ജോൺ എൽ. എസ്പോസിറ്റോ
അമേരിക്കയിലെ ഒരു മതതാരതമ്യപഠന വിദഗ്ദനും, മുസ്‌ലിം-കൃസ്ത്യൻ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായുള്ള പ്രിൻസ് വലീദ് ബിൻ തലാൽ സെന്ററിന്റെ തലവനുമാണ് ജോൺ എൽ. എസ്പോസിറ്റോ എന്ന പേരിൽ പ്രശസ്തനായ ജോൺ ലൂയിസ് എസ്പോസിറ്റോ. ഇറ്റാലിയൻ-അമേരിക്കൻ വംശജനായ ഇദ്ദേഹം ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ ആയി പ്രവർത്തിക്കുന്നു. അവിടെ ഇസ്‌ലാമിക്‍ സ്റ്റഡീസ് എന്ന വിഷയവും ഇന്റർനാഷണൽ അഫയർസ് എന്ന വിഷയവും കൈകാര്യം ചെയ്തുവരുന്നു[1]
ജനനം, ചെറുപ്പകാലം, വിദ്യാഭ്യാസം
1940 മേയ് 19 ന് ന്യൂയോർക്കിനടുത്തുള്ള ബ്രൂക്‌ലിൻ എന്ന പ്രദേശത്ത് ഒരു റോമൻ കത്തോലിക്കൻ കുടുംബത്തിലായിരുന്നു എസ്പോസിറ്റോ ജനിച്ചത്. കത്തോലിക്കൻ സന്യാസി മഠത്തിൽ 10 വർഷത്തോളം ജീവിച്ച അദ്ദേഹം ബിരുദ പഠനത്തിന് ശേഷം, സെന്റ് ജോൺസ് യൂണിവേഴ്സിറ്റിയിൽ നിന്നും ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 1974-ൽ ഇസ്‌ലാമിനെ കുറിച്ചുള്ള പഠനത്തിലൂടെ പെൻസിൽവാനിയയിലെ ടെമ്പിൾ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി.[3].
ഔദ്യോഗിക ജീവിതം
ഡോക്ടറേറ്റ് എടുത്ത ശേഷം മസാചുസെറ്റ്സിലെ ഹോളി ക്രോസ്സ് കോളേജിൽ അധ്യാപകനായി ചേർന്ന എസ്പോസിറ്റോ അവിടെ 20 കൊല്ലത്തോളം സേവനമനുഷ്ഠിച്ചു. അവിടെ മധ്യപൗരസ്ത്യദേശ പഠന വിഭാഗം അധ്യാപകൻ, മതങ്ങളെക്കുറിച്ച് പഠിക്കുന്ന വിഭാഗം തലവൻ, അന്താരാഷ്ട്രപഠനകേന്ദ്രത്തിന്റെ അധ്യക്ഷൻ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു വന്നു.[2] പിന്നീട് ജോർജ്ജ് ടൗൺ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി ചേർന്ന എസ്പോസിറ്റോ ഇസ്‌ലാമിക് സ്റ്റഡീസ്, അന്താരാഷ്ട്ര ബന്ധങ്ങൾ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്തു വരുന്നു[3] 1988-ൽ MESAയുടെ (Middle East Studies Association of North America) പ്രസിഡന്റായി എസ്പോസിറ്റോ തെരെഞ്ഞെടുക്കപ്പെട്ടു. American Council for the Study of Islamic Societies പ്രസിഡന്റായും അദ്ദേഹം സേവനമുഷ്ഠിച്ചു. അമേരിക്കയിലെ മാർട്ടിൻ ഇ. മാർട്ടി അവാർഡ്, പകിസ്താന്റെ ഖാഇദെ അഅ്സം അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ എസ്പോസിറ്റോ നേടിയിട്ടുണ്ട്.[2]
വീക്ഷണങ്ങൾ
ഇസ്‌ലാമിനെ കുറിച്ച് ആഴത്തിൽ പഠിച്ച എസ്പോസിറ്റോ മതങ്ങൾ തമ്മിലുള്ള ഐക്യത്തിന്റെ മേഖലകൾ വളരെ വിശാലമാണെന്ന് വിലയിരുത്തുന്നു. മതങ്ങളുടെ സന്ദേശം സമാധാനമാണെന്ന് പറയുന്ന അദ്ദേഹം മതങ്ങളുടെ വിശാല മുന്നണിക്കായി പ്രവർത്തിച്ച് വരുന്നു.
രചനകൾ
1984-ൽ പ്രസിദ്ധീകരിച്ച Islam and Politics, 1988-ൽ Islam: The Straight Path എന്നിവയടക്കം മുപ്പത്തഞ്ചിലധികം ഗ്രന്ഥങ്ങൾ രചിച്ച എസ്പോസിറ്റോ, "The Oxford Encyclopedia of the Modern Islamic World", "The Oxford History of Islam", "The Oxford Dictionary of Islam" The Oxford Encyclopedia of the Islamic World (അഞ്ചു വാള്യങ്ങൾ) and Oxford Islamic Studies Online തുടങ്ങിയ നിരവധി ഓക്സ്ഫോർഡ് റെഫറൻസ് ഗ്രന്ഥങ്ങളുടെ എഡിറ്റർ കൂടിയാണ്..[2]
അവലംബം
- ↑ [1][2]
- ↑ 2.0 2.1 2.2 Bio of John Esposito, Center for the Study of Islam & Democracy. Accessed February 23 2007
- ↑ Esposito, John. Academic Biography,Georgetown University. Accessed February 23 2007