽ ദന്ത്യം താലവ്യമായിത്തീരും. ഇതിനെയാണ് താലവ്യാദേശം എന്നു പറയുന്നത്. അതായത്, തവർഗ്ഗത്തിനും സകാരത്തിനും ചവർഗ്ഗത്തോടും ശകാരത്തോടും ചേരുമ്പോൾ ചവർഗ്ഗ ശകാരങ്ങൾ ആദേശമായി വരും.സംസ്കൃതവ്യാകരണത്തിൽ ഇതിനെ ശ്ചുത്വം എന്നു പറയുന്നു. ആദേശം പൊരുത്തമനുസരിച്ചായിരിക്കണം. അതായത് ഖരത്തിന് ഖരം, ഊഷ്മാവിന് ഊഷ്മാവ്, അനുനാസികത്തിന് അനുനാസികം എന്നിങ്ങനെ.

  • ഉദാഹരണം.
മനസ് + ശക്തി = മനശ്ശക്തി
തപസ് + ചര്യ = തപശ്ചര്യ
മഹത് + ചരിതം = മഹച്ചരിതം
ശരത് + ചന്ദ്രൻ = ശരച്ചന്ദ്രൻ
സുഹൃത് + ജയ = സുഹൃജ്ജയ

മൂർദ്ധന്യാദേശം

[തിരുത്തുക]

ടവർഗ്ഗത്തെയും ഷകാരത്തെയുമാണ് മൂർദ്ധന്യവ്യഞ്ജനങ്ങൾ എന്നു വ്യവഹരിക്കുന്നത്. മൂർദ്ധന്യത്തിന്റെ സ്വാധീനത്താൽ ദന്ത്യം (സകാര തവർഗങ്ങൾ) മൂർദ്ധന്യമായി മാറുന്നതിനെയാണ് താലവ്യാദേശം എന്ന് സൂചിപ്പിക്കുന്നത്. അതായത് ഷകാര ടവർഗ്ഗങ്ങളോട് ചേരുമ്പോൾ സകാര തവർഗ്ഗങ്ങൾക്ക് ഷകാര ടവർഗ്ഗങ്ങൾ ആദേശം ചെയ്യുന്നു. സംസ്കൃതവ്യാകരണത്തിൽ ഇതിനെ ഷ്ടുത്വം എന്നാണ് പറയുന്നത്.

  • ഉദാഹരണം
മനസ് + ഷണ്ഡ = മനഷ്ഷണ്ഡ
രാമസ് + ടീകതേ = രമഷ്ടീകതേ
വൃഷ് + തി = വൃഷ്ടി
ഉദ് + ഡയനം = ഉഡ്ഡയനം

മൃദ്വാദേശം

[തിരുത്തുക]

വ്യഞ്ജനങ്ങളെ ദൃഢം, ശിഥിലം എന്നിങ്ങനെ വർഗ്ഗീകരിക്കാറുണ്ട്. ഖരം, അതിഖരം, മൃദു, ഘോഷം, ഊഷ്മാക്കൾ എന്നിവയാണ് ദൃഡങ്ങൾ.

. സന്ധിയിൽ ദൃഢങ്ങൾക്ക് മൃദ്വാദേശം സംഭവിക്കാറുണ്ട്.

  • ഉദാഹരണം
വാക് + ധോരണി = വാഗ്ധോരണി
ഉത് + ഘോഷം = ഉദ്ഘോഷം
സത് + ആചാരം = സദാചാരം
ഷട് + രസം = ഷഡ്രസം

ഖരാദേശം

[തിരുത്തുക]

ഖരം, അതിഖരം, ഊഷ്മാവ് ഇവയിൽ ഒന്ന് പരമായി വന്നാൽ പദാന്തത്തിലും പദമധ്യത്തിലും ദൃഢത്തിന് ഖരം ആദേശം വരും.

  • ഉദാഹരണം
പദാന്തത്തിൽ
വിരാഡ് + പുരുഷൻ = വിരാട്പുരുഷൻ
ഷഡ് + പദം = ഷട്പദം
സുഹൃദ് + സമിതി = സുഹൃത്സമിതി
പദമധ്യത്തിൽ
ദ്വിഡ + സു = ദ്വിട്സു
ലഭ് + സ്യതേ = ലപ്സ്യതേ
കകുഭ് + സു = കകുപ്സു

അനുനാസികാദേശം

[തിരുത്തുക]

അനുനാസികം പിൻവന്നാൽ പദാന്തത്തിലെ വർഗ്ഗാക്ഷരങ്ങളിൽപ്പെട്ട ദൃഢങ്ങൾക്ക് (ഖരം, അതിഖരം, മൃദു, ഘോഷം) അതതിന്റെ അനുനാസികം വികല്പേന ആദേശിക്കും.

  • ഉദാഹരണം
വാക് + മാധുര്യം = വാഗ്മാധുര്യം / വാങ്മാധുര്യം
ആപത് +മിത്രം = ആപദ്മിത്രം / ആപന്മിത്രം

ചവർഗ്ഗത്തിന് കവർഗാദേശം

[തിരുത്തുക]

പദാന്തത്തിലോ ദൃഢത്തിനു മുമ്പോ വരുന്ന ചവർഗ്ഗത്തിന് കവർഗ്ഗാദേശം.

  • ഉദാഹരണം
പദാന്തത്തിൽ
വാച് = വാക്
ഭിഷജ് = ഭിഷഗ്
പ്രാച് = പ്രാക്
ദൃഢത്തിനു മുമ്പ്
വാച് + പാരുഷ്യം = വാക്പാരുഷ്യം
സിച് + ത = സിക്ത
ഭുജ് + ത = ഭുക്ത

തവർഗ്ഗത്തിന് ലകാരാദേശം

[തിരുത്തുക]

തവർഗ്ഗത്തിനുപരമായി ലകാരം വന്നാൽ അവിടെ ലകാരം ആദേശിക്കുന്നു.

  • ഉദാഹരണം
വിദ്യുത് + ലത = വിദ്യുല്ലത
വിദ്യുത് + ലോകം = വിദ്യുല്ലോകം
സുഹൃത് + ലാഭം = സുഹൃല്ലാഭം

ശകാരത്തിന് കകാരാദേശം

[തിരുത്തുക]

ദൃശ്, സ്പൃശ്, ദിശ് എന്നീ ധാതുക്കളെ നാമമായി ഉപയോഗിക്കുമ്പോൾ അവയിലെ ശകാരത്തിന് കകാരാദേശം.

  • ഉദാഹരണം
ദൃശ് = ദൃക്
സ്പൃശ് = സ്പൃക്
ദിശ് = ദിക്

ശകാരത്തിന് ഛകാരാദേശം

[തിരുത്തുക]

ഖരാതിഖരമൃദുഘേഷങ്ങൽക്കുശേഷം സ്വരമോ മധ്യമമോ അനുനാസികമോ ചേർന്നുവരുന്ന ശകാരത്തിന് വികല്പേന ഛകാരാദേശം.

  • ഉദാഹരണം
ആപത് + ശങ്ക = ആപച്ശങ്ക / ആപച്ഛങ്ക
വിദ്വത് + ശിരോമണി = വിദ്വച്ശിരോമണി / വിദ്വച്ഛിരോമണി
സുഹൃദ് + ശ്രമം = സുഹൃച്ശ്രമം / സുഹൃച്ഛ്രമം
തസ്മാത് + ശ്ലോകം = തസ്മാച്ശ്ലോകം / തസ്മാച്ഛ്ലോകം
തദ് + സ്മശ്രു = തച്സ്മശ്രു / തച്ഛ്സ്മശ്രു

ഘോഷിക്ക് (ഹകാരത്തിന്) ഘോഷാദേശം

[തിരുത്തുക]

ഹകാരത്തിന് ഘോഷി എന്നു പറയുന്നു[6] . ഖരം, അതിഖരം, മൃദു, ഘോഷം ഇവയിൽ ഒന്നിൽ അവസാനിക്കുന്ന ശബ്ദത്തിനുശേഷം വരുന്ന ഘോഷിക്ക് അതതുവർഗ്ഗത്തിലെ ഘോഷം വികല്പേന ആദേശം.

  • ഉദാഹരണം
ദിക് + ഹസ്തി = ദിഗ്ഹസ്തി / ദിഗ്ഘസ്തി
സമ്രാട് + ഹരണം = സമ്രാഡ്ഹരണം / സമ്രാഡ്ഢരണം
തദ് + ഹിതം = തദ്ഹിതം / തദ്ധിതം

വിസർഗ്ഗസന്ധി

[തിരുത്തുക]

വിസർഗ്ഗത്തിനുശേഷം സ്വരമോ വ്യഞ്ജനമോ നിന്നാൽ വിസർഗ്ഗത്തിനുണ്ടാകുന്ന വികാരങ്ങളെ പൊതുവെ വിസർഗ്ഗസന്ധി എന്നു വ്യവഹരിച്ചുവരുന്നു. പദാന്തത്തിലെ സകാരമോ രേഫമോ ആണ് വാസ്തവത്തിൽ വിസർഗ്ഗത്തിന്റെ രൂപം ധരിച്ചിരിക്കുന്നത്.

ഊഷ്മാക്കൾ പരമായാൽ വിസർഗ്ഗം വിസർഗ്ഗമായിരിക്കുകയോ പരസവർണ്ണനത്തിന് വിധേയമായിരിക്കുകയും ചെയ്യുും.

[തിരുത്തുക]
  • ഉദാഹരണം
(യശസ്) യശഃ + ശരീരം = യശശ്ശരീരം / യശഃശരീരം
(മനസ്) മനഃ + സാന്നിധ്യം = മനസാന്നിധ്യം / മനഃസാന്നിധ്യം
(നിസ്) നിഃ + സാരം =നിസ്സാരം / നിഃസാരം
(ദുസ്) ദുഃ + ശകുനം = ദുശ്ശകുനം / ദുഃശകുനം

സകാരത്തിന് രേഫം

[തിരുത്തുക]

പദാന്തത്തിൽ അവർണ്ണമൊഴികെയുള്ള സ്വരത്തിന് ശേഷം വരുന്ന സകാരത്തിന് സ്വരം, മൃദു, ഘോഷം, അനുനാസികം, മധ്യമം, ഘോഷി (ഹകാരം) ഇവയിലൊന്ന് വരുമ്പോൾ രേഫം ആദേശം. അതായത് സകാരം വിസർഗ്ഗമായിമാറാതെ രേഫമായി മാറുന്നു.

  • ഉദാഹരണം
ദുസ് + ആലോചന = ദുരാലോചന
നിസ് + അർത്ഥം = നിരർത്ഥം
ആയുസ് + ദൈർഘ്യം = ആയുർദൈർഘ്യം
ദുസ് + മരണം = ദുർമരണം
ധനുസ് + വിദ്യ = ധനുർവിദ്യ
നിസ് + ഹേതു = നിർഹേതു

രേഫത്തിന് സകാരം

[തിരുത്തുക]

പദാന്തത്തിലെ രേഫത്തിന് ഖരം, അതിഖരം, ഊഷ്മാവ് ഇവയിലൊന്ന് പിൻവന്നാൽ സകാരം ആദേശം.

  • ഉദാഹരണം
അന്തർ + താപം = അന്തസ്താപം
അന്തർ + ശക്തി = അന്തശ്ശക്തി (അന്തസ്ശക്തി പിന്നീട് അന്തശ്ശക്തിയായി മാറുന്നു.)
പ്രാതർ + സന്ധ്യ = പ്രാതസ്സന്ധ്യ
പുനർ + ടീകതേ = പുനസ്ടീകതേ ‍‍> പുനഷ്ടീകതേ
അന്തർ + ഛിദ്രം = അന്തസ്ഛിദ്രം > അന്തശ്ഛിദ്രം

രണ്ട് രേഫങ്ങൾ അടുത്തുവന്നാൽ ഒന്നിനെ ലോപിപ്പിക്കുകയും മുൻ അ, ഇ, ഉ വർണ്ണങ്ങളെ ദീർഘിപ്പിക്കുകയും ചെയ്യും

[തിരുത്തുക]
  • ഉദാഹരണം
സ്വര് + രാജ്യം = സ്വാരാജ്യം (സ്വർഗ്ഗം)
അന്തര് +രോഗം = അന്താരോഗം
വാര് + രാശി = വാരാശി
നിര് + രസം = നീരസം

അസ് ന് ഓ ആദേശം

[തിരുത്തുക]

പദാന്തസന്ധിയിൽ 'അസ്' എന്ന് അകാരപൂർവ്വകമായ സകാരത്തിൽ അവസാനിക്കുന്ന പദത്തിനുശേഷം അകാരം, മൃദു, ഘോഷം, അനുനാസികം, മധ്യമം, ഘോഷി (ഹകാരം) ഇവയിലൊന്ന് പിൻവന്നാൽ സകാരത്തിന് 'ഉ'കാരാദേശം വരും. ഈ ‌‌‌ ഉകാരം മുന്നിലുള്ള അകാരത്തോട് ചേർന്ന് ഓകാരമാകുന്നു.

  • ഉദാഹരണം
മനസ് + അഭിലാഷം > മന + ഉ + അഭിലാഷം = മനോഽഭിലാഷം
പുരസ് + ഗതി = പുരോഗതി
തപസ് + ഭയം = തപോഭയം
യശസ് + സാഭം = യശോലാഭം

ഇവകൂടി കാണുക

[തിരുത്തുക]
സമാസം
വർണ്ണവികാരം
രൂപസ്വനവിജ്ഞാനം
സവർണ്ണനം

അവലംബം

[തിരുത്തുക]
  1. എൻ. എൻ. മൂസ്സത് -വ്യാകരണവിവേകം, എൻ. ബി. എസ്., 1984
  2. ഏ. ആർ. രാജരാജവർമ്മ, കേരളപാണിനീയം
  3. നന്നൂൽ
  4. കെ. സുകുമാരപിള്ള, കൈരളീശബ്ദാനുശാസനം
  5. ഏ. ആർ. രാജരാജവർമ്മ, കേരളപാണിനീയം
  6. ഏ. ആർ. രാജരാജവർമ്മ, കേരളപാണിനീയം പീഠിക