മൂത്തത്
ദൃശ്യരൂപം
(മൂസത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമ്പലവാസികളിലെ ഒരു ജാതിയാണ് മൂത്തത് അഥവാ മൂസ്സത് (മൂസത്). ഇവരുടെ സ്ത്രീകളെ മനയമ്മ എന്ന് പറയുന്നു. പുഷ്പങ്ങളും നിവേദ്യവസ്തുക്കളും ഒരുക്കുക, ഉത്സവകാലങ്ങളിലും മറ്റും തിടമ്പെഴുന്നെള്ളിക്കുക എന്നിവയാണ് ഇവരുടെ തൊഴിൽ. ദായക്രമം മക്കത്തായം; പൂണൂലുണ്ട്. നിയമപ്രകാരം പാടില്ലെങ്കിലും രണ്ടാം വിവാഹം ചെയ്യാറുണ്ട്.
ശാക്തേയമായ പൂജകൾക്കും ക്ഷേത്രങ്ങളിലെ തിടമ്പെഴുന്നള്ളിക്കുന്നതിനും ശ്രീകോവിൽ കഴുകി വൃത്തിയാക്കുന്നതിനും അധികാരമുള്ളവരാണിവർ.
ആചാരാദികളിലും മറ്റും മൂത്തതിനു സമാനമായി 'നമ്പി' എന്ന പേരിൽ ഒരു ശാഖയുണ്ട്. ദേവന് അകമ്പടിനില്ക്കുകയാണ് ഇവരുടെ പ്രവൃത്തി. 'വാൾനമ്പി' എന്നും പറയാറുണ്ട്. മൂത്തതിനെ 'മൂസ്സത്' എന്നും പറഞ്ഞുവരുന്നു. എന്നാൽ 'മൂസ്സ്' വേറെയുണ്ട്. 'അഷ്ടവൈദ്യമൂസ്സു'മാരും 'ഊരിൽ പരിഷ മൂസ്സു'മാരും ഉദാഹരണമാണ്. ഇവർ അമ്പലവാസികളിൽപ്പെടില്ല.