Jump to content

ശിലായുഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദക്ഷിണേഷ്യൻ ശിലാ യുഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചരിത്രാതീതകാല

ത്തെ ഒരു ബൃഹത്തായ കാലഘട്ടമാണ്‌ ശിലായുഗം എന്ന് പൊതുവായി അറിയപ്പെടുന്നത്. ഈ കാലഘട്ടത്തില് മനുഷ്യന് കല്ല് അഥവാ ശില കൊണ്ടുണ്ടാക്കിയ ആയുധങ്ങളും മറ്റും ഉപയോഗിച്ചിരുന്നതിനാലാണ്‌ ശിലായുഗം എന്ന പേര് വന്നത്. ഇംഗ്ലീഷില് Stone Age.

ആദിമ മാനവചരിത്രത്തെ പൊതുവെ ശിലായുഗം ലോഹയുഗം എന്നിങ്ങനെ രണ്ടായി തരം തിരിക്കാം . എഴുത്തു വിദ്യ കണ്ടുപിടിക്കുന്നതിനു മുൻപുള്ള കാലമെന്നർത്ഥത്തിലാണ്‌ ഇത്‌. ഉൽപത്തി മുതൽ ഇന്നേ വരേയുള്ളതിന്റെ 95 ശതമാനവും ശിലായുഗമാണ്‌. ബി.സി. 5000 വരെ ഈ കാലഘട്ടം നീണ്ടു നിന്നു എന്ന് അനുമാനിക്കപ്പെടുന്നു. അതായത്‌ 5000 വരെ മനുഷ്യന്‌ എഴുത്തു വിദ്യ വശമില്ലായിരുന്നു. അതിനു ശേഷമുള്ള ചരിത്രം ശിലാ രേഖകളെ ആസ്പദമാക്കി മെനഞ്ഞെടുക്കാൻ ശാസ്ത്രജ്ഞന്മാർക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

ശിലായുഗം തന്നെ പ്രാചീന ശിലായുഗം മധ്യ ശിലായുഗം നവീനയുഗം എന്നും രണ്ടു ഘട്ടങ്ങളാക്കിയിട്ടുണ്ട്‌. ഇത്‌ ലോഹം കൊണ്ടുള്ള ആയുധത്തിന്റെ ആവിർഭാവം അടിസ്ഥാനമാക്കി ചരിത്ര പഠനത്തിന്റെ എളുപ്പത്തിനായി മാത്രമാണ്‌ ചെയ്തിരിക്കുന്നത്‌.


മനുഷ്യന്റെ ആദ്യത്തെ വാസസ്ഥലം വടക്കേ അർദ്ധഭൂഖണ്ഡമാണെന്നു വിശ്വസിച്ചിരുന്നു. ഈ ഭാഗം ദീർഘകാലത്തോളം ഹിമനിരകളാൽ മൂടപ്പെട്ടുകിടന്നിരുന്നു. ഇടക്കിടക്ക്‌ മഞ്ഞുരുകുകയും സസ്യങ്ങൾക്കും ജീവികൾക്കും ജീവിക്കാനുള്ള കാലാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. വീണ്ടും നീണ്ടകാലത്തേക്ക്‌ മഞ്ഞ്‌ പെയ്തു ജീവജാലങ്ങൾക്ക്‌ ജീവിക്കാൻ തടസ്സം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇത്തരം നാല് ഹിമനദീയ കാലങ്ങൾ(Glacial Ages) ഉണ്ടായിരുന്നത്രെ. ആദ്യത്തെ ഹിമനദീയ കാലം പത്തു ലക്ഷം കൊല്ലങ്ങൾക്കു മുൻപും രണ്ടാമത്തേത്‌ ഏഴു ലക്ഷം കൊല്ലങ്ങൾക്കു മുൻപും അവസാനത്തേത്‌ ഒരു ലക്ഷം കൊല്ലങ്ങൾക്കു മുൻപുമാണ്‌ ഉണ്ടായിട്ടുള്ളത്‌. ഒരു ഹിമനദീയ കാലം കഴിഞ്ഞു കാലാവസ്ഥ തെളിയുമ്പോൾ സസ്യങ്ങളും മൃഗങ്ങളും വളർന്ന് വികാസം പ്രാപിക്കുന്നു. അപ്പോഴേക്കും അടുത്ത ഹിമനദിയുടെ കാലമായി. എന്നാൽ മനുഷ്യൻ അവന്റെ സവിശേഷ ബുദ്ധി ഉപയോഗിച്ച്‌ ഹിമനദീയ കാലങ്ങളെ അതിജീവിച്ചു.

അവൻ ഗുഹകളിലും മറ്റും കൂട്ടമായി താമസിച്ചു, വേട്ടയാടി മൃഗങ്ങളെ കൊന്ന് ആദ്യം പച്ചമാംസമായും പിന്നീട്‌ തീ കണ്ടു പിടിച്ച ശേഷം ചുട്ടും തിന്നു തുടങ്ങി. പാറകളുടേയും മരങ്ങളുടേയും ഭാഗങ്ങൾ ഉപയോഗിച്ച്‌ മൂർച്ചയുള്ള ആയുധങ്ങൾ ഉണ്ടാക്കി. മരത്തൊലി ഇലകൾ എന്നിവ ഉപയോഗിച്ച്‌ വസ്ത്രങ്ങൾ ഉണ്ടാക്കി.

പ്രാചീനശിലായുഗം

[തിരുത്തുക]

പ്രാചീന ശിലായുഗം ക്രി.മു. 1,750,000 മുതൽ ക്രി.മു. 10000 വരെയായിരുന്നു എന്നാണ്‌ ശാസ്ത്രജ്ഞന്മാർ ഊഹിക്കുന്നത്‌. ഈ പ്രാചീന ശിലായുഗത്തെ വീണ്ടും രണ്ടായി തിരിക്കാം പൂർവ്വകാലഘട്ടമെന്നും ഉത്തരകാലഘട്ടമെന്നും . പ്രാചീനശിലായുഗത്തിന്റെ മുക്കാലും പൂർവ്വകാലഘട്ടമായിരുന്നു. ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മനുഷ്യജീവിയെ ആഫ്രിക്കയിലെ മഹാറിഫ്റ്റ്‌ താഴ്‌വരയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്‌. ഇതിന്‌ സിൻജന്ത്രോപ്പസ്‌ (Zinganthropus) എന്നാണ്‌ പേര്‌. നീണ്ടു നിവർന്നു നടക്കുകയും പ്രാകൃതമായ ആയുധങ്ങൾ ഉപയോഗിക്ക്യ്കയും ചെയ്തിരുന്നതിനാൽ ഇവയെ മനുഷ്യ വംശത്തിന്റെ ഏറ്റവും പൂർവ്വികരെന്ന് കരുതുന്നു. പൂർവ്വഘട്ടത്തിൽ ജീവിച്ചിരുന്ന പ്രാചീന മനുഷ്യന്റെ മറ്റൊരു ഉദാഹരണം ജാവാ ദ്വീപുകളിൽ നിന്ന് കണ്ടെടുക്കപ്പെട്ട 'ജാവാ മനുഷ്യൻ' ആണ്‌. ശരിക്കും നീണ്ടു നിവർന്നു നടക്കാൻ കഴിവില്ലാത്തെ പ്രകൃതം , വലിയ തല, ചെറിയ താടി, അഞ്ചടി ആറിഞ്ചു പൊക്കം എന്നിവയായിരുന്നു ജാവാ മനുഷ്യന്റെ പ്രതേകതകൾ.

ജാവാമനുഷ്യനു ശേഷം ആവിർഭവിച്ച വർഗ്ഗമാണ്‌ 'പെക്കിങ്ങ്‌ മനുഷ്യൻ' ചൈനയിലെ പെക്കിങ്ങ്‌ എന്ന സ്ഥലത്തു നിന്നും അവശിഷ്ടങ്ങൾ കണ്ടെത്തിയതിനാലാണ്‌ ഈ പേർ.

ജർമ്മനിയിലെ നിയാണ്ടർ താഴ്വര

ജർമ്മനിയിലെ നിയാന്തർ താഴ്‌വരയിൽ നിന്നും കണ്ടെത്തിയ അവശിഷ്ടങ്ങളിൽ നിന്നാണ്‌ നിയാന്തർത്താൽ മനുഷ്യനെപ്പറ്റി വിവരം ലഭിക്കുന്നത്‌. ഇവരാണ്‌ ഇന്ന് ഏറ്റവും കൂടുതൽ അറിയപ്പെടുന്ന വർഗ്ഗം. അവർ ഒരുലക്ഷത്തി ഇരുപതിനായിരം വർഷങ്ങൾക്കു മുൻപു വരെ( അവസാന ഹിമനദീയ കാലത്തുനും മുന്ന്) ജീവിച്ചിരുന്നെന്ന് കരുതുന്നു. അഞ്ചടി അഞ്ചിഞ്ചു ഉയരം, മെലിഞ്ഞ ശരീരം, ചെറിയ മസ്തിഷ്കം, വികൃതരൂപം എന്നിവയായിരുന്നു പ്രത്യേകതകൾ. നടക്കുന്നതിൽ വൈകല്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇവർ കാലക്രമേണ സംസാരിക്കാൻ പഠിച്ചതായി വിശ്വസിക്കപ്പെടുന്നു. ഇതായിരിക്കണം മനുഷ്യന്റെ സംസ്കാരത്തിന്റെ തുടക്കം. ആയുധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഗുഹകളിൽ താമസിച്ചിരുന്ന ചെറു സംഘങ്ങളായായിരുന്നു ഇവരുടെ ജീവിതം. മരിച്ചവരെ സംസ്കരിക്കുമ്പോൾ ശവശരീരത്തിന്റെ കൂടെ ആയുധങ്ങളും മറ്റു സാമഗ്രികളും അടക്കം ചെയ്തിരുന്നു. എന്നാൽ കാലക്രമത്തിൽ നിയാണ്ടർത്താൽ മനുഷ്യൻ ഭൂമുഖത്തുനിന്ന് നിശ്ശേഷം അപ്രത്യക്ഷമാകുകയായിരുന്നു. ഇതിന്‌ ശത്രുക്കളുടെ ആക്രമണം, ഉപജീവനത്തിന്റെ ബുദ്ധിമുട്ട്‌, മറ്റു വർഗ്ഗങ്ങളുമായി ലയിച്ചു ചേർന്നത്‌ എന്നീ കാരണങ്ങളാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. പാലസ്തീനിലെ മൗണ്ട്‌ കാർമ്മൽ എന്ന സ്ഥലത്തു നിന്നും നിയാണ്ടർത്താൽ മനുഷ്യനു സമാനമായ മനുഷ്യജീവികളുടെ അവശിഷ്ടം കണ്ടെടുത്തിട്ടുണ്ട്‌.

അടുത്ത മനുഷ്യ വർഗ്ഗം ആറിഗ്നേഷ്യൻ (Aurignacian) എന്നറിയപ്പെടുന്ന നരവംശമാണ്‌. ഫ്രാൻസിലെ ഗാരോൺ നദിയുടെ ഉത്ഭവസ്ഥാനമായ ആറിഗ്നാക്‌(Aurignac) എന്ന ഗുഹയുമായി ബന്ധപ്പെടുത്തിയാണ്‌ ഈ പേർ നൽകപ്പെട്ടത്‌. ഏകദേശം 70,000 വർഷങ്ങൾക്ക്‌ മുൻപാണ്‌ ഇവർ പ്രത്യക്ഷപ്പെട്ടത്‌ എന്ന് കരുതുന്നു. ഇവർ ആധുനിക മനുഷ്യന്റെ പൂർവ്വികന്മാരാകാൻ തികച്ചും അർഹതപ്പെട്ടവരാണ്‌. ഇവരുടെ പിൻഗാമികളെ വെയിൽസ്‌, അയർലൻഡ്‌, ഫ്രാൻസ്‌, [[സ്പെയിന്, പോർട്ടുഗൽ, അൾജീറിയ എന്നിവിടങ്ങളിൽ ഇപ്പോഴും കാണാം. ഈ വർഗ്ഗത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വിഭാഗമാണ്‌ ക്രോമാഗ്നൺ വർഗ്ഗം. ഇവരുടെ അവശിഷ്ടങ്ങൾ ഫ്രാൻസിലെ ക്രോമാഗ്നൺ എന്ന ഗുഹയിൽ നിന്ന് കണ്ടെടുക്കപ്പെട്ടു. ഇവർ നിയാണ്ടർത്താൽ വംശത്തേക്കാൾ സാംസ്കാരികമായി പുരോഗതി പ്രാപിച്ചവരായിരുന്നു. ആറടിയോളം പൊക്കം വലിയ താടി, നീണ്ട കൈ കാലുകൾ വലിയ നെറ്റിത്തടം എന്നിവ ഇവരുടെ പ്രത്യേകതകളാണ്‌.

ഓറിഗ്നേഷ്യർ ഉപയോഗിച്ചിരുന്ന ശിലായുധങ്ങ്അൾ

ക്രോമാഗ്നണ്മാരുടെ സമകാലികരായി ഗ്രിമാൾഡി എന്ന മറ്റൊരു വർഗ്ഗം ഇറ്റലിയുടെ സമുദ്രതീരത്തെ ഗ്രിമാൾഡി എന്ന ഗുഹയിൽ ന്നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്‌. ഇവർ നീഗ്രോ വർഗ്ഗക്കാരാണ്‌. മുഖം വീതി കൂടിയതും തല ചെറുതുമാണ്‌ ഇവർക്ക്‌. നിയാണ്ടർത്താൽ വംശത്തെ അപേക്ഷിച്ച്‌ ഈ വർഗ്ഗക്കാർ കൂടുതൽ പരിഷ്കൃതരും കലാവാസനയുള്ളവരുമായിരുന്നു. മൃഗങ്ങളുടെ കൊമ്പു കൊണ്ടും അസ്ഥികൊണ്ടും സൂചികൾ വരെ ഉണ്ടാക്കൻ അവർക്ക്‌ അറിയാമായിരുന്നു.

നവീനശിലായുഗം

[തിരുത്തുക]

ഇതിന്റെ ആരംഭവും അവസാനവും വ്യക്തമായി അറിയാൻ സാധിച്ചിട്ടില്ല. പതിനായിരം വർഷങ്ങൾക്കു മുൻപ്‌ ആരംഭിച്ചതായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഈജിപ്തിലും തെക്കു പടിഞ്ഞാറൻ ഏഷ്യയിലും 7,000 വർഷങ്ങൾക്കു മുൻപ്‌ ആരംഭിച്ചതായി ഊഹിക്കപ്പെടുന്നു. നൈൽ നദി യുടെ തടങ്ങളിൽ ആറായിരം വർഷങ്ങൾക്ക്‌ മുൻപ്‌ ആരംഭിച്ചതായി തെളിവുകൾ ഉണ്ട്‌. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും പലവിധത്തിലുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്‌. മനുഷ്യ ചരിത്രത്തിൽ സാമൂഹികവും സാംസ്ക്കാരികവുമായ വിപ്ലവകരമായ വ്യത്യാസങ്ങൾ സംഭവിച്ച കാലഘട്ടമാണ്‌ ഇത്‌. മനുഷ്യൻ കൃഷിചെയ്യാൻ പഠിച്ചത്‌ ഈ കാലത്തിലായതിനാൽ നവീന ശിലായുഗത്തെ കർഷകയുഗം എന്ന് വിളിക്കാറുണ്ട്‌. ബാർലി, തിന, ഫലവർഗ്ഗങ്ങൾ എന്നിവയും ചില സസ്യങ്ങളുമാണ്‌ അവർ വളർത്തിയത്‌. കാട്ടു മൃഗങ്ങളെ മെരുക്കി വളർത്തുന്നതും വിട്ടു മൃഗങ്ങളായി പശു തുടങ്ങിയവയെ വളർത്തിയതും ഇക്കാലത്താണ്‌.

കന്മഴു ആയിരുന്നു നവീന ശിലായുഗത്തിലെ ഏറ്റവും പരിഷ്കൃതമായ ആയുധം. കരിങ്കല്ല് ചെത്തി മിനുക്കിയാണ്‌ ഇത്‌ ഉണ്ടാക്കിയത്‌, ഇത്‌ മനുഷ്യന്റെ ജീവിതത്തിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാക്കിയിരിക്കണം. കാട്ടു മരങ്ങൾ വെട്ടിയെടുത്ത്‌ വീടും, പാലവും മറ്റും നിർമ്മിക്കുകയും ചെയ്തു. മറ്റൊരു വിപ്ലവകരമായ മാറ്റമാണ്‌ മൺപാത്ര നിർമ്മാണം. ഭക്ഷ്യ സംഭരണം ആവശ്യമായി വന്നതായിരിക്കണം ഇതിനുള്ള പ്രചോദനം. ശിലായുഗത്തിൽ നിർമ്മിക്കപ്പെട്ട മൺ പാത്രങ്ങൾ കൈകൊണ്ട്‌ നിർമ്മിച്ചവയാണ്‌. ഇവയ്ക്ക്‌ പിന്നീട്‌ വന്ന ലോഹയുഗത്തിൽ കുശവ ചക്രത്തിന്റെ സഹായത്താൽ നിർമ്മിക്കപ്പെട്ട മൺപാത്രങ്ങളോട്‌ താരതമ്യം ചെയ്യുമ്പോൾ ഭംഗിയും ഉറപ്പും കുറവായിരുന്നു എങ്കിലും അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റിയിരുന്നു.

മറ്റൊരു പ്രധാന കണ്ടു പിടുത്തം വസ്ത്ര നിർമ്മാണം ആയിരുന്നു. ചണച്ചെടിയിൽ നിന്ന് ചണം ഉണ്ടാക്കാൻ പഠിച്ചതോടെ ചണം ഉപയോഗിച്ചുള്ള വസ്ത്രങ്ങളും രൂപപ്പെട്ടു, ചെമ്മരിയാടുകളെ വളർത്തി ക്രമേണ അവയിൽ നിന്ന് കമ്പിളി വസ്ത്രങ്ങൾ ഉണ്ടാക്കാനും അവർ പഠിച്ചു. തണുപ്പിനെ അതി ജീവിക്കാൻ ഇത്‌ അവരെ സഹായിച്ചു. ക്രമേണ വെള്ളം താഴേക്ക്‌ ഇറങ്ങിത്തുടങ്ങിയതോടെ പുതിയ സ്ഥലങ്ങൾ തെളിഞ്ഞു വന്നു തുടങ്ങിയിരുന്നു. ചിലർ കാൽ നടയായി പുതിയ സ്ഥലങ്ങളിലേക്ക്‌ അന്നത്തെ തീരങ്ങൾ വഴി കുടിയേറിത്തുടങ്ങി.

കൃഷി ചെയ്യാൻ തുടങ്ങിയതോടെ അവൻ വീടിനെക്കുറിച്ചും ചിന്തിക്കാൻ തുടങ്ങിയിരിക്കണം. ആദ്യകാലങ്ങളിൽ വൃക്ഷങ്ങളുടെ മുകളിലും കുറ്റികൾ നാട്ടി അതിനു മുകളിലുമായായിരുന്നു വീടുകൾ പണിതത്‌. സ്വിറ്റ്‌സർലാൻഡിലെ തടാകങ്ങളിൽ ഇത്തരം കുറ്റികളിൽ തീർത്ത ഭവനങ്ങൾ ഉണ്ടായിരുന്നതിന്‌ തെളിവുകൾ ലഭിച്ചിട്ടുണ്ട്‌. കാലക്രമത്തിൽ ചുടുകട്ട നിർമ്മാണം വശമായപ്പോൾ കൂടുതൽ ഉറപ്പുള്ള വീടുകളും കൊട്ടാരങ്ങളും വരെ അവർ നിർമ്മിച്ചു തുടങ്ങി. ഈജിപ്ത്‌ മെസൊപൊട്ടേമിയ സിന്ധൂ നദീ തടങ്ങൾ എന്നിവിടെയാണ്‌ ആദിമ സംസ്കാരങ്ങൾ വികസിച്ചത്‌. മാതൃകാപരമായ സംസ്കാരവും അച്ചടക്കമുള്ള ജീവിതവും ഇക്കാലത്ത്‌ ഉണ്ടായിരുന്നു.

കുടുംബ ജീവിതത്തിന്റെ ഉത്ഭവവും ഇക്കാലത്താണ്‌ ബഹുഭാര്യാത്വത്തിലും ബഹുഭർതൃത്വത്തിലും അധിഷ്ഠിതമായ ജീവിതം ഇക്കാലത്ത്‌ വികസിച്ചു. ഇത്‌ പല സംഘട്ടനങ്ങൾക്കും കാരണമായിരുന്നിരിക്കാം. മതം മനുഷ്യന്റെ മനസ്സുകളിൽ സ്ഥാനം പിടിക്കുന്നതും ഇക്കാലത്താണ്‌. വിളവിന്റെ സംരക്ഷകൻ എന്ന നിലയിൽ പ്രകൃതിയെയാണ്‌ ആദ്യമായി മനുഷ്യൻ ആരാധിക്കുന്നത്‌. പ്രകൃതിക്ക്‌ ജീവൻ സങ്കൽപിച്ച്‌ വായു, ജലം, സൂര്യൻ തുടങ്ങിയ ശക്തികളെ അവൻ ആരാധിച്ചു വന്നു, പ്രകൃതി ദോഷങ്ങൾ, രോഗം തുടങ്ങിയവയിൽ അവൻ ഭയപ്പെട്ടു. മരുന്നുകൾക്കായി നെട്ടോട്ടമോടിയിരിക്കാവുന്ന അക്കാലത്ത്‌ മന്ത്രവാദവും ഹീന കൃത്യങ്ങളും ഉടലെടുത്തു.

രാഷ്ട്രം എന്ന സങ്കൽപം ഉടലെടുത്തതും നവീന ശിലായുഗത്തിലാണ്‌. ഒരു പ്രത്യേക ഭൂവിഭാഗത്തിൽ കൃഷി ചെയ്തിരുന്നവർ അഭിവൃസ്ഷി പ്രാപിക്കുകയും മറ്റു വിഭാഗങ്ങളിൽ ഉള്ളവർക്ക്‌ അത്ര കിട്ടാതിരിക്കുകയും ചെയ്തിരിക്കുകയാൽ ആഗ്രഹം നിമിത്തം സംഘട്ടനങ്ങൾ ഉണ്ടായത്‌ ജനങ്ങളെ ഒരുമിക്കാൻ പ്രേരിപ്പിച്ചിരിക്കാമെന്നും അതിന്‌ ഒരു നേതാവിനേയോ മറ്റോ തിരഞ്ഞെടുത്ത്‌ അധികാരം ഏൽപ്പിച്ചിരിക്കാം എന്നും വിശ്വസിക്കപ്പെടുന്നു. ക്രമേണ ഈ നേതാക്കന്മാർ രാജാക്കന്മാരുടെ സ്ഥാനത്തെത്തി.

നവീന ശിലായുഗത്തിന്റെ സാംസ്കാരിക സംഭാവനകളിലൊന്നാണ്‌ ലോകത്തിന്റെ പലഭാഗങ്ങളിലും കാണപ്പെടുന്ന 'മെഗാലിത്തുകൾ' എന്ന് വിളിക്കപ്പെടുന്ന സ്മാരകങ്ങൾ. 65 അടി വരെ ഉയരമുള്ള മെഗാലിത്തുകൾ (മഹാശിലാ സ്മാരകങ്ങൾ) ഉണ്ട്‌. ഇംഗ്ലണ്ട്‌, ഫ്രാൻസ്‌, സ്കാൻഡിനേവിയ, അയർലൻഡ്‌, സ്പെയിൻ, മാൾട്ട, സിറിയ, കൊറിയ, ചൈന, എന്നിവിടങ്ങളിൽ കണ്ടെത്തിയിട്ടുള്ള ഇത്തരം ശിലാസ്മാരകങ്ങൾക്ക്‌ ഒരേ രൂപവും ആകൃതിയുമാണെന്നുള്ളത്‌ ആദ്യകാലത്തെ സംസ്കാരം പരസ്പരം ബന്ധപ്പെട്ടിരുന്നവയോ ഒന്നിൽ നിന്ന് ഉടലെടുത്തവയോ ആണെന്നാണ്‌ സൂചിപ്പിക്കുന്നത്‌. കേരളത്തിലെ ചിലയിടങ്ങ്നളിൽ നിന്നും ഇത്തരം സ്മാരകങ്ങൾ കണ്ടെത്തിയിട്ടുണ്ട്‌. മറയൂർ, തൊപ്പിക്കല്ലുകൾ ഇക്കൂട്ടത്തിൽ പെട്ടവയാണ്‌. തമിഴ്‌നാട്ടിലെ നീലഗിരി മലകളിലെ ഊട്ടി യിലും പളനി മലകളിലെ കൊടൈക്കനാൽ നിന്നും ഇത്തരം തൊപ്പിക്കല്ലുകൾ കണ്ടെത്തിയിട്ടുണ്ട്‌. കല്ലുകൾ ചേർത്തുണ്ടാക്കിയ ശവമന്ദിരങ്ങളും വലിയ മൺ ഭരണികളും ഇതിൽ പെടുന്നു.

തോണിയുടെ നിർമ്മാണം ജലമാർഗ്ഗം സംഘങ്ങളായി പുതിയ മേച്ചിൽ പുറങ്ങൾ തേടാൻ അവരെ സഹായിച്ചു. ആഫ്രിക്കയിൽ നിന്ന് ദൂരെ ഹവായി, ലാബ്രഡോർ, പാറ്റഗോണിയ എന്നിവിടങ്ങളിൽ അവർ എത്തിച്ചേർന്നു.

വെങ്കല യുഗം

[തിരുത്തുക]

ലോഹത്തിന്റെ നിർമ്മാണം മറ്റൊരു വഴിത്തിരിവായിരുന്നു. യാദൃച്ഛികമോ ബോധപൂർവ്വമോ ആയൊരു സംഭവമാണ്‌ ചെമ്പിന്റെ കണ്ടു പിടുത്തം. ശുദ്ധി ചെയ്യാൻ താരതമ്യേന എളുപ്പമാണെന്നതും പാളികളായി ലോഹരൂപത്തിൽ തന്നെ ചില സ്ഥലങ്ങളിൽ കാണപ്പെടുന്നു എന്നതും ചെമ്പിനെ സർവ്വ സ്വീകാര്യമാക്കി. ആദ്യകാലങ്ങളിൽ ആഭരണ നിർമ്മാണത്തിനും പാത്ര നിർമ്മാണത്തിനും മറ്റുമാണ്‌ ചെമ്പ്‌ ഉപയോഗിച്ചിരുന്നത്‌. ആയുധങ്ങൾ നിർമ്മിക്കാനുള്ള ദൃഢത ചെമ്പിനില്ലായിരുന്നു. താമസിയാതെ തകരം ചേർത്ത്‌ കാഠിന്യം വർദ്ധിപ്പിക്കാൻ അവൻ പഠിച്ചു. അങ്ങനെയാണ്‌ വെങ്കലത്തിന്റെ ആവിർഭാവം. ആയുധം നിർമ്മിക്കാൻ പാകത്തിനുള്ള ശക്തി വെങ്കലത്തിനുണ്ടായിരുന്നു. ഈ കാലമാണ്‌ വെങ്കലയുഗം എന്നറിയപ്പെടുന്നത്‌. ചെമ്പിന്റെ സംസ്കരണം പശ്ചിമേഷ്യയിൽ ധാരാളമായി നടന്നു. ഇതു മൂലം യൂറോപ്പിലേക്കും മറ്റുമായി വ്യാപാരം അഭിവൃദ്ധി പ്രാപിച്ചു.

അയോ യുഗം

[തിരുത്തുക]

ഇരുമ്പിന്റെ കണ്ടുപിടിത്തം വീണ്ടും വളരെക്കാലം കഴിഞ്ഞാണ്‌ സംഭവിക്കുന്നത്‌. ഇരുമ്പിന്റെ അയിര്‌ ഭൗമോപരിതലത്തിൽ ലഭ്യമല്ലാത്തതും അതിനെ ശുദ്ധീകരിച്ചെടുക്കുന്നതും വിഷമം പിടിച്ചതാകയാലുമായിരിക്കണം അതിന്‌ താമസം ഉണ്ടായത്‌. എന്നാൽ ഒരിക്കൽ പ്രചാരത്തിലായതോടെ അതിന്റെ ഗുണങ്ങൾ മൂലം വെങ്കലായുധങ്ങളെ അപ്പാടെ പിന്നിലാക്കുകയായിരുന്നു ഇരുമ്പ്‌. ഈ യുഗത്തിലാണ്‌ പ്രധാനപ്പെട്ട പല കണ്ടു പിടുത്തങ്ങളും നടക്കുന്നത്‌. ചക്രങ്ങൾ കണ്ടെത്തിയതും മനുഷ്യ രാശിക്ക്‌ ഒരു വഴിത്തിരിവായിരുന്നു. രാഷ്ടങ്ങൾ താമസിയാതെ ശക്തി പ്രാപിക്കുകയും മറ്റു രാഷ്ടങ്ങളുടെ മേൽ ആധിപത്യത്തിനായി ശ്രമിക്കുകയും ചെയ്തു.

അവലംബം

[തിരുത്തുക]
  • Barham, Lawrence; Mitchell, Peter (2008). The First Africans: African Archaeology from the Earliest Toolmakers to Most Recent Foragers. Cambridge World Archaeology. Oxford: Oxford University Press.
  • Clark, J. Desmond (1970). The Prehistory of Africa. Ancient People and Places, Volume 72. New York; Washington: Praeger Publishers.
  • Deacon, Hilary John; Deacon, Janette (1999). Human beginnings in South Africa: uncovering the secrets of the Stone Age. Walnut Creek, Calif. [u.a.]: Altamira Press.
  • Rogers, Michael J.; Semaw, Sileshi (2009). "From Nothing to Something: The Appearance and Context of the Earliest Archaeological Record". In Camps i Calbet, Marta; Chauhan, Parth R. (eds.). Sourcebook of paleolithic transitions: methods, theories, and interpretations. New York: Springer.
  • Schick, Kathy D.; Toth, Nicholas (1993). Making Silent Stones Speak: Human Evolution and the Dawn of Technology. New York: Simon & Schuster. ISBN 0-671-69371-9.
  • Shea, John J. (2010). "Stone Age Visiting Cards Revisited: a Strategic Perspective on the Lithic Technology of Early Hominin Dispersal". In Fleagle, John G.; Shea, John J.; Grine, Frederick E.; Boden, Andrea L.; Leakey, Richard E, (eds.). Out of Africa I: the First Hominin Colonization of Eurasia. Dordrecht; Heidelberg; London; New York: Springer. pp. 47–64.{{cite book}}: CS1 maint: extra punctuation (link) CS1 maint: multiple names: editors list (link)
"https://ml.wikipedia.org/w/index.php?title=ശിലായുഗം&oldid=4092950" എന്ന താളിൽനിന്ന് ശേഖരിച്ചത്