ഡിജിറ്റൽ ഇലൿട്രോണിക്സ്
പരസ്പരം നിയതമായ വ്യത്യാസത്തിലുള്ള രണ്ടു തലങ്ങളിലായി പൂർവ്വലക്ഷണതരംഗങ്ങളെ (signal) പ്രതിനിധീകരിക്കുന്ന ഇലക്ട്രോണിക് സംവിധാനങ്ങളാണ് ഡിജിറ്റൽ ഇലക്ട്രോണിക്സ് എന്നറിയപ്പെടുന്നത്. സാധാരണയായി 0, 1 (ലോജിൿ പൂജ്യം, ലോജിക് ഒന്ന്) എന്നീ രണ്ട് തലങ്ങളാണ് ഡിജിറ്റൽ തരംഗങ്ങൾക്ക് ഉണ്ടാവുക. പൂജ്യത്തെ പ്രതിനിധീകരിക്കാൻ സധാരണയായി പൂജ്യത്തോടടുത്ത ഒരു വോൾട്ടേജും, ഒന്നിനെ പ്രതിനിധീകരിക്കാൻ ലഭ്യമായ വോൾട്ടേജിനെ ആശ്രയിച്ച്, ഒരു ഉയർന്ന വോൾട്ടേജും ആയിരിക്കും ഉപയോഗിക്കുന്നത്.
ഒരു ഡിജിറ്റൽ സംവിധാനത്തിൽ ലോജിക് പൂജ്യം എന്നതു് പൂജ്യം വോൾട്ട് എന്നോ ലോജിക് ഒന്ന് എന്നത് ഒരു വോൾട്ട് എന്നോ അർത്ഥമാക്കുന്നില്ല. വോൾട്ടേജിന്റെ സാദ്ധ്യമായ രണ്ടു വ്യത്യസ്ത അവസ്ഥകളിലൊന്നു് എന്നു മാത്രമേ അവയ്ക്കു് അർത്ഥമുള്ളൂ. ഉദാഹരണത്തിനു് ഒരു സർക്യൂട്ടിൽ 1.2 വോൾട്ട് ലോജിക് പൂജ്യവും 4.6 വോൾട്ട് ലോജിക് ഒന്നും ആവാം. മറ്റൊരു സർക്യൂട്ടിൽ ഇതിനുപകരം 0.01 വോൾട്ട് ലോജിക് ഒന്നും 0.8 ലോജിൿ പൂജ്യവും എന്നും വരാം. ട്രാൻസിസ്റ്ററുകൾ, ഡയോഡുകൾ, കപ്പാസിറ്ററുകൾ, പ്രതിരോധകങ്ങൾ (Resistors), അവയ്ക്കിടയിലുള്ള വൈദ്യുതചാലക പാതകൾ തുടങ്ങിയ സർക്യൂട്ട് ഘടകങ്ങളുടെ നേരിയ വ്യതിയാനങ്ങൾ മൂലം ഈ വോൾട്ടേജുകളിൽ ചെറിയ മാറ്റങ്ങൾ വന്നാലും ഈ ലോജിൿ മൂല്യങ്ങൾ മാറുന്നില്ല. അതുകൊണ്ടു് ഡിജിറ്റൽ സർക്യൂട്ടിന്റെ ഉദ്ദേശ്യധർമ്മത്തിനെ ഇത്തരം ചെറിയ വ്യതിയാനങ്ങൾ ബാധിക്കുകയില്ല.
ഡിജിറ്റൽ ഇലക്ട്രോണിക്സ് സംവിധാനങ്ങളുടെ ഘടന
മുഖ്യമായും അനേകം ലോജിക് കവാടങ്ങൾ ആവശ്യാനുസരണം പരസ്പരം സംയോജിപ്പിച്ചാണ് ഡിജിറ്റൽ ഇലക്ട്രോണിക്സ് സംവിധാനങ്ങൾ ഉണ്ടാക്കുന്നത്. ഡയോഡുകൾ, ട്രാൻസിസ്റ്ററുകൾ, റെസിസ്റ്ററുകൾ തുടങ്ങിയ നിരവധി ഇലക്ട്രോണിൿ ഘടകങ്ങൾ പരസ്പരം ബന്ധിച്ചാണു് ഇത്തരം ലോജിൿ കവാടങ്ങൾ ഉണ്ടാക്കുന്നതു്. ഇവയെല്ലാം മുൻകൂട്ടി തയ്യാറാക്കി ഒരുമിച്ചു ചേർത്തു നിർമ്മിച്ച ചിപ്പുകൾ അഥവാ ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ (IC) ആണു് ആധുനിക ഡിജിറ്റൽ സംവിധാനങ്ങളിൽ മിക്കപ്പോഴും ഉപയോഗിക്കുന്നതു്. ഒന്നോ രണ്ടോ ലോജിൿ ഗേറ്റുകൾ അടക്കം ചെയ്ത ലഘുവായ ചിപ്പുകൾ മുതൽ ലക്ഷക്കണക്കിനു ട്രാൻസിസ്റ്ററുകൾ ഒരുമിച്ചു ചേർത്തുവെച്ച അത്യന്തം സങ്കീർണ്ണമായ ഡിജിറ്റൽ മൈക്രോകണ്ട്രോളറുകളും പ്രോഗ്രാമബിൾ ലോഗിൿ കണ്ട്രോളറുകളും വരെ ഇപ്പോൾ ലഭ്യമാണു്. നാം സാധാരണ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലും അവയുടെ പല അനുബന്ധ ഉപകരണങ്ങളിലും അടിസ്ഥാനഘടകങ്ങൾ ഇത്തരം ലോജിൿ സർക്യൂട്ടുകളാണു്.
യുക്തിഭദ്രമായ ഏതെങ്കിലും ഒരു നിശ്ചിത ഇലക്ട്രോണിൿ പ്രക്രിയ കൃത്യമായും നിശ്ചയമായും പൂർത്തിയാക്കുന്നതിൽ ഡിജിറ്റൽ പരിപഥങ്ങൾ(circuits) അനലോഗ് സംവിധാനങ്ങളേക്കാൾ മെച്ചപ്പെട്ടവയാണു്. മാത്രമല്ല, താരതമ്യേന ചെലവുകുറഞ്ഞതും സംയോജിപ്പിക്കാൻ എളുപ്പമായതും കൂടുതൽ കാലം സേവനം ഉറപ്പാക്കുന്നതുമാണു് ഡിജിറ്റൽ സംവിധാനങ്ങൾ.
എന്നിരുന്നാലും, പ്രായോഗിക ലോകത്തിൽ നാം അഭിമുഖീകരിക്കുന്ന പല സംവേദന-സാങ്കേതിക പ്രക്രിയകളും അനലോഗ് രൂപത്തിലാണു്. (ഉദാ: സമയം, ശബ്ദം, കാഴ്ച്ച(പ്രകാശം), താപനില, വസ്തുക്കളുടെ അളവു്, തൂക്കം, മർദ്ദം, വേഗം തുടങ്ങിയവ). ഇവയെ നമുക്കാവശ്യമുള്ള രൂപത്തിൽ പരിവർത്തനം ചെയ്യുക എന്നതാണു് സാങ്കേതികവിദ്യയുടെ ധർമ്മം. ഈ ജോലിയ്ക്കു് ഡിജിറ്റൽ സംവിധാനങ്ങളുടെ മേന്മ ഉപയോഗിക്കണമെങ്കിൽ ആദ്യം ഈ പൂർവ്വലക്ഷണങ്ങളെ അനലോഗ് ലോകത്തുനിന്നും ഡിജിറ്റൽ മാദ്ധ്യമത്തിലേക്കു് മാറ്റേണ്ടതുണ്ടു്. അതുപോലെ നമുക്കു് ആവശ്യമുള്ള, അനുഭവവേദ്യമായ (അനലോഗ്) രൂപത്തിൽ ഈ പ്രക്രിയകളുടെ ഫലം ലഭിക്കുകയും വേണം.
ഇത്തരം മാദ്ധ്യമസംക്രമണം നടത്താൻ ഉപയോഗിക്കുന്ന അനുബന്ധഘടകങ്ങളാണു് ADC എന്നും DAC എന്നും അറിയപ്പെടുന്ന അനലോഗ്-ഡിജിറ്റൽ കൺവെർട്ടറുകളും ഡിജിറ്റൽ-അനലോഗ് കൺവെർട്ടറുകളും.
പൂർണ്ണമായ ഒരു പ്രായോഗിക ഇലക്ട്രോണിൿ ഡിജിറ്റൽ സംവിധാനത്തിൽ മേൽപ്പറഞ്ഞ ലോജിൿ ഗേറ്റുകൾക്കും കൺവെർട്ടറുകൾക്കും പുറമേ പവർ സപ്ലൈ അല്ലെങ്കിൽ ബാറ്ററി, ആന്ദോളിനികൾ, വിവിധതരം സംവേദിനികൾ (sensors), സംദായിനികൾ (drives or outputs), പൊട്ടൻഷ്യോമീറ്ററുകൾ തുടങ്ങി ഡിജിറ്റലും അനലോഗും ആയ പല ഘടകങ്ങളും അടങ്ങിയിരിക്കും.
അനലോഗും ഡിജിറ്റലും - ഗുണദോഷങ്ങൾ
ഒരു ഡിജിറ്റൽ ഇലക്ടോണിക് സംവിധാനത്തെ സംബന്ധിച്ചിടത്തോളം നിശ്ചിതമായ വോൾട്ടേജ് തലങ്ങളിലേക്ക് മാറുക എന്നത് കൃത്യമായ വോൾട്ടേജ് പുനർനിർമ്മിക്കുന്നതിനേക്കാൾ എളുപ്പമാണ്. ഉദാഹരണത്തിന് ഒരു അനലോഗ് റെക്കോർഡ് പ്ലേയർ കാന്തിക ടേപ്പിൽ നിന്നും വായിച്ചെടുക്കുന്ന ശബ്ദതരംദങ്ങളെ അതേ അനുപാതത്തിൽ കൃത്യമായ വോൾട്ടേജ് തലങ്ങളിലേക്ക് മാറ്റുന്നു. ഈ വോൾട്ടേജ് (ആവശ്യമെങ്കിൽ ഉച്ചത വർദ്ധിപ്പിച്ച ശേഷം) സ്പീക്കറിലേക്ക് നൽകുന്നു. എന്നാൽ ഒരു ഡിജിറ്റൽ ഓഡിയോ പ്ലേയർ ശബ്ദത്തെ പുനർനിർമ്മിക്കുമ്പോൾ ഓരോ സമയത്തേയും വോൾട്ടേജ് മൂല്യങ്ങൾ തത്തുല്യമായ ബൈനറി സംഖ്യയായിട്ടാണ് പുറത്തു തരിക. ഇതിന് ഒന്നിൽ കൂടുതൽ ഡാറ്റാ ലൈനുകൾ ആവശ്യമാണ്. ഈ ബൈനറി സംഖ്യയെ ഡിജിറ്റൽ റ്റു അനലോഗ് കൺവെർട്ടർ ചിപ്പുകൾ ഉപയോഗിച്ച് കൃത്യമായ അനലോഗ് വോൾട്ടേജാക്കി മാറ്റി (ആവശ്യമെങ്കിൽ ഉച്ചത വർദ്ധിപ്പിച്ച ശേഷം) സ്പീക്കറിലേക്ക് നൽകുന്നു.
സാദ്ധ്യയുക്തി സർക്യൂട്ടുകളും ക്രമയുക്തി സർക്യൂട്ടുകളും
ഡിജിറ്റൽ സർക്യൂട്ടുകളെ അവയുടെ ധർമ്മത്തിന്റെ സ്വഭാവം അനുസരിച്ച് പ്രധാനമായും രണ്ടായി തിരിക്കാം.താരതമ്യേന ലഘുവായ സാദ്ധ്യയുക്തി(Combinational logic) സർക്യൂട്ടുകളും കൂടുതൽ സങ്കീർണ്ണമായ ക്രമയുക്തി സർക്യൂട്ടുകളും (sequential logic).
സാദ്ധ്യയുക്തി സർക്യൂട്ടുകൾ
LED ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഒരു സപ്തഖണ്ഡപ്രദർശിനി (7-segment display). ലഘുവായ ഒരു സാദ്ധ്യയുക്തി സർക്യൂട്ട് ഉപയോഗിച്ച് ഇൻപുട്ടിൽ ലഭ്യമായ സാദ്ധ്യമിശ്രണങ്ങൾക്കനുസരിച്ച് പതിനാറു വ്യത്യസ്ത ഹെക്സാഡെസിമൽ അക്കങ്ങൾ ഇവയിൽ പ്രദർശിപ്പിക്കാം. താഴെ ഈ സർക്യൂട്ടിനുവേണ്ട സാദ്ധ്യമിശ്രണപ്പട്ടിക | ||||||||||
ഹെക്സാ ഡെസിമൽ അക്കം |
gfedcba | abcdefg | a | b | c | d | e | f | g | |
---|---|---|---|---|---|---|---|---|---|---|
0 | 0×3F | 0×7E | on | on | on | on | on | on | off | |
1 | 0×06 | 0×30 | off | on | on | off | off | off | off | |
2 | 0×5B | 0×6D | on | on | off | on | on | off | on | |
3 | 0×4F | 0×79 | on | on | on | on | off | off | on | |
4 | 0×66 | 0×33 | off | on | on | off | off | on | on | |
5 | 0×6D | 0×5B | on | off | on | on | off | on | on | |
6 | 0×7D | 0×5F | on | off | on | on | on | on | on | |
7 | 0×07 | 0×70 | on | on | on | off | off | off | off | |
8 | 0×7F | 0×7F | on | on | on | on | on | on | on | |
9 | 0×6F | 0×7B | on | on | on | on | off | on | on | |
A | 0×77 | 0×77 | on | on | on | off | on | on | on | |
b | 0×7C | 0×1F | off | off | on | on | on | on | on | |
C | 0×39 | 0×4E | on | off | off | on | on | on | off | |
d | 0×5E | 0×3D | off | on | on | on | on | off | on | |
E | 0×79 | 0×4F | on | off | off | on | on | on | on | |
F | 0×71 | 0×47 | on | off | off | off | on | on | on |
ഓരോ സമയത്തും ലഭ്യമായ പൂർവ്വലക്ഷണങ്ങളെ (input signal) ലോജിൿ ഗേറ്റുകളുടെ യുക്തി അനുസരിച്ച് വ്യാഖ്യാനിച്ച് അവയുടെ ഫലം തദ്സമയത്തു തന്നെ ഉത്തരലക്ഷണമാക്കി(output signal) മാറ്റുകയാണു് സാദ്ധ്യയുക്തി സർക്യൂട്ടുകൾ ചെയ്യുന്നതു്. ലോജിക് ഗേറ്റുകളുടെ വിന്യാസക്രമം മാത്രമാണു് ഇവയിൽ ഗതി നിശ്ചയിക്കുന്നതു്. ഇത്തരം സർക്യൂട്ടുകളിൽ സമയമോ അതിനോടനുബന്ധിച്ച ഒരു ക്രമപരിപാടിയോ(sequential program) ആവശ്യമില്ല. അതുകൊണ്ടുതന്നെ ക്വാർട്ട്സ് ക്ലോക്കുകളും മെമ്മറി തുടങ്ങിയ ഘടകങ്ങളും ഇവയിൽ ആവശ്യമില്ല.
സാദ്ധ്യയുക്തി സർക്യൂട്ടുകളിലെ യുക്തി നിശ്ചയിക്കുന്നതു് അവയിലെ ലോജിക് കവാടങ്ങളുടെ വിന്യാസക്രമമാണല്ലോ. ഈ വിന്യാസക്രമം നിശ്ചയിക്കുന്നതു് അനുയോജ്യമായ സാദ്ധ്യമിശ്രണപ്പട്ടികകൾ (Truth tables) മുൻകൂട്ടി തയ്യാറാക്കിയാണു്. ഇൻപുട്ട് സിഗ്നലുകളുടെ സാദ്ധ്യമായ എല്ലാ സമ്മിശ്രണങ്ങളും പരിഗണിച്ച് അവയിൽ ഓരോ സാദ്ധ്യതയ്ക്കും പ്രതീക്ഷിക്കുന്ന (അല്ലെങ്കിൽ ആവശ്യമുള്ള) ഔട്ട്പുട്ട് ഏതൊക്കെ എങ്ങനെയൊക്കെ വേണമെന്നു വ്യക്തമാക്കുന്ന പട്ടികകളാണു് ഇവ. വലതുവശത്തു കാണുന്നതു് അത്തരമൊരു പട്ടികയാണു്.
സാദ്ധ്യയുക്തി സർക്യൂട്ടുകൾ രൂപകല്പന ചെയ്യാനുള്ള ഒരു പ്രധാന ഉപാധിയാണു് ബൂളിയൻ ബീജഗണിതം.
വിവിധ ഇൻപുട്ടു് അവസ്ഥകളുടെ തദ്സമയനിലയാണു് ഒരു ശുദ്ധ സാദ്ധ്യയുക്തി സംവിധാനത്തിൽ ഔട്ട്പുട്ട് എങ്ങനെയാവുമെന്നു നിശ്ചയിക്കുന്നതു്. ഏതെങ്കിലും ഒരു സമയത്തെ ഔട്ട്പുട്ട് സർക്യൂട്ടിന്റെ അതിനു മുമ്പുള്ള അവസ്ഥയെ ആശ്രയിക്കുന്നില്ല. സാങ്കേതികമായി പറഞ്ഞാൽ ഇവ അവസ്ഥാരഹിതയന്ത്രങ്ങളാണു് (stateless machines). കമ്പ്യൂട്ടർ ഘടകങ്ങളിൽ ഉപയോഗിക്കുന്ന ALU, തദ്സമയ എൻകോഡറുകൾ, ഡീകോഡറുകൾ (realtime encoders and decoders), ഡിജിറ്റൽ ഡാറ്റാ സംപ്രേക്ഷണത്തിൽ ഉപയോഗിക്കുന്ന മൾട്ടിപ്ലെക്സറുകൾ, ഡീ-മൾട്ടിപ്ലെക്സറുകൾ, പ്രക്രിയാസാങ്കേതികത്തിൽ(process engineering) ഉപയോഗിക്കുന്ന കമ്പാരേറ്ററുകൾ തുടങ്ങിയവ സാദ്ധ്യയുക്തി സർക്യൂട്ടുകൾക്കു് ഉദാഹരണങ്ങളാണു്.
ഡിജിറ്റൽ ഇലക്ട്രോണിക്സ് പുരോഗമിക്കുന്നതിനു മുമ്പ് പല സാദ്ധ്യയുക്തി ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നത് വിദ്യുത്കാന്തിക റിലേകളുടെ വലിയ സഞ്ചയങ്ങളായിരുന്നു. ആദ്യകാല ടെലഫോൺ ശൃംഖലകളും ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളും ഇതിനുദാഹരണമാണു്. ഭീമമായ മൂലധനച്ചെലവും പ്രവർത്തനച്ചെലവും, സങ്കീർണ്ണമായ അറ്റകുറ്റപ്പണികൾ, കൂടുതൽ സ്ഥലത്തിന്റെയും ഊർജ്ജത്തിന്റേയും ആവശ്യകത, കുറഞ്ഞ സാങ്കേതികവിശ്വസ്തത തുടങ്ങിയ ധാരാളം പ്രശ്നങ്ങൾ ഇത്തരം സംവിധാനങ്ങൾക്കുണ്ടായിരുന്നു. ട്രാൻസിസ്റ്ററുകളും അതേത്തുടർന്നു് ചിപ്പുകളും വന്നതോടെ ആദ്യതലമുറ ഡിജിറ്റൽ ഇലക്ട്രോണിക്സ് ഇത്തരം ആവശ്യങ്ങളിൽ പലതിനും മികച്ച യന്ത്രങ്ങൾ പകരം അവതരിപ്പിച്ചു.
ക്രമയുക്തി സർക്യൂട്ടുകൾ
സാദ്ധ്യയുക്തി സർക്യൂട്ടുകൾ അവസ്ഥാരഹിതയന്ത്രങ്ങളാണു്. അതായത്, അവയ്ക്കു് ഏതെങ്കിലും സമയത്തെ പ്രവർത്തനം അതിനു മുമ്പുണ്ടായിരുന്ന സാഹചര്യങ്ങൾക്കനുസൃതമായി വ്യത്യാസപ്പെടുത്താൻ കഴിയുകയില്ല.അങ്ങനെ ചെയ്യണമെങ്കിൽ, അത്തരമൊരു സർക്യൂട്ടിൽ, മുമ്പു നിലനിന്നിരുന്ന അവസ്ഥ(previous state)യെക്കുറിച്ചുള്ള വിവരങ്ങൾ ഓർമ്മ വെയ്ക്കാൻ തക്ക എന്തെങ്കിലും ഉപാധികൾ ഉണ്ടായിരിക്കണം. ഇത്തരം ഉപാധികളെയാണു് ഇലക്ട്രോണിക്സിൽ മെമ്മറി എന്നു വിളിക്കുന്നതു്. അതിനു പുറമേ, ഇത്തരം മാറ്റങ്ങൾ സമയവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, സമയം കണക്കാക്കുവാനും അതിനനുസരിച്ച് സ്വന്തം പ്രവർത്തനഗതി മാറ്റുവാനും ഈ സർക്യൂട്ടുകൾക്കു് കഴിയണം. അതും കൂടാതെ, പ്രവർത്തനഗതിയിൽ എന്തുതരം മാറ്റങ്ങളാണു വരുത്തേണ്ടതു് എന്നു് ഓർത്തുവെക്കാൻ ഇവയിൽ ഒരു ക്രമപരിപാടി (പ്രോഗ്രാം) കൂടി ഉണ്ടായിരിക്കണം.
ഇത്തരം അധികഘടകങ്ങൾ കൂടി ചേർത്ത് സാദ്ധ്യയുക്തി സർക്യൂട്ടുകളെ വികസിപ്പിച്ചെടുത്തവയാണു് ക്രമയുക്തി സർക്യൂട്ടുകൾ. ഒരു ക്രമയുക്തി സർക്യൂട്ട് അതിന്റെ ഇൻപുട്ടുകൾക്കു പുറമേ, തൊട്ടുമുമ്പുണ്ടായിരുന്ന അവസ്ഥകളെക്കൂടി പരിഗണിക്കുന്നു. മറ്റൊരു തരത്തിൽ വ്യാഖ്യാനിച്ചാൽ, ഔട്ട്പുട്ടിൽ നിന്നും ലഭ്യമാകുന്ന പ്രസക്തമായ ചില അവസ്ഥകളെങ്കിലും തിരിച്ചുചേർത്ത്(feed back) പുതിയ ഇൻപുട്ടുകളായി കണക്കാക്കുന്നു.
ക്രമയുക്തി സർക്യൂട്ടുകൾ സാദ്ധ്യമായതോടെയാണു് ഡിജിറ്റൽ ഇലക്സ്ട്രോണിക്സ് ലോകപുരോഗതിയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നതു്. സാധാരണ ഡിജിറ്റൽ വാച്ചും കാൽക്കുലേറ്ററും മുതൽ ഇന്നു കാണുന്ന ഏതാണ്ടെല്ലാ ഡിജിറ്റൽ ഇലക്ട്രോണിക് ഉപകരണങ്ങളും ക്രമയുക്തി സംവിധാനങ്ങളാണു്. അവയുടെ പാരമ്യശൃംഗങ്ങളായി ഇപ്പോൾ നാം ഉപയോഗിക്കുന്ന ഡിജിറ്റൽ കമ്പ്യൂട്ടറുകളേയും മൊബൈൽ ടെലഫോണുകളേയും ഡിജിറ്റൽ ക്യാമറകളെയും മറ്റും കണക്കാക്കാം. നിർണ്ണായകമായ വ്യവസായോൽപ്പാദനരംഗത്തും ഊർജ്ജവിതരണം,സെക്യൂരിറ്റി,ഇന്റർനെറ്റ്‌വർക്കുകൾ, വാർത്താവിനിമയം, ആരോഗ്യപരിപാലനം തുടങ്ങിയ മറ്റു മേഖലകളിലും ക്രമയുക്തി സംവിധാങ്ങളില്ലാത്ത ഒരു അവസ്ഥ ഇപ്പോൾ ചിന്തിക്കാൻ പോലുമാവില്ല.
കൂടുതൽ വിവരങ്ങൾ
അവലംബം
-
ഒരു ഇൻഡസ്ട്രിയൽ ഡിജിറ്റൽ കമ്പ്യൂട്ടർ
-
ഇന്റൽ 80486DX2 മൈക്രോപ്രൊസസ്സർ
മേന്മകൾ
1. ഡിജിറ്റൽ തരംഗങ്ങൾക്ക് അനലോഗ് തരംഗങ്ങളെ അപേക്ഷിച്ച് പ്രക്ഷേപണ ജീർണ്ണത കുറവാണ്[1].
അവലംബം
- ↑ Paul Horowitz and Winfield Hill, The Art of Electronics 2nd Ed. Cambridge University Press, Cambridge, 1989 ISBN 0-521-37095-7 page 471