ബഹുനില കെട്ടിടങ്ങൾ
ജനസംഖ്യയിലുള്ള ക്രമാതീതമായ വളർച്ചയും, കൂടുതൽ സുഖസൌകര്യങ്ങൾ തേടിയുള്ള മനുഷ്യന്റെ പ്രയാണവും ബഹുനില കെട്ടിടങ്ങളെ ആശ്രയിക്കുവാൻ കാരണമായി കൊണ്ടിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ നേരത്തേ തന്നെ രൂപം കൊണ്ട ഈ പ്രവണത ഇന്ന് നമ്മുടെ നാട്ടിലും വന്നു കഴിഞ്ഞു. പട്ടണങ്ങളെ കേന്ദ്രീകരിച്ച് ആണ് കൂടുതലും ഇത്തരത്തിലുള്ള അംബരചുംബികളായ കെട്ടിടങ്ങൾ വരുന്നത്. ഓരോ മതിൽ കെട്ടിനുള്ളിലും സ്വതന്ത്രമായി ഉണ്ടായിരുന്ന വീടുകൾ ഇന്ന് അപ്രത്യക്ഷമാകുന്നു. ഒരു പക്ഷേ, ബഹുനില കെട്ടിടം എന്ന ആശയം ജനസാന്ദ്രതയ്ക്കുള്ള മറുമരുന്നായി നമുക്ക് കണക്കാക്കാം. പൂർണ്ണമായ സുരക്ഷിതത്വം ലക്ഷ്യമിടുന്ന ഇതിലെ അന്തേവാസികൾക്ക്, അത് ഉറപ്പ് വരുത്തുക എന്നുള്ളത് ഈ കെട്ടിടങ്ങളുടെ രൂപം മനസ്സിൽ തുടങ്ങി വയ്ക്കുന്ന ആർക്കിടെക്ടിൽ തുടങ്ങുന്നു. ഇദ്ദേഹം അടിസ്ഥാനമിടുന്ന രൂപകൽപനയിൽ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ വായു, വെള്ളം, വൈദ്യുതി, മുതലായവയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനോടൊപ്പം, വന്നു ഭവിക്കാവുന്ന അപകടങ്ങൾ ഇല്ലാതാക്കുവാനുള്ള ക്രമീകരണങ്ങളും സജ്ജീകരിക്കേണ്ടതാണ്. ഇതിനായി വിവിധ മേഖലകളിലുള്ള സാങ്കേതിക വിദഗ്ദരുടെ കൂട്ടായ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. കല്ലും മരവും കമ്പിയും ഉപയോഗിച്ച് പണിതുയർത്തപ്പെടുന്ന ഈ കെട്ടിടങ്ങൾക്ക് ജീവൻ നൽകുന്നത് വൈദ്യുതി ഒന്നു മാത്രമാണ്. വൈദ്യുതി ലഭ്യമാക്കുവാൻ എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്നാണ് ഇവിടെ പ്രതിപാദിക്കുന്നത്.
പല നിലകളുള്ള കെട്ടിടങ്ങളാണ് അക്ഷരാർത്ഥത്തിൽ ബഹുനിലകെട്ടിടങ്ങൾ. പലപ്പോഴും ഉയരം കണക്കാക്കിയാണ് ഇവയെ തരം തിരിക്കുന്നത്. ഒരു ബഹുനില കെട്ടിടത്തിന്റെ ഉയരം കണക്കാക്കുന്ന രീതി പലപ്പോഴും തർക്കം ഉണ്ടാക്കുന്ന വസ്തുതയാണ്. നാഷണൽ ബിൽഡിംഗ് കോഡ് ഓഫ് ഇൻഡ്യ, 2005 – ൽ (എൻ .ബി .സി) വളരെ വ്യക്തമായി കെട്ടിടങ്ങളുടെ ഉയരം എന്നത് നിർവചിച്ചിട്ടുണ്ട്. തറനിരപ്പി(ഗ്രൌണ്ട് ലെവൽ)ൽ നിന്നും, ഏറ്റവും മുകളിലത്തെ താമസയോഗ്യമായ മുറിയുടെ ടെറസും മുറിയുടെ പുറം ഭിത്തിയുമായി ചേർന്ന് നിൽക്കുന്ന ഭാഗം വരെയാണ് കെട്ടിടത്തിന്റെ ഉയരം. അതായത് ഈ ഭാഗത്തിന് മുകളിലായി ഉയർന്നു നിൽക്കുന്ന കൈവരികളോ, ജലസംഭരണിയോ, ലിഫ്റ്റിന്റെ മെഷീൻ റൂമോ, സ്റ്റെയർകേസ് റൂമോ കെട്ടിടത്തിന്റെ ഉയരം അളക്കുമ്പോൾ പരിഗണിക്കേണ്ടതില്ല. കെട്ടിടത്തിന് ചുറ്റുമായി പല തറ നിരപ്പാണ് ഉള്ളതെങ്കിൽ അടിയന്തിര ഘട്ടങ്ങളിൽ ഫയർ എഞ്ചിൻ വന്നു നിൽക്കുവാൻ സൌകര്യമുള്ള ഏറ്റവും ഉയർന്ന തറനിരപ്പാണ് ഉയരം കണക്കാക്കുവാൻ പരിഗണിക്കേണ്ടത്. പ്രധാനമായും 15 മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങളെ പ്രത്യേകമായി പരിഗണിക്കുന്നു. 1956-ലെ ഇന്ത്യൻ ഇലക്ട്രിസിറ്റി റൂൾ 50A വകുപ്പ് പ്രകാരമാണ് ഈ തരത്തിലുള്ള കെട്ടിടങ്ങൾക്ക് വൈദ്യുതി ലഭ്യമാക്കേണ്ടത്. വൈദ്യുതി തരുന്നത് കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് പോലെയുള്ള ലൈസൻസികൾ ആണെങ്കിലും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്ന സർക്കാർ വകുപ്പിന്റെ അംഗീകാരത്തിന് വിധേയമായി മാത്രമേ ഇവർക്ക് വൈദ്യുതി തരുവാൻ സാധിക്കൂ. സാധാരണ ഗതിയിൽ, 15 മീറ്ററും അതിനു താഴെയും ഉയരമുള്ള കെട്ടിടങ്ങൾക്ക് വൈദ്യുതി നൽകുവാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അംഗീകാരം ആവശ്യമില്ല. പക്ഷേ, അവയിൽ സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന ജനറേറ്റർ, ലിഫ്റ്റ് എന്നിവ പ്രവർത്തിക്കുവാൻ പ്രത്യേക അംഗീകാരം വാങ്ങിയിരിക്കണം.
(തുടരാം......)