ദീപാവലി
ഇതരനാമം | ദിവാലി (അർത്ഥം: ദീപങ്ങളുടെ നിര; ദീപങ്ങളുടെ ഉത്സവം |
---|---|
ആചരിക്കുന്നത് | ഹിന്ദുക്കളും, സിഖ്കാരും, ബുദ്ധരും , ജൈനരും |
തരം | മതപരം, ഇന്ത്യ, നേപ്പാൾ |
പ്രാധാന്യം | തിന്മയുടെ മേലുള്ള നന്മയുടെ വിജയം; ആത്മീയ അന്ധതയിൽ നിന്നുള്ള വിമോചനം |
ആഘോഷങ്ങൾ | വീടുകൾ ദീപങ്ങൾ കൊണ്ട് മനോഹരമായി അലങ്കരിക്കുക, മധുര പലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്യുക, പടക്കം പൊട്ടിക്കുക |
അനുഷ്ഠാനങ്ങൾ | പൂജകൾ, പ്രാർത്ഥനകൾ മറ്റ് മതപരമായ ചടങ്ങുകൾ |
തിയ്യതി | ചാന്ദ്രമാസ കലണ്ടർ പ്രകാരം |
ദീപാലങ്കാരങ്ങൾകൊണ്ടാഘോഷിക്കുന്ന ഒരുത്സവമാണ്, ദീപാവലി അഥവാ ദിവാലി (ഹിന്ദി: दिवाली, തമിഴ്: தீபாவளி). തുലാമാസത്തിലെ അമാവാസിദിവസമാണ് ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെയുത്സവമായ ഇത്, ഹിന്ദു, ജൈന, സിഖ്മതവിശ്വാസികൾ മൺവിളക്കുകൾതെളിച്ചും പടക്കംപൊട്ടിച്ചുമാഘോഷിക്കുന്നു. ദക്ഷിണേന്ത്യൻഭാഷകളിൽ (തമിഴ്, തെലുങ്ക്, കന്നഡ, മലയാളം) സംസ്കൃതത്തിലെ അതേപേരിലും മറ്റുഭാഷകളിൽ 'ദിവാലി'യെന്നപേരിലും ദീപാവലിയാചരിക്കുന്നു. എല്ലാ ഇന്ത്യൻസംസ്ഥാനങ്ങളിലും ഈ ഉത്സവമാഘോഷിക്കുന്നുണ്ട്.
പേരിനുപിന്നിൽ
ദീപം (വിളക്ക്), ആവലി(നിര) എന്നീപ്പദങ്ങൾചേർന്നാണ്, ദീപാവലിയെന്ന പദമുണ്ടായത്, ഇതു ലോപിച്ചാണ് ദീവാളീ എന്നായിത്തീർന്നത്.[അവലംബം ആവശ്യമാണ്]
ഐതിഹ്യം
ഈ ഉത്സവമാഘോഷിക്കുന്നതിനെക്കുറിച്ച, പല ഐതിഹ്യങ്ങളുമുണ്ട്.
- ശ്രീരാമൻ പതിനാലുവർഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയിൽത്തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ് ദീപാവലിയാഘോഷിക്കുന്നത്.
- ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെയാഘോഷം. ഇതാണ് ദക്ഷിണേന്ത്യയിൽ പ്രധാനം.
- ശ്രീഭഗവതിക്കു പ്രാധാന്യമുള്ള ദിവസമാണിത്. അന്നു ദാരിദ്ര്യശമനത്തിനായി ഭക്തർ മഹാലക്ഷ്മിയെയാരാധിക്കുന്നു. ധനലക്ഷ്മിപൂജയാണ് ഇതിന്റെ തുടക്കം.
- ജൈനമതവിശ്വാസപ്രകാരം മഹാവീരൻ നിർവാണംപ്രാപിച്ചതിനെ അനുസ്മരിക്കാനായി ദീവാളിയാഘോഷിക്കുന്നു.
ആഘോഷങ്ങൾ
അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുണ്ട്[അവലംബം ആവശ്യമാണ്]
- ധന ത്രയോദശി[അവലംബം ആവശ്യമാണ്]
ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻതേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അശ്വിനിമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്. അന്നേ ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുകയും ചെയ്ത് വാതിലിൽ രംഗോലി ഇടുന്നു. ഈ ദിവസം വൈകിട്ടു അഞ്ചുതിരിയിട്ട വിളക്കു വച്ച് ധനലക്ഷ്മി ദേവിയെ വീട്ടിലേക്കു ക്ഷണിക്കുകയും പൂജിക്കുകയും കനകധാരാസ്തവം തുടങ്ങിയ മഹാലക്ഷ്മി സ്തോത്രങ്ങൾ ചൊല്ലുകയും ചെയ്യുന്നു.
- നരക ചതുർദശി[അവലംബം ആവശ്യമാണ്]
ദീപാവലി ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് നരക ചതുർദശി. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ആണ് ഇത്. നരകാസുരനെ വധിച്ച ശ്രീ കൃഷ്‌ണനെയാണ് അന്നേ ദിവസം പൂജിക്കുന്നത്.
- ലക്ഷ്മി പൂജ[അവലംബം ആവശ്യമാണ്]
ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസമാണ് (അമാവാസി) ലക്ഷ്മി പൂജ. ഉത്തര ഭാരതത്തിലെ ദീപാവലി ആഘോഷങ്ങളിൽ പ്രധാനപ്പെട്ടത് ഇതാണ്. അന്നേ ദിവസം ഗണപതി, ലക്ഷ്മി അഥവാ ആദിപരാശക്തിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി, കുബേരൻ എന്നിവരെ പൂജിക്കുന്നു.
- ബലി പ്രതിപദ[അവലംബം ആവശ്യമാണ്]
കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഒന്നാം ദിവസമാണു ബലി പ്രതിപദ ആഘോഷിക്കുന്നത്.വാമനൻ ചവിട്ടി പാതാളത്തിലേക്കു വിട്ട മഹാബലി നാടുകാണാൻ വരുന്ന ദിവസമാണ് ഇതെന്നാണു വിശ്വാസം. ആചാരങ്ങൾ പല സംസ്ഥാനങ്ങളിലും പലതാണെങ്കിലും, തേച്ചു കുളിയും പുതുവസ്ത്രങ്ങൾ ധരിക്കുന്നതും പരസ്പരം സമ്മാനങ്ങൾ കൊടുക്കുന്നതും പതിവാണ്. ഇതു കൂടാതെ രംഗോലിയോ കോലമോ കൊണ്ടു മുറ്റം അലങ്കരിക്കുക, കളിമണ്ണു കൊണ്ടോ ചാണകം കൊണ്ടോ ഏഴു കോട്ടകൾ പണിയുക, ബലിയെയും ഭാര്യ വിന്ധ്യവലിയെയും പൂജിക്കുക, നിരനിരയായി വിളക്കുകൾ കൊളുത്തി വയ്ക്കുക എന്നിവയും പതിവുണ്ട്.
- ഭാതൃ ദ്വിതീയ[അവലംബം ആവശ്യമാണ്]
ദീപാവലി ആഘോഷങ്ങളുടെ അഞ്ചാം ദിവസമാണ് ഭാതൃദ്വിതീയ, ബഹു-ബീജ് ആഘോഷിക്കുന്നത്. ഇതോടു കൂടി ദീപാവലി ആഘോഷങ്ങൾ അവസാനിക്കുന്നു. കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ രണ്ടാം ദിവസമാണ് ഈ ആഘോഷം. മരണ ദേവനായ യമൻ സഹോദരി യമിയെ സന്ദർശിച്ചു എന്നാണ് ഐതിഹ്യം. അതിനാൽ ഈ ദിവസത്തിനെ യമ ദ്വിതീയ എന്നും വിളിക്കുന്നു.സഹോദരീ സഹോദരന്മാർ ചേർന്നു ചെയ്യുന്ന ആചാരങ്ങളാണ് ഈ ദിവസത്തെ ആഘോഷങ്ങളിൽ പ്രധാനം.
ചിത്രശാല
-
ദീപാവലിക്ക് കമ്പിത്തിരി കത്തിക്കുന്നു.
-
ദീപാവലിക്ക് കത്തിച്ച് വച്ചിരിക്കുന്ന വിളക്ക്
-
ദീപാവലിക്ക് കത്തിക്കുന്ന ചക്രം
പുറംവായനക്ക്
- [1] Archived 2007-10-27 at the Wayback Machine.
അവലംബങ്ങൾ