രോഗപ്രതിരോധവ്യവസ്ഥ
ബാക്റ്റീരിയ, വൈറസുകൾ, പൂപ്പൽ, പരാദജീവികൾ എന്നിവയടങ്ങുന്ന രോഗാണുവൃന്ദം, വിഷത്വമുള്ളതും ഇല്ലാത്തതുമായ അന്യവസ്തുക്കൾ, അർബുദങ്ങൾ തുടങ്ങിയ ബാഹ്യവും ആന്തരികവുമായ ദ്രോഹങ്ങളെ ചെറുക്കുന്നതിലേക്കായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയും ആകെത്തുകയിൽ പറയുന്ന പേരാണു രോഗപ്രതിരോധ വ്യവസ്ഥ അഥവാ പ്രതിരോധവ്യവസ്ഥ എന്നത്. പ്രതിരോധവ്യൂഹത്തെയും അതിന്റെ രോഗങ്ങളെയും പഠിക്കുന്ന ശാഖയാണ് ഇമ്മ്യൂണോളജി.
ജന്തുശരീരത്തിൽ വായ്, ത്വക്ക്, കുടൽ, ശ്വാസനാളികൾ തുടങ്ങിയ ശരീരഭാഗങ്ങളിൽത്തന്നെ അണുജീവികൾ വസിക്കുന്നുണ്ട്. ശരീരകലകളിലേയ്ക്ക് ആഴ്ന്നിറങ്ങാൻ അവസരമുണ്ടായാൽ കടുത്ത അണുബാധയിലൂടെ കോശജ്വലനവും കലകളുടെ നാശവുമൊക്കെ ഉണ്ടാക്കാൻ പോന്നവയാണ് ഇവയിൽപ്പലതും. ശരീരത്തിൽ സ്വാഭാവികമായി കാണുന്ന ഇവയ്ക്ക് പുറമേയാണ് വെളിയിൽനിന്നു ശരീരത്തിലേക്ക് കടക്കാൻ സാധ്യതയുള്ള വീര്യമേറിയ രോഗാണുക്കളുടെ നിതാന്ത സാന്നിധ്യവും. ഇവയ്ക്കൊക്കെ എതിരേ പ്രതിരോധമേർപ്പെടുത്തേണ്ടിവരുമ്പോൾ ശരീരം നേരിടുന്ന പ്രാധാന വെല്ലുവിളിയെന്നത് സ്വന്തവും അന്യവുമായ ഹാനികളെ കൃത്യമായി വേർതിരിച്ചറിഞ്ഞ് അതിനനുസരിച്ച് പ്രതികരണങ്ങളെ നിയന്ത്രിക്കുക എന്നതാണ്. ആന്തരികമായ ഹാനികാരകങ്ങളെത്തന്നെ സ്വന്തം കോശവ്യവസ്ഥയിൽ നിന്ന് വേർതിരിച്ചുകാണേണ്ടത് അവശ്യമാണ്. മറ്റൊരു പ്രധാന വെല്ലുവിളിയാണ് നിരന്തരമായി ജനിതക ഉല്പരിവർത്തനങ്ങളും കോശഘടനാവ്യതിയാനങ്ങളും വഴി പരിണമിച്ചുകൊണ്ടിരിക്കുന്ന അണുക്കളെ തിരിച്ചറിയേണ്ടിവരുകയെന്നത്. ഈ കടമ്പകളെ ഫലപ്രദമായി കടക്കുന്നതിനു വേണ്ടി വിവിധ പ്രതികരണരീതികൾ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു.
ഏകകോശജീവികൾ മുതൽക്കുള്ള ജൈവലോകത്തിലെ എല്ലാ അംഗങ്ങളിലും ഏറിയോ കുറഞ്ഞോ ഒരു പ്രതിരോധവ്യവസ്ഥ കാണാം. ബാക്റ്റീരിയകളിൽ വൈറൽ അണുബാധയെ പ്രതിരോധിക്കാൻ പോന്ന ജൈവരസങ്ങളുടെയും രാസാഗ്നികളുടെയും (enzyme) സംവിധാനമുണ്ട്. സസ്യങ്ങളിലും ലളിതഘടനയുള്ള ജന്തുജാലങ്ങളിലുമൊക്കെ കശേരുകികളിൽ ഇന്ന് കാണുന്ന അതിവിദഗ്ധമായ പ്രതിരോധസംവിധാനത്തിന്റെ പൂർവ്വരൂപങ്ങളെ ദർശിക്കാം. അണുബാധകളെ തടയുന്ന മാംസ്യങ്ങളായ ഡിഫെൻസിനുകളും ഹാനികാരകങ്ങളായ കോശങ്ങളെയും അന്യവസ്തുക്കളെയും “വിഴുങ്ങി” നിർവീര്യമാക്കാൻ പ്രാപ്തമായ ഭക്ഷകകോശങ്ങളും (phagocytes) മുതൽ രോഗാണുക്കൾക്കെതിരേ വിപുലമായ ആക്രമണം നടത്താൻ പര്യാപ്തമായ പ്രതിരോധാനുപൂരകങ്ങൾ (complement) വരെ പ്രതിരോധ ആയുധശേഖരത്തിലെ ആദിമസങ്കേതങ്ങളാണ്.
പ്രതിരോധവ്യവസ്ഥയുടെ രണ്ട് കൈകളായി പ്രവർത്തിക്കുന്ന സങ്കേതങ്ങളാണ് സഹജപ്രതിരോധവും അനുവർത്തന പ്രതിരോധവും (ആർജ്ജിതപ്രതിരോധം). അണുബാധയോ അന്യവസ്തുവിന്റെ കടന്നുകയറ്റമോ ശരീരത്തിലുണ്ടായാൽ ഉടനടി പ്രതികരിക്കുന്ന വിഭാഗമാണ് സഹജപ്രതിരോധം. പരിണാമപരമായി പഴയതും അകശേരുകികളിൽ നിന്ന് കശേരുകികളിലേക്കും മനുഷ്യനടക്കമുള്ള സങ്കീർണ ജന്തുക്കളിലേക്കും കൈമാറി വന്നതുമായ ജൈവസംവിധാനമാണിത്. ഈ സങ്കേതത്തിന്റെ മുഖ്യ അംഗങ്ങളാണ് ബൃഹദ്ഭക്ഷകകോശങ്ങൾ (macrophages), ദ്രുമികകോശങ്ങൾ (dendritic cells), പ്രകൃത കൊലയാളികോശങ്ങൾ (Natural Killer cells; NK cells) എന്നിവ. രോഗാണുക്കളിലെ ചിരസ്ഥായിയായ ചില ജീൻ മാതൃകകളെ അവയുടെ ഉല്പന്നമായ മാംസ്യതന്മാത്രകളുടെ ഘടനയിലൂടെ തിരിച്ചറിയുകയും ആക്രമിക്കുകയും ചെയ്യുന്ന രീതിയാണ് സഹജപ്രതിരോധസംവിധാനത്തിലെ അംഗങ്ങൾ പിന്തുടരുന്നത്. രോഗാണു ഉല്പാദിപ്പിക്കുന്നതോ ഉത്സർജ്ജിക്കുന്നതോ ആയ രോഗകാരക ഘടകങ്ങളെ തിരിച്ചറിഞ്ഞ് അതിനനുസൃതമായ പ്രതിരോധം തീർക്കാനും ഈ സംവിധാനം പ്രാപ്തമാണ്. തങ്ങൾ വിഴുങ്ങി നശിപ്പിക്കാൻ ശ്രമിക്കുന്ന അന്യകോശങ്ങളെ “ദഹിപ്പിച്ച്” അവയിലെ പ്രതിജനകങ്ങളെ വേർപെടുത്തി ടി-കോശങ്ങൾക്ക് സമർപ്പിക്കുകയും (പ്രതിജനകസമർപ്പണം) അതുവഴി അനുവർത്തനപ്രതിരോധ സങ്കേതത്തെ ഉണർത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്യുക എന്നതും ബൃഹദ്ഭക്ഷക,ദ്രുമിക കോശങ്ങളടങ്ങിയ സഹജപ്രതിരോധസങ്കേതത്തിന്റെ ജോലിയാണ്.
അനുവർത്തനപ്രതിരോധം കശേരുകികളിൽ മാത്രമുള്ളതും പരിണാമപരമായി താരതമ്യേന നവീനവുമായ സംവിധാനമാണ്. സ്വന്തം ജീനുകളെ പുനർവിന്യസിക്കുന്നതിലൂടെ ടി-, ബി- ലസികാകോശങ്ങൾ ആയിരക്കണക്കായ രോഗകാരകങ്ങളുടെ പ്രതിജനകങ്ങളെ (antigen) തിരിച്ചറിയാൻ കെല്പുള്ള സ്വീകരിണികളെ നിർമ്മിച്ച് തങ്ങളുടെ കോശപ്രതലത്തിൽ വിസ്ഥാപിക്കുന്നു. പ്രതിരോധസ്മൃതി എന്ന പ്രതിഭാസമാണു ഇതിനു ശരീരത്തെ സഹായിക്കുന്നത്. ശരീരത്തിലേക്ക് ഒരിക്കൽ അതിക്രമിച്ചുകടക്കുന്ന അണുക്കളെ തിരിച്ചറിഞ്ഞ് “ഓർമ്മിച്ചു”വയ്ക്കുകയും പിന്നീട് അതേ അണുക്കളോ അതിനു സമാനമായവയോ ആക്രമിച്ചാൽ മുൻ അനുഭവത്തെ ഓർത്തെടുത്ത് അതിവേഗത്തിൽ പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണു പ്രതിരോധസ്മൃതി എന്നതുകൊണ്ടുദ്ദേശിക്കുന്നത്. സ്വന്തകോശങ്ങളുടെ പ്രതിജനകങ്ങളെ തിരിച്ചറിഞ്ഞ് ഒഴിവാക്കുകയും അന്യപ്രതിജനകങ്ങളെ തിരിച്ചറിഞ്ഞ് ആക്രമിക്കുകയും ചെയ്യാനുള്ള കൃത്യത ഈ പ്രതിഭാസത്തിലൂടെ ശരീരത്തിനു വന്നു ചേരുന്നു. ജീൻ പുനർവിന്യാസത്തിലൂടെയും പ്രതിരോധസ്മൃതിയിലൂടെയും പ്രതിജനകങ്ങളെ തിരിച്ചറിയുന്നതാണ് അനുവർത്തന പ്രതിരോധത്തിന്റെ അടിസ്ഥാനം.
രോഗപ്രതിരോധസംവിധാനത്തിനു തകരാറുകൾ സംഭവിക്കുന്നത് രോഗങ്ങൾക്ക് കാരണമാകാം. ഈ തകരാറുകളെ രണ്ടായി വർഗീകരിക്കാം. പ്രതിരോധസംവിധാനത്തിന്റെ അമിതപ്രതികരണം മൂലമുണ്ടാകുന്ന രോഗങ്ങളും പ്രതിരോധവ്യവസ്ഥ ക്ഷയിക്കുന്നതുമൂലമുള്ള രോഗങ്ങളും. സ്വന്ത കോശങ്ങളെയും കലകളെയും അന്യവസ്തുവായിക്കണ്ട് ആക്രമിക്കുക വഴി പ്രതിരോധവ്യവസ്ഥ ശരീരത്തിനു ഹാനിയുണ്ടാക്കുന്നതാണു അമിതപ്രതികരണത്തിൽ സംഭവിക്കുന്നത്. റൂമാറ്റിക് സന്ധിവാതം, സിസ്റ്റമിക് ലൂപ്പസ് രോഗം, മയസ്തീനിയ പേശീരോഗം, ടൈപ്പ്-1 പ്രമേഹം തുടങ്ങിയ ഒരുപിടി രോഗങ്ങൾക്ക് ഈ അമിതപ്രതികരണം കാരണമാകുന്നു.
മരുന്നുകളുടെ പാർശ്വഫലം മൂലമോ (ഉദാ:കോർട്ടിക്കോസ്റ്റീറോയ്ഡുകൾ) പ്രതിരോധകോശങ്ങളെത്തന്നെ ബാധിക്കുന്ന ചിലതരം അണുബാധകൾ മൂലമോ (ഉദാ:എയിഡ്സ്) ചില ജനിതകത്തകരാറുകൾ മൂലമോ ഒക്കെ രോഗപ്രതിരോധവ്യവസ്ഥ ക്ഷയിക്കാം. ആരോഗ്യമുള്ള സാധാരണ അവസ്ഥകളിൽ നിസാര അണുബാധകളായി വന്ന് പോകുന്ന രോഗങ്ങൾ പോലും അത്തരക്കാരിൽ ആവർത്തിക്കുന്നതും മാരകവുമായ രോഗങ്ങളായി പരിണമിക്കാം. ഇത്തരം അവസ്ഥകളെ പ്രതിരോധാപക്ഷയ രോഗങ്ങൾ (Immunodeficiency) എന്ന് വിളിക്കുന്നു.