ബ്രയാൻ ക്രാൺസ്റ്റൺ
ബ്രയാൻ ലീ ക്രാൺസ്റ്റൺ (ജനനം: മാർച്ച് 7, 1956) ഒരു അമേരിക്കൻ അഭിനേതാവും ശബ്ദ താരം, നിർമ്മാതാവ്, സംവിധായകൻ, തിരക്കഥാകൃത്തുമാണ്. എ.എം.സി ക്രൈം പരമ്പര ബ്രേക്കിംഗ് ബാഡ്, ഫോക്സ് കോമഡി പരമ്പര മാൽകം ഇൻ ദ മിഡിലിൽ ഹാൽ, എൻബിസി പരമ്പര സീൻഫീൽഡ് എന്നീ വേഷങ്ങളിലൂടെ ആണ് മുഖ്യമായും അറിയപ്പെടുന്നത്.
ബ്രേക്കിങ്ങ് ബാഡ് എന്ന പരമ്പരയിൽ വാൾട്ടർ വൈറ്റ് എന്ന കഥാപാത്രം അവതരിപ്പിച്ചതിന് അദ്ദേഹത്തിന് നാലു തവണ മികച്ച നടനുള്ള പ്രൈം ടൈം എമ്മി അവാർഡ് ക്രാൺസ്റ്റണ് ലഭിച്ചു. 2008-2010 വരെയുള്ള വർഷങ്ങളിൽ തുടർച്ചയായി മൂന്നുതവണ അദ്ദേഹം മികച്ച നടനുളള പുരസ്കാരം നേടി. ഇതേ പരമ്പരയിലെ പ്രകടനത്തിന് ഒമ്പത് തവണ ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും 2014 ഒരെണ്ണം വിജയിക്കുകയും ചെയ്തു. ഇതിനും പുറമെ ഒമ്പത് സ്ക്രീൻ ആക്ടർസ് ഗിൽഡ് വാർഡ് നാമനിർദ്ദേശങ്ങളിൽ നാലെണ്ണം വിജയക്കുകയും ചെയ്തു. 2014 ഓൾ ദ വെ എന്ന ബ്രോഡ്‌വേ നാടകത്തിൽ ലിൻഡൺ ബി ജോൺസൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്തിന് നാടകങ്ങളിലെ മികച്ച നടനുള്ള ടോണി അവാർഡ് നേടി. 2015 ൽ ട്രമ്പോ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം ലഭിച്ചു.
ബ്രേക്കിങ്ങ് ബാഡിന്റെ മൂന്ന് എപ്പിസോഡുകൾ, മോഡേൺ ഫാമിലിയിലെ രണ്ട് എപ്പിസോഡുകൾ, ദ ഓഫീസ് എപ്പിസോഡുകൾ, സ്നീക്കി പീറ്റ് എന്നിവയുടെ ഓരോ എപ്പിസോഡ് ഉൾപ്പെടെ നിരവധി ടെലിവിഷൻ പരിപാടികൾ ക്രോൺസ്റ്റൺ സംവിധാനം ചെയ്തിട്ടുണ്ട്. സേവിംഗ് പ്രൈവറ്റ് റിയാൻ (1998), ലിറ്റിൽ മിസ്സ് സൺഷൈൻ (2006), ഡ്രൈവ് (2011), ആർഗോ (2012), ഗോഡ്സില്ല (2014) തുടങ്ങിയ നിരവധി പ്രശസ്ത ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. 2015 ൽ, ക്രോൺസ്റ്റനും ഡേവിഡ് ഷോർയുമൊത്ത് ചേർന്ന്, ആമസോൺ സ്റ്റുഡിയോസിന്റെ ഒറിജിനൽ ക്രൈം പരമ്പര സ്നീക്കി പീറ്റിന്റെ തിരക്കഥയും നിർമ്മാണവും നിർവഹിച്ചു.